TopTop
Begin typing your search above and press return to search.

ചെന്നൈ എക്സ്പ്രസ് : മുംബൈക്കാരുടെ മദ്രാസീവാല

ചെന്നൈ എക്സ്പ്രസ് : മുംബൈക്കാരുടെ മദ്രാസീവാല

മലയാളീസ് അഥവാ ആധുനികോത്തരതയിലെ മല്ലൂസ്... മുംബൈയില്‍ വാഴുന്ന സിനിമാലോകത്തിന് ഇവര്‍ എന്താണ്. ഉത്തരേന്ത്യയ്ക്ക് എന്നും വിന്ധ്യനു തെക്കോട്ടുള്ളവര്‍ മുഴുവനും മദ്രാസിവാലകളായിരുന്നു. അവര്‍ക്ക്, മലയാളിയെന്നോ തമിഴനെന്നോ കന്നഡിഗനെന്നോ ഉള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കുക പ്രയാസമാണ്. അല്ലെങ്കില്‍ മനസ്സിലാക്കാന്‍ അവര്‍ തയ്യാറല്ല. ഇത് പഴയ കാലമായിരുന്നെന്നും കേരളത്തില്‍ നിന്ന് മലയാളിയായ ഒരാള്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കുകയും തമിഴകത്തുനിന്ന് മറ്റൊരാള്‍ കേന്ദ്ര ധനമന്ത്രിയായിരിക്കുകയും ചെയ്യുന്ന കാലത്ത് ഇതിനൊരു മാറ്റമുണ്ടായിട്ടുണ്ടാകും എന്നു കരുതിയെങ്കില്‍ തെറ്റി. ഈ ഇന്റര്‍നെറ്റ് യുഗത്തിലും മുംബൈ ഹോളിവുഡിന് അഥവാ, ബോളിവുഡിന് മലയാളിയെന്നാല്‍ മദ്രാസീ വാല തന്നെ. അവരെ സംബന്ധിച്ചിടത്തോളം ആന്റണിയും ചിദംബരവും രണ്ടു തെക്കന്മാര്‍ മാത്രം.

ഒരുകാലത്ത് ബോളിവുഡ് ജനപ്രിയസിനിമയിലെ മുഖ്യവിദൂഷകവേഷമായിരുന്ന മെഹമൂദ് അവതരിപ്പിച്ചിരുന്ന ചില മലയാളികഥാപാത്രങ്ങളുണ്ട്. തമാശയ്ക്കു വേണ്ടി മാത്രം അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങള്‍. ഇന്ത്യയിലെ സിനിമാപ്രേക്ഷകര്‍ക്ക് എക്കാലവും അന്യമായതെന്തും തമാശയുടെ ഇരകളായിട്ടാണ് കാണപ്പെടുന്നത്. മലയാളിയെ സംബന്ധിച്ച് തമിഴന്‍ അഥവാ പാണ്ടി ഒരു തമാശവേഷമാണ്. ഉത്തരേന്ത്യന്‍ കാണികള്‍ക്ക് മദ്രാസീവാലകള്‍ പൊതുവേ തമാശയ്ക്കുള്ള ഉപകരണങ്ങളാണ്. അതുകൊണ്ടാണ് മെഹമൂദ് അയ്യയ്യോ എന്ന ഒരൊറ്റ വാക്കുകൊണ്ട് (തമിഴനും മലയാളിക്കും പൊതുവായുള്ള വാക്കുകളിലൊന്നാണത്) ഹിന്ദി പ്രേക്ഷകരെ ചിരിപ്പിച്ചത്.

പിന്നീടും മലയാളി എന്ന സ്വത്വം ബോളിവുഡ് കാണികള്‍ക്ക് ചിരിമരുന്നു തന്നെയായിരുന്നു. അമിതാഭ് ബച്ചന്റെ താരോപുരസിനിമയായിരുന്ന അഗ്നീപഥ് ഇതേവിധത്തിലാണ് മലയാളിയെ അടയാളപ്പെടുത്തുന്നത്. കൃഷ്ണന്‍ നായര്‍ എംഎ എന്ന കഥാപാത്രമാണ് ആ സിനിമയിലുള്ളത്. കേരളത്തിനു സമാനമായ ബംഗാളില്‍ നിന്ന് ബോളിവുഡിലെത്തി പല താരസിംഹാസനങ്ങളും ഇളക്കിമറിച്ച പ്രചണ്ഡവാതമായിരുന്ന മിഥുന്‍ ചക്രവര്‍ത്തിയാണ് അഗ്നീപഥില്‍ കൃഷ്ണന്‍ നായരായത്.

അഗ്നീപഥിലെ കൃഷ്ണന്‍ നായര്‍ ഒരു കരിക്കുവില്പനക്കാരനാണ്. കേരളത്തില്‍നിന്ന് ബോംബെയിലെത്തി, തെരുവില്‍ കരിക്കുകച്ചവടം നടത്തുന്ന ഒരു അഭ്യസ്തവിദ്യന്‍. അയാള്‍ പക്ഷേ, ഉപയോഗിക്കുന്ന ഇതരഭാഷ മലയാളമല്ല, തമിഴാണ്. ഒണ്ണ്, രണ്ട്, മൂന്‍ട്രു... എന്നിങ്ങനെ അയാള്‍ എണ്ണുന്ന ഒരു രംഗം സിനിമയിലുണ്ട്. അതുപോലെ, അയാം കൃഷ്ണന്‍ നായര്‍ എംഎ... അയാം നാര്യല്‍പാനീ വാല എന്ന വിചിത്രഭാഷാപാട്ടു പാടുന്ന രംഗവുമുണ്ട്.

ഇങ്ങനെ മദിരാശിയെന്ന ഒറ്റ ദേശത്തിന്റെ ആളുകളായി തെക്കന്‍ ഇന്ത്യക്കാരെ ആകെ വിലയിരുത്തുന്ന ഈ രീതിക്ക്, ഇക്കാലത്ത് എങ്ങനെ പ്രചാരം കിട്ടാനാണ് എന്ന് ആര്‍ക്കും സംശയം തോന്നാം. പൊതുവേ, വിവരസാങ്കേതികവിദ്യയും വിനിമയസംവിധാനങ്ങളും വന്‍തോതില്‍ വികസിച്ചു. അതിനുപുറമേ, എല്ലാ കംപാര്‍ട്ടുമെന്റുകളിലും വെള്ളം കയറ്റി ഒന്നാക്കുന്ന ആഗോളീകരണത്തിന്റെ ആഘാതപ്രത്യാഘാതങ്ങളും. തിരക്കഥാരംഗത്തും ക്യാമറാരംഗത്തും മുതല്‍ അഭിനയരംഗത്തുവരെ ബോളിവുഡില്‍ നിറയുന്ന മലയാളിസാന്നിദ്ധ്യം. സംവിധായകന്‍ പ്രിയദര്‍ശന്‍ സൃഷ്ടിച്ച ഇംപാക്ട്. പൃഥ്വിരാജ് വരെ നീളുന്ന അഭിനേതാക്കളുടെ നിര. പക്ഷേ, ഇന്നും മോഹന്‍ലാലായാലും പൃഥ്വിരാജായാലും അവര്‍ക്ക് മലയാളിനടനല്ല, മറിച്ച്, തെന്നിന്ത്യന്‍ നടനാണെന്നതു വേറേ കാര്യം. ഇവിടെയൊരു മറുചോദ്യം വരും. അങ്ങനെ, മലയാളി, തമിഴന്‍ എന്നെല്ലാം കള്ളിതിരിക്കേണ്ട കാര്യമുണ്ടോ എന്ന്. ഒന്നേ ഉന്നയിക്കാന്‍ ഉദ്ദേശ്യമുള്ളൂ. വിഭിന്നതകളെ സാംസ്‌കാരികമായി അംഗീകരിക്കാനുള്ള മടി എന്തുകൊണ്ട് എക്കാലവും ബോളിവുഡ് കാട്ടുന്നു എന്ന കാര്യം.

ബോളിവുഡിന്റെ മലയാളിയെക്കുറിച്ചുള്ള ബോധത്തെ കുറിക്കുന്ന ഒരു സിനിമയായി ചെന്നൈ എക്‌സ്പ്രസ് ചൂളം വിളിച്ചുനില്‍ക്കുന്നതു കാണുന്നതുകൊണ്ടാണ് ഈ വാദം മുന്നോട്ടുവയ്ക്കുന്നത്. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ചെന്നൈ എക്‌സ്പ്രസ് തമിഴരെയും അവരുടെ സംസ്‌കാരത്തെയും അവരുടെ സിനിമാസംസ്‌കാരത്തെയും കണക്കറ്റു പരിഹസിച്ചുകൊണ്ടു രൂപം കൊള്ളുന്ന ഒന്നാണ്. അതിനുപുറമേയാണ്, മലയാളിയെന്നത് തമിഴകത്തിന്റെ ഒരു ഉപസംസ്‌കാരം മാത്രമാണെന്ന മട്ടിലുള്ള ആ പ്രാചീനകോമാളിവല്‍ക്കരണം.

ഉത്തരേന്ത്യന്‍ ജീവിതശീലമുള്ള ഒരു തമിഴത്തി (മീനമ്മ) യെ തീവണ്ടിയാത്രയ്ക്കിടയില്‍ ഷാരുഖ് ഖാന്റെ രാഹുല്‍ എന്ന കഥാപാത്രം കണ്ടുമുട്ടുന്നതും യാദൃച്ഛികമായി അവളുമായി പ്രേമത്തിലാകുന്നതും അതുണ്ടാക്കുന്ന പുകിലുകളും അവളുടെ, അധോലോകനായകന്‍ അച്ഛനും കൂട്ടരുമായി അടിപിടികൂടി ജയിക്കാന്‍ ഇടയാകുന്നതുമൊക്കെയാണ് സിനിമയുടെ കഥ. പക്ഷേ, സിനിമയില്‍ തമിഴകത്തെ സംസ്‌കാരികവൈഭിന്ന്യം ഉള്‍ച്ചേര്‍ക്കാനെന്ന മട്ടില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന പാട്ടുരംഗങ്ങള്‍ ശ്രദ്ധിക്കുക. അവിടെ കഥകളിമുതല്‍ തെയ്യം വരെയുള്ള കേരളീയ സാംസ്‌കാരിക ലക്ഷണങ്ങളെ ഇഴചേര്‍ത്തിരിക്കുന്നു.

കേരളത്തിന്റെയും തമിഴകത്തിന്റെയും ബന്ധവും വൈഭിന്ന്യവും അറിയാവുന്ന മണിരത്തിനം എന്ന തമിഴ് സംവിധായകന്‍ ചെയ്ത ഹിന്ദിപ്പടമായ ദില്‍സേയിലായിരിക്കണം ഒരു മലയാളി കഥാപാത്രം കൃത്യമായ രീതിയില്‍ രേഖപ്പെടുത്തപ്പെടുന്നത്. അതിലെ പ്രിറ്റി സിന്റ അവതരിപ്പിച്ച കഥാപാത്രം മലയാളിയായിരുന്നു. അതു വ്യക്തമാക്കാന്‍ കുമരകത്തു ചിത്രീകരിച്ച പാട്ടുസീനില്‍ ഗിരീഷ് പുത്തഞ്ചേരി രചിച്ച മലയാളിവരികളും മണിരത്തിനം ഉള്‍പ്പെടുത്തി. പുഞ്ചിരിതഞ്ചിക്കൊഞ്ചിക്കോ... മുത്തണിമുന്തിരി ചിന്തിക്കോ... എന്ന ആ മലയാളപാട്ട് (അതോ മലയാളം?!) ചെന്നൈ എക്‌സ്പ്രസില്‍ തന്റെ തെന്നിന്ത്യന്‍ ബന്ധം കാണിക്കാന്‍ ഷാരുഖിന്റെ രാഹുല്‍ കഥാപാത്രം എടുത്തു പയറ്റുന്നുണ്ട്. തന്റെ മുന്‍ചിത്രങ്ങളുടെ ലക്ഷണങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ഷാരുഖ് ചെന്നൈ എക്‌സ്പ്രസില്‍ കാണികളുമായി ഈ സിനിമയ്ക്കുള്ള സവിശേഷമായ സ്പൂഫ് സ്വഭാവത്തെ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. തമിഴകവുമായുള്ള ബന്ധത്തെ സൂചിപ്പിക്കാനാണ് ഇവിടെ തന്റെ തന്നെ മുന്‍ചിത്രമായ ദില്‍സേയില്‍ നിന്ന് മലയാളം പാട്ട് എടുക്കുന്നത്. താന്‍ തെന്നിന്ത്യയുടെ മരുമകനാണു നേരത്തേ തന്നെ എന്നൊരു സൂചന അദ്ദേഹം ഇവിടെ നല്കിപ്പോകുന്നുണ്ട്.

ഇതെല്ലാം വരുന്നത്, തെന്നിന്ത്യന്‍ സിനിമയുടെ ആരാധകരുടെ ലോകവ്യാപകമായ വിപുലനം കണ്ടുണ്ടാക്കുന്ന കച്ചവടക്കണ്ണിന്റെ പുതുനോട്ടത്തിലാണ്. അതുകൊണ്ടാണ് ഇതേ ഷാരുഖ് ഖാന്‍ തൊട്ടുമുന്‍പിറങ്ങിയ സിനിമയായ രാ-വണില്‍ ഒരു തമിഴനായിത്തന്നെ വേഷമിടുന്നത്. ആ വേഷത്തില്‍ തന്നെത്തന്നെ കളിയാക്കലിനു വിധേയമാക്കിക്കൊണ്ട് ഷാരുഖ് നടത്തുന്ന ശ്രീനിവാസന്‍ കളി സത്യത്തില്‍ ഇരുതരമൂര്‍ച്ചയുള്ള വാളായിത്തീരുന്നു. കളിയാക്കപ്പെടുന്ന ഷാരുഖ് എന്ന നടനപ്പുറം, തമിഴന്‍ എന്ന സ്വത്വം പ്രധാനമാണ്.

ഇതേവിധത്തിലാണ് ചെന്നൈ എക്‌സ്പ്രസിലും തമിഴകകഥാപാത്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. കറുത്തു, ഭീമാകാരന്മായ രൂപങ്ങള്‍ മാത്രം നിറയുന്ന സിനിമയില്‍, ദുര്‍ഗേശ്വര അഴകുസുന്ദരം എന്ന അധോലോകനായകനായി എത്തുന്ന സത്യരാജും അദ്ദേഹത്തിന്റെ മകളായി, മീന ദുര്‍ഗേശ്വര അഴകുസുന്ദരമായി, എത്തുന്ന ദീപിക പാദുക്കോണും മാത്രമാണ് അഭ്രപാളികളിലെ മിനുസമാര്‍ന്ന ഉടലളവുകളാകുന്നത്. മറ്റുള്ളവയെല്ലാം രാക്ഷസീയത തോന്നിപ്പിക്കുന്ന ഭൂതഗണചിത്രണമാക്കി മാറ്റിയിരിക്കുന്നു. പലപ്പോഴും അത്തരം കഥാപാത്രങ്ങളെ കാണിക്കുമ്പോള്‍ അവയ്ക്ക് രാക്ഷസീയതയും അന്യത്വവും തോന്നിപ്പിക്കാന്‍, ലഘുമട്ടില്‍ ലോ ആംഗിളും വൈഡ് ലെന്‍സുകളും ഉപയോഗിക്കുന്നു. ഒപ്പം ഷാരുഖ് ഖാന്‍ എന്ന നായകരൂപത്തിന്റെ ഭീതിപ്രകടനങ്ങളുടെ മിമിക്രി അവതരിപ്പിച്ചുകൊണ്ട്, സിനിമ ഈ രാക്ഷസീയതയെ ദയനീയവും കോമാളിവല്‍കൃതവും ആക്കുന്നുണ്ട്. മീനമ്മയുടെ ഭാഷ തന്നെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബോളിവുഡ് സങ്കല്പത്തിനനുസൃതമായി രൂപപ്പെടുത്തിയതാണ്. ദക്ഷിണേന്ത്യക്കാര്‍ ഹിന്ദി പറയുമ്പോള്‍ വരുമെന്ന് അവര്‍ കരുതുന്ന വൈചിത്ര്യം. അതേസമയം പൃഥ്വിരാജ് മുതല്‍ അസിന്‍ വരെയുള്ള മലയാളികള്‍ ഹിന്ദിസിനിമയില്‍ നേരിട്ടു ഡബ്ബ് ചെയ്യുന്ന അവസ്ഥയുമുണ്ട്. തന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ഗജിനി തമിഴിലേക്ക് മാറ്റി സംവിധാനം ചെയ്യുമ്പോള്‍ ഹിന്ദി അറിയാത്ത മുരുകദോസ് എന്ന തമിഴന്‍ സംവിധായകന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം സെറ്റില്‍ ഹിന്ദി അറിയാവുന്ന മറ്റു സിനിമാപ്രവര്‍ത്തകര്‍, ആമിര്‍ ഖാന്‍ മുതല്‍ അസിന്‍ വരെയുള്ളവര്‍, ഹിന്ദിയില്‍ മുരുകദോസിനെപ്പറ്റി തമാശ പറഞ്ഞു ചിരിക്കുന്നതായിരുന്നു എന്നു കേട്ടറിവുണ്ട്. ഇതു മറ്റാരും പറഞ്ഞറിഞ്ഞതല്ല. അക്കാലത്തെ അനുഭവരസങ്ങളെപ്പറ്റി അസിന്‍ നടത്തിയ അഭിമുഖസംഭാഷണങ്ങളില്‍ വായിച്ചറിഞ്ഞതാണ്.

ചെന്നൈ എക്‌സ്പ്രസില്‍ ഒരു മലയാളി കഥാപാത്രം വരുന്നുണ്ട്. ലോറി ഓടിച്ചുവരുന്നൊരു കറുത്തുമെലിഞ്ഞ മനുഷ്യന്‍ അയാള്‍ അയ്യപ്പസ്വാമീ അയ്യപ്പസ്വാമീ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ മലയാളിസ്വത്വം സ്ഥാപിക്കുന്നത്. തമിഴ് കലര്‍ന്ന മലയാളം പറയുന്ന ആ കഥാപാത്രം ഓടിക്കുന്ന ലോറിയുടെ പേരും മലയാളത്തിലാണ് എഴുതിയിരിക്കുന്നത്.

അതിനു തൊട്ടുമുന്‍പ് ഷാരുഖ് കഥാപാത്രം കണ്ടുമുട്ടുന്ന ഒരു കുള്ളന്‍ കഥാപാത്രത്തെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തമിഴ്‌സിനിമയിലെ കോമാളിക്കഥാപാത്രങ്ങളുടെ പൂര്‍വമാതൃകകളെ പിന്‍പറ്റിയുണ്ടാക്കിയിരിക്കുന്ന ഈ കുള്ളന് ഭാഷയേ നല്കാതെയാണ് സിനിമ മലയാളത്തിന്റെയും തമിഴിന്റെയും വരമ്പുകളെ വെട്ടിപ്പൊളിക്കുന്നത്.

പണ്ട്, എണ്‍പതുകളുടെ രണ്ടാംപാതിയില്‍ ദേശീയോദ്ഗ്രഥനത്തിനായി ഉണ്ടാക്കിയ ദൂരദര്‍ശന്‍ ഗാനവും ഗാനദൃശ്യവുമായ മിലേ സുര്‍ മേരാ തുമാരായില്‍ പ്രധാനപ്പെട്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് സിനിമാതാരങ്ങളും പിന്നണിഗായകരും പ്രമുഖഗായകരും വന്നപ്പോള്‍ കേരളത്തെയും മണിപ്പൂര്‍, അസം, നാഗാലാന്റ് തുടങ്ങിയ ഇടങ്ങളെയും അടയാളപ്പെടുത്താന്‍ അതതു കറുത്ത, തൊഴിലാളിമനുഷ്യരെ അവരോധിച്ചിട്ടുണ്ട്. അതിനൊപ്പം, മൊത്തം തെന്നിന്ത്യയുടെ പ്രതിരൂപങ്ങളായി ബാലമുരളീകൃഷ്ണയുടെയും കമല്‍ഹാസന്റെയും ഉത്തരേന്ത്യന്‍ വടിവൊത്ത രൂപങ്ങളായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞിരുന്നത്. മലയാളിയെയും അസം മേഖലയെയും അങ്ങനെ അടയാളപ്പെടുത്തുന്നതിലല്ല അപാകം, അത്തരം അടയാളപ്പെടുത്തലിലൂടെ അപരമാക്കി പ്രതിഷ്ഠിക്കാന്‍ ഒരു അബോധനീക്കമുണ്ട്. അത് ഉത്തരേന്ത്യന്‍ ഭാവനയുടെ സൃഷ്ടിയാണ്. അതുതന്നെയാണ് പതിറ്റാണ്ടുകളായി ഹിന്ദിസിനിമയിലെ തമിഴ്, മലയാളി കഥാപാത്രസൃഷ്ടികളിലൂടെ നടക്കുന്നത്. ചെന്നൈ എക്‌സ്പ്രസിലെ സത്യരാജിന്റെ കഥാപാത്രമായ ദുര്‍ഗേശ്വര അഴകുസുന്ദരമെന്ന വാക്കു പറയാന്‍ ഷാരുഖ് മൂന്നുനാലു തവണ ശ്രമം നടത്തുന്നുണ്ട്. അപ്പോഴൊക്കെയും ആ വാക്ക് അയാളുടെ നാക്കിനെ ഉടക്കുന്നു. സത്യത്തില്‍ ദുര്‍ഗേശ്വര എന്ന വാക്കില്‍ എവിടെയാണ് ഉത്തരേന്ത്യക്കാരന് നാക്കുളുക്കുന്ന അപരിചിതത്വം എന്നത് വേറേ ചോദിക്കണം.

ചെന്നൈ എക്‌സ്പ്രസ് ഒരു പരീക്ഷണമാണ്. തമിഴ്‌സിനിമയെങ്ങനെ ഹിന്ദിയില്‍ എടുക്കാം എന്ന പരീക്ഷണം. ഇതു തമിഴ് സംവിധായകന്‍ കെഎസ് രവികുമാര്‍ ചെയ്യുമ്പോള്‍ പോലീസ് ഗിരി ഉണ്ടാകുന്നു. ഹിന്ദി സംവിധായകന്‍ രോഹിത് ഷെട്ടി ചെയ്യുമ്പോള്‍ ചെന്നൈ എക്‌സ്പ്രസ് ഉണ്ടാകുന്നു.

മലയാളി പ്രേക്ഷകനോട് ബോളിവുഡ് സിനിമ എന്തു ഭാഷയിലാണ് സംസാരിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ് ഈയടുത്തുതന്നെ വന്ന ഡി ഡേ എന്ന സിനിമ. ആ സിനിമയിലെ വളരെ ചെറിയ ഒരു കഥാപാത്രം മാത്രമാണ് ശ്രുതി ഹാസന്‍ അവതരിപ്പിക്കുന്ന സുരയ്യാ എന്ന പാക്കിസ്ഥാനി ലൈംഗികത്തൊഴിലാളി. ആ സിനിമയുടെ കഥ മൊത്തം വേറേ തരത്തില്‍ രാഷ്ട്രീയത്തെയും സാമ്പത്തികബന്ധത്തെയും കറുത്ത പണത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചാരവൃത്തിയെപ്പറ്റിയും ഒക്കെയുള്ള വളരെ ഗൗരവതരസിനിമയാണ്. എന്നാല്‍, കേരളത്തിലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സിനിമയുടെ പോസ്റ്ററുകള്‍ മുഴുവന്‍ ശ്രുതി ഹാസന്റെ പടവും ശ്രുതി ഹാസന്റെ ഏറ്റവും വലിയ ഗ്ളാമര്‍ പ്രദര്‍ശനം എന്ന പരസ്യവാക്യവുമായിരുന്നു. തെന്നിന്ത്യയിലെ, ചിലപ്പോള്‍ കേരളത്തിലെ മാത്രം വിതരണത്തിന് ആ സിനിമ എടുത്ത കമ്പനിയുടെ പരസ്യതന്ത്രമായിരുന്നിരിക്കാം ചിലപ്പോള്‍ ശ്രുതി ഹാസന്റെ ഗ്ളാമറിനു കിട്ടിയ അമിതശ്രദ്ധ. പക്ഷേ, പൊതുവേ, ഹിന്ദിസിനിമാലോകം തെന്നിന്ത്യന്‍ കാണികളെ, മലയാളികാണികളെ എങ്ങനെ സംബോധന ചെയ്യുന്നു എന്നതിന്റെ ലാക്ഷണികമുദ്രയായി എടുക്കാം ഈ പോസ്റ്ററുകളെ. ഈ സിനിമയില്‍ കുറേ സീരിയസ് സംഗതിയൊക്കെയുണ്ട്. പക്ഷേ, നിങ്ങള്‍ മലയാളികള്‍ ശ്രുതി ഹാസന്റെ മുലയിടുക്കും മുട്ടുകാലും മുത്തങ്ങളും കണ്ട് ഹാലിളകിപ്പോയിക്കോ എന്നുതന്നെയാണ് പോസ്റ്ററുകള്‍ക്കപ്പുറം ബോളിവുഡ് സിനിമ വിളംബരം ചെയ്യുന്നത്. കാരണം, അവരിന്നും ഈ ദേശത്തെയൊന്നടങ്കം കാണുന്നത് കോമാളികളുടെ തുരുത്തായാണ്. അതിനെ വിളംബരം ചെയ്യുന്നു, ചെന്നൈ എക്‌സ്പ്രസും ഡി ഡേ പോസ്റ്ററുമെല്ലാം.


Next Story

Related Stories