TopTop
Begin typing your search above and press return to search.

വിനോഭാ ഒരു മനുഷ്യന്‍

വിനോഭാ ഒരു മനുഷ്യന്‍

സാജു കൊമ്പന്‍, സഫിയ ഒ.സി

ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രയോക്താക്കളില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ കണ്ണികളിലൊരാളാണു പരിവ്രാജിക രാജമ്മ. നെടുമങ്ങാട്ടെ വിനോഭ നികേതനില്‍ ജീവിത സായന്തനത്തിലും സേവന തല്‍പ്പരയായി കഴിയുകയാണിവര്‍. നേരത്തെ അഴിമുഖം പ്രസിദ്ധീകരിച അഭിമുഖത്തില്‍ പറഞ്ഞതു പോലെ നിസ്വാര്‍ത്ഥ സേവനം ചുവപ്പ് നാടയില്‍ കുരുങ്ങിപ്പോകുന്നതിന്റെ ഉദാഹരണം മാത്രമല്ല പരിവ്രാജിക രാജമ്മ. നാം നമ്മുടേത് മാത്രമെന്ന് ഊറ്റം കൊള്ളുന്ന ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഇന്നെന്തുവില എന്നതിന്റെ തെളിവു കൂടിയാണ് പരിവ്രാജിക രാജമ്മയും വിനോഭ നികേതനും. വിനോബയുടെ ജന്മ ദിനത്തില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഒരു പൊതു പരിപാടി പോലും നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് വിനോഭ നികേതന്‍. കൂടാതെ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി കൊട്ടാക്കള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു പരിവ്രാജിക. അവര്‍ ബാബയെക്കുറിച്ച് ഓര്‍ക്കുന്നു.

വ്യാസനോ, നബിയോ,ശ്രീ ക്രിസ്തു തന്നെയോ ബുദ്ധ

ദേവനോ, ആദി ഗുരു ശങ്കരചാര്യര്‍ താനോ

മാനവ സംസ്‌കാരത്തിന്നാകാരത്തികാവാര്‍ന്നു

വാനവദൂതന്‍പോലിങ്ങാരുവാന്‍ വരുന്നു ഹാ....!

1957ല്‍ കേരളത്തിലും ക്രാന്തദര്‍ശികളായ കവികള്‍ ആ യുഗ പഥികന്റെ വഴിത്താരയില്‍ ഇങ്ങനെ അമ്പരന്നു നിന്നു. 'കൃതയുഗ വിനോഭാ', 'വിനോഭാ എനിക്ക് ഗുരുവും മകനും ആണ്', 'I have never come across in my life a nobler soul than you (Vinoba)' എന്നും മറ്റും ബപ്പുജിക്കുപോലും വിനോഭയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ക്കു തിരയേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ വിനോഭാ അഭിമാനം കൊണ്ടിരുന്നത് 'ബാപുവിന്റെ വളര്‍ത്ത് മൃഗമായ വന്യജന്തു ' എന്ന് സ്വയം പരിചയപ്പെടുത്തുന്നതിലാണ്.

'അഥാതോ ബ്രഹ്മ ജിജ്ഞാസാ' എന്നാ ബ്രഹ്മസൂത്രോക്തിയോടെ പിറന്ന വീടും വളര്‍ന്ന നാടും പരിത്യജിച്ചു സന്യസിക്കാനായി ഹിമാലയത്തെ ലക്ഷ്യമാക്കി വിനോ ഇറങ്ങിത്തിരിച്ചു. ചെന്നെത്തിയത് അടിമത്തത്തിന്റെ അതിഘോരമായ അന്ധകാരതില്‍പ്പെട്ട്, മനുഷ്യനെന്ന നിലയില്‍ ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ പോലും അപഹരിക്കപ്പെട്ടു നരകയാതനകളാല്‍ നട്ടം തിരിയുന്ന ജനസമൂഹത്തിന്റെ നടുവിലും. 'ബ്രഹ്മ സത്യം ജഗന്മിഥ്യ' എന്ന് അതുവരെ ധരിച്ചിരുന്ന വിനോക്ക് 'ജഗത് സത്യം' എന്നും 'ജഗത്സ്ഫൂര്‍ത്തി, ജീവനം സത്യ ശോധനം' എന്നും ഉള്ള അത്മാനുഭൂതിയാണ് ഉണ്ടായത്. ഈ ലോകം ബ്രഹ്മത്തില്‍നിന്നും ഭിന്നമല്ല എന്നത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിത്തീര്‍ന്നു. സ്വാതന്ത്ര്യ സമര ബലി വേദികളില്‍ സ്വയം ആഹൂതി ചെയ്യാന്‍ കരുത്തുള്ള ധര്‍മ്മ ഭടന്മാരെ വാര്‍ത്തെടുത്തത് ആ വിശാസം സമര്‍ഥമാക്കിയ വിനോയുടെ കൈകളായിരുന്നു. അചഞ്ചലമായ ആ വിശ്വാസത്തില്‍ നിന്നും ഉടലെടുത്തതായിരുന്നു, ഗാന്ധിജി വിഭാവനം ചെയ്ത സര്‍വോദയ സാമൂഹ്യ വ്യവസ്ഥിതിയെ സംബന്ധിച്ച ആശയങ്ങളെ പ്രായോഗിക പരിക്ഷണങ്ങളിലൂടെ വികസിപ്പിച്ചു വിശ്വസേവനതിനുള്ള പ്രത്യക്ഷ പരിപാടിയാക്കി അസംഖ്യം പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനം നല്കി പ്രവത്തിച്ച വിനോഭയുടെ സാമ്യ യോഗ സിദ്ധാന്തം. പാര്‍ടി,ജാതി,മതങ്ങളുടെ സങ്കുചിത വലയങ്ങളില്‍ നിന്നും വ്യക്തിയെ വിമുക്തമാക്കി അവനില്‍ ആത്മശക്തി ഉണര്‍ത്തി സമൂഹ ജിവിതത്തില്‍ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കുന്ന അഹിംസാത്മകമായ വിപ്ലവവീര്യം ഉള്‍ക്കൊണ്ടതാണീ സാമ്യ യോഗം. ആരാധനയും സേവനവും ഒന്നാക്കി മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരുടെ ഇടയില്‍ തന്നെ മനുഷ്യനായി മാത്രം ജീവിക്കാന്‍ വ്രതമെടുത്ത ആ മഹാനുഭാവാന്‍. ആ മഹര്‍ഷി വര്യന്റെ 88 വര്‍ഷത്തെ ജീവിതയാത്ര അതിമാനുഷ ശക്തി പ്രദര്‍ശനം കൂടാതെയുള്ള ഒരു നിശബ്ദതീര്‍ഥാടനമായിരുന്നു.


വിനോഭയ്ക്കൊപ്പം പരിവ്രാജിക രാജമ്മ

മാതൃ ഭക്തിയായിയിരുന്നു വിനോഭയെ ഒരു മനുഷ്യനായി നിലനിര്‍ത്തിയതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മ എന്ന രണ്ടക്ഷരങ്ങളില്‍ ജന്മം നല്കിയ മാതാവിനെ മാത്രമല്ല ഭാരതമാതാവിനെയും ഗീതമാതാവിനെയും ഭൂമിമാതാവിനെയും അദ്ദേഹം ഒന്നായി കണ്ടുപാസിച്ചു. അമ്മയുടെ മടിത്തട്ടില്‍ ബാല്യകാലങ്ങളില്‍ ഉറങ്ങിയ മാധുര്യം അസ്വദിക്കാനെന്നവണ്ണം മാതാവിന്റെ നിര്യാണത്തിനു ശേഷം തലയ്ക്കു കീഴില്‍ അവരുടെ ഒരു സാരി വെച്ച് ഉറങ്ങുന്ന ഒരു പതിവ് വിനോയ്ക്കുണ്ടായിരുന്നു. സത്യഗ്രഹ ആശ്രമത്തില്‍ ഖാദി വ്രതം സ്വീകരിച്ചതോടെ സഗുണ ഭക്തിയുടെ ആ ഉപാധിയും അദ്ദേഹം സബര്‍മതി നദിയിലെ ജലധാരയില്‍ ഒഴുക്കി നിര്‍ഗുണ ഭക്തിയിലേക്ക് നീങ്ങി. വ്യക്തി മാതാവ് വിശ്വ മാതാവായി! ഗാന്ധിജിയില്‍ നിന്നും അദ്ദേഹം നുകര്‍ന്നതും അമ്മയുടെ ആ വാത്സല്യമായിരുന്നു. ഗാന്ധിജി ഉപയോഗിച്ചിരുന്ന ഒരു പുതപ്പ് 1948 ജനുവരി 30-നു ശേഷം തന്റെ അന്ത്യം വരെ അമ്മയുടെ സാരിയുടെ സ്ഥാനം പിടിച്ചിരുന്നു.

പട്ടണങ്ങളിലും ഗ്രാമാന്തരങ്ങളില്‍നിന്നും ദുഖഭാരം പേറി വന്നിരുന്ന അമ്മമാര്‍ക്ക് വിനോ ആശ്വാസ കേന്ദ്രമായിരുന്നു. മദ്യപാനം കാരണം തങ്ങളനുഭവിക്കുന്ന ദുരിതത്തിന്റെയും ശാരീരിക പീഡനങ്ങളുടെയും കഥകള്‍ ബാബയെ അറിയിക്കാന്‍ ധാരാളം അമ്മമാര്‍ എത്തുക പതിവായിരുന്നു. വിനോയോടു സംസാരിക്കുമ്പോള്‍ ബീഹാറിലെ സ്ത്രീകള്‍ പോലും മൂടുപടം ഉപയോഗിച്ചിരുന്നില്ല. ഒരു ദിവസം. രാത്രി 12 മണിയായിട്ടുണ്ടാകും. ബാബയുടെ നിദ്രയ്ക്കു ഭംഗം വരുത്താതെ പദയാത്രയിലെ ഒരു സംഘം യുവാക്കള്‍ പതിവുപോലെ ഗ്രാമങ്ങളില്‍ രാത്രിമാത്രം ഒത്തു ചെരുമായിരുന്ന പണിയാളരുടെ ചേരികളില്‍ ബാബയുടെ സന്ദേശം എത്തിച്ചിട്ട് അദ്ദേഹം അറിയാതെ വൃക്ഷച്ചുവടുകളും വരാന്തകളും തേടുകയായിരുന്നു. ബാബാ ഉണരുന്നതിനുമുന്‍പ് അല്പം വിശ്രമിക്കാന്‍. അപ്പോഴേക്കും കടലച്ചെടികള്‍ക്കിടയിലൂടെ ഒരു മനുഷ്യനിര നടന്നടുത്തു. ഏതാനും അമ്മമാര്‍ ''ഗ്രാമത്തിന്‍ പുറത്തു വസിക്കുന്ന ചാമര്‍ നായകരുടെ കിടാത്തികളും'' ''സ്‌നേഹത്തിലും തന്‍ നില താഴെയെന്നുതിത്തോതിടുന്ന'വരും ഉള്‍പ്പെട്ട ഒരു സമൂഹം.

ബാബയെ കണ്ടേ പറ്റൂ അവര്‍ക്ക്. അപ്പോള്‍ത്തന്നെ കാണുകയും വേണം. തങ്ങളുടെ മദ്യപന്മാരായ 'പതി ദേവന്മാരെ' ഭൂതഗണങ്ങളെപ്പോലെ നിരത്തി നിര്‍ത്തി കഴിഞ്ഞു, ബാബയെ സാക്ഷി നിര്‍ത്തി മദ്യവര്‍ജ്ജന വ്രതമെടുക്കാന്‍ വേണ്ടി. തിരിച്ചുപോകാന്‍ കൂട്ടാക്കാത്ത ആ വീരവനിതകളുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും മധ്യേ ബാബയങ്ങു നിലയുറപ്പിച്ചു. 'ഇനി പുരുഷന്മാര്‍ മദ്യപിച്ചു വന്നാല്‍ നിങ്ങള്‍ വീട്ടില്‍ സത്യഗ്രഹം നടത്തണം. കുട്ടികള്‍ക്ക് വേണ്ടി പോലും ഭക്ഷണം പാകം ചെയ്യരുത്. അടുപ്പ് കത്തിക്കരുത്. നാട്യം ഉപേക്ഷിക്കുന്നതുവരെ അങ്ങനെ ചെയ്യുക... അമ്മമാര്‍ സംഘടിച്ചാല്‍ ഒന്നും അസാധ്യമല്ല'. രാത്രി 9 മണിക്കു കിടന്നാല്‍ രാവിലെ ബ്രഹ്മ മുഹൂര്‍ത്തില്‍ 2.30 മണിക്ക് അര്‍ജ്ജുനന്റെ വിശ്വരൂപ ദര്‍ശന സ്തുതി ചൊല്ലിക്കൊണ്ടു ഉണരുകയും സഹയാത്രികരെ ഉണര്‍ത്തുകയും ചെയ്യുന്ന ബാബ ആ നിശയുടെ ശേഷിച്ച യാമങ്ങളില്‍ നിദ്രാവിഹീനനായി ഭാരതത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആരാഞ്ഞിരിക്കാം. പ്രഭാത പ്രാര്‍ത്ഥനയില്‍ ബാബ പ്രകടമായി ചിന്തിച്ചു. ''മില്‍ വസ്ത്രത്തിന്റെ കമ്പോളങ്ങളിലും മദ്യ ഷാപ്പുകളുടെ നടകളിലും സിനിമാശാലകളുടെ മുന്‍പിലും പിക്കറ്റ് ചെയ്തു ജനഹിതം വ്യക്തമാക്കാന്‍ ഒരിക്കല്‍ക്കൂടി മാതൃ ശക്തി സംഘടിക്കട്ടെ. ആ നിര്‍ദ്ദേശത്തില്‍നിന്നും പില്‍ക്കാലത്ത് രൂപം കൊണ്ടതാണ് സ്തീ ശക്തി ജാഗരണ പ്രസ്ഥാനം.


ഇ.എം.എസിനും വിനോഭയ്ക്കുമൊപ്പം പരിവ്രാജിക

അന്നുരാവിലെ തോരാ മഴയായിരുന്നു. ഒറ്റപ്പാലത്തിനടുത്തുള്ള വാണിയംകുളം.''ബാബാ, ഇവിടെയടുത്താണ് എന്റെ വീട്. വീട്ടില്‍ അമ്മയുണ്ട്.'' കടിഞ്ഞാണ്‍ പിടിച്ചപോലെ ബാബ ഒരു ക്ഷണം നിന്നു. 'മുന്‍പേ നടക്കു'

സഹോദരന്‍ ഗോവിന്ദന്‍ മുന്നിലും ബാബയും കൂട്ടരും പിന്നിലുമായി തിരിഞ്ഞു നടപ്പായി. പദയാത്ര സംഘാടകര്‍ ആവലാതിപ്പെട്ടു.

മഴയാണ്... നിശ്ചയിച്ച പരിപാടികള്‍ മുടങ്ങും. ബാബയുണ്ടോ അത് വല്ലതും കേള്‍ക്കുന്നു. വഴി തിരിയാന്‍ മേലാത്ത ആ ജലപ്പരപ്പിലൂടെ ചെന്ന് വീഴുന്ന കുണ്ടിലും കുഴിയിലും ചാടിക്കയറിയ ബാബയെപ്പിടിച്ചു കടത്തിക്കൊണ്ടു ഭക്തിയില്‍ ഉന്മത്തനായ ശിഷ്യന്‍ മുന്‍പില്‍ നടന്നു. മഴയും നനവും ചെളിയും തണുപ്പും അറിയാതെ ഏതാനും മണിക്കൂറുകള്‍. ഒരു തുളസിത്തറയുടെ മുന്‍പിലെത്തി. ''അമ്മേ ഇതാ വിനോബ വന്നിരിക്കുന്നു... നമ്മുടെ വീട്ടില്‍ വിനോഭ..' ആവേശത്തോടെ മകന്‍ ഉച്ചത്തില്‍ വിളിച്ചറിയിച്ചുകൊണ്ട് അകത്തേക്കോടി. 80- നോടടുത്ത ഒരു മാതാവ്. പഴയ മര്യാദ വിടാത്ത വേഷം. മാറു മറച്ചിട്ടില്ല. മുട്ടുമറഞ്ഞു നില്ക്കുന്ന ഉടുമുണ്ട് മാത്രം. ഇരു കൈകളും കൂപ്പിയും ഇടയ്ക്കിടെ വിടര്‍ത്തി ആകാശത്തേക്കു നീട്ടിയും ''എവിടെ വിനോ' എന്ന് ചോദിച്ചുകൊണ്ട് അവര്‍ പുറത്തേക്ക് വന്നു. ''അകത്തേക്ക് വരൂ. പ്രകാശമില്ല. വിളക്കു കത്തിക്കട്ടെ'. ബാബാ അകത്തു കടന്നു.

അമ്മേ... വിനോ പോകുന്നു. മകന്‍ വീണ്ടും വിളിച്ചറിയിച്ചു. ആ അമ്മ ബാബയുടെ അരികത്തേക്ക് ആഞ്ഞണഞ്ഞു. ബാബയെ രണ്ടു കൈക്കും പിടിച്ച് മുറ്റത്തു നിര്‍ത്തി. ''വിനോഭാ... നീ പോവുകയാണോ? എനിക്ക് മോക്ഷം തരാതെ നീ എങ്ങോട്ട് പോകുന്നു. എനിക്ക് മോക്ഷം തന്നിട്ട് പോ...' അശ്രുക്കള്‍ അടര്‍ന്നു വീഴുന്ന കണ്ണുകളുമായി ആ അമ്മ നിശബ്ദമായി ബാബയുടെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു വീണ്ടും ആവര്‍ത്തിച്ചു.

എല്ലാവരും ആ ഭാവ സാന്ദ്രതയില്‍ താദാത്മ്യം പ്രാപിച്ചു നിന്നു. ബാബ തന്റെ ഇരുകരങ്ങളും ആ വൃദ്ധ മാതാവിന്റെ ഇരു ചുമലിലുമായി വച്ച് അവരെ താങ്ങിനിര്‍ത്തി. തന്റെ മുന്‍പില്‍ വിശ്വം നിറഞ്ഞാളും ആദിശക്തിയെ ദര്‍ശിച്ചിരിക്കാം ബാബാ.

ലോകമെങ്ങും ബ്രഹ്മവിദ്യ ഉപദേശിച്ചു സ്ത്രീകളില്‍ വിശ്വ മാതൃത്വം ഉണര്‍ത്തിയ ബാബ അഹിംസാ വിപ്ലവം സാധ്യമാക്കാനുള്ള ചുമതല ബ്രഹ്മവാദിനികളെ എല്പ്പിച്ചുകൊണ്ട് ബ്രഹ്മ വിദ്യമാന്ദിരം സ്ഥാപിച്ചു. സാമൂഹിക നന്മയ്ക്കുവേണ്ടി വ്യക്തി സമഷ്ടിയില്‍ ലയിച്ചു ചേരുന്ന ഭവ്യമായ പരിണതിയുടെ ഗവേഷണശാലയാക്കി അതിനെ മാറ്റി. ആധ്യാത്മികതയും ശാസ്ത്രവും സമന്വയിപ്പിക്കാന്‍ പ്രേരകമാകട്ടെ എന്നതിനെ ആശിര്‍വദിച്ചു. മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ യുവതലമുറക്ക് കഴിഞ്ഞാല്‍ വിശ്വ വ്യാപകമായി ആത്മവീര്യം ഉണര്‍ത്താനുള്ള കഴിവ് അവര്‍ക്കുണ്ടാകും എന്ന് അവസാനം വരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. ലോകമേ തറവാട് എന്ന ഗാന്ധിജിയുടെ ആശയത്തെ ജയ് ജഗത് എന്ന മുദ്രാവാക്യത്തിലൂടെ മാനവസമുദായം ഒന്ന് എന്ന് ഉദ്‌ഘോഷിച്ച ആ മഹാനുഭാവനെ ഒരു മനുഷ്യനായെങ്കിലും നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

ബാബയുടെ ആരാധകനായ യശശരീരനായ എം കെ കുമാരന്റെ ഭാഷയില്‍ -''ഇന്നത്തെ ലോകത്തിനു മനസിലാക്കാന്‍ കഴിയാത്ത ഒരു മഹാപുരുഷന്‍'.


Next Story

Related Stories