TopTop
Begin typing your search above and press return to search.

എയ്ഞ്ചലാ മെര്‍ക്കല്‍ അതിജീവിക്കുമോ?

എയ്ഞ്ചലാ മെര്‍ക്കല്‍ അതിജീവിക്കുമോ?
ടോണി സുസ്കാ, ആര്‍ണി ഡെഫ്സ്
(ബ്ളൂംബര്‍ഗ് ന്യൂസ്)ജര്‍മ്മനിയിലെ ആദ്യത്തെ വനിതാ ചാന്‍സലറും മുന്‍കമ്യൂണിസ്റ്റ് പ്രദേശമായ കിഴക്കന്‍ ജര്‍മ്മനിയില്‍നിന്നുള്ള ആദ്യത്തെ ചാന്‍സലറുമായ എയ്ഞ്ചലാ മെര്‍ക്കെല്‍ മുമ്പത്തെ രണ്ടു വിജയങ്ങളിലേക്കാള്‍ വമ്പിച്ച ജനസമ്മതിയോടെയാണ് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ഹെല്‍മുട്ട് ഷ്മിറ്റിന്റെ 1980-ലെ പുനര്‍തിരഞ്ഞെടുപ്പ് വിജയത്തെ പിന്തള്ളിയാണ് അവരുടെ വരവ്. പുനരേകീകരണ തരംഗത്തില്‍ ഹെല്‍മുട്ട് കോളിനുവരെ നേടാനാവാതിരുന്ന വിജയം.


'വിശ്വസ്തതയും സ്ഥിരതയും കെട്ടുറപ്പും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു.' വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ് അത്‌ലാന്റിക് സ്റ്റഡീസ് തലവനായ ഡാനിയേല്‍ ഹാമില്‍ട്ടണ്‍ പറയുന്നു. മെര്‍ക്കെലിനെ പലതവണ കണ്ടുമുട്ടിയിട്ടുണ്ട് ഇദ്ദേഹം. 'മിക്ക യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളും ജര്‍മ്മനിയുടെതിനെക്കാള്‍ തകരാറിലാണ്. ഈ അവസരത്തില്‍ ജര്‍മ്മന്‍ ജനതയില്‍ പ്രത്യാശ ഉണര്‍ത്തുകയും 'പരീക്ഷണങ്ങള്‍ക്കി'ല്ലെന്ന്‍ അവരെ അറിയിക്കുകയുമാണ് അവര്‍'.


ദുര്‍ബ്ബലരായ യൂറോസോണ്‍ രാഷ്ട്രങ്ങളെ സ്വപ്രഖ്യാപിതമായ 'പടിപടി' നീക്കങ്ങളിലൂടെ കടബാദ്ധ്യതയില്‍ സഹായിക്കുക എന്ന രീതി സഖ്യരാഷ്ട്രങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. അതിനുപകരം ഒരു ജര്‍മ്മന്‍ പൗരാവലിയെ അനുനയിപ്പിക്കുന്നതിലുള്ള വിജയമാണ് മെര്‍ക്കെലിന്റെ ജനവിധി കാണിക്കുന്നത്. ഔദ്യോഗികഫലങ്ങള്‍ പ്രകാരം മെര്‍ക്കെലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ (CDU) 41.5 ശതമാനം വോട്ടുകള്‍ നേടി. 23 വര്‍ഷത്തിനിടെ പാര്‍ട്ടി ബ്ലോക്കിന്റെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തം.


കടക്കെണിയുടെ കാര്യത്തില്‍ കര്‍ക്കശമായ സമീപനം കൈക്കൊള്ളുകയും സാമ്പത്തികനേട്ടങ്ങളില്‍ പ്രശംസിക്കപ്പെടുകയും ചെയ്ത മെര്‍ക്കെലിന്റെ നേതൃത്വത്തില്‍ ജര്‍മ്മന്‍കാര്‍ വിശ്വാസമര്‍പ്പിക്കുന്നു എന്ന്‍ ഈ വോട്ടുകള്‍ തെളിയിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ മേല്‍നോട്ടത്തില്‍ തൊഴിലില്ലായ്മ രണ്ടുപതിറ്റാണ്ടുകണ്ട് കുറഞ്ഞതും സന്തുലിതമായ വരവുചെലവിലുള്ള പുരോഗതിയും ജര്‍മ്മനിയുടെ കയറ്റുമതിപ്രധാനമായ സമ്പദ്വ്യവസ്ഥയില്‍ യൂറോയ്ക്കുള്ള മെച്ചങ്ങളുമായിരുന്നു മെര്‍ക്കെലിന്റെ ആയുധം.

പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടസ്റ്റാഗില്‍ ഭൂരിപക്ഷമില്ലെന്നതിനാല്‍ മെര്‍ക്കെലിന് ഭരിക്കാന്‍ കൂട്ടുകക്ഷിയെ ആവശ്യമാണ്. മൂന്നാംഘട്ട കൂട്ടുകക്ഷിഭരണത്തിലെത്തുമ്പോള്‍ ബ്രിട്ടനിലെ മാര്‍ഗരെറ്റ് താച്ചറിന്റെ 11 വര്‍ഷത്തെ ഭരണത്തെയും ടോണി ബ്ലെയറിന്റെ 10 വര്‍ഷത്തെ ഭരണത്തെയും കടത്തിവെട്ടുകയാണ് അവര്‍. 16 വര്‍ഷം ഭരിച്ച കോള്‍ ആണ് രണ്ടാംലോകയുദ്ധാനന്തരം ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന ജര്‍മ്മന്‍ നേതാവ്.


താച്ചറിനും ബ്ലെയറിനും തങ്ങളുടെ മൂന്നാംഘട്ടഭരണം പൂര്‍ത്തിയാക്കാനായില്ല. കോളിനുപോലും ആദ്യം പിന്തുണ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമതൊരു രാഷ്ട്രീയജീവിതം അദ്ദേഹത്തിന് നല്‍കുന്നത് ജര്‍മന്‍ പുനരേകീകരണമാണ്.


'മൂന്നാമൂഴം മെര്‍ക്കെലിന് ദുഷ്‌കരമായിരിക്കും.' കൊബ്ലെന്‍സ്‌ലന്‍ഡോ സര്‍വ്വകലാശാലയിലെ രാഷ്ട്രമീമാംസകനായ ഉല്‍റിഷ് സര്‍സിനെല്ലി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. 'ആരായിരിക്കും അവരുടെ പിന്തുടര്‍ച്ച, അവരുടെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ഒരു പാര്‍ട്ടി എന്ന നിലയില്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. മതിപ്പ് താഴുന്നതോടെ സ്വന്തം പാര്‍ട്ടിയുടെതന്നെ സമ്മര്‍ദ്ദത്തിലാകും അവര്‍.'


'വ്യക്തിപരമായി, വോട്ടര്‍മാരുടെ അടുത്ത് മെര്‍ക്കെലിന്റെ കരുത്ത് ഒട്ടും നാട്യമില്ലാത്ത ശൈലിയാണ്. അവര്‍ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുകയാണ്; അവയുടെ അടിത്തട്ട് കണ്ടെത്തുകയല്ല.' തുരിന്‍ജിയ സംസ്ഥാനത്തിന്റെ ഭരണാധികാരിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി വക്താവ് ക്രിസ്റ്റിനെ ലീബെര്‍ക്‌നെഷ്റ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'അവര്‍ ആളുകളുടെ മുഖത്ത് നോക്കി സംസാരിക്കും. അത് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയുമാണ്.


ഒരു ലുഥറന്‍ പാസ്റ്റരുടെ മകളായ മെര്‍ക്കെല്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നു. പൂര്‍വ്വജര്‍മ്മനി 1989 നവംബര്‍ 9നു തങ്ങളുടെ അതിര്‍ത്തി പശ്ചിമജര്‍മ്മനിയിലേക്ക് തുറന്നപ്പോള്‍ അവര്‍ ഒരു സര്‍ക്കാര്‍ ഫിസിക്സ് ലാബില്‍ ഗവേഷകയായിരുന്നു. വൈകാതെ ഒരു ജനായാത്ത പ്രവര്‍ത്തകസംഘത്തിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ സജ്ജീകരിക്കുന്നത്തില്‍ സഹായത്തിനുനിന്നു. മാസങ്ങള്‍ക്കകം അവര്‍ പൂര്‍വ്വജര്‍മ്മനിയുടെ ആദ്യത്തെയും അവസാനത്തെയും തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സര്‍ക്കാരിന്റെ ഉപപ്രതിനിധിയായി. അവിടെവെച്ചാണ് അവര്‍ CDU വക്താക്കളുമായി ബന്ധപ്പെടുന്നത്. പൂര്‍വ്വ-പശ്ചിമ ജര്‍മ്മനികള്‍ ലയിക്കുകയും കോള്‍ ഏകീകൃത ജര്‍മ്മനിയുടെ പ്രഥമതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം അവര്‍ക്ക് കാബിനെറ്റില്‍ ഇടം നല്‍കി.
രാഷ്ട്രീയപശ്ചാത്തലങ്ങള്‍ ഇല്ലാതിരുന്ന മെര്‍ക്കെല്‍ പശ്ചിമജര്‍മ്മനിക്കാരായ പുരുഷന്മാര്‍ പ്രബലമായിരുന്ന പാര്‍ട്ടിയില്‍ ഒരു പശ്ചിമജര്‍മ്മനിക്കാരിയായി മുന്നോട്ടുപോകാനുള്ള ആഗ്രഹത്തില്‍ ഉറച്ചുനിന്നു. 2000ല്‍ പാര്‍ട്ടി ഒത്താശയോടെ നടന്ന ഒരു അപകീര്‍ത്തി മുന്‍നിര്‍ത്തി ധീരമായി തന്നെ അവര്‍ കോളുമായി തെറ്റിപ്പിരിഞ്ഞു. ഏപ്രിലില്‍ താച്ചര്‍ മരണപ്പെട്ടപ്പോള്‍ മെര്‍ക്കെല്‍ അവരെ മുന്‍ സോവിയറ്റ് ബ്ലോക്കിന്റെ സ്വാതന്ത്ര്യവക്താവെന്നും തിരഞ്ഞെടുക്കപ്പെട്ട പദവിയില്‍ സധീരം പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്ക് ഉദാഹരണമെന്നും പുകഴ്ത്തുകയുണ്ടായി.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും വ്യക്തിപരമായ ചിന്തകള്‍ക്ക് മെര്‍ക്കെല്‍ അവധികൊടുത്തില്ല. വനിതാമാസികയായ ബ്രിഗിറ്റെ മേയ് മാസത്തില്‍ നടത്തിയ ഒരു പരിപാടിയില്‍ അവര്‍ സ്റ്റവ്വില്‍ ചായ ഇളക്കിക്കൊണ്ടുനില്‍ക്കെ നടുനിവര്‍ത്തുന്നതിനെക്കുറിച്ചും നല്ല കണ്ണുകള്‍ പുരുഷന് ആകര്‍ഷണമാകുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.


എന്തായാലും ജര്‍മ്മനിയെക്കുറിച്ചും യൂറോപ്പിനെക്കുറിച്ചും കോളിനുണ്ടായിരുന്നപോലൊരു വീക്ഷണത്തിന്റെ അഭാവമുണ്ട് മെര്‍ക്കെലില്‍. താന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ജര്‍മ്മനിയുടെ രാഷ്ട്രീയാധികാരങ്ങള്‍ വീണ്ടെടുക്കും എന്ന് പ്രസ്താവിച്ചിരുന്നെങ്കിലും അവര്‍ അതിനായി ഒരു രൂപരേഖയൊന്നും ഉണ്ടാക്കിയിട്ടില്ല. ആദ്യഭരണത്തില്‍ മെര്‍ക്കെലിന്റെ ധനകാര്യമന്ത്രിയായിരുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എതിരാളി പിയര്‍ സ്‌റ്റൈന്‍ബ്രൂക്ക് വിമര്‍ശിച്ച ഒരു കാര്യമാണ് ഇത്.


മെര്‍ക്കെല്‍ രാഷ്ട്രീയമൂലധനം ചെലവാക്കാന്‍ വിസമ്മതിക്കുക മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. 'കാര്യങ്ങള്‍ നോക്കിക്കാണുകയല്ലാതെ എപ്പോഴെങ്കിലും 'ഞാന്‍ എന്റെ അധികാരം ഇക്കാര്യത്തില്‍ ഉപയോഗിക്കാന്‍ പോകുന്നു' എന്ന് മെര്‍ക്കെല്‍ പറയുകയുണ്ടായിട്ടുണ്ടോ?' സ്‌റ്റൈന്‍ബ്രൂക്ക് ചോദിക്കുന്നു.

ഇക്കാര്യങ്ങള്‍ മെര്‍ക്കെലിന്റെ മൂന്നാമൂഴത്തില്‍ വിഷയമാകും.


2011ലെ ഫുക്കുഷിമ ആണവദുരന്തത്തിനുശേഷമുണ്ടായ ഊര്‍ജ്ജരൂപരേഖ മെര്‍ക്കെലിനെ നയവ്യതിയാനത്തിനും ആണവോര്‍ജ്ജവിമുക്ത ജര്‍മ്മനിക്കു വേണ്ടിനില്‍ക്കാനും പ്രേരിപ്പിച്ചു. ഇതാണ് വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്ക് അവര്‍ സ്വീകാര്യയാക്കിയത്. പക്ഷേ, സൌരോര്‍ജ സംരംഭങ്ങള്‍ക്കുള്ള സഹായധനം ഗാര്‍ഹികവ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ വില ഉയര്‍ത്തിയിരിക്കുന്നു. ജര്‍മ്മനിയുടെ ഈ ഊര്‍ജ്ജപ്രതിസന്ധിയാണ് മറ്റൊരു രാഷ്ട്രീയസാമ്പത്തികപ്രശ്‌നം.


ജര്‍മ്മനിയുടെ പുനരുപയോഗ ഊര്‍ജ്ജ നിയമത്തില്‍ മാറ്റം വരുത്തുന്നതിനായിരിക്കും ഇനി പ്രഥമപരിഗണന എന്ന് മെര്‍ക്കെല്‍ പ്രസ്താവിക്കുന്നു. ഊര്‍ജ്ജശൃംഖല നവീകരിക്കുന്ന പ്രവൃത്തി രാഷ്ട്രത്തിന് അഭിമാനവും സാമര്‍ത്ഥ്യവും ലാഭവും നേടിത്തരുന്ന മറ്റൊരു പദ്ധതിയായിരിക്കും എന്നും അവര്‍ പറയുന്നു. അതേ സമയം

ബാദ്ധ്യതകളും തീര്‍ന്നിട്ടില്ല. ബാങ്കുകളെ നിയന്ത്രിക്കാന്‍ ഒരു കേന്ദ്രീകൃതവ്യവസ്ഥ കൊണ്ടുവരാനുള്ള യൂറോപ്യന്‍ കമ്മീഷന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ശ്രമങ്ങളില്‍നിന്ന് ജര്‍മ്മനി മാറിനില്‍ക്കുകയാണ്. പകരം ഒരു യൂറോപ്യന്‍ ബാങ്കിംഗ് യൂണിയനുള്ള ആസൂത്രണങ്ങളും പാതിവഴിയിലാണ്.

താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അധികാരത്തില്‍ തുടരില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് 10 വര്‍ഷമാണ് ഒരു ചാന്‍സലര്‍ക്ക് തുടരാവുന്ന കൂടിയ കാലാവധിയെന്ന് മെര്‍ക്കെല്‍ അടുത്ത വൃത്തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഏറ്റവും പ്രചാരമുള്ള ജര്‍മ്മന്‍ ദിനപത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ മെര്‍ക്കെല്‍ ഈ റിപ്പോര്‍ട്ട് നിരാകരിക്കുകയും ZDF ടെലിവിഷന്റെ ഒരു പാനല്‍ ഇന്റര്‍വ്യൂവില്‍ താന്‍ 2017 വരെ നീളുന്ന നാലുവര്‍ഷവും തുടരുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
മുന്‍ പരിസ്ഥിതിമന്ത്രി നോബര്‍ട് റോട്‌ഗെനെയും ഹെസ്സെ സംസ്ഥാനത്തിന്റെ മുന്‍മുഖ്യന്‍ റോളന്‍ഡ് കൊഹ്ഹിനെയും പോലെ നിരവധി അനന്തരാവകാശികള്‍ മെര്‍ക്കെലിന്റെ 13 വര്‍ഷത്തെ CDU നേതൃത്വത്തിനിടെ അധികാരവടംവലിയില്‍ തോറ്റും അപകീര്‍ത്തിയില്‍ പെട്ടും മറ്റും ഒഴിഞ്ഞുപോയിട്ടുണ്ട്. കോഷ് ബില്‍ഫിംഗര്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുടീവ് ആകാന്‍ രാഷ്ട്രീയം വിടുകയായിരുന്നു.
തൊഴില്‍ മന്ത്രി ഉര്‍സുല വോണ്‍ ദെ ലയെക്കാണ് പിന്തുടര്‍ച്ചയ്ക്ക് ഒരു സാദ്ധ്യതയുള്ളത്. 7 കുട്ടികളുടെ അമ്മയായ ഇവര്‍ 1990കളില്‍ യു.എസ്സിലായിരുന്നു. യൂറോരാഷ്ട്രങ്ങള്‍ ധനസഹായങ്ങള്‍ക്ക് സ്വര്‍ണ്ണം പണയമായി വെക്കണമെന്ന് പറഞ്ഞ ഇവര്‍ മെര്‍ക്കെലിനെ അരിശപ്പെടുത്തിയിരുന്നു. ഇവരുടെ പിതാവ് ലോവര്‍ സാക്‌സണി സംസ്ഥാനത്തിന്റെ മുഖ്യനായിരുന്നു. മെര്‍ക്കെലിന്റെ മുന്‍ സ്റ്റാഫ് ചീഫ് ആയിരുന്ന പ്രതിരോധമന്ത്രി തോമസ് ഡ മെസീയ ആണ് മറ്റൊരു അവകാശി.


യൂറോയില്‍നിന്നുള്ള ഗ്രീസിന്റെ ഒഴിയലിനെ തടയാനും അതുവഴി 17 രാഷ്ട്രങ്ങളുടെ സാമ്പത്തിക വിനിമയത്തില്‍ തര്‍ക്കം ഒഴിവാക്കാനും നടത്തിയ നീക്കം എട്ടുവര്‍ഷത്തെ മെര്‍ക്കെലിന്റെ ഭരണനേട്ടങ്ങളില്‍ പെടുന്നു. നിര്‍ബ്ബന്ധിത സൈനികസേവനം നിര്‍ത്തലാക്കുകയും താല്‍ക്കാലിക നിര്‍മ്മാണ തൊഴിലാളികള്‍ക്കായി മിനിമ വേതനചട്ടങ്ങള്‍ നടപ്പാക്കുകയും ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റിക്കുകളുടെ ഒരു പഴയ ആവശ്യമായിരുന്നു ഇത്.


ഡൈ വെല്‍റ്റ് പത്രം 'അയണ്‍ ചാന്‍സെലര്‍' എന്ന് വിശേഷിപ്പിക്കുന്നെങ്കിലും ധനവിപണികളിലുള്ള അവിശ്വാസത്താലും യു.എസ്സുമായുള്ള കൂട്ടുകെട്ടില്‍ ഇഷ്ടപ്പെട്ടതുമാത്രം സ്വീകരിക്കുന്ന നിലപാടാലും പ്രത്യയശാസ്ത്രത്തെക്കാള്‍ പ്രായോഗികവാദത്തിനു നല്‍കുന്ന മുന്‍ഗണനയാലും 'ഉരുക്കുവനിത'യായ താച്ചറില്‍നിന്ന് വ്യത്യസ്തയാണ് മെര്‍ക്കെല്‍. സര്‍സിനെല്ലിയുടെ അഭിപ്രായത്തില്‍ 'ഊര്‍ജ്ജപ്രതിസന്ധി തന്നെയാകും ഒരു മൂന്നാമൂഴത്തില്‍ മെര്‍ക്കെല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.'


Next Story

Related Stories