TopTop
Begin typing your search above and press return to search.

മലയാളിക്ക് ആരാ ഈ മധു?

മലയാളിക്ക് ആരാ ഈ മധു?

മധു എന്ന മാധവന്‍ നായര്‍.

നടന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സംവിധായകന്‍...

മധുവിന് മലയാളസിനിമയിലുള്ള സ്ഥാനം എന്താണ്?

എണ്‍പതുകളുടെ മധ്യത്തോടെ, മധു എന്ന നായകനടന്‍ പൂര്‍ണമായും തിരോഭവിച്ചുകഴിഞ്ഞിരുന്നു. അതിനുശേഷവും നിര്‍ണായകമായ വേഷങ്ങളില്‍ അദ്ദേഹം സിനിമയില്‍ നിറഞ്ഞിട്ടുണ്ട്. ഏതാണ്ട് ആ കാലത്ത്, സിനിമാഭിനയത്തില്‍നിന്ന് സ്വയം നിശ്ചയിച്ച ഒരു ഇടവേള അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഏതായാലും ആ കാലം മധു എന്ന നടന് രണ്ടു വ്യത്യസ്ത തലമുറകളില്‍പ്പെട്ട കാണിസമൂഹത്തിനിടയിലെ പരിണാമത്തിന്റെ കാലം കൂടിയായിരുന്നു. ഏതാണ്ട് ആ കാലത്തുതന്നെയാണ് മധു എന്ന നടനെ കേരളത്തില്‍ അക്കാലം വ്യാപിച്ചുതുടങ്ങിയ മിമിക്‌സ് പരേഡ് സംഘക്കാര്‍ വേദിയില്‍ അവതരിപ്പിച്ചുതുടങ്ങിയത്.

കൊച്ചിന്‍ കലാഭവനിലെ (അന്തരിച്ച) സൈനുദ്ദീനായിരുന്നു വേദിയില്‍ മധുവിനെ ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചത്. അന്ന് കൊച്ചിന്‍ കലാഭവന്‍കാര്‍ ഓരോരോ നടന്മാര്‍ക്കും പ്രത്യേകവിശേഷണങ്ങള്‍ ഉപയോഗിച്ചിരുന്നു.

മധു എന്ന നടന് അവര്‍ നല്കിയ (നേരത്തേ ഉണ്ടായിരുന്നതുമാകാം) വിശേഷണം ഭാവാഭിനയചക്രവര്‍ത്തി എന്നതായിരുന്നു. മുഖത്തെ പേശികളും കണ്ണുകളും പുരികവും വരെ ചലിപ്പിച്ചുകൊണ്ട് മധു എന്ന നടന്‍ സൃഷ്ടിച്ച ഒരു ഭാവപ്രപഞ്ചവും അഭിനയശൈലിയുമുണ്ട്. അതുപക്ഷേ, മധുവിന്റെ അഭിനയരീതിയുടെ ഒരു തലമോ ഇടമോ മാത്രമാണ്. ആദ്യകാലം മുതല്‍ അദ്ദേഹത്തിനു ലഭിച്ച വൈകാരികത മുറ്റിയ കഥാപാത്രങ്ങള്‍, അതുതന്നെ പലപ്പോഴും അതിവൈകാരികപ്രകടനങ്ങള്‍ ആവശ്യപ്പെട്ട കഥാപാത്രങ്ങള്‍, അവയ്ക്കായി രൂപപ്പെടുത്തിയ ഒരു പ്രകടനാത്മകശൈലിയായിരുന്നു അത്. പില്‍ക്കാലത്ത് തടി കൂടിയപ്പോള്‍, ശരീരത്തിന്റെ വഴക്കത്തെ ഉപയോഗപ്പെടുത്താനാകാതെ, മുഖത്തിന്റെ പേശീഭാഷകൊണ്ടുതന്നെ അഭിനയം സമഗ്രമാക്കേണ്ട അമിതാവശ്യത്തിന് അദ്ദേഹം വഴങ്ങിക്കൊടുത്തതുകൊണ്ടുകൂടിയാണ് ഈ അമിതാഭിനയശൈലി കൂടുതലായത്. ഇത് മീന്‍, ബന്ധം, തീക്കടല്‍ പോലുള്ള സിനിമകളില്‍ കാണാം. ഹൃദയം ഒരു ക്ഷേത്രത്തിലും മറ്റും കടന്നുകൂടിയതാണിതെന്നും പിന്നീട് അത് ഉള്ളില്‍ വളരുകയായിരുന്നു എന്നും നിരീക്ഷിക്കാം. എന്നാല്‍, ഈ ഭാവാഭിനയചക്രവര്‍ത്തി പദത്തിനപ്പുറം, നടനെന്ന നിലയില്‍ മധു മലയാളസിനിമയില്‍ സൃഷ്ടിച്ച ചരിത്രത്തിന്റെ സമാന്തരപാതയാണ് നാം ഇന്ന് കാണേണ്ടതും കാട്ടേണ്ടതും. കാരണം, ഇത് ഇന്ത്യന്‍ സിനിമയുടെ നൂറാംവര്‍ഷവും മധു എന്ന നടന്റെ അഭിനയജീവിതത്തിന്റെ അന്‍പതാംവര്‍ഷവും ആണ്. അരനൂറ്റാണ്ടു നീണ്ട അഭിനയസപര്യയില്‍, ഈ ഘട്ടത്തില്‍മാത്രം വെറുമൊരു പത്മശ്രീകൊണ്ട് അടയാളപ്പെടുത്തപ്പെടേണ്ടതല്ല മധുവെന്ന അപാരവ്യക്തിത്വത്തിന്റെയും നടന്റെയും ജീവിതം.

അഭിനയകാലയളവിലുടനീളം പുരസ്‌കാര സമിതികളാല്‍ തഴയപ്പെട്ട നടനാണ് മധു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും വരെ പത്മശ്രീ ലഭിച്ചുകഴിഞ്ഞ് മധുവിന് പത്മശ്രീ ലഭിക്കുമ്പോള്‍ തലകുനിയേണ്ടത് മലയാളി സമൂഹത്തിനും പുരസ്‌കാര സമിതികള്‍ക്കുമാണ്. ഇതു മനസ്സിലാക്കണമെങ്കില്‍ മധുവെന്ന നടന്റെ സാന്നിദ്ധ്യം മലയാള സിനിമാ ചരിത്രത്തെ നയിക്കുന്നത്, നയിച്ചിട്ടുള്ളത് എങ്ങനെയാണെന്ന് മനസ്സിലാക്കാനാകണം.

1962ലാണ് മാധവന്‍ നായര്‍ എന്ന മധു മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത്. മൂടുപടമെന്ന സിനിമയിലൂടെ. അതിനൊപ്പം തന്നെ നിണമണിഞ്ഞ കാല്പാടുകളിലും അദ്ദേഹം അഭിനയിച്ചു. രണ്ടു ചിത്രങ്ങളും മലയാളസാഹിത്യത്തില്‍ തലപ്പൊക്കം നേടിയ രണ്ടു സാഹിത്യസൃഷ്ടികള്‍. ആദ്യത്തേത് എസ് കെ പൊറ്റെക്കാട്ടിന്റേതായിരുന്നെങ്കില്‍ രണ്ടാമത്തേത് പാറപ്പുറത്തിന്റേതായിരുന്നു.

യഥാര്‍ത്ഥത്തില്‍ മലയാളസിനിമയിലേക്കു കടന്നുവന്ന ആദ്യത്തെ ബുദ്ധിജീവിയെന്ന് വിശേഷിപ്പിക്കാം മധുവിനെ. ബനാറസ് ഹിന്ദുസര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം നേടിയ ആള്‍. നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജില്‍ അദ്ധ്യാപകനായി ജോലിനോക്കിയ ആള്‍. ആ ജോലി രാജിവച്ചിട്ട് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടി, കോഴ്‌സ് പൂര്‍ത്തിയാക്കിയയാള്‍. അഭിനയം സാങ്കേതികമായും അക്കാദമികമായും അഭ്യസിച്ച ആദ്യത്തെ മലയാളനടനെന്നും മധുവിനെ വിശേഷിപ്പിക്കാം.

അങ്ങനെയൊക്കെ കടന്നുവന്ന മധു ആദ്യം സിനിമയില്‍ വരുന്നത് അതിപ്രശസ്തനായ കെഎ അബ്ബാസിന്റെ സാഥ് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകിയതുമൂലം നീണ്ടനാള്‍ കഴിഞ്ഞാണത് പുറത്തുവന്നത്.

നിണമണിഞ്ഞ കാല്പാടുകളാണ് മധുവിന്റെ പുറത്തുവന്ന ആദ്യ ചിത്രം. അതിനുശേഷം മധുവിന്റെ സഞ്ചാരം ചരിത്രത്തിനൊപ്പമെന്നല്ല, ചരിത്രത്തെ ഒപ്പം കൂട്ടിക്കൊണ്ടായിരുന്നു എന്നാണു പറയേണ്ടത്. കാരണം, സമാന്തരമായ ചരിത്രം രചിച്ചുകൊണ്ടും മുഖ്യധാരയോട് ഇടഞ്ഞുകൊണ്ടും ഉണ്ടായ ഒരുപിടി സിനിമകളുടെ സൃഷ്ടിക്കുപിന്നില്‍ മധുവെന്ന ജനപ്രിയനടന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നത് എടുത്തുപറയണം.

മലയാളസിനിമയില്‍ സാങ്കേതികയ്ക്കും ചലച്ചിത്രഭാഷയിലൂന്നിയ തിരക്കഥാരചനയ്ക്കും പ്രാമുഖ്യം കൈവരുന്ന സുപ്രധാനസന്ദര്‍ഭങ്ങളിലൊന്ന് വൈക്കം മുഹമ്മദ് ബഷീര്‍ രചയിതാവും ക്യാമറാമാന്‍ വിന്‍സന്റ് സംവിധായകനുമാകുന്ന ഭാര്‍ഗവീനിലയത്തിലാണ്. 1964ലാണ് ഭാര്‍ഗവീനിലയത്തിന്റെ പിറവി. ആ ഭാര്‍ഗവീനിലയത്തില്‍ മുഖ്യകഥാപാത്രമാകാന്‍ മധുവിനു സാധിച്ചു. വൈക്കം മുഹമ്മദ് ബഷീറിനോടു ആത്മസാദൃശ്യമുള്ള പേരില്ലാത്ത നായകനായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട മധു മുഖ്യധാരാനടന്മാരുടെ സാന്നിദ്ധ്യം വ്യത്യസ്തസിനിമകള്‍ക്ക് എങ്ങനെ സൃഷ്ടിസാദ്ധ്യതയൊരുക്കുന്നു എന്നത് തെളിയിക്കുകയും കൂടിയായിരുന്നു എന്നതിന് പില്‍ക്കാലത്ത് മധു സ്വീകരിച്ച നിലപാടാണ് സാക്ഷ്യം.

അടുത്ത വര്‍ഷം മധുവിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തപ്പെട്ട സിനിമ ചെമ്മീനാണ്. മലയാളത്തിലെ ആദ്യകാലത്തെ സാങ്കേതികപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനായ രാമു കാര്യാട്ടിന്റെ സിനിമ. മലയാളത്തിന് ദേശീയ തലത്തില്‍ സ്വര്‍ണത്തിളക്കം സമ്മാനിച്ച സിനിമ. ചെമ്മീനെ അനശ്വരമാക്കുന്നതില്‍ മധുവിന്റെ സാന്നിദ്ധ്യവും പരീക്കുട്ടി എന്ന ഭഗ്നകാമുകന്റെ ലയഭരിതാഭിനയവും കുറഞ്ഞൊന്നുമല്ല സഹായമരുളിയിട്ടുള്ളത്.

1970ല്‍ പുറത്തുവന്ന ഓളവും തീരവും എന്ന സിനിമയോടെയാണ് മലയാളസിനിമയില്‍ ഭാവുകത്വപരിണാമത്തിന്റെ ബീജാവാപം നടക്കുന്നത് എന്ന് പില്‍ക്കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പിഎന്‍ മേനോന്‍ എന്ന വിഗ്രഹഭഞ്ജകന്റെ സിനിമയായിരുന്നു അത്. ഓളവും തീരവുമിലൂടെ ഖലനായകസങ്കല്പവും സ്റ്റുഡിയോ വിട്ടുള്ള ചിത്രീകരണശൈലിയും മലയാളത്തില്‍ അവരോധിക്കപ്പെട്ടു. ഇതിനു രണ്ടിനും കാരണമായവരുടെ നിരയില്‍ വലിയ പങ്കാളിത്തവും സ്ഥാനവും മധുവിന് അവകാശപ്പെടാം.

അതേവര്‍ഷം തന്നയാണ് മധുവിന്റ സംവിധാനസംരംഭത്തില്‍ പുറത്തുവരുന്ന ആദ്യചിത്രം പ്രിയയും റിലീസാകുന്നത്. സി.രാധാകൃഷ്ണന്റ രചനയില്‍ രൂപപ്പെട്ട പ്രിയയില്‍ താന്‍ വില്ലന്‍വേഷമണിയുകയും അടൂര്‍ഭാസിയെ നായകനാക്കുകയും ചെയ്തുകൊണ്ട് മുഖ്യധാരാ താരസങ്കല്പങ്ങളോട് ഇടയാന്‍ ആഭിമുഖ്യം കാട്ടുന്നുണ്ട് മധുവിലെ വിമതഭാവി.

തുറക്കാത്ത വാതിലും ഉമ്മാച്ചുവും സിന്ദൂരച്ചെപ്പും ഒക്കെയടങ്ങുന്ന ഒരു ചിത്രനിരയാണ് പിന്നീടും മധുവിനെ പ്രസക്തനാക്കുന്നത്. അതിനിടെ രണ്ടു പ്രധാനപ്പെട്ട സിനിമകളുണ്ട്.

ഒന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം സ്വയംവരം. രണ്ടാമത്തേത് ജോണ്‍ ഏബ്രഹാമിന്റെ ആദ്യചിത്രം വിദ്യാര്‍ത്ഥികളേ ഇതിലേ. രണ്ടു വ്യത്യസ്തസംരംഭങ്ങളോടും ആഭിമുഖ്യം കാട്ടാന്‍ മധുവിനു സാധിച്ചു. മലയാളത്തില്‍ ലോകോത്തരസിനിമാസങ്കല്പങ്ങളുമായെത്തിയ രണ്ടു വിരുദ്ധ ചലച്ചിത്ര ചിന്തകരോടും ഇണയാകാന്‍ മധു സന്നദ്ധനാകുന്നു. അച്ചടക്കത്തിന്റെ അങ്ങേയറ്റമായ അടൂരും അച്ചടക്കത്തിനു കബറടക്കം നടത്തിയ ജോണും. ഇത്തരം സിനിമാസംവിധായകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാര്‍ശ്വധാരയോടുള്ള തന്റെ താല്പര്യം വ്യക്തിപരമായി മധു വ്യക്തമാക്കുമ്പോള്‍, അത്തരം ധാരകള്‍ക്കു ജനസമക്ഷം തലനീട്ടാനുള്ള സാദ്ധ്യത കൂടിയാണ് തുറക്കപ്പെട്ടത്.

സംവിധായകനെന്ന നിലയില്‍ സി.രാധാകൃഷ്ണന്‍, ജി ശങ്കരപ്പിള്ള, കൈനിക്കര കുമാരപിള്ള, ജി വിവേകാനന്ദന്‍ തുടങ്ങിയവരുടെ രചനകളില്‍നിന്ന് അത്യന്തം വ്യത്യസ്തങ്ങളായ സിനിമകളെ സൃഷ്ടിക്കാന്‍ മധുവിനായി. അവസാനം സംവിധാനം ചെയ്ത സിനിമകള്‍, ഒരു യുഗസന്ധ്യയും ഉദയം പടിഞ്ഞാറും കേമപ്പെട്ടവയല്ലെങ്കിലും സാമൂഹികമാറ്റത്തിന്റെ ശക്തമായ ധ്വനികളും സൂചനകളും ഉള്‍ക്കൊള്ളുന്നവയായിരുന്നു. കുടുംബബന്ധങ്ങളുടെ ശൈഥില്യവും വൈദേശികജീവിതത്തിന്റെ വസന്തമുറിവുകളും ആദ്യമായി അടയാളപ്പെടുത്തിയ സിനിമകളിലൊന്നാണ് ഉദയം പടിഞ്ഞാറ്.

വേറേയും ചില സിനിമകള്‍ എടുത്തുപറയേണ്ടവയാണ്. മലയാളത്തില്‍ ക്രൗര്യത്തിന്റെ സങ്കീര്‍ത്തനമായി മാറിക്കൊണ്ട് ചോരയുടെ ഭാഷയില്‍ സംസാരിച്ച ഇതാ ഇവിടെവരെയെന്ന ചിത്രത്തിലെ താറാവു പൈലിയെ അവതരിപ്പിച്ചുകൊണ്ട് മധു വലിയൊരു ദിശാവ്യതിയാനത്തിനാണ് തുടക്കമിട്ടത്.

അതോടൊപ്പം മുഖ്യധാരാസിനിമയില്‍ പ്രായംചെന്ന നായകന്‍മാരെ അവതരിപ്പിച്ചുകൊണ്ട് ജനപ്രിയനാകാമെന്ന് മീന്‍, തീക്കടല്‍, തീക്കനല്‍ തുടങ്ങിയ സിനിമകളിലൂടെയും തെളിയിച്ചു. ബന്ധം എന്ന സിനിമയില്‍ തനിത്തിരുവനന്തോരം ഭാഷ സംസാരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന മധുവിനെ ഇന്നുകാണുമ്പോള്‍ ഈ കളി രായമാണിക്യത്തിലൊന്നും തുടങ്ങിയതല്ല തള്ളേ എന്ന് നമുക്ക് മനസ്സിലാകും.

അതേസമയംതന്നെ, മുഖ്യധാരയില്‍ പെടാതിരിക്കുകയും വേണ്ടത്ര പുരസ്‌കാരങ്ങളാല്‍ അലംകൃതമാകാതെ പോകുകയും ചെയ്കയാല്‍ മറവിയില്‍പ്പെട്ടുപോയ ചില സിനിമകളെയും ഇവിടെ ഓര്‍ത്തെടുക്കേണ്ടതുണ്ട്. എംടി വാസുദേവന്‍ നായരുടെ രചനയില്‍ (ജെഡി തോട്ടാന്‍ ആണു സംവിധാനം ചെയ്തതെന്നാണ് ഓര്‍മ) അതിര്‍ത്തികളാണ് അവയിലൊന്ന്. രണ്ടാമത്തേത് സി രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒറ്റയടിപ്പാതകള്‍. രണ്ടു സിനിമകളിലും പ്രായമായ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മധു വീണ്ടും തന്റെ പാത ഏതെന്നു തെളിയിക്കുകയായിരുന്നു. മലയാളത്തിലെ കാല്‍നൂറ്റാണ്ടുകാലം മുന്‍പു വീഴുകയും ഉയരുകയും ചെയ്ത ഷട്ടറെന്നു വിളിക്കാവുന്ന ആരോരുമറിയാതെയിലെ സങ്കീര്‍ണമായ കഥാപാത്രത്തെയും മധു അനശ്വരമാക്കി. പ്രിയ മുതല്‍ ആരോരുമറിയാതെ വരെ മുന്നില്‍നില്‍ക്കുമ്പോള്‍, ഈയടുത്ത് സ്പിരിറ്റില്‍ നാം കണ്ട മധുവിന്റെ കഥാപാത്രം വിസ്മയമോ ആശ്ചര്യചിഹ്നങ്ങളോ ഉയര്‍ത്താത്തതിനു മറ്റു കാരണം തേടേണ്ടതില്ല.

എണ്‍പതുകളുടെ ഇടയില്‍, ഇനി അഭിനയിക്കാന്‍ താല്പര്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ മധു പക്ഷേ, തിരിച്ചുവരുന്നത് കുറേ ഗംഭീരകഥാപാത്രങ്ങളിലൂടെയാണ്.

ചാണക്യനിലെ അന്വേഷണോദ്യാഗസ്ഥനാണ് അവയിലൊന്ന്. ജാതകത്തിലെ അച്ഛനും അപരനിലെ അച്ഛനും മറക്കാനാവില്ല. മുദ്രയിലെ വളര്‍ത്തച്ഛനും ഏറെ ശ്രദ്ധേയമായിരുന്നു. അതേ നിലവാരംതന്നെ പുലര്‍ത്തി സാമ്രാജ്യത്തിലെ വേഷവും നാടുവാഴികളിലെ ശക്തമായ അച്ഛന്‍ വേഷവും അഭയത്തിലെ മുത്തച്ഛനും. ഈ കഥാപാത്രങ്ങളുടെ നിരന്തരമായ കടന്നുവരവ് മധുവെന്ന നടന്റെ ശക്തിയും വൈവിദ്ധ്യവും സൗമ്യദീപ്തങ്ങളായ ഭാവങ്ങളാക്കി നമ്മെ അനുഭവിപ്പിച്ചു.

അതിനുശേഷം ഇന്നോളം തികച്ചും വ്യത്യസ്തങ്ങളായ വേഷങ്ങളുമായി മധു ഇടവേളകളില്‍ എത്തിക്കൊണ്ടേയിരിക്കുന്നു. പാസഞ്ചറിലും ട്വെന്റി 20യിലും എന്നുവേണ്ട ചരിത്രം കുറിക്കുന്ന പല സിനിമകളിലും മധുവിന്റെ സാന്നിദ്ധ്യം അറിഞ്ഞോ അറിയാതെയോ സംഭവിച്ചുപോകുന്നു.

സിനിമയെന്ന നിലയില്‍ എത്ര നിലവാരക്കുഴപ്പമുള്ളതുമാകട്ടെ, ഈയടുത്ത കാലത്ത് ഉണ്ടായ മഹാത്മാ അയ്യന്‍കാളിയെന്ന സിനിമയിലും മധുവിന്റെ സാന്നിദ്ധ്യം കാണുമ്പോള്‍, ഈ നടന്‍ ഇന്നും തന്നെ സിനിമയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് വിസ്മയം വിരിയിക്കുന്നു.

നടന്‍ എന്ന നിലയില്‍, ചരിത്രസ്തംഭങ്ങളായി മാറിയ അനേകം പടങ്ങളില്‍ ഭാഗഭാഗായിക്കൊണ്ട് നടന്‍ എന്ന നിലയില്‍ ബുദ്ധിജീവിയെക്കൊണ്ടുള്ള പ്രയോജനവും പ്രകാശനവും സമഗ്രമായി സാദ്ധ്യമാക്കിയ മധു അതിനപ്പുറം നിര്‍മാതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റെ പ്രതിഭ സ്പഷ്ടമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് സിനിമയുടെ നിര്‍മാണവും ചിത്രീകരണാന്തരപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാകുന്നതിന് അദ്ദേഹം സ്ഥാപിച്ച ഉമാ സ്റ്റുഡിയോയും ഒരു കാരണമായിട്ടുണ്ട്. മാന്യശ്രീ വിശ്വാമിത്രന്‍, കാമം ക്രോധം മോഹം, അക്കല്‍ദാമ അദ്ദേഹം സിനിമകള്‍ക്കു നല്കിയ പേരുകള്‍തന്നെ മുഖ്യധാരയോട് മുഖം തിരിക്കുന്നതായിരുന്നു എന്നു കാണാം.

ടെലിവിഷന്‍ രംഗത്തും മധു തന്റെ സാന്നിദ്ധ്യം കൊണ്ട് സൗഭാഗ്യങ്ങള്‍ കോരിച്ചൊരിഞ്ഞിട്ടുണ്ട്. കെ ജയകുമാര്‍ തിരക്കഥയൊരുക്കി, കെ ശ്രീക്കുട്ടന്‍ സംവിധാനം നിര്‍വഹിച്ച വംശം എന്ന പരമ്പരയിലെ പ്രകടനം പ്രത്യേകം പ്രസ്താവ്യം.

മധുവെന്ന വ്യക്തിയെക്കുറിച്ച് പറഞ്ഞുകേട്ട ചിലതുകൂടി പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ഒന്നാമത്തെത് ഒരു സീരിയല്‍ ചിത്രീകരണസമയത്തേതാണ്. മധുവിനെപ്പോലെ സീനിയറായ ആര്‍ടിസ്റ്റിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശങ്കയുള്ളതിനാല്‍, അദ്ദേഹം കോപിഷ്ഠനാകുമോ എന്നു ഭയന്നാണ് എല്ലാവരും നില്ക്കുന്നത്. ഇതിനിടെ, പൊസിഷന്‍ കൊടുക്കാന്‍ ഒരു സഹായിയെ ഉപയോഗിക്കുന്നത് മധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാളെ മാറ്റിക്കൊണ്ട് മധു സ്വയം പൊസിഷന്‍ കൊടുക്കാന്‍ ചെന്നു.

ഷോട്ടില്‍ മാത്രം നിന്നാല്‍മതിയെന്ന് സംവിധായകന്‍ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ മധു പറഞ്ഞത്രേ, എന്റേതാണു വേഷം. പൊസിഷനും ഞാന്‍ തന്നെയാണു കൊടുക്കേണ്ടത്, എന്ന്.

മറ്റൊന്ന്, ഒരു പ്രസാധകന്‍ മധുവിന്റെ ആത്മകഥ എഴുതിപ്പിക്കാന്‍ പിന്നാലെ ചെന്ന കഥയാണ്. മധു പറഞ്ഞത്രേ, ജനത്തിന് വായനയോടുള്ള കമ്പമല്ല മധുവിന്റെ ആത്മകഥ വായിക്കാന്‍ അവരെ പ്രേരിപ്പിക്കുക. സിനിമയെക്കുറിച്ചറിയാനുള്ള ആഗ്രഹവുമല്ല. ഞാനെത്ര കള്ളുകുടിച്ചു, പെണ്ണുപിടിച്ചു എന്നൊക്കെ അറിയാന്‍ പറ്റുമെന്നുള്ള ഒരു ആകാംക്ഷയോടെയാണ് അവര്‍ എന്റെ ആത്മകഥ വായിക്കുക. പിന്നെ പരദൂഷണം വല്ലതുമുണ്ടെങ്കില്‍ അതു വായിക്കാനും. അവരുടെ ആ ആശ നിറവേറ്റാന്‍ എനിക്ക് യാതൊരു താല്പര്യവുമില്ല.

ഈയടുത്ത് മധുവിന് പത്മശ്രീ ലഭിച്ചു. അതിനുമുന്‍പ് പ്രിയയ്ക്കും സിന്ദൂരച്ചെപ്പിനും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

എണ്‍പതിലും തൊണ്ണൂറ്റിരണ്ടില്‍ കുടുംബസമേതത്തിലെ അഭിനയത്തിനും പ്രത്യേകജൂറി പുരസ്‌കാരങ്ങളും കിട്ടി. പിന്നെ, ജെ.സി.ഡാനിയേല്‍ പുരസ്‌കാരവും പത്മശ്രീയുമാണ് ലഭിച്ചത്.

പത്മശ്രീ നിരസിക്കണമെന്ന് പലരും പറഞ്ഞെങ്കിലും തന്റെ അനുപമമായ ആഭിജാത്യം പ്രകടിപ്പിച്ചുകൊണ്ട് മധു അതേറ്റുവാങ്ങി. ആ നിമിഷം തലകുനിഞ്ഞത് കലാലോകത്തിന്റെയും മൊത്തം മലയാളികളുടേതും കൂടിയാണ്.

പത്മ നിശ്ചയിക്കുന്നവരെ പറഞ്ഞിട്ടു കാര്യമില്ല. മധുവിന്റെ ഔന്നത്യം അവരെ തെര്യപ്പെടുത്തേണ്ടവരുടെ പാകപ്പിഴയാണ് ഈ വിപരീത പുരസ്‌കാരത്തിനു കാരണമായത്.

ഏതായാലും എല്ലാ പുരസ്‌കാരങ്ങള്‍ക്കുമപ്പുറം, മലയാളത്തിലെ സമാന്തര - പാര്‍ശ്വധാരാസിനിമയെ, അതിന്റെ ഭാവുകത്വത്തെ രൂപപ്പെടുത്തിയ പ്രതിഭാശാലികളുടെ നിരയില്‍ മുന്നിലൊരു കസേര വലിച്ചിട്ടിരിക്കുന്ന, അനിഷേധ്യമായ ആ സാന്നിദ്ധ്യത്തിന് ഈ അന്‍പതാം ആണ്ടിന്റെ നിറവില്‍, ഒപ്പം അദ്ദേഹത്തിന് 80 വയസ്സ് പൂര്‍ത്തിയാകുന്ന ഈ സമയത്ത്, മലയാളസിനിമയ്ക്കുവേണ്ടി, എളിയ നമസ്‌കാരം പറയാന്‍ സിനിമാപ്രേമികളായ, സിനിമാതല്പരരായ നാമോരുരുത്തരം കടപ്പെട്ടവരാണ്.


Next Story

Related Stories