TopTop
Begin typing your search above and press return to search.

വികസനത്തിന്‍റെ വേറിട്ട വഴികള്‍

വികസനത്തിന്‍റെ വേറിട്ട വഴികള്‍

സുസ്ഥിര വികസനം എന്നത് കേരളത്തിന്റെ മുഖ്യ അജണ്ടയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഈ വിഷയം മുഖ്യധാരാ വിഷയമായിത്തന്നെ ഏറ്റെടുക്കണം. ഒപ്പം ന്നെ സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും സുസ്ഥിര വികസന സങ്കല്‍പ്പം ആഴത്തില്‍ ചര്‍ച്ച ചെയ്യണം, അജണ്ടയായി ഏറ്റെടുക്കണം. ഈയൊരു വികസന കാഴ്ചപ്പാടിലൂടെ മാത്രമേ കമ്പോള കേന്ദ്രീകൃത വ്യവസ്ഥയുടെ ആഘാതങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിയൂ.

സര്‍വ സമ്പന്നമാണ് കേരളം. വിഭവ സമൃദ്ധമാണ് ഈ സംസ്ഥാനം. പക്ഷേ ഈ സമ്പദ് സമൃദ്ധിയെ ശാസ്ത്രീയമായി വിനിയോഗിക്കാന്‍ ദീര്‍ഘ വീക്ഷണമുള്ള പദ്ധതി ആസൂത്രണ രീതിശാസ്ത്രം നമുക്കില്ല എന്നത് ഏറ്റവും വലിയ കുറവാണ്. സമ്പത്തിനേയും കമ്പോള താത്പര്യങ്ങക്ക് വേണ്ടി വിനിയോഗിക്കുന്ന ആസൂത്രണ രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നതാണ് വര്‍ത്തമാനകാല വികസന പ്രതിസന്ധി. ഈ പ്രതിസന്ധി മുറിച്ചു കടക്കാന്‍ കക്ഷിരാഷ്ട്രീയത്തിന് അപ്പുറമായി ഒരു കഠിന ശ്രമം ഉണ്ടായേ പറ്റൂ. ജനകീയാസൂത്രണത്തിന്റെ ആരംഭ ഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ശ്രമയം നടത്തിയിരുന്നു എന്നതാണ് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത്. അതിന്റെ തുടര്‍ച്ച ഉണ്ടാക്കുകക എന്നതാണ് ഇന്നത്തെ മുദ്രാവാക്യമായി മാറേണ്ടത്. പ്രാദേശിക വികസനത്തിന്റെ് അനന്ത സാധ്യതകളെ സമഗ്രമായി സമന്വയിപ്പിച്ചു കൊണ്ട് ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ. ഈ സാധ്യത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന പ്രദേശം കേരളം മാത്രമാണ് എന്നുള്ളതാണ് ഏറ്റവും സുവ്യക്തമായത്. അതുകൊണ്ടു തന്നെ സുസ്ഥിര വികസനത്തിന് ഒരു മാതൃക കേരളത്തിന് വികസിപ്പിച്ചെടുക്കാം.

ഇന്ത്യയിലൊരിടത്തും സമഗ്രമായി പരീക്ഷിക്കപ്പെടാത്തതാണ് സുസ്ഥിര വികസന സങ്കല്‍പ്പം. അതുകൊണ്ട് സുസ്ഥിര വികസനത്തിലൂടെ സേവന മേഖലയിലെ മാതൃക എന്നതിനൊപ്പം തന്നെ വികസന മേഖലയിലെ മാതൃക എന്നു കൂടി കേരളത്തിന് ഒരു വിശേഷണത്തിനും സാധ്യതയുണ്ട്. അതു പൂര്‍ണമായും പ്രയോജനപ്പെടുത്തണം.

എന്താണ് സുസ്ഥിര വികസനം? പ്രാദേശിക വികസനത്തിന്റെ പൂര്‍ണതയോടൊപ്പം തന്നെ പരസ്പരപൂരകമായ സംസ്ഥാന തല വികസനത്തിന്റെ സമഗ്രതയും പടിപടിയായി കൈവരിക്കുകയും ഈ വികസന രീതിക്ക് അനിവാര്യമായ തുടര്‍ച്ചയുണ്ടാകുന്ന രീതിയില്‍ ജനകീയവത്ക്കരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സുസ്ഥിര വികസനമാകുന്നത്. ശാസ്ത്രീയ വീക്ഷണവും ദീര്‍ഘകാല പരിപ്രേക്ഷ്യവും ജനകീയതയുമാണ് സുസ്ഥിര വികസനത്തിന്റെ സുപ്രധാന പശ്ചാത്തല ഘടകങ്ങള്‍. മറ്റു നാലു പ്രധാന സങ്കേതങ്ങളെ സമന്വയിപ്പിച്ചു കൊണ്ടാണ് ഈ വികസന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യമാക്കുക.

1. ഉത്പാദനത്തിന്റെ വര്‍ധനവ്

2. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം

3. പാരിസ്ഥിതികമായ സന്തുലനം

4. സാമൂഹികമായ സ്വസ്ഥത

മനുഷ്യ വിഭവം അടക്കമുള്ള സമസ്ത സമ്പത്തിനേയും യഥാവിധി ചേര്‍ത്തുകൊണ്ട് സമൂഹത്തെ മുന്നോട്ടു നയിക്കുവാന്‍ വേണ്ടിയുള്ള ഒരു സമീപനമാണ് ഈ വികസന രീതി. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക, സാമൂഹിക പശ്ചാത്തലത്തില്‍ ഇത് ഒരു ബദല്‍ വികസന സമീപനമാണ്. ആത്യന്തികമായ വികസന രീതിയാണ് ഇതെന്ന് പറയുന്നില്ല. പക്ഷേ വര്‍ത്തമാനകാല ബദലാണ് എന്ന കാര്യത്തില്‍ സംശയമില്ല.

നിലവിലുള്ള വികസന സമീപനങ്ങളുടെ കുറവുകള്‍ എന്തൊക്കെയാണ് എന്നത് പരിശോധിക്കപ്പെടണം.

1. കേരളത്തിന്റെ വികസനത്തിന് ഉപയോഗിക്കാവുന്ന അടിസ്ഥാന വിഭവങ്ങളുടെ പൂര്‍ണമായ വിവരം ശേഖരിക്കപ്പെട്ടിട്ടില്ല. വിഭവഭൂപട നിര്‍മാണത്തിന്റെ ചില ശ്രമങ്ങള്‍ നടന്നു എന്നതല്ലാതെ ഈ വിഷയത്തില്‍ ഒരു ശാസ്ത്രീയ സമീപനം ഉണ്ടായിട്ടില്ല. വിഭവങ്ങളുടെ ശരിയായ വിവരങ്ങള്‍ ലഭിക്കാതെ അവയെ ശാസ്ത്രീയമായി വിന്യസിക്കുവാന്‍ വേണ്ടി പദ്ധതി തയാറാക്കാന്‍ കഴിയില്ല. ശാസ്ത്രീയമായ വികസന പരിപാടികള്‍ തയാറാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഒരു ഗ്രാമത്തിന്റെ ജൈവ വൈവിധ്യത്തിന്റെ സാന്ദ്രത എത്ര എന്ന ചോദ്യത്തിന് പോലും ഉത്തരം നല്‍കാവുന്ന അവസ്ഥയിലല്ല നാം നില്‍ക്കുന്നത്. സാക്ഷരതയുടെ ശതമാനവും ശിശു-ജനന- മരണ നിരക്കുകളുടെ ശതമാനവും മറ്റും വളരെ കൃത്യമായി കണക്കു കൂട്ടിയിട്ടുണ്ടെങ്കിലും അടിസ്ഥാന വിഭവ സാന്ദ്രത പഠിക്കപ്പെട്ടിട്ടില്ല. ഈ രീതിയിലൊരു പഠനം കേരളത്തില്‍ നടന്നാല്‍ അതൊരു വിപ്ലവകരമായ മുന്നേറ്റമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

അത്രകണ്ട് വിഭവ വൈവിധ്യം നമ്മുടെ കൊച്ചു കേരളത്തിലുണ്ട്.

2. പ്രകൃതി സമ്പത്തിനോടൊപ്പം തന്നെ സാമ്പത്തിക സാധ്യതയും കേരളത്തിലുണ്ടെന്ന കാര്യവും കണക്കിലെടുക്കപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പദ്ധതി ചെലവിന്റെ ഇരട്ടിയലധികം തുക സഹകരണ ബാങ്കുകളില്‍ നിക്ഷേപമായിട്ടുണ്ട് (ഏകദേശം 90,000 കോടി രൂപ). ഇതിന്റെ ഇരട്ടിയിലധികം തുക മുഖ്യധാരാ ബാങ്കുകളിലുണ്ട്. ചുരുക്കത്തില്‍ ഭരണകൂടം വികസനത്തിനായി നീക്കി വയ്ക്കുന്നതിന്റെ 20 ഇരട്ടിയോളം തുക സംസ്ഥാനത്തുണ്ട്. ഈ തുക കൂടി കേരളത്തിന്റെ വികസനത്തിന് ബോധപൂര്‍വം വിനിയോഗിച്ചാല്‍ മൂലധന പരിമിതിി എന്ന അബദ്ധ ധാരണ പരിഹരിക്കാം. വിദേശ മൂലധനത്തെ കാര്യമായി ആശ്രയിക്കാതെ കേരള വികസനത്തിന് കളമൊരുക്കാം എന്നു ചുരുക്കം.

3. ദീര്‍ഘവീക്ഷണമുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ നമുക്കില്ല. വികസനം അര്‍ഥപൂര്‍ണമാക്കുവാന്‍ വേണ്ട ഏറ്റവും പ്രധാന ഉപകരണമാണ് ഇത്. വികസനത്തിന്റെ ജനകീയ നിര്‍വചനം ഇതാണ്- ഈ മണ്ണില്‍ ജീവിക്കുന്ന മുഴുവന്‍ മനുഷ്യരുടേയും, പ്രത്യേകിച്ച്, അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരുടെ, ജീവത് പ്രശ്‌നങ്ങള്‍ക്ക് പടിപടിയായി പരിഹാരം കാണുന്ന സാമൂഹിക പ്രക്രിയയാണ് വികസനം. ഈ ലക്ഷ്യം നേടുന്നതിന് ദീര്‍ഘകാല പരിപ്രേക്ഷ്യമുള്ള മാസ്റ്റര്‍ പ്ലാന്‍ ഉണ്ടായേ പറ്റൂ. മാസ്റ്റര്‍ പ്ലാനിലെ പഞ്ചവത്സര, വാര്‍ഷിക പദ്ധതികളായി തിരിച്ച് (faced manner) ശാസ്ത്രീയമായ മുന്‍ഗണനകള്‍ നല്‍കിക്കൊണ്ട് പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടണം. ഉപയോഗിക്കുവാന്‍ സ്വന്തമായി ഭൂമി ഉണ്ടാകുന്നതു മുതല്‍ സ്വന്തമായി എല്ലാ ജീവിത സാഹചര്യങ്ങളും ഉണ്ടാകുന്നതു വരെ വികസന മുന്‍ഗണനാ ക്രമം ചിട്ടപ്പെടുത്തണം.

4. ശരിയായ പാരിസ്ഥിതിക കാഴ്ചപ്പാടില്ല. പലപല നയങ്ങളും ഈ മേഖലയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും സമഗ്രമായ വീക്ഷണത്തിലേക്ക് എത്തിയിട്ടില്ല. 44 നദികളുടെ വന്‍ നീര്‍ത്തടങ്ങളിലായിട്ടാണ് കേരളം വിഭജിക്കപ്പെട്ടിട്ടുള്ളത്. റവന്യൂ വിഭജനം അനുസരിച്ച് 14 ജില്ലകളായും വാര്‍ഡുകളായി ഗ്രാമപഞ്ചായത്തുകളെയും വിഭജിച്ചിട്ടുണ്ടെങ്കിലും വികസനത്തിന്റെ അടിസ്ഥാന യൂണിറ്റുകള്‍ അതൊന്നുമല്ല- നീര്‍ത്തടങ്ങളാണ്. 44 വന്‍ നീര്‍ത്തടങ്ങളെ നൂറുകണക്കിന് ചെറു നീര്‍ത്തടങ്ങളായി ആയിരക്കണക്കിന് സൂക്ഷ്മ നീര്‍ത്തടങ്ങളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രകൃതി വിഭജനത്തെയാണ് വികസനത്തിന്റെ അടിസ്ഥാന യൂണിറ്റുകളായി കണക്കാക്കേണ്ടത്. അനന്തമായ സാധ്യതകളാണ് കേരളത്തിന് ഉള്ളതെന്ന് ലളിത പരിശോധനയില്‍ തന്നെ വ്യക്തമാകും. പക്ഷേ ഈ ദിശയില്‍ ഒരു വീക്ഷണം നമുക്ക് ഉണ്ടായിട്ടില്ല.

5. വികസനത്തിന് രാഷ്ട്രീയമുണ്ട് എന്ന ധാരണയില്ല. ജീവിക്കുവാന്‍ ബുദ്ധിമുട്ടുന്നുവന്റെയും തകരുന്ന പരിസ്ഥിതിയുടേയും പക്ഷമാണ് വികസന രാഷ്ട്രീയത്തിന് ഉണ്ടാകേണ്ടത്. പക്ഷേ കക്ഷി രാഷ്ട്രീയമാണ് വികസന രാഷ്ട്രീയമെന്ന അപകടകരമായ ചിന്ത വികസനത്തെ പുറകോട്ടടിപ്പിക്കും. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം വികസനം അജണ്ടയാകണം.

മേല്‍പ്പറഞ്ഞ അഞ്ചു പ്രശ്‌നങ്ങളെ കണക്കിലെടുത്തു കൊണ്ട് സുസ്ഥിര വികസന സങ്കല്‍പ്പം കേരളം ഏറ്റെടുത്താല്‍ അത്ഭുതം തന്നെ ഇവിടെ നെയ്‌തെടുക്കാം. സാക്ഷരതായജ്ഞത്തിന്റേയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെയും നാട്ടില്‍ സുസ്ഥിര വികസന യജ്ഞത്തിന് അടിസ്ഥാന ഭൂമികയുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ ശബ്ദമുയരണം.


Next Story

Related Stories