TopTop
Begin typing your search above and press return to search.

നാണിച്ച്, നാണിച്ച്...കുറെ നാണക്കേടുകള്‍

നാണിച്ച്, നാണിച്ച്...കുറെ നാണക്കേടുകള്‍

അന്ന

'കൊച്ചിന് നാണം വന്നല്ലോ' എന്ന് ഈ അടുത്തൊരു സുഹൃത്ത് പറഞ്ഞപ്പോള്‍ മുതല്‍ വിചാരിക്കുകയാണ് ഈ നാണത്തെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന്. നാണത്തിനു പോലും നാണക്കേടാകും വിധം ഞങ്ങള്‍ നാണമില്ലാതെ തര്‍ക്കിച്ചുകൊണ്ടേയിരുന്നു. നാണംകെട്ട മൊബൈല്‍ കമ്പനിക്കാരാവട്ടെ അന്തിമ തീരുമാനത്തിനുള്ള അവസരം ഒരിക്കലും തന്നില്ല. അങ്ങനെ നാണവും ഞങ്ങളും തമ്മിലുള്ള മല്‍പ്പിടുത്തം ഇടയ്ക്കും മുറക്കും നടന്നുകൊണ്ടേ ഇരിക്കുന്നു.

പെണ്ണാണെങ്കില്‍ അവള്‍ക്ക് കുണുക്കവും നാണവും ഒക്കെ സ്വാഭാവികമെന്നല്ല, കണിശം തന്നെ. പെണ്ണിന്റെ പ്രഥമ ഭാവം മാത്രമല്ല, ജന്മാവകാശം തന്നെയാണ് നാണ്‍! നാണത്തെ നിര്‍വചിക്കുന്നതില്‍ നമ്മുടെ കലാ സാഹിത്യ രംഗങ്ങള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. നാണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടേയും മേനിയും അല്പമൊന്നു നോവാറില്ലേ? എണ്‍പതുകളിലെ മദാലസമാര്‍ കണ്ണുകൊണ്ടും കാലുകൊണ്ടും കളം വരച്ചു. പെണ്ണുകാണലിനു താഴ്ത്തിയ തല ആദ്യ രാത്രിക്ക് ശേഷമാണ് അല്പമൊന്ന് ഉയര്‍ത്തിയത്. കവികള്‍ക്കും മിഴികൂമ്പി നില്കുന്നവളോടുള്ള പ്രണയം നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.

'അറിയാത്തോരെക്കാണ്‍കെ കൈവളകിലുങ്ങുമാ

റുഴറിയകത്തേക്കു നാണിച്ചു മറയുന്നോള്‍' എന്ന് സുഗതകുമാരി പറഞ്ഞതുപോലെ, വന്നവരും പോയവരും നിന്നവരും എല്ലാം നാണിച്ചു മറയുന്നവളെ പുകഴ്ത്തി പാടി. അങ്ങനെ സിനിമയിലേയും നാടകത്തിലേയും പ്രതിരൂപങ്ങള്‍ക്കൊപ്പം ജീവിതത്തിലെ സ്ത്രീയും നാണം കുണുങ്ങലിന്റെ ബ്രാന്‍ഡ് അംബാസിഡറായി! സ്ത്രീയുടെ സ്വഭാവ രീതികളെ ആകെ മൊത്തത്തില്‍ നാണം കേറിയങ്ങു പൊതിഞ്ഞു.

സ്ത്രീയുടെ നാണവും നാണക്കേടും അവളുടെ ശരീരവും ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രമാണ് കണ്ടുപോരുന്നത്. പുരുഷന്റെതാകട്ടെ തന്റെ കഴിവിലും കാര്യനിര്‍വഹണസാമര്‍ഥ്യത്തിലും സംരക്ഷണ പാടവത്തിലും മറ്റും. നാണം പെണ്ണിന്നു തികച്ചും സൗമ്യവും സുന്ദരവും സ്വാഭാവികവുമായ വികാരമാവുമ്പോള്‍ നാണത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നാണക്കേടെന്ന മഹാപ്രശ്‌നത്തില്‍ എത്തിക്കുന്നു. കൗമാര പ്രായക്കാരിയായ പെണ്‍കുട്ടിയില്‍ നിന്ന് വാര്‍ദ്ധക്യത്തിലേക്കുള്ള വളര്‍ച്ചയില്‍ നാണത്തിന്റെ തലങ്ങള്‍ പരിവര്‍ത്തനപ്പെടുന്നുവെങ്കിലും സ്വന്തം ശരീരവും ലൈംഗികതയും പ്രായഭേദമന്യേ സ്ത്രീകളെ ലജ്ജിപ്പികുന്നു. അവള്‍ക്കുമേല്‍ പകര്‍ന്നു കിട്ടിയ നാണവും മാനവും, സ്വന്തം നഗ്‌നതക്കും അതിലേക്ക് അലിയുന്നതും അലിയാത്തതുമായ ശരീരങ്ങള്‍ക്കും ഇടയില്‍ കിടന്നു ശ്വാസം മുട്ടുന്നു. ശരീരവും ലൈംഗികതയുമാണ് അടിസ്ഥാനമെങ്കിലും, സ്ത്രീയുടെ എല്ലാ മണ്ഡലങ്ങളേയും നാണം നാണക്കേടിലാക്കുന്നു. സ്ത്രീയുടെ നാണക്കേടിനെ സ്വകാര്യമായ ഒന്നായി കാണുന്നതാണ് ഈ മൊത്തമായ പൊതിയലിന്റെ കാരണം.

അരിസ്‌റ്റോറ്റില്‍ തെളിച്ച വഴിയെ നടന്നു തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ സ്വകാര്യ, പൊതു മണ്ഡലങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുകയും സ്ത്രീയുടെ വിഹാരമണ്ഡലം സ്വകാര്യമാണെന്നു തീര്‍പ്പ് കല്പ്പിക്കുകയും ചെയ്തു. സ്വകാര്യ പൊതു വിടവിലൂടെ നാണത്തിന്റെ നാമ്പു കുരുക്കാന്‍ തുടങ്ങി. പെണ്ണിന്റെ നാണം തികച്ചും സ്വകാര്യ വിഷയമായിരിക്കെ പുരുഷന്റെ നാണം നിര്‍വചിക്കുന്നത് പൊതു മണ്ഡലമാണ്. ഇതേസമയം പെണ്ണിന്റെ സ്വകാര്യ സ്വത്തായ നാണവും മാനവും, പുരുഷന്റെ അഭിമാനത്തേയും നാണക്കേടിനേയും നിര്‍വചിക്കുന്നത്തില്‍ പ്രധാന ഘടകമാണ്. വീട്ടിലെ പെണ്ണുങ്ങളുടെ ചാരിത്ര്യത്തിലാണ് പുരുഷന്റെയും കുടുംബത്തിന്റെയും, എന്തിനു സമൂഹത്തിന്റെ തന്നെയും അഭിമാനം വാര്‍ത്തെടുത്തിരിക്കുന്നത്. സ്വന്തം പെണ്ണുങ്ങളുടെ സ്വഭാവശുദ്ധിയില്‍ അഭിമാനം കൊള്ളുന്ന ആണിനാണെങ്കില്‍ നാണം എന്നതേ തൊട്ടുകൂടാത്ത വികാരം. യുദ്ധങ്ങളിലെ പ്രധാന ഭംഗങ്ങളില്‍ ഒന്നാണ് എതിരാളിയാല്‍ നശിപ്പിക്കപെടുന്ന സ്ത്രീയുടെ 'മാനം'. ജയിച്ച കൂട്ടര്‍ തങ്ങളുടെ വിജയം ഉറപ്പാക്കുന്നതും ശത്രുവിന്റെ പൂര്‍ണപരാജയം തീര്‍ചപ്പെടുത്തുന്നതും സ്ത്രീശരീരത്തില്‍ കേറിമേഞ്ഞിട്ടാണ്.

പെണ്‍കുട്ടികളുടെ നാണക്കേടും തരംതിരിവുകളും ആരംഭിക്കുന്നത് അവള്‍ പ്രായമറിയിക്കുമ്പോഴാണ്. കേട്ട് ശീലിച്ച നാണക്കേടിന്റെ ലോകത്തേക്ക് റോക്കറ്റ് വേഗത്തില്‍ അവളെ അത് എത്തിക്കും. നാണം ഒരു ശീലമായി മാറുന്നത് കൗമാരത്തിലാണ്. നാണക്കേടിന്റെ ഹരിശ്രീ കുറിക്കുന്ന കാലമാണിത്. അന്നുമുതല്‍ പെണ്ണിന്റെ ലോകം കൂടുതല്‍ കൂടുതല്‍ അകത്തേക്കും (സ്വകാര്യതയിലേക്കും) ആണിന്റെ ലോകം തോട് പൊട്ടിചെന്നപൊലെ വിശാലതയിലേക്കും വികസിക്കുന്നു. ജീവിതത്തിലെ നന്മതിന്മകളെ നിര്‍ണയിക്കുന്ന നാണം പെണ്ണുങ്ങളെ ഒട്ടിപിടിച്ചു നില്ക്കും. സ്വന്തം ശരീരം, പ്രത്യേകിച്ചും മാറിടങ്ങള്‍, ആര്‍ത്തവകാലം, നഗ്‌നത എല്ലാം നാണക്കേടുണ്ടാക്കുന്നവയായി മാറുന്നു. ഒറ്റക്കായിരിക്കുമ്പോള്‍ സ്വന്തം ശരീരം കണ്ണാടിയില്‍ നോക്കി ആസ്വദിക്കാത്ത പെണ്‍കുട്ടികള്‍ വിരളമായിരിക്കും, പക്ഷെ അടുത്ത കൂട്ടുകാരിയോട് പോലും ഇത് പങ്കുവെക്കാനുള്ള ധൈര്യമുള്ളവര്‍ വളരെ ചുരുക്കം. അടിവസ്ത്രത്തിന്റെയോ കോണ്ടത്തിന്റെയോ പരസ്യങ്ങള്‍ പോലും ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ പെണ്‍കുട്ടികളെ നാണക്കാരികളാക്കുന്നു. പോണോഗ്രഫിയും സ്വയംഭോഗവും കൗമാരക്കാരന്റെ കൗതുകവും ചര്‍ച്ചാ വിഷയവുമാകുമ്പോള്‍, പെണ്‍കുട്ടികള്‍ക്ക് അത് പാപമാണെന്നു വിധിയെഴുതുന്നു. 'ഇന്നലത്തെ വീഡിയോ കിടിലന്‍ ആയിരുന്നു' എന്ന തുറന്ന പ്രസ്താവന ആണ്‍കുട്ടികള്‍ക്കിടയില്‍ സ്വാഭാവികമാകുമ്പോള്‍, രതിജന്യമായ ചിന്ത പോലും പെണ്‍കുട്ടികളെ നാണക്കേടിന്റെ വന്‍മതിലിനുള്ളില്‍ നിര്‍ത്തുന്നു. സ്ത്രീയുടെ ചാരിത്ര്യത്തെ കുറിച്ചുള്ള സാമൂഹ്യ ധാരണകളാണ് ഇവയ്ക്ക് അടിസ്ഥാനം. സ്ത്രീയുടെ ലൈംഗികത, ശരീരശുദ്ധി, സാമൂഹിക അന്തസ്, കുടുംബം, പരാശ്രയത്വം തുടങ്ങിയവയുമായി ബന്ധപെട്ടിരിക്കുന്ന സങ്കല്പ്പമാണ് ചാരിത്ര്യം. ലൈംഗികതയും ശാരീരിക ശുദ്ധിയുമാണ് ഇതിന്റെ കാതല്‍. പുരുഷാധിഷ്ഠിതമായ ഏകദാമ്പത്യ അണുകുടുംബം രൂപപെട്ടതോടെ ദാമ്പത്യത്തില്‍ അധിഷ്ഠിതമായ ചാരിത്ര്യ സങ്കല്പങ്ങളും ഉടലെടുത്തു. ഇത്തരത്തില്‍ ചാരിത്ര്യത്തെ പാത്തുവെക്കുന്നതില്‍ നാണത്തിനും നാണക്കേടിനുമുള്ള പങ്ക് വ്യക്തമാണല്ലോ അല്ലേ!

പ്രണയത്തിന്റെ ഉത്തമ ഭാവങ്ങളിലൊന്നായ മിഴികൂമ്പല്‍ ആസ്വാദനമുളവാക്കുമ്പോള്‍, തന്റെ പ്രണയിനിയുടെ ചേഷ്ടകള്‍ നാണക്കേടിനും കാരണമാകാറുണ്ട്. തന്റെ സൗഖ്യം പ്രണയിനിയുടെ ചലനങ്ങളിലും ചേഷ്ടകളിലും അധിഷ്ഠിതമാണ് എന്ന് വിശ്വസിക്കുന്നയാള്‍, അവളെ നാണത്താല്‍ പൊതിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതയാക്കുന്നു. ലൈംഗിക ഒത്തുചേരലിന്റെ അലിഖിത നിയമമാണ് സ്ത്രീയുടെ നിര്‍വികാരതയും ഒതുങ്ങി കൂടലും. എന്തിനേറെ ഇതിനൊക്കെ നാണമാണെന്ന് പറയാന്‍ വരെ നാണമല്ലെ നമുക്ക്? പുരുഷന്റെ മേലുള്ള സ്ത്രീയുടെ ചലനങ്ങള്‍ അവളുടെ മാന്യതയെയും സ്വഭാവശുദ്ധിയെയും സംശയത്തിലാഴ്ത്തുകയാണ് ഉണ്ടാവാറുള്ളത്.

നാണത്തിന്റെ ഈ വലിയ പുതപ്പ് ശരീരവും ലൈംഗികതയും കടന്ന്, സ്ത്രീയുടെ മാനസിക, ശാരീരിക വിസ്താരത്തെ തടഞ്ഞു വെക്കുന്നു. ഓട്ടവും ചാട്ടവും തല്ലുകൂടലും ഒക്കെ നാണത്തില്‍ ഒലിച്ചു പോകുന്നു. സദസ്സിലെ പ്രധാന തീരുമാനങ്ങളില്‍ നിന്ന് അവള്‍ സ്വയം പിന്‍വലിയുന്നു. ഓടുന്നവരും ചാടുന്നവരും തല്ലുകൂടുന്നവരും ആയ കൂട്ടുകാരികളെക്കാള്‍ കുണുങ്ങി നടന്നു പതുങ്ങി ചിരിക്കുന്നവരല്ലേ നമുക്കിടയില്‍ കൂടുതല്‍?

നമ്മുടെ കളികള്‍ പോലും അത്തരത്തില്‍ രൂപപെട്ടിട്ടുള്ളതാണ്. പെണ്‍കുട്ടികള്‍ വീടുണ്ടാക്കിയും ടീച്ചറും കുട്ടിയുമായും അത്യാവശ്യം ഒന്ന് ഒളിച്ചുകളിച്ചുമൊക്കെ വളരുമ്പോള്‍ അപ്പുറത്ത് ഓട്ടവും ചാട്ടവും ആകെയൊരു മേളം തന്നെയാണ്! കുഞ്ഞായിരുന്നപ്പോള്‍, ഞങ്ങളുടെ സ്ഥിരം കളികളൊക്കെ മടുത്ത്, കൂട്ടുകാരിയുമൊത്ത് കള്ളുഷാപ്പ് കളിച്ച് കൂടെയുള്ള ചെക്കനെ തല്ലിയതിന്റെ പേരില്‍ അമ്മുമ്മ തന്ന സ്റ്റഡി ക്ലാസ്സ് ഇപ്പോഴും ഓര്‍മയുണ്ട്.

പുരുഷന്റെ നാണം ഇതുവരെ പറഞ്ഞതിനൊക്കെ എതിര്‍ ദിശയിലാണ്. നാണം എന്ന സൗമ്യസുന്ദര വികാരം പുരുഷത്വത്തിന് നിരക്കാത്തതാണ്. പെണ്ണിനെ പോലെ നാണംകുണുങ്ങി എന്നെങ്ങാനും കേട്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ! അവന്റെ നാണക്കേടുകള്‍ തികച്ചും പൊതു മണ്ഡലത്തില്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. ശാരീരികശേഷി അതില്‍ ഒരു ഘടകം മാത്രമാണ്. കഴിവുകൊണ്ടും കാര്യനിര്‍വഹണശേഷികൊണ്ടും മറികടക്കാന്‍ ആവുന്ന ഒരു ഘടകം. വാക്ക് പാലിക്കാനാവാതിരിക്കലും കുടുംബ നിര്‍വഹണ നിയന്ത്രണ ശേഷിയുമൊക്കെയാണ് പുരുഷന്റെ നാണക്കേടിന്റെയും അഭിമാനത്തിന്റെയും പ്രധാന അളവുകോലുകള്‍. നാണത്തിന്റെ പുതപ്പ് അവനെ പൊതിഞ്ഞു വെക്കുന്നില്ല. കാര്യപ്രാപ്തിയുള്ള ആണിന്റെ സ്വകാര്യ ചേഷ്ടകള്‍ നാണക്കേടായി അത്രകണ്ട് കണക്കാക്കാറില്ല. എന്തിനേറെ പുരുഷ പ്രതീകമായി മംഗലശേരി നീലകണ്ഠന്‍മാരെ തലയിലേറ്റി നടക്കുന്നവരല്ലേ നമ്മള്‍!

വിക്ടോറിയന്‍ സദാചാരത്തിന് നാണത്തെ രൂപകല്‍പന ചെയ്തതില്‍ ഒരു പങ്കുണ്ടാവാം. ചലന സ്വാതന്ത്ര്യവും കായികാധ്വാനവും ഉണ്ടായിരുന്ന വേദിക് കാലഘട്ടത്തിലെ സ്ത്രീയില്‍ നിന്നും ഒതുങ്ങിയ അനക്കമില്ലാത്ത സംരക്ഷണവും നിയന്ത്രണവും ആവശ്യപ്പെടുന്ന സ്ത്രീയിലേക്ക് തിരിഞ്ഞു നടക്കുകയാണ് നാം ചെയ്തത്. വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന സൗമ്യ സുന്ദരമായ നാണം ഒരു ഭരണകര്‍ത്താവിനെ പോലെ ജീവിതത്തിലാകെ മേല്‌നോട്ടം വഹിക്കുന്നു. ഇങ്ങനെ നാണത്തെ നമ്മുടെ സ്വകാര്യ മണ്ഡലത്തില്‍ ഉപ്പിലിട്ടുവെച്ച് പൊതുമണ്ഡലത്തിലെ നാണക്കേടുകളെ ഒഴിവാക്കേണ്ടതുണ്ടോ? സമൂഹം നിര്‍വചിക്കപെട്ട നാണക്കേടുകളെ പേടിച്ചു പെണ്ണുങ്ങള്‍ ചുരുങ്ങി ചുരുങ്ങിയും ആണുങ്ങള്‍ ചുരുങ്ങാനാവാതെയും ബുദ്ധിമുട്ടി നടക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാണിക്കേണ്ട കാര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ് നമ്മുടെ നാണംകെട്ട സമൂഹം!


Next Story

Related Stories