TopTop
Begin typing your search above and press return to search.

മുസാഫര്‍ നഗര്‍ 2013: കലാപത്തിന്റെ മറുപുറങ്ങള്‍


ഹിലാല്‍ അഹമ്മദ്


(ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്‍ലി)
വിവര്‍ത്തനം: അനഘ സി.ആര്‍


അടുത്തിടെയുണ്ടായ മുസാഫര്‍ നഗര്‍ കലാപം പരസ്പരബന്ധിതവും അതേ സമയം വ്യത്യസ്തവുമായ രണ്ടു രീതികളില്‍ നിരീക്ഷണവിധേയമായിട്ടുണ്ട്. സംഭവ കേന്ദ്രീകൃതമായ ഒരു വിവരണമാണ് ആദ്യത്തേത്. 2013 ആഗസ്റ്റ് അവസാന ആഴ്ചയില്‍ ഹിന്ദു (ജാട്ട്) വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ഒരു മുസ്ലീം യുവാവ് ആക്ഷേപിച്ചു എന്നതാണ് കലാപത്തിന് ആധാരമായ സംഭവമായി പറയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ ചേര്‍ന്ന് മുസ്ലീം യുവാവിനെ കൊലപ്പെടുത്തുകയും ഇതിനു പ്രതികാരമായി ഇവര്‍ രണ്ടുപേരും വധിക്കപ്പെടുകയും ചെയ്തു. അക്രമസംഭവങ്ങള്‍ ഒട്ടും കുറവല്ലാത്ത യു.പിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കുടുംബ ശത്രുതകളും സാമുദായിക താല്‍പര്യവും മുസാഫര്‍ നഗറിനെ പലപ്പോഴും കൊലപാതക പരമ്പരകള്‍ക്കുള്ള ഇടമാക്കിത്തീര്‍ത്തു എന്നാണ് മാധ്യമ വാര്‍ത്തകളും ഗവേഷണപഠനങ്ങളും വ്യക്തമാക്കുന്നത്. എന്നാല്‍ തുടര്‍ സംഭവങ്ങള്‍ ഇതിനെ തികഞ്ഞ ഒരു വര്‍ഗ്ഗീയ ലഹളയാക്കി മാറ്റുകയാണ് ഉണ്ടായത്.
സെക്ഷന്‍ 144 പ്രഖ്യാപിച്ച് പൊതുയോഗങ്ങള്‍ തടയപ്പെട്ടിട്ടുണ്ടായിരുന്നെങ്കിലും 2013 ആഗസ്റ്റ് 30ന് ജുമാ നമസ്‌കാരത്തിന് ശേഷം ഇവിടെ ഒരു പൊതുയോഗം ചേര്‍ന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ്സിലെയും സമാജ്‌വാദി പാര്‍ട്ടിയിലേയും (എസ്.പി) ബഹുജന്‍ സമാജ് പാര്‍ട്ടിയിലേയും (ബി.എസ്.പി) പല പ്രമുഖ മുസ്ലീം നേതാക്കളും ഈ യോഗത്തില്‍ പങ്കെടുക്കുകയും വിദ്വേഷജനകമായ പ്രസംഗങ്ങള്‍ നടത്തുകയും അത് സാമുദായിക സ്പര്‍ധ വളരുന്നതിന് കാരണമാവുകയും ചെയ്തു. ഇതിനിടയില്‍ ജാട്ട് യുവാക്കളെ കൊലപ്പെടുതുന്നതിന്റെ എന്നവകാശപ്പെടുന്ന വ്യാജ വീഡിയോ, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും അത് കൂടുതല്‍ ധ്രുവീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി സെപ്റ്റംബര്‍ 7ന് കന്‍വല്‍ ഗ്രാമത്തിനു സമീപം ജാട്ട് കര്‍ഷകര്‍ ഒരു മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. ബി.ജെ.പിയുടെ പ്രാദേശിക ഘടകമാണ് ഈ റാലി സംഘടിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണറിയാന്‍ കഴിയുന്നത്. പ്രതീക്ഷിച്ച പോലെത്തന്നെ പ്രാദേശിക ഹിന്ദു നേതാക്കള്‍ ഈ പഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയുണ്ടായി. പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയവരെ ഒരുകൂട്ടം ആളുകള്‍ ആക്രമികുകയും ഇതില്‍ 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് കരസേനയുടെ സഹായം തേടിയെങ്കിലും സംഘടിതമായ കൂട്ടക്കൊലപാതകങ്ങള്‍ തുടരുകയും മരണസംഖ്യ 39 ലേക്ക് ഉയരുകയും ചെയ്തു. ധാരാളമാളുകള്‍ വീടുപേക്ഷിച്ചു ക്യാമ്പുകളില്‍ അഭയം തേടി.
സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകുന്ന ചില ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ പറയുന്ന കാര്യങ്ങള്‍. സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍, രാഷ്ട്രീയപ്രവര്‍ത്തനത്തിന്, മേല്‍പ്പറഞ്ഞ റാലികള്‍ നടത്താന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ജില്ലാഭരണകൂടത്തിന്റെ അനുമതി കിട്ടിയതെങ്ങനെയാണ്? യോഗങ്ങള്‍ സംഘടിപ്പിക്കുകയും പിന്നീട് എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെടുകയും ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ചില രാഷ്ട്രീയ ഗൂഢാലോചനകളെയാണടിവരയിടുന്നത്. മുസ്ലീം - ഹിന്ദു വോട്ടുകള്‍ പങ്കിട്ടെടുക്കുവാന്‍ വേണ്ടി എസ്.പിയും ബി.ജെപിയും തമ്മിലുണ്ടാക്കിയ രഹസ്യസഖ്യം, അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള കോണ്‍ഗ്രസ് തന്ത്രം, ജാട്ട് വിഭാഗത്തെ കൈയിലെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തുടങ്ങിയവയാണവ. ഈ അനുമാനങ്ങളെല്ലാം എന്താണ് സംഭവിച്ചത് എന്നുള്ളതിനുള്ളതിന്റെ 'വിശദീകരണങ്ങളായോ' ഈ സംഭവങ്ങളില്‍ നിന്നുടലെടുത്ത 'നിഗമനങ്ങളായോ' ആണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
മുസഫര്‍നഗരിലെ അക്രമത്തിന് മറ്റൊരു രാഷ്ട്രീയ ആഖ്യാനം കൂടി സാധ്യമാണ്. അവിടെ അരങ്ങേറിയ സംഭവങ്ങള്‍ക്കും ഉരിത്തിരിഞ്ഞു വരുന്ന ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തിനും തമ്മില്‍ വ്യക്തമായി കാണാവുന്ന ഒരു ബന്ധത്തില്‍ ഊന്നിയുള്ളതാണ് അത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നരേന്ദ്രമോഡിയുടെ ഉയര്‍ച്ചയെപ്പറ്റിയുള്ള സംവാദം, കലാപങ്ങള്‍ നിയന്ത്രിക്കുന്നതില്‍ അഖിലേഷ് യാദവ് സര്‍ക്കാറിനുണ്ടായ പരാജയം, ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) അയോധ്യയാത്ര എന്നിവയെല്ലാം ഹിന്ദുവര്‍ഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അഭേദ്യ ഭാഗങ്ങളായാണ് ഇവിടെ കാണുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചരിത്രമാണ് ഈ ആഖ്യാനം നമ്മെ ഓര്‍മിപ്പിക്കുന്നത്. പ്രത്യേകിച്ച് ബാബറിമസ്ജിദ് - രാമക്ഷേത്രവിവാദ കാലത്തെ ഹിംസാത്മക സംഭവങ്ങള്‍.
ഈ വിഷയത്തിന്റെ രാഷ്ട്രീയ - ധാര്‍മ്മിക പ്രാധാന്യത്തെ കുറച്ചു കാണാന്‍ പാടുള്ളതല്ല. പ്രത്യേകിച്ച് വളരെയധികം ആളുകളെ (പ്രധാനമായും മുസ്ലീങ്ങളെ) ഇതു ബാധിക്കുകയും ഒരു പ്രത്യേകതരം വലതുപക്ഷ ഹിന്ദു മേധാവിത്വം വ്യക്തമായ രാഷ്ട്രീയരൂപം കൈക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വിഷയത്തെ ഇനിയും പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. പ്രധാന സംഭവങ്ങള്‍ക്ക് കാരണമായ സാന്ദര്‍ഭികവും, സാമൂഹ്യശാസ്ത്രപരവുമായ സൂക്ഷ്മ ഘടകങ്ങള്‍ മനസിലാക്കുക എന്നതിലുപരി, വളര്‍ന്നു വരുന്ന വലതു പക്ഷ ഹിന്ദു രാഷ്ട്രീയത്തെ കൂടുതല്‍ അറിയാന്‍ കൂടിയാണത്. ഇക്കാര്യത്തില്‍ മൂന്നു പ്രധാന ഘടകങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവും ആദ്യമായി മുസാഫര്‍ നഗര്‍ ജില്ലയുടെ സാമൂഹ്യഘടന, പ്രത്യേകിച്ച് മതസ്വത്വത്തിന്റെ പൊതുസാന്നിധ്യത്തെ കാര്യമായി ബാധിച്ച ഹിന്ദു-മുസ്ലീം ജാതിഘടനയുടെയും മാറിവരുന്ന മതപരതയുടെയും അടിസ്ഥാനത്തില്‍. ഈ അടുത്തകാലത്തായി ഗ്രാമീണ പ്രദേശങ്ങളിലെ സാമൂഹ്യബന്ധങ്ങളെപ്പോലും പുനര്‍വിന്യസിച്ച മൊബൈല്‍ ഫോണ്‍ എന്ന വ്യത്യസ്ത മാധ്യമത്തിന്റെ പ്രചാരമാണ് രണ്ടാമത്തേത്. മൂന്നാമതായി, ഇതിനെ ഒരു അഭിമാനപ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പിയും വി.എച്ച്.പിയും ഉപയോഗിക്കുന്ന പ്രത്യേക തരം രാഷ്ട്രീയ ഭാഷാ പ്രയോഗങ്ങള്‍.
ജാതിയും സമുദായവും


പടിഞ്ഞാറന്‍ യു.പിയിലെ സാമുദായിക സ്വത്വവുമായി അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ് ജാതിയും മതവും. എന്നാല്‍ ജാതിയും മതവുമായുള്ള സങ്കീര്‍ണ്ണമായ കൂടിച്ചേരലിന് സമകാലിക ചര്‍ച്ചകളിലൊന്നും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. ഈ അക്രമം ഒരു സാധാരണ ഹിന്ദു - മുസ്ലീം വര്‍ഗീയ ലഹളയായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ചില നിരീക്ഷകര്‍ ഇതിനെ ജാട്ട് - മുസ്ലിം സംഘട്ടനമായി കണ്ടു. ഈ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത രണ്ട് വശങ്ങള്‍ കൂടി പരിഗണിക്കപെടെണ്ടതുണ്ട്. ഒന്ന് മുസഫര്‍നഗറിലെ സാമൂഹ്യ വൈവിധ്യം (പ്രത്യേകിച്ച് ജാതിയുടെ അടിസ്ഥാനത്തില്‍), രണ്ട് ഈ വൈവിധ്യത്തെ മതാടിസ്ഥാനത്തിലുള്ള ധ്രൂവികൃതവ്യവസ്ഥയാക്കി മാറ്റിത്തീര്‍ക്കുന്ന നിരന്തര പ്രക്രിയകള്‍. രണ്ടുദാഹരണത്തിലൂടെ ഇത് വിശദീകരിക്കാവുന്നതാണ്. ബാബറി മസ്ജിദ് സംഭവത്തിനുശേഷം മുസാഫര്‍ നഗറിലെ രണ്ട് ജാട്ട് ഭുരിപക്ഷഗ്രാമങ്ങളില്‍ ജി.കെ.ലിറ്റന്‍ (1996) നടത്തിയ പഠനത്തില്‍ പറയുന്നു.
''യു.പിയിലെ ഹിന്ദുത്വത്തിന്റെ കടന്നുകയറ്റം അവിടെയുള്ള ചില ബ്രാഹ്മണരേയും ജാട്ടുകളേയും പ്രകടമായ മതാചാരങ്ങളിലേക്ക് തള്ളിവിട്ടു. വ്രതാനനുഷ്ഠാന ദിവസങ്ങളിലെ ബ്രാഹ്മണ സ്ത്രീകളുടെ സന്ദര്‍ശനം ഒഴിച്ചാല്‍ ദീര്‍ഘനാളായി ഉപയോഗിക്കാതെ കിടന്ന ഗ്രാമക്ഷേത്രം പുനരുദ്ധാരണം ചെയ്യപ്പെടുകയും ഉച്ചഭാഷിണികളിലൂടെ കീര്‍ത്തനങ്ങള്‍ കേള്‍പ്പിച്ചു തുടങ്ങുകയും ചെയ്തു. പ്രത്യക്ഷത്തില്‍ മതപരമെന്നു തോന്നുമെങ്കിലും ഹിന്ദുവികാരത്തെ ഉയര്‍ത്തുകയെന്ന രാഷ്ട്രീയലക്ഷ്യമാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്''
മതപരതയുടെ പുതിയ രൂപഭേദങ്ങളെ അടിവരയിടുന്നു എന്നതിലുപരി പൊതുയിടങ്ങളിലുണ്ടായി വരുന്ന ഒരു പ്രത്യേകതരം സ്വത്വനിര്‍മ്മിതിയിലേക്കു കൂടി വിരല്‍ ചൂണ്ടുന്നതാണീ നിരീക്ഷണം. എന്നാല്‍ പ്രദേശിക വികാരങ്ങളെ പൂര്‍ണമായും ഗ്രസിക്കുവാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനായി എന്നിതിനര്‍ത്ഥമില്ല. സംവരണ വിഷയങ്ങളുടെയും കാര്‍ഷിക പ്രശ്‌നങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ജാട്ടുകളുടെ സാമൂഹിക രാഷ്ട്രീയ വ്യതിരിക്തതയെ മനസ്സിലാക്കിയിരുന്നത് ജാതീയതയില്‍ ഊന്നിയായിരുന്നു. എന്നാല്‍ ജാതി ആചാരങ്ങള്‍ക്ക് വന്നുകൊണ്ടിരുന്ന മതപരമായ മാനം കൂടി ഇവിടെ നമ്മള്‍ കണക്കിലെടുക്കേണ്ടതാണ്. ഇങ്ങനെ ജാതി സംസ്‌കാരവും മത രാഷ്ട്രീയവും തമ്മിലുള്ള അതിര്‍വരമ്പുകളുടെ ക്രമേണയുള്ള മാഞ്ഞുപോകലായിരിക്കാം സെപ്തംബര്‍ 7 ലെ ബാഹുബേട്ടി ബചാവോ മഹാപഞ്ചായത്തിനെ, ഹിന്ദുക്കളെ ലൗജിഹാദികളില്‍ നിന്നു രക്ഷിക്കാനുള്ള ഒരു സമരമാക്കിമാറ്റിയത്.
ഈ കലാപങ്ങളിലെ മുസ്ലീങ്ങളുടെ ഇരയാക്കപ്പെടലിനെ വിശദീകരിക്കുന്ന പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് മുസ്ലീങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള ജാതിവൈവിധ്യവും അതിന്റെ പൊതുസാന്നിധ്യവും. ജാട്ടുകളെപ്പോലെ തന്നെ മുസാഫര്‍ നഗറിലെ മുസ്ലീങ്ങള്‍ക്കിടയിലും ജാതിവിഭാഗീയത ശക്തമായി നിലനില്‍ക്കുന്നുണ്ട്. അഷ്‌റഫ് മുസ്ലീങ്ങള്‍ (മേലാള മുസ്ലീങ്ങള്‍) എന്നും അഷ്‌റഫ് ഇതര മുസ്ലീങ്ങള്‍ (കീഴാള മുസ്ലീങ്ങള്‍) എന്നു രണ്ടുവിഭാഗങ്ങളുണ്ട്. മുസാഫര്‍ നഗറിലെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ടിട്ടുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ ജാതിവ്യവസ്ഥയുടെ ശക്തമായ സാന്നിദ്ധ്യം കാണാം. ഈ പ്രദേശത്തെ മുസ്ലീം പസ്മാന്ദ (പിന്നോക്ക) രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച എടുത്തുപറയേണ്ട ഒന്നാണ്. യു.പിയിലെ മുസ്ലീം പിന്നോക്കവിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി 2012 രൂപം കൊണ്ട
പസ്മാന്ദ ക്രാന്തി അഭിയാന്‍
എന്ന പ്രസ്ഥാനം ശ്രദ്ധേയമായ ഒരു മുദ്രാവാക്യമാണ് ഉയര്‍ത്തിയത്: ദളിത് പിഛാര ഏക് സമാന്‍ ഹിന്ദു ഹോ യാ മുസ്ലീം (ഹിന്ദുവായാലും മുസ്ലീമായാലും ദളിതരും പിന്നോക്കവിഭാഗങ്ങളും തുല്യരാണ്). അഭിയാന്റെ ഓദ്യേഗിക ലഘുലേഖയനുസരിച്ച്:
'ജാതി പ്രശ്‌നത്തിന് ഊന്നല്‍കൊടുത്തുകൊണ്ട് ഈ രാജ്യത്തെ ഹിന്ദു-മുസ്ലീം വിഭാഗീയതകളും സംഘട്ടനങ്ങളും ഇല്ലാതാക്കുക എന്നതാണ് പസ്മാന്ദ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മുസ്ലീങ്ങളും ദളിതരും അല്ലെങ്കില്‍ മുസ്ലീങ്ങളും പിന്നോക്കവിഭാഗക്കാരുമായുള്ള ഒരു തെരഞ്ഞെടുപ്പു സഖ്യത്തെപറ്റിയാണ് മുസ്ലീം രാഷ്ട്രീയം പലപ്പോഴും പറയാറുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി ഹിന്ദു - മുസ്ലീം വേര്‍തിരിവുകളില്ലാതെ ദളിതരും - ദളിതരുമായും പിന്നോക്കവിഭാഗക്കാരും - പിന്നോക്കവിഭാഗക്കാരുമായുള്ള സാമൂഹ്യ - രാഷ്ട്രീയ ഏകോപനത്തിനാണ് പസ്മാന്ദ രാഷ്ട്രീയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്'
കലാപത്തിനും പോലീസ് അതിക്രമത്തിനും പ്രധാനമായും ഇരയാക്കപ്പെട്ടത് പിന്നോക്ക മുസ്ലീങ്ങളാണെന്ന ആശങ്കയാണ് ഈ ലഘുലേഖ പ്രതിഫലിപ്പിക്കുന്നത്. ഇതു വെറും ഊഹാപോഹമല്ല, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കലാപത്തില്‍ ജീവന്‍ നഷ്ടമായ മുസ്ലീങ്ങളില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതി നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നു എന്നുതന്നെയാണിത് വ്യക്തമാക്കുന്നത്. ഈ സംഭവത്തിലുടനീളം മുസ്ലീം വിഭാഗത്തെ ശത്രുപക്ഷത്താണ് കണ്ടിരുന്നതെങ്കിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരും പിന്നോക്കവിഭാഗക്കാരുമാണ് ഈ വര്‍ഗ്ഗീയസംഘര്‍ഷത്തിന്റെ 'സോഫ്റ്റ് ടാര്‍ഗറ്റുകള്‍' എന്ന വസ്തുതയാണ് വെളിവാകുന്നത്.
പസ്മാന്ദ രാഷ്ട്രീയം യു.പി.യിലെ വര്‍ഗ്ഗീയവും, മതേതരവുമായ രാഷ്ട്രീയത്തിന് ഒരുപോലെ വെല്ലുവിളിയുയര്‍ത്തിയപ്പോള്‍ തബ്ലീഗ് ജമാ അത്ത് എന്ന മതപരിഷ്‌കരണപ്രസ്ഥാനം ഇസ്ലാമിക ഏകോപനത്തെയും മതപരതയുടെ പൊതു പ്രകടനത്തെയും ശക്തിപ്പെടുത്തി. തബ്ലീഗ് ജമാഅത്ത് ഒരു സ്വയം പ്രഖ്യാപിത രാഷ്ട്രീയ പ്രസ്ഥാനമാണെന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. തബ്ലീഗ് ജമാ അത്ത്‌ന്റെ ആശയങ്ങളും ആചാരങ്ങളുമെല്ലാം മുസ്ലീങ്ങളുടെ പൊതുസ്വത്വരൂപീകരണത്തെ പല വിധത്തിലും നിര്‍ണായകമായിസ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിനായി മീശയില്ലാതെയുള്ള താടി, നീളം കൂടിയ കുര്‍ത്തയും താരതമ്യേന നീളം കുറഞ്ഞ പൈജാമ, ഇറുകിയ വെള്ള തൊപ്പി എന്നിവ ധരിക്കുക തുടങ്ങിയവ മുസ്ലീം പുരുഷന്മാരെ അടയാളപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള മുസ്ലീം ദൃശ്യതയുടെ മറ്റൊരു പ്രതീകമാണ് ഗ്രാമത്തിലെ പള്ളികളിലെ പച്ച മിനാരങ്ങള്‍. ഇതിന്റെ ഫലമെന്നവണ്ണം മുസ്ലീങ്ങളെ വളരെ എളുപ്പത്തില്‍ താലിബാനികളും മുസ്ലീം ഗ്രാമങ്ങളെ 'മിനിപാകിസ്താനാ' യും ചിത്രീകരിക്കാന്‍ വലതുപക്ഷ ഹിന്ദു നേതാക്കള്‍ക്ക് കഴിഞ്ഞു. യാഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് സത്യാന്വേഷണ സംഘം കണ്ടെത്തിയതും.
തൊപ്പിധരിക്കലും താടി വയ്ക്കലും ജില്ലയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ വളരെക്കാലങ്ങളായുള്ള ആചാരമാണ്. എന്നാല്‍ സെപ്റ്റംബറിലെ അക്രമങ്ങള്‍ക്കു മുന്‍പത്തെ രണ്ടുമാസങ്ങളില്‍ ഇത്തരം രീതി പിന്തുടര്‍ന്നവര്‍ താലിബാന്‍ കൂറ് പ്രകടിപ്പിക്കുകയാണെന്ന കുറ്റപ്പെടുത്തല്‍ ഉണ്ടായി. ഈ വ്യാഖ്യാനങ്ങളായിരിക്കും അവര്‍ താലിബാന്‍ അനുഭാവികളായോ ആഗോള ജിഹാദിലെ പങ്കാളികളായോ മാധ്യമ വാര്‍ത്തകളില്‍ ചിത്രീകരിക്കപ്പെടാന്‍ കാരണം.
പുത്തന്‍ സാങ്കേതികവിദ്യ


സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജവീഡിയോയുടെ പ്രചാരണത്തെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പടിഞ്ഞാറന്‍ യു.പിയിലെ സാമൂഹ്യ - സാംസ്‌കാരിക ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സാങ്കേതിക വിദ്യ, പ്രത്യേകിച്ച് ക്യാമറ മൊബൈല്‍ ഫോണും സ്വാധീനിച്ചിട്ടുണ്ടെന്നതാണ് വസ്തുത. 'വിവരസമ്പന്ന' നഗരങ്ങളെന്നും 'വിവരവിഹീന' ഗ്രാമങ്ങളെന്നുമുള്ള പരമ്പരാഗത വേര്‍തിരിവ് ഗ്രാമങ്ങളുടെ മാറിവരുന്ന ചിത്രത്തെ പ്രതിഫലിപ്പിക്കുന്നില്ല. മൊബൈല്‍ ഫോണും ഉപഗ്രഹ ടെലിവിഷനും അധീശവ്യവഹാരങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. പുണ്യപുരാതന സ്ഥലങ്ങള്‍, നിര്‍ണായകസംഭവങ്ങള്‍, ആഗോളയുദ്ധങ്ങള്‍ തുടങ്ങിയവയുടെ തത്സമയനിശ്ചല ദ്യശ്യങ്ങള്‍ നിരവധി സാങ്കല്‍പിക സമൂഹങ്ങളെ സൃഷ്ടിച്ചിരിക്കുകയും ഈ ചിത്രങ്ങള്‍ പല അവകാശവാദങ്ങളും സാധൂകരിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൊണ്ടായിരിക്കും ബഹുബേട്ടി മഹാപഞ്ചായത്ത് പോലുള്ളവ സംഘടിപ്പിക്കുന്നതില്‍ മൊബൈല്‍ഫോണ്‍ വളരെ വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞതും. അതിനാല്‍ ഏറെ 'മാധ്യവല്‍ക്കരിക്കപ്പെട്ട' മുസാഫര്‍ നഗറിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടായിരിക്കണം വ്യാജവീഡിയോയുടെ പ്രചാരം ചര്‍ച്ചചെയ്യപ്പെടേണ്ടത്.
അവസാനമായി ഈ വിഷയത്തില്‍ ബി.ജെപി.യുടെയും വി.എച്.പിയുടെയും നിലപാടെന്താണെന്നു നോക്കാം. ബി.ജെ.പിയുടെ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ പത്രക്കുറിപ്പില്‍ എസ്.പി ഗവണ്‍മെന്റിന്റെ കഴിവില്ലായ്മയിലും പരാജയത്തിലുമാണ് ഊന്നല്‍ കൊടുത്തിരിക്കുന്നുത്. പാര്‍ട്ടിയുടെ ഔദ്യോഗിക ആശയമായ ഫലപ്രദമായ ഭരണത്തിനാണിവിടെ പ്രാമുഖ്യം. മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ന്നുവരുന്ന അതൃപ്തിയെ മുതലെടുക്കുവാനുള്ള ഈ തന്ത്രം വ്യക്തമായും 'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്' എന്ന പഴയ ഹിന്ദുത്വവാദത്തില്‍ നിന്നുടലെടുത്തതാണ് . സംഭവസമയത്ത് സംസ്ഥാനതല ബി.ജെപിയുടെ നിലപാടും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
കലാപമുണ്ടാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചു എന്ന പേരില്‍ തന്റെ പാര്‍ട്ടിയിലെ അണികളെ അറസ്റ്റ്


ചെയ്താല്‍ അത് കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടാക്കുമെന്നാണ് ഉമാഭാരതി പറഞ്ഞത്. യുപിയിലെ വര്‍ഗ്ഗീയ വിദ്വേഷം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ സംഭവത്തിന്റെ പ്രദേശിക സ്വഭാവത്തെ ഒരു 'ആക്ഷന്‍ റിയാക്ഷന്‍' സിദ്ധാന്തമാക്കി ചിത്രീകരിക്കുക എന്നതാണ് ഇത്തരം അവകാശവാദങ്ങളുടെ ഉദ്ദേശം. എന്നാല്‍ ഈ വിഷയത്തില്‍ വി.എച്ച്. പിയുടെ നിലപാട് കുറച്ചുകൂടി കടുത്തതാണ്. അവര്‍ 'ലൗ ജിഹാദിനെ' പ്രശ്‌നങ്ങളുടെയും മൂലകാരണമായി കാണുകയും ലൗ ജിഹാദികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്യുന്നു. ഹിന്ദുവിന്റെ ആത്മാഭിമാനവും അന്തസും സംരക്ഷിക്കപ്പെടണം എന്ന വാദമാണ് അവര്‍ പരമപ്രധാനമായി ഉയര്‍ത്തുന്നത്. പ്രകോപനപരമായ ഈ വാദങ്ങള്‍ വര്‍ഗ്ഗീയ - പുരുഷ മേധാവിത്വ മൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നവയാണ്.
ബി. ജെ.പി യും വി.എച്.പിയും ഉപയോഗിക്കുന്ന പ്രത്യേക രാഷ്ട്രീയ ഭാഷയില്‍ നിന്ന് കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയില്ലെങ്കിലും ഇതുമൂലം ഹിന്ദുത്വം നവവീര്യം ആര്‍ജിച്ചു എന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. അഴിമതി വിരുദ്ധ ചര്‍ച്ചകളും മുസ്ലിം പസ്മാന്ദ രാഷ്ട്രീയവും ദളിത് രാഷ്ട്രീയവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഇതിന്റെ വിശാലമായ രാഷ്ട്രീയ പശ്ചാത്തലത്തെ പ്രാധാന്യം കുറച്ചു കാണാനാവുന്നതല്ല. അത്‌ കൊണ്ട് തന്നെ ഹിന്ദുത്വം പ്രകടിപ്പിക്കപ്പെടുന്ന പുതിയ രീതികളെ നമ്മള്‍ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്.

(Hilal Ahmed is a fellow at the Centre for the Study of Developing Societies, New Delhi)
---------------------------------------


[1] Narendra Modi’s official website says “Government has only one religion – India first! Government has one holy book –the Constitution. The government must be immersed in only one Bhakti-Bharat Bhakti! The government’s only strength is Jan Shakti! Government’s only ritual is the well-being of the 125 crore Indians! The only code of conduct of the Government should be ‘Sabka Saath, Sabka Vikas!’ (NMW). This quote has to be seen in an equally interesting background. The pamphlet,
Why Hindu Rashtra, published by RSS, says: “Anyone who is the national of this country, irrespective of being a Shaiva, Shakta, Vaishnava, Sikh, Jain, Muslim, Christian, Parsi, Buddhist or Jew by way of his creed or mode of worship, is a Hindu”. This Hindu-based oneness is further reiterated in 2009, when RSS’ Akhil Bharatiya Pratinidhi Sabha passed a resolution saying: “the ABPS demands that all reservations, concessions and privileges based exclusively on religion must be abolished. It urges the countrymen to make the society aware of the impending dangers of such policies and exert pressure on policymakers to abandon them”


Next Story

Related Stories