TopTop
Begin typing your search above and press return to search.

നിങ്ങളോട് പെറ്റമ്മ പോലും ക്ഷമിക്കില്ല

നിങ്ങളോട് പെറ്റമ്മ പോലും ക്ഷമിക്കില്ല

പി.ആര്‍ വന്ദന

കേരളം സാമൂഹ്യ,ആരോഗ്യ, വിദ്യാഭ്യാസരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അറിയാത്തവരുണ്ടാവില്ല. കാലം മുന്നോട്ട് പോകുമ്പോള്‍ പക്ഷെ ആ നേട്ടങ്ങളുടെ പട്ടികയില്‍ വന്നുചേരുന്ന പുതിയ എന്‍ട്രികള്‍ എത്രത്തോളം ആനന്ദകരമാണ് എന്നതാണ് സംശയം. ഉദാഹരണത്തിന് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ സര്‍വ്വെയുടെ ഫലം. കേരളത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുവെന്നാണ് ആ സര്‍വ്വെ കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവാഹിതരില്‍ 6.8 ശതമാനവും പ്രായപൂര്‍ത്തിയാകാതെയാണെന്ന് സര്‍വ്വെ പറയുന്നു. പ്രായപൂര്‍ത്തിയാകാതെ വിവാഹിതരാകുന്നവര്‍ കൂടുതലും മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ വധുക്കളില്‍ നാലിലൊന്നും നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുന്നതിനു മുമ്പാണ് വിവാഹവേദിയിലെത്തുന്നത്. ആദിവാസികോളനികളിലാകട്ടെ പെണ്‍കുട്ടികള്‍ നടന്നുതുടങ്ങുമ്പോള്‍ തന്നെ കല്യാണം കഴിപ്പിക്കുന്ന കാലം അതിവിദൂരത്തല്ല. രണ്ടാം ക്ളാസിലും മൂന്നാം ക്ളാസിലുമൊക്കെ കുട്ടികള്‍ വിവാഹിതരാകുന്നു. പ്രായം രണ്ടക്കത്തിലെത്തുമ്പോള്‍ തന്നെ അമ്മമാരാകുന്നവരും നിരവധി. മുസ്ളീം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ചുള്ള സര്‍ക്കുലര്‍ ഉണ്ടാക്കിയ ചര്‍ച്ചകളും വാഗ്വാദങ്ങളും തീര്‍ന്നിട്ടേയുള്ളു. സര്‍ക്കുലര്‍ തിരുത്തേണ്ടിയിരുന്നില്ല എന്നും പെണ്‍കുട്ടികള്‍ ശാരീരികമായി മുതിര്‍ന്നാല്‍ തന്നെ വിവാഹിതരാകാന്‍ പ്രാപ്തരായതു കൊണ്ട് പതിനാറുവയസ്സ് വിവാഹത്തിന് എന്തുകൊണ്ടും അനുയോജ്യമായ പ്രായമാണെന്നും ചില മുതിര്‍ന്ന വൈജ്ഞാനികര്‍ പറയുകയും ചെയ്തു. സാക്ഷരകേരളത്തിന് എത്ര അഭിമാനകരം! തമിഴരേയും വടക്കേയിന്ത്യന്‍ ഗ്രാമീണരേയും പരിഹസിക്കുന്ന നമുക്ക് നേട്ടം തന്നെ.

വിവാഹപ്രായം തീരുമാനിക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ ഓരോ കാലത്തേയും സാമൂഹിക, സാസംകാരിക ചുറ്റുപാടുകളെ ആശ്രയിച്ചാണ്. പണ്ടുപണ്ടുകാലത്ത് ഇന്ത്യയില്‍ പ്രമാണിമാരും ഭരണാധികാരികളും രാജാക്കന്‍മാരും ദരിദ്രനാരായണന്‍മാരും എല്ലാവരും ചെറുപ്രായത്തില്‍ വിവാഹിതരായിട്ടുണ്ട്. കാലം വളര്‍ന്നപ്പോള്‍, ബുദ്ധിയും യുക്തിയും ചിന്തയും രൂപപ്പെട്ടപ്പോള്‍ രീതികളും മാറി. ഇപ്പോള്‍ പെണ്‍കുട്ടികളും സ്ത്രീകളും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സങ്കോചമില്ലാതെ എത്തിയപ്പോള്‍, പഠിക്കാന്‍ തുടങ്ങിയപ്പോള്‍, എന്താണ് വേണ്ടതെന്നും വേണ്ടാത്തതെന്നും കൃത്യമായി പറയാന്‍ തുടങ്ങിയപ്പോള്‍ അതാവരുന്നു, പണ്ടേക്കുപണ്ടേ വേണ്ടാന്നുവെച്ച കുറേ വിഡ്ഢിത്തങ്ങള്‍.

പല സമുദായത്തിലും യുവതികള്‍ക്ക് ഒപ്പത്തിനെങ്കിലും നില്‍ക്കുന്ന വിദ്യാഭ്യാസയോഗ്യതയും ജോലിയും ഉള്ള വിവാഹാര്‍ത്ഥികളെ കിട്ടാത്ത സ്ഥിതിയുണ്ട്. ചില അമ്പലവാസി സമുദായങ്ങളില്‍ പരമ്പരാഗത ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ ധാരാളം പേര്‍ കല്യാണം പുറംസമുദായങ്ങളില്‍ നിന്ന് കഴിച്ചിട്ടുണ്ട്. പൊതുവെ മലബാറുകാര്‍ക്കുള്ള 'തെക്കന്‍ - മധ്യകേരളം അനിഷ്ടം' മറന്ന് മുസ്ളീം സമുദായക്കാര്‍ തെക്കന്‍ജില്ലകളില്‍ നിന്ന് കല്യാണാലോചനകള്‍ നടത്തുന്നതും ഇതേ കാരണത്താല്‍ തന്നെ. ഇത്തരം സാഹചര്യങ്ങളാണോ വിചിത്രങ്ങളായ നാണംകെട്ട ആലോചനകള്‍ക്ക് വഴിയൊരുക്കുന്നത് എന്നറിയില്ല.

ജീവിതസാഹചര്യങ്ങളില്‍, വിശിഷ്യാ ഭക്ഷണരീതികളില്‍ വന്ന മാറ്റം പെണ്‍കുട്ടികള്‍ ഋതുമതിയാകുന്ന പ്രായം കുറച്ചിട്ടുണ്ട്. പ്രൈമറി ക്ളാസുകളിലെ വികൃതികള്‍ വരെ പെട്ടെന്ന് 'വലിയ' കുട്ടികളാകുന്ന സ്ഥിതി. പുറമേ വളര്‍ന്ന ശരീരവും കൗതുകങ്ങള്‍ മാറാത്ത മനസ്സുമായി നടക്കുന്ന കുട്ടികള്‍. ശാരീരികമായി ഗര്‍ഭം പേറാനുള്ള അവസ്ഥ മതിയെന്ന ഭ്രാന്തന്‍ ന്യായം പറഞ്ഞ് വിവാഹപ്രായം കുറക്കാന്‍ വാദിക്കുന്നവര്‍ ഇനിയെപ്പോഴാണ് നാലാം ക്ളാസുകാരിയേയും കെട്ടിച്ചയച്ചാല്‍ എന്താ എന്നുചോദിക്കുക എന്നറിയില്ല.

ഭാര്യയാവുക, അമ്മയാവുക എന്നതാണോ ഒരുസ്ത്രീയുടെ പരമപ്രധാനമായ കര്‍ത്തവ്യം? ആജീവാനന്ത ഉത്തരവാദിത്തം? അതവള്‍ അറിഞ്ഞ് തീരുമാനിച്ച് ചെയ്യേണ്ട ഒന്നല്ലേ? പഠിക്കാനും ഇഷ്ടമുള്ളിടത്ത് പോകാനും താത്പര്യമുള്ള ജോലി ചെയ്യാനും സ്വന്തംപേരില്‍ സമ്പാദിക്കാനുമൊക്കെ പാടില്ലെന്നുണ്ടോ? ഇനിയിപ്പോള്‍ കല്യാണം കഴിക്കാതെ ഉഷാറായി ജീവിക്കാം എന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം?

മദ്യപന്‍മാരായ കുടുംബനാഥന്‍മാര്‍ കാരണം ദുരിതമനുഭവിച്ച എത്ര കുടുംബങ്ങളിലാണ് സ്ത്രീകള്‍ പുറത്തിറങ്ങി ജോലിചെയ്യാന്‍ തുടങ്ങിയ ശേഷം മര്യാദക്ക് കഞ്ഞികുടിച്ച് കഴിയാന്‍ തുടങ്ങിയത്?

നേരത്തേ വിവാഹിതരായാല്‍ പെണ്‍കുട്ടികള്‍ വഴിതെറ്റാനുള്ള സാഹചര്യമുണ്ടാകില്ലെന്ന് ഒരു പണ്ഡിതന്‍ പറയുന്നതു കേട്ടു. അത് ഗംഭീരമായി. കല്യാണം കഴിച്ചാല്‍ പുരുഷകേസരികള്‍ക്കും വഴിതെറ്റില്ലെങ്കില്‍ എത്ര നന്നായേനേ? എത്ര പീഡനങ്ങള്‍ കുറഞ്ഞുകിട്ടുമായിരുന്നു. ഇത്തരം മുട്ടാളത്തരങ്ങളുടെ യഥാര്‍ത്ഥകാരണം ലളിതമാണ്. ആത്യന്തികമായി സ്വന്തമായി ചിന്തിക്കാനും കാര്യങ്ങള്‍ ചെയ്യാനും കഴിവുള്ള, സ്വതന്ത്രയായ സ്ത്രീയെ പുരുഷന് ഭയമാണ്. പ്രണയം കൊണ്ടും കുട്ടികള്‍എന്ന വൈകാരിക ബലഹീനത കൊണ്ടും സാമ്പത്തിക കെട്ടുപാടുകള്‍ കൊണ്ടുമുള്ള നിയന്ത്രണം മതിയാകാതെ വരുന്നോ എന്ന ശങ്കയാണ് ഇപ്പോള്‍ പഴംപുരാണങ്ങളുടെ നീരാളിപ്പിടുത്തത്തിന് ജീവിതം വിട്ടുകൊടുത്ത മൂരാച്ചികള്‍ക്കുള്ളത്. പഠിക്കാനും ചിന്തിക്കാനും പറന്നുയരാനുമുള്ള അവസരം കിട്ടും മുമ്പെ ഇരയെ കിട്ടിയാല്‍ പിന്നെ ശങ്ക വേണ്ടല്ലോ.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള നിയമങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. പക്ഷെ വലിയ കാര്യമില്ലെന്നേയുള്ളു. കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പിലും വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ അമര്‍ന്നുപോകുന്ന വിങ്ങിക്കരച്ചിലുകളിലും അത് പ്രതിഫലിക്കുന്നില്ല. കെട്ടുപാടുകള്‍ വലിച്ചെറിഞ്ഞ് പറന്നുയരാന്‍ വിദ്യാഭ്യാസത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന ഒരാത്മവിശ്വാസത്തിന്റെ തണലു വേണം. ഏതെങ്കിലും ഒരിടത്ത് സ്വയംപര്യാപ്തമായി നെഞ്ചുവിരിച്ച് നില്‍ക്കാന്‍ പ്രാപ്തയാക്കുന്ന അറിവിന്റെ വെളിച്ചം ഹൃദയത്തിലേറ്റുമുമ്പ്, ശരീരവും മനസ്സും സ്വന്തം ഇഷ്ടത്തിനനുസരിച്ച് സമ്മതംമൂളും മുമ്പ്, വിവാഹം ആയിക്കൂടാ. ഇരുട്ടുമൂടിയ മനസ്സും പഴഞ്ചന്‍ മാമൂലുകളുടെ ചങ്ങലകളുമായി നടക്കുന്ന ഏതെങ്കിലും പ്രമാണിമാര്‍ക്ക് തോന്നുംപടിയോ പുറംലോകം മറന്നുപോയതു കൊണ്ട് എന്തും നടക്കുന്ന കോളനികളിലോ എരിഞ്ഞുതീരാനുള്ളതല്ല ഒരു പെണ്ണിന്റെയും ജീവിതം, സ്വപ്നം. കല്യാണമല്ല ഒരുവളുടെ ജീവിതപൂര്‍ണ്ണത.

ഒരടിക്കുറിപ്പ് (കടപ്പാട് ഫേസ്ബുക്കിലെ പേരറിയാത്ത എന്നാല്‍ ബോധമുണ്ടെന്ന് ഉറപ്പുള്ള ഒരു സുഹൃത്തിന്)

-കല്യാണപ്രായം കുറച്ചാല്‍ പ്ളസ് ടു കോഴ്‌സുകളിലും പ്രസവാവധി അനുവദിക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടേക്കും!

-സാധ്യതയുണ്ട്. കാരണം പ്ളസ് ടു പൂര്‍ത്തിയാക്കിയില്ലെങ്കിലെന്താ എന്ന് ന്യായം ചോദിക്കാമല്ലോ!

-പെണ്‍മക്കളുടെ കണ്ണിലെ തിളക്കം കാണാതെ പോകുന്ന ഈ വിഡ്ഢികോമരങ്ങളോട് പെറ്റമ്മമാര്‍പോലും ക്ഷമിക്കില്ല, നിശ്ചയം


Next Story

Related Stories