TopTop
Begin typing your search above and press return to search.

ഈ ഓണത്തിന് എങ്ങനെ സാമ്പാര്‍ വയ്ക്കാനാ? ഒരു പ്രവാസി

ഈ ഓണത്തിന് എങ്ങനെ സാമ്പാര്‍ വയ്ക്കാനാ? ഒരു പ്രവാസി

വിനോദ് റ്റി. കുളത്തൂപ്പുഴ

കാര്യം എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ പ്രവാസികള്‍ക്ക് ഒന്നു രണ്ടു മാസമായി കുറച്ച് സന്തോഷമൊക്കെയുണ്ട്. നാട്ടിലേക്ക് പൈസ അയച്ചു കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകുമെങ്കിലും മുഖത്തിനൊരു തിളക്കമാണ്. മനസിനൊരു സന്തോഷമാണ്.

അടുത്ത ശമ്പളം കൂടി ഈ മാസം അയയ്ക്കാന്‍ കഴിയുന്നില്ലല്ലോ എന്നൊരു കുഞ്ഞു നിരാശയും.

എന്നാ കറന്‍സി റേറ്റ് ആണന്നേ....

നാട്ടില്‍ നിന്ന് ഭാര്യ വിളിച്ച് സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചൊക്കെ പരാതിപ്പെട്ടാലും ഒരു ഇളക്കം തോന്നാത്ത അവസ്ഥ. ഒരു പക്ഷേ ഇതൊക്കെ ഒരുപാട് കേട്ട് പഴകിയതു കൊണ്ടും ആകാം.

ഗള്‍ഫിലേക്ക് വരാന്‍ നേരത്ത് വാങ്ങിയ കുറച്ചു കടം ഉണ്ടായിരുന്ന ഒരു മാസം കൊണ്ട് തീര്‍ത്തു. ഇനി ബാങ്കിലെ കുറച്ച് വായ്പ അടയ്ക്കണം. രുപ ഈ പോക്കു പോകുകാണേല്‍ ബാങ്കിലേക്കും ഉടന്‍ അടച്ചു തീര്‍ക്കാം. അവരു മൂല്യശോഷണത്തിന്റെ പേരു പറഞ്ഞ് പലിശ വല്ലാണ്ടങ്ങു കൂട്ടാതിരുന്നതാല്‍ മതിയാരുന്നു.

ഇതുവരെ കിട്ടീട്ടില്ലാത്ത വിലയല്ലേ ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നത്. കൂടുതല്‍ പണം അയയ്ക്കാന്‍ ചെന്നാല്‍ ബാങ്കുകാരുടെ ഉദാര നയം പിന്നെയും.

കുറച്ച് കടം വാങ്ങി നാട്ടിലേക്ക് ഒരുമിച്ച് അയയ്ക്കാമെന്നു വച്ചാല്‍ കടം തരാന്‍ ആരെങ്കിലും വേണ്ടേ? എല്ലാവരും പരമാവധി ചെലവു ചുരുക്കി മിച്ചം പിടിച്ച് നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്.

അറബീടെ കാറു വാങ്ങിക്കാനൊരുങ്ങിയ ഫോര്‍മാന്‍ ഹമീദിക്ക കാറു വേണ്ടാന്നു വച്ച് ഉള്ളത് എല്ലാം നാട്ടിലേക്കയച്ചു. ഓണത്തിന് നാട്ടില്‍ പോകാനിരുന്ന രവിയേട്ടന്‍ മൂന്നു മാസത്തെ ലീവ് ക്യാന്‍സല്‍ ചെയ്തു.

ഒരിക്കല്‍ അയച്ചു കഴിഞ്ഞാല്‍ പിന്നെയും കറന്‍സി റേറ്റ് കൂടുന്നത് കാണുമ്പാള്‍ വീണ്ടും അയയ്ക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമമാണ് പലര്‍ക്കും.

200 രൂപയും കൊണ്ട് ചന്തയില്‍ പോയാലും സഞ്ചി നിറച്ച് ഒന്നും വാങ്ങാന്‍ പറ്റുന്നില്ലാ എന്നാണ് ഭാര്യയുടെ പരാതി. സ്വര്‍ണമാണെങ്കില്‍ വില കൂടിയും കുറഞ്ഞും ഒളിച്ചുകളി നടത്തി കൊതിപ്പിക്കുന്നു. വില കൂടുന്നതു കാണുമ്പോള്‍ വില്‍ക്കാനും കുറയുന്നതു കാണുമ്പോള്‍ വാങ്ങാനും തോന്നും.

അതിനിടയ്ക്കാണ് സര്‍ക്കാര്‍ ഫ്‌ളാറ്റ് ടി.വികള്‍ക്ക് പകുതിയോളം ടാക്‌സ് കൊടുക്കണമെന്ന് പറഞ്ഞത്. അല്ലെങ്കിലും ഈ വിനിമയ നിരക്കില്‍ ഇത്രേം കാശുമുടക്കി ഇപ്പോള്‍ ടി.വി ഒക്കെ വാങ്ങാന്‍ തോന്നുമോ സര്‍ക്കാരേ...?

ഇവിടിപ്പോള്‍ പ്രവാസികള്‍ ഒരുമിച്ചു കൂടിയാല്‍ പറയാനൊന്നേയുള്ളൂ - വിനിമയ നിരക്കിനെ കുറിച്ചു മാത്രം.

ഓരോ മണിക്കുര്‍ ഇടവിട്ട് ഇന്റര്‍നെറ്റില്‍ കറന്‍സി റേറ്റ് നിരീക്ഷിക്കലാണ് ആ ജോസഫച്ചായന്റെ പണി.

കറന്‍സി റേറ്റ് കൂടീന്നും പറഞ്ഞ് കമ്പനി ശമ്പളം കുറയ്ക്കാണ്ടിരുന്നാല്‍ മതിയാരുന്നു.

ഹൊ കുറച്ചുകൂടി ശമ്പളം ഉണ്ടായിരുന്നേല്‍ ഇവിടുത്തെ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത് ഒരുമിച്ച് കുറേക്കാശ് നാട്ടിലേക്കയയ്ക്കാമായിരുന്നു.

എന്തു ചെയ്യും?

ആ ബംഗ്ലാദേശുകാരനോട് ഈ മാസത്തെ ശമ്പളം ഒന്നു ചോദിച്ചു നോക്കണം. കിട്ടിയാല്‍ നാട്ടിലേക്ക് നല്ലൊരു തുക തട്ടാമെല്ലോ....

അയച്ചു കഴിഞ്ഞ് വിനിമയ നിരക്ക് പിന്നെയും കൂടിയാലോ?... അപ്പോള്‍ നഷ്ടമാകും. വേണ്ട.

എന്നാലും ഇത്രയ്ക്കങ്ങൂ തകരുമെന്ന് വിചാരിച്ചതല്ല. ആഗോളവത്ക്കരണം, സ്വകാര്യവത്ക്കരണം എന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്. ഇപ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അറിയുന്നെ...

ഇറക്കുമതി കൂടീന്നും കയറ്റുമതി ഇല്ലെന്നും അമേരിക്കന്‍ സമ്പദ്ഘടന വളര്‍ച്ചയിലാണെന്നും ഒക്കെ പറയുന്നു. ആയിക്കോട്ടെ. പക്ഷേ ഇന്ത്യയില്‍ മാത്രമാണെല്ലോ ഇത്രേം വലിയ ഇടിവ്....

ദീര്‍ഘവീക്ഷണമില്ല ഭരിക്കുന്നവര്‍ക്ക്.. അതു തന്നെ കാരണം.

പ്രധാനമന്ത്രീം ധനമന്ത്രീം കുഴപ്പമില്ല, സാരമില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒരു പേടി ഇല്ലാതില്ല. ഈ ഗള്‍ഫിലെ പണി ഇന്നു നഷ്ടമായാല്‍ നാളെ നാട്ടില്‍ പണിയെടുത്തു ജീവിക്കേണ്ടതല്ലേ... ഇങ്ങനെ സാധനങ്ങള്‍ക്ക് തീ പിടിച്ച വിലയുള്ള നാട്ടില്‍ എങ്ങനെ ജീവിക്കും...?

ഉത്തരേന്ത്യയില്‍ ഒരു തണ്ണിമത്തന്‍ലോറി മറിഞ്ഞാല്‍ മതി കേരളത്തിലെ എല്ലാ പച്ചക്കറികള്‍ക്കും വില കയറും. ഇടനിലക്കാരും വ്യാപരികളുമൊക്കെ കൃത്രിമക്ഷാമം സൃഷ്ടിച്ച് കൊള്ളലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടൊക്കെയാ ഇങ്ങനെ വില കൂടുന്നെ..

ഹൊ... രുപയുടെ മൂല്യം ഇടിയുന്ന പോലെയാ ഇപ്പോള്‍ ചില സ്വപ്നങ്ങളും കണക്കുകൂട്ടലുകളുമൊക്കെ ഇടിയുന്നത്...വിലക്കയറ്റത്തിനിടയ്ക്ക് കുട്ടികളുടെ പഠനം, വിവാഹം... പിന്നെ ആ പഴയ സ്വപ്നം - ഒരു നല്ല കോണ്‍ക്രീറ്റ് വീട്.

ഉമ്മന്‍ ചാണ്ടിയും സോളാറും ഉപരോധ സമരവും ഒന്നുമല്ല നമ്മുടെ പ്രധാന പ്രശ്‌നം. മണ്ണിനെ സ്‌നേഹിക്കാത്ത, കൃഷിയെ സ്‌നേഹിക്കാത്ത നമ്മളു തന്നെയാ...പറഞ്ഞിട്ടു കാര്യമല്ല. അന്ന് കടവയ്ക്കാന്‍ വേണ്ടി മണ്ണിട്ടു നികത്തിയ വയലില്‍ കപ്പ കൃഷി എങ്കിലും ചെയ്യേണ്ടതായിരുന്നു. ഇനി പറഞ്ഞിട്ടെന്താ... നികത്തിപ്പോയില്ലേ....

ഇവിടുത്തെ ജോലി മതിയാക്കി നാട്ടില്‍ വിശ്രമജീവിതം നയിക്കണം ഇനിയുള്ള കാലമെന്നും പറഞ്ഞു പോയ ശ്രീനിയേട്ടന്‍ ഇന്നലെ വിളിച്ചു ചോദിക്കുകയാ... 'വിസ വല്ലതും കിട്ടുമോ' എന്ന്. 'നാട്ടില്‍ ജീവിക്കാന്‍ വലിയ പാടാ മോനേ' എന്ന്.

എന്താ പറയുക...

തോന്നുന്ന വിലയാണ് നാട്ടില്‍. ഇപ്പോള്‍ ഭരിക്കുന്നത് കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പുകാരുമാണ്. ഭരണസ്തംഭനം ആണത്രെ. നല്ലൊരു മീന്‍ കറി കഴിച്ചിട്ട് ആഴ്ചകളായി പോലും. പൊള്ളുന്ന വില.

വന്നതിന്റെ പിറ്റേന്നു മുതല്‍ക്കേ ബാധ്യതകളൊക്കെ തീര്‍ത്ത് വേഗമൊരു മടക്കയാത്ര സ്വപ്നം കാണുന്നതാ. അതിനിയും ഒരുപാടു നീളുമല്ലോ..

ഒരു വിധത്തില്‍ പറഞ്ഞാ ഗള്‍ഫ് ആണു സുഖം. എന്നും ഖുബ്ബൂസ് ആണെങ്കിലും കോഴിയിറച്ചിയും കൂട്ടി കഴിക്കാമെല്ലോ.. (നാട്ടിലിപ്പോള്‍ കോഴിയിറച്ചിക്കൊക്കെ എന്നാ വിലയാ...) കൂടെ പെപ്‌സിയും കുടിക്കാം. വേണ്ട, പെപ്‌സി കുടി നിര്‍ത്തണം. ചെലവു ചുരുക്കണം. അടുത്ത മാസം കുറച്ചു കൂടി മിച്ചം പിടിച്ച് അയയ്ക്കണം.

ശമ്പളം കിട്ടിയ അന്നു തന്ന നല്ല റേറ്റ് ആയിരുന്നതിനാല്‍ എല്ലാം ഒരുമിച്ച് നാട്ടിലേക്കയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴാ തലയില്‍ കൈവച്ചു പോയത്. പെട്ടെന്നല്ലേ ഇത്രം റേറ്റ് കൂടിയത്. അടുത്ത മാസം കുറച്ചുകൂടി ശ്രദ്ധിച്ചിട്ട് പതുക്കയേ അയയ്ക്കുന്നുള്ളൂ. ദുബായില്‍ ഗവണ്‍മെന്റ് പ്രവാസികളെ നല്ല വിനിമയ നിരക്കില്‍ പണമയയ്ക്കാന്‍ സഹായിക്കുകയാ. മുന്‍കൂര്‍ പൈസ വാങ്ങിവച്ച് നല്ല കറന്‍സി റേറ്റ് ഉള്ള ദിവസം അയയ്ക്കുന്നു. ലാഭമല്ലാതെ നഷ്ടം ഉണ്ടാകുകേല.

ഓണവുമായി. സവാള വില കേറിപ്പോയ പോക്കു കണ്ടോ? സവാള വില മാത്രമല്ല കൂടിയതെങ്കിലും സവാളയെക്കുറിച്ചാ എല്ലാവരും പറയുന്നേ.

ശശിയണ്ണന്‍ ചോദിച്ച പോലെ.... എങ്ങനെ സാമ്പാറു വയ്ക്കാനാ...

എന്നാലോ ഈ പച്ചക്കറി കൃഷി ചെയ്യുന്ന പാവം കര്‍ഷകന് ഈ ഗുണമൊന്നും കിട്ടുന്നുമില്ല. ആ പാവത്തിന് ഇന്നും കഞ്ഞീം പുഴുക്കുമാണ്. അല്ലെങ്കിലും കേരളത്തില്‍ കര്‍ഷകര്‍ ആയി ഇപ്പോള്‍ റബര്‍ കര്‍ഷകര്‍ മാത്രമല്ലേ ഉള്ളൂ. റബറിന് നല്ല വിലയാണെന്നാ കേള്‍ക്കുന്നെ.

പച്ചക്കറി കിട്ടാതാകുമ്പോള്‍ റബര്‍ കര്‍ഷകര്‍ എന്നാ എടുത്തുവച്ചു തിന്നും? റബറോ?

എന്തായാലും കുറെ നാളായി കേരളത്തിന് മോശം സമയമാണ്. എന്തൊരു കൊടും ചൂടും വരള്‍ച്ചയുമായിരുന്നു രണ്ടു മാസം. അതങ്ങോട്ട് മാറിയപ്പോള്‍ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും.

ഇപ്പോള്‍ ദാ വിലക്കയറ്റം... അതും ഈ ഓണക്കാലത്ത്..

എവിടെ ചെന്നു നില്‍ക്കുമോ ആവോ...

ഹൊ... ഓരോന്നും ചിന്തിച്ചു കിടന്ന് നേരം പോയതറിഞ്ഞില്ല. ഡ്യൂട്ടിക്ക് പോകേണ്ടതാ...

ഇന്നു നല്ല ചൂടാണെന്നു തോന്നുന്നു. ചൂടായാലും സാരമില്ല. പറ്റുമെങ്കില്‍ രണ്ടു മണിക്കൂര്‍ കൂടി ഓവര്‍ടൈം ചെയ്യണം. എന്നാ റേറ്റാ കറന്‍സിക്ക്...

എത്രയൊക്കെ കഷ്ടപ്പാടുകള്‍ പറഞ്ഞാലും ഗള്‍ഫില്‍ വന്നില്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ദൈവമേ...

നന്ദി

നിനക്കും ഈ അറബി രാജ്യത്തിനും

വാല്‍ക്കഷ്ണം: എങ്കിലും ഇങ്ങനെ വില കൂടിയാല്‍ ഈ ഓണത്തിന് എങ്ങനെ സാമ്പാറു വയ്ക്കാനാ....


Next Story

Related Stories