TopTop
Begin typing your search above and press return to search.

ഒന്നാമന്റെ ദു:ഖം അഥവാ രമേശ് വധം ആട്ടക്കഥ

ഒന്നാമന്റെ ദു:ഖം അഥവാ രമേശ് വധം ആട്ടക്കഥ

ടീം അഴിമുഖം

പാര്‍ട്ടിയിലെ ഒന്നാമന്‍ മന്ത്രിസഭയിലെ രണ്ടാമകാന്‍ തീരുമാനമെടുക്കുക. ഒടുവില്‍ താന്‍ ആഗ്രഹിച്ച വകുപ്പ് കിട്ടില്ലെന്ന് വന്നപ്പോള്‍ അത്തരം ഒരു നീക്കം തന്നെ ഉണ്ടായിട്ടില്ലെന്ന് പറയുക. പഴി മുഴുവനും മാധ്യമങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ് കെപിസിസി അധ്യക്ഷ പദം മന്ത്രി സ്ഥാനത്തേക്കാള്‍ വതുതാണെന്ന് മുഖ്യമന്ത്രിയെ കൊണ്ട് വിശദീകരിപ്പിക്കേണ്ടി വരിക. ആകപ്പാടെ അസംബന്ധമായി തോന്നുന്ന നീക്കങ്ങള്‍. സാമാന്യ ബുദ്ധിക്ക് അത്രമേല്‍ നിരക്കാത്ത ഇത്തരം നാടകങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം എന്താവണം? രമേശ് ചെന്നിത്തല എന്ന പരിണിത പ്രജ്ഞനായ രാഷ്ട്രീയ നേതാവ് എത്തി നില്‍ക്കന്ന സങ്കീര്‍ണമായ പ്രതിസന്ധി എന്താണ്? അദ്ദേഹത്തിലൂടെ സമകാലീന കേരള രാഷ്ട്രീയം വെളിച്ചപ്പെടുത്തുന്ന അതിന്റെ തന്നെ ദൗര്‍ബല്യങ്ങള്‍ എന്തൊക്കെ?

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പല വട്ടം നടത്തിയ നീക്കങ്ങളൊക്കെ പാളിയ രമേശ് ആഭ്യന്തര മന്ത്രിയായെങ്കിലും മന്ത്രിസഭയിലേക്ക് എത്തണമെന്ന് ചിന്തിച്ച് പോയത് എന്തുകൊണ്ട്? സ്വന്തം ഇഷ്ടത്തോടെ തന്നേയോ ഇത്തരം നീക്കം നടത്തിയത്? അതോ നിര്‍ബന്ധിതനായി തീര്‍ന്നതോ? ഏറെ പണ്ടല്ല, ഇത്തരം ഒരു തീരുമാനമെടുത്ത് മറ്റൊരു കെപിസിസി പ്രസിഡന്റ് തന്റെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക് കൊണ്ടുപോയത്. കെ. മുരളീധരന്‍ എന്ന അന്നത്തെ കെപിസിസി അധ്യക്ഷന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ കുഴമറിച്ചിലുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അറിയാതെ വരില്ല. പുറത്ത് നിന്ന് കാഴ്ച കാണുന്നവരേക്കാള്‍ അക്കാര്യം വ്യക്തമായി തന്നെ തിരിച്ചറിയാനും ചുഴികളും മലരികളും മനസ്സിലാക്കാനും മറ്റാരേക്കാളും രമേശ് ചെന്നിത്തലയ്ക്ക് കഴിയേണ്ടതാണ്. കഴിയുന്നതുമാണ്.

എട്ടു വര്‍ഷം കെപിസിസി 'ഭരിച്ച്' പാര്‍ട്ടിയില്‍ ഒന്നാമനായി ഇരുന്ന് ശേഷം നൂല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായി സ്വയം അവരോധിക്കേണ്ട അവസ്ഥ എന്തു കൊണ്ട് രമേശിനു വന്നു ചേര്‍ന്നുവെന്ന് ആലോചിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ജയ്പ്പൂര്‍ ശിബിരത്തില്‍ രൂപപ്പെട്ട നിര്‍ദ്ദേശങ്ങളിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടു പോകുന്നവറുണ്ട്. രണ്ടു തവണയില്‍ കൂടുതല്‍ കെപിസിസി അധ്യക്ഷ സ്ഥാനം വഹിക്കരുതെന്ന ധാരണയാണ് ജയ്പൂരില്‍ രൂപപ്പെട്ടത്. കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടിയില്‍ ഏത് തീരുമാനങ്ങളും പ്രതീക്ഷിക്കപ്പെടുക സ്വാഭാവികമാണ്. പക്ഷെ അതിനൊന്നും നില്‍ക്കാതെ തകൃതിയായി മന്ത്രിസഭയിലേക്ക് ആഭ്യന്തര മന്ത്രിയായെങ്കിലും കയറിക്കൂടണമെന്ന തിരിച്ചറിവിലേക്ക് രമേശിനെ കൊണ്ടു ചെന്നെത്തിച്ചത് എന്തൊക്കെ?

രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സമാപന വേളയില്‍ എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ എട്ട് വര്‍ഷത്തെ അദ്ദേഹത്തിന്റെ വാഴ്ചമൂലം പാര്‍ട്ടിയ്ക്കുണ്ടായ നേട്ടങ്ങള്‍ എണ്ണി പറഞ്ഞു. മൂന്നു തെരഞ്ഞെടുപ്പുകളിലെ വിജയം മുതല്‍ പാര്‍ട്ടി ഓഫീസുകളുടെ എണ്ണം വരെയുള്ളവ. പക്ഷെ എല്ലാവരും പരസ്യമായി പറയുന്നതാണോ ഉള്ളിലുള്ളത്? അങ്ങനെയെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രതിസന്ധികള്‍ ഒന്നും ഉണ്ടാവുമായിരുന്നില്ല.

മന്ത്രിസഭയിലെ ഒന്നാമന്‍ സ്ഥാനം രമേശ് ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. വളരെ ചെറു പ്രായത്തില്‍ തന്നെ മന്ത്രിസ്ഥാനം അടക്കമുള്ളവ വഹിച്ചിട്ടുള്ളയാളാണ് കെ. കരുണാകരന്‍ കണ്ടെത്തി വളര്‍ത്തിയെടുത്ത രമേശ് ചെന്നിത്തല. പെരുന്നയ്ക്കും വെള്ളാപ്പള്ളിക്കും പ്രിയന്‍. പ്രബല സമുദായത്തിന്റെ ആശിസ്സ് മുതല്‍ ഒരു പാട് കണക്കുകള്‍ അദ്ദേഹത്തിന് ഗുണം ചെയ്യുന്നുമുണ്ട്. അത് മനസ്സില്‍ വെച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുക്കള്‍ നീക്കിയതുമാണ്. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം കണിശത പുലര്‍ത്തി. തനിക്കുവേണ്ടി കൈപൊക്കാന്‍ ശേഷിയുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്നതിന് നിഷ്ഠ വെച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രമേശിനേക്കാള്‍ അസ്വസ്ഥന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. തനിക്ക് വേണ്ടപ്പെട്ടവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് ഏറെ ക്ളേശിക്കേണ്ടി വന്നു. എന്നിട്ടും സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്ക് ഐ പക്ഷത്തിന് കിട്ടി.

പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞു. കൂടുതല്‍ പേരെ ഐ വിഭാഗം നിര്‍ത്തിയിട്ടും അവരെ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചില്ല. പക്ഷെ എ കോണ്‍ഗ്രസിന്റെ അക്കൌണ്ട് ശക്തമായിരുന്നു. 38 എംഎല്‍എമാരായാണ് കോണ്‍ഗ്രസിന് ജയിപ്പിച്ച് എടുക്കാന്‍ സാധിച്ചതെങ്കില്‍ അതില്‍ പകുതിയിലേറേയും എ വിഭാഗക്കാരായിരുന്നു. സ്വാഭാവികമായും കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി തീര്‍ന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി എന്ന സാധാരണ യുക്തികള്‍ക്ക് അപ്പുറത്തേക്ക് നയിക്കുന്ന പ്രകടവും അല്ലാത്തതുമായ ഒട്ടേറെ ഘടകങ്ങള്‍.

രാഷ്ട്രീയ തന്ത്രജ്ഞതയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി രമേശിനേക്കാള്‍ ഏറെ മുന്നില്‍ ആണെന്ന് സാമാന്യമായി പറയാവുന്ന തരത്തിലാണ് കാര്യങ്ങള്‍ വന്നു ഭവിച്ചത്. ഐ വിഭാഗത്തിനു പ്രധാന പല വകുപ്പുകളും ലഭിച്ചെങ്കിലും, മന്ത്രിസഭ രൂപീകരണത്തിലോ ഭരണത്തില്‍ തന്നേയോ തന്റെ ആഗ്രഹങ്ങള്‍ പൂര്‍ണമായും നടത്തിയെടുക്കുന്നതിന് രമേശിനു കഴിഞ്ഞില്ല. ഭരണം അതിന്റെ വഴിക്കു പോയി. സിപിഎമ്മില്‍ നിന്നു പോലും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കൊണ്ടു വരാന്‍ ശേഷിയുള്ള പിസി ജോര്‍ജ്ജിനെ പോലുള്ളവര്‍ക്ക് ഭരണത്തില്‍ നിര്‍ണായകമായ സ്ഥാനം ലഭിച്ചു. മുസ്ലിം ലീഗിനു ഭരണത്തില്‍ ലഭിച്ച അപ്രമാദിത്വം രമേശിനേയും ഭൂരിപക്ഷ സമുദായങ്ങളേയും പ്രകോപിപ്പിച്ചു. ഉമ്മന്‍ചാണ്ടിക്ക് ലീഗിനോട് വിശേഷിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയോട് ഉള്ള അടുപ്പത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള എ.കെ ആന്റണിയുടെ പതനവുമായി വരെ നിരീക്ഷകര്‍ ആ ബന്ധത്തെ കൂട്ടിക്കെട്ടുന്നുണ്ട്. ആ പാരസ്പര്യം ഈ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ശക്തമായി. കേന്ദ്രത്തില്‍ രണ്ടാമന്‍ ആണെങ്കിലും കേരളത്തിലെ കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ ആന്റ്ണിക്ക് ഇപ്പോള്‍ കാര്യമായ സ്വാധീനം ഇല്ല എന്നതാണ് വാസ്തവം. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഹൈക്കമാന്റിനു എല്ലാത്തിനേക്കാള്‍ വലുത് സംസ്ഥാന സര്‍ക്കാരിന്റെ നിലനില്പ് തന്നെയാണ്. ഗ്രൂപ്പുകളുടെ ബലാബലത്തില്‍ ആന്റണി ഇല്ലാത്ത എ ഗ്രൂപ്പ് തന്നെയാണ് മുന്നില്‍. കെ എസ് യു മുതല്‍ തുടങ്ങുന്ന പോഷക സംഘടനകളിലും പിടിമുറുക്കി ഞാനാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമായ സൂചനകള്‍ നല്കിയിട്ടുണ്ട്. 'ആന്റണിയെ വിളിക്കു കേരളത്തെ രക്ഷിക്കു' എന്ന് മുറവിളി കൂട്ടുന്ന എംപിമാര്‍ പ്രതിരോധമന്ത്രിയോട് കൂറ് പുലര്‍ത്തുന്നവര്‍ അണെങ്കിലും നിയമസഭയില്‍ ഇവര്‍ക്ക് റോളില്ലല്ലോ.

രാഹുല്‍ഗാന്ധി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയ രമേഷ് പക്ഷക്കാരനായ എം ലിജുവിനെ രായ്ക്കുരാമാനം മാറ്റി തന്‍റെ വിശ്വസ്തനായ ടി. സിദ്ദിഖിനെ അതേ സ്ഥാനത്ത് നിലനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയുമായി കോര്‍ക്കാന്‍ ഹൈക്കമാണ്ടിനും താല്പര്യക്കുറവുണ്ട്. ഉമ്മന്‍ ചാണ്ടി രാഹുലിനെ പൊളിച്ചടുക്കി എന്നായിരുന്നു അന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ വന്ന വാര്‍ത്ത. വീണ്ടും അത്തരം നാണക്കേടുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുണ്ടാക്കാന്‍ ഹൈക്കമാന്ടിന് എന്തായാലും താത്പര്യം കാണില്ല.

ജൂണ്‍ രണ്ടാം വാരത്തില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രുപ്പിന്റെ ശക്തി തെളിയിക്കാനുള്ള തയാറെടുപ്പിലാണ് ഉമ്മചാണ്ടി. വി.ടി ബല്‍റാം എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയേക്കും എന്ന അവസ്ഥ അട്ടിമറിക്കപ്പെട്ടത്തിന് പിന്നിലും എ ഗ്രൂപ്പിന്റെ നീക്കങ്ങളുണ്ട്. എ ഗ്രൂപ്പുകാരനായ വിഷ്ണുനാഥിന് എം.എല്‍.എ സ്ഥാനവും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവും ഒരുമിച്ച് വഹിക്കാമെങ്കില്‍ മികച്ച പ്രതിച്ഛായക്ക് കൂടി ഉടമയായ ബല്‍റാമിന് അത് നിഷേധിച്ചതിന് പിന്നില്‍ ഒരുപാട് മനക്കണക്കുകള്‍ ഉമ്മന്‍ ചാണ്ടി കൂട്ടിയിട്ടുണ്ടെന്ന് വ്യക്തം. അപ്പോള്‍ ഹൈക്കമാന്‍റും മിണ്ടാതിരിക്കുകയേയുള്ളൂ.

വിരലില്‍ എണ്ണാവുന്ന എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്ന മന്ത്രിസഭയില്‍ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് ആഗ്രഹിക്കുന്നതൊക്കെ നടത്തിപ്പിച്ചെടുക്കുന്നതിന് വലിയ പ്രയാസമില്ലാതെ സാധിച്ചു. വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഒക്കെ ഇത്തരത്തില്‍ വലിയ വാര്‍ത്തകളായി. ഹൈക്കോടതിയില്‍ നിന്നു പോലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പഴി കേള്‍ക്കേി വന്നു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പോലും പരസ്യമായി നിലപാടെടുത്ത് സര്‍ക്കാരിനെ ഹൈജാക് ചെയ്തു കൊണ്ടു പോകുമ്പോള്‍ രമേശ് ചെന്നിത്തലക്ക് കൂടെ നല്‍ക്കുന്നവര്‍ക്ക് വേണ്ടി പോലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും ഭരണത്തിലെ നിര്‍ണായക പങ്ക് ഭൂരിപക്ഷ സമൂദായങ്ങളെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. വ്യക്തിപരമായ അവഹേളനങ്ങള്‍ വരെ നടത്തി രണ്ട് ധ്രുവങ്ങളില്‍ നിന്നിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ സുകുമാരന്‍ നായരേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഏകോദര സഹോദരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചത് ഈ സാഹചര്യമാണ്. തിരു കൊച്ചി സര്‍ക്കാരിന്റെ കാലം മുതല്‍ നിലനിന്നിരുന്ന നായര്‍ സെക്രട്ടറിയേറ്റും ഈഴവ സെക്രട്ടറിയേറ്റും അങ്ങനെ വീണ്ടും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഒരുമിച്ച് സമ്മര്‍ദ്ദ രാഷ്ട്രീയം കളിക്കുന്നതിനും ഇടവെച്ചു. ഇതിന്റെ പ്രതിഫലനം രമേശ് ചെന്നിത്തലയുടെ പ്രശ്‌നത്തിലും കാണാം. കെ.ബി ഗണേഷ് കുമാര്‍- ആര്‍. ബാലകൃഷ്ണ പിള്ള പ്രശ്‌നങ്ങളിലും എന്‍എസ്എസ് ശക്തമായ ഇടപെടല്‍ നടത്തി. രമേശിന്റെ കാര്യത്തില്‍ സുകുമാരന്‍ നായര്‍ പരസ്യമായി എന്തൊക്കെ പറഞ്ഞാലും ഉള്ളിലിരുപ്പ് എന്തെന്നത് വ്യക്തം. സര്‍ക്കാര്‍ നല്കിയ സ്ഥാനമാനങ്ങള്‍ തിരിച്ചു നല്‍കുന്ന തിരക്കിലാണ് എന്‍.എസ്.എസ് ഇപ്പോള്‍. എന്നാല്‍ സ്ഥാനമാനങ്ങള്‍ക്ക് അപ്പുറത്ത് ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍ കേള്‍ക്കുന്ന എത്ര നായന്മാര്‍ ഉണ്ടെന്ന് കണ്ടറിയണം.

കേരള രാഷ്ട്രീയത്തില്‍ പെരുന്ന- കണിച്ചുകുളങ്ങര അച്ചു തണ്ടുകള്‍ക്ക് കൂടുതല്‍ കരുത്ത് കൈവരുകയും അവരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടുതലായി ഏറ്റെടുക്കകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്ന ചിത്രം. വി.എം സുധീരന്‍ പണ്ട് ഉയര്‍ത്തിയിരുന്നതു പോലുള്ള ശബ്ദങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാനേ ഇല്ലാത്ത അവസ്ഥ വന്നു ചേരുന്നു. സമുദായ നേതാക്കള്‍ക്കെതിരെ പ്രമേയം പാസാക്കിയതിന് വെള്ളാപ്പിള്ളി ഗുരു ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എ.എ ഷുക്കൂറിനെ ആക്രമിച്ചത് അദ്ദേഹത്തിന്റെ ജാതി പറഞ്ഞാണ്. ഡി.സി.സി പ്രമേയത്തിലുള്ള കാര്യങ്ങളിലൊന്നിനും സുകുമാരന്‍ നായാരോ വെള്ളാപ്പിളിയോ മറുപടി പറയുകയല്ല, മറിച്ച് കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നതെന്ന് മലയാളികള്‍ കാണുന്നുമുണ്ട്.

സുകുമാരന്‍ നായരുടേയും വെള്ളാപ്പള്ളിയുടേയും കലഹങ്ങള്‍ക്ക് പ്രകടമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അപ്പുറമുള്ള തലങ്ങള്‍ ഉണ്ടെന്നത് പകല്‍ പോലെ വ്യക്തം. പക്ഷെ സമുദായ ശക്തികളുടെ ഈ തരത്തിലെ ഇടപെടല്‍ കേരള രാഷ്ട്രീയത്തെ കൂടുതല്‍ വിഷമകരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കുമെന്ന് ഭാവി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. ലീഗോ കേരള കോണ്‍ഗ്രസോ ഏതെങ്കിലും ജാതി താത്പര്യത്തെ ലാളിക്കുകയും അധികാരത്തിന്റെ പങ്ക് അതില്‍ അടയാളപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അതിനെ സമാനമായ കടന്നു കയറ്റത്തിലൂടെ തന്നെ നേരിടണമെന്ന് ശഠിക്കുന്നത് ഗുണകരമായ അവസ്ഥ ആകില്ല സൃഷ്ടിക്കുക. കേരളം പിന്തിരിഞ്ഞ് നടക്കുന്ന അവസ്ഥ ഉണ്ടാക്കി തീര്‍ക്കുകയാവും ഫലം.

ഈ മന്ത്രിസഭയുടെ തുടക്കം മുതല്‍ ഇതുവരെയുള്ള യാത്രകള്‍ ഒട്ടും സുഖകരമല്ല. ഓരോ പ്രതിസന്ധി ഘട്ടത്തിലും സ്വന്തം പാര്‍ട്ടിയില്‍ നിന്നെന്നതിനേക്കാള്‍ വലിയ പിന്തുണ അന്തച്ഛിദ്രം കൊണ്ട് ദുര്‍ബലമായി തീര്‍ന്ന സിപിഎമ്മില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിക്കു ലഭിച്ചത്. ഒന്നുകാല്‍ വെച്ചാല്‍ സര്‍ക്കാര്‍ വീഴുന്ന അവസ്ഥ പല തവണ ഉണ്ടായിട്ടും ഇടതു പക്ഷത്തെ മുഖ്യ കക്ഷിയായ സിപിഎമ്മില്‍ നിന്നും അതിനു ശ്രമം ഉണ്ടായില്ല. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് സിപിഐ തന്നെ വിമര്‍ശനം ഉന്നയിച്ചിട്ടും കാര്യങ്ങള്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുന്നത് വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റി വേലിക്കകത്ത് ഇരുത്താന്‍ ഇനിയും സാധിക്കാതെ പോകുന്നതു കൊണ്ടാണ്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ വേണ്ടത്ര ഫലം കാണാത്ത പശ്ചാത്തലത്തില്‍ ഈ മന്ത്രിസഭയെ ഇല്ലാതെയാകണമെന്ന് സിപിഎം ആഗ്രഹിക്കുന്നില്ല. സിപിഎം എന്നു പറഞ്ഞാല്‍ പിണറായിയുടെ ഏകച്ഛത്രാധിപത്യത്തില്‍ വാഴുന്ന സിപിഎം എന്നു കൂടി മനസ്സിലാക്കണം.

അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിക്ക് എതിരെ ചില പൊതു പ്രസ്താവനകള്‍ക്കും ചടങ്ങുകളായ സമരങ്ങള്‍ക്കും അപ്പുറത്തേക്ക് പോകുന്നതിന് സിപിഎം തുനിയുന്നില്ല. വിഎസ് ഉയര്‍ത്തിക്കൊണ്ടു വന്ന പ്രശ്‌നങ്ങളാവട്ടെ ഔദ്യോഗിക പക്ഷം ഏറ്റെടുത്തുമില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും അത് നീണ്ട ഈ രഹസ്യ ബാന്ധവം സിപിഎം അണികള്‍ക്ക് തന്നെ പ്രയാസമുണ്ടാക്കി. സമരങ്ങള്‍ക്ക് ആളെ കിട്ടിയില്ല. സമരങ്ങള്‍ വേണ്ടത്ര ക്ളെച്ച് പിടിച്ചില്ലെന്ന് ഏറ്റുപറയേണ്ട അവസ്ഥയുമുണ്ടായി. മന്ത്രിസഭയെ അകത്ത് നിന്നും ഇല്ലാതാക്കാന്‍ തയാറായി നില്‍ക്കുന്ന ആളുകള്‍ ഏറെയുണ്ടായിട്ടും സിപിഎമ്മില്‍ നിന്നും അതിന് പച്ചക്കൊടി ലഭിച്ചില്ല. ഇത്തരത്തില്‍ സങ്കീര്‍ണമായി രൂപപ്പെട്ടു കൊണ്ടിരുന്ന രാഷ്ട്രീയ ചിത്രത്തില്‍ രമേശ് ചെന്നിത്തല എന്ന കെപിസിസി അധ്യക്ഷന് കാര്യമായ പങ്ക് ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് രമേശിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് എന്‍എസ്എസ് മുന്നിട്ടിറങ്ങി ആദ്യം നീക്കം നടത്തിയത്. അതും പക്ഷെ ഫലം കണ്ടില്ല. പ്രകടമായി അന്യോന്യം വിമര്‍ശനം നടത്തേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്തു. അത് പരസ്യമായി ചെയ്ത കാര്യം. അന്തപ്പുരത്തില്‍ അവര്‍ ചീകി മിനുക്കുന്ന തന്ത്രങ്ങള്‍ മറ്റൊന്നാകണം.

ഇത്തരത്തില്‍ അത്യന്തം സങ്കീര്‍ണമായ സാഹചര്യത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പടിപ്പുറത്ത് എത്തി നില്‍ക്കെയാണ് രമേശ് തന്റെ പഴയ നീക്കങ്ങളൊക്കെ പാളിയെന്നത് തിരിച്ചറിയമ്പോഴും ആഭ്യന്തര മന്ത്രിയായെങ്കിലും മന്ത്രിസഭയില്‍ കടന്നു കൂടുന്നതിന് ശ്രമിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ഘടക കക്ഷി നേതാക്കളെ വരെ പങ്കെടുപ്പിച്ച് ഐ വിഭാഗത്തിന്റെ നീക്കത്തെ ചെറുക്കുന്നതിന് ഉമ്മന്‍ ചാണ്ടി ക്യാമ്പിനു സാധിച്ചു. ഇപ്പോള്‍ അതും പരാജയപ്പെട്ട് മുറിവേറ്റവനായി ഒരിക്കല്‍ കൂടി രമേശ് പിന്നേലേക്ക് മാറേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ ആഭ്യന്തരം പോലും ലഭിക്കില്ലെന്ന അവസ്ഥ വന്നപ്പോള്‍ കെപിസിസി അധ്യക്ഷ സ്ഥാനമാണ് വലുതെന്ന് പറയേണ്ടി വന്നു. ആകപ്പാടെ അഴകൊഴമ്പന്‍ അവസ്ഥ. ഇനിയുള്ള പ്രതീക്ഷ ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂ വകുപ്പുമാണ്. ഇപ്പോള്‍ ആഭ്യന്തരം കൈയാളുന്ന തിരുവഞ്ചൂരിന് പിന്നില്‍ മൂന്നാമനായി ഇരിക്കാന്‍ രമേശിന് ജാള്യതയുണ്ടാവും. അപ്പോള്‍ ആഭ്യന്തരം മുഖ്യന്‍ തന്നെ ഏറ്റെടുക്കണം. അപ്പോള്‍ തിരുവഞ്ചൂരിനെ എന്തു ചെയ്യും? റവന്യൂ കൂടിയില്ലാതെ 'കീടനാശിനി' വകുപ്പ് മാത്രം ഏറ്റെടുത്ത് രമേശ് മന്ത്രിസഭയില്‍ കടന്നു കൂടാന്‍ ഇടയില്ല. റവന്യൂ രമേശിന് നല്കിയാല്‍ എസ്.എന്‍.ഡി.പിക്കാരനായ അടൂര്‍ പ്രകാശ് എന്തു ചെയ്യും? വെള്ളാപ്പിള്ളി കോപിക്കാന്‍ മറ്റൊരു കാരണം കൂടി. മറ്റൊന്ന്, കോട്ടയം നായരും തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അത്ര വേഗം ഉമ്മന്‍ ചാണ്ടി കൈവിടുമോ എന്നതാണ്.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാകില്ലെന്നത് മുന്‍ കൂട്ടി കണ്ട് കെപിസിസി അധ്യക്ഷ സ്ഥാനം വിട്ടൊഴിയുന്നതിനാണോ രമേശ് ശ്രമിക്കുന്നത്? അതല്ല, തത്ക്കാലം മന്ത്രിസഭയിലേക്ക് വന്ന് പിന്നെ പടിപടിയായി പിടിച്ച് കയറി തന്റെ ലക്ഷ്യത്തിലേക്ക് എത്താമെന്ന് അദ്ദേഹം കരുതിയിരുന്നോ? എന്തായാലും ഒരിക്കല്‍ കൂടി രമേശും അദ്ദേഹത്തിനു വേണ്ടി കരുക്കള്‍ നീക്കിയിരുന്നവരും ഭൂരിപക്ഷ സമുദായത്തിന്റെ പേരില്‍ കണക്ക് പറഞ്ഞിരുന്നവരും പിന്നിലേക്ക് പോയിരിക്കുകയാണ്. അവരുടെ തന്ത്രങ്ങള്‍ തത്ക്കാലത്തേക്ക് പാളി എന്നു പറയുമ്പോഴും കൊട്ടാര വിപ്ളവം അവസാനിച്ചുവെന്ന് കരുതേണ്ടതില്ല. എ ഗ്രൂപ്പ് തിരുവഞ്ചൂരിന്റെ ജാതിയും സീനിയോറിറ്റിയും ഉയര്‍ത്തി കാട്ടിയും പ്രധാന വകുപ്പുകളൊക്കെ ഐയുടെ പക്കലാണെന്നും കാണിച്ചു പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ആഭ്യന്തര വകുപ്പ് അവര്‍ക്ക് തന്നെ വരും കാലത്ത് വലിയ ബാധ്യത ആവില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മുറിവേറ്റ ഐ വിഭാഗത്തില്‍ നിന്നും പല സൂചനകളും പുറത്ത് വരുന്നുണ്ട്. തന്റെ കരിയറില്‍ പാരഡൈം ഷിഫ്റ്റ് കൊണ്ടു വരാന്‍ ശ്രമിച്ച് കണക്കുകള്‍ പാളിയ രമേശിനും അദ്ദേഹത്തിന് ഇന്ധനം പകര്‍ന്നവര്‍ക്കും വെറുതെ ഇരിക്കാന്‍ ആവുകയില്ല. ജാതിയും മതവും ഉപജാതിയും അതിന്റെ രാഷ്ട്രീയവും കൂട്ടികൊടുപ്പുകാരും ഒക്കെ ചേര്‍ന്ന് കേരളത്തിലെ സാമൂഹിക ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതാണ് ഇപ്പോള്‍ നടക്കുന്നത്.


Next Story

Related Stories