TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രീ, ഞാന്‍ പൊരുതുന്നത് ഈ നാടിന് വേണ്ടിയാണ് - ജസീറ

മുഖ്യമന്ത്രീ, ഞാന്‍ പൊരുതുന്നത് ഈ നാടിന് വേണ്ടിയാണ് - ജസീറ

കെ.വി വിഷ്ണു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിക്ക്,

അങ്ങ് എന്നെ ചര്‍ച്ചയ്ക്കു വിളിച്ചതിനും സംസാരിച്ചതിനും നന്ദി. നമ്മുടെ തീരപ്രദേശം നേരിടുന്ന ഭീഷണിയെപ്പററി അങ്ങേയ്ക്ക് ബോധ്യമുള്ളതില്‍ തൃപ്തിയുണ്ട്. പക്ഷേ ഈ ഭീഷണി നേരിടാന്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്തം നടപ്പാക്കാനുള്ള ഉത്തരവ് ഇറക്കുംവരെ ഞാന്‍ ഈ മഴയത്ത് ഇവിടെ സത്യഗ്രഹമിരിക്കും.

കണ്ണൂരിലെ എന്റെ മാടായി ഗ്രാമത്തിന്റെ തീരം മണല്‍ മാഫിയ അപഹരിച്ചു. കടല്‍ കരയിലേക്ക് കയറിക്കഴിഞ്ഞു. എന്റെ ഉള്‍പ്പെടെയുള്ള ഭവനങ്ങള്‍ ഭീഷണിയിലാണ്. പവിത്രമായ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ഞാന്‍ ഇവിടെ സത്യഗ്രഹമിരിക്കുന്നത്. ഇതു മാടായിയുടെ മാത്രം പ്രശ്‌നമല്ല. 600 കിലോമീറ്ററോളം വരുന്ന കേരളത്തിലെ പല പ്രദേശങ്ങളിലും മാടായി ആവര്‍ത്തിക്കപ്പെടുന്നു. ഭരണഘടന നല്‍കുന്ന അവകാശത്തിനു വേണ്ടി ഞാന്‍ സമരം ചെയ്തപ്പോള്‍ ഭരണകൂട അധികാരികള്‍ എനിക്കെതിരെ നടപടിയെടുക്കുകയായിരുന്നു കണ്ണൂരില്‍.

തീരദേശ പരിപാലന നിയമം നമ്മുടെ തീരം സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. പക്ഷേ ഇതു നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട തീരദേശ വികസന അതോറിറ്റി ഈ നിയമം തകിടം മറിക്കുകയാണ് ചെയ്യുന്നത്. ബഹൂമാനപ്പെട്ട ഹൈക്കോടതി വരെ അതു പറയുകയാണ്. എറണാകുളത്ത് പെരിയാര്‍ തീരത്തും ആലപ്പുഴ കടല്‍ത്തീരത്തും ഹോട്ടലുകള്‍ നിര്‍മിക്കാന്‍ ഇവര്‍ നല്‍കിയ അനുമതി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധികള്‍ വന്നത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്. ഇനിയും എത്രയോ ഹോട്ടലുകള്‍ ഇങ്ങനെ നിയമലംഘനം നടത്താനായിട്ടൊരു തീരദേശ സംരക്ഷണ അതോറിറ്റി നമുക്കാവശ്യമുണ്ടോ സാര്‍? ഈ അതോറിറ്റിയുടെ ചെയര്‍മാന്‍ അഴിമതി നടത്തിയതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന ആളാണെന്നിരിക്കെ ഇങ്ങനെയൊരു അതാറിറ്റി തന്നെ ആവശ്യമില്ലാത്തതാണ്. അത് പിരിച്ചു വിട്ട് നമ്മുടെ നാടിനോടും കടലിനോടും പ്രതിബദ്ധതയുള്ള അതോറിറ്റി രൂപീകരിച്ച് തീരദേശ സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

എന്റെ സമരം പ്രകൃതിക്കു വേണ്ടിയുള്ളതാണ്, മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. വരും തലമുറകള്‍ക്കു വേണ്ടിയുള്ളതാണ്. നമ്മുടെ കടലാമകള്‍ ഇന്നെവിടെയാണ് സാര്‍? തീരം ഇല്ലാത്തിടത്ത് എങ്ങനെയാണ് കടലാമകള്‍ മുട്ടയിടാന്‍ വരുന്നത്. നമ്മുടെ കണ്ടല്‍കാടുകള്‍ എങ്ങോട്ടു മറയുന്നു? ഞാന്‍ പുതുതായി ഒന്നും ആവശ്യപ്പെടുന്നില്ല. മന്ത്രിമാര്‍ രാജി വയ്ക്കണമെന്ന് പറയുന്നില്ല. ആകെ ഞാന്‍ പറയുന്നത്, നമ്മുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമാണ്. അതിന് അങ്ങ് തയാറാകും വരെ ഞാന്‍ ഇവിടെ സത്യഗ്രഹം ഇരിക്കും. ഈ റംസാന്‍ മാസത്തില്‍ ഞാന്‍ നാടിനു വേണ്ടി ചെയ്യാന്‍ ശ്രമിക്കുന്നൊരു പുണ്യമാണത്.

ജസീറ

സെക്രട്ടറിയേറ്റ് ഗേറ്റില്‍ നിന്നും.

ചെറിയപെരുന്നാള്‍ ദിനത്തില്‍ വിശ്വാസികളെല്ലാം പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ജസീറ തന്റെ പോരാട്ടം തന്നെ പ്രാര്‍ത്ഥനയാക്കുകയായിരുന്നു. നടക്കില്ലെന്നറിയുമെങ്കിലും ബിരിയാണി വയ്ക്കണമെന്നും പത്തിരിയും കോഴിക്കറിയുമുണ്ടാക്കി പൊന്നോമനകള്‍ക്ക് നല്‍കണമെന്നൊക്കെ ജസീറ ആഗ്രഹിച്ചിരുന്നു. പതിവുപോലെ സെക്രട്ടറിയേറ്റിനുമുന്നിലെ നടപ്പാതയില്‍ മക്കളുമൊത്ത് ഇരിക്കുമ്പോള്‍ ജസീറയ്ക്ക് പെരുന്നാള്‍ സദ്യയുമായി ഒരു സ്ത്രീ വന്നു. ജസീറയ്ക്കവരെ നേരത്തെ അറിയില്ല. അവരുടെ പേരോ സ്ഥലമോ ഒന്നും. ആ സ്ത്രീ നീട്ടിയ പൊതികളിലെ ബിരിയാണിക്കും ഇറച്ചിക്കറിക്കും ഇതുവരെ അനുഭവിക്കാത്ത രുചിയുണ്ടായിരുന്നുവെന്ന് ജസീറ പറയുന്നു. നിരവധിപേര്‍ ജസീറയ്ക്ക് പെരുന്നാള്‍ വിഭവങ്ങളുമായി എത്തിയത്. അവരുടെയാരുടെയും പേരോ നാടോ ജസീറയ്ക്കറിയില്ല. ഇതാണ് പെരുന്നാള്‍, ഇങ്ങനെ സന്തോഷത്തില്‍ ഞാന്‍ പെരുന്നാളു കൂടിയിട്ടില്ല - ജസീറ പറയുന്നു. തൊട്ടടുത്ത് ഫുട്പാത്തിന്റെ ഓരത്തിരിക്കുന്ന കവറില്‍ നിറയെ പലഹാരങ്ങളാണ്. ജസീറയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവര്‍ നല്‍കിയത്. വന്നവര്‍ക്കും ജസീറയുടെ സമരത്തെപ്പറ്റി വാര്‍ത്തകളിലൂടെയുള്ള അറിവുമാത്രം. ഇന്നലെ ജസീറയെത്തേടി വന്നവര്‍ക്കും ജസീറക്കായി പെരുന്നാള്‍ വിഭവങ്ങള്‍ നീട്ടിയവര്‍ക്കും ഒരു കൊടിയുടെയും മുദ്രാവാക്യത്തിന്റെയും പിന്തുണയുണ്ടായിരുന്നില്ല.

കണ്ണൂര്‍ പഴയങ്ങാടി കടപ്പുറത്തു നിന്നും തലസ്ഥാന നഗരത്തിലേക്ക് ജസീറയെ കൈപിടിച്ചു നടത്തിയ നിശ്ചയദാര്‍ഢ്യത്തോടുള്ള പിന്തുണ പ്രഖ്യാപനത്തിനാണ് അവരെത്തിയത്. പര്‍ദ്ദക്കുളിലെ നിയന്ത്രണങ്ങളില്‍ ഒതുങ്ങാത്ത പോരാട്ടവീര്യവുമായി അനധികൃതമായി കടല്‍മണലൂറ്റുന്നതിനെതിരേ സമരം നയിക്കുന്ന കണ്ണൂര്‍ പഴയങ്ങാടി സമരനായിക വി. ജസീറയെന്ന പെണ്‍കരുത്തിന് ഊര്‍ജ്ജം പകരാന്‍...


ഫോട്ടോ കടപ്പാട് : ദി ഹിന്ദു

കോട്ടയത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന ജസീറ മുഹമ്മദ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് പഴയങ്ങാടിയിലെ തന്റെ വീട്ടിലെത്തിയത്. താന്‍ ഓടി നടന്ന മണല്‍പരപ്പുകള്‍ കാലിനടിയില്‍ നിന്നു ചോര്‍ന്നു പോകുന്നത് നേരില്‍ കണ്ടാണ് വി.ജസീറ പ്രതിരോധത്തിന്റെ തട തീര്‍ത്ത് കണ്ണൂര്‍ കളക്‌ട്രേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. ഇവര്‍ക്ക് ആദ്യം എതിര്‍ക്കേണ്ടി വന്നത് സ്വന്തം സഹോദരങ്ങളെ തന്നെയായിരുന്നു. ഇന്നവര്‍ അത് ചെയ്യുന്നില്ലെന്ന ജസീറ പറയുമ്പോള്‍ ആ വാക്കുകളില്‍ നിറയുന്നത് പെണ്‍കരുത്തിന്റെ ശക്തിയാണ്. ഒന്നരവര്‍ഷത്തെ സമരം. മണല്‍ വാരലിനെതിരെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലും കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നിലുമായിരുന്നു ജസീറയുടെ ആദ്യ സമരങ്ങള്‍. തുടക്കത്തില്‍ പുച്ഛിച്ച് തള്ളിയെങ്കിലും ജസീറയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഭരണാധികാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യമാദ്യം തുടങ്ങിയ ഒറ്റപ്പെട്ട പരിശോധനകള്‍ നാളുകള്‍ കഴിയുംതോറും ശക്തിപ്പെട്ടു തുടങ്ങി. ലോറികളിലൂടെയുള്ള മണല്‍ കടത്ത് ഏറെക്കുറെ നിര്‍ത്താന്‍ ജസീറയുടെ സമരത്തിലൂടെ സാധിച്ചു. എന്നാലിപ്പോള്‍ സ്ത്രീ തൊഴിലാളികളെ ഉപയോഗിച്ച തലച്ചുമടായാണ് മണല്‍ കടത്തുന്നത്. ഇതിനെതിരെ സമരം ചെയ്ത ജസീറയോട് പാവങ്ങളുടെ വയറ്റത്തടിക്കരുതെന്നാണ് പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പറയുന്നത്. ഇതിനെക്കുറിച്ച് ജസീറയുടെ വാക്കുകള്‍ ഇങ്ങനെ ' അനധികൃതമായി മണല്‍ കോരുന്നത് തൊഴിലല്ല, നിയമലംഘനമാണ്'.

കൈകുഞ്ഞുമായി കോരിച്ചൊരിയുന്ന മഴയത്ത് സമരത്തിനിറങ്ങിയ ജസീറയ്ക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളേറെയാണ്. സമരത്തിന്റെ നാലാം ദിവസം മുലകുടിമാറാത്ത കുഞ്ഞിനെയുംകൊണ്ടു സമരത്തിനിറങ്ങിയ ജസീറയ്‌ക്കെതി വാളോങ്ങി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി. തങ്ങളുടേതായ ന്യായങ്ങള്‍ നിരത്തി അമ്മയെയും കുഞ്ഞിനെയും മഹിളാ മന്ദിരത്തിലേക്ക് കൊണ്ടുപോയി. ജസീറയുടെ ബന്ധുക്കള്‍ വന്നാല്‍ വിട്ടയക്കാമെന്നായിരുന്നു അധികൃതരുടെ നിലപാട്. താന്‍ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തിയ കുഞ്ഞിന്റെ സംരക്ഷണം തന്റെ ഉത്തരവാദിത്വമാണെന്നും അതിനായി ആരും ബുദ്ധിമുട്ടണ്ടെന്നും ജസീറ വ്യക്തമാക്കി. കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താമെന്നെഴുതി നല്‍കിയാല്‍ വിടാമെന്നായി അടുത്ത വാദം. തന്റെ കുഞ്ഞിനെ സംരക്ഷിക്കാമെന്ന് ഒരുത്തര്‍ക്കും എഴുതി നല്‍കേണ്ട കാര്യമില്ലെന്നു ജസീറ തുറന്നടിച്ചു. ഒടുവില്‍ ഒരുതരത്തിലും വഴങ്ങില്ലെന്ന് വ്യക്തമായതോടെ മൂന്നാം ദിവസം അവര്‍ ജസീറയെ വിട്ടയച്ചു.

ഇപ്പോഴും ജസീറക്കറിയാത്ത ഒരു കാര്യമുണ്ട്. എന്തിനാണ് തന്നയും തന്റെ മുത്തിനെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പിടിച്ചുകൊണ്ടു പോയതെന്ന്. ജസീറ അവിടെ നിന്നു നേരെ പോയത് സമരത്തിനായാണ്. കണ്ണൂര്‍ പഴയങ്ങാടി കടപ്പുറത്തു നിന്നും മണലൂറ്റുന്നതിന് എതിരെയുള്ള ജസീറയുടെ സമരത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ മുട്ടുമടക്കി. പഴയങ്ങാടി കടപ്പുറത്ത് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറായി. പക്ഷെ ഔട്ട് പോസ്റ്റ് പ്രഹസനമായതിനെ തുടര്‍ന്ന് ജൂലായ് 25 മുതല്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം പുനരാരംഭിക്കുകയായിരുന്നു. ഒരു കരയാകെ കടലെടുക്കുന്നുതിനെതിരെയുള്ള പോരാട്ടം അധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. ഇതോടെ സെക്രട്ടേറിയറ്റ് പടിക്കലിലേക്ക് ജസീറ സമരം മാറ്റിയിരിക്കുകയാണ്.

ഈ മാസം രണ്ടിന്, കത്തുന്ന വെയിലില്‍ തന്റെ പോരാട്ട വീര്യത്തെ കനലാക്കി കൈകുഞ്ഞിനെ തോളില്‍ ചായ്ച്ച് ജസീറ സെക്രട്ടറിയേറ്റ് പടിക്കലെത്തുമ്പോള്‍ സിപിഎമ്മിന്റെ രാപ്പകല്‍ സമരവും ബിജെപിയുടെ ധര്‍ണ്ണയും നടക്കുകയായിരുന്നു. അതിനിടയിലൂടെ പതറാതെ നടന്നെത്തിയ അവര്‍ ബാരിക്കേഡുകള്‍ക്ക് അടുത്തെത്തി. അടുത്തുണ്ടായിരുന്ന കസേര വലിച്ചെടുത്ത് അതിലിരുന്നു. കുഞ്ഞിനെ തോളില്‍ ചായ്ച്ചു. ആരാണെന്ന പോലീസുകാരുടെ ചോദ്യത്തിന് 'ഞാന്‍ ജസീറ, കണ്ണൂരില്‍ നിന്ന് വരുന്നു. ഇനി സമരം ഇവിടെയാണ്'. നിശ്ചദാര്‍ഢ്യത്തിന്റെ വാക്കുകള്‍ക്ക് തൊട്ടടുത്ത് സമര പന്തലില്‍ നിന്നുയരുന്ന മുദ്രാവാക്യങ്ങളേക്കാള്‍ മുഴക്കമുണ്ടായിരുന്നു. ഒക്കത്ത് ഒന്നര വയസ്സുകാരന്‍ മുഹമ്മദ്, പര്‍ദ്ദയുടെ തണലില്‍ ഇരുവശത്തുമായി റിസ്വാനയും ഷഫാനയും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര ബഹളങ്ങള്‍ക്കിടയില്‍ നിന്ന് ജസീറ വിളിച്ചു പറയുന്നു, 'പുതിയങ്ങാടി കടപ്പുറത്ത് നിന്ന് ഒരു തരി മണ്ണും ഇനി കോരിക്കൊണ്ടു പോകാന്‍ അനുവദിക്കില്ല'.


സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്നും മുഖ്യമന്തിക്കയച്ച കത്ത്

കടല്‍മണല്‍ കൊള്ളക്കെതിരെ ശക്തമായ നിയമം നിലവിലിരിക്കെ മാഫിയക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കൊള്ള അവസാനിപ്പിക്കണമെന്നാണ് ജസീറയുടെ മുഖ്യ ആവശ്യം. കടല്‍ മണല്‍ ഖനനം തടയുന്നതിന് വേണ്ടി സംസ്ഥാന തലത്തില്‍ പോലീസ് സംവിധാനത്തിന് രൂപം നല്‍കുക, തീരദേശപരിപാലന നിയമം ശക്തമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു. താന്‍ ഉന്നയിക്കുന്ന പ്രശ്‌നം കേവലം പഴയങ്ങാടി പ്രശ്‌നമായി മാത്രം കാണരുതെന്ന് ജസീറ പറയുന്നു. അത് 600 കിലോമീറ്ററോളം വരുന്ന കടല്‍തീരത്തിന്റെ തന്നെ ഭാവിയ്ക്കാണെന്നും അവര്‍ വ്യക്തമാക്കുന്നു.

രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ടപ്പോള്‍ കടല്‍മണല്‍ കൊള്ളക്കെതിരെയുള്ള നിയമം നടപ്പിലാക്കാമെന്നും പഴയങ്ങാടി പോലീസ് ഔട്ട്‌പോസ്റ്റ് ശക്തമാക്കാമെന്നും ഉറപ്പ് നല്കുകയും ജെസീറ വീട്ടിലേക്ക് തിരിച്ചുപോകണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളല്ല തനിക്കാവശ്യമെന്നും ഇവ രേഖാമൂലം ഉത്തരവിടും വരെ പെരുമഴയത്തും കൊടുംവെയിലിലും സെക്രട്ടേറിയറ്റിനുമുന്നില്‍ സത്യാഗ്രഹം തുടരുമെന്ന് ജെസീറ മുഖ്യമന്ത്രിക്ക് മറുപടിക്കത്തെഴുതി.

കണ്ണൂരിലെ മാടായി ഗ്രാമത്തിന്റെ തീരം മണല്‍ മാഫിയ ഇല്ലാതാക്കി. കടല്‍ കരയിലേക്ക് കയറി. നിരവധി വീടുകള്‍ ഭീഷണിയിലാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് സമരമെന്നും തീരദേശപരിപാലന നിയമം നടപ്പാക്കുന്നതിനുള്ള തീരദേശ വികസന അതോറിറ്റി നിയമം തകിടം മറിക്കുകയാണെന്നും ജസീറ കത്തില്‍ ആരോപിക്കുന്നു. അഴിമതിയാരോപണത്തില്‍ സിബിഐ അന്വേഷണം നേരിടുന്നയാള്‍ ചെയര്‍മാനായിരിക്കുന്ന അതോറിറ്റി പിരിച്ച് വിട്ട് നാടിനോട് കൂറുള്ളവരെ നിയമിക്കണമെന്നും ജസീറ ആവശ്യപ്പെടുന്നു. നിയമങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുംവരെ സത്യാഗ്രഹം തുടരുമെന്നും ജസീറ പറയുന്നു. നീതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളുടെ കൂറ് ആരോടാണെന്ന് ഭരിക്കുന്നവര്‍ക്ക് ഉത്തരം പറയേണ്ടി വരും - ആ വിശ്വാസത്തിലാണ് ജസീറയുടെ ജീവിത സമരം.


Next Story

Related Stories