TopTop
Begin typing your search above and press return to search.

ഇത്തിരിപ്പൂവ് ചുവന്ന പൂവ്

ഇത്തിരിപ്പൂവ് ചുവന്ന പൂവ്

അന്‍വര്‍ അബ്ദുള്ള

ചൈനയിലെ പുതുതലമുറ സംവിധായകനായ യുവാന്‍ഷാംഗിന്റെ ചിത്രമാണ്, ചൈനയുടെയും ഇറ്റലിയുടെയും സംയുക്ത നിര്‍മ്മാണ സംരംഭമായ ചോപ്പന്‍ കുഞ്ഞിപ്പൂക്കള്‍ (ലിറ്റില്‍ റെഡ് ഫ്‌ളവേഴ്‌സ് - 35എംഎം / കളര്‍ 2006). മാന്‍ഡാരിന്‍ ഭാഷ സംസാരിക്കുന്ന ഈ ചിത്രം ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്. ഒരു പ്രകാരത്തില്‍ ഒരു കുട്ടിക്കഥയാണ് ലിറ്റില്‍ റെഡ് ഫ്ളവേഴ്‌സ് പ്രമേയവല്‍ക്കരിക്കുന്നത്. നാലുവയസ്സുകാരനായ ക്യുയാംഗ് എന്ന കൊച്ചുകുട്ടിയാണ് കഥയിലെ നായകന്‍.

ബീജിംഗിലെ അതിപ്രശസ്തമായ കിന്റര്‍ഗാര്‍ട്ടനാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അവിടെ ചെറിയ കുട്ടികളെ പരശീലിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ആകെ കഥയും. പക്ഷെ ഋജുവും സരളവുമായ ഈ ലഘുപ്രമേയത്തിന്റെ സഹായത്തോടെ, സമൂഹത്തിന്റെ, മാനവപ്രകൃതിയുടെ, ലോകത്തിന്റെ തന്നെ കഥ ലാക്ഷണികമായി പറയുകയാണ് സംവിധാകന്‍ യുവാന്‍ ഷാംഗ് എന്നതാണ് സത്യം. മേല്‍പ്പറഞ്ഞ കിന്റര്‍ഗാര്‍ട്ടനില്‍ കുട്ടികളെ ചേര്‍ക്കുന്നത്, മാതാപിതാക്കളുടെ കുലീനതയുടെ ലക്ഷണം കൂടിയാണ്. അവിടെ ചേര്‍ക്കുക എന്നാല്‍ വീട്ടില്‍ നിന്ന് പാടേ അകറ്റി ഒരു ബോര്‍ഡിംഗ് സകൂളില്‍ ചേര്‍ക്കുക എന്നു തന്നെയാണര്‍ത്ഥം. ആ വിധത്തില്‍ നോക്കിയാല്‍ അവിടെ ചേര്‍ക്കുന്ന കുട്ടികളെല്ലാം ഫലത്തില്‍ അനാഥരാണ്. കിന്റര്‍ഗാര്‍ട്ടനിലെ നിയമസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ടീച്ചര്‍മാരാണ് ആ കുട്ടികളുടെ നാഥര്‍.

നാലു വയസ്സുകാരന്‍ ക്യുയാംഗിന്റെ വീട്ടിലാണ് ചിത്രം ആരംഭിക്കുന്നത്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലമുള്ള അവന്‍ അന്നും പതിവുപോലെ കിടക്ക നനച്ചുകൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. അവനു നാലുവയസ്സായതു പ്രമാണിച്ച് അവന്റെ അച്ഛന്‍ അവനെ കിന്റര്‍ഗാര്‍ട്ടനിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അയാളവനെ ഒരുക്കി, സ്‌കൂളിലേക്കു പുറപ്പെടുന്നു. കരച്ചിലും പ്രതിഷേധവും വലിയതോതില്‍ പ്രകടിപ്പിച്ചുകൊണ്ടാണെങ്കിലും ക്യുയാംഗ് ആ വലിയ കിന്റര്‍ഗാര്‍ട്ടന്റെ വലിയ ഭാഗമായിത്തീരുന്നു. സത്യത്തില്‍ അവന്റെ പ്രതിഷേധത്തിന് അവിടെ വിലയില്ലല്ലോ. കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവനല്ലല്ലോ. അവന്റെ കരച്ചില്‍ ആ ആദ്യദിവസം തന്നെ പ്രധാനടീച്ചറായ ലീയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ആ സ്‌കൂളിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. കുട്ടികളെ സ്വാശ്രയബോധമുള്ളവരാക്കി മാറ്റിയെടുക്കുക എന്നതാണവരുടെ പരിചരണ രീതിയുടെ മുഖ്യഭാഗം. ചിട്ടയിലും അനുസരണയിലും വഴക്കത്തിലും ജീവിക്കുന്ന പുതിയ നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണവരുടെ ഉദ്ദേശ്യം. കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കാന്‍ പാടല്ല, രാത്രിയില്‍ ടീച്ചര്‍ വിളക്കണച്ചു കഴിഞ്ഞാല്‍ സംസാരിക്കുകയോ, ഉറങ്ങാതിരിക്കുകയോ പാടില്ല. ജനല്‍പ്പടിയിലോ മറ്റോ വലിഞ്ഞു കയറാന്‍ പാടില്ല... ഇങ്ങനെ നിഷേധങ്ങളുടെ, അരുതുകളുടെ ഒരു പട്ടികയാണ് അവിടത്തെ പാഠപുസ്തകം.

ഈ അരുതുകള്‍ മാത്രമല്ല, വേറെ ചില ശാഠ്യങ്ങളുമുണ്ട്. ഊണു സമയത്തിനു മുന്‍പ് നിര്‍ബന്ധമായും മൂത്രമൊഴിക്കുകയും കൈകഴുകി വരികയും വേണം. അതുകഴിഞ്ഞാല്‍ പിന്നെ മൂത്രമൊഴിക്കണമെന്നു പറയുന്നത് തെറ്റാണ്. അതുപോലെ ടോയ്‌ലറ്റില്‍ ടീച്ചര്‍ കൂട്ടത്തോടെ കൊണ്ടിരുത്തുന്ന സമയത്ത് കൃത്യമായി വിസര്‍ജ്ജനം നിര്‍വഹിക്കണം. അതു പതിവാക്കിയേ പറ്റൂ. പിന്നെ, തനിയെ വസ്ത്രം ധരിക്കേണ്ടതുമുണ്ട്. ഇവിടെയാണ് പ്രശ്‌നങ്ങളാരംഭിക്കുന്നത്. ക്യൂയാംഗിന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ? കിടക്കയില്‍ മൂത്രമൊഴിക്കുന്നത് അവന്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റല്ല. പിന്നെ, വിസര്‍ജ്ജനം ടീച്ചര്‍മാര്‍ പറയുന്ന സമയത്ത് വരാത്തതിന് അവനെന്തു ചെയ്യും? ഇതിനു പുറമെ, തനിയെ വേഷം ധരിക്കുന്ന കാര്യം. മറ്റു കുട്ടികളില്‍ മിക്കവരും അതു ചെയ്യുന്നുണ്ടാകാം. പക്ഷെ കൊച്ചു ക്യുയാംഗിനെക്കൊണ്ടതുപറ്റണ്ടേ? പക്ഷെ, നിയമം കര്‍ക്കശമാണ്. വിചിത്രമായൊരു സംഗതി എന്താണെണെന്നു വച്ചാല്‍ ലീ അടക്കമുള്ള ടീച്ചര്‍മാരാരും കുട്ടികളെ സ്‌നേഹക്കാത്തവരല്ല. പക്ഷെ, ഇതാണ് സ്‌നേഹമെന്നും ഇതാണ് ശരിയായ ജീവിത പരിശീലനമെന്നുമാണവര്‍ കരുതുന്നത് എന്നുമാത്രം.

നിയമങ്ങള്‍ കൃത്യമായും കര്‍ശനമായും പാലിക്കുന്ന കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍, അത്തരം ഓരോ സന്ദര്‍ഭങ്ങളിലും ഓരോ ചുവന്ന, ഇത്തിരിപ്പോന്ന കൃത്രിമപ്പൂവു സമ്മാനിക്കും. ദിവസം അഞ്ചു പൂവു വച്ച് ആഴ്ചയിലെ മുഴുവന്‍ ദിവസവും നേടാന്‍ കഴിയുന്നവരാണ് ഏറ്റവും സമര്‍ത്ഥര്‍. അതേ സമയം എന്തെങ്കിലും തെറ്റു വരുത്തിയാല്‍ ഒരു പൂവ് ടീച്ചര്‍ തിരിച്ചെടുക്കുമെന്നും നിയമമുണ്ട്.

പാവം കൊച്ചുക്യയാംഗിന് ഒരിക്കല്‍പ്പോലും ഒരു ചുവന്ന പൂവ് കിട്ടുന്നില്ല. അതിലവനു കഠിനമായ നിരാശയുണ്ട്. വാങ്ങണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല; പക്ഷെ, രാവിലെ കിടക്ക നനച്ചുകൊണ്ടാണ് എന്നുമവന്‍ ഉണരുക. പിന്നെയങ്ങനെ സമ്മാനപ്പൂ കിട്ടും?

ക്യൂയാംഗിന്റെ പ്രവൃത്തികള്‍ മെല്ലെ അധ്യാപികയായ ലീയില്‍ കടുത്ത അപ്രീതി സൃഷ്ടിച്ചു തുടങ്ങുന്നു. അവര്‍ വളരെ കര്‍ക്കശമായി അവനോടു പെരുമാറിത്തുടങ്ങുന്നു. അതിന്റെ ഫലമായിട്ടാകാം. അവന്‍ ലീയെ ഒരു ചെകുത്താനായി സങ്കല്‍പ്പിച്ചു തുടങ്ങുന്നു. വെറുതെ സങ്കല്‍പ്പിക്കുക മാത്രമല്ല; അവന്‍ തന്റെ ഭാവനാവിലാസത്തിന് കുട്ടികള്‍ക്കിടയില്‍ വലിയ പ്രചാരണവും കൊടുത്തു. ലീ തങ്ങളെ പിടിച്ചു തിന്നു കളയുമെന്നു ഭയപ്പെടുന്ന കുട്ടികള്‍, ഒടുക്കം രാത്രി സംഘം ചേര്‍ന്ന് ആസൂത്രണം ചെയ്ത് ലീയെ ആക്രമിക്കുകയാണ്. ലീ ഉണരുന്നതോടെ അവര്‍ പേടിച്ചോടുന്നു. എങ്കിലും ആ ചെകുത്താന്‍ കഥയെപ്പറ്റി അധ്യാപകര്‍ അന്വേഷിച്ചുകണ്ടെത്തുകയും ആ കള്ളക്കഥയ്ക്ക് പ്രചാരം കൊടുത്ത ആളെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കുട്ടിയെ ശിക്ഷിക്കുകയും ചെയ്യുന്നു.

ക്യുയാംഗ് ഒരു കൊച്ചുപെണ്‍കുട്ടയെ കൂട്ടുകാരിയാക്കുകയും അവളുമൊത്ത് ടീച്ചര്‍മാരുടെ കണ്ണുവെട്ടിച്ച് കിന്റര്‍ ഗാര്‍ട്ടന്റെ പുറത്തേക്ക്, ഇടക്കിടെ പോവുകയും ചെയ്യുന്നുണ്ട്. സമീപസ്ഥലത്തുള്ള ഒരു പാര്‍ക്കാണ് അവരുടെ യാത്രാലക്ഷ്യം. അവിടെ മനുഷ്യര്‍ സ്വതന്ത്രമായി നടക്കുന്നത് കുറച്ചുനേരം നോക്കി നിന്നിട്ട് അവര്‍ തിരിച്ചുവരും. ക്യൂയാംഗിന്റെ വികൃതി കൂടിക്കൂടി വന്ന് ഒടുക്കം അവന്‍ ഒരു ടീച്ചറെ ചീത്തവിളിക്കുന്നു. അതിനു ശിക്ഷയായി അവനെ മറ്റുള്ളവരില്‍ നിന്നു അകറ്റി നിര്‍ത്തുകയാണ് ടീച്ചര്‍മാര്‍ ചെയ്യുന്നത് (ഐസലേഷന്‍) ക്യുയാംഗിനോട് മിണ്ടുന്നതില്‍ നിന്നുപോലും ടീച്ചര്‍മാര്‍ മറ്റുകുട്ടികളെ വിലക്കുന്നെങ്കിലും അത് അവനെ സംബന്ധച്ചിടത്തോളം ഒരനുഗ്രഹമായാണ് ചില നേരത്തെങ്കിലും കലാശിക്കുന്നത്. അവന്‍ തന്റെ ഏറ്റവും സ്വതന്ത്രമായ ചില നിമിഷങ്ങളിലൂടെ കടന്നുപോകുന്നു. ഒറ്റപ്പെടല്‍ അസ്വസ്ഥതാജനകമാണെങ്കിലും കുസൃതികാട്ടിയാല്‍ ആരും ഒന്നും പറയില്ലെന്നത് അവന് ഇഷ്ടമായി. പക്ഷെ, ഒറ്റപ്പെടുത്തലില്‍ നിന്ന് മോചിപ്പിച്ച് അവനെ വീണ്ടും കൂട്ടംചേര്‍ക്കുകയും, അനുസരണവാനാക്കാന്‍ യത്‌നിക്കുകയും ചെയ്തുകൊണ്ട് ചിത്രം അതിന്റെ പരിസമാപ്തിയിലേക്കു നീങ്ങുന്നു.

സമൂഹത്തിന്റെ വ്യവസ്ഥാപിത രീതികളുമായി ഇണങ്ങാനോ പൊരുത്തപ്പെടാനോ കഴിയാത്ത, തയ്യാറാകാത്ത വ്യക്തിസത്തയുടെ നൈസര്‍ഗ്ഗീകത നടത്തുന്ന, ഏറെക്കുറെ വിഫലമായ പോരാട്ടാമാണ് ക്യുയാംഗിന്റെ നിര്‍ദോഷകഥ എന്ന വ്യാജേന സംവിധായകന്‍ ചിത്രീകരിക്കുന്നത്. ക്യുയാംഗിന്റെ കഥ എന്ന മട്ടില്‍ കേവലമായി ചിത്രമെടുത്താല്‍, ആധുനിക വിദ്യാഭ്യാസവും നാഗരികമായ ശിശുപരിചരണവും കുട്ടികളെ എത്രമാത്രം അവരവരല്ലാതാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത് എന്ന മുന്നിറിയിപ്പു നല്‍കുന്നു. ഒരു കുട്ടിയിലെ ചൈതന്യവും ഊര്‍ജ്ജവും ഭാവനാശക്തിയും സ്വാതന്ത്ര്യവാഞ്ഛയും എങ്ങനെയെല്ലാം സമ്മര്‍ദ്ദം ചെലുത്തിയാണ് പരിഷ്‌കൃത വിദ്യാകേന്ദ്രങ്ങള്‍ മുരടിപ്പിച്ചുകളയുന്നതെന്നും ചിത്രം പറയുന്നു. സമ്മാനങ്ങളായി കിട്ടുന്ന ചുവന്ന പൂക്കള്‍ നാഗരികമായ ഗ്രേഡിംഗ് - റാങ്കിംഗ് സമ്പ്രദായങ്ങളാണ്. ചില പ്രത്യേകകാര്യങ്ങളിലെ മാത്രം സാമര്‍ത്ഥ്യം അളക്കുന്നത് കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന അനാരോഗ്യകരമായ മത്സരചിന്തയും അസഹിഷ്ണുതയും അസൂയയും അവരുടെ വ്യക്തിത്വവികാസത്തെ എത്ര ദോഷകരമായാണ് ബാധിക്കുന്നതെന്നും സംവിധായകന്‍ കാട്ടുന്നു. ഇടയ്ക്ക് ഒരു ചൈനീസ് മന്ത്രി കിന്റര്‍ഗാര്‍ട്ടന്‍ സന്ദര്‍ശിക്കുന്നുണ്ട്. അയാളുടെ മകന്‍ അവിടെയുണ്ട്. മിന്നല്‍ സന്ദര്‍ശനമായിരുന്നതിനാല്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യാന്‍ ടീച്ചര്‍മാര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍ മന്ത്രിപുത്രന്റെ സ്‌കോര്‍ബോര്‍ഡില്‍ ചുവന്ന പൂക്കള്‍ കുറവായിരുന്നു. അതിനെപ്പറ്റി മന്ത്രി ചോദിക്കുമ്പോള്‍ ടീച്ചര്‍മാര്‍ പറയുന്നത്, ആഴ്ചയറുതിയിലെ മാറ്റം ഇന്നേ ബോര്‍ഡില്‍ വരുത്തൂ. അപ്പോള്‍ മന്ത്രിപുത്രന് കൂടുതല്‍ പൂക്കള്‍ ഉണ്ട് എന്നാണ്. പച്ചക്കള്ളമാണവര്‍ പറയുന്നത്. അതും കുട്ടികളുടെ മുന്‍പില്‍ വച്ച്. ചിട്ടയെക്കുറിച്ച് അത്രമേല്‍ വ്യാകുലത കാട്ടുന്നവരുടെ തനിനിറം ആ വിധത്തില്‍ വ്യക്തമാക്കിയാണ് സംവിധായകന്‍ ചിത്രത്തെ മുന്നോട്ട്‌കൊണ്ടുപോകുന്നത്.

അതുപോലെ കുട്ടികളെ നിഷ്‌കപടമായ ലൈംഗികതാത്പര്യത്തെ സമൂഹം, മുതിര്‍ന്നവരുടെ സദാചാര സമൂഹം, എങ്ങനെ അടിച്ചമര്‍ത്തുന്നുവെന്ന് സമര്‍ത്ഥിക്കുന്ന ഒരു സീക്വന്‍സ് ചിത്രത്തിലുണ്ട്. ക്യുയാംഗും സുഹൃത്തായ പെണ്‍കുട്ടിയും കൂടി രഹസ്യമായി രോഗിയും ഡോക്ടറും കളിക്കുന്നു. അവന്‍ അവളുടെ കുപ്പായം മാറ്റി ഇഞ്ചക്ഷന്‍ നല്‍കുന്നു. ഇതുകണ്ടുകൊണ്ടു വരുന്ന ടീച്ചര്‍ ലീ അവരെ വിരട്ടുന്നു. ക്യുയാംഗിനെ പറപ്പിച്ച ശേഷം ലീ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടു ചോദിക്കുന്നു: നീ ഒരു പെണ്‍കുട്ടിയല്ലേ? ആണ്‍കുട്ടികള്‍ക്കു മുന്നില്‍ നീ ഉടുപ്പൂരാന്‍ പാടുണ്ടോ?

തങ്ങളുടെ ശരികള്‍ - അവ യഥാര്‍ത്ഥത്തില്‍ ശരികള്‍ തന്നെയാണോ എന്ന് യാതൊരു ഉറപ്പുമില്ലാതെ തന്നെ - കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ മുതിര്‍ന്നവര്‍ക്ക് അനാശാസ്യമായ ഒരു ആസക്തി തന്നെയുണ്ട്. ഇതിന്റെ അടിസ്ഥാനപരമായ പ്രേരണ ബലഹീനനില്‍ അധികാരം ചെലുത്താനുള്ള ബലശാലിയുടെ കടുത്ത ആഗ്രഹമാണ്. അതിന്റെ മനശ്ശാസ്ത്ര വിവക്ഷകളെയാണ് ചിത്രം പരിശോധിക്കുന്നതെന്നു പറയാം. അധികാരം എന്ന വാക്കിനെ പിന്‍പറ്റി ഈ ചിത്രത്തെപ്പറ്റി ആലോചിക്കുമ്പോള്‍, സംവിധായകന്‍ യുവാന്‍ ഷാംഗ് തന്റെ ചിത്രത്തില്‍ വെളിപ്പെടുത്താതെ വെളിപ്പെടുത്തുന്ന ഒരു അതീതാര്‍ഥ സാധ്യതയെക്കുറിച്ചുകൂടി പറയാതെ വയ്യ. ഒട്ടും രാഷ്ട്രീയപരമല്ലെന്ന് പുറമേക്ക് തോന്നിപ്പിക്കുന്ന ഈ ചിത്രം അത്യന്തം രാഷ്ട്രീയപരമാണെന്നുള്ളതാണത്. ആ രണ്ടാംവായന ചിത്രത്തെ കൂടുതല്‍ ഗൗരവമുള്ളതും പ്രധാനവുമാക്കുന്നു.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചൈനയിലാണ്. ചൈനീസ് നിര്‍മ്മാതാവിനു പുറമെ ഒരു ഇറ്റാലിയന്‍ നിര്‍മ്മാണ സഹകരണവും ചിത്രത്തിനുണ്ട്. മുസ്സോളിനിയുടെ ഫാസിസ്റ്റ് ഇറ്റാലിയുടെയും ആധുനിക കമ്മ്യൂണിസ്റ്റ് രാഷ്ട്രമെന്ന നിലയില്‍ അധികാരകവചങ്ങളാല്‍ വ്യക്തിസത്തകളെ മര്‍ദ്ദിച്ചൊതുക്കുന്ന ചൈനയുടെയും ബന്ധം ഈ ചിത്രത്തില്‍ സംഭവിക്കുന്നത് സങ്കീര്‍ണ്ണമെങ്കിലും കൗതുകകരമായ വസ്തുതയാണ്. സത്യത്തില്‍ അധികാരശക്തികൊണ്ട് വ്യക്തിസത്തയെ ഞെരിച്ചമര്‍ത്തുന്ന ചൈനയുടെ അധികാരരാഷ്ട്രീയ സാമൂഹികഘടനയുടെ ഒരു നേര്‍ക്കാഴ്ച ആയിത്തീരുന്നില്ലേ ഈ ചിത്രമെന്നത് ആലോചിക്കേണ്ടതാണ്.

ചിത്രം നടക്കുന്ന ബീജിംഗ് കമ്മ്യൂണിസ്റ്റ് ചൈനയുടെ തലസ്ഥാനമാണ്. നോണ്‍ റിബലുകളുടെ ഒരു സ്വപ്ന സമൂഹമാണ് ചിത്രത്തിലെ കിന്റര്‍ഗാര്‍ട്ടിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്ന ഇത്തിരിപ്പോന്ന ചുവന്ന പൂക്കള്‍ വളരെ അര്‍ത്ഥവത്തായ പ്രതീകമാകുന്നത് അങ്ങനെയാണ്. ആ പൂക്കളാവട്ടെ, കടലാസില്‍ വെട്ടിയെടുക്കുന്ന കൃത്രിമപ്പൂക്കളാണ്. ക്യൂയാംഗിന് ഒരു ദിവസം വരാന്തയില്‍ കിടന്ന് അത്തരമൊരു പൂവ് കിട്ടുന്നുണ്ട്. അത് ടീച്ചര്‍ വലിച്ചെറിഞ്ഞു കളഞ്ഞ ഒരു പൂവാണ്.

അതുപോലെ, കുട്ടികളെ പുറത്തു കൊണ്ടുപോകുന്ന ഒരു സന്ദര്‍ഭത്തില്‍ അവര്‍ ഒരു പട്ടാള മാര്‍ച്ചിനെ കടന്നു പോകുന്നുണ്ട്. സൈനിക വിദ്യാസംഘത്തിന്റെ വാദ്യോപകരണങ്ങളില്‍ ചുവന്ന വലിയ കൃത്രിമപ്പൂക്കളെ സമീപദൃശ്യത്തില്‍ കാണിക്കുന്നുണ്ട് സംവിധായകന്‍. ഇതേപോലെ ക്യുയാംഗ് പിന്നീടും തനിയേ റേഡിലെത്തുമ്പോള്‍ ചൈനീസ് പട്ടാളത്തിന്റെ ഒരു ബറ്റാലിയന്‍ കടന്നുപോകുന്നു. അവന്‍ അമ്പരപ്പോടെ അവരുടെ കൈകളിലെ ചുവന്ന പൂക്കള്‍ നോക്കി നില്‍ക്കുന്നു.

ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കുരുതിയെ വ്യക്തമായി ഓര്‍മ്മിപ്പിക്കുന്ന ഒരു സീന്‍ സംവിധായകന്‍ ചിത്രത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. അധ്യാപികയായ ലീയെ ചെകുത്താനെന്നു സ്ഥാപിക്കുന്ന കഥയുണ്ടാക്കിയതിന് ഒരു കുട്ടിയെ ടീച്ചര്‍മാര്‍ ശിക്ഷിക്കാന്‍ കൊണ്ടുപോകുന്നു. അവിടെ നിന്ന് കട്ടു ചെയ്യുന്നത് സ്‌കൂളിന്റെ ചത്വരത്തില്‍ കൂടിയിരിക്കുന്ന കുട്ടികള്‍ക്കു നേരെ, ഒരു വിദ്യാര്‍ത്ഥി കളിത്തോക്കുകൊണ്ട് തുടരെ നിറയൊഴിക്കുന്ന ദൃശ്യത്തിലേക്കാണ്. കുട്ടികള്‍ നിലം പൊത്തുന്നതായി നടിക്കുകയാണ്. വിദ്യാര്‍ത്ഥികളാണ് ടിനയാനന്‍മെന്‍ സ്‌ക്വയര്‍ കലാപം നടത്തിയതെന്നത് ഓര്‍ക്കുമ്പോള്‍ ഈ ദൃശ്യം ശക്തമായ ചില രാഷ്ട്രീയധ്വനികള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് മനസ്സിലാകും.

വ്യക്തിത്വവികാസം ചട്ടക്കൂടുകള്‍ക്കനുസൃതമാകുന്നതല്ല ആശാസ്യമെന്ന് ലിറ്റില്‍ റെഡ്ഫ്‌ളവേഴ്‌സ് അതിശക്തിമായി സൂചിപ്പിക്കുകയും ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നു. അതേ സമയം ചൈനയിലെ അധികാരഭരണവ്യവസ്ഥിതിയില്‍ വളരെ തുറന്ന ഒരു പ്രതിഷേധം ആസാധ്യമായതുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പ്രതിരോധഗൂഢഭാഷ സ്വീകരിച്ചതാകാം. ഇതെല്ലാംകൊണ്ടു തന്നെ ലിറ്റില്‍ റെഡ്ഫ്‌ളവേഴ്‌സ്, കുട്ടിയെ അനുസരണ പഠിപ്പിക്കുന്നതിന്റെ അപകടവും അര്‍ത്ഥശൂന്യതയും പ്രതിപാദിക്കുന്ന ചിത്രമായി വായിക്കപ്പെട്ടാലും, അതിനപ്പുറം, സ്വേച്ഛാധിപത്യഭരണകൂടത്തിനുകീഴിലെ കേവലവ്യക്തിയുടെ ആത്മാലാപമായി വായിക്കപ്പെട്ടാലും ലോകോത്തര സിനിമകളുടെ നിലവാരത്തിലേക്ക് ഉയരുന്നു.

ഈ ചിത്രത്തോടൊപ്പം ചേര്‍ത്തു കാണാവുന്ന വായിക്കാവുന്ന മറ്റൊരു ചിത്രമാണ് ലോകചലച്ചിത്രവേദിയിലെ രാജശില്പികളിലൊരാളായ താര്‍ക്കോവ്‌സ്‌കിയുടെ 'ഐവാന്‍'. താര്‍ക്കോവ്‌സ്‌കി ചലച്ചിത്രമാക്കിയത് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യന്‍ സൈന്യത്തിനുവേണ്ടി ചാരനായി (സ്‌പൈ) പ്രവര്‍ത്തിച്ച ഒരു ഗ്രാമീണ ബാലന്റെ വീരേതിഹാസത്തിന്റെ കഥയാണ്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായ, ഹിംസായന്ത്രമായ പട്ടാളത്തിനായി, കപടദേശീയവാദത്തിന്റെ പിന്‍ബലത്തില്‍, യുദ്ധസഹായിയായി ഉപയോഗിക്കപ്പെടുകയാണ് ഐവാന്‍. നോവലും ചലച്ചിത്രവും കൂടി ഐവാനെ റഷ്യന്‍ കുട്ടികള്‍ക്കിടയില്‍ (മുതിര്‍ന്നവര്‍ക്കിടയിലും) ഒരു വീരനായകനാക്കി മാറ്റുന്നു. ഒരു തരത്തില്‍ അനാവശ്യമായ ഒരു യുദ്ധാനുകുല പ്രവണതയും കുട്ടികള്‍ക്കു നേരെ സര്‍ക്കാരിന്റെയും മുതിര്‍ന്ന ലോകത്തിന്റെയും പിതൃനിര്‍വിശേഷമനോഭാവവുമാണ് താര്‍ക്കോവ്‌സ്‌കി പ്രകടിപ്പിക്കുന്നത്. (മുന്‍കാല) കമ്മ്യൂണിസ്റ്റ് സോവിയറ്റ് നാട്ടില്‍ നിന്നു വരുന്ന ഐവാനില്‍ നിന്ന് (ആധുനിക) കമ്യൂണിസ്റ്റ് ചൈനയില്‍ നിന്നു വരുന്ന ലിറ്റില്‍ റെഡ്ഫ്‌ളവേഴ്‌സ് വ്യത്യസ്തമാകുന്നത് ആശയത്തിലും അര്‍ത്ഥത്തിലും വിരുദ്ധമാനങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്.


Next Story

Related Stories