TopTop
Begin typing your search above and press return to search.

തോവാളപ്പൂക്കള്‍ - മനോജ് പരമേശ്വരന്റെ ചിത്രങ്ങളും എഴുത്തും

തോവാളപ്പൂക്കള്‍ - മനോജ് പരമേശ്വരന്റെ ചിത്രങ്ങളും എഴുത്തും

"തുമ്പപ്പൂക്കളും മുക്കുറ്റിയും എന്തിന് കമ്മ്യൂണിസ്റ്റ് പച്ചപോലും നഷ്ടപ്പെട്ട പാവം മലയാളികള്‍ക്ക് അവരുടെ ദേശിയോത്സവവും സാംസ്‌ക്കാരികമഹോന്നത്യം വിളിച്ചോതുന്ന ഇല്ലാസ്‌നേഹത്തിന്റെ കഥയും മഹത്വവും വര്‍ണിക്കുന്ന ഓണം ആഘോഷിക്കുവാന്‍ തങ്ങളിലില്ലാത്ത നിറങ്ങള്‍ തുളുമ്പുന്ന പൂക്കള്‍ തന്നെ വേണം! കൊടികള്‍ക്ക് നിറം പകരാന്‍ ചോരചിന്തുന്ന അവര്‍ക്ക് പക്ഷെ, പൂക്കളുടെ നിറം ചോരാതെ കാക്കാന്‍ പറ്റിയില്ലത്രേ"...കേരളത്തിലേക്ക് ഓണക്കാലത്തും അല്ലാത്തപ്പോഴുമൊക്കെ പൂക്കള്‍ എത്തുന്ന തമിഴ്നാട്ടിലെ തോവാളൈ ഗ്രാമത്തിലേക്ക് മനോജ് പരമേശ്വരന്‍ നടത്തിയ യാത്ര, ചിത്രങ്ങള്‍, എഴുത്ത്.അറിയാതെ എത്തിപ്പെട്ട ഗ്രാമത്തിലെ ഇതുവരെ അറിയാതിരുന്ന സുഹൃത്തിന്റെ ഓഫീസ് എന്നു പറയപ്പെടുന്ന ഒരു കുഞ്ഞു നാലുചുമര്‍ കെട്ടിടത്തിന്റെ ഛായയില്‍ കാറ്റുതട്ടി പറന്നുപോകാതെ ഞാന്‍ വിരിച്ച ടെന്റിനുള്ളില്‍നിന്നും ഉറക്കച്ചടവോടെ പുറത്തേക്കിറങ്ങിനോക്കിയപ്പോള്‍ കണ്ടത്...

ഓണം ഓര്‍മ്മകളുടെ ആഘോഷമാണ്. ഇനിയുമുണ്ടായിരുന്നെങ്കില്‍ എന്ന ഓര്‍മ്മപ്പെടുത്തലും നിശ്വാസവുമാണ്. ഒത്തു ചേരലുകളാണ്, ചിലര്‍ക്കെങ്കിലും.


തുമ്പപ്പൂക്കളും മുക്കുറ്റിയും എന്തിന് കമ്മ്യൂണിസ്റ്റ് പച്ചപോലും നഷ്ടപ്പെട്ട പാവം മലയാളികള്‍ക്ക് അവരുടെ ദേശിയോത്സവവും സാംസ്‌ക്കാരികമഹോന്നത്യം വിളിച്ചോതുന്ന ഇല്ലാസ്‌നേഹത്തിന്റെ കഥയും മഹത്വവും വര്‍ണിക്കുന്ന ഓണം ആഘോഷിക്കുവാന്‍ തങ്ങളിലില്ലാത്ത നിറങ്ങള്‍ തുളുമ്പുന്ന പൂക്കള്‍ തന്നെ വേണം! കൊടികള്‍ക്ക് നിറം പകരാന്‍ ചോരചിന്തുന്ന അവര്‍ക്ക് പക്ഷെ, പൂക്കളുടെ നിറം ചോരാതെ കാക്കാന്‍ പറ്റിയില്ലത്രേ..


ഓണപ്പൂക്കളുടെ 'വര'വും തേടി

ഒരു (ഓണ) പൂവിളി..


പൂച്ചന്ത!

ചുറ്റിനും പൂക്കള്‍!

പൂക്കള്‍ ചവിട്ടാതെ നടക്കാന്‍ ശ്രദ്ധിക്കണം.

തിരക്ക്!

പൂക്കള്‍ കൊണ്ടുവരുന്ന വണ്ടികള്‍, പൂച്ചാക്കുകള്‍ തലയിലേന്തി വരുന്ന കൃഷിക്കാര്‍, പൂക്കള്‍ ചാക്കിലേറ്റിപോകുന്ന ചെറുവില്‍പ്പനക്കാര്‍, മൊത്തവില്‍പ്പനക്കായും വിദേശത്തേക്ക് കയറ്റി അയക്കുവാനായും പൂക്കളടുക്കികയറ്റുന്ന വണ്ടികള്‍..
പൂക്കളമത്സരത്തിന് കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ പൂതേടിയെത്തുന്ന വിദ്യാര്‍ത്ഥികള്‍


ജീവിതത്തിന്റെ നഷ്ടവര്‍ണ്ണങ്ങളെ ഓര്‍ത്തെടുത്ത് തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി കുടുംബങ്ങള്‍..

കുട്ടികള്‍.. പശ്ചാത്തലത്തില്‍ മേഘങ്ങള്‍ തലോടുന്ന ഉയരങ്ങളില്‍ പൂക്കളുടെ ഗന്ധം നിശ്വസിക്കുന്ന പര്‍വ്വതനിരകള്‍..


ഇടയ്ക്ക് ചെറുചാറ്റല്‍ മഴ..


വര്‍ണ്ണങ്ങള്‍ തെല്ലും കെടുത്താതെ നീറിക്കത്തുന്ന പൂക്കള്‍.. ആളുകള്‍..വര്‍ത്തമാനങ്ങള്‍.. വിലപേശലുകള്‍..

കണക്കുകൂട്ടലുകള്‍..വാക്കുറപ്പിക്കലുകള്‍..


ഇത് തോവാളൈ - തമിഴ്‌നാട്ടിന്റെ ഏറ്റവും വലിയ പൂച്ചന്ത!


ഇവിടെ പൂക്കള്‍ പൂക്കള്‍ മാത്രമല്ല, അത് ഫലം കൂടിയാണ്.. കായ്കളാണ്.. കനികളാണ്..


പൂക്കളെ തേടി വന്നിടുമ്പോള്‍

ആകാശമെനിക്കു മുന്നില്‍

ഒരു പൂക്കളമായ് മാറിയെന്നാല്‍...!
സംശയം തോന്നിയത് ഒരിക്കല്‍ മാത്രമാണ്. പൂപ്പാടങ്ങള്‍ കാണണം. അവിടെ തങ്ങണം. ആഗ്രഹം അറിയാതെ പ്രകടിപ്പിച്ചത് ഒരു മലയാളിയോട്! അദ്ദേഹം ഒരു ഉപദേശം തന്നു. 5രൂപക്ക് വേണ്ടി ആളെ കൊല്ലാന്‍ മടിയില്ലാത്ത ആളുകളാണ് - അവിടെ തങ്ങരുത്.


എന്തിനോടിടപെടുന്നു എന്നു വച്ചത്രെ ഇടപെടുന്ന മനുഷ്യന്റെ സ്വഭാവം രൂപപ്പെടുന്നത്. എങ്കില്‍ പൂകൃഷി ചെയ്യുന്ന ആളുകളെ ഞാനെങ്ങനെ കാണണം! നേരെ നടന്നു - വഴിയരികില്‍ കണ്ട പൂക്കടകളില്‍ തിരഞ്ഞു - കണ്ടെത്തി - ചോദിച്ചു - ഉത്തരം കിട്ടി - കുമാരപുരം.
പൂങ്കാറ്റിനോടൊപ്പം...!

കാറ്റാടിയന്ത്രങ്ങളും പൂക്കളും നിറഞ്ഞ ഒരു ഗ്രാമത്തില്‍ ചിലവഴിച്ച നിമിഷങ്ങളെ അതിന്റെ ലോപസന്ധിയില്‍ ''പൂങ്കാറ്റിനോടൊപ്പം'' എന്നു പറഞ്ഞാല്‍...?
ബസിറങ്ങിയപ്പോള്‍ ആകെയൊരമ്പരപ്പ്. ചുറ്റിനും കാറ്റാടിയന്ത്രങ്ങള്‍. ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും അടുത്ത്, കഴുത്ത് മുകളിലേക്ക് മലര്‍ത്തി ഇതിനെ കാണുന്നത്. (മഹാബലി വാമനനെ നോക്കിയതും ഇങ്ങനെയായിരിക്കുമല്ലോ!)


അപരിചിതമായ സ്ഥലത്ത് വന്നിറങ്ങിയാല്‍ ഏറ്റവും നല്ല അഭയം ചായക്കടതന്നെ.


''അണ്ണാ ഒരു സ്‌ട്രോങ്ങ് കോഫി'' മധുരം കുറച്ച്.

'And there's more over a cup of coffee!'
''ഒന്നുകില്‍ എല്ലാവരും അപരിചിതരാണ്, അല്ലെങ്കില്‍ ആരും അപരിചിതരല്ല''. 'ഏലിയാസ് മേനോന്‍' എന്ന മോഹന്‍ലാല്‍ തമാശയാണ് കുമാരപുരത്തെ ജേക്കബ് ത്യാഗരാജനെ പരിചയപ്പെട്ടപ്പോള്‍ എന്റെ ചുണ്ടില്‍ വിരിഞ്ഞത്. അതുപറഞ്ഞപ്പോള്‍ അയാളുടെ മുഖവും വിരിഞ്ഞുപോയി - പിന്നെ വിശദീകരിച്ചു.

അച്ഛന്റേയും അമ്മയുടേയും കഥ. രണ്ടു പേരും മതം മാറിയത്. ഒരാള്‍ മാത്രം പേരുമാറ്റിയത് - പിന്നെയുമൊരുപാട്...


പൂകൃഷി നടത്തുന്ന ഗ്രാമത്തിലെ കച്ചവട സാധ്യത ഒട്ടുമില്ലാത്ത ഒരു പൂവാണ് ജേക്കബ്. ആഗ്രഹങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. ബൈക്കിനു പുറകില്‍ കയറാന്‍ പറഞ്ഞു. കുമാരപുരം ഗ്രാമത്തിലെ കനകാംബരത്തോട്ടവും ജമന്തിത്തോട്ടവും കഴിഞ്ഞ് കാറ്റാടി യന്ത്രത്തോട്ടത്തിലെ ഒരു കുഞ്ഞു നാലു ചുമര്‍ മുറിക്ക് മുന്നില്‍ നിര്‍ത്തി അയാളെനിക്ക് തമിഴ് - മലയാളത്തില്‍.

''ഇത് എന്നുടെ ഓഫീസ് -

ഇത് വന്ത് വിന്‍ഡ്മില്ലുടെ

പവര്‍ഹൗസ് ! ഇങ്കനാന്‍ താന്‍ ഓഫീസര്‍

ഇതുക്കപ്പുറം താന്‍ നീങ്ക തേടിയ ഇടം -''


പുറകിലേക്ക് നടന്ന് നോക്കിയപ്പോള്‍ തോവാളൈയിലെ പ്രശസ്തികേട്ട ആരളിപൂക്കളുടെ തോട്ടം -
''പൂ പറിക്കുന്നത് ഒരു ജോലിയും, അതിന് ശമ്പളവും കിട്ടിയിരുന്നെങ്കില്‍..!''


രാവിലെ 5.30ന് തുടങ്ങുന്ന പൂ പറിക്കല്‍ 8 മണിയോടെ തീരും. ചാക്കിലാക്കി ഏറ്റവും അടുത്ത ജംങ്ഷനില്‍ എത്തിക്കും. പിന്നെ കളക്ടിങ്ങ് ഏജന്റ്‌സ് - വിതരണക്കാര്‍ - ചന്ത, മൊത്തവില്‍പ്പനക്കാര്‍ - ചില്ലറവില്‍പ്പനക്കാര്‍- ലോക്കല്‍ വിതരണക്കാര്‍ - ലോക്കല്‍ വില്‍പ്പനക്കാര്‍ - കയറ്റുമതിക്കാര്‍ -അങ്ങനെയങ്ങനെ എല്ലാം. ഇന്ധനച്ചെലവു നോക്കുമ്പോള്‍ പൂക്കള്‍ക്ക് തീവില. എങ്കിലും സ്വന്തം വീട്ടുമുറ്റത്തെപൂക്കളപൂക്കള്‍ തോണ്ടിയെറിഞ്ഞ് നഷ്ടസ്വര്‍ഗങ്ങളുടെ ദു:ഖസിംഹാസനത്തില്‍ വിഷമിച്ചിരിക്കുന്ന പാവം ഓണമലയാളി വാങ്ങും - ചെണ്ടു മല്ലി - കിലോ- 250 രൂപ


''എന്നാലും

നട്ടുമുളപ്പിക്കില്ല

പറമ്പിലും മനസ്സിലും

ഒരു നിറംപോലും''

പൂ പറിക്കാന്‍ ആര്‍ക്കും വരാം -

ജാതി, മത, പ്രായ, സാമര്‍ത്ഥ്യഭേദമെന്യേ ആര്‍ക്കും പൂപറിക്കാന്‍ വരാം. രാവിലെ അഞ്ചര - ആറുമണിക്ക് തുടങ്ങണം. ഏഴരയോടെ പൂക്കളെല്ലാം പറിച്ചു കഴിയണം.


കൂലി - വലിയ ആളുകള്‍ക്ക് 30 രൂപ

ചെറിയ കുട്ടികള്‍ക്ക് 15 രൂപ


ഓണമലയാളികളേ ഒരു നിമിഷം -
ബാലവേലയുടെ പേരില്‍ ഇവരെ ആക്രമിക്കല്ലേ.. പൂപറിക്കുക എന്ന അവരുടെ കുഞ്ഞുപണിയുടെ പേരില്‍ അവര്‍ സന്തോഷവതികളും സന്തോഷവാന്മാരുമാണ്. അവര്‍ അതുകഴിഞ്ഞ് സകൂളില്‍ പോകുന്നു. പഠിക്കുന്നു. കളിക്കുന്നു. അഭിമാനിക്കുന്നു. അവരുടെ ഇല്ലായമകള്‍ക്ക് പൂക്കളുടെ നിറമാണ്, ഗന്ധമാണ്. അത് നിങ്ങളുടെ ഓണദിവസങ്ങളെ വര്‍ണ്ണാഭവും സുഗന്ധപൂരിതവുമാക്കട്ടെ!

Next Story

Related Stories