TopTop
Begin typing your search above and press return to search.

പെരിങ്ങീലിലെ പ്രിയപ്പെട്ട അച്ചമ്മക്ക്

പെരിങ്ങീലിലെ  പ്രിയപ്പെട്ട അച്ചമ്മക്ക്

പെരിങ്ങീലിലെ പ്രിയപ്പെട്ട അച്ചമ്മക്ക്,

പെരിങ്ങീലിലെ പ്രളയകാലം ഒക്കെ കഴിഞ്ഞു ഇപ്പൊ വെയില് വന്നിടുണ്ടാകും അല്ലെ? കുറെ നാളായി അങ്ങോട്ട് വരണം എന്ന് വിചാരിക്കുന്നു. ഈ ഓണത്തിനും പറ്റും എന്ന് തോന്നുന്നില്ല. പറ്റിയാല്‍ തീര്‍ച്ചയായും വരാം.

ഇതുവരെ അച്ചമ്മക്ക് ആരും കത്തെഴുതിയിട്ടില്ലല്ലോ എന്ന് ഇന്നലെയാന്ന് ഓര്‍ത്ത്. അപ്പൊ പിന്നെ അച്ചമ്മക്ക് ഒന്നെഴുതിയേക്കാം എന്ന് വിചാരിച്ചു. അങ്ങനെ രാവിലെ എഴുന്നേറ്റ് അങ്ങ് തൊടങ്ങി. അച്ചമ്മക്ക് ഓര്‍മ ഉണ്ടോ എന്നറിയില്ല. പണ്ട് പീരുമേട്ടില്‍, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടു താമസിക്കുമ്പോ എന്നും അച്ചാച്ചന്റെ കത്ത് വരുമായിരുന്നു, അച്ഛന്. കണ്ണൂരിലെ എഴോം പഞ്ചായത്തിലെ പെരിങ്ങീന്ന്. കൃത്യമായും ഇങ്ങനെ ആയിരുന്നു എഴുത്ത് , 'പ്രിയ മകന്‍ കണ്ടു വായിച്ചറിയാന്‍, അവിടെ എല്ലാവര്‍ക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. ഇവിടെ ഞാന്‍ പണിക്കു പോകുന്നുണ്ട്. അമ്മക്ക് സുഖമില്ല. കമല റ്റൈപ്പിനു പോകുന്നുണ്ട്. കൃഷ്ണന്റെ ആടത്തെ വിശേഷങ്ങള്‍ ഒന്നും കൊറേ നാളായിട്ടറിയില്ല. നീ ഒരു അഞ്ഞൂറ് രൂപ പറ്റുമെങ്കി അയച്ചു തരണം'. എല്ലാ പ്രാവശ്യം കത്ത് കിട്ടുമ്പോഴും അച്ഛന്‍ അഞ്ഞൂറ് രൂപ അയച്ചു കൊടുക്കുമായിരുന്നു.

കുറെ ക്കാലം കഴിഞ്ഞപ്പോ അച്ചാച്ചന്‍ അയക്കുന്ന കത്ത് ഞങ്ങള്‍ക്ക് ബൈഹാര്‍ട്ട് ആയി. അചാച്ചനു അച്ഛന്‍ മറുപടിയും അയച്ചിരുന്നു, പൈസയും അയച്ചിരുന്നു. ഞാന്‍ നളിനി കുഞ്ഞമ്മക്ക് ആണ് കത്തയക്കുക. ഒരിക്കല്‍ പെരിങ്ങീലില്‍ ഒരു വെക്കേഷന് വന്നു താമസിക്കുമ്പോ അച്ഛന്‍ ഇംഗ്ളീഷില്‍ എനിക്കൊരു കത്തയച്ചു. എനിക്കൊരു തേങ്ങയും മനസ്സിലായില്ല. ഞാനും നളിനിക്കുഞ്ഞമ്മയും ഒക്കെ അത് കഷ്ടപ്പെട്ട് വായിച്ചെടുത്തു, എന്ന് പറഞ്ഞാ മതി. ഇതേ അച്ഛന് അച്ഛന്റെ അനിയന്‍ ഞങ്ങടെ കൃഷ്ണാപ്പന്‍ ഒരിക്കല്‍ ഇംഗ്ളീഷില്‍ ഒരു കത്തെഴുതി, അപ്പൊ അച്ഛന്‍ തന്നെ ഇങ്ങനെയാ പറഞ്ഞത് 'ഓന്റെ ഒരു ഇംഗ്ലീഷ്'... ഇംഗ്ളീഷിന്റെ കാര്യം പറഞ്ഞപ്പഴാ മറ്റൊരു കാര്യം ഓര്‍മ്മ വന്നത്. എഴാം ക്ളാസ്സില്‍ പഠിക്കുമ്പോഴാ എന്നെ അച്ഛന്‍ ഒരു ഇംഗ്ളീഷ് മീഡിയത്തില്‍ പഠിപ്പിച്ചത്. മലയാളം മീഡിയത്തില്‍ ഒരു വിധം നല്ലോണം പഠിച്ച ഞാന്‍ ഇംഗ്ളീഷ് മീഡിയത്തില്‍ പടിച്ച്ചപ്പോ ഒരുവിധം പരീക്ഷകളില്‍ ഒക്കെ തോറ്റ് തൊപ്പിയിട്ടു. ആകെ മനസ്സിലായ കാര്യങ്ങളില്‍ ഒന്ന് ബയോളജി മാഷ് പഠിപ്പിച്ച 'സെക്ഷ്വല്‍ റീപ്രൊഡക്ഷന്‍' എന്ന കാര്യം ആയിരുന്നു. ഒരിക്കല്‍ നാട്ടില്‍ പോയപ്പോ എന്റെ ഒരു അമ്മാവന്‍ ഇങ്ങനെയാണ് പറഞ്ഞത്. 'അവര്‍ക്ക് മലയാളത്തില്‍ പറഞ്ഞാ മനസ്സിലാവൂല്ല. അവരിംഗ്ളീഷുകാരല്ലേ?' മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരന്‍ ആയിരുന്നു അമ്മാവന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ധേഹത്തിന്റെ മക്കളെയും അദ്ദേഹം സെന്‍ട്രല്‍ സ്‌കൂളില്‍ ചേര്‍ത്തു. ആ, ഞാന്‍ പറഞ്ഞു വന്നത്, എന്നാലും ഇതുവരെ അച്ഛമ്മക്ക് ഒരു കത്തെഴുതിയിട്ടില്ല എന്നാണ് എന്റെ ഓര്‍മ. എന്നാ ഇരിക്കട്ടെ ഇങ്ങനെ ഒരെണ്ണം. എല്ലാവരും വായിക്കുന്ന ഒരു കത്ത്.

പണ്ട് ചെറുപ്പത്തില്‍, വളരെ ചെറുപ്പത്തില്‍ അച്ചമ്മയോടു ഒരു ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു 'അച്ചമ്മേ എനിക്കെന്നെങ്കിലും ഒരു ജോലി കിട്ടിയാ ഞാന്‍ ഒരു ബ്ളൌസ് വാങ്ങിച്ചു തരും' എന്ന്. കാലം കുറെ കഴിഞ്ഞു, ബ്ളൌസിന് പകരം ഒരു വെള്ള സാരിയാണ് വാങ്ങിച്ചു തന്നതെന്ന് തോന്നുന്നു. രമ്യ (ജീവിത പങ്കാളി) പലപ്പോഴും എന്നെ കളിയാക്കും, 'എടോ അത് 'വെള്ള സാരി' അല്ല, സെറ്റ് മുണ്ട് ആണ്, സെറ്റ് മുണ്ട്.' എന്തെങ്കിലും ആവട്ട് സാരി തന്നല്ല്...' എന്ന രാജമാണിക്യം ഡയലോഗ് ഞാനും വിടും. ബ്ളൌസിന്റെ കടം ഇപ്പോഴും ആട തന്നെ ഇണ്ട്. അത് ഞാന്‍ വീട്ടും.

പക്ഷെ ഇതിന്റെ ഇടയില്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ ഞങ്ങളെ ഒരു യാസീന്‍ മാഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു. നീ നിന്റെ നാട്ടുകാരുടെ ജീവിതം ഒന്ന് റെക്കോര്‍ഡ് ചെയ്. ഓര്‍മ്മകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും, കാരണം അവരില്ലാതായിക്കഴിഞ്ഞാല്‍ അതൊരില്ലാതാകല്‍ ആയിരിക്കും. അങ്ങനെ ആണ് അച്ഛനെയും അച്ചാച്ചനെയും അച്ചമ്മയെയും ബാപ്പുട്ടി വല്യച്ചനെയും ഒക്കെ നിങ്ങളുടെ ഓര്‍മകളെ ഒക്കെ റെക്കോര്‍ഡ് ചെയ്തു ഒരു ഡോക്യുമെന്‍ററിയുടെ പരുവത്തില്‍ ആക്കിയത്. അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍ടച്ചബള്‍സ് എന്ന ഞങ്ങളുടെ ആദ്യത്തെ ഡോകുമെന്‍ററി. അതു യൂടുബില്‍ എടുത്തിട്ടപ്പോ അത് നന്നായി എന്നൊക്കെ ചിലരൊക്കെ പറയാന്‍ തൊടങ്ങി. നമ്മള് കൊള്ളാല്ലോ വീഡിയോണ്‍ എന്ന് സ്വയം തോന്നാനും തുടങ്ങി. ഞാനും വിജയനും ഹിഷാമും ഫഹദും ഒക്കെ കൂടെയാണ് അത്‌ ചെയ്തത്.

പിന്നെ ഒരു ആറ് വര്‍ഷം കഴിഞ്ഞപ്പോ വീണ്ടു ഒരു ഡോക്യുമെന്ററി ചെയ്യുമ്പോള്‍ അച്ചമ്മ തീര്‍ച്ചയായും അതില്‍ ഉണ്ടാകണമെന്ന്, അച്ഛമ്മക്ക് പറയാനുള്ളത് നാട്ടുകാര് കേക്കണം എന്ന് നേരത്തെ തന്നെ കരുതി വെച്ചിരുന്നു. അങ്ങനെ ആണ് അച്ഛമ്മയെ ഷൂട്ട് ചെയ്തതും. ഡല്‍ഹിയിലും ബാങ്കളൂരും കേരളത്തിലും ഒക്കെ ഡോണ്ട് ബി ഔര്‍ ഫാദേഴ്‌സ് എന്ന ഡോക്യുമെന്റ്ററി കാണിക്കുമ്പോള്‍ അതിനെതിരെ ഉള്ള വിമര്‍ശനങ്ങളും അതിനുള്ള നല്ല വാക്കുകളും ഒക്കെ സ്വീകരിക്കുമ്പോഴും ചര്‍ച്ചകള്‍ ഉണ്ടാകുമ്പോഴും ഒക്കെ ഉള്ളിന്റെ ഉള്ളില്‍ വല്ലാത്ത ഒരു ആനന്ദം കിടന്നു തിളക്കുന്നുണ്ടായിരുന്നു. എന്റെ അച്ചമ്മയെയും അച്ഛനെയും അനിയനെയും ബാലാപ്പനെയും ബാപ്പൂട്ടി വല്യച്ചനെയും ഒക്കെ ഇന്നാ കാണ് എന്ന രീതിയില്‍ ലോകത്തിനു കാണിച്ചു കൊടുക്കാന്‍ പറ്റിയല്ലോ എന്ന വല്ലാത്ത സന്തോഷം. അത് പോലെ ഉള്ളിന്റെ ഉള്ളില്‍ തികട്ടി വന്ന വല്ലാത്ത ചില കരച്ചിലുകളും. മാമാട്ടിക്കുട്ടി അമ്മ എന്ന സിനിമ തളിപ്പറമ്പ് ആലങ്കീല്‍ ടാക്കീസില്‍ കൊണ്ട് പോയി കാണിച്ചു തന്ന, ആദ്യമായി ഒരു ജുബ്ബ എനിക്ക് വാങ്ങിച്ചു തന്ന കൃഷ്ണാപ്പനും കണ്ടത്തിലും കൈപ്പാട്ടിലും കിളച്ചു പണി എടുക്കുന്നതിന്റെ ഇടയില്‍ ഒണക്ക മീനും കൂട്ടി എനിക്കും തന്ന അച്ചാച്ചനും പോയി എന്ന ഉള്ളിന്റെ ഉള്ളില്‍ ഉള്ള, ആരും കേക്കാത്ത ചില നിലവിളികള്‍. അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍ടച്ചബള്‍സ് എന്ന ആദ്യത്തെ ഡോക്കുമെന്‍ററിയില്‍ അവരെക്കൊണ്ട് സംസാരിപ്പിക്കാന്‍ പറ്റിയ ഓര്‍മകളും ഈ സ്‌ക്രീനിംഗുകള്‍ക്കിടയില്‍ ആരും കാണാത്ത കരച്ചില്‍ ആയിരുന്നു.

അച്ചമ്മ എനിക്ക് അത്ര നല്ല അച്ചമ്മ ഒന്നും ആയിരുന്നില്ല. ഇങ്ങള് ഇങ്ങളെ മകനെ മാത്രേ സ്‌നേഹിച്ചിരുന്നുള്ളൂ എന്ന് ഇപ്പഴും എനിക്ക് തോന്നുന്നുണ്ട്. അതിന്റെ പേരിലും മറ്റനേകം കാരണങ്ങളാലും ഇങ്ങളും ഞാനും ഒക്കെ കലമ്പ് കൂടിയിട്ടും ഉണ്ട്. പക്ഷെ ഇങ്ങളെ പോലുള്ള അച്ചമ്മ ഉള്ളത് കൊണ്ടാണ് ഇവിടെ വരെ എങ്കിലും എന്നെ പോലുള്ളവര്‍ എത്തി നിക്കുന്നത്. നിങ്ങള്‍ സ്വയം തീരുമാനിച്ചു ചെയ്ത കൃഷിപ്പണിയും നാട്ടിപ്പണിയും ഒക്കെ. ഇങ്ങള് കുറച്ചു കഴിയുമ്പോ മരിക്കും. ഇനിയും പറയാത്ത ഒരു പാട് ചരിത്രം ബാക്കി വെച്ച്. ബാക്കി വെക്കണ മല്ലോ. നിങ്ങള്‍ക്കൊക്കെ അല്ലെ ഈ മനുഷ്യന്മാര്‍ക്ക് അല്ലെങ്കില്‍ എനിക്കൊക്കെ വേണ്ടി ബാക്കി വെക്കാന്‍ പറ്റുള്ളൂ.

തൃശ്ശൂരില്‍ ഈ ഡോണ്ട് ബി ഔര്‍ ഫാദേഴ്‌സ് കാണിക്കുമ്പോ വല്യ അഹങ്കാരത്തില്‍ ആയിരുന്നു ഞാന്‍. വളരെ പവര്‍ഫുള്‍ ആണ് ഡോക്യുമെന്ററി എന്നൊക്കെ ഉള്ള അഹങ്കാരം. അതിനിടയില്‍ ഒരു പഹയന്‍ വളരെ കൃത്യമായി എന്നെ കയ്യോടെ പിടികൂടി. അദ്ദേഹം ഏകദേശം ഇങ്ങനെ ആണ് വിമര്‍ശിച്ചത് - 'അച്ചമ്മയുടെ അച്ചമ്മ പറയുന്ന ചരിത്രം പറയുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ സങ്കടകരമായ മ്യൂസിക് കൊടുത്തത്'? -സത്യമായും അതിശക്തമായ മ്യൂസിക് കൊടുക്കണം എന്നായിരുന്നു ഉദ്ദേശം. അങ്ങനെ തന്നെ ആണ് ചെയ്തത്. പക്ഷെ പാളിപ്പോയി. ശരിയായില്ല. ആ മനുഷ്യന്‍ ആ വിമര്‍ശനം ഉന്നയിച്ചപ്പോ 'കള്ളാ നീ എന്നെ കയ്യോടെ പിടിച്ചല്ലോ...' എന്ന് ചൂളിപ്പോയി. അച്ചമ്മയോട് മാപ്പ്. അച്ചമ്മയോടുള്ള ആ ബ്ളൌസിന്റെ കടം ഇപ്പോഴും ബാക്കിയുണ്ട്. ഇനി ശമ്പളം കിട്ടി അടുത്ത കഥ കേക്കാന്‍ വരുമ്പോ തീര്‍ച്ചയായും ഞാന്‍ ഒരു ബ്ളൌസും വാങ്ങി വരും.

എന്ന്

പെരിങ്ങീലിലെ അച്ഛമ്മക്ക്

അച്ഛമ്മയുടെ മകന്റെ മകന്‍.


Next Story

Related Stories