TopTop
Begin typing your search above and press return to search.

ഷുഗര്‍മാന്‍ - കെട്ടുകഥയേക്കാള്‍ വലിയൊരു ജീവിതം

ഷുഗര്‍മാന്‍ - കെട്ടുകഥയേക്കാള്‍ വലിയൊരു ജീവിതം

"creative treatment of actuality"- John Grierson (Scottish documentarian who coined the word documentary)

ഇത്തവണ ഒരു ഡോക്യുമെന്ററി ഫിലിം ആണ് മൂവി മാപ്പില്‍. വളരെ വ്യത്യസ്തമായ ഒന്ന്. കാലത്തെ അതിജീവിച്ച കല എന്ന വാക്യം അക്ഷരാര്‍ഥത്തില്‍ സംഭവ്യമാവുന്നതിന്റെ ഒരു നേര്‍കാഴ്ചാ ചിത്രം.

ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ സ്വഭാവമുണ്ട് ഈ ഡോക്യുമെന്ററിക്ക്. ഇതൊരുപക്ഷേ ഒരു സിനിമ കഥയായിരുന്നുവെങ്കില്‍ കെട്ടുകഥ എന്ന് പറഞ്ഞു തള്ളിയേനെ നമ്മള്‍, കാരണം കെട്ടുകഥയേക്കാള്‍ വിചിത്രമാണ് ഇതില്‍ അനാവരണം ചെയ്യുന്ന സംഭവങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ കേയ്പ് ടൌണ്‍, 1990കളുടെ അവസാന പാദം. ഷുഗര്‍ മാന്‍ എന്ന് കൂട്ടുകാര്‍ വിളിക്കുന്ന സ്‌റ്റെഫാന്‍ സീഗര്‍മാന്‍ അവിടെ ഒരു മ്യൂസിക് സ്‌റ്റോര്‍ നടത്തുകയാണ്. അദേഹത്തിന് 'ഷുഗര്‍' എന്ന വിളിപ്പേര് വരാന്‍ കാരണം ദക്ഷിണാഫ്രിക്കയില്‍ വളരെ പ്രശസ്തമായ ഷുഗര്‍ മാന്‍ എന്ന പോപ് ആല്‍ബത്തില്‍ നിന്ന്. അതിലെ വരികള്‍ ഇങ്ങനെ തുടങ്ങുന്നു

sugar man, won't you hurry

cos I'm tired of these scenes

for a blue coin won't you bring back

all those colors to my dreams

ഒരുപക്ഷേ എല്‍വിസ് പ്രിസ്ലിയേക്കാളും അവിടെ പ്രശസ്തനായ Sixto Rodriguez ന്റെ ആല്‍ബത്തില്‍ നിന്നുള്ള വരികളാണിവ, എഴുതിയതും ആലപിച്ചതും എല്ലാം റോഡ്രിഗസ് തന്നെ. സ്‌റ്റെഫാന്‍ ഷുഗറിന് യഥാര്‍ത്ഥ ഷുഗര്‍മാനെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. കടയിലുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ എല്ലാം പരിശോധിച്ചിട്ടും സിക്‌സ്‌റ്റൊ റോഡ്രിഗസ് എന്ന പേരിനപ്പുറം ഈ പാട്ടുകാരനെ കുറിച്ച് ഒരു വിവരവും അടയാളപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലായി. തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചിരിക്കുന്ന ഒരാളുടെ ചിത്രമുണ്ട് ആല്‍ബം കവറില്‍, അത്ര മാത്രം. കിട്ടാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിക്കാന്‍ സ്‌റ്റെഫാന്‍ ശ്രമിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ആകെ കിട്ടിയ വിവരം റോഡ്രിഗസ് ആത്മഹത്യ ചെയ്തു എന്നുള്ളതായിരുന്നു. നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റാതിരുന്ന ഒരു സ്‌റ്റേജ് ഷോയില്‍ കാണികള്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സ്വയം വെടിവച്ചു മരിച്ചു എന്ന് ഒരു കഥ, അല്ല, കാണികളുടെ മുന്‍പില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയാണ് മരിച്ചതെന്ന് വേറൊരു കഥ.

ഇതേ അവസരത്തിലാണ് ക്രെയ്ഗ് ബാര്‍ത്തലമോവ് എന്ന പത്ര പ്രവര്‍ത്തകന്‍ ഒരു എക്‌സ്‌ക്ലുസിവ് സ്‌റ്റോറിക്കു വേണ്ടി വിവിധ വിഷയങ്ങള്‍ ആലോചിക്കുന്നത്. ഷുഗര്‍ മാന്‍ എന്ന മിസ്റ്ററി മാന്‍ന്റെ കഥയില്‍ ബാര്‍ത്തലമോവിന്റെ ശ്രദ്ധ പതിയുന്നു, എന്ത് കൊണ്ട് ഇയാളെ കുറിച്ച് അന്വേഷിച്ചു കൂടാ എന്ന തീരുമാനത്തില്‍ അയാള്‍ എത്തുന്നു. ദക്ഷിണാഫ്രിക്കയില്‍ മില്ല്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ റോഡ്രിഗസിന്റെ ആല്‍ബങ്ങളുടെ റോയല്‍റ്റി എവിടെക്കാണ് പോവുന്നത്, റോഡ്രിഗസിന്റെ വരികളില്‍ അയാളെക്കുറിച്ചുള്ള എന്തെങ്കിലും സൂചകങ്ങള്‍ ഉണ്ടോ എന്ന അന്വേഷണങ്ങള്‍ അവരെ കൊണ്ടെത്തിച്ചത് ഡെട്രോയിറ്റിലാണ്. അവിടെ അവര്‍ റോഡ്രിഗസിന്റെ ആദ്യ ആല്‍ബം നിര്‍മ്മിച്ച ഡെന്നിസ് കോഫി, മൈക്ക് തിയഡോര്‍ എന്നിവരെ കണ്ടു മുട്ടുന്നു. അവരുടെ തന്നെ വാക്കുകളില്‍ 'ഡെട്രോയിറ്റിലെ സിഗരറ്റ് പുക നിറഞ്ഞ ഒരു കൊച്ചു ബാറില്‍ പുറം തിരിഞ്ഞു നിന്ന് പാടുന്ന റോഡ്രിഗസിന്റെ മുഖം ഞങ്ങള്‍ കണ്ടില്ല, ആദ്യം ശ്രദ്ധയില്‍ പെട്ടത് അയാളുടെ soulful melodies and prophetic lyrics ആയിരുന്നു'. ഇയാള്‍ ഒരുപാട് ഉയരങ്ങള്‍ താണ്ടും എന്ന കാര്യത്തില്‍ അവര്‍ക്കൊരു സംശയവുമില്ലായിരുന്നു. അങ്ങനെയാണ് റോഡ്രിഗസിന്റെ ആദ്യ ആല്‍ബം 'cold feet' പുറത്തിറങ്ങുന്നത്, 1970ല്‍. പിറ്റേ വര്‍ഷം 'Coming from reality'യും. രണ്ടും നിലം തൊട്ടില്ല. ഒരുപാട് പ്രതീക്ഷ നല്കിയ ആ കലാകാരന്‍ അതോടെ വിസ്മൃതിയിലായി. ആരും അയാളെ അന്വേഷിച്ചു ചെന്നില്ല. ആ ഒരു അധ്യായം എന്നെന്നേക്കുമായി അവസാനിച്ച പോലെ.

സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ഇവിടെയാണ്. തന്റെ പ്രണയിയെ കാണാന്‍ ആഫ്രിക്കയിലേക്ക് വിമാനം കയറിയ ഒരു അമേരിക്കന്‍ പെണ്‍കൊടിയുടെ കയ്യില്‍ റോഡ്രിഗസിന്റെ ആല്‍ബം ഉണ്ടായിരുന്നു. അതെല്ലാവരെയും ആകര്‍ഷിക്കുകയും ചെയ്തു. മ്യൂസിക് സ്‌റ്റോറുകളില്‍ അന്വേഷിച്ചു കിട്ടാതിരുന്ന ആ ആല്‍ബത്തിന്റെ നിരവധി വ്യാജ കോപ്പികള്‍ ദക്ഷിണാഫ്രിക്ക മുഴുവന്‍ പ്രചരിക്കാന്‍ തുടങ്ങി. 60കളില്‍ തുടങ്ങിയ Anti Apartheid movementന് റോഡ്രിഗസിന്റെ വരികള്‍ പുതിയൊരു ഊര്‍ജ്ജം പകര്‍ന്നു, പ്രത്യേകിച്ചും 'Sugar man', 'I Wonder' മുതലായവ. ഒരു വിപ്ലവ ഗാനം പോലെ അവരതിനെ ഏറ്റെടുത്തു. ഒരു ജനതയുടെ മുഴുവന്‍ ആവേശമായി, പോപ് ഐക്കണ്‍ ആയി റോഡ്രിഗസിനെ ദക്ഷിണാഫ്രിക്കക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ആ പ്രതിഭയെ ആരും തിരിച്ചറിഞ്ഞില്ല. നിര്‍മ്മാണ പ്രവര്‍ത്തികളും മറ്റു ചെറിയ ജോലികളും ചെയ്ത് ആരോരുമറിയാതെ റോഡ്രിഗസ് ഡെട്രോയിറ്റില്‍ ജീവിച്ചു, കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് ഒരു മ്യൂസിക് സ്‌റ്റോര്‍കാരന്റെയും പത്രപ്രവര്‍ത്തകന്റെയും ജിജ്ഞാസ അയാളെ തേടിയെത്തും വരെ.

1998ല്‍ കേയ്പ് ടൌണിലെ തിങ്ങി നിറഞ്ഞു ആരവം മുഴക്കുന്ന ജനക്കൂട്ടത്തെ നോക്കി തല കുമ്പിട്ടു കൊണ്ട് റോഡ്രിഗസിനു ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, 'thank you for keeping me alive'. അതെ, ആ സഹൃദയരാണ് റോഡ്രിഗസിനെ, അയാളുടെ സംഗീതത്തെ ജീവിപ്പിച്ചു നിര്‍ത്തിയത്.

Malik Bendjelloul സംവിധാനം ചെയ്ത 86 മിനിട്ട് ദൈര്‍ഘ്യമുള്ള സെര്‍ച്ചിംഗ് ഫോര്‍ ഷുഗര്‍മാന്‍ 2012 ജനുവരിയിലാണ് റിലീസ് ആവുന്നത്, sundance ഫെസ്റ്റിവലില്‍. സിക്‌സ്‌റ്റൊ റോഡ്രിഗസിനെ ലോകമറിയുന്നത് അങ്ങനെയാണ്. ബാഫ്റ്റ, ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ ഡോകുമെന്ററിയെ തേടിയെത്തി. ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പക്ഷെ റോഡ്രിഗസ് വിസമ്മതിച്ചു, ആളുകളുടെ ശ്രദ്ധ തന്നിലേക്ക് പതിയും, ഇതിന്റെ സംവിധായകനോ അണിയറ ശില്പ്പികള്‍ക്കോ അവരര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോവും എന്ന വിശ്വാസത്താല്‍.

നിരവധി സൌഭാഗ്യങ്ങള്‍ റോഡ്രിഗസിനു സമ്മാനിച്ചു ഈ ഡോക്യുമെന്‍ട്രി. പക്ഷെ തനിക്ക് കിട്ടിയ പണമൊക്കെ തന്റെ മൂന്നു പെണ്‍ മക്കള്‍ക്കും മോശം കാലത്ത് കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും നല്കുകയാണ് അദ്ദേഹം ചെയ്തത്. 40 വര്‍ഷമായി താമസിക്കുന്ന പഴയ വീട്ടില് തന്നെയാണ് റോഡ്രിഗസ് ഇപ്പോഴും താമസം, കാര്‍, ടിവി ഒന്നുമില്ല, ഒരു ഫോണ്‍ പോലും മകള്‍ നിര്‍ബന്ധിച് നല്കിയത്.

ഫൂട്ടേജുകളും ഗ്രാഫിക്‌സും എല്ലാം സമന്വയിപ്പിച്ചു റോഡ്രിഗസ് എന്ന അപൂര്‍വ വ്യക്തിത്വത്തെ ഭംഗിയായി സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട് ഇതിന്റെ രചനയും നിര്‍മ്മാണവും കൂടി നിര്‍വ്വഹിച്ച സംവിധായകന്‍. ഒന്നിലധികം കാഴ്ചകള്‍ക്ക് പ്രേരിപ്പിക്കും ഈ ഡോക്യുമെന്‍ട്രി, അത്രമേല്‍ വശ്യമാണ് റോഡ്രിഗസ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സംഗീതവും.


Next Story

Related Stories