TopTop
Begin typing your search above and press return to search.

കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ - എം.എന്‍ കാരശേരി

കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ - എം.എന്‍ കാരശേരി

“വിദ്യാഭ്യാസവും ജോലിയും സാമൂഹ്യ ജീവിതവുമുള്ള ഉമ്മമാരുണ്ടെങ്കിലേ നാളെ നല്ല കുട്ടികളുണ്ടാവൂ, നല്ല സമൂഹമുണ്ടാവൂ.” എം.എന്‍. കാരശ്ശേരി പറയുന്നു

മൈസൂര്‍ കല്യാണം, അറബി കല്യാണം, പതിനാറില്‍ വിവാഹമാവാമെന്ന വിവാദ സര്‍ക്കുലര്‍, ശൈശവ വിവാഹം... വിവാഹത്തോടൊപ്പം വിവാദങ്ങളും കത്തികൊണ്ടിരിക്കുന്നു. എരിതീയില്‍ എണ്ണ എന്നോണം ഈ അടുത്ത് ഒന്‍പതു മുസ്ലീം സംഘടനകള്‍ സംയുക്തമായി യോഗം ചേര്‍ന്ന് വിവാഹപ്രായം പതിനാറാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളേയും കുറിച്ച് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനും കോഴിക്കോട് സര്‍വ്വകലാശാല മലയാളം വിഭാഗം തലവനുമായിരുന്ന എം.എന്‍ കാരശ്ശേരിയുമായി അഴിമുഖം പ്രതിനിധി സജ്ന ആലുങ്ങല്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

സജ്ന: മുസ്ലീം സംഘടന പ്രധിനിധികള്‍ 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ച നടപടിയെ താങ്കള്‍ എങ്ങനെ കാണുന്നു?

കാരശ്ശേരി: തികച്ചും സ്ത്രീ വിരുദ്ധവും മുസ്ലീം വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ഈ നടപടി. എല്ലാ നിലക്കും സ്ത്രീകളെ നിന്ദിക്കുന്ന തീരുമാനമാണിത്. സ്ത്രീസംഘടനകള്‍ക്കെല്ലാം വിവാഹപ്രായം കുറയ്ക്കണമെന്നല്ല, കൂട്ടണമെന്നാണ് അഭിപ്രായം. ഇളം പ്രായത്തില്‍ കല്യാണം കഴിക്കാന്‍ സൗകര്യം കിട്ടിയാലേ ഇസ്ലാം മത വിശ്വാസം പൂര്‍ത്തിയാവൂ എന്നാണ് സംഘടനകള്‍ ഭാവിക്കുന്നത്. ഇത് അങ്ങേയറ്റം ഇസ്ലാമിക വിരുദ്ധമാണ്. കേരളം ഓടുന്നത് റിവേഴ്‌സ് ഗിയറിലാണ് എന്ന് കാണിക്കുന്ന യോഗമാണിത്. വാസ്തവത്തില്‍ യോഗം ചേരുന്ന ആള്‍ക്കാര്‍ക്ക് മതവും സംസ്‌ക്കാരവും ജനാധിപത്യവുമെന്താണെന്ന് അറിയില്ല. യഥാര്‍ത്ഥത്തില്‍ മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇതിന്‍റെ ആവശ്യമില്ല. പിന്നെ ഇവര്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്.

: ശൈശവ വിവാഹനിരോധന നിയമം വ്യക്തിനിയമത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന്‍ കരുതുന്നുണ്ടോ?

കാ: വ്യക്തി നിയമത്തിലേക്കുള്ള കടന്നു കയറ്റമാവുന്നതെങ്ങനെ? ശരീ-അത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചിട്ടില്ല. പാകിസ്ഥാനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും വിവാഹത്തിന് പ്രായപരിധിയുണ്ട്. ഈ നിയമം വന്നത് 35 വര്‍ഷം മുന്‍പാണ്. പിന്നെ ഇപ്പോഴെന്താണ് പ്രശ്‌നം? ഇസ്ലാം മതത്തില്‍ ശൈശവവിവാഹം ഇല്ല. ഋതുമതിയായല്‍ വിവാഹം കഴിക്കാമെന്നുള്ളത് ഏഴാം നൂറ്റാണ്ടില്‍ പറയാന്‍ കഴിയുന്നതിന്‍റെ മാക്‌സിമമാണ്. അന്ന് പതിനെട്ട് വയസ്സ് എന്നു പറയാന്‍ സാധിക്കില്ല. ശരീ-അത്തില്‍ 16 വയസ് എന്ന് പറഞ്ഞിട്ടില്ല. പിന്നെ ഇവര്‍ക്ക് ഈ പതിനാറിന്‍റെ കണക്ക് എവിടെ നിന്ന് കിട്ടിയെന്നറിയില്ല.

സ: അങ്ങനെയെങ്കില്‍ വ്യക്തി നിയമങ്ങളില്‍ കാലാനുസൃതമായ പരിഷ്‌കാരം വരുത്തേണ്ടത് അത്യാവശ്യമല്ലേ?

കാ: വ്യക്തി നിയമത്തിന്‍റെ പ്രശ്‌നമല്ല. ശൈശവ വിവാഹം ക്രിമിനല്‍ നിയമത്തിന്‍റെ പരിധിയിലാണ് വരിക. ക്രിമിനല്‍ നിയമത്തില്‍ മതത്തിന് കൈകടത്താന്‍ പറ്റില്ല. കട്ടാല്‍ കൈവെട്ടണമെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ഇവിടെ നടപ്പിലാക്കാന്‍ പറ്റില്ല. ഹിന്ദു മതവിശ്വാസത്തില്‍ ബ്രാഹ്മണനും ശൂദ്രനും രണ്ട് നിയമുണ്ടായിരുന്നത് ഇപ്പോഴും നിലനിര്‍ത്താന്‍ പറ്റുമോ? സതി നിയമ വിരുദ്ധമാക്കിയില്ലേ?


@Yoko Tanji

: ക്രിമിനല്‍ നിയമവും വ്യക്തിനിയമവും തമ്മില്‍ വ്യക്തത വരുത്തേണ്ട ആവശ്യമില്ലേ? ഉദാഹരണം ബഹുഭാര്യത്വം.

കാ: തീര്‍ച്ചയായും. മുസ്ലീം വ്യക്തി നിയമനുസരിച്ച് ബഹുഭാര്യത്വം തെറ്റല്ല. എന്നാല്‍ പൊതുവായി ഇത് ക്രിമിനല്‍ നിയമത്തിന്‍റെ പരിധിയിലാണ് വരുന്നത്. ആദ്യ ഭാര്യയുടെയും കോടതിയുടെയും അനുമതിയോടെ വിവാഹം ചെയ്യാം. ബഹുഭാര്യത്വം നിയന്ത്രണ വിധേയമാക്കണം, നിരോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

സ: കോഴിക്കോട് നടന്ന അറബി കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഈ തീരുമാനത്തെ എങ്ങനെ കാണുന്നു?

കാ: അറബി കല്യാണത്തില്‍ ഇരയുടെ ഭാഗത്തല്ല, വേട്ടക്കാരന്‍റെ ഭാഗത്താണ് മതസംഘടനകള്‍ ഉള്ളത്. ഇതിനെതിരായി പരിഷ്‌കരണ വാദികള്‍ എന്നു പറയുന്നവര്‍ എന്താണ് ചെയ്തത്? ഇതുവരെ ഒരു സെമിനാര്‍ നടത്തുകയോ യോഗം കൂടുകയോ ചെയ്തിട്ടില്ല. ഇവരൊക്കെയും ഇസ്ലാമിനെ സ്ത്രീ വിരുദ്ധമായി വ്യാഖ്യാനിക്കുന്ന പുരോഹിതന്‍മാരാണ്. അറബി കല്യാണത്തിനും മൈസൂര്‍ കല്യാണത്തിനും അനുകൂലമായതു കൊണ്ടാണല്ലോ മതപണ്ഢിതന്‍മാരും സാമുദായിക നേതാക്കളും മഹല്ല് കമ്മിറ്റിക്കാരും സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുന്നത്. പെണ്ണുങ്ങളെ വിലയ്ക്കു വാങ്ങുന്ന ഏര്‍പ്പാടാണ് അറബി കല്യാണം. മതത്തിന്‍റെ ഏതെങ്കിലും മാനദണ്ഡം വച്ച് കല്യാണമാണെന്ന് പറയാന്‍ സാധിക്കില്ല.

സ: പുരോഗമനവാദികളും യഥാസ്ഥികരുമെന്ന വ്യത്യാസമില്ലാതെ മുസ്ലീം സംഘടനകള്‍ ഇങ്ങനെ ഒരുപോലെ ചിന്തിക്കുന്നതിനെ താങ്കള്‍ എങ്ങനെ കാണുന്നു?

കാ: ഇവിടെയുള്ള എല്ലാ സംഘടനകളും സ്ത്രീ വിരുദ്ധമായി മതത്തെ വ്യാഖ്യാനിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. പുരോഗമനവാദികളെന്നും യഥാസ്ഥിതികരെന്നും വെറുതെ പറയുന്നതാണ്. അകക്കാമ്പ് ഒന്നു തന്നെ. ബാക്കിയുള്ള കാര്യങ്ങളില്‍ അടിയാണെങ്കിലും സ്ത്രീയെ എതിര്‍ക്കാനും തകര്‍ക്കാനും ഇവര്‍ക്ക് ഒരു തര്‍ക്കവുമില്ല. സ്ത്രീയുടെ അറിവോ അനുമതിയോ ഇല്ലാതെ വിവാഹം കഴിച്ചയയ്ക്കുന്നത് അനിസ്ലാമികമാണ്. ഋതുമതിയാവുന്നതിനു മുന്‍പേ കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞാലാണ് മതവിരുദ്ധമാവുക. മതവിരുദ്ധമെന്ന് പറയുവര്‍ക്ക് മതമെന്താണെറിയില്ല. ഇവിടുത്തെ പുരോഗമന വാദികള്‍, പരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാന വാദികള്‍ എന്നു പറയുന്നവര്‍ യാഥാസ്ഥിതികരാണെന്ന് തെളിയിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 1985-ല്‍ ഷാബാനു കേസിന്‍റെ വിധി വന്ന സമയത്തും ഇവരിങ്ങനെ ഒരുമിച്ചു കൂടിയിട്ടുണ്ട്.

: എംഎസ്എഫ്, ഹരിത പോലുള്ള യുവജന സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമല്ലേ?

കാ: തീര്‍ച്ചയായും. അവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ തീരുമാനത്തിനെതിരെ രംഗത്തു വന്ന എംഎസ്എഫ്, ഹരിത, യൂത്ത് ലീഗ്, എംഇഎസ്, എംഎസ്എസ് എന്നീ സംഘടനകളോട് എനിക്ക് ബഹുമാനമുണ്ട്.

: 16 വയസിലെ വിവാഹമെന്ന വിവാദ സര്‍ക്കുലറിന്‍റെ തുടര്‍ച്ചയായി സമുദായ നേതാക്കളുടെ തീരുമാനത്തെ കാണാമോ?

കാ: വിവാദ സര്‍ക്കുലറിന്‍റെ തുടര്‍ച്ച തന്നെയാണിത്. കുടത്തിലടച്ച ഭുതത്തെ തുറന്ന് വിട്ടത് ആ സര്‍ക്കുലറാണ്. ഒരു പക്ഷേ മത നേതാക്കളുടെ സമ്മര്‍ദ്ദ ഫലമായിട്ടാവും ആ സര്‍ക്കുലര്‍ ഇറങ്ങിയത്. ദൂര വ്യാപകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആദ്യമേ പറഞ്ഞതാണ്.


@Keith Negley

സ: പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെക്കുറിച്ച് വാചാലരാവുന്നവര്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായത്തെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?

കാ: ഞാനും അതുതന്നെയാണ് ചിന്തിക്കുന്നത്. സ്ത്രീയ്ക്കു മാത്രമല്ല പുരുഷനും പ്രായപരിധി വച്ചിട്ടുണ്ട്. 1978 ലെ നിയമത്തില്‍ പുരുഷന് വിവാഹം കഴിക്കണമെങ്കില്‍ 21 വയസ് പൂര്‍ത്തിയാവണം. ഇതിനെതിരെ ആരും സമരം ചെയ്യാത്തതെന്തുകൊണ്ടാണ്?

: ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹ പ്രായം 18ഉം 16ഉം ആണ്. ന്യൂയോര്‍ക്കില്‍ ആണിനും പെണ്ണിനും 14 വയസ് പൂര്‍ത്തിയാല്‍ വിവാഹം കഴിക്കാമെന്നാണ്. പിന്നെ ഇന്ത്യയില്‍ മാത്രം 16 ആക്കുന്നതില്‍ വിവാദം ഉണ്ടാക്കുന്നത് എന്തിനാണ്?

കാ: പാശ്ചാത്യരെ മാതൃകയാക്കിയല്ല നമ്മള്‍ സംസാരിക്കേണ്ടത്. ഇന്ത്യന്‍ യഥാര്‍ത്ഥ്യം മനസിലാക്കി സംസാരിക്കണം. ഇവിടത്തെ ഭൂപ്രകൃതി, കാലാവസ്ഥ, ആളുകളുടെ ശരീരപ്രകൃതി, ചുറ്റുപാട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനമെടുക്കേണ്ടത്. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ തമ്മിലും പുരുഷന്‍മാര്‍ തമ്മിലും വിവാഹം കഴിക്കുന്നുണ്ട്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നുണ്ട്. ഇതെല്ലാം ഇവിടെ നടപ്പിലാക്കാന്‍ പറ്റുമോ?

: ഈ തീരുമാനത്തിനു പിന്നിലുള്ള സമുദായ സംഘടനകളുടെ ഉദ്ദേശമെന്തായിരിക്കും? ഇതിലൂടെ മുസ്ലീം ലീഗിന് എന്തെങ്കിലും നേട്ടമുണ്ടാവുമോ?

കാ: പുരുഷാധിപത്യം സ്ഥാപിച്ചെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മത സംഘടനകള്‍ക്കുള്ളു. ലീഗിന് രാഷ്ട്രീയ നേട്ടമുണ്ടാകാം. ലീഗ് ഇതിനെക്കുറിച്ച് മിണ്ടാതിരിക്കുന്നത് എന്തു കൊണ്ടാണ്? ഈ കാര്യം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് നിയമം പാസാക്കട്ടെ, ഇന്ത്യയുടെ നിയമമുള്ളപ്പോള്‍ അതിനെ ധിക്കരിച്ച് കേരളത്തിലെ മന്ത്രിമാര്‍ ഇടപെടുന്നത് ഉചിതമല്ല.

: ഒരു പെണ്‍കുട്ടിക്ക് കുടുംബം നോക്കാനുള്ള പക്വതയും ബുദ്ധിയുമെത്തിയാല്‍ വിവാഹം കഴിപ്പിച്ചയ്ക്കാമെന്ന ലീഗ് സംസ്ഥാന സെക്രട്ടറി മായീന്‍ ഹാജിയുടെ പ്രസ്താവനയെക്കുറിച്ച്?

കാ: സ്ത്രീയെ ശരീരം മാത്രമായാണ് മായീന്‍ ഹാജി കാണുന്നത്. സ്ത്രീക്ക് വ്യക്തിത്വവും മനസുമുള്ളതായി മായീന്‍ ഹാജിയ്ക്കറിയില്ല. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ, പുരുഷാധിപത്യ ജീര്‍ണതയുള്ള നിലപാടാണ് അദ്ദേഹത്തിന്റേത്. അതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.

: മോഡിയുടെ രാഷ്ട്രീയത്തിനുകൂലമായ മുസ്ലീം വിരുദ്ധ സാഹചര്യം സൃഷ്ടിക്കാന്‍ ഈ തീരുമാനം സഹായിക്കില്ലേ?

കാ: ഈ തീരുമാനം ആരെയെങ്കിലും സഹായിക്കുമെങ്കില്‍ അത് ആര്‍എസ്എസ് നെയും ബിജെപിയെയുമാണ്. നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരാനുള്ള സാഹചര്യമാണ് മത സംഘടനകളെല്ലാം ചേര്‍ന്ന് ഒരുക്കി കൊടുത്തിരിക്കുന്നത്.

: ഈ തീരുമാനം മത ധ്രുവീകരണത്തിന് കാരണമാവുമെന്ന സിപിഐ എമ്മിന്‍റെ പ്രസ്താവനയെക്കുറിച്ച് താങ്കളുടെ അഭിപ്രായം?

കാ: ഇപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. പ്രവചനം മാത്രമാണ്. അന്തരീക്ഷം വളരെ മോശമാണ്. ഇന്ത്യയുടെ മതേതര സ്വഭാവത്തിന് തുരങ്കം വയ്ക്കാനും സമുദായങ്ങളില്‍ തമ്മില്‍ അകലം പാലിക്കാനും ഇസ്ലാമിക സംസ്‌കൃതിക്ക് നാണക്കേടുണ്ടാക്കാനും മാത്രമേ ഈ തീരുമാനം സഹായകമാവൂ.

: വിവാഹ പ്രായം 16 ആക്കുന്നതിലൂടെ സാമൂഹ്യ നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍മടക്കമല്ലേ സൃഷ്ടിക്കുന്നത്?

കാ: തീര്‍ച്ചയായും. വിദ്യാഭ്യാസവും ജോലിയും സാമൂഹ്യ ജീവിതവുമുള്ള ഉമ്മമാരുണ്ടെങ്കിലേ നാളെ നല്ല കുട്ടികളുണ്ടാവൂ, നല്ല സമൂഹമുണ്ടാവു.

Next Story

Related Stories