TopTop
Begin typing your search above and press return to search.

ജെ.എന്‍.യുവില്‍ നടന്നത് ജെന്റര്‍ വയലന്‍സ് തന്നെയാണ്

ജെ.എന്‍.യുവില്‍ നടന്നത്  ജെന്റര്‍ വയലന്‍സ് തന്നെയാണ്

അപര്‍ണ ഈശ്വരന്‍

കഴിഞ്ഞ ബുധനാഴ്ച കൊറിയന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആകാശ് തന്റെ കൂട്ടുകാരിയും സഹപാഠിയുമായ രോഷ്‌നിയെ ആദ്യം കത്തി കൊണ്ട് കുത്തി. പിന്നെ കോടാലി കൊണ്ട് വെട്ടി. ശേഷം പിസ്റ്റള്‍ കൊണ്ട് ആക്രമിച്ചു. അതു കഴിഞ്ഞ് സ്വയം ജീവനൊടുക്കി. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പഠിക്കുന്ന ആകാശ് ഈ ക്രൂരകൃത്യത്തിന് തെരഞ്ഞെടുത്തത് രണ്ടു ലക്ചറുകള്‍ക്കിടയിലെ ഒഴിവു നേരമാണ്. രോഷ്‌നി അക്രമിക്ക്‌പ്പെടുമ്പോള്‍ അതേ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഞാന്‍ ഹോസ്റ്റലിലെ എന്റെ മുറിയില്‍ ഒരു അസൈന്‍മെന്റ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ യൂണിവേഴ്സിറ്റിയിലെ മറ്റുള്ളവരോടൊപ്പം ആ വിവരം ഞാനും അറിഞ്ഞു. അന്ന് വൈകുന്നേരം ക്യാമ്പസിലെ ദാബകളെ വന്ന് മൂടിയ ഭീതിയും നിശബ്ദതയും ഏന്റേതു കൂടിയായി മാറി.

ഇതിന് പിന്നാലേ ആജ് തക് ചാനലില്‍ ആ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ടു. തികച്ചും മൂഢവും അസന്മാര്‍ഗികകവുമായ ആ വാര്‍ത്ത വളരെ വിചിത്രമായാണ് തോന്നിയത്. അവര്‍ ഞങ്ങളെക്കുറിച്ച് മാന്യത തീരെയില്ലാതെയായിരുന്നു സംസാരിച്ചത്. മാദ്ധ്യമങ്ങള്‍ വളരെ പെട്ടെന്നാണ് ജനാധിപത്യപരമായ ഈ കലാലയത്തിന് അത്യാസന്ന മരണമെത്തിയെന്ന് വിധിയെഴുതിയതും. ശേഷം കണ്ടത് കൂലങ്കുശമായ ആത്മപരിശോധനകളാണ്. മെസ്സുകളിലെ മേശകള്‍ക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍ അവരുടെ രോഷം പ്രകടിപ്പിക്കുന്നതോടൊപ്പം ഇത്തരമൊരു സംഭവമുണ്ടാകാന്‍ ഇട വന്നതില്‍ തങ്ങള്‍ക്കും ഒരു പരിധി വരെ പങ്കുണ്ടെന്നും അവര്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഹോസ്റ്റലുകളില്‍ മീറ്റിങുകള്‍ വിളിച്ചു ചേര്‍ത്തു. അധ്യാപകരും വിദ്യാര്‍ത്ഥികളോടു ചേര്‍ന്നു. എന്നാല്‍ ഇതിലെല്ലാം മുഴച്ചു നിന്ന ഒരു കാര്യമുണ്ട്. ഭയം. ഈ രാജ്യത്തെ ഓരോ സ്ത്രീയും തൊട്ടറിയുന്ന വികാരം. ഈ ക്രൂരകൃത്യം എന്നോട് ആദ്യമായി വിവരിച്ചു തന്ന എന്റെ സുഹൃത്ത് ശ്വാസം നിലക്കാതെ വളരെ ഭീകരമായ ഒരു പ്രസ്താവനയോടു കൂടിയാണ് പറഞ്ഞ് അവസാനിപ്പിച്ചത്: 'ആ സ്ഥാനത്ത് ഞാനുമാകാമായിരുന്നു.' തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഇത്തരം ആക്രമണോല്‍സുക ബന്ധങ്ങള്‍ക്ക് ഇരകളായവരുടെ എണ്ണം വളരെ ഞെട്ടിക്കുന്നതാണെന്നും തെളിഞ്ഞു വന്നു. ക്യാമ്പസിനകത്തെ പുരുഷന്മാര്‍ക്ക് NO എന്നത് ഒരു ഉത്തരമായിട്ടെടുക്കാന് പറ്റില്ലെന്നു തന്നെ വേണം കരുതാന്‍. ലൈംഗികമായ പീഢനങ്ങളും ചൂഷണവും പുറത്തു പറയാന്‍ പെണ്‍കുട്ടികള്‍ ഇപ്പോഴും മടിച്ചു നില്‍ക്കുന്നു. അങ്ങനെ ചെയ്താല്‍ അത് അവര്‍ക്കു ചീത്തപ്പേരായി മാറുമെന്നും അവര്‍ വിചാരിക്കുന്നു. ഇരയെ കുറ്റപ്പെടുത്തുന്നത് അല്ലെങ്കിലും ഈ ക്യാമ്പസില്‍ അന്യമല്ലല്ലോ, കൂടുതലായും ഒളിഞ്ഞും പാത്തും വൈദഗ്ദ്ധ്യത്തോടു കൂടിയുമാണ് അത് ചെയ്യുന്നതെങ്കിലും. അതു കൊണ്ടു തന്നെ വളരെ പ്രയാസത്തോടു കൂടിയാണെങ്കിലും എനിക്കിത് പറയാതിരിക്കാനാവില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മാനസിക വിഭ്രാന്തി സംഭവിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ഉദാഹരണമായും ഇതിനെ കാണാനാവില്ല. ഇത്തരത്തിലൊരു കൃത്യം നമ്മുടെ തലക്കു മുകളില്‍ ഒരു വാളെന്ന പോലെ തൂങ്ങിക്കിടക്കുകയായിരുന്നു. ഒരു സര്‍വകലാശാലയെന്ന നിലക്ക്, നമ്മള്‍ ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുന്ന പുരുഷാധിപത്യത്തിന്റെ വൃത്തികെട്ട ഗന്ധം സഹിക്കാന്‍ പാടുപെടുകയായിരുന്നു.

ഇത്രയും പറഞ്ഞത് ജെ.എന്‍.യുവിന്റെ പരിവര്‍ത്തന കഴിവുകളെ തള്ളിക്കളയാന്‍ വേണ്ടിയല്ല. എല്ലാ വര്‍ഷവും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന അസംഖ്യം വിദ്യാര്‍ത്ഥികളെ ഒരുമിച്ചു ചേര്‍ത്ത് പരസ്പരമുള്ള വ്യത്യാസങ്ങളെ മാനിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന ഒരു കലാലയമാണിത്. ഒട്ടും എളുപ്പമുള്ള ഒരു കാര്യമല്ല അതെങ്കില്‍ പോലും. എന്നിട്ടും, ഇവിടെ അത് നിലനില്‍ക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കു എന്നെത്തന്നെ കണ്ടെത്താന്‍ ഈ സര്‍വകലാശാലയില്‍ എനിക്കു ലഭിച്ച പ്രത്യേക ഇടങ്ങളും ഇവിടെ ഞാന്‍ കണ്ടു മുട്ടിയ ആളുകളും സഹായകരമായിട്ടുണ്ട്. ഇവിടെ എനിക്ക് എന്റെ ചിന്തകളെ പ്രകടിപ്പിക്കാനും എന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടത്താനും എന്റെ ഇഷ്ടങ്ങളെ തെരഞ്ഞെടുക്കാനും സാധിച്ചിട്ടുണ്ട്. പക്ഷെ, ജെ.എന്‍.യു ഒരു ഉട്ടോപ്യയാണെന്നും അതിനര്‍ത്ഥമില്ല. ഈ സ്ഥാപനത്തിനകത്തുള്ളവരും ഇതിന് പുറത്തുള്ളവരെപ്പോലെ പരിമിതികളും പോരായ്മകളും ഉള്ളവരാണ്. ഇവിടെയുള്ളവരുടെ ചെയ്തികളിലും നമ്മള്‍ പരമ്പരാഗതമായി പിന്‍പറ്റുന്ന അല്ലെങ്കില്‍ നാം സ്വയം സൃഷ്ടിച്ച, പുരുഷാധിപത്യം പ്രതിഫലിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെയൊന്നും പടിയടച്ച് മാറ്റി വച്ചിട്ടല്ല ആരും ഈ സര്‍വകലാശാലയില്‍ ചേര്‍ന്നിട്ടുള്ളത്. പക്ഷെ, അത് തിരിച്ചറിയാതെ പോകുന്നിടത്താണ് നമ്മുടെ പരാജയം സംഭവിക്കുന്നത്. അതു കൊണ്ടു തന്നെ ജൂലൈ 31 നു നടന്ന സംഭവം ഒരു തരത്തിലുള്ള ജെന്റര്‍ വയലന്‍സ് തന്നെയാണെന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. തന്റെ ഈഗോക്കു മുറിവേറ്റുവെന്ന് കരുതിയ ഒരുവന്‍ നടത്തിയ അതിക്രമം. അതിന് അവന് കാരണമായതാവട്ടെ ഒരു പെണ്‍കുട്ടി അവളുടെ ഇഷ്ടമെന്തെന്ന് സ്വയം തീരുമാനിച്ചതും. അവളുടെയും അവന്റെ തന്നെയും ജീവിതമെടുക്കാന്‍ തീരുമാനിച്ചതോടെ ഫലത്തില്‍ അവന്‍ അവളുടെ സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശത്തെയാണ് അവള്‍ക്ക് നിഷേധിച്ചത്. ആ ക്രൂരകൃത്യം അവന്‍ ആസൂത്രണം ചെയ്ത് ക്ളാസ് റൂമില്‍ വച്ച് നടപ്പാക്കിയത് അത്ര നിസാരമായ ഒന്നായി തള്ളിക്കളയാനുമാവില്ല. അങ്ങനെ ചെയ്തതിലൂടെ അവന്‍ ക്യാമ്പസിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ശക്തമായ ഒരു താക്കീത് നല്‍കാനാണ് ശ്രമിച്ചത്. 'ലഡ്‌കേ ഗലത് നഹീ ഹോതെ.' അതായത്, 'ആണ്‍കുട്ടികള്‍ക്ക് ഒരിക്കലും തെറ്റു പറ്റില്ല.'

ഈ സംഭവം നടന്നതിനു ശേഷം ചര്‍ച്ചകള്‍ ചൂടു പിടിച്ചത് പക്ഷെ മറ്റൊരു വഴിക്കാണ്. ഗ്രാമങ്ങളില്‍ നിന്നും കൊച്ചു നഗരങ്ങളില്‍ നിന്നും വരുന്ന 'അപരിഷ്‌കൃതരായ' വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് ജെ.എന്‍.യു പോലെ ഒരുപാട് അടിയൊഴുക്കുകളുള്ള ഒരു സാസ്‌കാരിക ഇടത്തില്‍ വന്നു പെടുമ്പോള്‍ അവര്‍ അതിനകം തന്നെ ഉള്ളില്‍ പേറിയിരിക്കുന്ന പുരുഷാധിപത്യത്തിന്റെ ഭാണ്ഡങ്ങള്‍ അഴിച്ചു വെക്കാന്‍ മാത്രമുള്ള സാമൂഹിക പരിശീലനം ആര്‍ജിക്കാതെ പോകുന്നുവെന്നാണ് ഇത്തരം ചര്‍ച്ചകള്‍ കണ്ടെത്തിയത്. അത് ഇത്തരം മാനസിക വിഭ്രാന്തികള്‍ക്കും അക്രമണോല്‍സുകതക്കും ഇടവരുത്തുന്നുവെന്നുമാണ് ഈ റിപ്പോര്‍ട്ടുകള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. അത്തരമൊരു വിധിയെഴുത്ത്, പക്ഷെ, ഈയൊരു സാംസ്കാരിക പരിസരത്തു നിന്നു കൊണ്ടു തന്നെ സ്വയം നവീകരിക്കാനും മറ്റുള്ളവരെ നവീകരിപ്പിക്കാനും സദാ പരിശ്രമിച്ചു കൊണ്ടിരിക്കുയും അതൊരു പോരാട്ടമായി ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള അസംഖ്യം വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികളെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്.


@Kara Walker

ഞങ്ങളുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെതന്നെ നോക്കുക. തമിഴ് നാട്ടില്‍ നിന്നും തമിഴ് ഭാഷയില്‍ പഠിച്ചു വളര്‍ന്നയാളാണ്. physically challenged-ഉം ആണ്. ലോവര്‍ മിഡ്ല്‍ ക്ളാസ് കുടുംബത്തിലാണ് ജനിച്ചത്. ജെ.എന്‍.യു വിലേക്കുള്ള പ്രവേശന പരീക്ഷ എഴുതിയത് തമിഴ് ഭാഷയില്‍. പക്ഷെ, അതൊന്നും വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി മല്‍സരിച്ചു ജയിക്കാന്‍ അദ്ദേഹത്തിനൊരു തടസ്സമായില്ല, തമിഴനായ അദ്ദേഹം ഇപ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ ഹിന്ദിയിലാണ് അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. മാത്രവുമല്ല, ഈ കാമ്പസിലെ 'സ്മാള്‍ ടൗണ്‍' വിദ്യാര്‍ത്ഥികള്‍ പരസ്പരം ആരോഗ്യപൂര്‍ണവും ബഹുമാനപൂര്‍വവുമായ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ്. ബീഹാറികള്‍ക്കു മാത്രം സെന്‍സിറ്റീവല്ലാത്ത ഒരു ജീന്‍ ഉണ്ടെന്ന് നമുക്കു കരുതുവാനൊക്കില്ല. തന്റെ ഗേള്‍ ഫ്രണ്ട് സെക്സിന് അനുവദിക്കുന്നില്ല എന്നതു കൊണ്ട് മാത്രം അവളെ 'അണ്‍ കൂള്‍' എന്ന് വിളിക്കുന്ന ഒരു 'സ്റ്റീഫാനി'യനും, തന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഒരു പെണ്‍കുട്ടുയുടെ പിറകെ നടന്ന് അവളെ ശല്യം ചെയ്യുന്ന ഒരു 'സ്മാള്‍ ടൗണ്‍' വിദ്യാര്‍ത്ഥിയും ത്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും പറയാന്‍ പറ്റില്ല. സ്ത്രീക്ക് അവള്‍ക്കെന്താണ് വേണ്ടതെന്ന് സ്വയം അറിയില്ല എന്നാണ് പുരുഷാധിപത്യത്തിന്‌റെ കാഴ്ചപ്പാട്. പ്രീണിപ്പിച്ചും തല്ലിയും ഉപദ്രവിച്ചും കൊണ്ടു മാത്രമേ അവരുടെ ആഗ്രഹങ്ങളെ അവര്‍ക്ക് തന്നെ ബോദ്ധ്യപ്പെടുത്താനാവു എന്നാണ് പൊതുവിലുള്ള വെപ്പ്. എന്നാല്‍, ഞാന്‍ അടിവരയിട്ടു തന്നെ പറയട്ടെ. ഞങ്ങള്‍ക്ക് വേണ്ടതെന്താണെന്ന് ഞങ്ങള്‍ക്ക് തന്നെ നന്നായിട്ടറിയാം. അത് ഏത് കിടപ്പറയിലേതായാല്‍ പോലും. നിങ്ങള്‍ക്ക് ഞങ്ങളോട് പ്രണയത്തെക്കുറിച്ച് വാചാലരാകാം. പക്ഷെ, ഒരിക്കല്‍ NO പറഞ്ഞാല്‍ അതിനെ ബഹുമാനിച്ച് മുന്നോട്ടു പൊയ്‌ക്കൊള്ളുക. അതാണ് അന്തസ്, അല്ലാതെ നടപ്പ് ധാരണകളല്ല.

മോഹവും ആഗ്രഹങ്ങളുമൊക്കെ അത്ര നിസാരമായ ഒരു സംഗതിയാണെന്നു ഞാന്‍ പറയില്ല. നമുക്കെല്ലാം തെറ്റു പറ്റിയിട്ടുണ്ട്. നമ്മളില്‍ ഓരോരുത്തരും ആ വഴിയില്‍ തപ്പിത്തടഞ്ഞവരാണ്. പക്ഷെ, മോഹങ്ങളെ ക്യാമ്പസില്‍ പ്രകടിപ്പിക്കുന്നതിന്റെ സങ്കീര്‍ണതകള്‍ നാം വേണ്ടത്ര ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. സ്‌നേഹം എന്ന പേരില്‍ നാം കാട്ടിക്കൂട്ടുന്നവയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന വയലന്‍സിനെക്കുറിച്ചും നാം അധികം ചിന്തിച്ചിട്ടില്ല. വിമോചനപരവും പരിവര്‍ത്തനപരവുമായ, പരസ്പര ബഹുമാനത്തിലൂന്നിയ ബന്ധങ്ങളുടെ സാദ്ധ്യതകളെയും നാം തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്വവര്‍ഗരതിക്കാരന്റെ/രിയുടെ പ്രണയം നാം ഇനിയും മനസ്സിലാക്കിയിട്ടില്ല. ഒരു ദളിത് അവന്റെ/അവളുടെ ആഗ്രഹങ്ങളുമായി മല്ലിടുന്നതും നാം കാണുന്നില്ല. സാധാരണ കരുതും പോലെ, യഥാര്‍ത്ഥ വഴിയേ പ്രണയം വരുന്നത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. നമ്മള്‍ അത് സ്വയം പഠിക്കേണ്ടിയിരിക്കുന്നു. അതില്‍ നാം ഇനിയും കൂടുതല്‍ സംവാദങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ അനുഭവങ്ങള്‍, അതെത്രത്തോളം നമുക്ക് അസൗകര്യപ്രദമാണെങ്കിലും, നാം ക്ഷമയോടെ കേള്‍ക്കേണ്ടതായുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തില്‍ നാം ഇനിയും പലതും പഠിക്കാനും പഠിച്ചത് മറക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു.

പക്ഷെ പ്രണയത്തിന്റെ മുഖം മൂടിയില്‍, ജെ.എന്‍.യു വില്‍ നടന്ന ഈ സംഭവത്തില്‍ അന്തര്‍ലീനമായ ജെന്റര്‍ വയലന്‍സ് കാണാതെ പോകുന്നത് വളരെ അപകടകരമായിരിക്കും. ശിവാനി നാഗ് കാഫിലയിലെ ഒരു ലേഖനത്തില്‍ പറഞ്ഞതു പോലെ നാം ഇസ്‌പേഡിനെ 'ഇസ്‌പേഡ്' എന്നു തന്നെ വിളിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍, വേദിയില്‍ കയറി ഒരു സോഷ്യോളജി പ്രൊഫസര്‍ ഈ സംഭവത്തില്‍ ആണ്‍കുട്ടി ആ്തമഹത്യ ചെയ്ത സ്ഥിതിക്ക് ജെന്റര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഘോരഘോരം പ്രസ്താവിക്കുമ്പോള്‍ നമുക്ക് എഴുന്നേറ്റു നിന്ന് ജെന്ററിനെക്കുറിച്ചുള്ള പഴയ പാഠങ്ങള്‍ വീണ്ടും പോയിരുന്നു പഠിക്കാന്‍ അയാളോട് വിളിച്ചു പറയാം. ആകാശിന്റെ ആത്മഹത്യാ കുറിപ്പു കാണിച്ച് പെണ്‍കുട്ടിയുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ ദൈനിക് ഭാസ്‌കര്‍ ശ്രമിക്കുമ്പോഴും നമുക്ക് മിണ്ടാതെ നോക്കിയിരിക്കാനാകില്ല. ആകാശിനെക്കൊണ്ടത് ചെയ്യിച്ചതിന് പെണ്‍കുട്ടിയാണ് കാരണക്കാരിയെന്നു പറഞ്ഞ് അപവാദക്കഥകള്‍ പ്രചരിപ്പിക്കാനും നമ്മെ വെറും കാമഭ്രാന്തികളായി ചിത്രികരിക്കാനും ഇനിയും അവരെ അനുവദിക്കുക വയ്യ. സ്വാഭാവിക പ്രണയത്തില്‍ വഴിമുടക്കിയായെത്തുന്ന 'ഓവര്‍ ജെന്റര്‍ സെന്‍സിറ്റൈസേഷ'നാണ് ഇത്തരമൊരു സംഗതിക്കു കാരണമായതെന്ന് നോട്ടീസിറക്കിയ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയോടും നമുക്കു ചോദിക്കാം, സ്വാഭാവികമെന്നതു കൊണ്ട് എന്താണവര്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെന്ന്. അവര്‍ക്കു പറയാനുള്ളത് നാം കേള്‍ക്കും. പക്ഷെ, അതിനെ നമ്മള്‍ എതിര്‍ക്കുക തന്നെ ചെയ്യും. ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ എന്താണെന്ന് നമ്മള്‍ അവരോടു പറയും, കാരണം അതെന്താണെന്ന് അവര്‍ക്ക് യാതൊരു ധാരണയും ഇല്ല എന്നുറപ്പുള്ളതു കൊണ്ട് തന്നെ.


Next Story

Related Stories