TopTop
Begin typing your search above and press return to search.

മീന്‍മുട്ടിയിലെ ടാര്‍സന്‍

മീന്‍മുട്ടിയിലെ ടാര്‍സന്‍

മെഹബൂബ്കല്ലാറിലെ മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു താഴെയുള്ള ആഴക്കയത്തില്‍ നിന്നും ഏഴു ജഡങ്ങളാണ് ഇതുവരെ അനില്‍കുമാര്‍ മുങ്ങിയെടുത്തത്. അപ്പോഴൊക്കെ നമ്മുടെ പോലീസും ഫയര്‍ഫോഴ്‌സുമൊക്കെ കരയ്ക്കിരിക്കുകയായിരുന്നു. കല്ലാറിലെ ചുഴികളും കയങ്ങളും കുത്തൊഴുക്കുകളും പായലുടുപ്പിട്ട പാറക്കെട്ടുകളും കൈവെള്ളയിലെ രേഖപോലെ മനഃപാഠമാക്കിയ ഒരു കൂലി വേലക്കാരന്‍റെ കഥ. അതാണ് അനില്‍കുമാറിന്‍റെ ജീവിതം.
അനില്‍കുമാര്‍ അഴിമുഖത്തോട് സംസാരിക്കുന്നു. കല്ലാറ് പോലെ.പത്ത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ വീട്ടുപടിക്കല്‍ കുറേ പയ്യന്മാര്‍ വന്നുപറഞ്ഞ് അവരുടെ കൂട്ടത്തില്‍പ്പെട്ട ഒരാള് തലേന്ന് ആറ്റില്‍ പെട്ട് പോയെന്ന്. അങ്ങനെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ കല്ലാറ്റില് നിറയെ വെള്ളമാ. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുകാരും നോക്കി ഇങ്ങനെ നില്‍ക്കുമ്പോള്‍ ആ പയ്യന്‍മാര് കിടന്നു കരയുന്നു. അത് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. ഞാനെടുത്തങ്ങ് ചാടി. ആറ് മുഴുവനും തിരഞ്ഞു. കിട്ടിയില്ല. ഒടുവില് വെള്ളച്ചാട്ടത്തിന്‍റെയവിടെ മുങ്ങി. അഞ്ചാള്‍ പൊക്കത്തിലാ അവിടുത്തെ ആഴം. പയ്യന്‍റെ ജഡം അടിയില് പാറയുടെ അരുകില്‍ കിടക്കുന്നു.പൊക്കിയെടുത്ത് കരയില് കിടത്തി .ഇരുപത് ഇരുപത്തിരണ്ട് വയസ്സു കാണും പ്രായം. ചെക്കന്‍റെ ശവവും കൊണ്ട് പിള്ളേരു പോയി. വടക്കോട്ടുള്ളവരാ.
പിന്നെയങ്ങോട്ട് കല്ലാറ്റിലാരേലും മുങ്ങിയാല് പോലീസും ഫയര്‍ഫോഴ്‌സുകാരും നമ്മളെ വിളിക്കും. നാട്ടിലെല്ലാരും വെള്ളത്തിലൊക്കെ നീന്തുമെങ്കിലും ഇത്തരം കാര്യത്തിനൊന്നും ആരും ഇറങ്ങൂല. നമ്മക്ക് പിന്നെ പേടിയൊന്നുമില്ല. ഇപ്പോ തന്നെ ആറേഴ് ശവങ്ങള് ഞാന്‍ മുങ്ങിയെടുത്തു. മൂന്നാലെണ്ണം എടുത്തുകഴിഞ്ഞപ്പോ കുറെപ്പേര്‍ എന്നോട് പറഞ്ഞു, 'അത്രയും ആഴത്തിലിറങ്ങുതൊക്കെ വലിയ അപകടമാണെന്നൊക്കെ….' നമ്മളതൊന്നും മൈന്‍ഡ് ചെയ്യൂല. എല്ലാവരും മാറി നിന്നാ എങ്ങനാ ഇവിടുത്തെ കാര്യങ്ങളൊക്കെ നടക്കുന്നത്. മുങ്ങിപ്പോയവരെ ജീവനോടെ എടുക്കാനാ നമ്മള് നോക്കണത്. പക്ഷെ ഇതുവരെ ആരെയും രക്ഷിക്കാനൊന്നും കഴിഞ്ഞിട്ടില്ല. ആരേലും മുങ്ങിയതൊക്കെ അറിയുന്നത് വൈകിയായിരിക്കും. നമ്മക്ക് വേറെ കൂലിപ്പണിക്കൊക്കെ പോകണ്ടേ.
നമ്മളപ്പം കൊത്തപ്പണിയിലോ, കിളപ്പണിയിലോ വല്ലോമായിരിക്കും.അന്യനാട്ടിലുള്ളോരു പ്രാകണത് നമ്മുടെ കല്ലാറ്റിനെയായിരിക്കും. ആള്‍ക്കാര് ഓവറായി മദ്യപിച്ച് ബോധം കെട്ടാണ് ആറ്റിലകപ്പെടണത്. കല്ലാറ്റിലെ വെള്ളത്തിന് കൊടുംതണുപ്പാണ്. എത്ര മദ്യപിച്ചാലും കിക്കാവണത് അറിയില്ല. ഇതൊക്കെനോക്കീം കണ്ടുമല്ലെ മനുഷ്യന്മാര് കുടിക്കേണ്ടത്? അതിന് കല്ലാറെന്തു പിഴച്ചു? കല്ലാറിന്‍റെ ഉള്‍വനങ്ങളില്‍ മഴ പെയ്യുമ്പോള്‍ മീന്‍മുട്ടിയടക്കമുള്ളഭാഗത്തൊക്കെ
മഴ വീഴാതെ തന്നെ വെള്ളം ഇരട്ടിയാവും. പെട്ടെന്നാവും വെള്ളം ഇരട്ടിക്കുന്നത്.


രണ്ടാഴ്ച മുന്‍പ് പൊക്കിയെടുത്തത് ഒരു ഒറീസ്സക്കാരന്‍റെ ബോഡിയായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലിയായിരുന്നു ചെക്കന്. കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വീശി ആറ്റിലിറങ്ങിയതാ. നാലുപേരുണ്ടായിരുന്നു. രണ്ടുപേര് പോയി. എടുത്ത എല്ലാ ശവങ്ങളും മീന്‍മുട്ടിയിലെ വെള്ളച്ചാട്ടത്തിന്‍റെ ഭാഗത്തുനിന്നാണ്. തണുപ്പും, ചുഴിയും അവിടുത്തെ ആഴവും പേടിച്ചിട്ടാണ് പോലീസും ഫയര്‍ഫോഴ്‌സും നമ്മളെ വിളിക്കുന്നത്. ഇതുകൊണ്ട് നമ്മക്ക് മറ്റ് ഗുണങ്ങളൊന്നുമില്ല. ദൈവം നമ്മളെ ഈ പണി ഏല്പിച്ചിരിക്കുന്നുവെന്നാ ഞാന്‍ കരുതുന്നത്.പിന്നെ കല്ലാറ് നമ്മളെ ചതിക്കൂല.....ആനപ്പാറ സ്‌കൂളില്‍ പഠിക്കണകാലം തൊട്ട് കാണാന്‍ തുടങ്ങിയതാ ഞാനീ കല്ലാറിനെ. കല്ലാറ്റിനുള്ളിലെ പാറകളും ചെളികളും ചെടികളുമൊക്കെ നമ്മക്കറിയാം.
ഞാന്‍ പ്രീഡിഗ്രിക്ക് ഒരു വര്‍ഷമേ പോയുള്ളൂ. പിന്നങ്ങ് നിര്‍ത്തി പണിക്കൊക്കെ പോയി തുടങ്ങി. അക്കാലത്ത് ഞങ്ങള് കൂട്ടുകാരൊത്ത് ചെറുവലയൊക്കെകൊണ്ട് മീന്‍ പിടിക്കാന്‍ പോകും. കയ്യില് വേവിക്കാനുള്ള പാത്രങ്ങളും ഉണ്ടാവും. പെരുമ്പനാരി പോലുള്ള വലിയ മീനുകളൊക്കെ കിട്ടും. വലിയ മീന്‍ കല്ലാറ്റിന്റെ കരയില്‍ വെച്ച് തന്നെ വേവിച്ച് തിന്നും. ഇപ്പഴൊന്നും അതു പറ്റത്തില്ല. ഫോറസ്റ്റ് ഓഫീസറന്‍മാര് വലിയ പ്രശ്‌നമുണ്ടാക്കും.
അപ്പൊഴൊക്കെയാണ് കല്ലാറിനെ നമ്മള് കൂടുതലായിട്ട് അറിഞ്ഞത്. ആറു മൊത്തം നമ്മുടെതായിരുന്നു….ഇപ്പോഴും അങ്ങനെ തന്നെ. നമ്മള് ദുഃഖം വരുമ്പോഴൊക്കെ കല്ലാറ്റിന്റെ കരേല് പോയി ഇങ്ങനെ നിക്കും. അവിടത്തെ വെള്ളം ഒഴുകുന്ന ആ എരപ്പൊക്കെ കേക്കുമ്പൊ മനസിന് ഒരാശ്വാസമാവും …അവിടുത്തെ കാറ്റും മഴപെയ്യുന്നതും ഒക്കെ കാണാന്‍ ഒരു പ്രത്യേക രസമാണ്. ഭാര്യക്കും(സുസ്മിത) മക്കള്‍ക്കുമൊപ്പം (സനിക, സനീഷ്) ഞാന്‍ മീന്‍മുട്ടിയിലൊക്കെ പോകാറുണ്ട്.
ഓരോ ശവമെടുക്കുമ്പോഴും അതിന്‍റെ കണ്ണിലേക്കാ ഞാന്‍ആദ്യം നോക്കണത്… ആ കണ്ണുകളൊക്കെയൊ് അനങ്ങിയിരുന്നെങ്കിലെന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്…നമ്മള് സര്‍ക്കാരിനെയേ കുറ്റം പറയൂ ടൂറിസ്റ്റുകളെന്നും പറഞ്ഞ് വനം വകുപ്പുകാര്‍ വണ്ടിക്കും ആളൊന്നിനും കാശുവാങ്ങിയാണു കേറ്റിവിടുക. ഒരു ചെറിയ വഴിയിങ്ങനെ തെളിച്ചിട്ടുള്ളതല്ലാതെ മറ്റൊരു സൗകര്യവും അവര് ചെയ്തിട്ടില്ല. കൊറെ ശവങ്ങളിങ്ങനെ ചത്ത്‌പൊങ്ങിയിട്ടും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. ആരേലും ആറ്റീപോയാല്‍ കൊറെ പോലീസുകാരും കൊറേ വണ്ടികളും വന്ന് അവിടെ നില്ക്കും. ആരും വെള്ളത്തിലിറങ്ങൂല.
മീന്‍മുട്ടിയിലെ പാറകള്‍ക്കൊക്കെ ഭയങ്കര വഴുവഴുപ്പാണ്. മിക്കവരും പാറയില്‍ കാല് തെറ്റിയാണ് മുങ്ങണത്. ഈ വിവരം ഒന്ന് ഒരു ബോര്‍ഡില് എഴുതി വയ്ക്കാനെങ്കിലും നമ്മുടെ സര്‍ക്കാര് എന്തേലും ചെയ്യണം. കുളിക്കാനൊക്കെ വരുന്നവരെ നിയന്ത്രിക്കാനായിട്ട് കല്ലാറിനെയറിയുന്നവരെ സെക്യൂരിറ്റിയ്ക്കു നിര്‍ത്തിയാലെ ഇതൊക്കെ നമ്മക്ക് ഒഴിവാക്കാന്‍ പറ്റൂ. നമ്മടെയൊക്കെ കാലം കഴിഞ്ഞാപ്പിന്നെ ഈ പോലീസുകാരൊക്കെയാരുടെ സഹായം തേടാനാ? നമ്മളെപ്പോലെ ധൈര്യമുള്ളവരൊക്കെ കുറഞ്ഞു വരുവാ. ഇപ്പഴത്തെ പിള്ളേരെ ആറ്റിലൊന്നും വീട്ടുകാരാരും ഇറക്കൂല. അതുകൊണ്ടവര്‍ക്ക് നീന്തി പഠിക്കാനും പറ്റൂല. നമ്മള് ഈ കല്ലാറ്റില് കൊച്ചുനാളും മുതല് അപ്പറോം ഇപ്പറോം നീന്തി കളിച്ച് വളര്‍ന്നതാ. അതുകൊണ്ട് കല്ലാറ്റിലാരേലും പോണതു കണ്ടാല്‍ നമ്മള് രക്ഷിച്ചിരിക്കും.


Next Story

Related Stories