TopTop
Begin typing your search above and press return to search.

നാടകമേ സിനിമ അഥവാ എഴുത്തിന്റെ വില

നാടകമേ സിനിമ അഥവാ എഴുത്തിന്റെ വില

അന്‍വര്‍ അബ്ദുള്ള

സാഹിത്യകാരന്മാര്‍ക്കു സിനിമയുമായുള്ള ബന്ധം, എല്ലാ ലോകഭാഷകളിലുമെന്നപോലെ മലയാളത്തിലും അതിന്റെ ആരംഭകാലം മുതലേയുള്ളതാണ്. മലയാളത്തില്‍നിന്നു വിഭിന്നമായി യൂറോപ്യന്‍, അമേരിക്കന്‍ സാഹിത്യത്തില്‍ സാഹിത്യകാരന്മാര്‍ക്കു പലപ്പോഴും സിനിമാ എഴുത്തുകാരേക്കാള്‍ ജനകീയതയും സാമ്പത്തികവരുമാനവും ഉണ്ടായിരിക്കും. എന്നാല്‍, അക്കാര്യത്തില്‍ മലയാളത്തിലെ വെറും സാഹിത്യകാരന്മാരും സിനിമാ എഴുത്തുകാരും തമ്മില്‍ ഗജവും അജവും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവിടെ സാഹിത്യകാരന്മാര്‍ എത്രമാത്രം പ്രമുഖരും പ്രശസ്തരുമായാലും അവരുടെ ഒരു ഗ്രന്ഥത്തില്‍നിന്നു ലഭിക്കുന്ന വരുമാനം വിജയിച്ച ഒരു സിനിമാരചയിതാവിന്റെ ഒരു സിനിമയ്ക്കുള്ള അഡ്വാന്‍സ് തുകയുടെ അടുത്തുപോലും വരില്ല.

ഇക്കാര്യം കൃത്യമായി ഉദാഹരിക്കാനാകും. മലയാളത്തില്‍ ഏറ്റവുമേറെ വിറ്റഴിഞ്ഞ പുസ്തകം പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന ഗ്രന്ഥമായിരിക്കും. ആ നോവല്‍ബുക്ക് ഒരു ലക്ഷത്തിനും ഒന്നരലക്ഷത്തിനും ഇടയില്‍ ചെലവഴിഞ്ഞുകഴിഞ്ഞു എന്നാണ് എന്റെ ഊഹം. വാദത്തിനുവേണ്ടി ഒന്നരലക്ഷം എന്നുതന്നെ മതിക്കുക. പുസ്തകത്തിന് പല കാലത്തായി അന്‍പതില്‍ത്താഴെ മുതല്‍ നൂറിനു മുകളില്‍ വരെ വിലവന്നിട്ടുണ്ട്. ശരാശരി എഴുപതു രൂപയെന്ന് വിലയെണ്ണുക. അപ്പോള്‍ ഒന്നരലക്ഷം ഗുണം എഴുപത് സമം ഒരുകോടി അഞ്ചുലക്ഷം. റൗണ്ട് ചെയ്ത് ഒരുകോടിയില്‍ പിടിക്കുക. റോയല്‍റ്റിയായി ലഭിക്കുക സാധാരണ മുഖവിലയുടെ പത്തുമുതല്‍ ഇരുപതു ശതമാനം വരെയാണ്. അതിന്റെ പരമാവധിയിട്ടു കൂട്ടിയാല്‍, ഒരു സങ്കീര്‍ത്തനം പോലെയുടെ രചയിതാവായ ശ്രീ പെരുമ്പടവം ശ്രീധരനു തന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിക്കു കിട്ടിയിരിക്കുന്ന പ്രതിഫലം ഏതാണ്ടൊരു ഒന്നരപ്പതിറ്റാണ്ടുകൊണ്ട് ഇരുപതു ലക്ഷം രൂപയാണെന്നു കാണാം.

ഇത് സാഹിത്യത്തിലെ ഏറ്റവും വലിയ വില്പനയുടെ കാര്യമാണ്. ഖസാക്കിന്റെ ഇതിഹാസം മുതല്‍ ആയുസ്സിന്റെ പുസ്തകം വരെയുള്ള ചരിത്രമായി മാറിയ പ്രധാനഗ്രന്ഥങ്ങള്‍ ഇരുപത്തയ്യായിരത്തിനും അന്‍പതിനായിരത്തിനും ഇടയിലാണ് ചെലവഴിഞ്ഞിട്ടുള്ളത്. അതായത്, അതതു ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ക്ക് താന്താങ്ങളുടെ ഏറ്റവും വില്പനയുള്ള പുസ്തകത്തിന് അഞ്ചു ലക്ഷമോ അതിലല്പം അധികമോ കൈയില്‍ കിട്ടിയാലായി. മറ്റു പ്രധാനഗ്രന്ഥങ്ങള്‍ ഇതിന്റെയും പാതിയില്‍ എത്തിനില്‍ക്കും. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയില്‍ ഏതാണ്ടു മുക്കാലേ മുണ്ടാണിയും ആയിരം മുതല്‍ മൂവായിരം വരെ കോപ്പികൊണ്ട് ചരമഗതി പൂകുന്നവയാണ്. അതായത് റോയല്‍റ്റി ഇനത്തില്‍ എഴുത്തുകാരന്‍ നേടുക പതിനായിരം മുതല്‍ അന്‍പതിനായിരം വരെ മാത്രം.

എഴുത്തില്‍ മറ്റു മൂന്നുതരം വരുമാനമുണ്ട്. ഒന്ന് ഇതേ നോവല്‍ (നോവല്‍ എന്നതിനെ ഒരു മാനകമായെടുക്കാം) അദ്ധ്യായങ്ങളായി പ്രസിദ്ധീകരിച്ചുവരുമ്പോള്‍ ലഭിക്കുന്ന വരുമാനവും പിന്നെ വല്ല അവാര്‍ഡുകളോ മറ്റോ ലഭിച്ചാല്‍ കിട്ടുന്ന അധികവരുമാനവും. മൂന്നാമതായി, നോവല്‍ മറ്റു വല്ല ഭാഷയിലും വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ലഭിക്കുന്ന ഭാഗിക റോയല്‍റ്റിയോ അവകാശപ്പണമോ. മറ്റേതെങ്കിലും രൂപത്തിലേക്ക് കഥ പരാവര്‍ത്തനം ചെയ്യപ്പെട്ടാലും കാശുകിട്ടും എന്നതിനെ ഈ മൂന്നാം വിഭാഗത്തില്‍പ്പെടുത്താം. ശരാശരി നാല്പതു ലക്കങ്ങളില്‍ തീരും മലയാളത്തില്‍ ഒരു നോവലിന്റെ കഥ. ഇതിന് ആയിരം മുതല്‍ അയ്യായിരം രൂപവരെ വാരിക പ്രതിഫലം ലഭിക്കാം. പരമാവധി കിട്ടിയാല്‍ രണ്ടോ രണ്ടരയോ ലക്ഷം കിട്ടിയേക്കാം. അവാര്‍ഡും ജ്ഞാനപീഠമടക്കം കിട്ടിയാല്‍ അത്രയൊക്കെയേ വരൂ. (പത്തുലക്ഷം രൂപയുടെ ഒരവാര്‍ഡ് പണ്ട് അംബുജാക്ഷന്‍ എന്ന നോവലിസ്റ്റിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്നൊരു നോവലിനു കിട്ടിയിട്ടുണ്ട്. ആ പൈസയ്ക്ക് അയാളൊരു മാളിക പണിത് പാലുകാച്ചി, ആ പാലില്‍ വിഷം ചേര്‍ത്തു കഴിച്ച കഥ നാട്ടില്‍ പാട്ടാണ്.)

ഇനി പൈങ്കിളി നോവലിസ്റ്റുകളുടെ കാര്യം വ്യത്യസ്തമാണെന്നു പറയാം. ജോയ്‌സിയെപ്പോലൊരു നോവലിസ്റ്റിന്റെ നോവലിന് ആറായിരം മുതല്‍ പതിനായിരം രൂപ വരെ ഒരു ലക്കത്തിനു വിലയിടാനാകും എന്നാണ് കേള്‍വി. അദ്ദേഹത്തിന്റെ നോവലുകള്‍ കുറഞ്ഞത് നൂറുലക്കമെങ്കിലും പോകും. ഒരു ലക്കത്തിന് അയ്യായിരം പിടി. ഒരു നോവലിന് രൂപാ കുറഞ്ഞത് അഞ്ചുലക്ഷമാണു നോവലിസ്റ്റ് ഇട്ടിരിക്കുന്ന വില. ഒരേ വാരത്തില്‍ പല പേരില്‍ കുറഞ്ഞത് അഞ്ചു നോവലെങ്കിലും എഴുതുന്നവരുണ്ട്. ജോസി വാഗമറ്റം, സാലി തോമസ്, സി.വി.നിര്‍മല, ജേസി ജൂനിയര്‍ എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്നത് ജോയ്‌സി തന്നെയാണ് എന്നു വലിയ അഭ്യൂഹമുണ്ട് (വിവരങ്ങള്‍ തെറ്റെങ്കില്‍ വിനയത്തോടെ ജോയ്‌സിയോടു മാപ്പു ചോദിക്കട്ടെ). അങ്ങനെയെങ്കില്‍ ഒരുമാസം ഒന്നൊന്നരലക്ഷം രൂപ വരുമാനം എഴുത്തിലൂടെ മാത്രം ലഭിക്കും എന്നു കരുതാം. അതിനുപുറമേ, ഈ നോവലുകള്‍ സീരിയലുകളാകുമ്പോള്‍, അതിനു കഥയുടെ അവകാശപ്പണമായി എപ്പിസോഡിന് ശരാശരി രണ്ടായിരം ലഭിക്കുമെന്നും അറിയുന്നു. അങ്ങനെയെങ്കില്‍, പൈങ്കിളിയെഴുത്തുകാര്‍ എന്ന് ആക്ഷേപിക്കപ്പെടുന്നവര്‍ മാത്രമാണ് എഴുത്തിനെ മലയാളത്തില്‍ ഒരു വരുമാനമാര്‍ഗമായി ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

ലോകസാഹിത്യത്തിലും ത്രില്ലര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജനപ്രിയസാഹിത്യം എഴുതുന്നവര്‍ തന്നെയാണ് വന്‍സമ്പത്ത് അതില്‍നിന്ന് ആര്‍ജിക്കുന്നത്. വില്‍ബര്‍ സ്മിത്ത്, റോബട്ട് ലുഡ്‌ലം, ജെഫ്രി ആര്‍ച്ചര്‍, കെന്‍ ഫോളേ, ഇര്‍വിംഗ് വാലസ് മുതല്‍ ആ നിര അല്പം മേലോട്ടു കേറി അങ്ങു മരിയോ പുസോയിലും അതിനപ്പുറം പൗലോ കൊയ്‌ലോയിലും മറ്റും എത്തിനില്‍ക്കും. ഇവരെപ്പോലെ പണം സമ്പാദിക്കുന്നില്ലെങ്കിലും നാം ലോകസാഹിത്യമെന്നു വിളിക്കുന്ന മറ്റേക്കൂട്ടരുടെ വരുമാനവും ഒട്ടും കുറവല്ല. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, മരിയോ വാര്‍ഗാസ് യോസ, ഇറ്റാലോ കല്‍വീനോ, ഓര്‍ഹാന്‍ പാമുക് തുടങ്ങിയ പുലികള്‍ നല്ല തോതില്‍ കാശുവാരുന്നവരാണ്. അവരുടെ ഗ്രന്ഥങ്ങളുടെ പകര്‍പ്പുകള്‍ അനധികൃതമായി വിറ്റ് കള്ളപ്പണമൊഴുക്കുണ്ടാക്കുന്ന ലോബിയും മാഫിയയും വരെ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്വേസ് തന്റെ അവസാനനോവലായ മെലന്‍കളി ഹോര്‍സിന്റെ പകര്‍പ്പ് നേരത്തേ പുറത്തുവന്നതിനെത്തുടര്‍ന്ന് അതിന്റെ അവസാനത്തെ അദ്ധ്യായം ശരിയായ പകര്‍പ്പവകാശക്കാര്‍ക്കായി മാറ്റിയെഴുതി നല്കിയെന്നുവരെ കേട്ടിട്ടുണ്ട്.

മലയാളത്തിലെ ജോയ്‌സി മുതല്‍ ഹിന്ദിയിലെ ചേതന്‍ ഭഗത്തുവഴി അങ്ങു യൂറോപ്പിലെ ജെ.കെ. റൗളിംഗുവരെയുള്ള പലതരം, പലവിധം എഴുത്തുകാരും അതതു വിപണിയുടെ തരമനുസരിച്ച് കാശുവാരുന്ന എഴുത്തുകാരാണ്. മലയാളത്തില്‍പക്ഷേ, ഈയൊരു പൈങ്കിളിമേഖലയൊഴിച്ച് ഒരു മേഖലയും എഴുത്ത് ഉപജീവനമാര്‍ഗമാക്കാന്‍ ഒരെഴുത്തുകാരനും കഴിവില്ല, അതിനുള്ള ധൈര്യം ആരും കാട്ടാറുമില്ല. ഇതേസമയം, ഒരു സിനിമാത്തിരക്കഥാകൃത്തിന്റെ അവസ്ഥ നേരേ മറിച്ചാണ്. ആദ്യചിത്രത്തിനു പ്രതിഫലം ലഭിക്കാത്തവരുണ്ട്. അതു കാര്യം വേറേ. പക്ഷേ, ഇന്നത്തെ വിപണിനിലവാരം വെച്ച് കച്ചവടസിനിമാത്തിരക്കഥാരംഗത്ത് ഒരു നവാഗതന് അന്‍പതിനായിരം രൂപയെങ്കിലും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ അതു പൂര്‍ണമായി ലഭിച്ചില്ലെന്നുവരാമെന്നു മാത്രം.

സാമാന്യമായി പറഞ്ഞാല്‍ അന്‍പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപവരെ തരവും തഞ്ചവും അനുസരിച്ച് സിനിമാത്തിരക്കഥാരംഗത്തേക്കുവരുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇവരുടെ സിനിമകള്‍ പരാജയമാണെങ്കില്‍ ചിലപ്പോള്‍ ഇതേ നിലവാരത്തിലോ ചിലപ്പോള്‍ താഴ്‌ന്നോ ഇവര്‍ക്ക് കരിയര്‍ തുടരേണ്ടിവന്നേക്കാം. എന്നാല്‍, പടം ശരാശരി വിജയമോ ഭേദപ്പെട്ട അഭിപ്രായമോ നേടിയാല്‍ അടുത്ത പടത്തില്‍ അന്‍പതിനായിരം രണ്ടു ലക്ഷവും മൂന്നുലക്ഷം അഞ്ചുലക്ഷവും ആകാന്‍ പ്രയാസമില്ല. ഒരു ഹിറ്റുകൊടുത്താല്‍ (അതാണു സിനിമാരംഗത്തെ വാക്ക്) അളിയന് അടുത്ത പടത്തില്‍ ചോദിക്കാതെ തന്നെ അഞ്ചുമുതല്‍ പത്തുവരെ ലഭിക്കും. രണ്ടോ മൂന്നോ വര്‍ഷം രംഗത്തു തുടരാനാകുകയും രണ്ടോ മൂന്നോ സാമാന്യവിജയവും ഒന്നോ രണ്ടോ ഹിറ്റും കൊടുക്കാന്‍ സാധിച്ചാല്‍ തിരക്കഥാകൃത്തെന്ന നിലയില്‍ വിപണിവില പത്തുലക്ഷത്തിനും ഇരുപത്തഞ്ചു ലക്ഷത്തിനും ഇടയില്‍ ഉറപ്പിക്കാനാകും.

മലയാളത്തില്‍ ഇന്ന് വിപണിമൂല്യം ഏറെ ഉയര്‍ന്നുനില്ക്കുന്ന തിരക്കഥാകൃത്തുക്കള്‍ ഉദയ് കൃഷ്ണ - സിബി കെ തോമസ്, ബെന്നി പി നായരമ്പലം മുതല്‍ എം സിന്ധുരാജ് വരെയുള്ളവരാണ്. ഇവരുടെയൊക്കെ വിപണിവില ഇരുപതിനും നാല്പതിനും ഇടയ്ക്കാണെന്നാണ് മനസ്സിലാക്കേണ്ടത്. സത്യന്‍ അന്തിക്കാട്, കമല്‍ മുതല്‍ ഷാജി കൈലാസ് വരെയുള്ള പല സംവിധായകരും തിരക്കഥാകൃത്തുക്കളെ ഒഴിവാക്കി സ്വയം തിരക്കഥയെഴുത്തിലേക്ക് തിരിയാനുണ്ടായ കാരണങ്ങള്‍ ഒന്ന്, തങ്ങള്‍ ഉപജീവിച്ചിരുന്ന പ്രധാനതിരക്കഥാകൃത്തുകള്‍ ലോഹിയെയും വേണു നാഗവള്ളിയെയും ഒക്കെപ്പോലെ മരിക്കുകയോ ശ്രീനിയെയും എസ് എന്‍ സ്വാമിയെയും പോലെ തളരുകയോ പലേരിയെയും പള്ളാശ്ശേരിയെയും രഞ്ജന്‍ പ്രമോദിനെയും പോലെ തഴയപ്പെടുകയോ രണ്‍ജി പണിക്കരെയും രഞ്ജിത്തിനെയും പോലെ സംവിധാനത്തിലേക്കു തിരിയുകയോ ഒക്കെ ചെയ്തതുകൊണ്ടുമാത്രമല്ല, ഒപ്പം, തിരക്കഥയെഴുതുന്ന സംവിധായകരുടെ വില വലിയതോതില്‍ വര്‍ദ്ധിച്ചതുകൊണ്ടുകൂടിയാണ്. തിരക്കഥയെഴുതാത്ത സംവിധായകന്റെ വില ഇരുപതു മുതല്‍ മുപ്പത്തഞ്ചുവരെയാണെങ്കില്‍ തിരക്കഥയെഴുതുന്ന സംവിധായകന്റെ വില മുപ്പതുമുതല്‍ അറുപതു വരെയാണ്. ചില കേസുകളില്‍ അത് ഒരു കോടി വരെയും പോകാറുണ്ട്. അപൂര്‍വം ചില സംവിധായകര്‍ തിരക്കഥയെഴുതാതെ തന്നെ അറുപതു മുതല്‍ എഴുപത്തഞ്ചു ലക്ഷം വരെ വാങ്ങാന്‍ ഉള്ള വിപണിവില സ്വായത്തമാക്കിയെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മറ്റൊന്ന് പ്രശസ്തിയുടെ കാര്യമാണ്. പണത്തിന്റെ കാര്യം പോട്ടെന്നുവയ്ക്കാം. പ്രശസ്തിക്ക് അതിനേക്കാള്‍ വലിയ വിലയാണ്. മലയാളത്തില്‍ മികച്ച ഒരു എഴുത്തുകാരന്റെ പ്രശസ്തി എത്രയാണ്. ദീപികയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇതെഴുന്നയാള്‍ ഒ.വി.വിജയന്റെ തസ്രാക്കിനെപ്പറ്റിയെഴുതാനുള്ള അസൈന്‍മെന്റുമായി പാലക്കാട്ട് തസ്രാക്കില്‍ പോയിട്ടുണ്ട്. അന്നു മനസ്സിലായത്, ആ നാട്ടിലെ ആളുകളില്‍ അഞ്ചു ശതമാനത്തില്‍ത്താഴെ ആളുകള്‍ക്കു മാത്രമേ ഒ.വി.വിജയനെപ്പറ്റി കേട്ടുകേള്‍വിയെങ്കിലുമുള്ളൂ എന്നാണ്. അവര്‍ കുറ്റക്കാരാണെന്ന് ഇവിടെ വിവക്ഷയില്ല. സാഹിത്യകാരന്മാരെ എല്ലാവരും അറിഞ്ഞുകൊള്ളണമെന്നുമില്ല. എന്നാലും എന്‍എസ് മാധവനെപ്പോലൊരു എഴുത്തുകാരന്റെ പടം കണ്ടാല്‍, ഇന്നീ അതിമാദ്ധ്യമപരിചയത്തിന്റെ വിനിമയവിസ്‌ഫോടനകാലത്തും എത്ര ശതമാനം മലയാളികള്‍ക്കു മനസ്സിലാകും എന്നത് വലിയൊരു ചോദ്യമാണ്. മലയാളക്കരയില്‍ ഏറ്റവും പ്രശസ്തനായ ബഷീറിനെയും തകഴിയെയും പോലും പടംകണ്ടു മനസ്സിലാകുന്നവര്‍ ചുരുക്കമായിരിക്കും.

ഇതേസമയം, സിനിമയിലെ എഴുത്തുകാര്‍ക്കു കിട്ടുന്ന പ്രശസ്തി വളരെ വലുതാണ്. സന്തോഷ് ഏച്ചിക്കാനമെന്ന എഴുത്തുകാരനെ കേട്ടിട്ടില്ലാത്തവര്‍ പോലും അന്നയും റസൂലുമെന്ന സിനിമയുടെ എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനത്തെ കേട്ടിട്ടുണ്ടാകും. കെ.ഗിരീഷ് കുമാര്‍ മുതല്‍ പിഎസ് റഫീക്കുവരെയുള്ളവര്‍ തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ വിജയം നേടിയവരാണ്. ഇവര്‍ ഒരുകാലത്ത് വളരെ പ്രശസ്തങ്ങളായ സമകാലികസാഹിത്യവാരികകളില്‍ കഥകളെഴുതിയിരുന്നു എന്ന് എത്രപേര്‍ക്ക് അറിയാം. ഉണ്ണി ആറിന്റെ ലീല എന്ന കഥ സിനിമ ആയിട്ടില്ല. രഞ്ജിത്ത് ആ കഥ സിനിമയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതുപോലും ആ കഥയ്ക്ക് കഥയെന്ന നിലയില്‍ കിട്ടിയ പ്രശസ്തിയേക്കാള്‍ എത്രയോ ഇരട്ടി പ്രശസ്തിയാണ് സമ്മാനിച്ചത്. ഇതുതന്നെയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന കഥയുടെയും കാര്യം.

ഇങ്ങനെ മോഹവിലകാട്ടി മയക്കുന്ന സിനിമയെ ഉപജീവനമാക്കാന്‍ എഴുത്തുകാര്‍ സ്വപ്നം കാണുന്നതിന് വിമര്‍ശനമില്ല. ഒന്നുകില്‍ സാഹിത്യകാരനെന്ന വെറും കല്പിതപ്രതിച്ഛായയില്‍ പ്രതിഭയ്ക്കു പരമാവധി കുറഞ്ഞ വില മാത്രം വാങ്ങിക്കൊണ്ട് കഴിയണം. അല്ലെങ്കില്‍ സിനിമയില്‍ എഴുതാന്‍ കഴിയുകയും വിജയിക്കാന്‍ സാധിക്കുകയും ഉയര്‍ന്ന വിപണിവിലയുള്ള പ്രതിഭയായി മാറുവാന്‍ സാധിക്കുകയും ചെയ്യണം.

പ്രശസ്തി എന്നതിന്റെ കേവലാര്‍ത്ഥം മാറ്റിനിര്‍ത്തിയാല്‍, മറ്റൊന്നുകൂടിയുണ്ട്. ആവിഷ്‌കാരമെന്ന നിലയില്‍ തന്റെ സൃഷ്ടി അതിന്റെ കലാപരമായ വിലയിരുത്തലുകള്‍ക്കും അപഗ്രഥനത്തിനുമായി എത്ര ആളുകളില്‍ എത്തുന്നു എന്ന കാര്യം. സാധാരണഗതിയില്‍ മലയാളത്തില്‍ ഒരു പുസ്തകം അച്ചടിക്കുന്നത് ആയിരം കോപ്പിയാണ്. അപൂര്‍വം ചില പ്രമുഖരുടെ കാര്യത്തില്‍ അതിനു വ്യത്യാസമുണ്ടാകാം. എം മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍ പതിനായിരമോ മറ്റോ കോപ്പിയായിരുന്നു അടിച്ചിരുന്നത്. അദ്ദേഹത്തിന്റെ തന്നെ പ്രവാസം ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കാതെ കൂടുതല്‍ കോപ്പികള്‍ അച്ചടിച്ചു. സാറാ ജോസഫിന്റെ ആതി കൂടുതല്‍ കോപ്പികള്‍ മാത്രമല്ല, ഇംഗ്ലീഷ് പരിഭാഷയും ചേര്‍ന്ന് പ്രസിദ്ധീകരിച്ചു. ഇത്തരം അപവാദങ്ങള്‍ ഒഴിച്ചാല്‍ ആയിരം തന്നെ അടിസ്ഥാനസത്യം.

ആയിരം പുസ്തകങ്ങള്‍ ആയിരം പേര്‍ വാങ്ങാന്‍ എത്ര കാലമെടുക്കും. മലയാളത്തില്‍ ഒരു റെക്കോഡുണ്ടായത് രൂപേഷ് പോളിന്റെ പെണ്‍കുട്ടി ഒരു രാഷ്ട്രമാണ് എന്ന കവിതാഗ്രന്ഥം ഒരുമാസമോ മറ്റോ കൊണ്ടു വിറ്റുതീര്‍ന്ന് രണ്ടാംപതിപ്പിലേക്കു കാലെടുത്തുവച്ചു എന്നതാണ്. അങ്ങനൊരു അപൂര്‍വസംഭവമൊഴിച്ചാല്‍ മൂന്നുമുതല്‍ ആറുമാസം വരെയാണ് ആയിരം കോപ്പിക്ക് വേണ്ടിവരിക. ചിലപ്പോള്‍ ഒരു വര്‍ഷത്തിലധികം സമയവും എടുക്കാറുണ്ട്. പ്രത്യേകിച്ച് കഥാസമാഹാരങ്ങള്‍.

അതായത് ആയിരം പേരെങ്കിലും ഒരു പുസ്തകം കാണണമെങ്കില്‍ കുറഞ്ഞത് ഒരുമാസം എടുക്കും. ഏറ്റവും പ്രചാരമുള്ള മികച്ച സാഹിത്യആനുകാലികത്തില്‍ വരുന്നതാണെങ്കില്‍ ഒരാഴ്ചകൊണ്ട് ഒരു ലക്ഷം പേരെങ്കിലും കണ്ടെന്നിരിക്കാം. വായിക്കുന്നവര്‍ അതിലും വളരെ താഴെമാത്രം. എന്നാല്‍, സിനിമയുടെ കാര്യം തികച്ചും വിഭിന്നമാണ്. ശരാശരി അന്‍പതു തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഒരു മുഖ്യധാരാസിനിമ ആദ്യദിവസത്തെ ആദ്യഷോ എല്ലാ തിയറ്ററുകളിലും ഹൗസ് ഫുള്‍ ആണെങ്കില്‍ എത്ര പേരാണു രണ്ടുമണിക്കൂറിനുള്ളില്‍ കണ്ടുതീരുക. കേരളത്തിലെ തിയറ്ററുകള്‍ നൂറ്റമ്പതുമുതല്‍ ആയിരത്തിയിരുന്നൂറുവരെ സീറ്റുകളുള്ളവയാണ്. ശരാശരി അഞ്ഞൂറു സീറ്റെന്നു കരുതിയാല്‍പ്പോലും കാല്‍ലക്ഷം പേര്‍ ഒരു ഷോ കാണുന്നു. ചിത്രം റിലീസ് ചെയ്ത് ആദ്യദിവസം തന്നെ ഒരു ലക്ഷത്തില്‍പ്പരം പേരിലേക്ക് സിനിമ എത്തിക്കഴിഞ്ഞു. സിനിമയ്ക്ക് മോശം റിപ്പോര്‍ട്ടാണെങ്കില്‍പ്പോലും മുപ്പതുശതമാനം കാണികളുമായി ഒരാഴ്ച പിടിച്ചുനിന്നാല്‍ രണ്ടുരണ്ടരലക്ഷം പേരില്‍ സിനിമയെത്തും. എത്ര പരാജയപ്പെട്ട സിനിമയായാലും എത്ര മോശം റിപ്പോര്‍ട്ടുണ്ടാക്കിയ സിനിമയായാലും ആയതു ടെലിവിഷന്‍ ചാനലില്‍ വരുമ്പോള്‍ മിക്കവരും ഇരുന്നുകാണും. അല്ലെങ്കില്‍ അതിന്റെ ഡിവിഡിയോ സിഡിയോ വാങ്ങിയോ വാടകയ്‌ക്കെടുത്തോ അതുമല്ലെങ്കില്‍ യൂ ട്യൂബു മുതല്‍ ടൊറന്റ് വരെയുള്ള സാങ്കേതികപ്പകര്‍ത്തുകള്‍ സ്വീകരിച്ചും കണ്ടുമറിയുന്നവരുടെ എണ്ണം ലോകമൊട്ടാകെ അതിലും എത്രയോ ഇരട്ടി.

ഇങ്ങനെ സിനിമയെന്ന കല, കമ്പോളവസ്തു സാഹിത്യമെന്നതിനെ എത്രമാത്രം അതിശയിച്ചും അതിജീവിച്ചുമാണ് നില്‍ക്കുന്നതെന്നത് വിശദീകരിച്ചുതീര്‍ക്കാനാവില്ല. ആവിഷ്‌കാരമാദ്ധ്യമമെന്ന നിലയില്‍ സിനിമ എന്ന താല്പര്യം എഴുത്തുകാര്‍ക്കുണ്ടാകാം. പക്ഷേ, അതിലുമപ്പുറം, അതിന്റെ വിപണിമൂല്യവും പ്രശസ്തിമൂല്യവും വിനിമയമൂല്യവുമാണ് എഴുത്തുകാരെ കടലാസു വിട്ട് അഭ്രപാളിയെ മോഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍, മലയാളസിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ എംടിയും പത്മരാജനുമൊഴിച്ചുള്ള (ഭാഗികമായി പാറപ്പുറത്തും) സകലമാന ഗുണപരസാഹിത്യരചയിതാക്കളും വാണിജ്യസിനിമയുടെ ആവശ്യോന്നയങ്ങള്‍ക്കുമുന്നില്‍ പതറുകയോ പരാജയപ്പെടുകയോ ചെയ്യുന്നതു കാണാം. സ്ഥിരമായ വിജയം നേടിയത് എംടിയും പത്മരാജനും മാത്രം. മലയാളസിനിമയില്‍ തിരക്കഥാകൃത്തുക്കളായി മാറിയ എഴുത്തുകാരുടെ വംശാവലി ഉറൂബില്‍ തുടങ്ങുന്നു. പക്ഷേ, നോവല്‍ രചയിതാക്കള്‍ക്ക്, കഥാകൃത്തുക്കള്‍ക്കു സാധിക്കാത്ത വിജയം നാടകകൃത്തുകള്‍ക്ക് സാധിക്കുന്നു എന്നത് കാണേണ്ട വസ്തുതയാണ്. എസ്.എല്‍.പുരം സദാനന്ദന്‍, കെ.ടി.മുഹമ്മദ്, തോപ്പില്‍ ഭാസി എന്നിവര്‍ എണ്‍പതുകള്‍ വരെയുള്ള ചരിത്രത്തിലെ ഏറ്റവും വിജയിച്ച തിരക്കഥാകൃത്തുകളാണ്. എഴുപതുകളുടെ പാതി മുതല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ കൊടിപാറിച്ച എംടിയും പത്മരാജനും മാറിനിന്നാല്‍, പിന്നീടും ലോഹിതദാസ് മുതല്‍ ടി.എ.റസാക്ക് വരെയുള്ള നാടകകൃത്തുക്കളാണ് രംഗം കൈയടക്കിയത്. നാടകകൃത്തുക്കളായി അരങ്ങില്‍ വാണിട്ടില്ലെങ്കിലും നാടകപഠനമോ നാടകരംഗമോ തങ്ങളുടെ തട്ടകമായി തുടക്കമിട്ട രഞ്ജിത്ത്, ശ്രീനിവാസന്‍, വേണു നാഗവള്ളി തുടങ്ങിയവരാണ് മറ്റു വിജയശ്രീലാളിതര്‍. ഇന്ന്, ബെന്നി പി നായരമ്പലം ഛോട്ടാ മുംബൈ പോലൊരു തിയറിപ്പടം മുതല്‍ സൗണ്ട് തോമ പോലൊരു ക്ളെവറിപ്പടം വരെ ഹിറ്റാക്കുന്നു. സിനിമയില്‍ വിജയിച്ച എഴുത്തുകാരായ എംടി, പാറപ്പുറത്ത്, പത്മരാജന്‍, രഘുനാഥ് പലേരി എന്നിവരെല്ലാംതന്നെ എഴുത്തില്‍ നാടകീയതയ്ക്ക് പ്രാധാന്യം കൊടുത്തവരല്ല എന്ന് ആര്‍ക്കു പറയാന്‍ കഴിയും.

സിനിമയുടെ എഴുത്തില്‍ സാഹിത്യത്തിനല്ല, നാടകത്തിനാണ് നമ്മുടെ കാഴ്ചശ്ശീലങ്ങള്‍ പ്രാമുഖ്യം ഏറ്റിവന്നത് എന്നതിന് ഇതൊരു ലക്ഷണമായെടുക്കാം. എപ്പോഴൊക്കെ നമ്മുടെ എഴുത്തുകാര്‍ എഴുത്തിന് പ്രാധാന്യം വിട്ട് നാടകത്തിന് പ്രാധാന്യം കൊടുക്കുന്നുവോ അപ്പോഴൊക്കെ അവര്‍ വിജയിക്കുന്നുവെന്നതും കാണാം. നാടകാന്തം സിനിമ എന്ന് നിസ്സംശയം പറയാമെന്നു തോന്നുന്നു.


Next Story

Related Stories