TopTop
Begin typing your search above and press return to search.

കന്നുകാലിയെ വിറ്റ രാഷ്ട്രീയം : ലാലു യുഗം അവസാനിക്കുന്നു

കന്നുകാലിയെ വിറ്റ രാഷ്ട്രീയം : ലാലു യുഗം അവസാനിക്കുന്നു

ടീം അഴിമുഖം

ഒടുവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ലാലു പ്രസാദ് യാദവിന്റെ യുഗവും അവസാനിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയ്പ്രകാശ് നാരായണന്റെ കണ്ടെത്തലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന സോഷ്യലിസ്റ്റ്. ഹിന്ദുത്വയോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് എല്‍.കെ അദ്വാനിയെ ബിഹാറില്‍ തടഞ്ഞ മുഖ്യമന്ത്രി, ഇന്ത്യന്‍ റെയില്‍വേയെ ലാഭത്തിലേക്ക് കൈപിടിച്ചു കയറ്റുകയും പിന്നീടതൊക്കെ ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് വ്യക്തമാവുകയും ചെയ്തപ്പോള്‍ നിഷ്‌കാസിതനായ ആള്‍. ബിഹാറില്‍ യാദവരടക്കമുള്ള ഒ.ബി.സി വിഭാഗത്തിന്റെ ഉയിര്‍പ്പിനൊപ്പം, ബിഹാറിനെ രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങളിലൊന്നും മാഫിയാരാജും ആക്കിയതില്‍ മുഖ്യന്‍. കഴിഞ്ഞ നാലു പതിറ്റാണ്ടില്‍ ലാലു കടന്നുപോയ വഴികള്‍ അനവധി. ഇനി ലാലുവിന്റെ സ്ഥാനം ജയിലിലാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ നിരവധി തവണ ലാലു ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട് - ഒക്കെ അഴിമതിയുടെ പേരില്‍. 1996-ല്‍ സി.ബി.ഐ ചാര്‍ജ് ചെയ്ത കേസ് 17 വര്‍ഷം നീട്ടിക്കൊണ്ടു പോയതില്‍ ലാലുവിന് അഭിമാനിക്കാം, ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിലെ പോരായ്മകളും ഇതിനൊപ്പം ചൂണ്ടിക്കാണിക്കണം.

ലാലുവും മറ്റ് 44 പേരും കുറ്റക്കാരാണെന്ന റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി മറ്റു ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ രംഗം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ. പശുവിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്കൊപ്പം തന്നെയാണ് പശുവിനുള്ള കാലിത്തീറ്റ വെട്ടിച്ച് അഴിമതി നടത്തുന്നവരും. രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന വരുമാനത്തിന്റെ സ്രോതസ് അഴിമതി നടത്തിയുണ്ടാക്കുന്ന പണവും അവിഹിത മാര്‍ഗങ്ങളിലൂടെ കോര്‍പറേറ്റുകള്‍ കുന്നുകൂട്ടുന്ന പണവുമാണെന്നത് പരസ്യമായ രഹസ്യമാണ്. അത് അംബാനിയായാലും നരേന്ദ്ര മോഡിയുടെ ഫിനാന്‍സറായ അഡാനി ആണെങ്കിലും വ്യത്യസ്തമല്ല.

എങ്ങനെ പൊതുഖജനാവില്‍ നിന്നും അല്ലാതെയും പണം കക്കാം എന്നതായി മാറിയിട്ടുണ്ട് അവസ്ഥ. തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്ക്, അല്ലെങ്കില്‍ രാഷ്ട്രീയ ജീവിതത്തില്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക്, ചെലവുകള്‍ക്ക് ഒക്കെ ഒറ്റയടിക്ക് തിരിച്ചു പിടിക്കാനുള്ള മാര്‍ഗമായി രാഷ്ട്രീയവും അധികാരവും മാറുന്നതിന്റെ തെളിവു കൂടിയാണ് കാലിത്തീറ്റ കുംഭകോണം. 1990-കളില്‍ 900 കോടി രൂപയുടെ കാലിത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട് 37.7 കോടി രൂപ വെട്ടിച്ചു എന്നതാണ് ലാലു, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗന്നാഥ മിശ്ര എന്നിവരുള്‍പ്പെടുന്ന രാഷ്ട്രീയക്കാരും - അതില്‍ ലാലുവിന്റെ ആര്‍.ജെ.ഡി നേതാക്കള്‍ മാത്രമല്ല, ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി-യു ഉണ്ട്, കോണ്‍ഗ്രസ് ഉണ്ട്, ബി.ജെ.പിയുണ്ട് - ഐ.എ.എസ് ഉദ്യോഗസ്ഥരും ബിസിനസുകാരും അടക്കമുള്ള 44 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ ഒക്‌ടോബര്‍ മൂന്നിനാണ്. ലാലുവിന് കുറഞ്ഞത് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

ലാലു പ്രസാദ് യാദവ്, ശരത് യാദവ്, നിതീഷ് കുമാര്‍ തുടങ്ങി 70-കളിലെ സോഷ്യലിസ്റ്റ് ചേരി ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായതിന്റെ ചരിത്രവും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. ജയ്പ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ കടുത്ത കോണ്‍ഗ്രസ് വിരോധം ഉയര്‍ത്തി രംഗത്തുവന്ന പഴയ യുവതുര്‍ക്കികള്‍ പിന്നീട് അധികാര രാഷ്ട്രീയത്തിന്റെയും ജാതി, മത താത്പര്യങ്ങളുടേയും വക്താക്കളായി മാറുന്നതാണ് കാണുന്നത്. യാദവര്‍ക്ക് നാവും കരുത്തുമായി ഒരു സമയത്ത് ലാലു മാറിയെങ്കിലും ബിഹാറിനെ ഇന്നു കാണുന്ന രീതിയില്‍ നശിപ്പിച്ചതില്‍ ലാലുവിന് വലിയ പങ്കുണ്ട്. എന്നാല്‍ ഒരു സമയത്ത് ലാലുവിനൊപ്പം നിന്ന ഇതേ ജനം തന്നെയാണ് കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ കൈവിട്ടതും. പക്ഷേ കാര്യങ്ങള്‍ മാറുകയാണെന്നതിന്റെ സൂചനകളും ഈയിടെ പുറത്തു വന്നിരുന്നു. ഈയിടെ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ലാലു വന്‍ തിരിച്ചു വരവ് നടത്തി. സര്‍വെകളിലൊക്കെ ലാലുവിന്റെ തിരിച്ചു വരവ് പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ ജാതി കളിച്ചും അഴിമതി നടത്തിയും ഗുണ്ടാരാജ് സൃഷ്ടിച്ചുമൊക്കെ ഒരു കാലത്ത് തങ്ങളെ ദ്രോഹിച്ചവരെ വീണ്ടും തിരിച്ചു കൊണ്ടുവരാന്‍ ജനം എന്തുകൊണ്ടാണ് ആലോചിക്കുന്നത്?

ലാലു ഒരുകാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു മാതൃകയെന്നെ് പറയാന്‍ പറ്റില്ല. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു നേര്‍പ്പതിപ്പാണ് അദ്ദേഹം. ജനതാദള്‍ പിളര്‍ത്തി തന്റെ രാഷ്ട്രീയ ജനതാദള്‍ ഉണ്ടാക്കിയതിനു ശേഷം തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന്റെ പേരിലാണ് ലാലു ഐ.കെ ഗുജ്‌റാള്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നത്. കന്നുകാലികള്‍ക്കുള്ള തീറ്റ, മരുന്നുകള്‍ തുടങ്ങിയവയ്ക്കുള്ള പണം വ്യാജ ബില്ലുകളും മറ്റു രേഖകളും ഹാജരാക്കി തട്ടിയെടുക്കാന്‍ ലാലുവിന്റെ പേരില്‍ ശ്രമിച്ചു എന്നതാണ് കേസിന്റെ അടിസ്ഥാനം. ഇപ്പോള്‍ ഝാര്‍ഖണ്ടില്‍ ഉള്‍പ്പെടുന്ന ഛായിബസ ട്രഷറിയില്‍ നിന്നും ഇവ്വിധത്തില്‍ 37.7 കോടി രുപ പിന്‍വലിച്ചത് ലാലുവിന്റെ അനുമതിയോടെയാണെന്നാണ് സി.ബി.ഐ കണ്ടെത്തിയതും.

1997 ജൂലൈയില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ച ശേഷമായിരുന്നു അദ്ദേഹം ജയിലിലേക്ക് പോയതും. അന്ന് ബിഹാര്‍ ഭരിച്ചത് റാബ്‌റിയുടെ ഗുണ്ടകളായ സഹോദരന്മാര്‍. ലാലുവിന് ജാമ്യം കിട്ടി തിരിച്ചെത്തിയെങ്കിലും വീണ്ടും രണ്ടു തവണ കൂടി അറസ്റ്റിലായി. ഒടുവില്‍ കേസ് കേട്ടിരുന്ന റാഞ്ചി കോടതിയിലെ ജഡ്ജി പ്രവേഷ് കുമാര്‍ സിംഗില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലാലു സുപ്രീം കോടതി വരെ പോയെങ്കിലും ഇത് നടന്നില്ല. ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി പി.കെ സാഹിയുടെ ബന്ധുവാണ് ജഡ്ജ് എന്നതിനാല്‍ തനിക്കെതിരെ ജെ.ഡി - യു പ്രതികാര നടപടി സ്വീകരിക്കും എന്നതായിരുന്നു ലാലുവിന്റെ പരാതി.

ലാലുവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അവസാന സമയം വരെയും ശ്രമിച്ചിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ നട്ടെല്ലായിരുന്നു ലാലു എങ്കിലും രണ്ടാം യു.പി.എയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയാറായില്ല. പക്ഷേ ലാലുവിന്റെ പിന്തുണയും നാല് എം.പിമാരും യു.പി.എ സര്‍ക്കാരിന്റെ മുതല്‍ക്കൂട്ടായിരുന്നു. അതിനു നല്‍കുന്ന പിന്തുണ എന്ന രീതിയിലാണ് കഴിഞ്ഞ ആഴ്ച ഓര്‍ഡിനന്‍സ് കൊണ്ടു വന്നതും. എന്നാല്‍ ഓര്‍ഡിനന്‍സിലൂടെ തന്റെ രാഷ്ട്രീയ അസ്തിത്വം ഉറപ്പിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പൊട്ടിത്തെറി ലാലുവിനും വിനയാവുകയായിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ലാലു അപ്പോള്‍ തന്നെ അയോഗ്യനാകും. സുപ്രീം കോടതിയുടെ പുതിയ നിയമം വന്നതിനു ശേഷം ലോകസ്ഭയില്‍ നിന്ന് അത്തരത്തില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യ എം.പി കൂടിയായിരിക്കും ലാലു. അതോടൊപ്പം, ബിഹാര്‍ രാഷ്ട്രീയത്തിലെ ഒരുകാലത്തെ രാജാവിന്റെ രാഷ്ട്രീയ ഭാവിയുടെ അന്ത്യവും.


Next Story

Related Stories