TopTop
Begin typing your search above and press return to search.

ഇളങ്കാറ്റ്‌ പോലെ ശുദ്ധ ദേശി റൊമാന്‍സ്

ഇളങ്കാറ്റ്‌ പോലെ ശുദ്ധ ദേശി റൊമാന്‍സ്

ആക്ഷി മാഗസിന്‍

സിനിമ : ശുദ്ധ്‌ ദേശി റൊമാന്‍സ്

സംവിധാനം : മനീഷ് ശര്‍മ

അഭിനേതാക്കള്‍ : പരിണീതി ചോപ്ര, സുശാന്ത് സിംഗ് രാജ്പുത്, വാണി കപൂര്‍, ഋഷി കപൂര്‍

കാലത്തിനു മുന്‍പേ സഞ്ചരിക്കുകയും കാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു എന്ന രീതിയില്‍ നോക്കിയാല്‍ ശുദ്ധ ദേശി റൊമാന്‍സ് എന്ന ബോളിവുഡ് സിനിമ ഒരു അപൂര്‍വതയാണ്. ഒരു ബിഗ്‌ ബജറ്റ്‌ യാഷ് രാജ് രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു എന്നത് ഇതിന്റെ അപൂര്‍വത കൂട്ടുന്നു. ‘യഥാര്‍ത്ഥ ലോക’ത്തില്‍ പാരമ്പര്യം, ആധുനികത, വിവാഹം, പ്രേമം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ വരുമ്പോള്‍ വല്ലാത്ത കപടതകളും ഇരട്ടത്താപ്പുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ശുദ്ധ ദേശി റൊമാന്‍സില്‍ കഥാകൃത്ത് ജയദീപ് സാഹ്നിയും സംവിധായകന്‍ മനീഷ് ശര്‍മ്മയും ഗായത്രി, താര, രഘു എന്ന മൂന്നുകഥാപാത്രങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നുണ്ട്. സിനിമ അവരെ മനസിലാക്കാനാണ് ശ്രമിക്കുന്നത്, അവരെ സദാചാരമൂല്യം പഠിപ്പിക്കാനോ വിമര്‍ശിക്കാനോ മുതിരുന്നില്ല.

സിനിമയുടെ തുടക്കത്തില്‍ ഗായത്രിയും രഘുവും (പരിണീതി ചോപ്ര, സുശാന്ത് സിംഗ് രാജ്പുത്) ഒരുമിച്ച് താമസം തുടങ്ങുന്നു. അവരുടെ അയല്‍ക്കാരന്‍ ഗായത്രി ഒരു ദുര്‍ന്നടപ്പുകാരിയാണെന്ന് പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നു. ഈ രണ്ടുപേര്‍ അവരുടെ നാലു ചുവരുകള്‍ക്കുള്ളില്‍ സൃഷ്ടിച്ചെടുത്ത ലോകത്തെപ്പറ്റി വികലമായ ധാരണകളാണ് ഇയാള്‍ക്കുള്ളത്. ഈ അയല്‍ക്കാരന്‍ നമ്മളില്‍ പലരെയും പോലെയാണ്; നമുക്കുപരിചയമില്ലാത്ത രീതിയിലുള്ള സ്ത്രീകളെപ്പറ്റിയും രതിയെപ്പറ്റിയും ഉള്ള നമ്മുടെ അബദ്ധധാരണകള്‍. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ശുദ്ധ ദേശി റൊമാന്‍സ് നമുക്കുമുന്നില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ സിനിമ ധൈര്യത്തോടെയുള്ള ഒരു ശ്രമമാണ് എന്ന് പറയാം. നന്നായി എഴുതിയ ഒരു തിരക്കഥയും സിനിമയ്ക്കുണ്ട്. ആകെയൊരു പ്രശ്നം രഘുവിനും ഗായത്രിക്കുമിടയില്‍ എല്ലാം വളരെ വേഗമാണ് സംഭവിക്കുന്നത്‌ എന്നത് മാത്രമാണ്. കൃത്യമായ ഒരു സംഭാഷണം പോലുമുണ്ടാകുന്നതിന് മുന്‍പാണ്‌ അവര്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുന്നത്. എങ്കിലും നമുക്ക് അതില്‍ തെറ്റൊന്നും തോന്നില്ല.

പരിണീതി ചോപ്രയുടെ ഗായത്രി ആദ്യം തന്നെ പറയുന്നു, “വിവാഹങ്ങളില്‍ ഹിന്ദുസ്ഥാനിലെ മുഴുവന്‍ കള്ളങ്ങളും ഇരട്ടത്താപ്പുകളും വെളിച്ചത്തു വരുന്നു” എന്ന്. ആവര്‍ത്തനവിരസതയില്ലാത്ത സ്ത്രീകഥാപാത്രങ്ങളെ സിനിമ നമുക്കു തരുന്നു. അവര്‍ക്ക് “ബോള്‍ഡ്” ആയിരിക്കാനുള്ള ബാധ്യതകളില്ല. അവരുടെ സങ്കീര്‍ണമായ അന്തര്‍ലോകങ്ങളിലേയ്ക്കും പേടികളിലെയ്ക്കും നമുക്കു സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇത് ഹിന്ദി സിനിമകളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇതിനുവിപരീതമായി സുശാന്ത് സിംഗ് സ്വതസിദ്ധമായി അവതരിപ്പിച്ച രഘു എന്ന കഥാപാത്രം കുറെകൂടി സത്യസന്ധമായി സംസാരിക്കുന്നു. അയാളുടെ മറുപടികള്‍ പലപ്പോഴും വ്യവസ്ഥകളോടു ചേര്‍ന്ന് നില്ക്കുന്നവയാണ്.

കഥാകൃത്ത് ജയദീപ് സാഹ്നി തന്റെ കഥകളില്‍ എല്ലാം റിസ്ക്ക്കള്‍ എടുക്കാന്‍ തയ്യാറായിട്ടുണ്ട്. ഘോസ്ല കാ ഗോസ്ല, ചക് ദേ ഇന്ത്യ, റോക്കറ്റ് സിംഗ് എന്നിവ ഉദാഹരണങ്ങള്‍. ലേഡീസ് vs റിക്കി ബാല്‍, ബാന്‍ഡ് ബാജാ ബാരാത്ത് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത മനീഷ് ശര്‍മ്മ കൂടിഎത്തിയപ്പോള്‍ സിനിമ പൂര്‍ണ്ണമായി. ഗായത്രിയുടെയും രഘുവിന്റെയും ഉരുത്തിരിഞ്ഞുവരുന്ന ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. വിവാഹം ആരോട്, എപ്പോള്‍, എന്തിനു എന്നീ വിഷയവും സിനിമയില്‍ സദാ ചര്‍ച്ചചെയ്യപ്പെടുന്നു. വിവാഹം ആവശ്യമുള്ളതുതന്നെയാണോ എന്ന് ചോദിക്കുന്നിടത്ത് വരെ കഥാപാത്രങ്ങള്‍ എത്തിനില്‍ക്കുന്നു. ഇന്ത്യന്‍ വിവാഹ തമാശയും അതില്‍ സ്റ്റാറ്റസിനുള്ള പങ്കുമെല്ലാം ഒരു ചെറിയ സന്ദര്‍ഭത്തില്‍ പുറത്തുവരുന്നുണ്ട്. ഋഷി കപൂര്‍ നടത്തുന്ന കള്ള ‘ബരാത്തിബിസിനസും ഒക്കെ ഇതിനു ഉദാഹരണമാകുന്നു. രഘുവിന്റെ അമ്മാവനായ ഋഷി കപൂറിന്റെ കഥാപാത്രം വിവാഹങ്ങളുടെ മൂല്യം ഇല്ലാതാകുന്നതില്‍ അസന്തുഷ്ടനാണ്. എങ്കിലും അയാള്‍ രഘുവിന്റെ ജീവിതം മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.

സിനിമയുടെ ആദ്യപാതി ഇളംതെന്നല്‍ പോലെയാണ്. രണ്ടാം പാതിയുടെ തുടക്കത്തില്‍ അല്‍പ്പസ്വല്‍പ്പം ആവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഉടന്‍ തന്നെ സിനിമ തിരിച്ചു ട്രാക്കില്‍ വീഴുന്നു. സാഹ്നിയുടെ ഡയലോഗുകള്‍ കുറിക്കു കൊള്ളുന്നവയാണ്. രഘുവും ഗായത്രിയുമായുള്ള ബന്ധം നിറയെ ഊഷ്മളമായ നിമിഷങ്ങളാണ്. രഘുവിന് താരയോടുള്ള (പുതുമുഖം വാണി കപൂര്‍) ബന്ധത്തില്‍ അത്തരം നിമിഷങ്ങള്‍ കുറവാണ്. അതിന്റെ കാരണം കാണികള്‍ക്കു വഴിയെ മനസിലാകുകയും ചെയ്യും. കുറച്ചുകഴിയുമ്പോള്‍ ചില വിശദാംശങ്ങള്‍ വലിച്ചുനീട്ടിയത് പോലെ തോന്നാം - താരയുടെ കോള്‍ഡ് ഡ്രിങ്ക് പ്രേമവും ആവര്‍ത്തിച്ചു വരുന്ന ബാത്ത് റൂം രംഗങ്ങളും ഒക്കെ.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് വേണ്ടി സമയം നീക്കിവയ്ക്കുന്ന ഒരു സിനിമയാണിത്‌. താരയും ഗായത്രിയും സ്വന്തം വ്യക്തിത്വങ്ങള്‍ ഉള്ളവരാണ്. അവര്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ സ്വന്തം ഇടം നേടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ്. ഇത് അവരെ നിസഹായരാക്കുന്നുണ്ട്; എങ്കിലും തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് മടിയില്ല. താരയെയോ ഗായത്രിയെയോ ആവര്‍ത്തനവിരസമായ കഥാപാത്രങ്ങളായി ചിത്രീകരിക്കാത്തത് സിനിമയുടെ ഗുണമാണ്. സിനിമ അവരെ പരസ്പരം എതിര്‍സ്വഭാവങ്ങളുള്ളവരായും ചിത്രീകരിക്കുന്നില്ല. രഘുവിനെ കാണുന്നതിനുമുന്‍പ് തനിക്കു പ്രേമബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കാന്‍ ഗായത്രിക്കു മടിയില്ല. സ്വാഭിമാനമുള്ള സ്ത്രീയാണ് താര. തനിക്കു പരിചയം പോലുമില്ലാതിരുന്ന ഒരു വരന്‍ ഉപേക്ഷിച്ചുപോയതിന് അവള്‍ സ്വയം പഴിക്കുന്നില്ല. എന്നാല്‍ അതില്‍ അവള്‍ക്കു വേദനയുണ്ടായി എന്നത് അവള്‍ തുറന്നു സമ്മതിക്കുന്നു.

സിനിമയുടെ അവസാനഭാഗത്ത് അവര്‍ തമ്മില്‍ മനോഹരമായ ഒരു സംഭാഷണവും നടക്കുന്നുണ്ട്. താര ഉടന്‍ തന്നെ ഗായത്രിയുടെ പേടികളും സംഘര്‍ഷങ്ങളും മനസിലാക്കുന്നു. രഘു ഒരു തവണ ഓടിപ്പോയതുകൊണ്ട് അവന്‍ ഇനിയും അങ്ങനെ ചെയ്തുകൂടായ്കയില്ല. അതെ സമയം ഋഷി കപൂറുമായുള്ള സംഭാഷണത്തില്‍ ‘തനിക്ക് തോന്നുന്നതുപോലെയല്ല, ശരിയായ കാര്യമാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ' എന്ന് രഘു പറയുന്നുണ്ട്. ഈ രണ്ടു സ്ത്രീകളാണ് ഒടുവില്‍ ‘ശരിയായ’ കാര്യമെന്താണെന്ന് തീരുമാനിക്കുന്നത്. അവന്റെ ജീവിതത്തെപ്പറ്റി അവരാണ് തീരുമാനമെടുക്കുന്നത്. തന്റെ മനോഹരവും സങ്കീര്‍ണ്ണവുമായ റോളിനോട് പരിണീതി ചോപ്ര പൂര്‍ണ്ണമായി നീതിപുലര്‍ത്തുന്നുണ്ട്. വാണി കപൂറിന്റെ അഭിനയം അല്‍പ്പം മുഴച്ചുനില്‍ക്കുന്നുവെന്ന് പറയാം.

ഒരു ഹോളിവുഡ് കഥ നേരെ ഇന്ത്യന്‍ സന്ദര്‍ഭത്തിലേയ്ക്ക് പറിച്ചുനടുന്ന മറ്റു ബിഗ്‌ ബജറ്റ് ബോളിവുഡ് ചിത്രങ്ങളെക്കാള്‍ സ്വാഭാവികത ഈ സിനിമയ്ക്കുണ്ട്. ശുദ്ധ ദേശി റൊമാന്‍സ് സത്യസന്ധതയുള്ള ഒരു സിനിമയാണ്. ഗായത്രിക്കും രഘുവിനും വിവാഹത്തെപ്പറ്റി പറയാനുള്ള കാര്യങ്ങള്‍ ലീവ് - ഇന്‍ ബന്ധങ്ങളെപ്പറ്റി സാധാരണ കേള്‍ക്കാത്ത അഭിപ്രായങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. സാമ്പ്രദായികരീതികളോട് അനിഷ്ടമുണ്ടെങ്കിലും അതിനെ എന്തുകൊണ്ട് മാറ്റിയെഴുതണമെന്ന് സംശയിക്കുന്നവരാണ് കഥാപാത്രങ്ങള്‍. ഗായത്രിയുടെയും രഘുവിന്റെയും അവസാനതീരുമാനത്തില്‍ കാലത്തിനുമുന്‍പേ നടക്കുന്ന ഒരു പ്രതീക്ഷയുണ്ട്. കഥാപാത്രങ്ങളെ ജീവിക്കാനനുവദിക്കുന്ന ഒരു സിനിമ. നമ്മെപ്പോലെ അവര്‍ ജീവിക്കുന്നതിനേക്കാള്‍ അവരെപ്പോലെ നാം ജീവിക്കുകയാണ് വേണ്ടത്.Next Story

Related Stories