TopTop
Begin typing your search above and press return to search.

പയ്യന്നൂര്‍ കോളേജിലെ ആ പ്രത്യേകതരം ജാതിക്കാറ്റ്

പയ്യന്നൂര്‍ കോളേജിലെ ആ പ്രത്യേകതരം ജാതിക്കാറ്റ്

പയ്യന്നൂര്‍ കോളേജിലെ വരാന്ത. തൂണില്‍ ഒട്ടിച്ച നോട്ടീസ് ബോര്‍ഡ്. തൊണ്ണൂറുകളിലെ ഓണം, ക്രിസ്തുമസ് സമയങ്ങളില്‍ അവിടെ ഓടി ചെന്ന് നോക്കും സ്റ്റൈപ്പന്‍റ് വന്നിട്ടുണ്ടോ എന്ന്. പലപ്പോഴും നിരാശ ആയിരിക്കും ഫലം. ഒരു മാസത്തിലേറെ ഒക്കെ നോക്കിയാല്‍ അപ്പോ വരും അവസാനം ലോട്ടറി. രണ്ടാംവര്‍ഷ ഡിഗ്രി പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ്‌റ് കാനറ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയില്‍ എത്തിയിട്ടുണ്ട് എന്ന വാചകം നോട്ടീസ് ബോര്‍ഡില്‍. പൊതുവെ ഞങ്ങളോടും ഒക്കെ മനുഷ്യത്വമുള്ള രവിയേട്ടന്‍ എന്ന ഓഫീസ് സ്റ്റാഫ് അത് മൈക്കിലൂടെ അനൌണ്‍സ് ചെയ്യും. 'പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ്‌റ് പയ്യന്നൂര് കാനറ ബാങ്കില്‍ എത്തിയിട്ടുണ്ട്.' മിക്കവാറും ഓണത്തിനും ക്രിസ്മസ്സിനും ഒക്കെ മുന്നേ ആണ് ഈ പൈസ വരിക എന്നത് കൊണ്ട് തന്നെ ഈ സമയങ്ങളിലെ ആഘോഷങ്ങള്‍ക്കും ജീവിതത്തിനും ഒക്കെ ഈ സ്‌റ്റൈപ്പന്റ്റുകള്‍ പരമാവധി സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രീ ഡിഗ്രീ പഠിക്കുമ്പോള്‍ സ്‌റ്റൈപ്പന്റ്റിന്റെ പൈസ അമ്മ വാങ്ങി എന്തോ വീട്ടുകാര്യത്തിനു ചിലവാക്കി. അതിനു 'എന്റെ' പൈസ എടുത്തു നിങ്ങള്‍ ചിലവാക്കി എന്ന് പറഞ്ഞു ഒരു പാട് തല്ലു കൂടി. അത് 'എന്റേത്' മാത്രം പൈസ അല്ല ഒരു പാട് തലമുറയുടെ വിയര്‍പ്പും സമരവും ആണെന്ന് മനസ്സിലായത് പിന്നെ എപ്പഴോ. പിന്നീട് എം എ പഠിക്കുമ്പോള്‍ ലൈബ്രറി ഉപയോഗിക്കാനറിയാതെ അന്തം വിട്ട്, അവസാനം പരീക്ഷക്ക് എന്ത് ചെയ്യണം എന്നറിയാതെ എം എ ലിറ്ററെച്ചറിന്റെ ഗൈഡ് ഏകദേശം ആയിരത്തി അഞ്ഞൂറിലധികം രൂപയ്ക്കു ഒരു വലിയ ബാഗില്‍ വാങ്ങിച്ചു കൂട്ടി, അത് മുഴുവന്‍ പഠിച്ച് ഒരുവിധം എം എ പാസായതും ഈ സ്‌റ്റൈപ്പന്റ് പൈസ കൊണ്ടായിരുന്നു.

അങ്ങനെ ഞങ്ങള്‍ എല്ലാവരും ഈ നോട്ടീസ് കണ്ടതിന്റെ പിറ്റേ ദിവസം തന്നെ കാനറാ ബാങ്കില്‍ എത്തും. ചിലര്‍ക്ക് ഈ സ്‌റ്റൈപ്പന്‍റ് വാങ്ങിയിട്ട് വേണം വീട്ടില്‍ അരി വാങ്ങിക്കാന്‍. ചിലര്‍ക്ക് വീട്ടില്‍ ഉള്ളവര്‍ക്ക് ഡ്രസ്സ് വാങ്ങാന്‍. ചിലരുടെ ഒക്കെ കൂട്ടുകാര് ചെലവിനു വേണ്ടി കാത്തിരിക്കുന്നുണ്ടാകും. ഈ സ്‌റ്റൈപ്പന്റ് കിട്ടുന്ന സമയത്ത് കൂട്ട് കൂടുന്ന പല കൂട്ടുകാരും ഉണ്ടാകും ഞങ്ങക്ക്. ഞാന്‍ മിക്കവാറും സ്‌റ്റൈപ്പന്റ് കിട്ടിയാല്‍ ഒരു സിനിമ കാണും, പിന്നെ ഒരു മീന്‍ വറുത്തതും കൂട്ടി ഒരു ഊണും കഴിക്കും. ചിലര് നല്ല സ്‌റ്റൈലന്‍ ഡ്രസ്സ് എടുക്കും. ചിലര് മദ്യപിക്കും. എന്തായാലും സ്‌റ്റൈപ്പന്‍റ് കിട്ടി ഓരോരുത്തരും അവരവരുടെ തീരുമാനത്തിനനുസരിച്ചു ജീവിക്കും. ഇതൊക്കെ പലപ്പോഴും കോളേജില്‍ നിന്ന് തന്നെ നേരിടുന്ന പലതരം സംഘര്‍ഷങ്ങള്‍ക്കും ജാതീയതക്കും ഒക്കെ എതിരെ ഉള്ള ദളിത് വിദ്യാര്‍ഥികളുടെ അവരവരുടേതായ ശക്തമായ പ്രതികരണമോ പ്രതിഷേധമോ ഒക്കെ ആയിരുന്നു - ഈ സ്‌റ്റൈപ്പന്‍റ് കിട്ടുമ്പോള്‍ ഉള്ള അവരുടെ ആഘോഷങ്ങളും ഷോപ്പിങ്ങുകളും ജീവിതവും ഒക്കെ. എന്റെ അച്ഛനൊക്കെ സ്‌റ്റൈപ്പന്‍റ് കിട്ടി ഉടനെ അരിയും കറിയും വീട്ടിലെ ചെലവും നടത്തിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിടുണ്ട്. ഒരിക്കല്‍ എസ് എസ് എല്‍ സിക്ക് ഫസ്റ്റ് ക്ലാസ് കിട്ടിയപ്പോ അതിനു ക്ഷേത്രപ്രവേശന വിളംബര സ്മാരക സ്കോളര്‍ഷിപ്പ് ഒരു ആയിരം രൂപ കിട്ടി. അത് വാങ്ങിക്കാന്‍ പോയപ്പോ പയ്യന്നൂര്‍ കോളേജിലെ ഒരു ക്ളെര്‍ക്ക് ഇങ്ങനെ ആണ് പറഞ്ഞത്. 'ഇത് സ്‌റ്റൈപ്പന്‍റ്'. സ്‌റ്റൈപ്പന്‍റ് വാങ്ങാന്‍ ഒരു നാണക്കേടും ഇല്ലായിരുന്നുവെങ്കിലും അതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് വിചാരിച്ചു ആ ഫോം കാണിച്ചു കൊടുത്തു ഇങ്ങനെ പറഞ്ഞു 'ഇതാ നോക്ക്... ഇത് സ്‌റ്റൈപ്പന്‍റ് ആണോ സ്‌കോളര്‍ഷിപ്പ് ആണോ എന്ന്‍?' ക്ളെര്‍ക്കിന്റെ മുഖം ചമ്മി ദേഷ്യം വന്നു ചുവന്നു തുടുത്തപ്പോ ഒരായിരം പേര്‍ എനിക്ക് വേണ്ടി കയ്യടിക്കുന്നത് പോലെയാണ് സ്വയം തോന്നിയത്.

ഒരിക്കല്‍ പ്രീ ഡിഗ്രീ ക്ലാസ്സില്‍ ഒരു ഇംഗ്ളീഷ് മാഷ് 'Silas Marner ' എന്ന നോവല്‍ പഠിപ്പിക്കുകയാണ്. തൊണ്ണൂറു പേരുള്ള ഒരു ക്ലാസ്സില്‍ ഒരു കോപ്പും മനസ്സിലാകാത്ത ഞങ്ങള്‍ ഏറ്റവും പിന്നില്‍ ആണ് ഇരിക്കുന്നത്. എന്റെ ഒരു ചെങ്ങായി വിനോദ്, അവനു കോളേജിലെ ഇരട്ടപ്പേര് ചളി എന്നായിരുന്നു. എന്ത് കാരണം കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അവനും ഞങ്ങള്ക്കും അറിയില്ലായിരുന്നു. മാഷ് സൈലാസ് മാര്‍നാര്‍ ഇങ്ങനെ വായിച്ചു പോവുകയാണ്. ഒരു നോവല്‍ പഠിപ്പിക്കുകയാണെന്ന ഒരു ബോധവും ബോധ്യവുമില്ലാതെ ഇങ്ങനെ ഒരു ചടങ്ങിനു വായിച്ചു പോവുക. ഒന്നും മനസ്സിലാകാത്ത വിനോദ് ഇങ്ങനെ പറഞ്ഞു. 'എന്ത് മൈ... നാടാ ഈ ക്ലാസ്സില്‍ ഇരിക്കുന്നത്? ഒരു തേങ്ങയും മനസ്സിലാകുന്നില്ല. വിനോദ് സംസാരിക്കുന്നത് മാഷ് കണ്ടു. ഉടനെ വന്നു ചോദ്യം. 'എന്താ നിന്റെ പേര്? എത്രയാ നിനക്ക് മാര്‍ക്ക്. ഓ ഇരുനൂറ്റി പത്ത്. റിസര്‍വേഷന്‍ ആണല്ലേ? സ്‌റ്റൈപ്പന്‍റ് വാങ്ങാനായിട്ടല്ലേ ഇങ്ങോട്ട് കെട്ടി എടുക്കുന്നത്? എന്തിനാടാ ഇവിടെ വന്നു ബാക്കിയുള്ള പിള്ളേരെ കൂടി ശല്യപ്പെടുത്താതെ നിനക്കൊക്കെ കെളക്കാന്‍ പോയിക്കൂടെ?' സ്‌റ്റൈപ്പന്‍റ് വാങ്ങിക്കുന്നവര്‍ എന്നും കിളക്കണം എന്നാണല്ലോ ഈ മാഷ് പറയുന്നത്. എന്തിനാ ഇങ്ങനെ ഒരു മാഷ് ഞങ്ങള്‍ക്ക്? പയ്യന്നൂര്‍ കോളേജിലെ വരാന്തയില്‍, പിന്നെ രാത്രി കോളേജിലെ തന്നെ ചന്ദ്രേട്ടന്റെ പീടികയിലെ കഞ്ഞിയും കുടിച്ച് നടക്കുമ്പോ ഇത് ഓര്‍ത്ത് ഉറക്കെ അലറാന്‍ തോന്നും. പിന്നെ ഡിഗ്രിക്ക് പഠിക്കുമ്പോ ഞാനും കേട്ടു - അത് പ്രായമായ ഒരു ലേഡി പ്രൊഫസറുടെ വായില്‍ നിന്നായിരുന്നു . പ്രൊഫസര്‍ തുപ്പല്‍ തെറിപ്പിച്ചാണ് പറഞ്ഞത്. 'നീ ഒക്കെ എവിടെ വരെ എത്തും എന്നെനിക്കറിയാം'. അങ്ങനെ അങ്ങനെ പ്രൊഫസര്‍മാരുടെ ജാതീയ ആത്മാവിനു നിര്‍വൃതി അടയാന്‍ അവരവരുടെ ചില കലമ്പലുകള്‍.

പയ്യന്നൂരിലെ കാനറ ബാങ്കില്‍ ആണ് അന്നൊക്കെ ഞങ്ങള്‍ സ്‌റ്റൈപ്പന്‍റ് വാങ്ങാന്‍ പോവുക. ആദ്യമൊക്കെ കോളേജ് ഓഫീസില്‍ തന്നെ ആണ് സ്റ്റൈപ്പന്‍റ് വരിക എന്നാണു എന്റെ ഓര്‍മ. പിന്നീട് ഓരോരുത്തര്‍ക്കും ഓരോ അക്കൌന്റ് ഒക്കെ ആക്കി അത് കാനറ ബാങ്കിലേക്ക് മാറ്റി. ഒരിക്കല്‍ സ്‌റ്റൈപ്പന്‍റ് വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും കാനറ ബാങ്കില്‍ എത്തി. പത്തു മണിക്കോ അതിനു മുമ്പോ തന്നെ. ഞങ്ങള്‍ പാസ് ബുക്കും ഒക്കെ കൊടുത്തു. എല്ലാവര്‍ക്കും പൈസക്ക് അത്യാവശ്യമുണ്ട്. ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഒക്കെ ഉണ്ട്. കാനറ ബാങ്കിന്റെ മുന്നില് ആണ് പലപ്പോഴും ഞങ്ങള്‍ ഒക്കെ ഒരു കുടുംബം ആയി മാറുക. എല്ലാവര്‍ക്കും പലയിടത്തും പോവുകയും വേണം. പക്ഷെ കാനറ ബാങ്കിലെ ക്ളര്‍ക്കിന്റെ വക പിന്നീട് ഒരു ഓര്‍ഡര്‍ ആയിരുന്നു. സ്‌റ്റൈപ്പന്‍റ്കാരൊക്കെ മാറി നിക്ക്. ബാക്കിയുള്ളവരുടെ ഇടപാട് കഴിഞ്ഞിട്ട് മതി സ്‌റ്റൈപ്പന്‍റ്. സ്‌റ്റൈപ്പന്‍റ് എന്നത് അയാളുടെ വീട്ടില്‍ നിന്നും എടുത്തു തരുന്നത് പോലെ ഉള്ള പെരുമാറ്റം. അന്ന് കാത്തു നിന്നു. ഒരു പതിനൊന്നര മണി ഒക്കെ ആകുമ്പോള്‍ ഞങ്ങള്‍ ചൂടാകാന്‍ തുടങ്ങി. അവസാനം പത്തു മണിക്ക് വന്നിട്ട് ഒരു മണി എങ്കിലും ആയി പൈസ കിട്ടാന്‍. അത് വെച്ചു താമസിപ്പിക്കാന്‍ രാജാവിനെക്കാള്‍ രാജ ഭക്തിയുള്ള ഒരു പ്യൂണും. 'നിന്നെ ഞങ്ങള്‍ എടുത്തോളാട്ടാ' എന്നും പറഞ്ഞാണ് ഞങ്ങള്‍ ബാങ്ക് വിട്ടത്.

ഈ സ്‌റ്റൈപ്പന്‍റ് ഒക്കെ വാങ്ങിച്ചു പഠിച്ചു, സംവരണത്തെ ഒക്കെ നിരാകരിക്കാതെ പലതും കടിച്ചു പിടിച്ചും പലയിടത്തും പൊട്ടിത്തെറിച്ചും തന്നെ ആണ് ഇന്നത്തെ ദളിത് തലമുറ ഇവിടെ വരെ എത്തിയത്. അങ്ങനെ ഈയിടെ തൃശ്ശൂരില്‍ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ടു എന്റെ ഡോക്യുമെന്ടറിയും പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. പ്രദര്‍ശനവും കഴിഞ്ഞു പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങി. ദളിത് വിഷയം പ്രതിപാദിപ്പിക്കുന്ന ഒരു പുസ്തക പ്രകാശനം ആയിരുന്നു. അപ്പൊ കേട്ട രസകരമായ ഒരു കമന്റ് ആണ്. അപകര്‍ഷത ബോധത്തോടെ സ്‌റ്റൈപ്പന്‍റ് വാങ്ങുന്ന ദളിത് കുട്ടികള്‍. കേട്ടപ്പോ തരിച്ചു കേറി വന്നു. പറഞ്ഞത് പുസ്തക രചയിതാവും ദളിത് ബുദ്ധിജീവിയുമായ ഒരു കോളെജ് അദ്ധ്യാപകന്‍. എത്ര പെട്ടെന്നാണ് സ്‌റ്റൈപ്പന്‍റ് വാങ്ങുന്നവരെ അപകര്‍ഷതാ ബോധത്തിലേക്ക് ചുരുട്ടിക്കൂട്ടാന്‍ ഈ ദളിത് ബുദ്ധിജീവിക്ക് ആകുന്നത്? അപകര്‍ഷതാ ബോധം എന്ന് പറഞ്ഞു, സ്‌റ്റൈപ്പന്‍റ് ഭരണ ഘടനയുടെ അവകാശമായി പിടിച്ചെടുക്കുന്ന ഒരു സമൂഹത്തെ, അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ മറന്ന്‍, അപകര്‍ഷതാബോധം എന്ന് ഈസി ചെയര്‍ കമന്റ് വിടുന്നത്? അത് പോലെ ചര്‍ച്ചയില്‍ അത് എതിര്‍ത്തപ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞത്, എന്നാലും ചില കുട്ടികള്‍ക്ക് അപകര്‍ഷതാ ബോധം ഉണ്ടെന്നാണ്. ഇങ്ങേരു ആര് ഈ അപകര്‍ഷതാ ബോധ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍? എത്ര പെട്ടെന്നാണ് ദളിതന്റെ സ്‌റ്റൈപ്പന്‍റ് എന്ന രാഷ്ട്രീയ അവകാശ ഉയിര്‍പ്പിനെ ഇങ്ങനെ നിസ്സാരവല്‍കരിക്കുന്നത്. അതിന്റെ ഇടയില്‍ ഒരു ഫെമിനിസ്റ്റിന്റെ, അവര്‍ സീരിയസ് ആയി പറഞ്ഞ ഒരു സംഭവം ശരിക്കും കോമഡി ആയാണ് തോന്നിയത്. ഒരു കോളേജ് അധ്യാപിക. 'ക്ലാസ്സില്‍ ജാതിയെ കുറിച്ച് സംസാരിച്ചാല്‍ ദളിത് വിദ്യാര്‍ഥികളുടെ ഒക്കെ മുഖം ഒരേ പോലെ വാടും.' എല്ലാ ദളിത് വിദ്യാര്‍ഥികളും ഒരു ക്ലാസ്സില്‍ 'ഒരേ പോലെ മുഖം വാടും' എന്ന് പറഞ്ഞു ഒരു വ്യത്യസ്തതയും കൊടുക്കാതെ ഒറ്റ ചട്ടക്കൂട്ടില്‍ കെട്ടുന്ന ആ ഫെമിനിസ്റ്റ് കോളേജ് അധ്യാപിക ബുദ്ധി ഉണ്ടല്ലോ, പെറ്റ തള്ള സഹിക്കില്ല. ചില സമയത്ത് ഇങ്ങനെ തോന്നിപ്പോകും കേരളത്തില്‍ മാറ്റമില്ലാത്തതായി ഒന്നുണ്ടെങ്കില്‍ ജാതീയത ഉള്ളിലുള്ള ചില കോളേജ് അധ്യാപകര്‍ ആണ്. പണ്ട് വിനോദിനെ ചീത്ത പറഞ്ഞ അധ്യാപകന്റെ പുതിയ രൂപങ്ങള്‍.

പയ്യന്നൂര്‍ കോളേജിലെ വരാന്തയില്‍ കൂടി നടക്കുമ്പോള്‍ വിനീത് ശ്രീനിവാസനൊക്കെ ഒരു പ്രത്യേകതരം കാറ്റു ണ്ടാകും. മലബാറില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം കാറ്റ്. പക്ഷെ പയ്യന്നൂര്‍ കോളജില്‍ പഠിച്ച എന്നെ പോലുള്ള ഒരു ദളിത് വിദ്യാര്‍ത്ഥി ആ വരാന്തയിലൂടെ നടന്നാല്‍ ഒരു പ്രത്യേക തരം 'ജാതിക്കാറ്റുണ്ടാകും'. വരാന്തയിലെ നോട്ടീസ് ബോര്‍ഡിലെ ചില സ്‌റ്റൈപ്പന്‍റ് ഓര്‍മകളും ക്ളാസ് റൂമില്‍ ചില മാഷമ്മാരുടെ ജതീയതകളും ഓര്‍മിപ്പിക്കുന്ന ഒരു പ്രത്യേകതരം ജാതിക്കാറ്റ്.

(ജാതിക്കാറ്റ് എന്ന പ്രയോഗത്തിനു എന്റെ സുഹൃത്ത് അജിത് കുമാര് എ എസിന് നന്ദി ).


Next Story

Related Stories