TopTop
Begin typing your search above and press return to search.

നിങ്ങളുടെ മോളാകാതെയും എനിക്ക് വിലാസമുണ്ട് - അബ്ദുള്ളക്കുട്ടിക്ക് ജസീറയുടെ മറുപടി

നിങ്ങളുടെ മോളാകാതെയും എനിക്ക് വിലാസമുണ്ട് - അബ്ദുള്ളക്കുട്ടിക്ക് ജസീറയുടെ മറുപടി

വിഷ്ണു വി ഗോപാല്‍

'31 വയസായ എന്നെ മോളേ എന്നു വിളിക്കുന്ന താങ്കളുടെ വാത്സല്യം ഞാന്‍ മനസിലാക്കുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ ഇടപെടുമ്പോള്‍ ചിലരുടെ പുരുഷമേധാവിത്വ സ്വഭാവം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതിന്റെ ഭാഗമാണ് ഈ മോള്‍വിളി. പൊതു ഇടത്തിലേക്ക് സത്രീ കാലുകുത്തുമ്പോളുള്ള അപകര്‍ഷതാ ബോധം. അബ്ദുള്ളക്കുട്ടിയുടെ മോളും സഹോദരിയുമാകാതെ തന്നെ ജസീറയ്ക്ക് വിലാസമുണ്ട്.' - എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക് ജസീറയുടെ മറുപടി

തീരദേശ സംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കടല്‍ മണല്‍ ഖനനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ജസീറ ഇതിനോടകം പൊതുജന ശ്രദ്ധനേടിക്കഴിഞ്ഞു. സദാചാരവാദികളുടെയും, എന്തിനെയും വിമര്‍ശന ബുദ്ധിയോടെ മാത്രം കാണുന്ന മറ്റ് ചിലരുടെയും ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നെങ്കിലും 54 ദിവസങ്ങള്‍ പിന്നിട്ട് സമരം മുന്നേറുകയാണ്. ജസീറയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന മുഖ്യമന്ത്രിയുടേതടക്കമുള്ള വാഗ്ദാനങ്ങള്‍ തള്ളിക്കളഞ്ഞ് ശാശ്വതമായ പരിഹാരത്തിന് വേണ്ടി ജസീറ സമരം തുടരുന്നു. അതുകൊണ്ടുതന്നെ ജസീറയുടെ സമരം മറ്റു പല സമരങ്ങളില്‍ നിന്ന് വ്യത്യസ്തവുമാകുന്നു.

പ്രബുദ്ധത അവകാശപ്പെടുന്ന കേരള സമൂഹത്തില്‍ ഒരു പെണ്ണ്, അതും ഒരു ഇസ്ലാം മത വിശ്വാസി സമരം ചെയ്യുമ്പോഴുണ്ടാകാനിടയുള്ള എല്ലാ പ്രതിബന്ധങ്ങളും വിമര്‍ശനങ്ങളും ഭീഷണികളും ജസീറ നേരിട്ടിട്ടുണ്ട്. തലസ്ഥാനത്ത് സമരം ആരംഭിക്കുന്ന ഘട്ടത്തില്‍ അതൊരു ഒറ്റയാള്‍ സമരം മാത്രമായിരുന്നു. എന്നാല്‍ വളരെ വേഗത്തില്‍ സമരം ജനശ്രദ്ധ നേടി. മാധ്യമങ്ങളിലൂടെയും, സോഷ്യല്‍ മീഡിയകളിലൂടെയും, നേരിട്ടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ ജസീറയ്ക്കരികിലേക്കെത്തിക്കൊണ്ടിരിക്കുന്നു.

സോളാറക്കടമുള്ള വിഷയങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് സിപിഎം ഉപരോധസമരം സംഘടിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രകടനം നടത്തുകയും ചെയ്യുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അവഗണന സഹിച്ച് ഒരു സ്ത്രീ നടത്തുന്ന പ്രതിഷേധ സമരത്തെപ്പറ്റി പ്രതികരിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. കോണ്‍ഗ്രസ്സും ബിജെപിയും ഒക്കെ ജസീറയുടെ സമരത്തെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല. പരിസ്ഥിതി വാദം പറയുന്ന പുരോഗമന പ്രസ്ഥാനങ്ങളോ ശാസ്ത്ര സാഹിത്യ പരിഷത്തോ പരിസ്ഥിതിയുടെ കാവലാളായ സാഹിത്യ കുലപതികളോ വിഷയത്തില്‍ ഇടപെട്ടില്ല. ജസീറക്ക് വേണ്ടി ഇതിനിടെ രംഗത്ത് വന്ന പലരുടേയും ലക്ഷ്യം എളുപ്പത്തില്‍ കിട്ടാവുന്ന പ്രശസ്തി മാത്രമായിരുന്നു.

ഒരു മുസ്ലീം എന്ന ജസീറയുടെ അസ്തിത്വം പോലും സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമം നടന്നു. അതും സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍. തീവ്രവാദ ബന്ധമായിരുന്നു ആരോപണം. അതുകൊണ്ടും പിന്‍തിരിയില്ല എന്നായപ്പോള്‍ ജസീറയുടെ ചാരിത്ര്യശുദ്ധി അളക്കാനും ചിലര്‍ രംഗത്തെത്തി. പിന്നെ ജസീറയുടെ കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റിയോര്‍ത്തായിരുന്നു ചിലരുടെ ആകുലത. ഇക്കാര്യം പറഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പൊറാട്ട് നാടകത്തിനും സെക്രട്ടേറിയറ്റ് പരിസരം വേദിയായി. ഇത്തരം പ്രതിസന്ധികളെല്ലാം തരണംചെയ്തു ജസീറയുടെ സമരം മുന്നേറുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കാനാകില്ല എന്ന അവസ്ഥവന്നു എന്നതാണ് സത്യം. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ അവസാനവാക്കെന്നു സ്വയം വിശ്വസിക്കുന്നവര്‍ രംഗപ്രവേശം ചെയ്തത് അപ്പോളാണ്.

ജസീറയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപന നാടകങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ പതിവാണ്. ജസീറയെയും അവരെ കാണാനെത്തുന്നവരേയും തീവ്രവാദികളായി പ്രഖ്യാപിച്ച പൊലീസിന്റെ സംരക്ഷണത്തില്‍ തന്നെ ഇത്തവണ സ്ഥലത്തെ ഹരിത എംഎല്‍മാര്‍ ഐക്യദാര്‍ഢ്യവുമായെത്തി. വി.ഡി.സതീശനും ടി.എന്‍ പ്രതാപനും, ഹൈബി ഈഡനുമൊക്കെയായിരുന്നു വൈകിവന്ന വിവേകത്തോടെ രംഗത്ത് വന്നത്. പക്ഷെ അനുരഞ്ജനത്തിന്റെ ഭാഷയായിരുന്നു അവര്‍ക്കും. പത്രക്കാര്‍ പടമെടുക്കാന്‍ വട്ടം കൂടിയപ്പോള്‍ ചിരിച്ച് നിന്നവര്‍ ജസീറയോട് സൂത്രത്തില്‍ പറഞ്ഞത് സമരമവസാനിപ്പിക്കാന്‍ തന്നെയാണ്. വി.ഡി.സതീശന്‍ എംഎല്‍എ പറഞ്ഞിരുന്നെങ്കില്‍ തന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറായേനെ എന്നാണ് ജസീറ ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷെ പിന്നീട് എംഎല്‍എമാരുടെ പൊടിപോലുമുണ്ടായില്ല.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണയും ഹരിതന്‍മാര്‍ക്ക് പുറമേ ജസീറയ്ക്ക് പിന്തുണയുമായെത്തി. ജസീറയുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും വേണ്ട സഹായങ്ങള്‍ നല്‍കാമെന്നും ബിന്ദുകൃഷണയും പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ പടം പത്രങ്ങളില്‍ അച്ചടിച്ച് വന്നതിന് പിറകേ മുന്‍ മന്ത്രിയും ജസീറയുടെ നാട്ടുകാരിയുമായ ശ്രീമതി ടീച്ചറും ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി ഓടിയെത്തി. എന്നാല്‍ സ്വന്തം നാട്ടുകാരിയോട് ടീച്ചര്‍ക്കു നല്‍കാനുണ്ടായിരുന്ന ഉപദേശവും മറ്റൊന്നായിരുന്നില്ല. എങ്ങിനെയെങ്കിലും സമരം അവസാനിപ്പിക്കൂ എന്ന് തന്നെയായിരുന്നു അത്. പക്ഷെ ജസീറ അതിനൊരുക്കമല്ല.

'ഞാനിനി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടില്ല. 54 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ് ഞാന്‍. ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും സമരത്തിനു കിട്ടി തുടങ്ങിയപ്പോഴാണ് ഇവരൊക്കെ പിന്തുണയുമായി വരുന്നത്. പക്ഷേ എല്ലാവരുടേയും ലക്ഷ്യം സമരം അവസാനിപ്പിക്കുക മാത്രമായിരുന്നു.'

'എന്നെ അപമാനിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയ ആളാണ് കണ്ണൂര്‍ ജില്ലാകളക്ടര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവും വിളിച്ച് ആവശ്യപ്പെട്ടത് സമരം അവസാനിപ്പിക്കണമെന്നാണ്. മാഫിയകളുടെയും രാഷ്ട്രീയക്കാരുടെയും സമ്മര്‍ദ്ദം ഉണ്ടായതുകൊണ്ടാണ് കളക്ടര്‍ ഇങ്ങനെ പറഞ്ഞത്. കളക്ടറെ മണല്‍മാഫിയയല്ലേ ഭയക്കേണ്ടത്. എന്തിനാണ് ഒരു കളക്ടര്‍ ഗുണ്ടകളെ ഭയക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയക്കാരും ഭരണ വര്‍ഗ്ഗവും മണല്‍മാഫിയക്ക് അനുകൂലമാണ്. ഒത്തു തീര്‍പ്പിനായി ആരും തന്നെ കാണാന്‍ വരണ്ട. തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുംവരെ സമരം തുടരുകതന്നെ ചെയ്യും. ആരുടെയും കയ്യിലെ റിമോട്ട് കണ്‍ട്രോളല്ല ഞാന്‍.' ജസീറ പറഞ്ഞു.

എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ കത്തും അതിലെ കുത്തും

ഇതിനിടയില്‍ വികസനത്തിന്റെ പരിസ്ഥിതി പാഠം പറഞ്ഞ് പൈങ്കിളി ഭാഷയെ വെല്ലുന്ന കത്തുമായി എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയും രംഗത്തെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ച് വന്നത്. 'മോളേ ജസീറേ കടപ്പുറത്തേക്ക് പൂഴിയിറക്കരുത്' എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ജസീറയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഭീഷണിയുടെ സ്വരം. തീരപ്രദേശത്തെ ജനങ്ങള്‍ വന്‍ വിലകൊടുത്ത് കംബോഡിയയില്‍ നിന്ന് കപ്പലില്‍ കൊണ്ടുവരുന്ന മണല്‍ വാങ്ങുന്നു എന്നതാണ് അബ്ദുള്ളക്കുട്ടിയുടെ സങ്കടം.

മണല്‍, വികസനത്തിന്റെ അടിസ്ഥാനഘടകമാണെന്ന് അബ്ദുള്ളക്കുട്ടി ഉറപ്പിച്ചു പറയുന്നു. കടലില്‍ നിന്ന് മണല്‍ എടുക്കുന്നതിനു തടസമായ നിയമം മാറ്റാന്‍ ഭരണഘടനക്ക് 118-ആം ഭേദഗതി പോലും അബ്ദുള്ളക്കുട്ടി നിര്‍ദ്ദേശിക്കുന്നു. ടി.എന്‍ പ്രതാപന്റെ വീട്ടില്‍ തുളസിത്തറയില്ലാത്തതിനെ വിമര്‍ശിക്കുന്നുണ്ട് അബ്ദുള്ളക്കുട്ടി. പൂച്ചെട്ടിയിലെ ചെടി വളര്‍ത്തലും തുളസിത്തറയുമൊക്കെയാണ് അബ്ദുള്ളക്കുട്ടിയുടെ പരിസ്ഥിതി പ്രണയം.

അബ്ദുള്ളക്കുട്ടിക്ക് നല്‍കാന്‍ ജസീറയുടെ പക്കല്‍ നല്ല ചുട്ട മറുപടിയുണ്ട്. പ്രത്യേകിച്ച് 'മോളേ..' എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തിന്. '31 വയസായ എന്നെ മോളേ എന്നു വിളിക്കുന്ന താങ്കളുടെ വാത്സല്യം ഞാന്‍ മനസിലാക്കുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ ഇടപെടുമ്പോള്‍ ചിലരുടെ പുരുഷമേധാവിത്വ സ്വഭാവം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതിന്റെ ഭാഗമാണ് ഈ മോള്‍വിളി. പൊതു ഇടത്തിലേക്ക് സത്രീ കാലുകുത്തുമ്പോളുള്ള അപകര്‍ഷതാ ബോധം. അബ്ദുള്ളക്കുട്ടിയുടെ മോളും സഹോദരിയുമാകാതെ തന്നെ ജസീറയ്ക്ക് വിലാസമുണ്ട്.'

'താങ്കളെഴുതിയ കത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന പരിസ്ഥിതി സ്‌നേഹം ഞാന്‍ മനസിലാക്കുന്നു. പക്ഷേ ഒരു കരയാകെ മണല്‍ മാഫിയ കാര്‍ന്നു തിന്നുമ്പോള്‍ അവര്‍ക്ക് ഒത്താശചെയ്യുകയാണ് താങ്കള്‍ ചെയ്യുന്നത്. എംഎല്‍എ ഫ്ളാറ്റിനു മുന്നില്‍ നാല് പൂച്ചെടികള്‍ വച്ചതാണ് അങ്ങയുടെ പരിസ്ഥിതി സ്‌നേഹം. മണല്‍ മാഫിയക്ക് വേണ്ടി എന്നോട് സംസാരിക്കാന്‍ എംഎല്‍ക്ക് അര്‍ഹതയില്ല' - ജസീറ പറഞ്ഞ് നിര്‍ത്തുന്നു.

മണലൂറ്റ് പോലുള്ള പാരിസ്ഥിതിക വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ധൈര്യം കാണിക്കാറില്ല. പലപ്പോഴും മണല്‍ മാഫിയ പോലുള്ള ശക്തികളെ നിയന്ത്രിക്കുന്നതും കൊള്ളമുതലിന്റെ പങ്കുപറ്റുന്നതും ഇവിടുത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ജസീറയുടേതു പോലുള്ള ശബ്ദങ്ങള്‍ കേട്ടില്ലെന്നു നടിക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ വലിയൊരു വിഭാഗം സാധാരണക്കാരുടെയും പിന്‍തുണ ജസീറയ്ക്കുണ്ട്.


Next Story

Related Stories