TopTop
Begin typing your search above and press return to search.

അമ്മയും പെങ്ങളും അല്ലാത്തവരെ എന്ത് ചെയ്യും മോദിജീ?

അമ്മയും പെങ്ങളും അല്ലാത്തവരെ എന്ത് ചെയ്യും മോദിജീ?

നരേന്ദ്ര മോദിയുടെ ചോട്ടാ ഉദേപ്പൂരിലെ പ്രസംഗം കൃത്യമായും ഒരു വലതുപക്ഷ മത വര്‍ഗ്ഗീയവാദി രാഷ്ട്രീയ പാര്‍ട്ടിക്ക് ശോഭയേകുന്നത് തന്നെയാണ്. മുന്നോട്ട് വെയ്ക്കുന്ന എല്ലാ പിന്തിരിപ്പന്‍ നയങ്ങളും വിദഗ്ദമായി എങ്ങനെ ഒരു പ്രസംഗത്തില്‍ തിരുകി കയറ്റാം എന്ന് മോദിയുടെ പ്രസംഗം കേട്ട് പഠിക്കണം. ഇന്ത്യയില്‍ അധികാരി ആയിരിക്കേണ്ടത്, ഒരു ഹിന്ദു പുരുഷനാണ് എന്ന് തന്നെ മോദി പറയാതെ പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ കുഴപ്പം ആണെന്നും സമൂഹത്തിന് ഇത്തരത്തിലെ പുരുഷന്മാര്‍ കളങ്കമാണെന്നും ഇത് തുടച്ചു മാറ്റാന്‍ സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കണം എന്നുമായിരുന്നു മോദിയുടെ ആഹ്വാനം. ഒറ്റ നോട്ടത്തില്‍ എത്ര മനോഹരം! ഭാരതം ഇങ്ങനെ ആയിരുന്നില്ല എന്നും, ഇന്ത്യ എന്നാല്‍ ഇത്തരത്തിലെ വികല മനസ്സുകളെ പ്രതിയുള്ള സംസര്‍ഗ്ഗം ആയിരുന്നില്ല എന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്. 'വിദേശ'മായുള്ള ഏതോ വികല മനസ്സുകളും പുരുഷന്മാരുമാണ് സ്വതവേ സ്ത്രീകള്‍ക്ക് വളരെ വിശേഷപ്പെട്ട ഭാരതത്തെ ഈ വിധമാക്കിയത് എന്ന് ധ്വനി. ദേശീയതയുടെ വര്‍ഗ്ഗീയതകള്‍ സംഘപരിവാര്‍ വേദികളില്‍ അല്ലാതെ മറ്റെവിടെയാണ് കേള്‍ക്കുക?

ഇനി സ്ത്രീകളോട് അധികാരിയായ ഹിന്ദു പുരുഷന് പറയാനുള്ളത്; ഇതൊന്നും നിങ്ങളുടെ കുഴപ്പം അല്ല, നിങ്ങള്‍ക്ക് സമാധാനത്തോടെ വീടുകളില്‍ ഇരിക്കാന്‍ പറ്റാത്തതിന് കാരണം കുഴപ്പം പിടിച്ച മനസ്സുള്ള പുരുഷന്മാര്‍ സമൂഹത്തില്‍ ഉള്ളത് കൊണ്ടാണ് എന്ന്. ആഞ്ഞു കൈയ്യടിക്കാനും നമോ നമോ എന്ന് വിസിലടിക്കാനും ഇതില്‍പ്പരം എന്ത് വേണം. അടുക്കളയില്‍ ഇരിക്കേണ്ട സ്ത്രീകള്‍ക്ക് അടുക്കളയില്‍ സമാധാനത്തോടെ ഇരിക്കാന്‍ ആരാണ് ഹേ സമ്മതിക്കാത്തത് എന്നാണു ചോദ്യം. അത് ശരി, അപ്പോള്‍ ഞാന്‍ ഒന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കണം എങ്കില്‍, വാഹനങ്ങളില്‍ കയറി സഞ്ചരിക്കണം എങ്കില്‍ എന്റെ ജീവിതം സ്വന്തം കാലില്‍ നിന്ന് കെട്ടിപ്പടുക്കാന്‍ ഒരു തൊഴിലിനു പോകണം എങ്കില്‍, എന്നെ ആര്‍ക്കും ആക്രമിക്കാം എന്നാണോ? അടുക്കളയില്‍ മാത്രം മതിയോ സ്ത്രീകള്‍ക്ക് സമാധാനം? പോരാ, ശക്തമായ സ്വരത്തില്‍ തന്നെ പറയുന്നു ഭയമില്ലാതെ ഞങ്ങള്‍ക്കും പ്രാപ്യമാവണം, പൊതുഇടങ്ങള്‍ ഞങ്ങള്‍ക്കും പകുത്തു തരുക തന്നെ വേണം. സ്ത്രീ ആക്രമിക്കപ്പെടുന്നത് ഇവിടെയുള്ള ചില പുരുഷന്മാരുടെ പിടിപ്പുകേടാണ് എന്ന് പറയുന്നതിലെ സ്ത്രീ വിരുദ്ധത മോദി കാണാതെ പോകുന്നുണ്ടോ? സ്ത്രീയ്ക്ക് ഒരു പാവയുടെയോ മിണ്ടാപ്രാണിയുടെയോ നിലവാരമാണോ കൊടുക്കേണ്ടത്?


@J. Kursel

ഇരുളിന്റെ മറവിലോ ആളനക്കം ഇല്ലാത്തയിടത്തോ പുരുഷന്റെ, ഹിന്ദു ആയാലും ഇസ്ലാം ആയാലും മറ്റെന്തായാലും, ഹുങ്ക് സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ളതല്ല. സ്ത്രീയെ സംരക്ഷിക്കാത്ത പുരുഷന്‍ പുരുഷനല്ല എന്ന് പുതിയ വ്യാഖ്യാനങ്ങള്‍ പൌരുഷത്തിന് നല്‍കി സ്ത്രീയെ വീണ്ടും സുരക്ഷ കൊടുക്കേണ്ട എന്തോ പൂച്ചയോ പട്ടിയോ ആയി സൈഡില്‍ ഒതുക്കി നിര്‍ത്തുന്നത് ഒരു വേദിയില്‍ നിന്ന് പ്രസംഗിച്ചിട്ടു അതിനൊരു എതിര്‍പ്പും ഉണ്ടായില്ല എന്ന വസ്തുതയാണ് ഭാരത സമൂഹം ചിന്തിച്ച് പ്രതിവിധി തേടേണ്ടത്.

സ്ത്രീയെ പുരുഷന്‍ സംരക്ഷിച്ചു വയ്‌ക്കേണ്ട ഒരു വസ്തുവല്ല. പുരുഷനെ പോലെ തന്നെ കഴിവും ബുദ്ധിയും അവകാശങ്ങളും ആവശ്യങ്ങളും ഉള്ള മനുഷ്യനാണ് സ്ത്രീയും. ഹിന്ദു ഫാഷിസത്തിന്റെ സംരക്ഷണം അല്ല ഭാരതത്തിലെ സ്ത്രീകള്‍ക്ക് ആവശ്യം. പുരുഷന്റെ ഒപ്പം തന്നെ നിന്നുകൊണ്ട് തന്റെ വ്യക്തിത്വം സമത്വത്തിന്‍ മേല്‍ തിളങ്ങി ജീവിതത്തില്‍ മുന്നേറുക എന്നതാണ്. ഭാരതത്തില്‍ ഇതായിരുന്നില്ല എന്ന് പറയുന്നതിലെ സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍ പ്രസവിക്കാനും കുട്ടികളെ വളര്‍ത്താനും ഉള്ള യന്ത്രങ്ങള്‍ ആയി സ്ത്രീയെ കണ്ടുപോന്നിരുന്നു പ്രാചീന സമൂഹങ്ങള്‍ എന്നതാണ്. അടുക്കളയും പ്രസവമുറിയും തന്നെ സ്ത്രീയ്ക്ക് വിധിച്ച ഇടങ്ങള്‍. സ്ത്രീയുടെ സ്ഥലം പുരുഷന്റെ നിഴലിലാണ് എന്ന് നിഷ്‌കര്‍ഷിക്കുന്ന പ്രാകൃത സ്മൃതികളും പുരാണങ്ങളും അല്ല സ്ത്രീയ്ക്ക് വേണ്ടത്. അറിവ് നേടാനും പുതിയ കര്‍മ്മ മേഖലകള്‍ കണ്ടെത്താനും ബുദ്ധിയും കഴിവും ഉപയോഗിച്ച് സമൂഹത്തിനു ഉപയോഗമുള്ള രീതിയില്‍ ജീവിക്കാനും ഉള്ള സാഹചര്യങ്ങള്‍ ആണ് ആധുനിക ഭാരത സ്ത്രീ ആവശ്യപ്പെടുന്നത്, സര്‍ക്കാരുകളില്‍ നിന്നും. സ്ത്രീകളെ വീടുകളില്‍ തളച്ചിടുക, തങ്ങളുടെതായ നിലപാടുകള്‍ അംഗീകരിക്കാത്ത ജനതയെ അടിച്ചൊതുക്കുക തുടങ്ങിയ പത്തരമാറ്റ് ഫാഷിസം ആണ് മോദി നടപ്പിലാക്കാന്‍ പ്രസംഗിക്കുന്നത്.

സീതമാരും സാവിത്രിമാരും ഉള്ള ഭാരതം എന്നാണു പ്രസംഗം ഉദ്ധരിക്കുന്നത്, സീത ആരായിരുന്നു? രാമനെപ്പോലെ തന്നെ അവതാരം ആയിരുന്നു എങ്കിലും അധികാരത്തിന്റെ വടംവലിയില്‍ എതിരാളിയെ തോല്‍പ്പിക്കാന്‍ ഒരു നിമിത്തം ആവുക എന്നതല്ലാതെ എന്തായിരുന്നു പ്രാധാന്യം? സാവിത്രി എന്ന കഥാപാത്രത്തെ സമൂഹവും ജീവിതവും എന്താണ് ചെയ്തത്? ഇവര്‍ക്കൊക്കെ സ്വന്തമായി എന്താണ് ഒരു വ്യക്തിത്വം ഉള്ളത്? പ്രാകൃത സമൂഹത്തിലെ സ്ത്രീകളെപ്പോലെ ജീവിച്ചാല്‍ മതിയോ ഇന്നും സ്ത്രീകള്‍ ?

അമ്മയും പെങ്ങളും എന്നെല്ലാം നിര്‍വചനങ്ങളില്‍ തളച്ച് ഇടാതെ ഒരു സ്ത്രീയെ ആക്രമിക്കാതെ ഇരിക്കാന്‍ കഴിയില്ലേ വിരാട് പുരുഷന്മാര്‍ക്ക്?

അമ്മമാരേയും പെണ്മക്കളെയും ചൂഷണം ചെയ്യുന്നത് തടയണം എന്ന് പ്രസംഗിക്കുമ്പോള്‍ അമ്മയായും മകളായും കാണേണ്ടാത്ത പെണ്ണുങ്ങളെ ചൂഷണം ചെയ്യാം എന്ന് വ്യാഖ്യാനിക്കേണ്ടി വരും. പൊതുവഴിയില്‍ കാണുന്നവരെയൊക്കെ അച്ഛനായും മകനായും കാണാത്ത ഒരു സ്ത്രീ സമൂഹത്തിലെ പുരുഷന്മാരില്‍ നിന്നും ആക്രമം പ്രതീക്ഷിക്കണം എന്നൊരു ഭീഷണിയും ഉണ്ടിവിടെ.


@Delphine Lebourgeois

നമ്മള്‍ ഇവിടെ ഉള്ളപ്പോള്‍ വീടുകളില്‍ സ്ത്രീയ്ക്ക് ഒറ്റയ്ക്കിരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്ന മോദിയുടെ ചോദ്യത്തില്‍, 'നമ്മള്‍' അല്ലാത്ത ആരോ ആണ് സ്ത്രീകളെ ആക്രമിക്കുന്നത് എന്ന് വ്യക്തം. എങ്കില്‍ കൂടെയും ആരെങ്കിലും ഇല്ലെങ്കില്‍ അരക്ഷിതാവസ്ഥയിലേക്ക് സ്ത്രീ മാത്രം എന്തിനു വീണു പോകണം? അധികാരിയും പ്രബലനും അല്ലാത്ത പുരുഷനെ ആര് സംരക്ഷിക്കും? ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമന്യേ വര്‍ഗ്ഗീയ വാദികളും മതയാഥാസ്ഥിതികരും വിളയാടുന്ന സമൂഹത്തില്‍ സ്വാതന്ത്ര്യത്തെ ആര് സംരക്ഷിക്കും? മേല്‍പ്പറഞ്ഞ ചോദ്യത്തിന് ഊന്നല്‍ ഇല്ലെന്ന് പറയട്ടെ, പകരം ഏതെങ്കിലും പുരുഷന്‍ ഉണ്ടെങ്കിലേ എന്റെ ജീവിതം സുരക്ഷിതമാവൂ എന്നത് സ്ത്രീ സമത്വത്തിന് കുറുകേ നില്‍ക്കുന്ന പ്രസ്താവനയാണ് എന്നതില്‍ ഊന്നല്‍ കൊടുക്കട്ടെ. സ്ത്രീകളോട് അടിമകളും അബലകളും ആയി കഴിയാന്‍ എന്തിനാണ് ഭാരതത്തിന്റെ ഭാവി നായകസ്ഥാനം കാംക്ഷിക്കുന്ന പുരുഷന്‍ നടന്നു പ്രസംഗിക്കുന്നത്! ഇതിനാണോ ഈ അങ്കപ്പുറപ്പാടത്രയും?

അയുക്തിയുടെ ആള്‍ദൈവ ഭക്തിയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷയെ പറ്റി ഹൈന്ദവരുടെ ആള്‍രൂപം ഒന്നും പറയാത്തത് എന്തുകൊണ്ടാവും? പറയാന്‍ സാധ്യതയില്ല, അധികാരം പുരുഷനു നിലനിര്‍ത്താന്‍ എന്തും എങ്ങനെയും വളച്ചൊടിക്കാം എന്നതും ഫാഷിസ്റ്റ് നയമായി നില്‍ക്കട്ടെ. അങ്ങനെ ഉള്ള ക്രിമിനലുകളെ സംരക്ഷിക്കുന്നതും വലതുപക്ഷ തീവ്ര നയങ്ങളില്‍ ഒന്നായിരുന്നാലും അതിശയിക്കാനില്ല.

സീതയും സാവിത്രിയും ആകാതെ അടുക്കളയില്‍ ഒളിഞ്ഞിരിക്കാതെ, നിരത്തിലുള്ള സകല അവന്റെയും അമ്മയോ പെങ്ങളോ ആകാതെ, സ്വന്തമായി ജീവിക്കുന്ന ഒരു മനുഷ്യനായി ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? അങ്ങനെയും ജീവിക്കണം ഇവിടെ സ്ത്രീയ്ക്ക്. പുരുഷന്റെ മസിലിന്റെയും ഔദാര്യത്തിന്റെയും ചിലവില്‍ അല്ലാതെ വ്യക്തിത്വമുള്ളവരായി ഞങ്ങള്‍ക്കും ജീവിക്കണം. പ്രാചീന മതങ്ങളുടെ ചങ്ങലകള്‍ ഇല്ലാതെ സമത്വത്തെ അടിസ്ഥാനപ്പെടുത്തി ജനാധിപത്യം നടപ്പിലാക്കുന്ന ഒരു നേതൃത്വം ആണ് ഭാരത സ്ത്രീകള്‍ക്ക് വേണ്ടതും.


Next Story

Related Stories