TopTop
Begin typing your search above and press return to search.

കാലിച്ചാംപൊതിക്കാര്‍ : പി.വി ഷാജികുമാര്‍ സംസാരിക്കുന്നു

കാലിച്ചാംപൊതിക്കാര്‍ : പി.വി ഷാജികുമാര്‍ സംസാരിക്കുന്നു

വന്യമായ നാട്ടുജീവിതത്തിന്റെ ചൂരും ഊര്‍ജവുമുള്ളവയാണ് പി.വി ഷാജികുമാറിന്റെ കഥകള്‍. ഗ്രാമീണമായ നിഷ്‌കളങ്കതയെ മുറുകെപ്പിടിക്കുമ്പോഴും കാല്‍പനികമല്ല അതിന്റെ ഭാഷ. വയല്‍വരമ്പിലൂടെ വെള്ളരിപ്പാടത്തിന്റെ മണമേറ്റ് നടക്കുന്നതിന്റെ സ്വാസ്ഥ്യവും ചുമലില്‍ തൂങ്ങുന്ന ജീവിതപ്രാരബ്ധങ്ങളുമായി നഗരവീഥികളിലൂടെ നടക്കുന്നതിന്റെ അരക്ഷിതാവസ്ഥയും കൂടിക്കുഴയും കഥകളില്‍. ഒന്നു ജീവിച്ചുപോകാനുള്ള നെട്ടോട്ടത്തില്‍ നന്മകളെ മുറുകെപ്പിടിച്ച് തോറ്റുപോകുന്നവരാണ് അതിലേറെയും. അവരുടെ വ്യഥകള്‍ക്കാണ് കഥാകൃത്ത് കാഴ്ചയും ശബ്ദവും നല്‍കുന്നത്.

പ്രായമല്ല, എഴുത്തിന്റെ രചനാപരവും പ്രമേയപരവുമായ പുതുമയാണ് കഥകളുടെ യുവത്വത്തെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇരുപത്തിമൂന്നാം വയസ്സിലിറങ്ങിയ 'ജനം - കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മിതി' മുതല്‍ അവസാനമിറങ്ങിയ 'കിടപ്പറ സമരം' വരെയുള്ള പുസ്തകങ്ങള്‍ അക്കാര്യം ഉറപ്പിക്കുന്നു. ആധാര്‍ കാര്‍ഡിലെ ഡിജിറ്റല്‍ നമ്പറായി ചുരുങ്ങുന്നവരല്ല ഇതിലെ കഥാപാത്രങ്ങള്‍. പ്രാദേശിക സ്വത്വത്തിന്റെ സവിശേഷകളെ ആഘോഷിക്കുന്നവരാണ്. അതുതന്നെയാണ് സമകാലികരും മുന്‍ഗാമികളുമായ കഥാകൃത്തുക്കളില്‍ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ആഗോളവും പ്രാദേശികവും പരസ്പരം കഥകളില്‍ കണ്ടുമുട്ടും - തൊഴിലുറപ്പുതൊഴിലാളിയും ലിമ ബോവിയും കഥയില്‍ ഒരുമിച്ചു വരുന്നതുപോലെ. നിരാശയുടെ ഇരുളിടങ്ങളും പ്രതീക്ഷയുടെ നിലാവിടങ്ങളും ഇതില്‍ കാണാം.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ കരുത്താര്‍ന്ന കഥകളിലൂടെ സമകാലിക സാഹിത്യത്തില്‍ സ്വന്തമായൊരു ഇടം സ്ഥാപിച്ചുകഴിഞ്ഞു അദ്ദേഹം. കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ഓര്‍മ്മകളുടെ പുസ്തകവും ഇതിനിടെ പുറത്തിറങ്ങിയിട്ടുണ്ട്. പി.വി.ഷാജികുമാറിന്റെ രണ്ടാമത്തെ കഥാസമാഹാരമായ 'വെള്ളരിപ്പാടം' എന്ന പുസ്തകത്തിനാണ് ഇക്കുറി യുവസാഹിത്യകാരനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ഷാജികുമാര്‍ അഴിമുഖം പ്രതിനിധി രേഖാ ചന്ദ്രയുമായി സംസാരിക്കുന്നു.

രേഖ: യുവസാഹിത്യപുരസ്‌കാര നേട്ടത്തില്‍ ദേശം, കഥാപാത്രങ്ങള്‍, സ്വാധീനിച്ച വ്യക്തികള്‍ എന്നിവരുടെ പങ്കെന്താണ്?

ഷാജികുമാര്‍ : കാസര്‍കോട് ജില്ലയിലെ കാലിച്ചാംപൊതി എന്ന നാട്ടിന്‍പുറത്ത് നിന്നാണ് എന്റെ ഓര്‍മകള്‍ തുടങ്ങുന്നത്. നല്ല വിളവിന് ഫാക്ട്‌ഫോസ് 20:20:0:18-ന്റെ പരസ്യം റേഡിയോവില്‍ എല്ലാ വൈകുന്നേരവും കേട്ടിരുന്നത് പോലെ, നാട്ടില്‍ നിന്ന് കിട്ടിയ നുണകളടങ്ങിയ കഥകള്‍ കരുത്തോടെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു. ആദ്യകാല കഥകളില്‍ അത്തരം നാട്ടനുഭവങ്ങളാണ് ഏറെയും കടന്നുവന്നത്. നാട്ടിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മഴയുടെയും കാറ്റിന്റെയും വെയിലിന്റെയും (നാട്ടിന്‍പുറത്ത് എല്ലാത്തിനും അതിന്റേതായ ജീവിതമുണ്ട്.) ജീവിതം കഥകളില്‍ ഇടതടവില്ലാതെ കടന്നുവന്നു. അറിയുന്ന കാര്യങ്ങളായത് കൊണ്ട് എഴുതാനും ഏറെ ഇഷ്ടമായിരുന്നു. തെക്ക് നിന്നുള്ള പലരും 'ഇങ്ങനെ നീ പ്രദേശികജീവിതം അവതരിപ്പിക്കരുത്, അധികം വായിക്കപ്പെടില്ല...' എന്ന് താക്കീത് ചെയ്തിട്ടും ഞാന്‍ പിന്നോട്ട് പോയതേയില്ല. പിന്നീട് നഗരജീവിതത്തിന്റെ ഭാഗമായി, അരക്ഷിതാവസ്ഥ എന്നത് സ്ഥായിയായ വികാരമായപ്പോള്‍ നഗരവും ഗ്രാമവും ഇടകലര്‍ന്ന് കഥകളില്‍ കടന്നുവരാന്‍ തുടങ്ങി. നഗരങ്ങളില്‍ ജീവിക്കാന്‍ തുടങ്ങിയതോടെയാണ് കാലിച്ചാംപൊതി എന്ന നാടിനെ കുറച്ചുകൂടി വ്യക്തമായും ആഴത്തിലും കാണാന്‍ കഴിഞ്ഞത്. നമ്മള്‍ ഒന്നില്‍ നിന്ന് അകന്നുനില്‍ക്കുമ്പോഴാണ് അതിനെക്കുറിച്ച് നമുക്ക് കുറേക്കൂടി വ്യക്തതയുണ്ടാകുക. അത് മതമായാലും രാഷ്ട്രീയമായാലും പ്രണയമായാലും എന്തുതന്നെയായാലും. നാട്ടില്‍ നിന്ന് മാറിനിന്നതോടെ നാട് വളരെ വ്യത്യസ്തമായ തലത്തില്‍ മനസ്സിലേക്ക് കടന്നുവരാന്‍ തുടങ്ങി. തുടര്‍ന്നുള്ള കഥകള്‍ അതിന്റെ പ്രതിഫലനങ്ങളായിരുന്നു. അരക്ഷിതാവസ്ഥയിലും വിഷാദത്തിലും പെട്ട് ജീവിതത്തിന്റെ തരപ്പം (മഴക്കാലത്ത് വാഴവെട്ടിയുണ്ടാക്കുന്ന ചങ്ങാടം) ആടിയുലയുമ്പോഴും നാട്ടിന്‍പുറത്തെ ഓര്‍മകള്‍ ഒരു തരം ഗ്ളൂക്കോസ് കുടിക്കുന്ന എഫക്ടാണ് തരുന്നത്.

കാലിച്ചാംപൊതിയിലേക്ക് എത്രയാണ് ഫുള്‍ടിക്കറ്റ് ?

12 രൂപ. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിലാണ് കാലിച്ചാംപൊതി. രണ്ടിടത്ത് നിന്ന് ബസ്സ് പിടിച്ചാലും പന്ത്രണ്ട് രൂപയ്ക്ക് ഇവിടെയെത്താം. എല്ലാ ഗ്രാമങ്ങളെയും പോലെ കാലിച്ചാംപൊതിയും മാറികൊണ്ടിരിക്കുകയാണ്, നഗരത്തിന്റേതായ സ്വഭാവങ്ങളിലേക്ക്. അവരവരുടെതായ താത്പര്യങ്ങളിലേക്ക് നാട് ചുരുങ്ങിപോകുന്നതില്‍ വേദനയുണ്ട്. ഈ നാട് എങ്ങനെയായിരുന്നു എന്ന ഓര്‍മയാണ് എന്റെ കഥകള്‍. കുട്ടിക്കാലത്തെ എന്റെ നാടാണ് കഥകളില്‍ കൂടുതല്‍.

എഴുത്തുകാരനായി മാറുന്നത് എപ്പോഴാണ് ?

നാട്ടിലെ കീക്കാംങ്കോട്ട് ഗ്രാമീണ വായനശാലയില്‍ നിന്ന് വായിച്ച പുസ്തകങ്ങള്‍ ആണ് എഴുതാന്‍ കഴിയും എന്ന തോന്നലുണ്ടാക്കിയത്. എംടിയുടെ രചനകളിലൂടെ കടന്നുപോയപ്പോഴാണ് ഇതിന് സാമാനമായ ജീവിതങ്ങള്‍ എന്റെ നാട്ടിലുമുണ്ടല്ലോ, എന്തുകൊണ്ടവയൊക്കെ എന്റേതായ രീതിയില്‍ പകര്‍ത്തിയെഴുതിക്കൂടാ എന്ന വിചാരമുണ്ടാവുന്നത്. വിചാരവും തോന്നലും ശക്തമായപ്പോള്‍ അങ്ങെഴുതുകയായിരുന്നു. എഴുതുമ്പോള്‍ കിട്ടുന്ന വൈകാരികാനുഭവം മറ്റൊരു പ്രവൃത്തിയിലും കിട്ടാത്തത് കൊണ്ട് എഴുതാനുള്ള പ്രേരണ ആഴത്തിലാഴത്തില്‍ നിന്ന് എപ്പോഴും ഉയര്‍ന്നുകൊണ്ടേയിരുന്നു. എഴുതാതെയിരിക്കുന്ന ഒരു ഞാനില്ല. മരണം വരെ എഴുതിയെഴുതി വായനക്കാരെ ഒരു വഴിക്കാക്കുക എന്നതാണ് എന്റെ ജീവിതത്തിലെ പ്രാഥമികമായും പ്രധാനവുമായ അജണ്ടകളിലൊന്ന്.

സ്വന്തം കഥയെ വിലയിരുത്തിയാല്‍ ഏതൊക്കെ ഘടകങ്ങളാകും വായനക്കാര്‍ സ്വീകരിച്ചിട്ടുണ്ടാവുക എന്നാലോചിച്ചിട്ടുണ്ടോ?

സ്വയം കഥയെ അങ്ങനെ വിലയിരുത്തുന്ന സ്വഭാവക്കാരനല്ല ഞാന്‍. എഴുതിക്കഴിഞ്ഞാല്‍ അതിന്റെ നിര്‍ണ്ണയവകാശം ആത്യന്തികമായും വായനക്കാര്‍ക്ക് അവകാശപ്പെട്ടതാണല്ലോ. പല തരം തിരക്കുകള്‍ മാറ്റിവെച്ച് അവള്‍ / അവന്‍ എന്റെ കഥ വായിക്കുമ്പോള്‍ അവര്‍ക്ക് തന്നെയാണ് അതിനെ വ്യാഖ്യാനിക്കാനും നല്ലതും ചീത്തയും പറയാനുമുള്ള അവകാശം. അവരാണ് പിന്നെ രാജാവ്, എഴുത്തുകാരന്‍ വെറുമൊരു പ്രജയും. അതുകൊണ്ട് തന്നെ കഥയുടെ വിമര്‍ശനങ്ങളെയും നല്ല വാക്കുകളെയും ഒരേ തട്ടിലെടുക്കാനാവുന്നുണ്ട്. വിമര്‍ശനമാണ് പുതിയ കാലത്ത് മിക്ക എഴുത്തുകാരും ഭയപ്പെടുന്നത്. വാക്കുകള്‍ കൊണ്ട് ഒരു ജീവിതം പകര്‍ത്താനുള്ള അപൂര്‍ണ്ണമായ ശ്രമമാണ് എഴുത്തെന്ന് മനസ്സിലാക്കാതിരിക്കുന്നത് കൊണ്ടാണ് ഇത്തരം ഭയമെന്നാണ് തോന്നിയിട്ടുള്ളത്. ഞാന്‍ എന്നോട് സത്യസന്ധത പുലര്‍ത്താന്‍ എഴുത്തിലും ജീവിതത്തിലും പൂര്‍ണ്ണമായും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു ബലം കഥകളിലുണ്ടായിട്ടുണ്ടാവാം എന്നാണ് തോന്നുന്നത്.

തോറ്റു പോകുന്ന കഥാപാത്രങ്ങള്‍ മിക്ക കഥകളിലും ഉണ്ട്. എന്തുകൊണ്ടാണ് മനുഷ്യര്‍ ഇത്ര നിസ്സഹായരാകുന്നത്?

തോല്‍വിയാണ് ഏറ്റവും വലിയ പാഠം. ജീവിതത്തില്‍ ജയത്തെക്കുറിച്ച് ആലോചിക്കാതെ മനുഷ്യനന്മയില്‍ വിശ്വസിച്ച് ജീവിച്ച ഒരു പാട് മനുഷ്യരെ നേരില്‍ പരിചയപ്പെടാനോ അറിയാനോ കഴിഞ്ഞിട്ടുണ്ട്. മുഖ്യധാരാസമൂഹം കല്‍പ്പിക്കുന്ന ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് എല്ലായ്‌പ്പോഴും അവര്‍ പുറത്തായിരുന്നു. അത്തരം മനുഷ്യരെ ആഖ്യാനിക്കുമ്പോള്‍ സ്വാഭാവികമായിട്ടും ഒരെഴുത്തുകാരന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടതെന്താണെന്നുള്ള എല്ലാക്കാലത്തേക്കുമുള്ള ഉത്തരത്തിലേക്ക് ഞാനും എത്തിച്ചേരുകയായിരുന്നു. പ്രാന്തവല്‍ക്കരിക്കപ്പെടുന്നവന്റെ വാക്കായിരിക്കണം എഴുത്തിന്റേതെന്ന ഉത്തരം. ജാതി, മതം, രാഷ്ട്രീയം, വര്‍ഗ്ഗം, അധികാരം, വംശീയത, പ്രാദേശികത, കുടുംബം, സൗഹൃദം, രോഗം എന്നിങ്ങനെ എല്ലാത്തരം അവസ്ഥകളില്‍ നിന്നും ഇടങ്ങളില്‍ നിന്നും തഴയപ്പെടുന്നവരെയാണ് സര്‍ഗ്ഗരചനകളില്‍ ആഖ്യാനിക്കേണ്ടതെന്നാണ് എനിക്ക് സത്യമായി തോന്നിയിട്ടുള്ള പല കാര്യങ്ങളില്‍ ഒന്ന്.

ആഗോള അനുഭവങ്ങളും സമകാലിക സംഭവങ്ങളും കഥകളില്‍ പ്രാദേശികമായി ചേര്‍ത്തെഴുതാന്‍ ശ്രമിക്കുന്നുണ്ട്. കിടപ്പറസമരം എന്ന കഥയില്‍ ലിമാബോവി വരെ കടന്നു വരുന്നുണ്ട്?

രണ്ട് കാര്യങ്ങളുണ്ട്. നഗരജീവിതത്തിന്റെ ഭാഗമായിട്ട് ഏഴെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നാട്ടില് ജീവിച്ചതിന്റെ നല്ല പാടുകള്‍ വലുതായിട്ടുണ്ട്. നമുക്ക് പറയാനുള്ള കാര്യങ്ങള്‍ നാടിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കഥയാണ്. അത് നാഗരികഅനുഭവമായാലും സമകാലികസംഭവമായാലും. അത് ബോധപൂര്‍വ്വം സംഭവിപ്പിക്കുന്നതല്ല, സംഭവിക്കുന്നതാണ്. ഒരു നാട്ടിന്‍പുറത്തുകാരന്‍ നഗരത്തെ / ലോകത്തെ കാണുന്നതിന്റെ ആവിഷ്‌കാരങ്ങളായി പല കഥകളും മാറുന്നത് അങ്ങനെയാണ്. കിടപ്പറസമരം ലിമാ ബോവിയുടെ സമരം മാത്രമായല്ല എനിക്ക് തോന്നിയത്, എന്റെ നാട്ടിലെ പഞ്ചപ്പാവങ്ങളായ പെണ്ണുങ്ങളുടെ അതിജീവനസാദ്ധ്യത കൂടിയായിട്ടാണ്. തൊഴിലുറപ്പു പദ്ധതിയും പെണ്ണുങ്ങളുടെ പത്രം വായനയും അതിന്റെ കൂടെ വളരെ വേഗം വന്നപ്പോള്‍ കിടപ്പറസമരം കഥയായി വേഷപ്പകര്‍ച്ച നടത്തുകയായിരുന്നു.

ചെറുപ്പത്തില്‍ തന്നെ അംഗീകാരം ലഭിച്ചു. ചെറുപ്പക്കാരെ അംഗീകരിക്കുന്ന സാഹചര്യമായോ?

ചെറുത്, വലുത് എന്ന പ്രായത്തിന്റെ അളവുകോല്‍ എഴുത്തിനില്ലെന്നാണ് എന്റെ വിശ്വാസം. നമ്മള്‍ എഴുതുന്നതിലെ ഉള്ളടക്കമാണ് അയാളിലെ പ്രായത്തെ നിര്‍ണയിക്കുന്നത്. എത്ര വലിയ എഴുത്തുകാരനായാലും എഴുതിയത് തന്നെയാണ് അദ്ദേഹം / അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത് എന്ന് വരികയാണെങ്കില്‍ വാര്‍ദ്ധക്യം വന്നു എന്നര്‍ത്ഥം. മനസ്സില്‍ ചെറുപ്പം പുലര്‍ത്തുകയും എഴുത്തില്‍ അതുണ്ടായിരിക്കുകയുമാണ് വേണ്ടത്. കഥ നല്ലതാണെങ്കില്‍ കണ്ടാല്‍ പ്രായം തോന്നുകയേയില്ല. അതേത് തരത്തിലുള്ള ആളായാലും വായനക്കാര്‍ അവരെ തേടിപ്പിടിച്ച് വായിക്കുക തന്നെ ചെയ്യും. കഥയാണ് കാര്യം. പ്രായമല്ല.

സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ അച്ചടി മാധ്യമങ്ങളില്‍ വരാത്ത യുവ എഴുത്തുകാര്‍ ധാരാളമുണ്ട്. അച്ചടിമാധ്യമത്തെയും സൈബര്‍മാധ്യമത്തെയും എങ്ങനെ കാണുന്നു?

എംസിഎയ്ക്ക് പഠിക്കുമ്പോഴാണ് ആദ്യമായിട്ട് കമ്പ്യൂട്ടര്‍ പഠിക്കുന്നത് തന്നെ. അതിന് മുമ്പ് കമ്പ്യൂട്ടറിന്റെ മൗസ് പോലും ശരിയായിട്ടനക്കാന്‍ എനിക്കറിയുമായിരുന്നില്ല. എംസിഎ ലാബില്‍ ആരോ താഴേക്കുദ്ദേശിച്ച് മൗസ് നീക്കുമ്പോള്‍ ആരോ മുകളില്‍ പോയിനില്‍ക്കുന്നത് കണ്ട് സഹപാഠികള്‍ ചിരിച്ചു മരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചാല്‍ നമ്മെളൊക്കെ വികാരങ്ങളൊന്നുമില്ലാത്ത ഒരു യന്ത്രജീവിയാകും എന്ന പൊട്ടഭയം കാരണമാണ് കമ്പ്യൂട്ടറോട്, പഠനത്തിന്റെ ആദ്യകാലത്തൊക്കെ അയിത്തം കാട്ടിയത്. അത് ആനമണ്ടത്തരമായിരുന്നു.

പഠിക്കാനെടുത്തത് എം.സി.എ ആയതോട് കൂടി കമ്പ്യൂട്ടര്‍ ഇല്ലാതെ നിവൃത്തിയില്ലല്ലോ. അങ്ങനെയാണ് സൈബര്‍ലോകം എന്ന് പേരിട്ട് വിളിക്കുന്ന ഇന്റര്‍നെറ്റ് ജീവിതത്തിലേക്കെത്തിപ്പെടുന്നത്. സ്വന്തമായി ബ്ലോഗൊക്കെ തുടങ്ങുന്നത് ഏറെ വൈകിയാണ്. പക്ഷേ, നെറ്റ് സാഹിത്യം കിട്ടാവുന്നതൊക്കെ വായിക്കുമായിരുന്നു. ഒരു കഥ ആനുകാലികത്തിന് അയച്ചുകൊടുക്കുകയും നല്ലതാണെങ്കില്‍ അതതില്‍ അച്ചടിച്ച് വരികയും അത് നമ്മുടെ കൈയ്യില്‍ കിട്ടുകയും ചെയ്യുക എന്ന മൂന്ന് പ്രൊസ്സസ്സുകള്‍ അച്ചടിമാധ്യമത്തിലുണ്ട്. സൈബര്‍മാധ്യമത്തില്‍ അയക്കലും പബ്ളിഷാവുകയും (അച്ചടിക്കുക എന്ന പദത്തേക്കാളും കൂടുതല്‍ ആപ്റ്റ് ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്യുക എന്നതാണ്) എന്നീ രണ്ട് പ്രൊസസ്സുകള്‍ മാത്രമേയുള്ളൂ. അച്ചടിച്ച നമ്മുടെ ഒരു കൃതി കൈയ്യില്‍ കിട്ടുമ്പോള്‍ നമ്മളനുഭവിക്കുന്ന ഒരു സന്തോഷം ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്യപ്പെടുമ്പോള്‍ കിട്ടില്ല. ഇത് ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങിയ, എഴുതുന്ന ഒരാളെന്ന നിലയിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ആദ്യകഥ അച്ചടിച്ചുവന്നപ്പോള്‍ മണിക്കൂറുകളോളം അതും കൈയ്യില്‍ പിടിച്ച് മുറിയിലൂടെ നടന്നത് ഇപ്പോഴും ഓര്‍മയിലുണ്ട്. ലോട്ടറയടിച്ച സന്തോഷമായിരുന്നു.

പ്രതികരണങ്ങള്‍ എറ്റവും വേഗത്തിലും ആത്മാര്‍ത്ഥമായും ലഭിക്കുന്നത് ഓണ്‍ലൈന്‍ വഴി പബ്ളിഷ് ചെയ്യപ്പെടുന്ന രചനകള്‍ക്കാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പബ്ളിഷ് ചെയ്ത് മിനുട്ടുകള്‍ക്കകം സംഗതിയെങ്ങനെയുണ്ടെന്ന് നമുക്ക് കിട്ടിത്തുടങ്ങും.

വരുംകാലം സൈബര്‍മാധ്യമങ്ങളുടെ കാലമായിരിക്കും. ഇ ബുക്കുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും അതിവേഗം ബഹുദൂരം കേരളത്തില്‍ സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ട്. വിദേശങ്ങളിലെ മിക്ക പ്രിന്റഡ് പത്രങ്ങളേക്കാളും ലാഭകരം അവയുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കാണ്. ഇത് കേരളത്തിലും സംഭവിക്കാനിരിക്കുന്നതേയുള്ളൂ. പുതുതലമുറ അതിന്റെ വഴിയിലാണ്. രാവിലെ ഒരു കട്ടന്‍ചായക്കൊപ്പം പത്രത്തിന്റെ തലക്കെട്ട് നോക്കുന്ന വീടുകളിലെ പ്രഭാതദൃശ്യങ്ങള്‍ ഇല്ലാതായി. പകരം കട്ടന്‍ചായയോടൊപ്പം മൊബൈല്‍ വഴി വാര്‍ത്തകള്‍ വായിക്കുന്ന ഒരു ഭൂരിപക്ഷസമൂഹം കേരളത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും.

പല സാഹിത്യകാരന്മാരും സൈബര്‍ സാഹിത്യത്തെ വിമര്‍ശിക്കുന്നുണ്ട്. താങ്കളുടെ നിലപാടെന്താണ് ?

തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തുന്ന ഒരു പാട് നല്ല രചനകള്‍ ബ്ളോഗിലായാലും ഫേസ് ബുക്കിലായാലും മറ്റ് ഓണ്‍ലൈന്‍ മീഡിയകളിലും വരുന്നുണ്ട്. അത് നല്ല രീതിയില്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

അതിനിടിയല്‍ മലപ്പ് പോലെ പ്രേംനസീറിന്റെ കാലത്തെ അളിഞ്ഞ കാല്‍പ്പനികത മുഖമുദ്രയാക്കിയ രചനകളും ഉണ്ടാവുന്നുണ്ട്. അതവഗണിക്കുകയല്ലാണ്ട്, അതുമാത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സൈബറെഴുത്ത് നാലാംകിടയെഴുത്ത് എന്ന് പറയുന്നതിനോട് യോജിപ്പില്ല.

ചെറുകഥാ സാഹിത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ?

പുതിയ കഥ അവതരിപ്പിക്കുന്നത് പുതിയ ജീവിതത്തെത്തന്നെയാണ്. ഒരു വലിയ സൂപ്പര്‍മാള്‍ പോലെയായിട്ടുണ്ട് പുതിയ കേരളം. പണം കൊടുത്താല്‍ എന്തും കിട്ടാമെന്ന സ്ഥിതി കേരളത്തിലുണ്ട്. പണം കൊടുത്ത് എന്തും വാങ്ങുമ്പോള്‍ ആരും വാങ്ങാനില്ലാതെ, ആരും കാണാനില്ലാതെ, ആരും ഓര്‍ക്കാനില്ലാതെ, ആരും സ്‌നേഹിക്കാനില്ലാതെ ദൂരേക്ക് ദൂരേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന ജീവിതങ്ങളെ അവതരിപ്പിക്കുകയാണ് പുതിയ കഥകള്‍ ചെയ്യുന്നത്. സര്‍ഗ്ഗരൂപങ്ങളില്‍ ഏറ്റവും സജീവമായി നില്‍ക്കുന്നത് ചെറുകഥയാണ്. ആധുനികകാലത്തെ എഴുത്തുകാര്‍ ഭാഷ കൊണ്ടും ദുര്‍ഗ്രാഹ്യത കൊണ്ടും കഥയില്‍ നിന്ന് തല്ലിയോടിച്ച വായനക്കാരെ ജീവിതത്തിന്റെ കഥകള്‍ പറഞ്ഞ് തിരിച്ചുവിളിക്കുകയാണ് പുതിയ എഴുത്തുകാര്‍ ചെയ്യുന്നത്. കഥയുടെ ഭാഷ ജീവിതമായിരിക്കണമെന്ന അതിയായ ആഗ്രഹം വെച്ചുപുലര്‍ത്തുന്നവരാണ് പുതിയ കഥാകൃത്തുക്കള്‍. റിയലിസം വേറൊരു രീതിയില്‍ പുതിയ കഥകളിലേക്ക് തിരിച്ചുവന്നിരിക്കുന്നു എന്ന് പറയാം.

സിനിമയില്‍ ഉള്ളതുപോലെ എഴുത്തില്‍ ഒരു ന്യൂജനറേഷന്‍ ഉണ്ടോ?

വായിക്കുന്നവനെ അമ്പരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ഒരു രചന ഏതൊരെഴുത്തുകാരനെഴുതിയാലും അത് ന്യൂജനറേഷന്‍ ആണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. സിനിമയിലും മറ്റിടങ്ങളിലും ന്യൂജനറേഷന്‍ എന്ന പദത്തിന്റെ മലയാള അര്‍ത്ഥം ഞാന്‍ ഇങ്ങനെയാണ് കാണുന്നത്. ഒരു കഥ വായിച്ചാല്‍ അത് ഗംഭീരം എന്ന് പറയിപ്പിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ / അവള്‍ ന്യൂജനറേഷന്‍ റൈറ്ററാണ്. അതില്‍ ഗിമ്മിക്കുകള്‍ കൊണ്ടുവന്ന് ഞാനൊരു ന്യൂജനറേഷന്‍ റൈറ്റാറാണെന്ന് സ്വയം അഭിപ്രായപ്രകടനം നടത്തുന്നതില്‍ യാതൊരു കാര്യവുമില്ല. പുനത്തില്‍, കല്പ്പുറ്റ നാരായണന്‍ മാഷ്, ജയമോഹന്‍, സാറാ ടീച്ചര്‍, അശോകന്‍ ചെരുവില്‍, അഷ്ടമൂര്‍ത്തി തുടങ്ങിയവരൊക്കെ ഇപ്പോള്‍ വളരെ സ്‌ട്രോങ്ങില്‍ നില്‍ക്കുന്ന ന്യൂജനറേഷന്‍മാരാണ്. ന്യൂജനറേഷനില്‍ ഒരു റേഷന്‍ഷോപ്പുണ്ട്, അതുകൊണ്ട് യൗവനത്തിന്റെ ഇളവ് വേണം തുടങ്ങിയ പരിഗണനകള്‍ എഴുത്തിലുണ്ടാവരുത് എന്നാണ് എന്റെ അഭിപ്രായം. പ്രായത്തില്‍ ചെറുതോ വലുതോയെന്നൊന്നുമില്ല, എഴുത്തിലാണ് കാര്യം കിടന്നുമറിയുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ രചനകളില്‍ പ്രതിഫലിക്കണമെന്ന് തോന്നുന്ന സമകാലിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് ?

എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരം ദാ കള്ളന്‍ വന്നു എന്ന് ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെയുണര്‍ത്തുന്ന ഒരു പട്ടിയെപ്പോലെയായിരിക്കണം കലാകാരന്‍ എന്ന് എം.എന്‍.വിജയന്‍ മാഷ് മുമ്പ് പറഞ്ഞിട്ടുണ്ട്. വല്ലാത്തൊരു തരം ഉറക്കം പുതിയകാലകേരളത്തെ ബാധിച്ചിട്ടുണ്ട്. സാമൂഹ്യപ്രശ്‌നങ്ങളോടുള്ള അപകടകരമായ നിസംഗതയാണ് പുതിയ കേരളത്തിന്റെ മാനസികാവസ്ഥ. അപ്പോള്‍ എഴുത്തുകാരന്‍ വിളിച്ചുപറയുമ്പോള്‍ അത് കേള്‍ക്കണമെന്നില്ല, നല്ല കഥ എന്ന് മാത്രം അഭിപ്രായമിട്ട് കഥ മടക്കിവെക്കാനാണ് മിക്ക വായനക്കാരുടെയും താല്‍പ്പര്യം. മറിച്ച് ആ കഥയുന്നയിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ അത് സ്വന്തം ജീവിതത്തിലേക്ക് കൊണ്ട് വരാനോ ഉള്ള ആര്‍ജ്ജവം ഉണ്ടാകുന്നില്ല. ആരോ തെളിച്ച വഴിയിലൂടെ പോകുന്ന ജീവികളെപ്പോലെയായിരിക്കുന്നു നമ്മളും. കോര്‍പ്പറേറ്റുകള്‍ നിര്‍വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ജീവിതവ്യവസ്ഥയ്ക്ക് റാം മൂളി പിന്നണിപോകുന്ന ഭരണകൂടവും അതിനെതിരായി ഒന്നും ചെയ്യാതെയിരിക്കുന്ന ജനതയും രണ്ടും അപകടകരമാണ്. ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണം ലഭിക്കുന്നു എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നതും അതാണ്. ഭയമാണ് നമ്മുടെ അടിസ്ഥാനവികാരം. ഭയപ്പെടുത്തി ഭരിക്കാനാവുന്ന ഒരു ജനാധിപത്യജനത വേറെയെവിടെയും കാണില്ല.

'ഭയം എന്റെ മാതൃരാജ്യമാകുന്നു. സര്‍വ്വശ്രീ, രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയപാര്‍ട്ടികളെയെയും ജാതിമതസംഘടനകളെയും സര്‍ക്കാര്‍ജീവനക്കാരെയും സദാചാരപ്പോലീസിനെയും ബസ് കണ്ടക്ടര്‍മാരെയും ഭിക്ഷക്കാരെയും എന്തിന് അടുത്ത സുഹൃത്തിനെപ്പോലും ഞാന്‍ ഭയക്കുന്നു. ഭയസാരമിഹസത്യമേകമാം, ഭയത്തില്‍ നിന്നല്ലോ വൃദ്ധി നേടുന്നു ലോകം എന്നൊക്കെയാണല്ലോ. ഭീരുത്വം കൊണ്ട് ഒരു പട്ടി പോലും കുരയ്ക്കാതിരിക്കുന്നില്ല എന്നതല്ല, ഭീരുത്വമുണ്ടെങ്കില്‍ ഒരു പട്ടിയെയും പേടിക്കെണ്ടെന്നാണ് അടിയന്തിരാവസ്ഥ തൊട്ട് ഞാന്‍ പഠിച്ചിട്ടുള്ളത്. എല്ലാത്തിനെയും ഭയക്കുന്ന കേരളീയസമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രതിനിധിയെന്ന നിലയില്‍ ഭയത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള എന്റെ സംസാരം ഞാന്‍ ഇവിടെ ചുരുക്കുന്നു.' എന്ന് ഒരു ഭീരു എഴുതിവെച്ചത് കേരളത്തിലെ പൗരന്മാരുടെ മൊത്തം മാനസികാവസ്ഥയ്ക്കും ബാധകമാണ്.

സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്ന രീതിയില്‍ എഴുത്തുകാര്‍ ആക്ടിവിസ്റ്റുകള്‍ ആകേണ്ടതുണ്ടോ?

അത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. സാറാ ടീച്ചറെപ്പോലെ എഴുത്തും ആക്ടിവിസവും കൊണ്ടുനടക്കുന്നവരുണ്ട്, എഴുത്ത് മാത്രം ജീവിതവ്രതമാക്കിയവരുണ്ട്. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നാണല്ലോ ഇന്ത്യന്‍ഭരണഘടനയിലെഴുതിയിട്ടുള്ളത്. പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളില്‍ ഇടപെട്ടത് കൊണ്ടാവാം, ഒരു മനുഷ്യനെന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്ന സാമൂഹികകാര്യങ്ങള്‍ അതിന്റെ മാക്‌സിമം ലെവലില്‍ ഇടപെടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴുമുണ്ട്. മനുഷ്യന്‍ മനുഷ്യനെ മനസ്സ് കൊണ്ട് സ്പര്‍ശിക്കുമ്പോഴാണല്ലോ മനുഷ്യന്‍ മനുഷ്യനാകുന്നത്. ഒരാള്‍ക്ക് ഒരു നല്ല കാര്യം ചെയ്ത് കൊടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.

എഴുത്ത് കൂടാതെ എന്തൊക്കെയാണ് ഇഷ്ടങ്ങള്‍ ?

മൂന്ന് ഭ്രാന്തുകളാണ് എനിക്കുള്ളത്. എഴുത്ത്, നാട്ടില്‍ പോയി വെറുതെ ഇരിക്കല്‍, പിന്നെ സിനിമ കാണല്‍. ചെറുപ്പത്തില്‍ വീട്ടിന്റെ അടുത്തുള്ള ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ മാത്രമാണ് ടി വിയും വി സി ആറും ഉള്ളത്. സിനിമ കാണണമെങ്കില്‍ അവിടെ പോണം. അടുത്തുള്ള പറമ്പില്‍ രാത്രിയിലൊക്കെ പോയി അടക്ക പെറുക്കി വിറ്റുകിട്ടുന്ന പൈസ കൊണ്ട് നീലേശ്വരത്ത് പോയി കാസെറ്റെടുത്തു കൊണ്ടുവരും. അവരുടെ വീട്ടില്‍ കാസെറ്റു കൊടുത്തിട്ട് വെക്കാന്‍ പറയും. എന്തെല്ലാം സഹിച്ചാലും സിനിമ കണ്ടിരിക്കും. മുതിര്‍ന്നപ്പോ പിന്നെ ഫിലിം ഫെസ്റ്റിവെലുകളിലൊക്കെ സ്ഥിരമായി പോകാന്‍ തുടങ്ങി. ഇപ്പോഴും സിനിമ കാണല്‍ ഒരു ഭ്രാന്താണ്.

കഥയെഴുത്തിലൂടെ സിനിമയിലും എത്തിയിരിക്കുന്നു. 18 +, കന്യകാടാക്കീസായി മാറുമ്പോള്‍ എന്ത് മാറ്റമാണ് പ്രതീക്ഷിക്കേണ്ടത്?

മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ 18+ എന്ന കഥ വായിച്ചാണ് കെ.ആര്‍.മനോജ് എന്ന മനോജേട്ടന്‍ സിനിമ ചെയ്താലോ എന്ന ആലോചനയുമായി വരുന്നത്. ഒരു പാട് പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത എ പെസ്റ്ററിങ് ജേര്‍ണിയുടെ സംവിധായകനെന്ന നിലയില്‍ മനോജേട്ടനെ നേര്‍പരിചയമില്ലെങ്കിലും മുന്നേ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സാദ്ധ്യത പറഞ്ഞപ്പോള്‍ മടിയേതുമില്ലാതെ ഞാന്‍ സമ്മതിക്കുകയായിരുന്നു. കഥയില്‍ നിന്ന് ഒരു പാട് മാറ്റങ്ങള്‍ സിനിമയിലുണ്ടായിട്ടുണ്ട്. അത് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ഒരു സി ക്ളാസ് തീയേറ്റര്‍ ഉടമയും ഒരു പള്ളിയിലച്ഛനും അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ ആണ് സിനിമയുടെ ഭാവതലം. സിനിമ നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കേണ്ടത് കാണുന്നവരാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. മലയാളസിനിമയെന്ന വലിയ കാന്‍വാസില്‍ കന്യക ടാക്കീസിന് അതിന്റേതായ ഒരു നല്ലയിടമുണ്ടാവുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

കുടുംബം, നാട്ടുവിശേഷങ്ങള്‍?

അച്ഛന്‍ കല്ലീങ്കീല്‍ കുഞ്ഞിക്കണ്ണന്‍. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ തങ്കമണി. കൃഷിയും പശുക്കളുമാണ് അമ്മയുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത്. രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും അവരുടെ പങ്കാളികളും കുഞ്ഞുങ്ങളും. ഭാര്യ മനീഷ. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സി്റ്റിയില്‍ ഗവേഷണം ചെയ്യുകയും എന്നെ എല്ലാ അര്‍ത്ഥത്തിലും സഹിക്കുകയും ചെയ്യുന്നു.

കാലിച്ചാംപൊതിയിലെ നാട്ടുജീവിതമാണ് എന്റെ ജീവിതത്തിന്റെയും കഥകളുടെയും അടിത്തറ. എന്തെങ്കിലും രീതിയില്‍ അംഗീകരിക്കപ്പെടുമ്പോള്‍ എന്റെ കഥകളില്‍ കടന്നുവന്നിട്ടുള്ള ജീവിക്കുന്നവരും ജീവിച്ചിരുന്നവരുമായ എല്ലാ കഥപാത്രങ്ങളെയും ഓര്‍മിക്കുന്നു. അവരാണ് ഇതിനര്‍ഹര്‍, അവരില്ലെങ്കില്‍ എന്റെ കഥയുമില്ലല്ലോ.

(ഇപ്പോള്‍ മാതൃഭൂമിയില്‍ വെബ് അസിസ്റ്റന്റായി ജോലിചെയ്യുകയാണ് ഷാജികുമാര്‍)


Next Story

Related Stories