TopTop
Begin typing your search above and press return to search.

ജെഫ് ബെസോസിന് മാത്രമേ വാഷിംഗ്ടണ്‍ പോസ്റ്റിനെ രക്ഷിക്കാന്‍ കഴിയൂ

ജെഫ് ബെസോസിന് മാത്രമേ വാഷിംഗ്ടണ്‍ പോസ്റ്റിനെ രക്ഷിക്കാന്‍ കഴിയൂ

ഫര്‍ഹാദ് മഞ്ചൂ

ഞാന്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എന്നെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ വാഷിംഗ്ടണില്‍ ജീവിച്ച് സ്വന്തം പ്രദേശത്തെ പത്രത്തെക്കുറിച്ച് തല്‌പരനാണെങ്കില്‍ പോസ്റ്റിലെ ജീവനക്കാര്‍ക്ക് ജെഫ് ബെസോസ് അയച്ച ആ കുറിപ്പിലെ ഒരു വരി എന്നെ ആശങ്കയിലാഴ്ത്തും: 'വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ദൈനംദിന നേതൃത്വത്തില്‍ ഞാനുണ്ടാവില്ല', എന്നാണ് ആമസോണ്‍ ഉടമ എഴുതിയത്. ഞാന്‍ സ്വപ്നം കാണുന്നത് ബെസോസ് ഇക്കാര്യം പുനരാലോചിക്കുമെന്നാണ്. പോസ്റ്റിന് പുതിയൊരു വഴി തുറന്നുകൊടുക്കാന്‍ തന്റെ തിരക്കിട്ട പണികള്‍ക്കിടയില്‍ അദ്ദേഹം സമയം കണ്ടെത്തും എന്നു കരുതാം. ദൈനംദിനമല്ലെങ്കിലും ആഴ്ച്ചതോറുമെങ്കിലും ഈ പത്രവ്യവസായമെന്ന പഴയ കളിക്ക് പുതിയ വഴി കണ്ടെത്താന്‍ പ്രയത്‌നിക്കണം: ഷോപ്പിങ് ബിസിനസില്‍ തുറന്ന ആ പുത്തന്‍ വഴി പോലെ.

ഇതൊരു പ്രതീക്ഷ മാത്രമാണ്. ഒരു വമ്പന്‍ കോടീശ്വരന്‍ എന്ന നിലക്ക് ബെസോസ് പോസ്റ്റിന് നല്കു്ന്ന ആദ്യ ആശ്വാസം അയാളുടെ നിറഞ്ഞ പണസഞ്ചിയാണ്. കഴിഞ്ഞ ആഴ്ച്ച വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കണക്കുകള്‍ പറയുന്നതു ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ പത്രത്തിന്റെ നടത്തിപ്പ് ചെലവിലെ നഷ്ടം 49 ദശലക്ഷം ഡോളറാണെന്നാണ്. ഇതില്‍ വിരമിക്കല്‍ വേതനവും, അധിക വേതനവും ഒക്കെയുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങളായി ഈ നഷ്ടം ആവര്‍ത്തിക്കുകയാണ്: 2012ല്‍ 54 ദശലക്ഷം ഡോളര്‍, 2011ല്‍ 21 ദശലക്ഷം ഡോളര്‍, 2010ല്‍ 10 ദശലക്ഷം ഡോളര്‍. എല്ലാ വര്‍ഷവും ഒരേ ന്യായങ്ങളാണ് നിരത്തുന്നത്: വരിക്കാരും, പരസ്യവും കുറഞ്ഞു, ഓണ്‍ലൈന്‍ പരസ്യവും, ജീവനക്കാരെ കുറക്കുന്നതും നഷ്ടം നികത്തുന്നില്ല.

ബെസോസ് ഈ പ്രശ്‌നത്തെ തന്റെ സാന്നിധ്യം കൊണ്ടുതന്നെ പരിഹരിക്കുന്നു. 'സിറ്റിസണ്‍ കെയിനി'ല്‍ ഒരു രംഗമുണ്ട്. ചാള്‍സ് ഫോസ്റ്റര്‍ കെയിന്‍സിന്റെ പ്രതിയോഗികളിലൊരാള്‍ കെയിനിന്റെ വിചിത്ര പത്രവ്യാപാരത്തില്‍ അയാള്‍ക്ക് പ്രതിവര്‍ഷം 1 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. 'ശരിയാണ്, നമുക്ക് പ്രതിവര്‍ഷം ഒരു ദശലക്ഷം നഷ്ടമുണ്ട്, 'കെയിന്‍ തിരിച്ചടിക്കുകയാണ്'. 'അടുത്ത വര്‍ഷവും ഒരു ദശലക്ഷം നഷ്ടമാകുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്... എല്ലാ കൊല്ലവും ഒരു ദശലക്ഷമെന്ന നിരക്കില്‍, നമുക്കീ സ്ഥാപനം 60 കൊല്ലത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ടിവരും'. ആ നിരക്കില്‍ ബെസോസ് കെയിന്‍സിനെക്കാള്‍ ഒരു കാതം മുന്നിലാണ്. ഇനിയിപ്പോള്‍, ബെസോസിന്റെ ആമസോണ്‍ വരുമാനം ഇനി ഒട്ടും വര്‍ദ്ധിക്കാതെതന്നെ വാഷിംഗ്ടണ്‍ പോസ്റ്റിന് വര്‍ഷം തോറും 50 മുതല്‍ 100 ദശലക്ഷം ഡോളര്‍ നഷ്ടം വന്നാലും (അതിനുള്ള സാധ്യത തീരെയില്ല) ബെസോസിന് അടുത്ത 250 കൊല്ലം പത്രത്തിന്റെ നഷ്ടം താങ്ങാനുള്ള ശേഷിയുണ്ട്.

കോടീശ്വരന്മാരെ കിട്ടാന്‍ ബുദ്ധിമുറ്റൊന്നുമില്ല. എന്നാല്‍ പോസ്റ്റിനെ സംബന്ധിച്ച് ബെസോസിന്റെ യഥാര്‍ത്ഥ മൂല്യം അയാളുടെ പണക്കിഴിയിലല്ല. അതയാളുടെ തലയിലാണ്. ഒരു കച്ചവടക്കാരന്‍ എന്ന നിലക്ക് ബെസോസിന് മൂന്നു തനതു മുദ്രകളുണ്ട്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍, അത് കമ്പനിക്കു ചില്ലറ നഷ്ടം വരുത്തിയാണെങ്കില്‍ പോലും, ഉള്ള ശ്രമം. മികച്ച ആശയങ്ങള്‍ ലാഭം നല്കിത്തുടങ്ങാന്‍ നീണ്ട കാലമെടുത്താലും അസാധാരണമാം വിധത്തില്‍ കാത്തിരിക്കാന്‍ അയാള്‍ തയ്യാറാണ്. ഏറ്റവും പ്രധാനമായി, ബെസോസ് നൂതനമായ വ്യാപാരാശയങ്ങളില്‍ തല്പരനാണ്. വീട്ടുസാമാനങ്ങള്‍ മുതല്‍ മാധ്യമം വരെ വില്ക്കാന്‍ അയാള്‍ നിരന്തരം പുത്തന്‍ വഴികള്‍ തേടിക്കൊണ്ടേയിരിക്കുന്നു (ആമസോണ്‍ പ്രൈം, വെബ് സര്‍വീസസ് തുടങ്ങിയവ).

ദശാബ്ദങ്ങളായി പത്രങ്ങള്‍ പണമുണ്ടാക്കുന്നത് രണ്ടു പ്രത്യേകതരം വിവരങ്ങള്‍ നല്കിയാണ്: ചെലവ് കുറഞ്ഞ വിവരങ്ങളും, ചെലവ് കൂടിയ വാര്‍ത്തകളും. വിവരങ്ങള്‍, പരസ്യങ്ങള്‍, ഓഹരി, കായിക വിവരങ്ങള്‍, കാലാവസ്ഥ, വിനോദപരിപാടി അറിയിപ്പുകള്‍, പാചക കുറിപ്പുകള്‍, ജ്യോതിഷം, തുടങ്ങിയവ ആളുകള്‍ ഏറെ നോക്കുന്നതും, എന്നാല്‍ നല്കാന്‍ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. വാര്‍ത്ത അത്ര ജനകീയമല്ല. ചെലവ് കൂടുതലും, അപായസാധ്യതകള്‍ ഉള്ളതുമാണ്. ചിലതരം അന്വേഷണാത്മക റിപ്പോര്ടുകകള്‍ക്കായി ജീവനക്കാര്‍ക്ക് മാസങ്ങളോളം പണം നല്കി അയക്കേണ്ടി വരും, മിക്കപ്പോളും അത് ഫലം കാണാറില്ലെങ്കിലും. ചിലപ്പോള്‍ ചില ചെറുവാര്‍ത്തകളുടെ പിന്നാലെപ്പോയാല്‍ കുടുങ്ങുന്നത് വമ്പന്‍ സ്രാവുകളായിരിക്കും, എന്നാല്‍ അത് വളരെ അപൂര്‍വമാണുതാനും. അപ്പോള്‍ ഏത് വാര്‍ത്തയുടെ പിന്നിലാണ് പണമിറക്കേണ്ടതെന്ന് മുന്‍കൂട്ടി പറയാനവില്ലതാനും. ഈ അനിശ്ചിതത്വമുണ്ടായിട്ടും ഒരു വ്യാപാരമെന്ന രീതിയില്‍ പത്രങ്ങള്‍ വിജയിച്ചത് അവക്ക് ചെലവ് കുറഞ്ഞ വിവരങ്ങളുടെ മേല്‍ കുത്തകയുണ്ടായിരുന്നതുകൊണ്ടാണ്. പരസ്യങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും തങ്ങളുടെ ആവശ്യക്കാരിലെത്താന്‍, മറ്റ് വഴിയൊന്നുമില്ലാത്തതുകൊണ്ട് പരസ്യക്കാരും, വായനക്കാരും അച്ചടിമഷിയെത്തന്നെ ആശ്രയിച്ചുപോന്നു. അങ്ങനെ ഗൌരവമേറിയ വാര്‍ത്താ വിഭാഗത്തെ താങ്ങിനിര്‍ത്തുകയും ചെയ്തു.

അപ്പോളാണ് ഇന്‍റര്‍നെറ്റ് കടന്നുവരികയും ഈ കുത്തക പൊളിക്കുകയും ചെയ്തത്. ചെലവ് കുറഞ്ഞ വിവരങ്ങള്‍ സൌജന്യമായി നല്കാന്‍ അതിനു കഴിഞ്ഞു. അങ്ങനെ പ്രസിദ്ധീകരണത്തിന്റെ ചെലവ് കുറക്കാനും.ബ്ളോഗര്‍മാര്‍ ഒരളവോളം പത്രങ്ങളുടെ വാര്‍ത്താശേഖരണ ഉദ്യമങ്ങളെ പകര്‍ത്താനും തുടങ്ങി. എന്നിരുന്നാലും, വലിയ തോതില്‍ നിക്ഷേപമിറക്കേണ്ട, അപായ സാധ്യതകളുള്ള, അന്വേഷണാത്മക, വിദേശ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലാഭകരമായി നടത്താന്‍ ഇന്‍റര്‍നെറ്റ് പോലുള്ള പത്രേതര നവ മാധ്യമങ്ങള്‍ക്കായിട്ടില്ല. തീര്‍ച്ചയായും ഒരളവോളം ഇതൊക്കെ ചെയ്യുന്ന വെബ്‌സൈറ്റുകളുണ്ട്. പക്ഷേ പൊതുവായെടുത്താല്‍ പത്രങ്ങള്‍ അപ്രത്യക്ഷമായാല്‍ നാമിന്നു കാണുന്നതരം ആഴത്തിലുള്ള വിശകലന റിപ്പോര്‍ട്ടുകള്‍ ഇല്ലാതാകും. ഈ പ്രശ്‌നത്തെ പരിഹരിക്കാനുള്ള ശേഷിയാണ് ബെസോസിനുള്ളത്.

പഴയ സാധനങ്ങള്‍ വില്ക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുന്നതിന്റെ ആശാനാണ് ബെസോസ്. Kindle ആദ്യം ഇറക്കിയപ്പോള്‍ ഫോണ്‍ ചാര്‍ജ് കൂടി അയാള്‍ അതില്‍ ബുദ്ധിപൂര്‍വം കൂട്ടിച്ചേര്‍ത്തു. പിന്നെ പുസ്തകം ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ കാശിനെക്കുറിച്ച് ആലോചിക്കേണ്ടല്ലോ. പിന്നെ ലോക്‌ - സ്‌ക്രീനില്‍ പരസ്യം വച്ച് Kindle ഒരു വില കുറഞ്ഞ പതിപ്പിറക്കി. അത് വിജയിച്ചപ്പോള്‍ പിന്നെ പരസ്യം അതിന്റെ ഒരു ഭാഗമായി മാറി.

ആമസോണ്‍ പ്രൈം നോക്കൂ, ഷിപ്പിംഗ് ചാര്‍ജ് മൊത്തത്തില്‍ വില്ക്കാനുള്ള ഒരു തന്ത്രം മാത്രമാണത്. 79 ഡോളറിന് നിങ്ങളെ ഒരു സൌജന്യ ഷിപ്പിംഗ് ചാര്‍ജ് വരിക്കാരനാക്കുമ്പോള്‍ ബെസോസിന് ഏതു വഴിക്കും ലാഭമാണ്. നിങ്ങള്‍ ആമസോണില്‍ നിന്നും ഒരുകാലത്തും ഒന്നും വാങ്ങിച്ചില്ലെങ്കിലും ആ കാശ് അയാള്‍ക്ക് കിട്ടും. മിക്കപ്പോഴും, ഈ 'സൌജന്യ ഷിപ്പിംഗ് ചാര്‍ജ്' വാഗ്ദാനം നിങ്ങളെ മാനസികമായി സ്വാധീനിക്കുന്നു. പിന്നെ എന്തെങ്കിലും വാങ്ങാനാലോചിക്കുമ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും ആമസോണിന് മുന്‍ഗണന നല്കും. ഞാനീയിടെ എന്റെ ആമസോണ്‍ വാങ്ങല്‍ ചരിത്രം നോക്കി. 2006-നു മുമ്പ്, അതായത് പ്രൈം വരുന്നതിന് മുമ്പ്, ഞാന്‍ വര്‍ഷം ശരാശരി 10 തവണയാണ് വാങ്ങിയിരുന്നത്. പ്രൈം എന്റെ ഉപഭോഗ ശീലങ്ങളെ പാടെ മാറ്റി. പ്രൈമിന്റെ ആദ്യവര്‍ഷം ഞാന്‍ 146 തവണ വാങ്ങല്‍ നടത്തി. ഈ വര്‍ഷം അത് നാലിരട്ടിയാകാനാണ് എല്ലാ സാധ്യതയും.

തന്റെ ഓരോ കണ്ടുപിടിത്തവും ഒന്നിലേറെ തവണ വില്ക്കാന്‍ കഴിയുന്ന ഒരു കേമന്‍ കൂടിയാണ് ബെസോസ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു വെയര്‍ ഹൌസും ഒരു ഷിപ്പിംഗ് ശൃംഖലയും ഉണ്ടാക്കിയതിനുശേഷം അദ്ദേഹമെന്താണ് ചെയ്തത്? അദ്ദേഹമത് മറ്റു ചെറുകിട വില്‍പ്പനക്കാര്‍ക്ക് പാട്ടത്തിന് നല്കി. ആമസോണില്‍ ആര്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ വെക്കാം, വേണമെങ്കില്‍ അതിന്റെ വെയര്‍ ഹൌസുകളില്‍ നിന്നും ചരക്ക് കടത്തുകയുമാകാം. ആമസോണിന് ഇതില്‍ നിന്നും കമ്മീഷന്‍ മാത്രമേ കിട്ടുകയുള്ളൂ. പക്ഷേ, അടിസ്ഥാന സൌകര്യങ്ങള്‍ നിലവിലുള്ളതിനാല്‍ കിട്ടുന്നതെല്ലാം ലാഭമാണ്. ഇപ്പോള്‍, ആമസോണിന്റെ മറ്റ് വില്‍പനകളേക്കാള്‍ ലാഭമുണ്ടാക്കുന്നത് ഈ തേര്‍ഡ് പാര്‍ട്ടി വില്‍പനയാണ് എന്നതിലെത്തി നില്ക്കുന്നു കാര്യങ്ങള്‍.

തന്റെ സെര്‍വറുകള്‍ വെച്ചും ബെസോസ് സമാനമായ പരിപാടി നടത്തി. സ്വന്തം കച്ചവടം നടത്താന്‍ പ്രാപ്യമായ ഒരു സെര്‍വര്‍ സൌകര്യം ഉണ്ടാക്കേണ്ടത് ആമസോണിന് അത്യാവശ്യമായിരുന്നു. അത് ഉണ്ടാക്കിയതിനുശേഷം ബെസോസ് പറഞ്ഞതിങ്ങനെയാണ്: 'വെബ് വഴി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെല്ലാം ഇതാവശ്യമുണ്ട്. ചില്ലറ പണികള്‍ കൂടി നടത്തിയാല്‍ ഇതിനെ എല്ലാവര്‍ക്കുമായി ലഭ്യമാക്കാം. എന്തായാലും നമ്മളിതുണ്ടാക്കും, എന്നാല്‍പ്പിന്നെ നമുക്കിത് വില്ക്കാം'.

ഇതൊന്നും പത്രവ്യാപാരത്തിന് നേരിട്ടു ബാധകമല്ല. പക്ഷേ, ഈ നൂതനാശയങ്ങളെല്ലാം, ശരിയായ കച്ചവടമാതൃക എന്താണെന്ന് കാണിക്കുന്നു. പത്രവ്യവസായത്തില്‍ കൂടുതല്‍ കാശുണ്ടാക്കാനുള്ള വഴികളെല്ലാം, അതിന്റെ ആസ്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവനക്കാരുടെ ശേഷി, വായനക്കാര്‍, പത്രക്കടലാസ് കൊണ്ടുപോകുന്ന വാഹനങ്ങള്‍, വാര്‍ത്താ കേന്ദ്രങ്ങളുമായുള്ള അടുപ്പം ഇതിനെയെല്ലാം എങ്ങനെ മുമ്പ് പരീക്ഷിക്കാത്ത മാര്‍ഗങ്ങളുപയോഗിച്ച് പണമാക്കി മാറ്റാം എന്നും കണ്ടെത്തണം. പത്രവ്യാപാരം ഇത്തരം പരീക്ഷണങ്ങള്‍ക്ക് മേല്‍ ചില നിയന്ത്രണങ്ങളും വെക്കുന്നുണ്ട്. പോസ്റ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കച്ചവടതന്ത്രങ്ങളെ ബെസോസിന് ഉപേക്ഷിക്കേണ്ടിവരും. പക്ഷേ, പത്രപ്രവര്‍ത്തന മൂല്യങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ പുത്തന്‍ തന്ത്രങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഞാനാഗ്രഹിക്കുന്നത്, അത്തരം തന്ത്രങ്ങള്‍ മെനയാന്‍ ബെസോസ് കുറച്ചുസമയം ചെലവിടുമെന്നാണ്. ഏറെ വെല്ലുവിളികളുണ്ട് പുതിയ ജോലിയില്‍. പക്ഷേ അതിവേഗ ഷിപ്പിംഗ് പോലെ പ്രധാനമാണ് പത്രങ്ങളും. ബെസോസ് പോസ്റ്റിന് ഒരു പുതുജീവന്‍ നല്കിയിരിക്കുന്നു. പക്ഷേ ശരിക്കും സഹായിക്കാന്‍ പോകുന്നത്, നിറഞ്ഞ പണക്കിഴികളില്‍ കെട്ടിത്തൂക്കിയ പുത്തനാശയങ്ങളാകും.

(സ്ളേറ്റിന്റെ ടെക്നോളജി റിപ്പോര്‍ട്ടര്‍. True Enough: Learning to Live in a Post-Fact Society എന്ന പുസ്തകത്തിന്റെ രചയിതാവ്)


Next Story

Related Stories