TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്ക വളരുന്നു; മധ്യവര്‍ഗത്തിലേക്ക്

ദക്ഷിണാഫ്രിക്ക വളരുന്നു; മധ്യവര്‍ഗത്തിലേക്ക്

ജാനിസ് ക്യൂ
(ബ്ളൂംബര്‍ഗ് ന്യൂസ്)ജോഹന്നാസ്ബര്‍ഗിലെ സമ്പന്നത തുളുമ്പിനില്‍ക്കുന്ന ഒരു നഗരപ്രാന്തത്തിലെ ഡിസൈന്‍ ക്വാര്‍ടര്‍ മാളില്‍ എന്‍ടോംബി ഷബാലാലയുടെ ഹുണ്ടായ് ix35 SUV ഇരമ്പിയെത്തി. ചുവന്ന സ്യൂട് പാന്റും കറുത്ത ജാക്കറ്റും, കറുത്ത ബൂട്ടുമിട്ട ഷബാലാല, ഫ്രഞ്ച് ശൈലിയില്‍ രാകിമിനുക്കിയ നഖമുനകളുള്ള തന്റെ വിരലുകള്‍ ഇളക്കി പരിചാരകനോട് ആവശ്യപ്പെട്ടു; ഒരു കാരറ്റ് ജ്യൂസ്.


1998-ല്‍ ജോഹന്നാസ്ബര്‍ഗിലെത്തിയ ഷബാലാല ഒരുപാട് ദൂരം താണ്ടിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി വര്‍ണവിവേചനമില്ലാത്ത തെരഞ്ഞെടുപ്പ് നടന്നിട്ടു അന്നേക്കു നാലു വര്‍ഷം ആയതേയുള്ളൂ. വൈദ്യുതിക്ഷാമവും, വെള്ളപ്രശ്നവും ഉള്ള, കുറ്റകൃത്യങ്ങള്‍ നിറഞ്ഞ ഹില്‍ബ്രോ പ്രദേശത്തെ ഒരു ഒറ്റമുറി വീട്ടില്‍ പങ്കു കൂടി കഴിയുകയായിരുന്നു അന്നവള്‍. രണ്ടു പെണ്‍മക്കള്‍ കിഴക്കുള്ള ഖനി നഗരമായ ന്യൂകാസിലില്‍ ഒരു അമ്മായിയോടൊപ്പവും.


തെരുവില്‍ ഒരു വണ്ടിയില്‍ ഭക്ഷണം വിറ്റാണ് അവള്‍ വരുമാനം കണ്ടെത്തിയത്. പിന്നീട് മക്ഡൊണാള്‍ഡിന്റെ ദക്ഷിണാഫ്രിക്കയിലെ സ്റ്റോര്‍ മാനേജരായി മാറിയ ഒരാള്‍ക്ക് പറ്റിയ തുടക്കം.


“ഭാവിയിലേക്ക് നിക്ഷേപിച്ച്, ശരിയായ ദിശയില്‍ നല്ല ജീവിതം തേടിപ്പിടിക്കാന്‍ എനിക്കിന്നാകുന്നുണ്ട്”, 39കാരിയായ ഷബാലാല പറയുന്നു. “ഒന്നുമല്ലാത്തിടത്തുനിന്ന്‍ എന്റെ തൊഴിലൂടെ ഇന്ന് കാണുന്ന തരത്തിലുള്ള സ്ത്രീയായി മാറാന്‍ എനിക്കായി”.by Nadine Hutto


ദക്ഷിണാഫ്രിക്കയിലെ 4.2 ദശലക്ഷം വരുന്ന (2004-ലെതിനെക്കാളും ഇരട്ടി), വളരുന്ന മധ്യവര്‍ഗത്തിലെ അംഗമാണ് ഷബാലാല. രാജ്യത്തിപ്പോള്‍ വെള്ളക്കാരെക്കാള്‍ കൂടുതല്‍ മധ്യവര്‍ഗക്കാരായ കറുത്ത വര്‍ഗക്കാരുണ്ട്. ഇവരുടെ പ്രതിവര്‍ഷ ചെലവഴിക്കലും കൂടിവരുന്നു എന്ന്‍ കേയ്പ് ടൌണ്‍ സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാടജിക് മാര്‍ക്കറ്റിംഗ് വിഭാഗം നടത്തിയ പഠനം വെളിപ്പെടുത്തുന്നു.


പുത്തന്‍ പണക്കാര്‍ ചെറുപട്ടണങ്ങളിലും, പ്രാന്തപ്രദേശങ്ങളിലും നിന്നു പണ്ട് വെള്ളക്കാര്‍ മാത്രം പാര്‍ത്തിരുന്ന നഗര ഭാഗങ്ങളിലേക്ക് ചേക്കേറുകയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ കാര്‍ വ്യാപാരികള്‍ വരെയുള്ളവരുടെ കൊയ്ത്തുകാലവും. വൂള്‍വര്‍ത്സ് ഹോള്‍ഡിങ്സ്, കാപിടെക് ബാങ്ക് ഹോള്‍ഡിങ്, മക്ഡൊണാള്‍ഡ് തുടങ്ങിയ കമ്പനികള്‍ ഷബാലാലയെ പോലുള്ളവര്‍ക്ക് മാനേജര്‍ പദവിയിലുള്ള ഉദ്യോഗങ്ങള്‍ നല്കുന്നു.


ധനമന്ത്രി പ്രവിന്‍ ഗോര്‍ധാന്‍ പറയുന്നതനുസരിച്ച് 1994-മുതല്‍ ദേശീയ പ്രതിശീര്‍ഷ വരുമാനം 40% ഉയര്‍ന്നു. വൈദ്യുതി ലഭ്യതയുള്ളവരുടെ എണ്ണം ജനസംഖ്യയുടെ 50 ശതമാനത്തില്‍നിന്നും 80 ശതമാനമായി. 3 ദശലക്ഷത്തിലേറെ പുതിയ വീടുകള്‍ നിര്‍മ്മിച്ചു. 53 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ മധ്യവര്‍ഗക്കാരെന്നു കണക്കാക്കാവുന്ന കറുത്തവര്‍ഗക്കാരുടെ എണ്ണം 2004-ലെ 1.7 ദശലക്ഷത്തില്‍നിന്നും ഉയര്‍ന്നെന്നും പഠനം കാണിക്കുന്നു.എന്‍ടോംബി ഷബാലാല by Nadine Hutto


മധ്യവര്‍ഗക്കാരായി കണക്കാക്കാന്‍ കുറഞ്ഞത് രണ്ടു മാനദണ്ഡങ്ങള്‍ക്കു കീഴില്‍ വരണം. 15,000 റാണ്ടിനും (1,460$) 50,000 റാണ്ടിനും (ദക്ഷിണാഫ്രിക്കന്‍ നാണയം) ഇടയില്‍ വരുമാനം, സ്വന്തമായി ഒരു കാര്‍, ഒരു വെള്ളക്കോളര്‍ ജോലി, സ്വന്തമായോ, അതോ പ്രതിമാസം 4,000 റാണ്ട് വാടകക്കൊ നഗരത്തിലോ ചെറുപട്ടണത്തിലോ ഒരു വീട് എന്നിവ ഈ മാനദണ്ഡങ്ങളില്‍ ചിലതാണ്.


ആഫ്രിക്കയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ജോഹന്നാസ്ബര്‍ഗിലെ സാന്‍ഡ്ടോണ്‍ സിറ്റിയില്‍ ഈ മധ്യവര്‍ഗത്തെ കാണാം. കുന്തമുനയുള്ള ചെരുപ്പകളില്‍ താളത്തില്‍ നടന്ന് വന്‍കടകളില്‍ നിന്നും സഞ്ചികള്‍ നിറച്ച് ഇറങ്ങിപ്പോകുന്നവര്‍, കുട്ടികളെ ചെറുവണ്ടികളില്‍ ഉന്തി നടക്കുന്ന യുവതികളായ അമ്മമാര്‍, ഇറ്റാലിയന്‍ ഷൂസിലിറങ്ങി, ഒട്ടിക്കിടക്കുന്ന ജീന്‍സുമായി പോകുന്ന കറുത്ത ചെറുപ്പക്കാര്‍.


“ഞങ്ങളുടെ അച്ഛനമ്മമാരെക്കാളും, പൂര്‍വ്വികരെക്കാളും ഞങ്ങള്‍ക്ക് മെച്ചപ്പെടേണ്ടതുണ്ട്,” 24-കാരിയായ സനെലെ മോടൌങ് പറഞ്ഞു. അവള്‍ സംസാരിക്കവെ അവളുടെ അനുജത്തി മ്ഫോ ഐഫോണില്‍ ഒന്നു നോക്കി, പിന്നെ പുതിയ ഒരു ജോടി ഷൂസ് വാങ്ങി.


ദക്ഷിണാഫ്രിക്കയുടെ മധ്യവര്‍ഗം വളരുകയാണെങ്കിലും 25.2 ശതമാനത്തിലെത്തിയ തൊഴിലില്ലായ്മ നിരക്ക് 30 വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും കൂടിയതാണ്. 1994-മുതല്‍ വരുമാനത്തിലെ അസന്തുലിതാവസ്ഥയും കൂടുകയാണ്. ജനസംഖ്യയുടെ 35 ശതമാനവും 51 ഡോളറില്‍ കുറഞ്ഞ തുച്ഛമായ പ്രതിമാസവരുമാനം കൊണ്ടാണ് കഴിഞ്ഞുപോകുന്നത്. അസമത്വം അളക്കാനുള്ള ഗിനി ഘടകം ( ഇതുപ്രകാരം, ഘടകം പൂജ്യം ആണെങ്കില്‍ സമൂഹം പൂര്‍ണ സമത്വമുള്ളതാണ്) ലോകബാങ്കിന്റെ കണക്കുപ്രകാരം 2009-ല്‍ 0.63 ആയി. 1993-ലിത് 0.59 ആയിരുന്നു.


ജോഹന്നാസ്ബര്‍ഗ് ആസ്ഥാനമായ ഗവേഷണ സംഘം മുനിസിപ്പല്‍ ഐ ക്യു പറയുന്നത് മോശം പാര്‍പ്പിട സൌകര്യങ്ങളുടെയും, അടിസ്ഥാനസേവനങ്ങളുടെയും പേരില്‍ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ വര്‍ഷം പട്ടണവാസികളുടെ 173 പ്രതിഷേധ പ്രകടനങ്ങളുണ്ടായി എന്നാണ്. ഇതൊരു റെക്കോഡാണ്.


“വിജയികളായ ഒരു മധ്യവര്‍ഗം കൂടുതല്‍ സ്ഥിരതയും,സാമ്പത്തിക വളര്‍ച്ചയും, കുറഞ്ഞ സാമൂഹ്യ - രാഷ്ട്രീയ അപായസാധ്യതകളുമാണ് കൊണ്ടുവരുന്നത്,” ജോഹന്നാസ്ബര്‍ഗിലെ സാമ്പത്തികവിദഗ്ദ്ധ എല്‍ന മൂല്‍മാന്‍ പറയുന്നു. “ആളുകള്‍ക്ക് ഒപ്പമെത്താന്‍ കഴിയാതെ വരുമ്പോളാണ് അസംതൃപ്തി വളരുന്നത്.”


വിപുലമായിക്കൊണ്ടിരിക്കുന്ന മധ്യവര്‍ഗം ബഹുരാഷ്ട്ര ബ്രാന്ടുകളെ ദക്ഷിണാഫ്രിക്കയിലേക്ക് ആകര്‍ഷിച്ചുകഴിഞ്ഞു. ജോഹന്നാസ്ബര്‍ഗ് ആസ്ഥാനമായ ചെറുകിട വില്പന ശൃംഖല മാസ്മാര്‍ട് ഹോല്‍ഡിങ്ഗ്സിനെ രണ്ടു വര്‍ഷം മുമ്പ് ആ രംഗത്തെ ബഹുരാഷ്ട്ര ഭീമന്‍ വാള്‍മാര്‍ട് സ്വന്തമാക്കിയിരുന്നു. ബര്‍ഗര്‍ കിംഗ് വേള്‍ഡ് വൈഡ് കമ്പനി കഴിഞ്ഞ മെയ് മാസം കെയ്പ് ടൌണില്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ വില്പന കേന്ദ്രം തുറന്നു. അവരുടെ വ്യാപാര എതിരാളി മക്ഡൊണാള്‍ഡ്1995-ലേ എത്തിയിരുന്നു.


"ഒരു സമ്പദ് വ്യവസ്ഥ വളരണമെങ്കില്‍ ശക്തമായ ഒരു മധ്യവര്‍ഗം ആവശ്യമാണ്. ദക്ഷിണാഫ്രിക്കയില്‍ അത് വളരുകയാണ്, ധനികരാണ്, പണം ചെലവാക്കാന്‍ സന്നദ്ധരുമാണ്”, കിംഗ്സ് വേള്‍ഡ് വൈഡിന്റെ ദക്ഷിണാഫ്രിക്കന്‍ തലവന്‍ ജെയ് സിങ്ക്ളൈര്‍ പറഞ്ഞു. “കയറ്റുമതിയല്ല, മധ്യവര്‍ഗമായിരിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കുക.”


രാജ്യത്തെ പ്രതിവര്‍ഷം1.9 ബില്ല്യണ്‍ വരുന്ന ഫാസ്റ്റ് ഫുഡ് വിപണിയില്‍ നോട്ടമിട്ടിരിക്കുന്ന ബര്‍ഗര്‍ കിംഗ് അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ 12 ശാഖകള്‍കൂടി തുറക്കാനാണ് ലക്ഷ്യമിടുന്നത്.by Nadine Hutto


എന്‍ടോംബി ഷബാലാലക്ക് മധ്യവര്‍ഗത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത് മക്ഡൊണാള്‍ഡാണ്. 1998-ല്‍ സ്ഥാപനത്തില്‍ച്ചേര്‍ന്ന അവള്‍ക്ക് ആദ്യം ലഭിച്ചിരുന്നത് രണ്ടാഴ്ച്ച കൂടുമ്പോള്‍ 368 റാണ്ടായിരുന്നു. അവധി ദിനങ്ങളില്‍ സൌജന്യമായി ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി അവള്‍ ജോലിക്കു വരുമായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ അവള്‍ക്ക് മൂന്നു തവണ ജോലിക്കയറ്റം കിട്ടി, ശമ്പളം പതിന്മടങ് കൂടി, പുതിയ ബാങ്ക് അക്കൌണ്ട് തുടങ്ങി, ആദ്യത്തെ കാറും സ്വന്തമാക്കി.


ജോഹന്നാസ്ബര്‍ഗിന് വടക്കുപടിഞ്ഞാറുള്ള കോസ്മോസിറ്റിയില്‍ ഷബാലാലക്ക് ഇപ്പോള്‍ സ്വന്തമായി രണ്ടു വീടുകളുണ്ട്. ഒരു രണ്ടുനിലവീട്ടില്‍ അവള്‍ താമസിക്കുന്നു, മറ്റൊന്ന് മാസം10,000 റാണ്ടിന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു.


അവളും, അദ്ധ്യാപകനായ ഭര്‍ത്താവും കൂടി പ്രതിമാസം 36,000 റാന്‍ഡ് വരുമാനം നേടുന്നു. ‘തൃപ്തിയായി’ എന്നവള്‍ക്ക് തോന്നുന്നില്ല, അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ മക്ഡൊണാള്‍ഡിന്റെ ഒരു ഫ്രാഞ്ചൈസി വാങ്ങാനാണ് ശ്രമം. രണ്ടു മക്കളും 2004-ല്‍ ജോഹന്നാസ്ബര്‍ഗിലെത്തി. 21-കാരിയായ മൂത്ത മകള്‍ ഒരു കോള്‍സെന്‍ററില്‍ ജോലി ചെയ്യുന്നു. 17-കാരിയായ രണ്ടാമത്തെ മകള്‍ പഠിക്കുന്നു.


‘എന്റെ മക്കളാണ് എന്റെ പ്രചോദനം. ഞാന്‍ വളര്‍ന്നപോലെ അവര്‍ വളരാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തില്‍ ഒരുപാട് ദാരിദ്ര്യമുണ്ടായിരുന്നു. എനിക്ക് ഈ നിലയിലെത്താമെങ്കില്‍ ആര്‍ക്കും കഴിയും,”ഷബാലാല പറഞ്ഞുനിര്‍ത്തി.


പുഞ്ചിരിയോടെ അവള്‍ എഴുന്നേറ്റു. തന്റെ കൈസഞ്ചിയെടുത്തു. അടുത്തുള്ള വ്യായാമ കേന്ദ്രത്തില്‍ തന്റെ സ്വകാര്യ പരിശീലകനെ കാണാന്‍ പോവുകയാണ് ഷബലാല.


Next Story

Related Stories