TopTop
Begin typing your search above and press return to search.

വില്ലന്‍മാര്‍ എവിടെപ്പോയി?

വില്ലന്‍മാര്‍ എവിടെപ്പോയി?

മരണം എപ്പോഴും ഗൃഹാതുരത്വത്തെ തട്ടിയുണര്‍ത്തൂം. പ്രാണ്‍ മരിച്ചപ്പോള്‍ തലകുലുക്കിക്കൊണ്ട് ഞാന്‍ ആദരപൂര്‍വ്വം മന്ത്രിച്ചു, “വെള്ളിത്തിരയിലെ ഗംഭീരനായ വില്ലന്‍!”

പിന്നീട് ഒരിറക്ക് കാപ്പി കുടിച്ചിട്ട് ഞാന്‍ പതിയെ അത്ഭുതപ്പെട്ടു, ഇപ്പോളത്തെ ബോളിവുഡ് സിനിമകളില്‍നിന്നും ഈ വില്ലന്‍മാരൊക്കെ എവിടെ അപ്രത്യക്ഷരായി? ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വില്ലനെ ഹിന്ദി സിനിമയില്‍ അവസാനമായിക്കണ്ടത് എന്നാണ്?

കിടിലോല്‍ക്കിടിലന്‍ വില്ലന്‍ കഥാപാത്രങ്ങളായ സുഖിലാല, ഗബ്ബര്‍, ഡാങ്, മൊഗാംബോ എന്നിവരെയൊക്കെ ഇപ്പോള്‍ മറക്കാം. സഞ്ജീര്‍, അര്‍ദ്ധസത്യ, ദീവാര്‍, ഖയാല്‍, പരീന്ദ, സത്യ എന്നീ സിനിമകളൊക്കെ ഓര്‍മ്മിക്കപ്പെടുന്നത് എന്തുകൊണ്ടാണ് ? കാരണം ആ സിനിമകളിലെല്ലാം, മസില് പെരുപ്പിച്ചില്ലെങ്കിലും നായകന്മാരെക്കാള്‍ കൂടുതല്‍ ബുദ്ധിയും കൌശലവുമുള്ള പ്രതിനായകന്‍മാരുണ്ടായിരുന്നു.


പ്രാണ്‍ (സഞ്ജീര്‍)

അത് വിജയത്തിനുവേണ്ട പഴയ, സമവാക്യമായിരുന്നു. ഒരു ഓടിപ്പിടിത്തം രസകരമാകണമെങ്കില്‍ കള്ളന്‍ പോലീസിനേക്കാള്‍ ഒരു പടി മുന്നിലാകണം. അതുകൊണ്ടാണ് ഡോക്ടര്‍ ഹാനിബാള്‍ ലെക്ടര്‍ ഹോളിവുഡിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന വില്ലനായത്. ഏജന്‍റ് സ്മിത്ത്, നിയോവിനേക്കാള്‍ കൌശലക്കാരനും ശക്തനുമായതുകൊണ്ടാണ് മാട്രിക്സ് ഇത്ര ഹൃദ്യമായത്. ബാറ്റ്മാന്‍ സൂപ്പര്‍ഹീറോ ആയതുകൊണ്ടല്ല മറിച്ച് ജോക്കര്‍ മിടുക്കനും, ചടുലഭാഷിയും ആയതുകൊണ്ടാണ് The Dark Knight നമുക്കിഷ്ടപ്പെട്ടത്. ബോബ് ബിശ്വാസ് ഇത്ര സൂത്രക്കാരനും, പേടിപ്പിക്കുന്നവനുമായിരുന്നില്ലെങ്കില്‍ കഹാനിയിലെ വിദ്യാ ബാഗ്ചിയോട് നിങ്ങള്‍ക്കിത്ര സഹതാപം ഉണ്ടാകുമായിരുന്നോ?

പ്രതിനായകന്‍ നായകന്റെ പരിവേഷം എപ്പോളും മികവുറ്റതാക്കുന്നു.

ഇപ്പോള്‍ ബോളിവുഡിലെ പുതിയ തരംഗമായ 100 കോടി സിനിമകളുടെ കാര്യമെടുക്കാം. ഇക്കൂട്ടത്തിലെ മിക്ക സിനിമകളും - ഗജനി, ദബാങ്, റെഡി, ഗോല്‍മാല്‍, ബോഡിഗാര്‍ഡ്, റാ-വണ്‍, സിംഗം, അഗ്നീപധ്, റെയ്സ് - ഇവയെല്ലാം ആക്ഷന്‍ ചിത്രങ്ങളാണ്. 3 ഇഡിയറ്റ്സ്, ഹൌസ്ഫുള്‍, ബര്‍ഫീ, യെ ജവാനി ഹേ ദീവാനി എന്നിവയും ഇക്കൂട്ടത്തിലുണ്ടെങ്കിലും തത്കാലം നമുക്കവയെ മാറ്റിവെക്കാം.


വിദ്യാ ബാലന്‍

ഇനി ഒന്നു നോക്കുക, നമ്മുടെ പഴയ നിര്‍വ്വചനപ്രകാരമുള്ള ഒരു വില്ലനെ ഈ സിനിമകളിലേതെങ്കിലുമൊന്നില്‍ കാണാനാകുമോ? ഇതിലെ വില്ലന്‍മാരൊക്കെ കാശിന് കൊള്ളാത്തവരാണ്. ഗജനിയിലെയും, ദബാങ്ങിലെയും വില്ലന്‍മാര്‍ക്ക് ഒരു കപ്പലണ്ടി വലിപ്പത്തിലുള്ള ബുദ്ധി പോലുമില്ല. റാ-വണ്‍ വില്ലന്റെ പേരാണെങ്കിലും ഷാരൂക് ഖാനെപ്പോലെ അഭിനയിച്ച ഒരു റോബോട്ട് മലര്‍ത്തിയടിച്ചുകളഞ്ഞു. സിംഗത്തിലെ പ്രകാശ് രാജിന്റെ കഥാപാത്രം അപകടകാരിയെന്നതിനേക്കാള്‍ ഒരു തമാശക്കാരനായാണ് തോന്നുക. അഗ്നിപഥിലെ സഞ്ജയ് ദത്ത് കഥാപാത്രം അല്പം സംഭ്രമമുണ്ടാക്കുമെങ്കിലും, , അമ്പരപ്പിക്കുംവിധം മണ്ടനാണ്. ഷ്രെക്കിന് ഇയാളെക്കാള്‍ ബുദ്ധിയുണ്ട്.

എന്നാലെന്ത്? നിങ്ങളോ ഞാനോ എന്തു കരുതുന്നു എന്നത് പ്രസക്തമല്ല. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ച് 100 കോടി ഉണ്ടാക്കിയതോടെ ബോളിവുഡും താരങ്ങളും സന്തുഷ്ടരാണ്. കാണികള്‍ വില്ലന്‍മാരെ കാണാനല്ല, നായകന്മാരെ കാണാനാണ് വരുന്നതെന്ന് അവര്‍ പറയും.

ഈ ദൂരക്കാഴ്ച്ചയില്ലായ്മയാണ് പ്രാണിനെപ്പോലുള്ള വില്ലന്‍മാര്‍ ഇന്നില്ലാത്തതിന്റെ കാരണവും. നിഷേധാത്മക വേഷങ്ങള്‍ ചെയ്യാന്‍ തനിക്കിഷ്ടമാണെന്ന് മിക്ക നടന്മാരും മേനി പറയും. അതുകൊണ്ടു അവര്‍ അര്‍ഥമാക്കുന്നത് ഒരു തട്ടിപ്പുകാരന്റെയോ, പരമ്പര കൊലയാളിയുടെയോ, അഴിമതിക്കാരനായ പോലീസുകാരന്റേയോ, പെണ്ണുപിടിയന്റെയോ വേഷമാണ്. സ്പെഷല്‍ 26, ലൂടെറാ എന്നീ സിനിമകള്‍ നോക്കുക. ഈ സിനിമകള്‍ പരാജയമാകുന്നതിന്റെ ഒരു കാരണം, വില്ലനാകുന്ന നടന്‍ തനിക്കു പോന്നൊരു, സാങ്കേതികമായി നായകനായി മാറുന്ന, ഒരു പ്രതിയോഗിയെ ചിത്രത്തില്‍ വരുത്താന്‍ ഇഷ്ടപ്പെടുന്നില്ല എന്നതുകൊണ്ടാണ്. ബോളിവുഡില്‍ അരക്ഷിതരായ നടന്മാര്‍ വെള്ളിവെളിച്ചം എപ്പോളും തങ്ങളുടെ മേല്‍ മാത്രം വീഴണമെന്ന് ആഗ്രഹിക്കുന്നവരാണ്.


പ്രശാന്ത് നാരായണ്‍

വില്ലന് ഒരു സമാന്തരവേഷം നല്കുമ്പോള്‍ മാത്രമാണ് നമ്മുടെ നായകനടന്‍മാര്‍ വില്ലനില്‍ നിന്നും രണ്ടിടി വാങ്ങുന്നത് അപ്പോളാകട്ടെ വില്ലന്‍, വില്ലനല്ല. പിന്നെയോ, സിനിമയില്‍ ഒന്നിലേറെ നായകന്മാരാകുന്നു. Once Upon a Time in Mumbai, റെയ്സ്, ധൂം എന്നീ സിനിമകള്‍ ഈ ഗണത്തില്‍പ്പെടുന്നവയാണ്.

അടുത്തിറങ്ങിയ ചിത്രങ്ങളായ ഫോഴ്സിലെ വിദ്യുത് ജമാലും, മര്‍ഡര്‍ 2-ലെ പ്രശാന്ത് നാരായണും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. അവരുടെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് കുറച്ചുകൂടി മിഴിവുണ്ട്.

സര്‍ഫറോഷിലെ നസറുദീന്‍ ഷായും, സര്‍ക്കാരിലെ സകീര്‍ ഹുസൈനും, രാജ്നീതിയിലെ മനോജ് ബാജ്പേയുമൊക്കെ എനിക്കിഷ്ടപ്പെട്ടവരാണെങ്കിലും അടുത്ത കാലത്തെ എന്റെ ഇഷ്ടപ്പെട്ട വില്ലന്‍ 3 ഇഡിയറ്റ്സിലെ ബോമന്‍ ഇറാനിയുടെ പ്രൊഫസര്‍ സഹസ്രബുദ്ധേ/വൈറസ് ആണ്. അയാള്‍ സൂത്രക്കാരനും, മിടുക്കനും, വികാരങ്ങള്‍ക്കു വഴിപ്പെടുന്നവനും, അപാര ബുദ്ധിമാനുമാണ്. കേണല്‍ ലാണ്ഡയെപ്പോലെ അയാള്‍ നായകന്റെ മൂല്യം കൂട്ടുന്നു (Inglorious Bastards-ലെ ക്രിസ്റ്റഫര്‍ വാല്‍ട്സ് ) ഇഷ്കിയയിലെ വിദ്യാ ബാലനാണ് പിന്നെ എനിക്കിഷ്ടപ്പെട്ട ഒരു പ്രതികഥാപാത്രം. രതിയും, ദുഷ്ടബുദ്ധിയും ഒരു സ്ത്രീയിലെ ആകര്‍ഷണീയമായ ചേരുവയാണ്.

മികച്ച വില്ലനാകാന്‍ ഏറെനേരം വെള്ളിത്തിരയില്‍ ഉണ്ടാകണമെന്നില്ല. അവര്‍ ശക്തരായ കഥാപാത്രങ്ങളായാല്‍ മതി. A Few Good Men-ല്‍ ജാക് നിക്കോള്‍സന് വെറും മൂന്നു രംഗങ്ങളാണുള്ളത്. പക്ഷേ കേണല്‍ നഥാന്‍ ജെസ്സെപ്പിനെ നിങ്ങള്‍ കിടിലത്തോടെ ഓര്‍മ്മിക്കുകതന്നെ ചെയ്യും.

ഒരുപക്ഷേ ദുഷ്കൃതികള്‍ക്ക് വ്യക്തികളെ കുറ്റപ്പെടുത്താത്ത തരത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഉരുത്തിരിഞ്ഞതുകൊണ്ടാകാം നമുക്കിപ്പോള്‍ അതിശക്തരായ വില്ലന്‍മാരില്ലാത്തത്. പകരം നമ്മളിപ്പോള്‍ നമ്മളൊഴിച്ച് മറ്റെല്ലാത്തിനെയും കുറ്റപ്പെടുത്തുന്നു; സംവിധാനത്തെ, സാംസ്കാരിക മൂല്യങ്ങളെ, നമ്മളെ വളര്‍ത്തിക്കൊണ്ടുവന്ന രീതികളെ, ചുറ്റുപാടിനെ, വിദ്യാഭ്യാസക്കുറവിനെ, അങ്ങനെ സകലതിനെയും. അതുകൊണ്ടാണ് സര്‍ക്കാര്‍ അഴിമതിക്കാരാണെന്ന് പറയുന്ന നമ്മള്‍ മന്‍മോഹന്‍സിംഗ് ശുദ്ധനാണെന്ന് പറയുന്നത്.


വിദ്യുത് ജമാല്‍

ആരെയെങ്കിലും വില്ലനാക്കി കാണിക്കാനും നമുക്ക് മടിയാണ്. ഒസാമ ബിന്‍ ലാദനും, ദാവൂദ് ഇബ്രാഹിമും നമ്മുടെ സിനിമകളിലെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങളാകുന്നത് അവര്‍ തിരിച്ചു ചോദിക്കില്ല എന്നതുകൊണ്ടാണ്. എന്നാല്‍ ഇവര്‍ മാത്രമാണോ കിട്ടാവുന്ന ഉദാഹരണങ്ങള്‍? പത്രം വായിക്കുകയോ ടി വി കാണുകയോ ചെയ്യുന്നുണ്ടെങ്കില്‍ വിജയ മല്ല്യ, എന്‍ ശ്രീനിവാസന്‍, ശരദ് പവാര്‍, സുബ്രതോ റോയ്, മമത ബാനര്‍ജി, സോണിയ ഗാന്ധി, നരേന്ദ്ര മോദി, സി ബി ഐ മേധാവി എന്നിവരൊക്കെ വില്ലന്‍ നിര്‍മ്മിതിക്ക് പറ്റിയ കക്ഷികളാണ്. പക്ഷേ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ ഏത് സിനിമാക്കാരനാണ് വാങ്ങുക?

നമുക്കിപ്പോളുള്ളത് വില്ലത്തരത്തെ വ്യക്തിവത്ക്കരിക്കാത്ത സിനിമകളാണ്. നായകകഥാപാത്രം എതിരിടുന്നത് സാമൂഹ്യ നിയമങ്ങളെയും (ഡര്‍ട്ടി പിക്ചര്‍, വിക്കി ഡോണര്‍), ആകുലതകളെയും (റോക്സ്റ്റാര്‍, ദേവ് ഡി), വ്യക്തിബന്ധങ്ങളെയും (യെ ജവാനീ യെ ദിവാനി, ആഷിക്കി,രഞ്ഝാന), സാഹചര്യങ്ങളെയും (പാ, പാന്‍ സിംഗ് തോമാര്‍) ചരിത്ര സംഭവങ്ങളെയുമാണ് (കൈ പോച്ചേ, ഭാഗ് മില്‍ഖാ ഭാഗ്).

ഹൃതിക് റോഷന്‍ ബാറ്റ്മാനും, രണ്‍ബീര്‍ കപൂര്‍ ജോക്കറും ആകുന്ന ഒരു ഹിന്ദി സിനിമ സങ്കല്‍പ്പിക്കാനാകുമോ? സല്‍മാന്‍ ഖാന്‍ അര്‍ജുനനും, അമീര്‍ ഖാന്‍ കര്‍ണനുമാകുന്ന ഒരു മഹാഭാരതം? ബി ബി സിയിലെ ഷെര്‍ലക് പോലെ കരീന കപൂര്‍ ഷെര്‍ലക് ഹോംസും, വിദ്യാ ബാലന്‍ ജെയിംസ് മോറിയാറിറ്റിയും ആകുന്നത് ഒരു അതിമോഹമാകുമോ? അന്നായിരിക്കും എനിക്കു ബോളിവുഡില്‍ നല്ല വില്ലന്‍മാരെ അന്വേഷിക്കേണ്ടി വരാത്തത്.

ഒരു സിനിമയില്‍ നിങ്ങള്‍ കാണാനാഗ്രഹിക്കുന്ന വില്ലന്‍മാര്‍ ആരൊക്കെയാണ്?


Next Story

Related Stories