TopTop
Begin typing your search above and press return to search.

പ്രവാസിയല്ലാത്ത ശ്യാമപ്രസാദും ഇംഗ്ളീഷ് എന്ന സിനിമയും

പ്രവാസിയല്ലാത്ത ശ്യാമപ്രസാദും ഇംഗ്ളീഷ് എന്ന സിനിമയും

ഷാരോണ്‍ റാണി

കാലവും ഈ നഗരവും അങ്ങനങ്ങ് ഒഴുകുകാ. നമ്മുടെ ജീവിതമറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു കൊണ്ട്... എന്ന് നാട്ടിലെ പച്ചപ്പനന്തത്ത കാമുകിക്കു ശങ്കരന്‍ കത്തെഴുതുന്നതില്‍ നിന്നും ആരംഭിക്കുന്നു ശ്യാമപ്രസാദിന്റെ 'ഇംഗ്ളീഷ്' എന്ന സിനിമ. ശ്യാമപ്രസാദിന്റെ മറ്റു സിനിമകളുടെ അത്ര പോര ഇംഗ്ളീഷ് എന്ന് ആദ്യമേ തോന്നിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ ഒരു പ്രതീക്ഷയാണ്, ഇപ്പൊഴും.

കണ്ടിരിക്കുമ്പോള്‍ മനസ് നിറച്ചും മുറിവുകളായിരുന്നല്ലോ എന്നും, ആ മുറിവുകളെ ഇപ്പോഴും കരുണയുള്ള ഒരു ഡോക്ടറ് തുന്നിക്കെട്ടിക്കൊണ്ടിരിക്കുന്നതേയുള്ളല്ലോ എന്നും തോന്നാറുണ്ട്. ഇംഗ്ളീഷിലും ഹൈപ്പര്‍ സെന്‍സിറ്റീവായ ആള്‍ക്കാരെ കുത്തി വലിക്കാന്‍ പാകത്തില്‍ മൂര്‍ച്ചയുള്ള കൊളുത്തുകള്‍ സംവിധായകന്‍ ഒരുക്കിയിരിക്കുന്നു.

എല്ലാ നഗരങ്ങളും ഒരു പോലെയാണ്. അത് ബ്രിട്ടീഷുകാരുടെ പാരീസായാലും, തമിഴരുടെ പാരീസായാലും. ജയസൂര്യയുടെ ശങ്കരന്‍ ഒരു പതിവ് പ്രവാസിയാണ്. നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന ലൈനില്‍ ഉള്ള ഒരാള്‍. നടുക്കടലില്‍ ചെന്നാലും നക്കി മാത്രമേ കുടിക്കൂ എന്ന് നിര്‍ബന്ധമുള്ള ഒരു നാട്ടുകാരന്‍. എന്നാല്‍ പിന്നെ ഇയാള്‍ക്ക് പെട്ടിയും കിടക്കയുമെടുത്ത് അങ്ങ് നാട്ടില്‍ പൊയ്ക്കൂടെ എന്ന് തോന്നും. അയാള്‍ തന്നെ പറയുന്നുണ്ട് ഈ നഗരത്തില്‍ അനധികൃത കുടിയേറ്റക്കാരനായി കഴിയുന്ന തനിക്കു ആകെയുള്ള ഭാവം ഭയം മാത്രമാണെന്ന്. ആ അന്തം വിട്ട നോട്ടം ജയസൂര്യയോളം ആര് നോക്കാന്‍.

ആത്മസംഘര്‍ഷങ്ങള്‍ പുറമേയ്ക്ക് പ്രകടിപ്പിക്കുകയും, പ്രകടിപ്പിക്കാത്തതുമായ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങള്‍ ചിലയിടങ്ങളില്‍ കൂടിച്ചേരുകയും, ചേരാതെ പോകുകയും ആണ് സിനിമയില്‍. ജീവിതം വല്ലാതെ എകാന്തത പിടിച്ചു പോകുമ്പോള്‍ പലരും കയറി പിടിച്ചു പോകുന്ന ചില കച്ചിത്തൂരുമ്പുകളുണ്ട്. അതാണ് ശങ്കരന് കഥകളിയും, തന്റെ കാമുകി അമ്മുവും. ലണ്ടനില്‍ താമസിക്കുമ്പോഴും അയാള്‍ കഥകളിയിലും അമ്മുവിലും മാത്രം ജീവിക്കുന്നു. കഥകളിയെ പറ്റിയുള്ള ഈ ഒബ്സഷന്‍ സിനിമയ്ക്ക് പുരോഗമനക്കാരുടെ കല്ലേറ് വാങ്ങിക്കൊടുക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും കഥകളി പരസ്യം ഒരു വിവാദമായിരിക്കുന്ന ഈ സാഹചര്യത്തില്‍. സ്‌പെയിനിലെ ഒരു ഫ്ളമിങ്കൊ ആട്ടക്കാരനെ കുറിച്ചായിരുന്നു കഥയെങ്കില്‍ പുരോഗമനവാദികള്‍ അടങ്ങിയിരുന്നെനെ. ക്ളൈമാക്‌സില്‍ ശങ്കരന്‍ കത്തി വേഷം കെട്ടി ഓടിപോകുന്നത് അല്പം പറഞ്ഞു പഴകിയതു പോലെ തോന്നി. നിര്‍മാല്യത്തില്‍ പി ജെ ആന്‍റണിക്കും, രംഗത്തില്‍ മോഹന്‍ലാലിനും, ടി വി ചന്ദ്രന്റെ പല പതിവ് കഥാപാത്രങ്ങള്‍ക്കും ഇങ്ങനെ വട്ടായി പോകാറുണ്ടായിരുന്നു. ഒരു പാര്‍ട്ടിയില്‍ കഥകളി പദം ആസ്വദിച്ചു പാടുന്ന ശങ്കരനെ ഒരു കൂട്ടം മലയാളികള്‍ 'വട്ടായി പോയി' എന്ന പാട്ട് പാടി കളിയാക്കുന്നുമുണ്ട്.

എന്താണ് പ്രവാസം? ആഴത്തില്‍ വേരൂന്നിയ ഒരു മരത്തെ കുഴിച്ചെടുത്ത് അപരിചിതമായ ഒരു മണ്ണില്‍ നാട്ടുമ്പോഴുള്ള അണ്‍-അഡാപ്റ്റബിലിറ്റിയാണോ അത് ? ഈ ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് അണ്‍-അഡാപ്റ്റബിലിറ്റി, പ്രവാസം എന്ന തരത്തിലുള്ള എന്ന അവസ്ഥകളുണ്ടോ? അപ്പോള്‍ വേരൂന്നിയ മരങ്ങള്‍ക്ക് മാത്രമാണ് അത് ബാധകം. എന്നാല്‍ വേരെന്നില്ലാതെ ചില്ലകളെന്നില്ലാതെ ഒഴുകി നീങ്ങുന്ന ചില മരങ്ങളുമുണ്ട്. അതാണ് നിവിന്‍ പോളിയുടെ സെബിന്‍ എന്ന കഥാപാത്രം. എല്ലാ ദിവസവും അത്താഴത്തിനുള്ള പുതു വിഭവങ്ങള്‍ക്കായി നന്നേ കഷ്ട്പ്പെടുന്ന ഒരു പാവം പെണ്ണ് പിടിയന്‍. മുപ്പതു കഴിഞ്ഞ പെണ്ണുങ്ങള്‍ റോഡില്‍ കിടക്കുന്ന ചൂയിംഗം പോലെയാണെന്നാണ് ആളുടെ കണ്ടു പിടിത്തം. കയറി ഒട്ടിപ്പിടിച്ചു കളയുമത്രേ. സെബിന് മലയാളം അറിയുമെങ്കിലും അങ്ങനെ പറയാറില്ല. മലയാളിയല്ലേ എന്ന ചോദ്യത്തിന് അല്ല എന്ന് ഉത്തരം പറഞ്ഞു ശീലിച്ച ആള്‍ക്ക് ഒരു ട്രാന്‍സിഷന്‍ സംഭവിക്കുന്നുണ്ട് ചിത്രത്തില്‍. അത് ഗൌരി എന്ന സുഹൃത്തിന്റെ ഭാര്യയോടു തോന്നുന്ന ഒരു തരം സംഭവം ആണ്. പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണെന്നിരിക്കെ സെബിനെ കുറ്റം പറയേണ്ട.

പ്രവാസം പ്രമേയമായ സിനിമകളൊക്കെ മലയാളി ഹിറ്റാക്കിയിട്ടുണ്ട്. നാടോടിക്കാറ്റു മുതല്‍ ഡയമണ്ട് നെക്ളെയ്സ് വരെ പ്രവാസ ജീവിതവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചില ടിപ്പിക്കല്‍ മുഖങ്ങളുണ്ട് സിനിമാലോകത്ത്. ഒന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ ആണെങ്കില്‍ ഇതാ ഇപ്പോള്‍ അക്കരെ കാഴ്ചകളിലെ ജോസ്‌കുട്ടി ആണ് അത്. കഥയില്‍ ശങ്കരന്റെ നല്ലവനായ സുഹൃത്തായാണ് ജോസ്‌കുട്ടി എത്തുന്നത്. .

ബോംബ് ബ്ളാസ്റ്റോ ബലാത്സംഗങ്ങളോ അല്ല, വ്യക്തികളിലെ വൈകാരിക സംഘര്‍ഷങ്ങളാണ് എന്നും ശ്യാമപ്രസാദിന്റെ സിനിമകള്‍. അത്ര ഭയങ്കരമായ പ്രോപ്പഗാണ്ടകള്‍ ഒരു കഥാപാത്രവും പ്രസംഗിക്കാറില്ല. എങ്കിലും ഇംഗ്ളീഷില്‍ ചില ചെറിയ ഐറ്റംസ് ഉള്‍ക്കൊള്ളുന്നുണ്ട്. തനിക്ക് എല്ലാം ഭയമാണെന്ന്‍ പറയുന്ന ശങ്കരനോടു സുഹൃത്ത് ചോദിക്കുന്നു, തന്റെ പേര് മുഹമ്മദേന്നോ ബിന്‍ ലാദനെന്നോ ആണോ പിന്നെന്തിനാണ് താന്‍ പേടിക്കുന്നതെന്ന്‍? അനധികൃത കുടിയേറ്റക്കാരനായി ജീവിക്കുന്നതിലും ഭീകരമാണ് മുസ്ളീമായി ജീവിക്കുക എന്നാല്‍ എന്നൊരു വസ്തുത അങ്ങനെ വരുന്നു. പിന്നെ ഉള്ളത് ബംഗ്ളാദേശില്‍ നിന്നും വരുന്ന വീട്ടു ജോലിക്കാരിയായ ഹസീനയാണ്. മുസ്ളീം സ്ത്രീകളെന്നാല്‍, മുഖം മറയ്ക്കുന്നവരും, ഭര്‍ത്താവിന്‍റെ ഇടികൊള്ളുന്നവരും ആണെന്ന് ഒരു കല്ല് കടിച്ചു. കാമുകിയായ അമ്മുവിനെ ഒരു ഗള്‍ഫ്കാരനെ കൊണ്ട് കെട്ടിക്കണമെന്നാണ് അവളുടെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ തങ്ങളെ ഇത്ര കാലം ഭരിച്ച ഇംഗ്ളണ്ട് ദുബായിയെക്കാള്‍ രണ്ടു മടങ്ങ് മേലെയാണെന്നാണ് ശങ്കരന്റെ പ്രതീക്ഷ.

കഥ നടക്കുന്നത് വിദേശ രാജ്യത്താണെങ്കിലും പോള്‍ ബാര്‍ബര്‍മാര്‍ ആരും കഥാപാത്രങ്ങളായി വരുന്നില്ല. ആകെയുള്ളത് ജോയിയുടെ മകളുടെ സുഹൃത്തായി എത്തുന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ യുവാവും, സെബിന്റെ സെക്‌സ് പാര്‍ട്ണറായ സ്റ്റേയ്സിയും റാമിന്റെ ഗേ പാര്‍ട്ണറായ യുവാവും മാത്രമാണ്. അവര്‍ വിദേശ മുഖങ്ങളായി തന്നെ പ്രാധാന്യമില്ലാതെ പോകുന്നുമുണ്ട്. നീഗ്രോ എന്ന വാക്ക് യൂസ് ചെയ്യരുത് എന്ന് മുരളീ മേനോന്റെ കഥാപാത്രം ഭാര്യ സരസ്വതിയോട് പറയുന്നു. കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രതീകങ്ങളാണ് നമുക്ക് എന്നും വിദേശികള്‍. സരസുവും ആ ചിന്തയില്‍ നിന്നും അതീതയല്ല. മറ്റൊരു ജീവിതത്തെ മനസിലാക്കാനുള്ള, അംഗീകരിക്കാനുള്ള സൌകര്യമില്ലയ്മയാണ് ഇപ്പോഴും ഈ ഒരു കാഴ്ചപ്പാടിന് കാരണം. ലണ്ടനില്‍ വീട്ടമ്മയായി കഴിയുന്ന തമിള്‍ സ്ത്രീ സരസ്വതി ഏതൊരു ഇന്ത്യന്‍ വീട്ടമ്മയുടെയും ജീവിതമാണ് ജീവിക്കുന്നത്. ഇംഗ്ളീഷ് വിംഗ്ളീഷിലെ ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് സിനിമയുടെ അവസാനം സരസ്വതിയില്‍ ഉണ്ടാകുന്ന ട്രാന്‍സിഷന്‍. തന്റെ ഭര്‍ത്താവിന്റെ രഹസ്യ ജീവിതം കണ്ടു പിടിക്കാനായി വേഷം മാറി നടക്കുന്നതിലൂടെയാണ് സരസ്വതി പുറം ലോകവുമായി പരിചയപ്പെടുന്നത്. അത് അവരില്‍ ആത്മ വിശ്വാസം ജനിപ്പിക്കുന്നു. സിനിമയില്‍ നിറയെ പെണ്മക്കളെ നമ്മള്‍ കാണുന്നു. സരസ്വതിയുടെ പെണ്മക്കളും, ജോയിയുടെ മകളും ഒരു സംഘര്‍ഷം നമ്മില്‍ ജനിപ്പ്പിക്കുന്നു. ജീവിതത്തോടു പൊരുതി ജയിച്ച് എന്തും നേരിടാനുള്ള ശക്തിയാര്‍ജ്ജിച്ച തലമുറയാണ് ജോയിയുടെ അമ്മച്ചി പ്രതിനിധീകരിക്കുന്നത്. ആശുപത്രികളെയും, മരണത്തെയും അവര്‍ തോല്പ്പിച്ചു ചിരിക്കുന്നു. പരസ്പരം മനസിലാക്കാന്‍ കഴിയാതെ പോകുന്ന തലമുറകളാണ് എല്ലാ കഥാപാത്രങ്ങളും. ജോയി വിദേശ സംസ്‌കാരം സ്വീകരിച്ച തന്റെ മകള്‍ക്ക് പിന്നാലെ ഓടി തളരുന്നു.

പാരചൂട്ട് എണ്ണ തേച്ചു കുളിക്കുന്ന, ദീപാവലി ആഘോഷിക്കുന്ന സരസ്വതി തന്റെ വീടിനു മുന്നില് വന്നു നിന്ന് പഞ്ചാരയടിക്കുന്ന കമിതാക്കളെ ഒളിഞ്ഞും തിരിഞ്ഞും ശ്രദ്ധിക്കുന്ന സദാചാരക്കാരിയാണ്. ഭര്‍ത്താവിന്റെ ഗേ പാര്‍ട്ണറെ കയ്യോടെ പിടികൂടി നിശബ്ദയായി തിരിച്ചു പോകുന്നതാണ് അവരിലെ ട്രാന്‍സിഷന്‍. കൂട്ടുകാരന്റെ ഭാര്യയോടു പ്രണയം തോന്നുന്നിടത്ത് സെബിന്റെ ട്രാന്‍സിഷന്‍ ആരംഭിക്കുന്നു. ഭാര്യോടാണോ അതോ അവളുടെ തലയില്‍ തേക്കുന്ന വെളിച്ചെണ്ണയോടാണോ പ്രേമം എന്നൊരു ഡൌട്ട് ഇല്ലാതില്ല. എന്തായാലും ഗൌരി മിടുക്കിയാണ്. വിശ്രമവേളകള്‍ ആനന്ദകരമാക്കാനുള്ള ചില്ലറ നമ്പരുകളൊക്കെ അവള്‍ക്കാറിയാം. സെബിന് തന്നോടു തോന്നുന്ന പ്രണയം നന്നായി ആസ്വദിക്കുന്നുണ്ട് ഗൌരി. തലയില്‍ തേക്കുന്ന വെളിച്ചെണ്ണയും, ഇടയ്‌ക്കെടുത്ത് അണിയുന്ന ചുരിദാറും, സാരിയുടുത്ത ചിത്രവുമൊക്കെ ബുദ്ധിപരമായി സൂപ്പര്‍ നിഷ്‌കളങ്കതയോടെ ഉപയോഗിക്കാന്‍ അറിയുന്ന സ്ത്രീയാണ് അവര്‍. ഏതൊരു മലയാളി പെണ്ണും പറയുന്ന ഒരു ഡയലോഗ് അവളും പറയുന്നുണ്ട്. ലണ്ടനില്‍ ഒന്നുമില്ലെങ്കില്‍ ആണുങ്ങളുടെ തുറിച്ചു നോട്ടമില്ലാതെ ജീവിക്കാമല്ലോ എന്ന്.

ജോയിയുടെ അമ്മച്ചി മരിക്കാന്‍ കിടക്കുന്ന സീനുകളില്‍ ആശുപത്രിയില്‍ കാത്തിരിക്കുന്ന ബന്ധുക്കളുടെ പ്രതികരണം ഓണത്തിനും മറ്റും സംപ്രേഷണം ചെയ്യുന്ന ചില ദൂരദര്‍ശന്‍ ടെലിഫിലിമുകളെ ഓര്‍മ്മിപ്പിച്ചു. ഒരാള്‍ ലാപ്‌ടോപ്പില്‍ കുത്തിക്കൊണ്ടിരിക്കുന്നു. ഒരാള്‍ ചാനല്‍ കാണുന്നു. പെണ്ണുങ്ങള്‍ ബ്ളൌസിന്‍റെ തയ്യലിനെ പറ്റി സംസാരിക്കുന്നു. ഈ സീനുകളില്‍ സോനാ നായരുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സിനിമയിലെ നോണ്‍-ലീനിയര്‍ കഥാ രീതി വിദേശ ക്ളാസിക് സിനിമകള്‍ കണ്ട് ശീലിച്ച മലയാളിക്ക് ആസ്വദിക്കാന്‍ കഴിയേണ്ടതാണ്.

ലൈവ് ഡബ്ബിംഗ് ആണ് സിനിമയുടെ സവിശേഷത. സംഭാഷണങ്ങള്‍ക്കിടയില്‍ നാടകീയമായ പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല. പാട്ടുകള്‍ കഥയോടു അലിഞ്ഞു ചേര്‍ന്ന് ഉടനീളം മയങ്ങി കിടക്കുന്നത് മനോഹരമായിട്ടുണ്ട്. തെംസ് നദിയും, ലണ്ടന്‍ ബ്രിട്ജും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ശങ്കരന്‍ താമസിക്കുന്ന ചെറിയ ഇടുങ്ങിയ ഇടത്തിന്റെ ലോംഗ് വിഷ്വല്‍സും അതിലേക്കു നയിക്കുന്ന തിരിഞ്ഞും പിരിഞ്ഞുമുള്ള പടികളും ഒരു പ്രത്യേക ഫീല്‍ ഉണ്ടാക്കുന്നുണ്ട്.

മുപ്പതു കഴിഞ്ഞ സ്ത്രീകളുടെ ഒട്ടിപ്പിടുത്തം അരോചകമായ സേബിനെ നാല്പതു കഴിഞ്ഞ സരസ്വതിക്കൊപ്പം ലിഫ്റ്റില്‍ കയറ്റി വിടുന്നുണ്ട് സംവിധായകന്‍. ഏറ്റവും സ്വാഭാവികമായി, താന്‍ മലയാളിയാണെന്ന് സെബിന്‍ അവരോടു പറയുന്നു. അയാളുടെ ഏറ്റവും സത്യസന്ധമായ അവതാരം അവിടെ മാത്രമാണ് കാണാന്‍ കഴിയുക. പിന്നെയുള്ളത് ഗൌരിക്ക് മുന്നിലെ പതര്‍ച്ചകളാണ്. പ്രവാസം എന്ന വാക്ക് കാണേണ്ടത് രണ്ടു വശങ്ങളില്‍ നിന്നാണ്. ഒരു പ്രവാസി എങ്ങനെ അതിനെ കാണുന്നു എന്നതും പ്രവാസിയല്ലത്ത ഒരാള്‍ എങ്ങനെ അതിനെ കാണുന്നു എന്നതും. ജീവിതം കൊണ്ട് ഒരു പ്രവാസിയല്ലത്ത ശ്യാമപ്രസാദിന് ഈ അവസ്ഥയെ പ്രവാസിയല്ലാത്ത ഒരാളുടെ ഇടത്തില്‍ നിന്നെ അറിയാന്‍ കഴിയൂ. അത് കൊണ്ടാവണം അഡാപ്റ്റബിലിറ്റിയെക്കാള്‍ അണ്‍ അഡാപ്റ്റബിലിറ്റിയാണ് കഥയില്‍ ഗ്ളോറിഫൈ ചെയ്യുന്നത്. ജയന്‍ ചെറിയാന്‍ ഒരു പ്രവാസിയാണ്, എന്നാല്‍ പാപ്പിലിയോ ബുദ്ധ ഒരു മലയാളി സിനിമയാണ്. അതുകൊണ്ട് കേരളത്തെ, ദലിത് അവസ്ഥയെ ചിത്രീകരിക്കുമ്പോള്‍, അമേരിക്കയില്‍ നിന്ന് കേരളത്തെ ഇമാജിന്‍ ചെയ്യുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാലും ഏതൊരു കഥയും അത് പറയുന്ന ആളുടെ സ്വന്തമെന്ന വശത്ത് നിന്ന് നോക്കിയാല്‍, ഒരു കഥാര്‍സിസ് തന്നെയാണ് ഇംഗ്ളീഷ്. സിനിമ കാണുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് അത് കുടുംബത്തിലേക്കുള്ള തിരിച്ചുപോക്കായി തോന്നും. എന്നാല്‍ അത് അങ്ങനെയല്ല. ഒരു തരം തിരിച്ചറിയലും അവരവര്‍ക്കുള്ളില്‍ കെട്ടിഘോഷിക്കുന്ന ചില ആരാധനകളെ പൊളിച്ചടുക്കലുമാണത്.


Next Story

Related Stories