TopTop
Begin typing your search above and press return to search.

ആഗോള താപനം ഒരു വസ്‌തുതയാണ്‌

ആഗോള താപനം ഒരു വസ്‌തുതയാണ്‌

ഫില്‍ പ്ളേറ്റ്

കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞന്‍ മൈക്കല്‍ മാന്‍ കൊല്ലങ്ങള്‍ക്കു മുമ്പേ നടത്തിയ സ്‌ഫോടനാത്മകമായ ഒരു പഠനത്തിന്റെ ഫലമായിരുന്നു 'ഹോക്കി സ്‌റ്റിക്ക്‌ ഗ്രാഫ്‌'. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൂമിയുടെ താപനില കുത്തനെ ഉയര്‍ന്നിട്ടുണ്ട്‌ എന്ന്‌ അദ്ദേഹം ഈ ഗ്രാഫിലൂടെ തെളിയിച്ചു. ഭൂമിക്ക്‌ പനി പിടിച്ചിരിക്കുന്നു. എന്നാല്‍ ഈ പഠനം കാലാവസ്‌ഥാമാറ്റ നിഷേധകര്‍ ഉടന്‍ നിരാകരിച്ചു. ഇന്നും ഇക്കാര്യത്തെ ചൊല്ലി അവര്‍ കൈകാലിട്ടടിക്കുന്നുണ്ട്‌. പക്ഷേ ഇത്തരം തര്‍ക്കങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ ഈ പഠനത്തിന്‌ സാധിച്ചിട്ടുണ്ട്‌. കാലാവസ്‌ഥയെ കുറിച്ച്‌ സൂക്ഷ്‌മ പഠനം നടത്തുന്ന ശാസ്‌ത്രജ്‌ഞര്‍ക്കാകട്ടെ ഇക്കാര്യത്തില്‍ യാതൊരു സംശയവും പ്രകടിപ്പിക്കുന്നുമില്ല.


ഈയടുത്തു നടന്ന ഒരു പുതിയ ഗവേഷണ ഫലം കാണിക്കുന്നത്‌: കഴിഞ്ഞ നൂറു നൂറ്റാണ്ടുകള്‍ കണക്കിലെടുത്താല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന താപ വര്‍ധനവ്‌ മൂമ്പൊരിക്കലും ഉണ്ടായിരുന്നില്ല എന്നാണ്‌. ലോകത്തിലെ പല ഭാഗങ്ങളിലായുള്ള 73 സ്‌ഥലങ്ങളിലെ താപനിലയിലുള്ള അസാധാരണ വ്യതിയാനങ്ങള്‍ അവര്‍ പഠിച്ചു. അതായത്‌ ശരാശരി താപത്തില്‍ വരുന്ന മാറ്റങ്ങള്‍. ഈ 73 സ്‌ഥലങ്ങളില്‍ നിന്നു ലഭിച്ച ഫോസിലുകളുടെ രാസപദാര്‍ഥവും ഐസോടോപ്പൂം ചേര്‍ന്ന രാസ സംയോഗം പരിശോധിച്ച്‌, പ്രസ്‌തുത മൃഗമോ ചെടിയോ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അന്തരീക്ഷ താപം അളക്കാന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ സാധ്യമാണ്‌.


അവരുടെ കണ്ടെത്തലുകള്‍ ആശ്‌ചര്യജനകമായിരുന്നു. ഇപ്പോഴുള്ള താപനിലയുടെ ഉയര്‍ച്ചാ നിരക്ക്‌, ഇന്നേ വരെ ആളന്നതില്‍ വച്ച്‌ എത്രയോ അധികമാണ്‌. അതായത്‌, കഴിഞ്ഞ 11,3000 വര്‍ഷങ്ങളില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന നിരക്ക്‌. വാസ്‌തവത്തില്‍ കഴിഞ്ഞ 5000 വര്‍ഷങ്ങളായിട്ട്‌ ഭൂമി 1.3 ഡിഗ്രി ഫാരന്‍ ഹീറ്റ്‌ തണുത്തിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇതേ അനുപാതത്തില്‍ ചൂട്‌ വര്‍ധിക്കുകയായിരുന്നു.


നാം ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്‌: ഇത്‌ താപം വര്‍ധിപ്പിക്കുന്നതിന്റെ അനുപാതമാണ്‌- എത്ര വേഗത്തിലാണ്‌ ആഗോള താപം ഉയരുന്നത്‌ എന്നതിന്റെ കണക്ക്‌. പക്ഷേ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌- ഇപ്പോഴുള്ള ഭൂമിയുടെ താപം കഴിഞ്ഞ കാലങ്ങളിലെ താപത്തെ അപേക്ഷിച്ച്‌ 70 മുതല്‍ 80 ശതമാനം വരെ കൂടുതലാണ്‌ എന്ന വസ്‌തുതയാണ്‌. ആഗോള താപം കൂടുതലായിരുന്ന സമയങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിരുന്നു. പക്ഷേ നാം പ്രാധാന്യം നല്‍കേണ്ട വസ്‌തുത- ഈ താപനിരക്ക്‌ വര്‍ധനയുടെ അപകടത്തെ കുറിച്ചാണ്‌.


കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞരുടെ ഒരുവിധപ്പെട്ട എല്ലാ മുന്നറിയിപ്പുകളും വിരല്‍ ചുണ്ടുന്നത്‌ ഈ ഉയര്‍ച്ചാ തോത്‌ കുറയില്ല എന്നാണ്‌. മാത്രമല്ല നാം ഇത്‌ വരെ നടത്തിയിരുന്ന നിര്‍ണയങ്ങള്‍ തെറ്റായിരുന്നു എന്നും ഭയക്കേണ്ടിയിരിക്കുന്നു. തിങ്ക്‌ പ്രോഗ്രസ്‌്‌ പ്രസിദ്ധീകരിച്ച ആഗോള താപീകരണത്തിന്റെ ആഘാതം: നിഷ്‌ക്രിയത ഒരു മനുഷ്യ ശാപം (സചിത്ര മാര്‍ഗദര്‍ശി)) എന്ന ലേഖനത്തില്‍ ഇത്‌ നമ്മുടെ ആസന്ന ഭാവിയെ എങ്ങനെ സ്വാധീനിച്ചേക്കാം എന്നതിനെ കുറിച്ച്‌ ജോ റോം എന്ന കാലാവസ്‌ഥാ വിദഗ്‌ധന്‍ പറയുന്നുണ്ട്‌.


പ്രവചിക്കപ്പെട്ട എട്ട്‌ ഡിഗ്രി ഫാരന്‍ ഹീറ്റ്‌ വര്‍ധന ഒരു തമാശയോ അതിശയോക്‌തിയോ അല്ല. മനുഷ്യന്റെ പ്രവര്‍ത്തികള്‍ ഭൂമിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച്‌ നടത്തിയ അനേകം പഠനങ്ങളുടെ ആകെത്തുകയാണ്‌ ഈ വസ്‌തുത. നാം ഓരോ വര്‍ഷവും 30 ലക്ഷം കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്‌ അന്തരീക്ഷത്തിലേക്ക്‌ അടിച്ചു കയറ്റുന്നത്‌- അതായത്‌ ലോകത്തെ എല്ലാ അഗ്നിപര്‍വതങ്ങളും ചേരുന്നതിനേക്കാള്‍ നുറിരട്ടിയിലധികം. ഈ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ എല്ലാം കൂടി ചേര്‍ന്ന്‌ അന്തരീക്ഷത്തിലെ താപനില അവതാളത്തിലാക്കുന്നു. ഇത്‌ കാരണം ഭൂമിയിലേക്കെത്തുന്ന ചൂട്‌ ആവശ്യത്തിലധികം ഇവിടെ തന്നെ തങ്ങുന്നു. ഫലത്തില്‍ ഉഷ്‌ണം വര്‍ധിക്കുകയും ചെയ്യുന്നു.


എന്നാല്‍ പതിവു പോലെ ചില കക്ഷികള്‍ ഈ പഠനത്തെ ആക്ഷേപിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. സ്‌ഥിരം പരിപാടിയായ യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കലും തലയും വാലുമില്ലാതെ കാര്യങ്ങള്‍ പറഞ്ഞും ഇവര്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുന്നു. ഇതൊരു പുതിയ കാര്യമൊന്നുമല്ല. ഇവരുടെ വാദങ്ങള്‍ ശരിവയ്‌ക്കുന്ന പഠനങ്ങളെ മാത്രം കണക്കിലെടുത്തും വസ്‌തുനിഷ്‌ഠമായ മറ്റനേകം പഠനങ്ങള്‍ കണ്ടില്ലെന്നു നടിച്ചും തെറ്റിദ്ധാരണ ഉളവാക്കുന്നവ മാത്രം പ്രചരിപ്പിച്ചും എതിരഭിപ്രായക്കാരെ ആക്രമിച്ചും വ്യക്‌തിഹത്യ നടത്തിയും ഇവര്‍ കാര്യങ്ങള്‍ ഇവരുടെ വഴിക്ക്‌ കൊണ്ടു വരാന്‍ ശ്രമിക്കുന്നു. ശാസ്‌ത്രത്തെ നിങ്ങള്‍ക്ക്‌ തോല്‌പിക്കാനാവില്ലെങ്കില്‍ പ്രശ്‌നമില്ല, ആക്രമിച്ചു കൊണ്ടേയിരിക്കാമെല്ലോ എന്നാണ്‌ ഇവരുടെ വിചാരം.

(സ്ളേറ്റ് മാഗസിന്‍)


Next Story

Related Stories