TopTop
Begin typing your search above and press return to search.

ഈ ജെന്‍ഡര്‍ ആര്‍ക്കാണ് പ്രശ്നം?

ഈ ജെന്‍ഡര്‍ ആര്‍ക്കാണ് പ്രശ്നം?

കുറച്ചു നാള്‍ മുമ്പ് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഒരു പോസ്റ്റ് കാണുകയുണ്ടായി. വെറുപ്പും ദേഷ്യവുമൊക്കെ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒന്ന്. ആരെ ഉദ്ദേശിച്ചായിരുന്നു അത് എന്നതല്ല ഇവിടെ പ്രസക്തം. അതിലെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. 'ഇതൊരു ആണും പെണ്ണും കെട്ട, ശിഖണ്ഡി പ്രസ്ഥാനമല്ല'. കാര്യം എന്താണെന്ന് മനസിലാക്കാന്‍ വീണ്ടും വായിക്കേണ്ടി വന്നു. 'നട്ടെല്ലില്ലായ്മ'യെ കുറിച്ചുള്ള രോഷം. കുറ്റം പറഞ്ഞുകൂടാ. ഇത്തരം രോഷം കൊള്ളലുകള്‍ക്കുള്ള ഇടമാണെല്ലോ മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെയും പല ഗ്രൂപ്പുകളും. എന്റെ ചോദ്യം - 'ഭീരുത്വം' അല്ലെങ്കില്‍ 'ശങ്ക' ഇതിനൊക്കെ പകരം ഉപയോഗിക്കേണ്ട വാക്കുകളാണോ 'ശിഖണ്ഡി' അല്ലെങ്കില്‍ 'ആണും പെണ്ണും കെട്ടത്' എന്നിവയൊക്കെ? ദേഷ്യപ്പെടുമ്പോഴും അവഹേളിക്കാനുമായി ഒക്കെ 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന വാക്ക് നമുക്കിടയില്‍ എന്തുകൊണ്ടാണ് കടന്നുവരുന്നത്? ആണും പെണ്ണും എന്നതു പോലെ ഏറ്റവും മാന്യവും ഉത്കൃഷ്ടവുമായ ഒരവസ്ഥയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതും എന്ന് എന്നാണ് നാം മനസിലാക്കുക?

കഴിഞ്ഞയാഴ്ച യാദൃച്ഛികമായി ഒരു കന്നഡ ചിത്രം കാണാനിടയായി.15 മിനിറ്റില്‍ കൂടുതല്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു മുഖ്യധാരാ സിനിമയിലുള്ള എല്ലാക്കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള ഒരു തട്ടുപൊളിപ്പന്‍ ചിത്രം. തിളങ്ങുന്ന സാരിയില്‍ പൊതിഞ്ഞ, പിന്നിയിട്ട നീണ്ട മുടിയില്‍ നിറയെ മുല്ലപ്പൂക്കള്‍ ചൂടിയ, വലിയ പൊട്ടുതൊട്ട ഒരൊത്ത 'ഹിജഡ' കഥാപാത്രമായിരുന്നു സിനിമയില്‍. വില്ലന്റെ സില്‍ബന്തി, കുതന്ത്രശാലി. ആ 'നടത്തവും' പിന്നിയിട്ട മുടിയുടെ പുറകിലേക്കുള്ള എറിയലും മുഖം കൊണ്ടുള്ള ഗോഷ്ഠികളുമൊക്കെ പതിവു പോലെ സ്ലോമോഷനിലാണ് കാണിക്കുന്നത്. ഭാഷയേതായാലും ഈ ഭാവവാഹാദികള്‍ ആവര്‍ത്തിക്കപ്പെടുന്നു. അതിനൊപ്പം, ഇവരെ ഏതെല്ലാം വിധത്തില്‍ നെഗറ്റീവ് ആയി കാണിക്കാമോ അതും ഉള്‍പ്പെടുത്തുന്നു. ഈ അടുത്ത കാലത്ത് ചില ചിത്രങ്ങളില്‍ ഇവരുടെ യാതന നിറഞ്ഞ ജീവിതവും ഇവര്‍ നേരിടുന്ന വിവേചനങ്ങളുമൊക്കെ പകര്‍ത്തിയതു കാണാനായി. അത്രയും ആശ്വാസം.

ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് എന്നു തിരിച്ചറിയപ്പെട്ടതിനെ തുടര്‍ന്ന് ഒരു കൗമാരക്കാരന്‍ ഈയിടെ കൊല ചെയ്യപ്പെട്ട വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ജനക്കൂട്ടം കൈയേറ്റം ചെയ്ത അവന്റെ മൃതശരീരം അപമാനം ഭയന്ന് ഏറ്റുവാങ്ങാന്‍ പോലും മാതാപിതാക്കള്‍ തയാറായില്ല. ഇത് സംഭവിച്ചത് ആഫ്രിക്കയിലാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഇന്ത്യക്കാരുടെ മനോഭാവവും അത്ര മെച്ചമൊന്നുമല്ല. ഇവിടെയും ട്രാന്‍സ്‌ജെന്‍ഡര്‍ ജന്മനാട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നു തന്നെയും പലപ്പോഴും ബഹിഷ്‌കൃതരാകുന്നു. അവര്‍ക്ക് പലപ്പോഴും തങ്ങളുടെ 'കൂട്ട'ലേക്ക് ഒതുങ്ങേണ്ടി വരുന്നു. ബാംഗ്ലൂരില്‍ ട്രാഫിക്കില്‍ വാഹനം നിര്‍ത്തുമ്പോഴാണ് പലപ്പോഴും ഇവരെ കണ്ടുമുട്ടാറുള്ളത്. നഗരവാസിക്ക്, കൈകൊട്ടി പാടി, പണം ചോദിക്കുന്ന ഒരുകൂട്ടം 'വൃത്തികെട്ടവര്‍' മാത്രമാണ് ഇവര്‍.

സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഇവര്‍ക്കും ആഗ്രഹങ്ങളുണ്ടാകില്ലോ? എന്നാല്‍ ഇവര്‍ക്കു നേര്‍ക്കുള്ള വിവേചനങ്ങളും സമൂഹത്തിന്റെ വെറുപ്പും പലപ്പോഴും ഇവരെ കൊണ്ടെത്തിക്കുക ലൈംഗിക തൊഴിലിലേക്കാണ്. ബാംഗ്ലൂരിലെ ബസ് സ്‌റ്റേഷന്‍ പരിസരം ഇത്തരത്തിലൊരു 'പിക്ക്-അപ് പോയിന്റാ'ണ്. എത്രയോ കാലമായി ഈ അവസ്ഥ അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ഒരു സാധാരണ പൗരന് ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു പോലും പലപ്പോഴും ഇവര്‍ക്ക് എന്‍.ജി.ഒകളുടെ സഹായം തേടേണ്ടി വരാറുണ്ട്. ആശുപത്രികളില്‍ പലപ്പോഴും മികച്ച ചികിത്സ ലഭിക്കാറില്ല. അഡ്മിറ്റ് ചെയ്യാറുമില്ല. കാരണം, ഏതു വാര്‍ഡിലായിരിക്കണം ഇവരെ അഡ്മിറ്റ് ചെയ്യുക എന്നതാണ് അധികൃതരുടെ പ്രശ്‌നം. മിക്ക അപേക്ഷാ ഫോമുകളിലും 'ആണ്' അല്ലെങ്കില്‍ 'പെണ്ണ്' എന്ന് രേഖപ്പെടുത്താനുള്ള കോളങ്ങളേ ഉള്ളൂ. ഇത് പൂരിപ്പിക്കാതെയുമിരിക്കാം. എന്നാല്‍ ആണ്, പെണ്ണ് എന്നതു പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കോളം അംഗീകരിക്കാന്‍ നമുക്കെത്ര കാലം വേണ്ടിവരും?

നമ്മുടെ ജെന്‍ഡര്‍ കാഴ്ചപ്പാടുകള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതാണെന്നു കാണാം. അതെപ്പോഴും ബയോളജി ക്ലാസുകളിലെ ആണ്‍ / പെണ്‍ ദ്വന്ദവുമായി ചേര്‍ന്നു നില്‍ക്കുന്നു. അവനും അവളും ചേര്‍ന്നുള്ള പ്രത്യൂത്പാദനത്തില്‍ ഉണ്ടാകുന്നതാകട്ടെ ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്. ലളിതം. സെക്കന്‍ഡറി ക്ലാസുകളില്‍ ഈ ആണ്‍ / പെണ്‍ അവസ്ഥകള്‍ വിശകലനം ചെയ്യുമ്പോഴെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന അവസ്ഥയുടെ സാധ്യത അംഗീകരിക്കപ്പെടേണ്ടതാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മരുമകളുടെ പാഠപുസ്തകത്തില്‍ ഈ വാക്കേ ഇല്ല. അതേ സമയം ആണ്‍ / പെണ്‍ അവസ്ഥകളെ അതില്‍ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് സങ്കീര്‍ണമായ ഒരു പദമാണെന്നത് ശരിയാണ്. പലതരം വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ബാസ്‌ക്കറ്റ് തന്നെയാണത്. പക്ഷേ, ശാസ്ത്രീയമായ ഒരു യാഥാര്‍ഥ്യത്തെ ഒഴിവാക്കാന്‍ ഇത് മതിയായ കാരണമാണോ? എന്റെ മരുമകള്‍ പറയുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് അവര്‍ സുഹൃത്തുക്കള്‍ പരസ്പരം കളിയാക്കാനാണ് ഉപയോഗിക്കുന്നത് എന്നാണ്. ഒരു വ്യക്തിയുടെ സ്വത്വത്തെ സൂചിപ്പിക്കുന്ന പദം എങ്ങനെയാണ് ചീത്ത വാക്കായി ഉപയോഗിക്കുന്നത്? പാഠപുസ്തകങ്ങള്‍ പിന്തുടരുന്ന ഈ ആണ്‍, പെണ്‍ ദ്വന്ദത്തിലധിഷ്ഠിതമായ നിശബ്ദത നമ്മുടെ സമൂഹത്തിന്റെ പരിചേ്ഛദം തന്നെയാണ്. ഈ രഹസ്യാത്മകത ട്രാന്‍സ്‌ജെന്‍ഡറിനു നേര്‍ക്കുള്ള പെരുമാറ്റം കൂടുതല്‍ ദയാഹീനവും നിന്ദ്യവുമാക്കാനേ ഉപകരിക്കൂ. സമൂഹം ആ രീതിയില്‍ എത്രത്തോളം മുന്നോട്ടു പോയാലും കൂട്ടത്തിലൊരു ജീവിയെ അംഗീകരിക്കാത്ത അവസ്ഥ ഏതൊരു സമൂഹത്തിനും അപമാനകരമാണ്.


Next Story

Related Stories