TopTop
Begin typing your search above and press return to search.

റേ ചിത്രത്തില്‍ നിന്നും ഇറങ്ങി നടന്ന ഹേമന്ദി

റേ ചിത്രത്തില്‍ നിന്നും ഇറങ്ങി നടന്ന ഹേമന്ദി

ഹേമന്ദി ബാനര്‍ജി - സത്യജിത് റെയെ മോഹിപ്പിച്ച സുന്ദരി. റെ വച്ചു നീട്ടിയ അവസരം വേണ്ടെന്ന് വെട്ടിത്തുറന്നു പറഞ്ഞ്, ചലചിത്ര മേഖലയില്‍ സ്വന്തമായി ഇടം കണ്ടെത്തിയ പ്രശസ്ത ബംഗാളി എഴുത്തുകാരി. ഈയിടെ കേരളത്തിലെത്തിയ ഹേമന്ദിയുമായി അഴിമുഖം നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്.

ചിലര്‍ ഇങ്ങനെയാണ്. മോഹിപ്പിക്കുന്ന അവസരങ്ങള്‍ വേണ്ടെന്ന് വെയ്ക്കും. ഹേമന്ദി ബാനര്‍ജി എന്ന എഴുപതുകാരിയുടെ ജീവിതവും അത് രേഖപ്പെടുത്തി വെയ്ക്കുന്നു. ലോകോത്തര ചലച്ചിത്ര പ്രതിഭയായ സത്യജിത് റേയോടാണ് തനിക്കു വെച്ച് നീട്ടിയ അവസരം വേണ്ടെന്ന്‍ ഹേമന്ദി വെട്ടിത്തുറന്ന് പറഞ്ഞത്. അവര്‍ വേണ്ടെന്ന് പറഞ്ഞ വിമല ചൗധരി എന്ന കഥാപാത്രത്തെ പില്‍ക്കാലത്ത് അവതരിപ്പിച്ചതാകട്ടെ ശാന്തിലേഖ സെന്‍ഗുപ്തയാണ്.

എഴുപതുകളുടെ പൂര്‍വാഹ്നത്തിലായിരുന്നു സംഭവം. അന്ന് ഹേമന്ദിക്ക് കഷ്ടി 24 വയസ്. ശാന്തിനികേതനിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന സത്യജിത് റേ അവിടത്തെ നിത്യ സന്ദര്‍ശകന്‍. ഹേമന്ദിയാകട്ടെ ശാന്തിനികേതനില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎ ബിരുദം നേടിയതിനുശേഷം അവിടത്തെ സ്‌കൂളില്‍ അധ്യാപിക. വിദ്യാഭ്യാസ ചിന്തകനായ ഡോ. എച്ച് വി മുഖോപാധ്യായയുടെ മകള്‍ എന്ന നിലയില്‍ ഹേമന്ദിയെ ശാന്തിനികേതനിലെ എല്ലാവര്‍ക്കും അറിയാം. സത്യജിത് റേ ആകട്ടെ പരസ്യ രംഗത്താണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. സിനിമയാണ് അദ്ദേഹത്തിന്റെ മനസ് നിറയെ. അത് പങ്കു വെച്ചിരുന്നത് ശാന്തിനികേതനിലെ സുഹൃത്തുക്കളോടും അധ്യാപകരോടുമൊക്കെയായിരുന്നു.


സത്യജിത് റെ

റേ ആദ്യം സിനിമയ്ക്കായി തയാറാക്കിയ തിരക്കഥ ഖാരെ ബെരെ എന്ന ചിത്രത്തിന്റേതാണ്. ടാഗോറിന്റെ കഥയായിരുന്നു ആധാരം. അതിലെ വിമല ചക്രവര്‍ത്തി എന്ന കഥാപാത്രത്തിനു പറ്റിയ നടിയെ തിരഞ്ഞ് റേ ഏറെ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ആക്‌സിമകമായി ശാന്തിനികേതനില്‍ ഹേമന്ദിയെ കണ്ട റെ വിമല, ഹേമന്ദി തന്നെ എന്നുറപ്പിച്ചു. റേ തന്റെ ശാന്തിനികേതനിലെ പല സുഹൃത്തുക്കളേയും വിളിച്ച് ഇത്രനാളും താന്‍ കാണാതെ ഹേമന്ദിയെ ഒളിപ്പിച്ചുവെച്ചുവെന്ന് പറഞ്ഞു കലഹിക്കുകയുണ്ടായിയെന്നുവരെ കഥകളുണ്ട്.

എന്നാല്‍ ആരും കൊതിക്കുന്ന ആ ക്ഷണത്തെ ഹേമന്ദി സ്വീകരിച്ചില്ല. കുടുംബപരമായ ചില കാരണങ്ങള്‍. അങ്ങനെയാണ് അവര്‍ അതിനെ വിശദീകരിക്കുന്നത്. അതില്‍ പറയാതേയും പലതും അവര്‍ പറഞ്ഞുവെയ്ക്കുന്നുവെന്നതും വാസ്തവം. ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളിയിലെ സികെവി ആയുര്‍വേദ ആശുപത്രിയിലെ നടത്തളത്തിലിരുന്ന് അവര്‍ പക്ഷെ, ആ പഴയ കാലത്തെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ആസ്വാദ്യതയും ചാരുതയും വീണ്ടും അനുഭവിക്കുന്നതുപോലെ.

സത്യം പറയാമെല്ലോ, അന്ന് കുറെ വിഷമം തോന്നി. ചരിത്രത്തില്‍ ഇടം പിടിക്കാനുള്ള അവസരമാണ് റേയുടെ ക്ഷണം നിരസിക്കുകവഴി ഇല്ലാതെയായത്. അക്കാലത്ത് തനിക്കു മനസ് നിറയെ വിഷമം ഉണ്ടായിരുന്നു. പക്ഷെ വേണ്ടെന്ന് വെച്ചത് തന്റെ തന്നെ തീരുമാനം. ഇപ്പോള്‍ പക്ഷെ പിന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ തീരുമാനം ശരിയായിരുന്നു എന്നു തോന്നുന്നു- അവര്‍ പറഞ്ഞു. കാമറയ്ക്കു മുന്നിലല്ല, പിന്നിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പില്‍ക്കാലത്തെ ജീവിതം കൊണ്ടവര്‍ തെളിയിച്ചു. ദേശീയ പുരസ്‌ക്കാരം ലഭിച്ച ഒരുപിടി ഡോക്യുമെന്ററികള്‍, വിപുലമായ ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകങ്ങള്‍ - ഹേമന്ദിക്ക് അഭിമാനിക്കാന്‍ മതിയായ കാരണങ്ങള്‍ നിരവധി. ടുവേര്‍ഡ്‌സ് ജോയ് ആന്‍ഡ് ഫ്രീഡം എന്ന ടാഗോറിന്റെ ശാന്തിനികേതനെ കുറിച്ചുള്ള ഡോക്യുമെന്ററി, ബാല്‍ ഗാന്ധര്‍വ്വയെ കുറിച്ചുള്ള ഡോക്യുമെന്ററി തുടങ്ങിയവ അവര്‍ക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്തു. ഗീത ദത്ത് ദ സ്‌കൈലാര്‍ക്ക് എന്ന പുസ്തകവും റിത്വിക് ഘട്ടക് എ മോണോഗ്രാഫ് എന്ന പുസ്തകവും വളരെ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.


ഋത്വിക് ഘട്ടക്

റെ നല്‍കിയ അവസരം വേണ്ടെന്ന് വെച്ച ഹേമന്ദി പക്ഷെ ചലച്ചിത്ര രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തി. ചലച്ചിത്രം തന്റെ രക്തത്തിലുണ്ടെന്ന് അവര്‍ പറയുന്നു. അപൂര്‍വമായ രാഗം അതുമായി രൂപപ്പെട്ടിരിക്കുന്നു. മലയാള ചലച്ചിത്രങ്ങളുമായും ആഴത്തില്‍ ബന്ധമുണ്ട് ഹേമന്ദിക്ക്. അരവിന്ദനും അടൂറും ഒക്കെ അവര്‍ക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ളവര്‍. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവര്‍ ചലച്ചിത്ര ആസ്വാദനം പഠിക്കുമ്പോള്‍ മലയാളത്തിന്റെ എക്കാലത്തേയും മികച്ച നടനായ ഗോപിയും അവിടെ പഠിക്കുന്നുണ്ടായിരുന്നു.

വളരെ ഊഷ്മളമായ ബന്ധമാണ് ഗോപിയുമായിയുണ്ടായിരുന്നത്. എന്തു കാര്യത്തെ കുറിച്ചും ജീവത്തായ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്ന വ്യക്തി. ബുദ്ധിപരമായ ഇടപെലലുകളല്ല, ഊഷ്മളത നിറഞ്ഞ ബന്ധമായിരുന്നു ഗോപിയുമായി ഉണ്ടായിരുന്നത്. ഗൗരവമുള്ള ചര്‍ച്ചകളല്ല, ചിറ്റ് ചാറ്റുകളായിരുന്നു ഞങ്ങള്‍ക്കിടയില്‍ നടന്നിരുന്നത്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലുവ യു.സി കോളജില്‍ ചലച്ചിത്ര ആസ്വാദനം പഠിപ്പിക്കുന്നതിന് എത്തിയപ്പോള്‍ തന്റെ വരവറിഞ്ഞ് ഒരു ദിവസം മുന്‍പേ അവിടെയെത്തി ഗോപി. അതാണ് ആ വ്യക്തിത്വത്തിന്റെ സവിശേഷത. ഹേമന്ദി പറയുന്നു. തുറന്ന മനസോടെ ഇടപെട്ടിരുന്ന ഒരാള്‍. ഒന്നും മറച്ചുവെയ്ക്കാത്ത സ്വഭാവം.


ജോണ്‍ എബ്രഹാം

കൊടിയേറ്റം ഹേമന്ദിയുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. അതിലെ ഗോപിയുടെ കഥാപാത്രവും. എന്നാല്‍ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അടൂരിനേക്കാള്‍ അരവിന്ദനെ അവര്‍ ഇഷ്ടപ്പെടുന്നു. അരവിന്ദന്റെ ഫ്രെയിമുകള്‍ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നതായി ഹേമന്ദി പറയുന്നു. ഓരോ ഫ്രെയിമും മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തം. തികഞ്ഞ മിഴിവ്. ചിത്രത്തിന്റെ പ്രമേയത്തിനു ദാര്‍ശനിക മാനം നല്‍കാന്‍ അതിനുള്ള കരുത്ത് ഒന്നു വേറെ തന്നെ. തൊട്ടടുത്തു വരുന്നത് എന്ത് എന്ന് പ്രവചിക്കാന്‍ കഴിയാതെ പോകുന്ന തരത്തില്‍ അനന്യമാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര ഭാഷ. അത് നിരന്തരം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും - ഹേമന്ദി പറഞ്ഞു.

പല ചലച്ചിത്ര അഭിരുചി പുതുക്കല്‍ മേളകളും സംഘടിപ്പിക്കുന്നതിനുള്ള അവസരം ഹേമന്ദിക്കു കിട്ടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പോലും. പല മേളകളിലും തുടക്ക ചിത്രമായി തന്നെ അരവിന്ദന്റെ ചിത്രങ്ങള്‍ അവര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉപമകളില്ലാത്ത വണ്ണം സ്വാഭാവികതയുള്ള കലാകാരനായിരുന്നു അരവിന്ദന്‍. കുമ്മാട്ടിയുടെ കാഞ്ചന സീതയും തമ്പുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്തം.


ഗോപി

ഹേമന്ദിയുടെ മലയാള ബന്ധങ്ങള്‍ ഏറെ. തനിക്ക് ചലച്ചിത്രത്തിന്റെ അന്തസാരം പറഞ്ഞു തന്നതിലും ക്ലാസിക്കുകളുടെ ഉള്ളിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയതിലും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പി.കെ നായരുടെ പങ്ക് വളരെ വലുതാണെന്ന് ഹോമന്ദി ഓര്‍മിക്കുന്നു. അവിടത്തെ ആര്‍ക്കൈവ് ഡയറക്ടറായിരുന്ന ശശിധരന്‍, ജോണ്‍ ശങ്കര മംഗലം... അടുപ്പക്കാരുടെ പട്ടിക ഇങ്ങനെ നീളുന്നു.

മലയാളികളായ ചലച്ചിത്രകാരന്മാരില്‍ ജോണ്‍ എബ്രാഹിമിന്റെ പ്രതിഭയോട് ഹേമന്ദിക്ക് ഏറെ ആദരമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതം തന്നില്‍ ഏറെ ഖേദം നിറച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അത്രയ്ക്ക് ധൂര്‍ത്തടിച്ച് കളഞ്ഞ പ്രതിഭ. കാണുമ്പോഴൊക്കെ മദ്യത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. പലപ്പോഴും ആ കാഴ്ചകള്‍ തികഞ്ഞ അസ്വസ്ഥതയും അലോസരവും നിറച്ചിരുന്നു. കലാകാരന്മാരുടെ ജീവിതത്തിലെ അരാജകത്വം ഇത്രയ്ക്കു പോകാമോയെന്ന കാര്യത്തില്‍ തനിക്ക് രണ്ട് പക്ഷമില്ല. അരവിന്ദനെ പോലെ തന്നെ അതിശയിപ്പിച്ചിട്ടുണ്ട് ജോണ്‍ ചിത്രങ്ങളും. വിശേഷിച്ചും അമ്മ അറിയാന്‍. അതിന്റെ പ്രമേയവും കാഴ്ചകളും ഒരു യഥാര്‍ഥ കലാകാരന്റേതാണ്. അഗ്രഹാരത്തിലെ കഴുതയും ഇഷ്ടം തന്നെ. ഹേമന്ദി പറയുന്നു. താന്‍ ഏറെ പഠിച്ചിട്ടുള്ള ഋത്വിക് ഘട്ടക്, ജോണില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഘട്ടക്കിന്റെ ജീവിതത്തോടും തനിക്ക് ഇത്തരത്തിലുള്ള വിമര്‍ശങ്ങള്‍ ഉണ്ടായിരുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി.

മലയാളത്തോട് ഏറെ അടുപ്പമുണ്ട്. ഏതൊരു ബംഗാളിക്കും മലയാളിയോട് തോന്നുന്ന അടുപ്പങ്ങള്‍, രുചി ബന്ധങ്ങള്‍, രാഷ്ട്രീയ ഇടങ്ങള്‍ ഒക്കെ ഹേമന്ദിക്കുമുണ്ട്. തന്റെ വീട്ടുടമസ്ഥന്‍ പോലും ഒരു മലയാളിയാണ് - അവര്‍ പറഞ്ഞു. ഹേമന്ദിയുടെ ഭര്‍ത്താവ് ഡോ. ബാനര്‍ജിയും മലയാളികള്‍ക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ്. കേരളത്തില്‍ വൈറല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ അന്ന് ആരോഗ്യമന്ത്രിയായിരുന്ന വി.എം സുധീരന്റെ ക്ഷണപ്രകാരം ഇവിടെയെത്തി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പഠിച്ച പ്രശസ്ത വൈറോളജിസ്റ്റാണ് ഡോ. ബാനര്‍ജി. കേരളത്തിലെ വൈറല്‍ രോഗങ്ങളെ കുറിച്ച് ഏത് മലയാളി ഡോക്ടറെക്കാളും കൂടുതല്‍ ഡോ. ബാനര്‍ജിക്ക് അറിയാം.


അരവിന്ദന്‍

2005ല്‍ ഡല്‍ഹി ഫിലിം ഫെസ്റ്റിവലിനിടെ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ കുറിച്ച് കണ്ട ഡോക്യുമെന്ററി ഫിലിമാണ് കേരളത്തിലെ ആയൂര്‍വ്വേദത്തെ കുറിച്ച് അടുത്ത് അറിയുന്നതിന് അവസരം നല്‍കിയത്. ഒരിയ്ക്കല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ എത്തി ചികിത്സ നടത്തുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ നേരെ നടക്കാന്‍ പോലും കഴിയാതെ പോയ തന്റെ ഭര്‍ത്താവിന് പാണാവള്ളിയിലെത്തി നടത്തിയ ചികിത്സ ഏറെ പ്രയോജനകരമായെന്ന് ഹേമന്ദി പറയുന്നു. വില്ലുപോലെ വളഞ്ഞു നടന്നിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ നിവര്‍ന്ന് നടക്കാന്‍ കഴിയുന്നു. ഇന്ത്യയില്‍ ലഭ്യമായ എല്ലാ ആധുനിക ചികിത്സകളും പരാജയപ്പെട്ടിടത്താണ് ഈ ഫലം ഉണ്ടായത്. കേരളത്തിലെ ചികിത്സാ പാരമ്പര്യത്തിന് ഇത്തരം ഒത്തിരി നന്മകളുണ്ട്. തങ്ങളുടെ സുഹൃത്തും സാമുഹ്യ ശാസ്ത്രജ്ഞനും യുഎന്നിലെ ഉദ്യോഗസ്ഥനുമായ ഡോ. സമീര്‍ ഘോഷിലൂടെയാണ് പാണാവള്ളിയിലെ ആശുപത്രിയെ കുറിച്ച് അറിഞ്ഞത്. സമീര്‍ ഏറെ വര്‍ഷങ്ങളായി ഇവിടത്തെ ചികിത്സയിലാണ്.

21 ദിവസത്തെ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന ദിവസം വല്ലാത്ത തിരക്കുകള്‍ക്ക് നടുവിലാണ് ഡോ. ഹേമന്ദി അഭിമുഖത്തിന് സമയം തന്നത്. 45 മിനിട്ടിനുള്ളില്‍ എല്ലാം പറഞ്ഞ് അവസാനിപ്പിക്കണമെന്ന നിബന്ധനയോടെ. എന്നാല്‍ അത് ഒന്നര മണിക്കൂറിലെത്തിയിട്ടും അവര്‍ക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പറഞ്ഞു കൊണ്ടിരുന്നു.

പ്രിഥ്വിരാജിനെ നായകനാക്കി സിനിമ

മൂന്നു ഫീച്ചര്‍ ഫിലിമുകളുടെ തിരക്കഥ അവരുടെ പക്കലുണ്ട്. പക്ഷെ പണമില്ലാത്ത സംവിധായികയെ ആര്‍ക്കു വേണം - ഹേമന്ദി ചോദിക്കുന്നു. ടാഗോറിന്റെ ഒരു ചെറുകഥയെ ആസ്പദമാക്കി തയാറാക്കിയ തിരക്കഥയിലെ നായകനെ ഹേമന്ദി മനസ്സില്‍ കണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയനടന്‍ പ്രിഥ്വിരാജിനെയാണ്. എന്നാല്‍ പ്രിഥ്വിരാജിനോട് ഇക്കാര്യം പറഞ്ഞിട്ടില്ല. അദ്ദേഹത്തെ അറിയുകയുമില്ല. പ്രിഥ്വിരാജിന്റെ അഭിനയത്തോട് ആരാധനയോടടുത്ത ഭാവത്തോടെ ഹേമന്ദി വാചാലയായി. അത്രമേല്‍ ആര്‍ട്ടിക്കുലേറ്റായ കണ്ണുകള്‍ താന്‍ വളരെ അപൂര്‍വമായിട്ടേ കണ്ടിട്ടുള്ളുവെന്നും ഹേമന്ദി പറയുന്നു.

മൂന്നോളം തിരക്കഥകള്‍ തന്റെ പക്കല്‍ നാളുകളായി തയാറാണെങ്കിലും ആദ്യം ചെയ്യുന്ന ചിത്രം ടാഗോറിന്റെ, പേരു വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ചിത്രത്തെ ആധാരമാക്കിയിട്ടുള്ളതാണ്. അക്കാര്യങ്ങള്‍ ഗോപ്യമായി വെക്കാന്‍ ഇഷ്ടപ്പെടുന്നു. പ്രഥ്വിരാജിനോട് സംസാരിച്ചിട്ടുണ്ടെയെന്ന് ആരാഞ്ഞപ്പോള്‍ പണമില്ലാത്ത സംവിധായിക എന്താണ് സംസാരിക്കുക എന്ന മറു ചോദ്യത്തില്‍ അവര്‍ എന്നെ കുടുക്കി. പ്രിഥ്വിരാജ് തന്നെ മലയാളത്തില്‍ സിനിമകള്‍ നിര്‍മിച്ചുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ മനസിലുള്ള ചിത്രം അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങാനിടയില്ലെന്ന ആശങ്കയായി അവര്‍ക്ക്.


പൃഥ്വിരാജ്

അതൊരു പീരിയഡ് സിനിമയാണ്. 1900-ത്തിന്റെ തുടക്കകാലമാണ് പ്രമേയം. അത് പുനസൃഷ്ടിക്കണം. ഏറെ പണച്ചെലവ് വേണ്ടി വരും. മനീഷ കൊയ്‌രാളയെ നായികയാക്കണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് പിന്നെ മാറ്റി. റാണി മുഖര്‍ജിയേയും പ്രിഥ്വിരാജിനേയും വെച്ച് അത് ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം.

അയ്യയും അന്‍വറും ഒക്കെ പ്രിഥിരാജിനെ തന്നിലേക്ക് അടുപ്പിക്കുന്നതിന് ഇടയാക്കിയെന്ന് അവര്‍ പറയുന്നു. സികെവി ആശുപത്രിയില്‍ കഴിയുന്ന കാലത്ത് സെല്ലുലോയ്ഡ് വിവാദം ശ്രദ്ധിച്ചിരുന്നു. വിവാദത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല. അതേക്കുറിച്ച് കാര്യമായ താത്പര്യമൊന്നുമില്ല. എന്നാല്‍ ചലച്ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ ടെലിവിഷനില്‍ കണ്ടു. മികച്ച അഭിനയമാണ് പ്രിഥ്വിരാജ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം പൂര്‍ണമായും കാണമെന്നുണ്ട്.

ഹേമന്ദിയും സ്‌പോണ്‍ലേറ്റീസിനും വാതരോഗത്തിനും ചികിത്സയ്ക്കു വിധേയയായി. അസുഖത്തിന് ഏറെ ഭേദമുണ്ട്. തുടര്‍ ചികിത്സയ്ക്കായി എന്തായാലും താന്‍ വീണ്ടും വരും. അവര്‍ പറഞ്ഞു നിര്‍ത്തി - താന്‍ പറഞ്ഞു തുടങ്ങിയിട്ടേയുള്ളുവെന്ന ഭാവത്തോടെ.


Next Story

Related Stories