TopTop
Begin typing your search above and press return to search.

സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അന്‍വര്‍ അബ്ദുള്ള

സിനിമയിലേക്കുള്ള വഴിയേതാണ്. ഈ ചോദ്യം ചോദിക്കാത്തവരുണ്ടാകില്ല. സിനിമയില്‍ കയറാന്‍ കൊതിക്കുന്നവര്‍ മുതല്‍ വെറുതെ കൌതുകം കൊള്ളുന്ന സിനിമാപ്രേമികള്‍ വരെ ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകും. ഏറ്റവും ജനപ്രീതിയും സമ്പത്തും പ്രശസ്തിയും നടനരംഗത്ത് ഉള്ള താരങ്ങള്‍ക്കാണ് എന്നതിനാല്‍, ആ നിലയ്ക്കുള്ള വഴിയേതാണ് എന്നതാകും പ്രധാനചോദ്യം. അതിനു പല ഉത്തരങ്ങളുണ്ട്. ഏതായാലും അതു മൂലധനവുമായി ബന്ധപ്പെട്ടതല്ല. മമ്മൂട്ടി മുതല്‍ സുരേഷ് ഗോപി വരെയുളളവര്‍ക്ക്, ചിലപ്പോള്‍ നിവിന്‍ പോളി വരെയുള്ളവര്‍ക്ക് നടന്നു ചെരിപ്പു തേഞ്ഞതും ആട്ടുകേട്ടതുമായ കഥകള്‍ പറയാനുണ്ടായേക്കാം. മറ്റു ചിലര്‍ക്ക് അപ്പന്റെയോ അമ്മാവന്റെയോ തണലില്‍ സുഖമായി ലോഞ്ചിംഗ് ലഭിച്ചിട്ടുമുണ്ടാകാം. അതു വേറേ കഥ. ഇവിടെ സിനിമയുടെ സാങ്കേതികത്വത്തെയും അതുമായി ബന്ധപ്പെട്ട സര്‍ഗപ്രപഞ്ചത്തെയും (അല്ലെങ്കില്‍ വാണിജ്യവിനോദകലയെന്ന നിലയിലും) താല്പര്യത്തോടെ എടുക്കുന്നവരുടെ കാര്യം.


സത്യജിത് റായ്

സ്വതവേ, കമ്പോളസിനിമയുടെ രീതിയെന്നത് വര്‍ഷങ്ങളോളം സംവിധാനസഹായിയും സഹസംവിധായകനുമായി പരിചയിച്ചും പണിയെടുത്തും മെല്ലെ, താരത്തിന്റെ ഡേറ്റുവാങ്ങിയോ മറ്റോ സംവിധായകനായി മാറുകയെന്നതാണ്. ബ്ളെസ്സി മുതല്‍ അന്‍വര്‍ റഷീദ് വരെയുള്ളവര്‍ ഈ തലമുറയിലെ ഉദാഹരണങ്ങള്‍. അതല്ലെങ്കില്‍ ചെറിയൊരു കാലം മാത്രം സിനിമാസെറ്റില്‍ നിന്ന്, സ്വന്തമായ അനുഭവത്തിന്റെയും അറിവിന്റെയും കരുത്തില്‍ സംവിധായകരാകാം. റോഷന്‍ ആന്‍ഡ്രൂസുമുതല്‍ ലിജോ ജോസ് പല്ലിശ്ശേരി വരെയുള്ളവര്‍ ആ കൂട്ടത്തില്‍ പെടും. ഇനിയുള്ളത്, സിനിമയുമായി മുന്‍പ് നേരിട്ടു ബന്ധപ്പെടാതെ തന്നെ മറ്റു രംഗങ്ങളില്‍ നിന്നെത്തി മിടുക്കുകൊണ്ടുമാത്രം, സ്വയാര്‍ജിതജ്ഞാനത്തിന്റെ പ്രകാശനം കൊണ്ടുമാത്രം സംവിധായകരാകുന്നവര്‍. ഇവരില്‍ രഞ്ജിത്ത് ശങ്കറിനെപ്പോലുള്ള വിജയികളും വിനോദ് മങ്കരയെപ്പോലെയുള്ള പരാജിതരും ഉണ്ടാകും. ഏതായാലും സിനിമയിലേക്ക് അനേകം വഴികളുണ്ട് എന്നത് വ്യക്തം. ഏതുവഴിക്കും വേണ്ട പ്രധാനമൂലകം മൂലധനമാണ്.

സിനിമയിലേക്കുള്ള വഴിപോലെതന്നെ പ്രധാനമാണ് സിനിമയെന്ന വഴിയും. അത് ഒരു രാജരഥ്യയാണ്. ഒട്ടനേകം സമാന്തരങ്ങളായ കൊച്ചുവഴികളെ മറച്ചുകൊണ്ട് നിവര്‍ന്നുകിടക്കുന്ന സൂപ്പര്‍ എക്‌സ്പ്രസ് ഹൈവേ. അതിന്റെ ഓരങ്ങളില്‍ പകുത്തുകിടക്കപ്പെടുകയും മറഞ്ഞുപോകുകയും ചെയ്തവര്‍ അതിന്റെ പരിഗണനയില്‍ വരികയേയില്ല.


ജോണ്‍ ഏബ്രഹാം

അതെല്ലാം പോകട്ടെ. ഇന്നു സിനിമയെന്ന രാജരഥ്യയിലേക്ക് ഒരൊറ്റ വഴിയേയുള്ളൂ. മറ്റു സമാന്തരങ്ങളായ പാതകളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ബിഒടി റോഡുകളും പാലങ്ങളും പോലെ കോര്‍പറേറ്റ് നിര്‍മിതിയായി പാഞ്ഞുകിടക്കുന്ന ഈ ഭീമപാതയിലേക്ക് പ്രവേശിക്കാനും അന്തസ്സായി ചരിക്കാനും വലിയ കപ്പവും ചുങ്കവും കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം വന്‍കിട വാഹനങ്ങള്‍ ആവശ്യവുമാണ്. നിങ്ങളുടെ സൈക്കിളും മീന്‍വണ്ടിയും ഒന്നും കൊണ്ട് ഈ വഴിയിലേക്ക് കയറാതിരിക്കാനാണ് വഴിയിലേക്ക് എല്ലാ ചെറുപാതകളും നിരോധിതമാക്കിയിരിക്കുന്നത്.

ഇങ്ങനെയെല്ലാമുള്ള ഈ സുരക്ഷിതമേഖലയിലേക്ക്, ഈ വന്‍പാതയിലേക്ക്, ബുദ്ധിപൂര്‍വം വെട്ടിയൊരുക്കുന്ന ചെറിയ ഒറ്റയടിപ്പാതകളിലൂടെ ചിലര്‍ വരാറുണ്ട്. അവരാണ് എക്കാലവും പക്ഷേ, നാഴികക്കല്ലുകള്‍ നാട്ടാറുള്ളത്. ആ നാഴികക്കല്ലുകളും അവരുടെ യാത്രാവിവരണവുമാണ് വേറിട്ട വഴികള്‍ തേടുന്നവര്‍ക്ക് എക്കാലവും പ്രചോദനമാകാറുള്ളതും.

ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ അത്തരം സ്വന്തം കൊച്ചുവഴി വെട്ടിയൊരുക്കി മുന്നേറിയ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം, മഹാനായ സത്യജിത് റായ് തന്നെയായിരിക്കും. പാഥേര്‍ പാഞ്ചലി എന്നാണ് അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പേര് എന്നത് യാദൃച്ഛികമല്ലെന്നു കരുതേണ്ടിയിരിക്കുന്നു. പാതയുടെ പാട്ടെന്നാണ് അതിന്റെ അര്‍ത്ഥം. താന്‍ അവലംബിച്ച പുതിയ പാതയുടെ അടയാളമായിരിക്കണം ആ പേര്.


പി.എ ബക്കര്‍

ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചും താന്‍ ജോലി ചെയ്തതില്‍നിന്നു മിച്ചംവച്ചും സ്വരുക്കൂട്ടിയ മുടക്കുമുതല്‍ ഉപയോഗിച്ചാണ് സത്യജിത് റായ് പടമെടുക്കാനാരംഭിച്ചത്. എന്നിട്ടും പാതിവഴിയില്‍ ചിത്രീകരണത്തിനു സാമ്പത്തിക ഞെരുക്കം തടസ്സമായി. ആഴ്ച മുഴുവന്‍ കമ്പനിയില്‍ പണിയെടുത്തും ആഴ്ചയറുതികളിലെ അവധിദിനങ്ങള്‍ മാത്രം ചിത്രീകരണത്തിനുപയോഗിച്ചുമാണ് സത്യജിത് റായ് പടത്തെ മുന്നോട്ടു നയിച്ചത്. എന്നിട്ടും പണം ഇല്ലാതായപ്പോള്‍, സര്‍ക്കാരിന്റെ പാതപണിഫണ്ടില്‍നിന്ന്, അല്പം വളഞ്ഞവഴിക്കാണ് കുറച്ചുപണം സ്വരുക്കൂട്ടാന്‍ സാധിച്ചത്. പാതനിര്‍മാണത്തെക്കുറിച്ചുള്ള ബോധനചിത്രം എന്നു പറഞ്ഞാണ് ആ പണം ലഭിച്ചതുതന്നെ. ഇങ്ങനെ സിനിമാനിര്‍മാണത്തിന്റെ കമ്പോളവഴികളെ ഉപയോഗിക്കാതെയും, മൂലധനരാജാക്കന്മാരെ ആശ്രയിക്കാതെയുമാണ് റായ് സിനിമയെ സൃഷ്ടിച്ചത്.

മലയാളത്തില്‍ അനേകം ഇടങ്ങളില്‍ ഇത്തരം റിബല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലതു സത്യസന്ധമായിരിക്കും. ചിലത്, സാമ്പത്തികലാഭത്തിനുള്ള കുറുക്കുവഴികള്‍ തേടലാകും. രണ്ടായാലും അത് സിനിമയിലേക്കുള്ള പുതിയൊരു ഒറ്റയടിപ്പാതയുടെ നിര്‍മാണമായിരിക്കും.

ഏറ്റവും ആര്‍ജവമുള്ളതും സത്യസന്ധമായതുമായ ശ്രമം ജോണ്‍ ഏബ്രഹാമിന്റേതായിരുന്നു എന്നു കാണാം. അമ്മ അറിയാന്‍ എന്ന സിനിമ സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹം ജനകീയമൂലധനം എന്ന പുതിയ സങ്കല്പത്തിനും അതിന്റെ പ്രയോഗത്തിനും സാദ്ധ്യതകള്‍ തേടി. ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത പണംകൊണ്ട്, നിര്‍മാണക്കമ്പനിയോ നിര്‍മാതാവോ ഇല്ലാതെ അമ്മ അറിയാന്‍ എന്ന സിനിമയുണ്ടായി. ഒഡേസയെന്ന സാംസ്‌കാരികക്കൂട്ടായ്മയുടെ പിറവിയും കൂടിയായിരുന്നു അത്. തൊട്ടുപിന്നാലെ ഉണ്ടായ ജോണ്‍മരണം പക്ഷേ, ആ സാദ്ധ്യതകളുടെ കൂമ്പടച്ചു. ഒരുപക്ഷേ, ജോണ്‍ ജീവിച്ചിരുന്നെങ്കിലും ആ സാദ്ധ്യത തുടര്‍ന്നു സജീവമാകുമായിരുന്നോ എന്നത് ഇന്ന് ആലോചിക്കുമ്പോള്‍ സംശയാസ്പദമായി തോന്നുന്നു.

കച്ചവടസിനിമയുടെ കാര്യത്തില്‍ത്തന്നെ, മൂലധനത്തിന്റെ ആവശ്യം പരിമിതമായിരുന്നു മലയാളത്തില്‍. ആ നേര്‍മയുള്ള അവസ്ഥ, എണ്‍പതുകളുടെ അവസാനം വരെ നിലനിന്നിരുന്നു. എണ്‍പതുകളുടെ പാതിയില്‍ മലയാളസിനിമ വിനോദം, കല, വ്യവസായം എന്നീ മൂന്നുനിലകളിലും വികാസം പ്രാപിച്ചപ്പോള്‍, സിനിമയുടെ നിര്‍മാണച്ചെലവ് ആറുമുതല്‍ ഇരുപതു ലക്ഷം വരെ രൂപയും നിര്‍മാണകാലം പത്തുമുതല്‍ ഇരുപതു വരെ ദിവസങ്ങളുമായിരുന്നു. ഈ പരിമിതമൂലധനത്തിന്റെ കാലത്തുനിന്ന് സിനിമ പിടിച്ചാല്‍കിട്ടാത്തത്ര വലിയ കമ്പോളവളര്‍ച്ച നേടിയപ്പോള്‍, എല്ലാം ഉപഭോഗവല്‍ക്കരിക്കപ്പെടുകയും ഉല്പന്നവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോള്‍, കാര്യങ്ങളൊക്കെ തകിടംമറിഞ്ഞു. നിര്‍മാണച്ചെലവ് ലക്ഷങ്ങളില്‍നിന്നു കോടികളിലേക്ക് മാറി. അതോടെ, സിനിമയിലേക്കുള്ള വഴികള്‍ കൂടുതല്‍ കര്‍ക്കശമായി. ഒറ്റയടിപ്പാതകള്‍ പലതും അടഞ്ഞുതുടങ്ങി. രണ്ടുതരം ആളുകള്‍ മാത്രമാണ് വീണ്ടും സമാന്തരപാതകള്‍ തേടിയത്. ഒരുകൂട്ടര്‍ രാജരഥ്യ തുറന്നുകിടന്നാല്‍പ്പോലും അവിടേക്ക് പ്രവേശനം വേണ്ടെന്നുവച്ചവര്‍. രണ്ടാമത്തെ കൂട്ടര്‍ സമാന്തരപാതകളും ഒറ്റയടിപ്പാതകളും പ്രച്ഛന്നമാര്‍ഗങ്ങളും ഉപയോഗിച്ച്, നിരന്തരം മുഖ്യപാതയിലേക്ക് ഒരു ഇടിച്ചുകയറ്റം സാദ്ധ്യമാകുമെന്ന പരീക്ഷണം നടത്തിയവര്‍.


വി.കെ ജോസഫ്

ഒന്നാമത്തെ കൂട്ടര്‍ എക്കാലവും, എല്ലാ വിനോദകലാവ്യവസായങ്ങളിലുമെന്നപോലെ, മലയാളത്തിലുമുണ്ടായിരുന്നു. അതിന് ഉത്തമോദാഹരണമാണ് പിഎ ബക്കര്‍ എന്ന നിര്‍മാതാവ്. ഓളവും തീരവും എന്ന സിനിമ ബക്കറിന്റെ ഉത്സാഹത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. മലയാളസിനിമാകാഴ്ചയില്‍, ഭാവുകത്വപരിണാമം സൃഷ്ടിച്ച, സാങ്കേതികലാവണ്യത്തിന്റെ ഭാവഘടനാനിര്‍മാണത്തില്‍ വിപ്ളവത്തിന് ആഹ്വാനം ചെയ്ത ആ സിനിമയുടെ നിര്‍മാണവുമായ ബന്ധപ്പെട്ട അപരിചിതവഴികളും അന്വേഷണങ്ങളും സംവിധായകന്‍ പിഎന്‍ മേനോനെക്കുറിച്ച് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എഴുതിയ 'പിഎന്‍ മേനോന്‍ വിഗ്രഹഭഞ്ജകര്‍ക്ക് ഒരു പ്രതിഷ്ഠ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

ബക്കറും ജോണും ആര്‍ജവത്തോടെ നല്ല സിനിമയ്ക്കായി നിലകൊണ്ടിരുന്നവരാണ്. എന്നാല്‍, കച്ചവടസിനിമയുടെ കൂടെക്കിടക്കുകയും രാപ്പനി പിടിക്കുമ്പോള്‍ മാത്രം അകന്നുമാറി, കലാസിനിമയുടെ രാസ്‌നാദിപ്പൊടി തിരുമ്മുകയും ചെയ്യുന്ന ജയരാജിനെപ്പോലുള്ളവരും ഗത്യന്തരമില്ലായ്മകളില്‍ ഇത്തരം പുതുവഴികള്‍ക്ക് നല്ലനടപ്പു നടന്നിട്ടുള്ളവരാണ്. വിദ്യാരംഭം മുതല്‍ അറേബ്യ വരെയുള്ള സിനിമകള്‍ക്കിടയില്‍ വന്‍പ്രതിസന്ധി നേരിട്ട്, കരിയറില്‍നിന്നു തന്നെ പിന്നാക്കം മാറേണ്ടി വന്ന സാഹചര്യങ്ങളിലാണ് അദ്ദേഹം ആദ്യം കരുണമെന്ന ഒറ്റയടിപ്പാതയുമായി വരുന്നത്. തുച്ഛമായ മുടക്കുമുതല്‍ മാത്രം മുടക്കി, വഴിയോരങ്ങളിലെ മനുഷ്യരെ അണിനിരത്തി ഒരുക്കിയ ആ ചിത്രം, ടെലിവിഷന്‍ അവകാശവില്പനകൊണ്ടുതന്നെ നിര്‍മാണച്ചെലവു നേടാനാകും എന്നും അന്താരാഷ്ട്ര സിനിമാമേളകളിലോ മറ്റോ ലഭിക്കുന്ന അംഗീകാരവും സാമ്പത്തികനേട്ടവും അധികലാഭമാകുമെന്നും തെളിയിച്ച സിനിമയാണ്. ഇതേ പാത തന്നെയാണ് ഇടക്കാലത്ത്, ടി.കെ.രാജീവ് കുമാര്‍ ജലമര്‍മരം എന്ന സിനിമയിലൂടെയും സാദ്ധ്യമാക്കാന്‍ ശ്രമിച്ചത്. കരുണത്തിന് ശേഷം ശാന്തമെന്ന് അതിന്റെ പരമ്പരത്തുടര്‍ച്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ പക്ഷേ, ജയരാജിന് പിവി ഗംഗാധരനെപ്പോലൊരു വലിയ നിര്‍മാതാവിനെയും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് പോലൊരു വലിയ ബാനറിനെയും കിട്ടുന്നുണ്ട്. മറ്റൊരിക്കല്‍ ദേശാടനമെന്ന സമാന്തരധാരാചിത്രവുമായെത്തിയും ജയരാജ് വഴി വേറേയുമുണ്ട് എന്നു കാട്ടുന്നുണ്ട്. ഇതെല്ലാം പക്ഷേ, സിനിമയിലെത്തിക്കഴിഞ്ഞ ഒരാളുടെ തിരിച്ചുവരവുകള്‍ക്കായുള്ള പാതതേടലാണ്.


ജയരാജ്

അമ്പിളി എന്ന സംവിധായകന്‍ പതറിപ്പോയ ഒരു നീണ്ട കാലത്തിനു ശേഷം ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സിനിമാനിര്‍മാണച്ചെലവ് കോടികളിലേക്ക് നീങ്ങുന്ന കാലത്ത് കുട്ടുമണിപ്പൂക്കള്‍ എന്നൊരു പടവുമായി അദ്ദേഹം മുന്നോട്ടുവരാനായുന്നു. മുഖ്യധാരയുടെ മോശം വഴിയില്‍ ഗാനമേള പോലുള്ള സിനിമകളുമായി നീങ്ങാന്‍ പോലും ശ്രമിച്ചു പരാജയപ്പെട്ടശേഷമായിരുന്നു ഈ കുട്ടുമണിപ്പൂക്കള്‍ യത്‌നം. നാലരലക്ഷം രൂപയ്ക്കു തീര്‍ത്ത പടമായിരുന്നു അത്. മുഖ്യധാരാതാരങ്ങളെ വച്ചുള്ള ഉത്തരം, ബലി തുടങ്ങിയ ശ്രമങ്ങള്‍ക്കു ശേഷം പവിത്രന്‍ നടത്തുന്ന കുട്ടപ്പന്‍ സാക്ഷിയെന്ന ഉദ്യമവും സമാനമായിരുന്നു. കുറേക്കൊല്ലംമുന്‍പ് ചലച്ചിത്രനിരൂപകന്‍ കൂടിയായ വി.കെ.ജോസഫ് ഒരു സിനിമയൊരുക്കിയിരുന്നു. നരേന്ദ്രപ്രസാദ് മുഖ്യവേഷമണിഞ്ഞ ആ സിനിമയുടെ പേര് ഗലീലിയോ എന്നാണ്. അതുകാണുമ്പോള്‍ നമുക്ക് മനസ്സിലാകും, തികച്ചും മോശം നിര്‍മിതിയാണത്. പക്ഷേ, വന്‍ബജറ്റുപയോഗിച്ചുമാത്രം ചെയ്യാനാകുന്ന ഒരു പ്രമേയത്തെ പരമനിസ്സാരമായൊരു മുതല്‍മുടക്കില്‍ പരിമിതപ്പെടുത്തുകയാണ് സംവിധായകന്‍ ചെയ്തത്. അക്കാലത്ത് കലാകൗമുദി വാരികയില്‍ ആ സിനിമയെക്കുറിച്ച് റിവ്യൂ വന്നത് സിനിമയുടെ പാവപ്പെട്ട വഴി എന്ന തലക്കെട്ടിലാണ്. നാടകത്തില്‍ പുവര്‍ തിയറ്റര്‍ എന്നു വിളിക്കുന്നതുപോലെ, പുവര്‍ സിനിമ എന്നൊരു വഴിക്കുള്ള ശ്രമമായി ഗലീലിയോയെ എടുക്കണം. സിനിമാനിരൂപകരായിരുന്നിട്ട്, സിനിമാ സംവിധാനത്തിലേക്കു കടന്ന മിക്കവരുടെയും പാത ഏതാണ്ടിതിനു സമാനമാണ്. വിജയകൃഷ്ണന്‍ തുടരെ സമാന്തരശ്രമങ്ങള്‍ നടത്തുന്നു. നിധിയുടെ കഥ മുതല്‍ ഉമ്മവരെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ ഇതിനു സാക്ഷ്യമാണ്. ഇതിനിടെ മയൂരനൃത്തവും ദലമര്‍മരങ്ങളും മാത്രമാണ് തിയറ്ററുകളില്‍ കാര്യമായി എത്തിയത്. വി രാജകൃഷ്ണന്റെ ശ്രാദ്ധവും സമാനമായൊരു ശ്രമം. പരിമിതമായ പണമുപയോഗിച്ചാണ് മുരളീ നായര്‍ തന്റെ ആദ്യചിത്രമായ മരണസിംഹാസനവും ഒരുക്കിയത്.

ഇവര്‍ കലാസിനിമയുടെ ചാരേ നടക്കാന്‍ ശ്രമിച്ചവരായിരുന്നുവെങ്കില്‍, എന്നും കച്ചവടസിനിമയുടെ കുടപിടിക്കാന്‍ ശ്രമിച്ച ജോസ് തോമസ്, ജോഷി മാത്യു എന്നിവരും മുഖ്യധാരയുടെ നിരാസത്തിനുശേഷം ഇത്തരം നവമാര്‍ഗങ്ങള്‍ക്ക് ചൂട്ടുകത്തിക്കുന്നുണ്ട്. ജോസ് തോമസിന്റെ ചിരട്ടക്കളിപ്പാട്ടങ്ങളും ജോഷി മാത്യുവിന്റെ പത്താം നിലയിലെ തീവണ്ടിയുമാണ് വിവക്ഷ. ചിരട്ടക്കളിപ്പാട്ടങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതെതന്നെ മുടക്കുമുതലും ലാഭവും നേടി. തീവണ്ടിയുടെ കാര്യവും ഏറെക്കുറേ അങ്ങനെതന്നെ. എന്നാല്‍, ജോഷി മാത്യുവിന്റെ തുടര്‍ന്നുള്ള സിനിമകളായ ഉപദേശിയുടെ മകന്‍, ബ്ളാക് ഫോറസ്റ്റ് എന്നിവകള്‍ക്ക് അതു സാദ്ധ്യമായോ എന്നത് അജ്ഞാതം.

എത്രയോ ചെറുപ്പക്കാര്‍ ഇത്തരം സ്വന്തം പാതകളുമായി ഓരോ വര്‍ഷവും മലയാളസിനിമയുടെ രാജപാതയ്ക്ക് കുറുകെയും സമാന്തരമായും വരുന്നുണ്ടെന്നത് പഠിക്കേണ്ട വിഷയമാണ്. മണ്‍കോലങ്ങള്‍, ഭവം, ചിത്രസൂത്രം, കളിയച്ഛന്‍....

ഈയടുത്ത് കുറേ ചെറുപ്പക്കാര്‍ ചേര്‍ന്ന് യോഗി എന്നൊരു സിനിമയെടുത്തിരുന്നു. മലയാളസിനിമയില്‍ ന്യൂജനറേഷന്‍ കൊമ്പുവിളിക്കുന്നതിനു തൊട്ടുമുന്‍പ്, സിനിമ കലയെന്ന നിലയിലും വ്യവസായമെന്ന നിലയിലും കടുത്ത പ്രതിസന്ധി നേരിട്ട സമയത്താണ് ആ സിനിമയുണ്ടായത്. ഒരുതരം വിപ്ളവമെന്ന നിലയിലായിരുന്നു അക്കാലത്ത് അതിന്റെ സമാന്തരപ്രദര്‍ശനസാദ്ധ്യതകള്‍ ആരായപ്പെട്ടത്. എറണാകുളം മഹാരാജാസ് കോളജിന്റെ മൈതാനത്തോ മറ്റോ ഒരു പ്രദര്‍ശനം നടന്നിരുന്നു.

ഈ വര്‍ഷം പുറത്തുവരികയും സമാന്തരപ്രദര്‍ശനരീതികള്‍ തേടുകയും ചെയ്ത മഹാത്മാ അയ്യങ്കാളി മറ്റൊരുദാഹരണമാണ്. സിനിമയുടെ സാങ്കേതികലാവണ്യവും മെച്ചവും മേന്മയുമൊന്നുമല്ല അയ്യങ്കാളി പോലുള്ള സിനിമകളെ പരാമര്‍ശിക്കുമ്പോള്‍ നാം മുന്‍പോട്ടുവയ്‌ക്കേണ്ടത്. സിനിമയെന്ന അതിശക്തമായ കലയെ, പൂര്‍ണമായും കൈയടക്കിവച്ചിരിക്കുന്ന വന്‍കിട മൂലധനശക്തികളെ പ്രതിരോധിക്കുകയും പുല്ലുപോലെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് ഭിന്നമാര്‍ഗങ്ങള്‍ തേടാനുള്ള കരുത്തിനെയാണ് മാനിക്കേണ്ടത്.

പാലക്കാട്ടെ കുറേ ചെറുപ്പക്കാരുടെ ശ്രമമാണ്, അതിന്റെ വിജയമാണ് കരുമന്‍ കാശപ്പന്‍ എന്ന സിനിമയായി കലാശിക്കുന്നത്. സിനിമയ്ക്ക് പാലക്കാടന്‍ പ്രദേശങ്ങളില്‍ തിയറ്റര്‍ റിലീസുപോലും സാദ്ധ്യമാക്കിക്കൊണ്ട്, വേറിട്ട വഴികളുടെ സാദ്ധ്യത അനന്തമാണെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് സുദേവന്റെ ശ്രമങ്ങളും. തട്ടിന്‍പുറത്തപ്പന്‍, രണ്ട് എന്നിങ്ങനെയുള്ള ലഘുചിത്രങ്ങള്‍ക്കുശേഷം സ്വരൂപിക്കപ്പെട്ട പണംകൊണ്ട് ക്രൈം എന്നൊരു സിനിമ അദ്ദേഹം പൂര്‍ത്തിയാക്കി. ഇതിന്റെ പ്രിവ്യൂ തിരുവനന്തപുരമടക്കമുള്ള പ്രധാനനഗരങ്ങളിലും ഗ്രാമങ്ങളിലും നടന്നു.

ഈ വേറിട്ട വഴികളെക്കുറിച്ച് ഇപ്പോള്‍ പ്രതിപാദിക്കാന്‍ കാരണം, സിദ്ധാര്‍ത്ഥ് ശിവയുടെ നൂറ്റൊന്നു ചോദ്യങ്ങള്‍ എന്ന പുതിയ സിനിമയാണ്. സിനിമയെക്കുറിച്ചും അതു മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തെക്കുറിച്ചും തത്വശാസ്ത്രപരമായും സൗന്ദര്യബോധപരമായും വിയോജിപ്പുകള്‍ ഉണ്ടാകാം. എന്നാല്‍, സിദ്ധാര്‍ത്ഥ് ഒരു പുതിയ ഒറ്റയടിപ്പാതയ്ക്കുള്ള ശ്രമം നടത്തുകയാണ് എന്നതു കാണാതിരിക്കാനാവില്ല. അത് ഇതുവരെ പറയപ്പെട്ട ശ്രമങ്ങളില്‍നിന്നു വ്യത്യസ്തമാണെന്നതാണ് ശ്രദ്ധേയം.


സിദ്ധാര്‍ത്ഥ് ശിവ

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സന്താനമായ കവിയൂര്‍ ശിവപ്രസാദ് എന്ന സംവിധായകന്റെ മകനാണ് സിദ്ധാര്‍ത്ഥ് ശിവ. ശിവപ്രസാദ് എന്നും സ്വന്തം പ്രമേയങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ ഏറെ വിഷമിച്ചിട്ടുള്ളൊരു സംവിധായകനാണ്. കാരണം, ഒരിക്കലും നമ്മുടെ മുഖ്യധാരാപ്രേക്ഷകരോട് അദ്ദേഹത്തിന്റെ സിനിമകള്‍ ചിറ്റംകൂടി നിന്നിട്ടില്ല. സൈരന്ധ്രി, പൂരുരുവസ്സ്, വേമ്പനാട്, ഗൗരി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സിനിമകള്‍. ഭേരി പോലെയുള്ള സിനിമകള്‍ സെന്‍സര്‍ബോഡിനോട് പോരടിച്ചുതളര്‍ന്നവയാണ്. ഇതിനിടയില്‍ ഒരിക്കല്‍മാത്രമാണ് അദ്ദേഹം ഒരു തിയറ്റര്‍ പ്രേക്ഷകവൃന്ദസാദ്ധ്യത തേടിയത്. അത് ഈ സ്‌നേഹതീരത്ത് എന്ന സിനിമയുടെ കാര്യത്തിലാണ്. സാമം എന്ന പേരില്‍ പൂര്‍ത്തിയായ ആ കുഞ്ചാക്കോ ബോബന്‍, ജയപ്രദ, ഉമാമഹേശ്വരി, നെടുമുടി വേണു സിനിമ പക്ഷേ, തന്റെ പഴയ വഴിതന്നെയാണു കൂടുതല്‍ ശരിയെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയെന്ന് പിന്നീടുള്ള സിനിമകള്‍ തെളിയിക്കുന്നു.

കവിയൂര്‍ ശിവപ്രസാദിന്റെ സ്ഥലം എന്ന സിനിമ നിര്‍മാണം പൂര്‍ത്തിയായി, റിലീസ് സാദ്ധ്യമാകാതെയും വിപണിയിടങ്ങള്‍ കണ്ടെത്താനാകാതെയും എവിടെയോ ഒരു മൂലയില്‍ ഒതുങ്ങുമ്പോളാണ് മകന്‍ സിദ്ധാര്‍ത്ഥ് 101 ചോദ്യങ്ങള്‍ക്ക് ദേശീയപുരസ്‌കാരം നേടുന്നതും ചാനല്‍വിപണി കരസ്ഥമാക്കുന്നതും തിയറ്റര്‍ റിലീസുകള്‍ സാദ്ധ്യമാക്കുന്നതും. അഭിനേതാവ് എന്ന നിലയില്‍ മുഖ്യധാരാസിനിമയുടെ ഭാഗമായ സിദ്ധാര്‍ത്ഥിന് കമേഴ്‌സ്യല്‍ സിനിമയുടെ വഴി കുറേക്കൂടി എളുപ്പമാകുമായിരുന്നു എന്നിരിക്കെയാണ്, അദ്ദേഹം വേറിട്ട വഴി തേടിയത്. തോമസ് കോട്ടയ്ക്കകം എന്ന സുഹൃത്തിന്റെ പണമുപയോഗിച്ച്, വളരെ കുറഞ്ഞ നിര്‍മാണച്ചെലവില്‍ ആ സിനിമ പൂര്‍ത്തിയാക്കാനും സിദ്ധാര്‍ത്ഥിനു സാധിച്ചു.

എല്ലാവരും സിദ്ധാര്‍ത്ഥിന്റെ വഴി സ്വീകരിക്കണമെന്നോ ആ വഴി മാതൃകയാക്കണമെന്നോ പറയുകയല്ല. പക്ഷേ, 101 ചോദ്യങ്ങളുടെ സാദ്ധ്യമാകല്‍ ഒന്നുറപ്പാക്കുന്നു. സിനിമയിലേക്ക് ഇനിയും നൂറ്റൊന്ന്, അല്ല, ആയിരത്തൊന്ന് വഴികള്‍ ഉണ്ട്. അവ കാടും പടലും വെട്ടി തെളിയിക്കാന്‍ ധൈര്യമുള്ള സാഹസികരെ തീര്‍ച്ചയായും ഇന്ന് സിനിമ തേടുന്നുണ്ട്. സിനിമയിലേക്കു നയിക്കുന്ന ഈ പുതിയ ഒറ്റയടിപ്പാതകള്‍ക്കേ സിനിമയെന്ന അസമത്വത്തിന്റെ രാജവീഥിയെ അപ്രസക്തമാക്കാന്‍ സാധിക്കൂ.


Next Story

Related Stories