TopTop
Begin typing your search above and press return to search.

എം.പി അനില്‍കുമാര്‍: പൊലിഞ്ഞുതീര്‍ന്ന വെള്ളിനക്ഷത്രം

എം.പി അനില്‍കുമാര്‍: പൊലിഞ്ഞുതീര്‍ന്ന വെള്ളിനക്ഷത്രം

ക്യാപ്റ്റന്‍ രമേഷ് ബാബു

മഹാരാഷ്ട്രയിലെ ഒരുള്‍നാടം ഗ്രാമം. സാധാരണ എല്ലാ മാതാപിതാക്കളേയും പോലെ തങ്ങളുടെ മകളേയും ഒരു ഡോക്ടറോ എഞ്ചിനീയറോ ആക്കണമെന്ന് സ്വപ്നം കണ്ട ഒരച്ഛനും അമ്മയും. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകള്‍ അവളുടെ പാഠപുസ്തകം വായിക്കുന്നു. 'എയര്‍ബോണ്‍ ടോ ചെയര്‍ബോണ്‍' എന്ന പാഠത്തിന്റെ ലേഖകനും കഥാപാത്രവുമായ അനിലിനെ തേടി അവര്‍ പൂനെയില്‍ എത്തുന്നു. അരമണിക്കുര്‍ നീണ്ട സന്ദര്‍ശനത്തിനു ശേഷം അച്ഛനും അമ്മയും മകളും ഒരുമിച്ചു തീരുമാനിക്കുന്നു. അവള്‍ക്കും ഒരു പൈലറ്റാകണം.

ഇന്നവളൊരു പൈലറ്റാണ്. ഒരിക്കല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് അനില്‍ കുമാറിന്റെ മിഗ് വിമാനം പറന്ന ആകാശവീഥികളില്‍ അവള്‍ പറക്കുന്നു. അവളെ പോലെ അനേകം കുട്ടികള്‍ക്ക് പ്രചോദനമായ അനിലിന്റെ ജീവിതം തുടങ്ങുന്നത് 1973-ലാണ്. ചിറയിന്‍കീഴില്‍ നിന്ന് കഴക്കൂട്ടത്തെ സൈനിക സ്‌കൂളിലെത്തിയ പത്തുവയസുകാരന്‍ എം.പി അനില്‍കുമാര്‍. അവരെ വിശാലമായ കാമ്പസില്‍ ഏറ്റവുമധികം ആകര്‍ഷിച്ചത് അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന ലോകമഹായുദ്ധ കാലത്തെ വിമാനമാണ്. യുദ്ധവിമാനങ്ങള്‍ പറപ്പിക്കണമെന്ന ആഗ്രഹം അനിലിനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്‌സ് അക്കാദമിയിലും എത്തിച്ചു. തന്റെ ബാച്ചിലെ ഏറ്റവും നല്ല പൈലറ്റിനുള്ള പുരസ്‌കാരത്തിന്റെ ശോഭയില്‍ 1983-ല്‍ അനിലൊരു ഫൈറ്റര്‍ പൈലറ്റായി.

പിന്നീടുള്ള അഞ്ചുവര്‍ഷങ്ങള്‍ അനില്‍ എന്ന വൈമാനികന്റെ എയര്‍ബോണ്‍ കാലമായിരുന്നു. മിഗ്-29 വിമാനങ്ങളില്‍ ശബ്ദതരംഗങ്ങളെ പിന്നിലാക്കി പറന്ന ആയിരമായിരം മണിക്കുറുകള്‍. ഇന്ത്യയുടെ ആകാശവീഥികളില്‍ അങ്ങോളമിങ്ങോളം പറന്നുനടന്ന നാളുകള്‍.

1988-ല്‍ വിധിയുടെ ഒരു ക്രൂരവിനോദത്തില്‍ ആ വൈമാനികന്റെ ചിറകുകളറ്റു. ബാംഗ്ലൂരില്‍ നിന്നും പഞ്ചാബിലെ അംബാലയിലേക്ക് തന്റെ മിഗ് വിമാനത്തില്‍ പറന്നെത്തിയ അനില്‍ അവിടെ ഒരു റോഡപകടത്തില്‍പ്പെട്ടു. നട്ടെല്ലിനേറ്റ ക്ഷതത്തില്‍ കഴുത്തിനു താഴെയുള്ള ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. ഒരു പ്രതിവിധിയും നല്‍കാനാകാതെ ക്വാഡ്രാപ്ലിജിക് എന്ന മുദ്രകുത്തി വൈദ്യശാസ്ത്രം അനിലിനെ ഉപേക്ഷിച്ചു. അങ്ങനെ അനില്‍ പൂനെയിലെ പാരാപ്ലെജിക് ഹോമിലെ അന്തേവാസിയായി.

അന്നുമുതല്‍ ഒരു വീല്‍ച്ചയറിലൊതുങ്ങിയ ചെയര്‍ബോണ്‍ ജീവിതം. പക്ഷേ അനിലെന്ന പടയാളി സാധാരണ മനുഷ്യര്‍ പരാജയപ്പെട്ടു പോകുന്ന തന്റെ ശാരീരിക അവശതയോട് പടപൊരുതാന്‍ തന്നെ തീരുമാനിച്ചു. നിസഹായ ജീവിതാവസ്ഥയോടുള്ള അനിലിന്റെ നീണ്ട യുദ്ധത്തിലെ ആദ്യത്തെ അങ്കമായിരുന്നു ആ ലേഖനം. തന്റെ പല്ലുകള്‍ക്കിടയില്‍ പിടിച്ച പേനകൊണ്ട് അനില്‍ ദിവസങ്ങളെടുത്ത് എയര്‍ബോണ്‍ ടു ചെയര്‍ബോണ്‍ എഴുതി. വടിവൊത്ത അക്ഷരങ്ങളിലെഴുതിയ ജീവിതകഥ ഇന്ത്യന്‍ എക്‌സ്പ്രസ് അതേപടി പ്രസിദ്ധീകരിച്ചു. ആ ലേഖനം പിന്നീട് മഹാരാഷ്ട്രയിലെ സ്‌കൂള്‍ പുസ്തകങ്ങളിലൂടെ അനേകായിരം കുട്ടികളിലേക്കെത്തി.

കഴിഞ്ഞ 26 വര്‍ഷങ്ങളിലൂടെ അനില്‍ എന്ന പടയാളി ആയിരം അങ്കങ്ങള്‍ പൊരുതി. അവന്‍െ.റ തളര്‍ന്ന ശരീരതെത പലപ്പോഴും ആക്രമിച്ച അസുഖങ്ങള്‍. മനസിനെ തളര്‍ത്തിയ നിരാശയുടെ നീര്‍ച്ചുഴികള്‍. വാനിലുയരാന്‍ വളര്‍ത്തിയ മകന്റെ ചിറകറ്റ ശരീരത്തിനുമുമ്പില്‍ വാവിട്ടു കരഞ്ഞ് അമ്മ. തനിക്ക് തണലാകുമെന്ന് പ്രതീക്ഷിച്ച ജ്യേഷ്ഠന്റെ നിസഹായാവസ്ഥയില്‍ തേങ്ങിക്കരഞ്ഞ അനുജത്തി. അങ്ങനെ അനേകം അങ്കങ്ങളടങ്ങുന്ന ഒരു മഹായുദ്ധമായി മാറി അനിലിന്റെ ജീവിതം.

അവന്‍ ധീരമായി പൊരുതി, അവയൊക്കെ തരണം ചെയ്തു. കടിച്ചുപിടിച്ച പേനകൊണ്ട് വടിവൊത്ത അക്ഷരത്തില്‍ കത്തുകളും ലേഖനങ്ങളും പിറന്നു. പതിയെ അനില്‍ എഴുത്തില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് തിരിഞ്ഞു. വായിലമര്‍ത്തിപ്പിടിച്ച കോലുകൊണട് കമ്പ്യൂട്ടറല്‍ അനിലെഴുതിയ ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ ലോകം മുഴുവനെത്തി. അവയില്‍ ചിലത് നമ്മുടെ സുരക്ഷാ സന്നാഹങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ തീര്‍ത്തു. ചിലത് നമ്മുടെ ക്രിക്കറ്റ് വീക്ഷണങ്ങളെ തിരുത്തിക്കുറിച്ചു. ലേഖനങ്ങളെല്ലാം വ്യത്യസ്ത വിഷയങ്ങഴിലുമായിരുന്നു.

അനിലിനെ കാണാന്‍ ആയിരങ്ങളാണ് പൂനെയില്‍ എത്തിക്കൊണ്ടിരുന്നത്. സൈനിക സ്‌കൂളുകളിലേയും മറ്റു വിദ്യാലയങ്ങളിലേയും കുട്ടികള്‍ ജീവിതത്തിലെ മാര്‍ഗ നിര്‍ദേശം തേടിയാണ് അവിടെയെത്തിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ കേഡറ്റുമാര്‍ ഉപദേശങ്ങള്‍ തേടിയെത്തി. വീട്ടമ്മമാര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ അനിലെന്ന പ്രതിഭാസത്തെ തേടിയെത്തി. മാധ്യമ പ്രവര്‍ത്തകര്‍ ഇടതടവില്ലാതെ അനിലിനെ കുറിച്ചെഴുതി. പരസഹായത്തോടെ തന്റെ വീല്‍ച്ചെയറില്‍ കയറിയിരുന്ന് അനില്‍ എല്ലാവരോടും സംസാരിച്ചു. അവര്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി. ടെലിഫോണില്‍ ബന്ധപ്പെട്ടവരോട് തന്റെ സഹായി പിടിച്ചു കൊടുത്ത ഫോണില്‍ സംസാരിച്ചു. എല്ലാ കത്തുകള്‍ക്കും ഇ-മെയിലുകള്‍ക്കും വായകൊണ്ട് മറുപടിയെഴുതി. തന്റെ വീല്‍ച്ചെയറില്‍ ചെയര്‍ബോണ്‍ ആയി പൂനെയിലെ പല സ്‌കൂളുകളും ഡിഫന്‍സ് അക്കാദമിയും സന്ദര്‍ശിച്ചു. തികഞ്ഞ നിസഹായാവസ്ഥയിലും തുളുമ്പി നിന്ന അനിലിന്റെ ആര്‍ജവവും ആത്മവിശ്വാസവും അറിവുമെലലാം അവനോട് ബന്ധപ്പെട്ടരേയും സ്വാധീനിച്ചു.

നീണ്ട 26 വര്‍ഷത്തെ ചെയര്‍ബോണ്‍ ജീവിതത്തിലൊരിക്കലും അനില്‍ ഒരിക്കലും തന്റെ ശാരീരിക നിസഹായാവസ്ഥയെ കുറിച്ച് സംസാരിച്ചിട്ടില്ല. കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ ഞങ്ങള്‍ അനിലിന്റെ പതിവ് സന്ദര്‍ശകരായിരുന്നു. ഞങ്ങള്‍ക്ക് അനിലൊരു പ്രചോദനവും ജീവിക്കുന്ന ഇതിഹാസവുമായി മാറി. തന്റെ ശാരീരികാവസ്ഥയെ കുറിച്ച് പറയുന്നത് അവന്റെയുള്ളിലെ പോരാളിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെയാകാം സാധാരണ ക്വാഡ്രാപ്ലിജിക്കുകള്‍ക്കുള്ള ആയുസില്‍ വളരെക്കുടുതല്‍ അനില്‍ ജീവിച്ചതും.

കുറെ മാസങ്ങള്‍ക്ക് മുമ്പ് അനിലിനെ രക്താര്‍ബുദം (ലുക്കീമിയ) ബാധിച്ചു. തളര്‍ന്നു ശോഷിച്ച ശരീരത്തെ കീമോതെറാപ്പി വീണ്ടും തളര്‍ത്തി. പ്രതിരോധശേഷി നഷ്ടപ്പെട്ട ആന്തരികാവയങ്ങളെ വിവിധ അസുഖങ്ങള്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയതോടെ ആശുപത്രിയിലെ ഐ.സി യൂണിറ്റിലായിരുന്നു കൂടുതല്‍ സമയവും. എന്നാല്‍ തന്റെ പോരാട്ടങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച് അനില്‍ വിടവാങ്ങിയിരിക്കുന്നു - ഇന്നു രാവിലെ. അവസാന അങ്കവും അവസാനിപ്പിച്ചുള്ള ദീര്‍ഘയാത്ര. ആദരാഞ്ജലികള്‍.


Next Story

Related Stories