TopTop
Begin typing your search above and press return to search.

ഇവരെ വിളിക്കേണ്ടത് സന്യാസിയെന്നാണോ?

ഇവരെ വിളിക്കേണ്ടത് സന്യാസിയെന്നാണോ?

ഹിന്ദുമതം ഒരു മതമല്ലാത്തതു കൊണ്ട് ഗുണവും ദോഷവും ഉണ്ട്. പരമോന്നതനായ ഒരാചാര്യനും സെമിറ്റിക് മതങ്ങളുടെതായ കെട്ടുറപ്പും ഇല്ലാത്തത് കൊണ്ട്, ചാവുമ്പോള്‍ കുഴിച്ചിടാനുള്ള സ്ഥലം കിട്ടില്ല എന്നു ഭീഷണിപ്പെടുത്താന്‍ ആരുമില്ലാത്ത, അല്ലെങ്കില്‍ നിയമിതരായ പുരോഹിതരില്ലാത്തതിന്റെ സ്വാതന്ത്ര്യം ഒരു വശത്ത്. ഭക്തിയുടെ മറവില്‍ വഞ്ചിക്കപെടുവാനുള്ള സാദ്ധ്യതകളും, ഭക്തിയുടെ നിറവില്‍ ജീവിതം തിരികെ പിടിക്കാന്‍ കിട്ടുന്ന അവസരങ്ങളും മറുവശത്ത്. ഒരു മതമെന്ന നിലയില്‍ നിയതമായ രൂപ ഭാവങ്ങള്‍ ഇല്ലാത്തതു കൊണ്ടും, ഓരോ ഗോത്രങ്ങളും ഓരോ കാലഘട്ടങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ ആചാരങ്ങള്‍ വിശ്വാസപ്രമാണങ്ങള്‍ ഒക്കെ കൂടി ചേര്‍ത്തു വെച്ച് ഒരു മതമെന്നു വിളിക്കുന്നതിലെ മണ്ടത്തരങ്ങളും ഒക്കെ ചേര്‍ത്ത് വെച്ചു വേണം നാം ഇതിനെ കാണേണ്ടത്. തമ്മില്‍ ഒരു കാരണവശാലും ചേരാത്ത വിശ്വാസ പ്രമാണങ്ങള്‍ ആണ് ഹിന്ദുമതത്തിലെ പ്രബല വിഭാഗങ്ങള്‍ കൈയ്യാളുന്നത്. എന്നിട്ടും നാനാത്വത്തിലെ ഏകത്വം എന്നതിന്റെ ഉത്തമ ഉദാഹരണമായ് ഇവയെ എല്ലാം ഒരു കുടക്കീഴില്‍ ആക്കുവാന്‍ പലകോണുകളില്‍ നിന്നും വിഫല ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഹിന്ദു മതത്തെ സംബന്ധിച്ച് ഈ നൂറ്റാണ്ടിലുണ്ടായ ഗുരുക്കന്മാരുടെ പ്രവൃത്തികള്‍ മൂലം ഏറ്റവും അധികം അപമാനിക്കപെട്ട കഷ്ടി രണ്ട് പതിറ്റാണ്ടാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുനത്. അതിലെ ഏറ്റവും അവിശ്വസനീയമായ ഒന്ന് പരമോന്നത ഗുരുവെന്ന നിലയില്‍ ആദരിക്കപെട്ടു പോന്ന സന്യാസി ജഗദ് ഗുരു കാഞ്ചി ശങ്കരാചാര്യര്‍ കൊലപാതക കേസില്‍ ജയിലിലടയ്ക്കപെട്ടതാണ്. ഒരു പക്ഷേ ഹിന്ദു മതം ഒരു മതമല്ലെന്നു തെളിഞ്ഞ ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു ആ സംഭവം. കാരണം വരേണ്യ വര്‍ഗ്ഗങ്ങളുടെ ഇടയില്‍ മാത്രം ആരാധ്യനും പൂജ്യനും വളരെ ചെറിയ ഒരു വിഭാഗം പിന്നോക്ക സമുദായക്കാരില്‍ മതിപ്പും ഉണ്ടായിരുന്ന ശങ്കരാചാര്യരെ പൊക്കിയെടുത്ത് ജയിലിലിട്ടിട്ടും ഈ രാജ്യത്ത് ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ ആശാറാം ബാപുവിനെ അറസ്റ്റ് ചെയ്യും എന്ന് പറയുന്നതിനു മുന്നേ തന്നെ ഭാരതത്തിന്റെ പല കോണുകളില്‍ ആയിരങ്ങള്‍ അതിനെതിരെ തെരുവിലിറങ്ങിക്കഴിഞ്ഞിരുന്നു. അതേ സമയം ശങ്കരാചാര്യരെ അറസ്റ്റ് ചെയ്തിട്ടും ജയിലിലിട്ടിട്ടും വളരെ ദുര്‍ബലമായ പ്രതിരോധം മാത്രമേ ഉണ്ടായിരുന്നുള്ളു. നേരെ മറിച്ച് സമാന സാഹചര്യത്തില്‍ ചേകന്നൂര്‍ മൗലവിയെ കൊന്നതോ അഭയയെ കൊന്നതോ ആയ പ്രതികളെ ഏതു സാഹചര്യത്തിലും നിയമത്തിനു മുന്നിലെത്തിക്കാതിരിക്കാന്‍ അതിന്റെ തലവന്മാര്‍ കൃത്യമായ രാഷ്ട്രീയ ചരടുവലികള്‍ നടത്തും. ശങ്കരാചാര്യരെക്കാളും ആളിലും അര്‍ത്ഥത്തിലും വലുത് ഒരു അസാധാരണ ആത്മീയ ഗുരുവായ ആശാറാം ആണെന്നു വേണം കണക്കാക്കാന്‍.


കാഞ്ചി ശങ്കരാചാര്യര്‍

മാദ്ധ്യമങ്ങള്‍ കാലകാലങ്ങളായ് അറിഞ്ഞും അറിയാതെയും ഹിന്ദുമത ഏകീകരണത്തിന് ചൂട്ട് പിടിക്കുന്നുണ്ട്. അതിലെ പ്രധാന വാചകങ്ങളില്‍ ഒന്നാണ് 'സാഫ്രോണ്‍ മാഫിയ' അല്ലെങ്കില്‍ കാവി ഭീകരരെന്നൊക്കെ വിശേഷിപ്പിച്ച് ഹിന്ദുക്കളെ ഒന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. സന്യാസിമാരില്‍ ഭൂരിഭാഗവും വിശ്വഹിന്ദു പരിഷത്തുമായും ബി ജെ പിയുമായും പുലബന്ധം പോലും ഇല്ലാതിരിന്നിട്ടും ഭീകരര്‍ എന്ന വിശേഷണത്തില്‍ ഒതുക്കുന്നു. മറ്റൊന്ന് ഏതൊരു ആത്മീയാചാര്യനെയോ സ്വയം പ്രഖ്യാപിത ഗുരുവിനെയോ 'സന്യാസി' എന്നു വിശേഷിപ്പിച്ച് തമ്മില്‍ ചേരാത്ത മറ്റ് സന്യാസിമാരെക്കൂടി ഒന്നിച്ച് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. അത്തരം സംഭവങ്ങളുടെ അവസാനത്തെ ദൃഷ്ടാന്തം ആണു ഭാര്യയും മക്കളുമായ് നല്ല ആത്മീയ വ്യാപാരിയായ് പേരെടുത്ത ആശാറാം ബാപുവിനെ സന്യാസിയാക്കുന്നതിലൂടെ ചെയ്യുന്നത്. ഗുജറാത്താണ് ആത്മീയതയ്ക്ക് വളക്കൂറുള്ള മണ്ണ്. ഭാഗവതം ആണ് ഏറ്റവും അധികം ഗുജറാത്തികളെ ഗുരുക്കന്മാരുമായ് കൂട്ടിച്ചേര്‍ക്കുന്ന കണ്ണി. ഇത്തരം ഭാഗവത ആചാര്യന്മാരെയും സന്യാസിമാരെയും ഒക്കെ ഒറ്റ വാക്കില്‍ ആദരവോടെ വിളിക്കുന്ന ചെല്ലപ്പേരാണ് 'ബാപു'. ഗാന്ധിജിയും ബാപു ആണെന്നോര്‍ക്കണം. മുരാരി ബാപു, ആശാറാം ബാപു തുടങ്ങിയ, പതിനായിരക്കണക്കിനു ഭക്തരെ ഒരേ സമയം ആകര്‍ഷിക്കുന്ന നിരവധി ബാപുമാര്‍ ഗുജറാത്തിനു സ്വന്തം. സന്യാസിയല്ലാത്ത ഇവരെയൊക്കെ സന്യാസിയെന്നും സ്വാമിയെന്നും സന്ത് എന്നും വിശേഷിപ്പിച്ച് ഉയരങ്ങളില്‍ എത്തിക്കുന്നത് ഇവരുടെ മഹിമ മാത്രമാണെന്ന് ധരിക്കണ്ട ഇവരുടെ പണം അതിനു പങ്ക് വഹിക്കുന്നുണ്ട്.

ആശാറാം ബാപു ഭാഗവതാചാര്യനില്‍ നിന്നും 40 വര്‍ഷം കൊണ്ട് വളര്‍ന്നത് 17000 ബാല സംസ്‌കാര കേന്ദ്രങ്ങളും 450 ആശ്രമങ്ങളും 40 ഗുരുകുലങ്ങളും ലക്ഷക്കണക്കിന് അനുയായികളും ചേര്‍ന്ന വലിയൊരു ആത്മീയ കേന്ദ്രത്തിന്റെ തലവനായിട്ടാണ്. അതാണ് ആദ്യം തന്നെ പറഞ്ഞത് കാഞ്ചി ശങ്കരാചാര്യര്‍ക്ക് ഇല്ലാതെ പോയതും ഈ പിന്തുണയാണ്. ആയിരക്കണക്കിന് അനുയായികള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും വന്നു ചേരുന്ന ഒരു അപകടം നല്ലവരും ചീത്തവരും അനുയായിയുടെ സംഘത്തില്‍ ഉണ്ടാവുമെന്നതാണ്. ഇത്ര വലിയ സ്ഥാപന തലവന്മാര്‍ക്കൊക്കെ തന്റെ സ്ഥാപനത്തില്‍ ആദ്യവസാനം നടക്കുന്നത് അറിയണം എന്ന് നിര്‍ബന്ധവും പിടിച്ചിട്ട് കാര്യമില്ല, സാധിക്കില്ല. എന്നാല്‍ അത്തരത്തില്‍ ഉണ്ടാവുന്ന ഏത് നിയമ വിരുദ്ധ പ്രവത്തികള്‍ക്കും സംഘത്തലവന്‍ ഉത്തരം പറഞ്ഞേ മതിയാവു.


ശ്രീ ശ്രീ രവിശങ്കര്‍

പലപ്പോഴും ആശാറാം ബാപു മറുപടി പറയേണ്ടി വന്നത് ഇത്തരം കാര്യങ്ങള്‍ക്കാണ്. പിന്നീട് ഗുജറാത്തിലും മദ്ധ്യപ്രദേശിലും ഭൂമി കൈയ്യേറ്റം ചെയ്തതിലും വാര്‍ത്തകളില്‍ നിറഞ്ഞ ഇദ്ദേഹം ആത്മീയ പുരുഷന്‍ അല്ല എന്ന് പൊതുജനത്തിന് അറിവ് നല്കിയ സംഭവങ്ങളാണ് അതേ തുടര്‍ന്ന് ഉണ്ടായത്. ഒരിഞ്ചു ഭൂമി പോലും ഒരു ആത്മീയ സ്ഥാപനത്തിന് അതിക്രമിച്ച് നേടേണ്ടതായിട്ടില്ല. കോടാനുകോടികളുടെ ആസ്തിയുള്ള ബാപുവിന്റെ ചെയ്തികളില്‍ പിടിക്കപെട്ടത് അതാണ്. ഗുജറാത്തില്‍ മോഡിയുടെ പിന്തുണ കിട്ടാത്തത് കൊണ്ട് പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കേണ്ടി വന്നു. പലയിടത്തും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ കൈയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം മറക്കാന്‍ പറ്റില്ല. പിന്നിട് കുട്ടികളുടെ കൊലപാതകങ്ങളാണ് ബാപുവിനെ ബഹുജന ശ്രദ്ധയില്‍ കൊണ്ട് വന്നത്. ഈ കൊലപാതകങ്ങളില്‍ ഇദ്ദേഹത്തിന് പങ്കില്ലെന്നു വേണമെങ്കില്‍ അവകാശപ്പെടാമെങ്കിലും കേസിനെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളില്‍ ഇവര്‍ക്കുള്ള സ്വാധീനത്തിന്റെ പങ്ക് അനിഷേധ്യമായിരിക്കും.

പ്രാദേശിക ഭരണകൂടവും ആശ്രമവും കൊല്ലപ്പെട്ടവരുടെ വീട്ടുകാരോട് പെരുമാറിയ രീതികള്‍ വല്ലാതെ വെറുപ്പ് തോന്നിക്കുന്നതും പൊതുജനത്തിന് സംശയം തോന്നിക്കുന്നതും ആയിരുന്നു. കൊല്ലപ്പെട്ട കുട്ടികള്‍ ഹിന്ദുക്കളാണല്ലൊ അവരുടെ രക്ഷകര്‍ത്താക്കളും സാധാരണ ഹിന്ദുക്കളെക്കാള്‍ കവിഞ്ഞ് ഗുരു ഭക്തി കാണിച്ചത് കൊണ്ടാണല്ലൊ അവിടെ എത്തിച്ചേര്‍ന്നത്. പിന്നെ ഒരു സുപ്രഭാതത്തില്‍ ഇത് നിയന്ത്രണാധീനമാവുമ്പോള്‍, മാദ്ധ്യമ മുതലാളിമാരായി മാറിയ ക്രിസ്ത്യന്‍ സ്വാധീനം ഹിന്ദുമതത്തെ തകര്‍ക്കാന്‍ തുനിയുന്നു എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ദശനാമി സന്യാസിമാരിലും മറ്റ് ആചാര്യ സഭകളിലും ബാപുവിനെപ്പോലുള്ള കഥാകാരന്മാര്‍ക്ക് സ്ഥാനമൊന്നുമില്ലെങ്കിലും പണം കൊടുത്ത് ചില സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍ സദസ്സുകളില്‍ ഇവര്‍ കയറിപറ്റാറുണ്ട്. ഇതൊക്കെയുണ്ടായിട്ടും ആശാറാമിന്റെ നാക്കിന്റെ കുഴപ്പം കൊണ്ട് നിരന്തരം പ്രശ്‌നങ്ങളില്‍ ചെന്നു വീണിരുന്നു. അപ്പോഴെല്ലാം രക്ഷപെട്ടു പോന്നിരുന്ന ഒരാള്‍ ഇപ്രാവശ്യം കുടുങ്ങിയിരിക്കുന്നത് ചെറിയ കുട്ടിയെ പീഡിപ്പിച്ചതിനാണ്. ബാപു എന്ത് പറഞ്ഞാലും 10 വര്‍ഷത്തോളം അദ്ദേഹത്തെ ദൈവമായ് കരുതിയ ഒരു വീട്ടുകാര്‍, ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തിന്റെ സ്ഥാപനത്തിനായ് ചിലവാക്കിയ ഒരാള്‍ ഒരു രാത്രികൊണ്ട് അദ്ദേഹത്തിനെതിരെ തിരിഞ്ഞതും സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി (ബാപുവിനെതിരെ തിരിഞ്ഞാല്‍ ലക്ഷക്കണക്കിനു വരുന്ന ഭക്തര്‍ വെറുതെ ഇരിക്കുമോ?) ഒരാള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ - അതും ബാപുവിനായ് ഒരാശ്രമം നിര്‍മ്മിച്ച ഒരു വ്യക്തി - ഇങ്ങനെ തിരിയുമ്പോള്‍ സംശയം അതിന്റെ പരകോടിയിലാണ്. ബാപുവിനെതിരെ ശബ്ദിച്ച ഏറ്റവും അടുത്ത് പെരുമാറിയിരുന്ന പലര്‍ക്കും പിന്നീട് സംഭവിച്ച അപകടങ്ങള്‍ അറിയാവുന്ന ആരും ഇത്തരം ഒരു തീക്കളി - അതിനി എത്ര കോടി രൂപ കൊടുക്കാം എന്നു പറഞ്ഞാലും - ചെയ്യില്ല. അപ്പോള്‍ ഇപ്രാവശ്യം ബാപു രക്ഷപെട്ടാലും ഇല്ലെങ്കിലും ഇദ്ദേഹത്തിന്റെ നിഗൂഡതകള്‍ക്ക് വിരാമമിടാന്‍ നേരമായി.

ഒരു സന്യാസിയല്ലാത്ത ഒരാളെ സന്യാസി / സ്വാമി എന്നു വിളിച്ചവഹേളിച്ച സമൂഹമെന്ന നിലയില്‍ കേരളവും പെടും. ദശാനാമി സന്യാസി സമൂഹവുമായി ഒരു ബന്ധവും ഗുരു പരമ്പരയാ ഇല്ലാത്ത ഒരാളായിരുന്നു സന്തോഷ് മാധവന്‍ / അമൃത ചൈതന്യ എന്ന പൂജാരിയെയും സ്വാമി എന്നു വിളിച്ച് സന്യാസ സമൂഹത്തിനെ അവഹേളിക്കുന്നതില്‍ മുഴുവന്‍ കേരളവും പങ്കെടുത്തു എന്നു വേണം ഊഹിക്കാന്‍. ഹിന്ദു മതത്തിന്റെ പ്രത്യേകത അതാണ് - ഇതൊരു മതമല്ലാത്തത് കൊണ്ട് ആര്‍ക്കും സ്വാമിയും സിദ്ധനും ജ്യോതിഷിയും എന്തിന് ജഗദ് ഗുരുവരെയാകാം. വി എ ച് പി യുടെ ആശിര്‍വാദത്തില്‍ നിര്‍മ്മിക്കപെടുന്ന ശങ്കരാചാര്യന്മാര്‍ ഭാരതത്തില്‍ ഉണ്ട്. പണം കൊടുത്താല്‍ ആര്‍ക്കും ശങ്കരാചാര്യരാകാം.


രാധേ മാ

അലഹാബാദ് കുംഭമേള സമയത്ത് ഉണ്ടായ ഒരു സംഭവം. മുന്‍ കാല ജീവിതചരിത്രവും പ്രവൃത്തികളും ശരിയല്ലാത്തതിനാല്‍ സന്യാസം പോയിട്ട് ആത്മീയതയുമായ് ഒരു ബന്ധവും വെയ്ക്കാന്‍ സാദ്ധ്യത ഇല്ലാത്ത സ്ത്രീയായിരുന്നു വിവാദ മുംബൈ ഭജനക്കാരി 'രാധേ മാ'. ഭര്‍ത്താവും കുടുംബവുമായ് കഴിഞ്ഞു വന്ന ഈ സ്ത്രീക്ക് സന്യാസത്തിനു മുന്‍പ് അവരുമായ് ഒരു ബന്ധവും ഇല്ല എന്നു സ്ഥാപിക്കാന്‍ പല നാടകങ്ങളും ചെയ്യേണ്ടി വന്നു. രാധേ മാ ക്ക് സന്യാസം നല്കി എന്നു മാത്രമല്ല അവരെ സന്യാസിമാരില്‍ മഹാ മണ്ഡലേശ്വര്‍ എന്ന പദവിയില്‍ പട്ടാഭിഷേകം ചെയ്തു. അതിനു ശേഷം ആ തിരഞ്ഞെടുപ്പില്‍ അംഗമായ ഒരു സന്യാസിയുമായ് ഞങ്ങള്‍ ചില സുഹൃത് സന്യാസിമാര്‍ ഇരിക്കുന്ന വേളയില്‍ കൂട്ടത്തിലെ ഒരു രസികന്‍ സ്വാമി വക ഒരു സീരിയസ് ചോദ്യം' അല്ല സ്വാമിജീ ഈ രാധേ മായെ സന്യാസിനിയാക്കിയ വാര്‍ത്ത കേട്ടിട്ട് കല്ക്കട്ടയിലെ ഒരു പ്രശസ്ത വേശ്യ എനിക്ക് ഫോണ്‍ ചെയ്യുന്നു, ഒന്നരക്കോടി രൂപ കൊടുക്കാന്‍ തയ്യാറാണ്, അവര്‍ക്കും മഹാ മണ്ഡലേശ്വര്‍ ആകണം എന്ന്, ഞാന്‍ വിളിക്കട്ടെ അവരെ?'. ഉടനെ തൊട്ടടുത്തിരുന്ന സന്യാസി വക കമന്റ് 'നിങ്ങള്‍ വിളിക്കെന്നെ, പത്ത് കോടി കൊടുത്താല്‍ ദാവൂദിബ്രാഹിമിനെ നമ്മള്‍ മണ്ഡലേശ്വരാക്കും പിന്നെല്ലെ ഒരു കല്ക്കട്ടക്കാരിയെ'. പരിഹാസം അധികം ഏറ്റു വാങ്ങന്‍ കെല്പില്ലാതെ സംഘാടകന്‍ അവിടെ നിന്നും തടി ഊരി. പക്ഷേ യാതൊരു തത്വദീക്ഷയുമില്ലാതെ സന്യാസി എന്ന പേരില്‍ ഈ സമൂഹത്തില്‍ ആദ്ധ്യത്മികതയ്ക്കും സന്യാസത്തിനും കളങ്കമേല്പിക്കുന്നവരെ കൃത്യ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ ഇനിയും വൈകരുത്.

കോടികള്‍ വാരിക്കൂട്ടുന്ന ബിസ്സിനസ് ചെയ്യുന്ന ആത്മീയ വ്യാപരികളില്‍ പലരും പരസ്യമായി രണ്ടും മൂന്നും ഭാര്യമാരോടൊത്ത് കഴിയുന്നവരാണ്. അവരെയും സ്വാമി എന്നു വിളിക്കുക മാത്രമല്ല മുഖ്യധാര ചാനലുകളില്‍ അവര്‍ പൂജ്യ പുരുഷന്മാരുമാണ്. ഇന്‍ഡ്യയുടെയും ഹിന്ദു മതത്തിന്റെയും പ്രത്യേകത വെച്ച് ആര്‍ക്കും ആശ്രമം സ്ഥാപിക്കാം, സ്വയം പ്രഖ്യാപിത സന്യാസിയാവാം, അല്പം പണമൊക്കെ വന്നു കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ ബാക്കി പ്രചരണം ഏറ്റെടുക്കും. യോഗ ഗുരുവും സന്യാസവുമായി ബന്ധവുമില്ലാത്ത ശ്രീ ശ്രീ രവിശങ്കര്‍ സന്യാസിമാരുടെ നിരയില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്. ഗുരുജിമാരും ബാപുജിമാരും കൃത്യമായി പണമെണ്ണി വാങ്ങി പഠിപ്പിക്കുന്ന ക്രിയകളും യോഗകളും അവരെ സന്യാസി എന്ന പവിത്ര നാമത്തിന്റെ ഉടമകളാക്കുമ്പോള്‍ പണം കൊടുത്ത് നേടുന്ന ആത്മീയ സുഖങ്ങള്‍ക്കുള്ള മറുപുറമത്രെ ഇത്തരം ദുരന്തങ്ങള്‍.

ദക്ഷിണേന്ത്യവിട്ട് ക്രിസ്ത്യന്‍ മിഷണിമാരും കാഷായവും ഇട്ട് 'ഈശോ ബാബ'മാരായ് അവതരിച്ചിട്ട് നാളെറെയായി. മത പരിവര്‍ത്തനം എന്ന ഒറ്റ ഉദ്ദേശത്തിലുള്ള അവരും ആശ്രമങ്ങള്‍ എന്ന്‍ പേരെഴുതിവെച്ചു തന്നെയാണ് ആത്മീയ വ്യാവസായം ആരംഭിക്കുന്നത്. എന്തായാലും ആര്‍ക്കും തടുക്കാന്‍ വയ്യാത്ത തരത്തില്‍ കുഴപ്പത്തിലായ നമ്മുടെ സന്യാസി സമൂഹത്തിന്റെ കഥകള്‍ ഒരു ആശാറാമില്‍ ഒതുങ്ങുന്നില്ല. ഭാര്യയും മക്കളുമായ് പാന്റും കോട്ടുമിട്ട് നടക്കുന്ന ബ്രഹ്മര്‍ഷി കുമാര്‍ജിയും കഴിഞ്ഞ കുംഭമേളയോടെ സന്യാസിമാരുടെ പരമാചാര്യനായ് വാഴിക്കപ്പെട്ടു. സീ ടീ വിയിലെ ഒരു പ്രോഗ്രാമില്‍ സനല്‍ ഇടമറുകിനെ മന്ത്രം കൊണ്ട് കൊല്ലും എന്ന് വെല്ലുവിളിച്ച് ദയനീയമായ് പരജയപ്പെട്ട മാന്യ ദേഹമാണ് ബ്രഹ്മര്‍ഷി കുമാര്‍ സ്വാമി. ഗാസിയാബാദില്‍ ചായ വിറ്റു നടന്ന ഒരു സാധാരണ വിശ്വാസി പിന്നീട് ഉത്തരേന്ത്യന്‍ ചാനലുകളില്‍ ഏറ്റവും തിളങ്ങിയ, ഇപ്പോഴും തിളങ്ങുന്ന ശനി ബാബയാണ്. കറുത്ത വസ്ത്രമിട്ട് കോമാളി അവതാരത്തില്‍ എത്തിയ ഇദ്ദേഹം ഇന്ന് കോടികള്‍ വാരിക്കൂട്ടുന്നുണ്ട് . അതിനായ് തന്നെ അദ്ദേഹം കണ്ടെത്തിയ ഒരു മാര്‍ഗ്ഗം മഹാ മണ്ഡലേശ്വരാകുക എന്നതായിരുന്നു. പണം കൊടുത്താല്‍ ആര്‍ക്കും സന്യാസിമാരാവാനും ജഗദ് ഗുരുവാകാനും നമ്മുടെ നാട്ടില്‍ വിലക്കില്ല. നാലു ശങ്കരാചാര്യന്മാര്‍ പോരാത്തത് കൊണ്ട് വി എച് പി പിന്തുണയോടെ കാശി വിദ്വത് പരിഷദ് ജഗദ് ഗുരു എന്ന ടൈറ്റില്‍ പലര്‍ക്കും കൊടുത്തു . കുംഭമേളകളില്‍ ഇത്തരം വ്യാജ ശങ്കരാചാര്യന്മാരെ സ്ഥാനം കൊടുക്കാതെ എല്ലാ പ്രാവശ്യവും മാറ്റി നിര്‍ത്തും. ആശാറാം ബാപുവിനത്ര വരില്ലെങ്കിലും പല ജഗദ് ഗുരുക്കന്മാരും അവരുടെ ചെയ്തികള്‍ കൊണ്ട് അപഹാസ്യരായവരും നിന്ദ്യരും ആണെന്നത് ഇത്തരം സന്യാസിമാരെ വാര്‍ത്തെടുക്കുന്നവര്‍ മറക്കുന്നു.

ഹിന്ദുമതത്തെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് ഒരു പരിധിവരെ ഇത്തരം വ്യാജ മുഖങ്ങളെ ആത്മീയാചാര്യന്മാര്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന ആള്‍ക്കൂട്ടങ്ങളും അവരുടെ അജന്‍ഡകളും ആണ്. അതിനെതിരെ ശക്തമായ പ്രതികരണം ചെയ്യാന്‍ സാധിക്കേണ്ടത് അഖാഡകള്‍ എന്ന സന്യാസിമാരുടെ ആചാര്യ സഭകള്‍ക്കായിരിന്നു. ദൗര്‍ഭാഗ്യം എന്നു പറയട്ടെ, പണം കൊടുക്കാന്‍ കഴിവുള്ള ആരെയും എന്തു വേഷവും കെട്ടിക്കാന്‍ തയ്യാറായ ധനമോഹികളുടെ ആള്‍ക്കൂട്ടങ്ങളായ് ഇത്തരം സംഘടനകള്‍ അധപതിച്ചത് കൊണ്ട് നമുക്ക് പ്രതീക്ഷ നിയമ സംവിധാനങ്ങളില്‍ തന്നെയാവണം. അതിനായ് അഖാഡകളും ആചാര്യ സഭകളും കൃത്യമായ നിയന്ത്രണം ഏര്‍പെടുത്തണം ഗവണ്മെന്റും അതിശക്തമായ് ഇടപെടണം. അല്ലെങ്കില്‍ ഇത്തരം അപമാനങ്ങള്‍ സമൂഹം നിരന്തരം ഏറ്റുവാങ്ങേണ്ടി വരും - ഭക്തിയുടെയും ആദ്ധ്യാത്മികതയുടെയും മറവില്‍.


Next Story

Related Stories