TopTop
Begin typing your search above and press return to search.

ഞങ്ങള്‍ അരക്ഷിതരും ആകുലരുമാണ്

ഞങ്ങള്‍ അരക്ഷിതരും ആകുലരുമാണ്

ടിം ക്രെയ്ഗ്
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)പാകിസ്ഥാനിലെ ഏറ്റവും പഴയ പള്ളികളിലൊന്നായ പെഷവാറിലെ ഓള്‍ സെയിന്‍റ്സ് പള്ളിയിലെ അള്‍ത്താരയില്‍ തിളങ്ങുന്ന ചുവന്ന അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,“എന്‍റെ പ്രാര്‍ത്ഥനാലയത്തില്‍ ഞാനവരെ ആനന്ദിപ്പിക്കും.”

എന്നാല്‍ തിങ്കളാഴ്ച്ച പള്ളിക്ക് പുറത്ത് തടിച്ചുകൂടിയ വിശ്വാസികള്‍ വിലപിക്കുകയും ദുഖാചരണം നടത്തുകയുമായിരുന്നു. ഒരു ദിവസം മുമ്പാണ് പള്ളിയില്‍ നടന്ന രണ്ടു ചാവേര്‍ ബോംബാക്രമണങ്ങളില്‍ 85 പേര്‍ കൊല്ലപ്പെടുകയും, കുറഞ്ഞത് 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രാജ്യത്തിന്‍റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്ന് സഭാ നേതാക്കന്മാര്‍ കരുതുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത്, 1883-ല്‍ പണിതീര്‍ത്ത പള്ളിമുറ്റത്ത് ആക്രമണത്തിന്‍റെ അവശേഷിപ്പുകള്‍ കാണാം. കല്ലുകളില്‍ ചോര പടര്‍ന്നിരിക്കുന്നു. നൂറുകണക്കിനു ചെരിപ്പുകള്‍ ഇപ്പോളും ചിതറിക്കിടക്കുന്നു. ഒരു യുദ്ധത്തിന്നു നടുവിലകപ്പെട്ടതുപോലെ പള്ളിയുടെ വെള്ളക്കല്‍ ചുമരില്‍നിന്നും നിരവധി കല്ലുകള്‍ അടര്‍ന്നുവീണിരിക്കുന്നു. ചുറ്റുമതിലില്‍ മുടിയും മാംസവും പറ്റിപ്പിടിച്ചുകിടക്കുന്നുണ്ട്. ചര്‍ച്ച് ഓഫ് പാകിസ്ഥാന്‍റെ ബിഷപ്പ് കൊല്ലപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയാണ്. ഇതിനിടയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതനേതാക്കളുടെ വിളികള്‍ക്ക് അദ്ദേഹം മറുപടി പറയുന്നുമുണ്ട്.

“ഞങ്ങള്‍ക്ക് അരക്ഷിതത്വവും, ഭയവും, ആകുലതയും തോന്നുന്നു,” 1970-ല്‍ സ്ഥാപിച്ച ചര്‍ച്ച് ഓഫ് പാകിസ്ഥാന്‍റെ, പെഷവാര്‍ ബിഷപ് ഹംഫ്രി പീറ്റേര്‍സ് പറഞ്ഞു. “പക്ഷേ ഞങ്ങളുടെ വിശ്വാസം കൂടുതല്‍ കൂടുതല്‍ ഗാഢമാവുകയാണ്.” ‘ക്രൂരവും, മനുഷ്യത്വരഹിതവുമായ ആക്രമണത്തെ’ അപലപിച്ച് പ്രമേയം അംഗീകരിച്ച പാകിസ്ഥാന്‍ ദേശീയ അസ്സംബ്ലി ഇത് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരായ ആക്രമണം മാത്രമല്ല മറിച്ച് ‘എല്ലാ പാകിസ്ഥാന്‍കാര്‍ക്കും നേരെയുള്ളതാണെന്ന്’ പ്രസ്താവിക്കുകയുകയുണ്ടായി.പാകിസ്ഥാനിലെ ജനസംഖ്യയുടെ വെറും 1 മുതല്‍ 2 വരെ ശതമാനം മാത്രമാണ് ക്രിസ്ത്യാനികളുടെ എണ്ണം. ഇസ്ളാമിക തീവ്രവാദികളുടെ ഭീഷണിയെക്കുറിച്ച് അവര്‍ നിരന്തരമായി പരാതികള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഈ ബോംബാക്രമണം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞിരിക്കുന്നു. നിയമവ്യവസ്ഥ പാലിക്കാനുള്ള ദുര്‍ബ്ബലമായ ശ്രമങ്ങളെപ്പോലും ഇത് പ്രതികൂലമായി ബാധിക്കുകയാണ്.ആക്രമണം നടന്നു രണ്ടാം ദിവസവും ക്രിസ്ത്യാനികള്‍ ടയര്‍ കത്തിച്ചും വഴി തടഞ്ഞും, കല്ലെറിഞ്ഞും രാജ്യത്തെങ്ങും പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെഷവാറില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വരെ ഉപയോഗിച്ച് വഴി തടഞ്ഞതായാണ് വാര്‍ത്തകള്‍.ഞായറാഴ്ച്ച ദിവസത്തെ മതപഠന ക്ലാസുകളില്‍ വന്ന നിരവധി കുട്ടികളെയും, പള്ളിയിലെ പാട്ട് സംഘത്തിലെ അംഗങ്ങളെയും കൊന്നൊടുക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍റെ ഒരു വിഘടിത സംഘം ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍റെ മണ്ണില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ പോര്‍വിമാന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്ന് അവര്‍ അവകാശപ്പെടുന്നു.പള്ളിയില്‍ നടന്ന ആക്രമണം,“പാകിസ്ഥാന്‍ ജനതയുടെ മൂല്യങ്ങള്‍ക്കും എല്ലാ പൌരന്മാരുടെയും നല്ല ഭാവിക്കും നേരെയുള്ളതാണെന്ന്” അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് ഓള്‍സണ്‍ പറഞ്ഞു. താലിബാനെ സമാധാന ചര്‍ച്ചകളില്‍ പങ്കാളിയാക്കാനുള്ള തന്‍റെ പദ്ധതി പുനരാലോചിക്കേണ്ടിവരുമെന്ന് ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്.പക്ഷേ പെഷവാറില്‍ ആക്രമണത്തിന്‍റെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും രാഷ്ട്രീയ, നയതന്ത്ര വര്‍ത്തമാനങ്ങളില്‍ തീര്‍ത്തും താത്പര്യമില്ല. സ്ഫോടനത്തിനുപയോഗിച്ച ചെറിയ ഇരുമ്പു ഗോലികള്‍ കയ്യിലെടുത്ത് അര്‍ഷദ് ജാവേദ് പറഞ്ഞു,‘ഇതൊരു ചാവുനിലമാണ്.”
ലേഡി റീഡിങ് ആശുപത്രിയില്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ കഷ്ടപ്പെടുകയാണ്. ഇടുങ്ങിയ വരാന്തകളില്‍ തിങ്ങിനിറഞ്ഞ രോഗികളുടെ തേങ്ങലുകള്‍ അടങ്ങുന്നില്ല. ചികിത്സ കാത്തിരിക്കുന്ന കുട്ടികളുടേയും സ്ത്രീകളുടെയും അച്ഛന്‍മാരും ഭര്‍ത്താക്കന്മാരും ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുന്നുണ്ട്. പല രോഗികളുടെയും മുറിവുകളിലെ വെച്ചുകെട്ടുകള്‍ സ്ഫോടനത്തിന്‍റെ ആദ്യമണിക്കൂറുകളില്‍ നടത്തിയതാണ്. അത് രണ്ടാം ദിവസവും മാറ്റിയിട്ടില്ല. അടിയന്തിര വിഭാഗത്തിന്‍റെ മൂലയില്‍ മുട്ടോളം ഉയരത്തില്‍ ചോര പുരണ്ട വസ്ത്രങ്ങളും, ഒഴിഞ്ഞ വെള്ളക്കുപ്പികളും, മറ്റ് വിഴുപ്പുകളും കൂട്ടിയിട്ടിരിക്കുന്നു. (ശുചീകരണ ജോലിക്കാരില്‍ പലരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പിന്നീട് പറഞ്ഞത്)“ഞങ്ങളാല്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ട്,” ഡോക്ടര്‍ ഗുലാം സുബിനി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 ശസ്ത്രക്രിയാ മുറികളിലായി 45 വലിയ ശസ്ത്രക്രിയകളാണ് നടത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു. വെടിച്ചില്ലുകള്‍ തുളച്ചുകയറി തകര്‍ന്ന കാലില്‍ കമ്പി കെട്ടി കട്ടിലില്‍ ഇരിക്കുന്ന ഡാനിഷ് യൂനസിന്‍റെ (32) അമ്മാവനും രണ്ടു മരുമക്കളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.“ക്രിസ്ത്യാനികള്‍ക്ക് രക്ഷയില്ല,” യൂനസ് പറയുന്നു. “ഏതെങ്കിലും വിദേശ രാജ്യങ്ങള്‍ ക്രിസ്ത്യാനികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ അത് ചെയ്യണം.”ഭാവിയെക്കുറിച്ചുള്ള കടുത്ത ആശങ്കകള്‍ക്കിടയിലും തങ്ങളുടെ മുസ്ലീം അയല്‍ക്കാര്‍ കാണിച്ച അകമഴിഞ്ഞ പിന്തുണയില്‍ പലരുടെയും ഹൃദയം നിറയുന്നുണ്ട്. അവരില്‍ ചിലര്‍ കുഴിമാടങ്ങള്‍ വെട്ടാന്‍ പോലും സഹായിച്ചു. ഇസ്ളാമിക സന്നദ്ധ സംഘടനകളില്‍ നിന്നുള്ളവര്‍ ആശുപത്രിയിലെത്തി രോഗികള്‍ക്കുള്ള സഹായമായി 20 ഡോളര്‍ കൈമാറുന്നുണ്ട്.
“പാകിസ്ഥാന്‍ വിരുദ്ധരാണ് സ്ഫോടനത്തിന് പിന്നില്‍,”എന്ന് ആശുപത്രിയില്‍ പരിക്കേറ്റവരെ കാണാനെത്തിയ മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് ആരോപിക്കുന്നു. “രാജ്യത്തിന് വരുത്താന്‍ ആഗ്രഹിച്ച നഷ്ടം അവര്‍ വരുത്തിക്കഴിഞ്ഞു. രാജ്യത്തെ മുഴുവന്‍ അവര്‍ സ്തബ്ധരാക്കിയിരിക്കുന്നു.”
പക്ഷേ,‘ഭരണകൂടം ഒരു പ്രത്യേക മതവിശ്വാസം പിന്തുടരാതിരിക്കാന്‍’രാജ്യത്തിന്‍റെ ഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണമായിരിക്കണം നടത്തേണ്ടുന്നത് എന്നും ചര്‍ച്ച് ഓഫ് പാകിസ്ഥാന്‍ ബിഷപ്, സാമുവല്‍ അസരിയ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയൊന്നുണ്ടാകും വരേക്കും പാകിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വിശ്വാസം മാത്രമായിരിക്കും ആശ്രയമെന്നും ബിഷപ് പറഞ്ഞു.പ്രാര്‍ത്ഥന കഴിഞ്ഞയുടനെ പള്ളിമുറ്റത്തു നടന്ന സ്ഫോടനത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ പറഞ്ഞതുപോലെ ‘അധിക പ്രാര്‍ഥനകള്‍ക്കായി’ അകത്തിരുന്നവരാണത്രേ രക്ഷപ്പെട്ടവരിലേറെയും.


Next Story

Related Stories