TopTop
Begin typing your search above and press return to search.

അമേരിക്ക ആദ്യം സ്വയം നന്നാവട്ടെ

അമേരിക്ക ആദ്യം സ്വയം നന്നാവട്ടെ

ഷെന്‍ ദിങ്ലി (ഫോറിന്‍ പോളിസി)

ഉത്തരവാദിത്വമുളള ഒരു രാജ്യത്തെ നയിക്കാൻ സസൂക്ഷ്മമായ മെയ് വഴക്കം തന്നെ വേണം. പ്രസിഡന്‍റ് ബരാക് ഒബാമ ദേശീയ- അന്തര്‍ദേശീയ രാഷ്ട്രീയത്തിൽ ചിലവഴിക്കുന്ന സമയം തീർച്ചയായും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ദേശീയ പ്രശ്നങ്ങളെന്ന മുള്ളിനെ അവഗണിക്കാതിരിക്കാനും അല്ലെങ്കിൽ അമേരിക്ക ഇടപെടാൻ ആഗ്രഹിക്കുന്ന അന്താരാഷ്‌ട്ര സാഹചര്യങ്ങളെ പരിഗണിക്കാനും സാധിക്കുകയുള്ളൂ. ഒരു രാജ്യത്തിന്‍റെ ദേശീയ നയത്തേക്കാൾ വിദേശ നയം പ്രധാനപ്പെട്ടതാവുമ്പോള്‍ പ്രശ്നങ്ങൾ ഉടലെടുത്തുതുടങ്ങും.

" ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏഷ്യ പസഫിക്ക് മുഴുവൻ അമേരിക്കയായിരിക്കും" 2011ൽ ഒബാമ ഓസ്ട്രേലിയൻ പാർലിമെന്‍റിനോട് പറഞ്ഞു. സ്‌പഷ്‌ടമായിട്ടും ഒബാമ വലിയ രീതിയില്‍ മുന്നോട്ട് പോവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണമാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഒബാമയുടെ 'ഏഷ്യാ ഭ്രമണ' പരിപാടി ദേശീയ താൽപര്യത്തോടൊപ്പം സന്തുലിതമായി നിലനിര്‍ത്താന്‍ സാധിച്ചിരുന്നെങ്കിൽ ഏഷ്യ പസഫിക്ക് രാജ്യങ്ങൾ അമേരിക്കയെ അവരുടെ താല്പര്യ കക്ഷിയായി കാണാൻ തയ്യാറാകുമായിരുന്നു. നിർഭാഗ്യവശാൽ നിലവില്‍ കാര്യങ്ങൾ അങ്ങനെയല്ല സംഭവിക്കുന്നത്.

ഈ വർഷം ഒക്ടോബര്‍ 7-8 തിയതികളിൽ ഇന്തോനേഷ്യയിൽ നടന്ന, ഏഷ്യൻ നേതാക്കന്മാരുടെ പ്രധാന ഒത്തുചേരലായ ഏഷ്യ പസഫിക് ഇകണോമിക് കോഓപറേഷൻ സമ്മിറ്റിൽ പങ്കെടുക്കില്ലെന്ന് ഒബാമ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ആദ്യത്തെ തവണയല്ല ഒബാമ ഏഷ്യൻ നേതാക്കളുടെ ഒത്തു ചേരലുകളിൽ പങ്കെടുക്കാതിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറിയെ പകരം അയച്ചുവെങ്കിലും, പുള്ളിക്ക് ഒബാമയുടെ ഔന്നത്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കന്‍ അജണ്ട മുന്‍പോട്ട് വെക്കാന്‍ അവിടെ സാധിച്ചില്ല.

ഒബാമ ദേശീയ പ്രശ്നങ്ങളിൽ പരവശനായിരിക്കയാണ്. വിവാദമായ "ഒബാമാ കെയര്‍" ആരോഗ്യ രക്ഷാ പരിപാടിയെ ന്യായീകരിക്കാനുള്ള ഒബാമയുടെ ശ്രമത്താൽ അമേരിക്കൻ സർക്കാരിന്‍റെ പ്രവർത്തനം നിലച്ച മട്ടാണ്. ഇതിനാലാണ് അദ്ദേഹം ഏഷ്യൻ യാത്ര ഉപേക്ഷിച്ചത്. അര നൂറ്റാണ്ടായി സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷയുടെ പ്രചാരണം ഒബാമയുടെ പാർട്ടിയുടെ നെടുന്തൂണായിരുന്നു. സമാനമായ പരിപാടികൾ വ്യവസായവല്‍ക്കരിച്ച രാജ്യങ്ങളിൽ നിലവിലുണ്ട്.

എങ്കിലും അമേരിക്കൻ എക്സപ്ഷനലിസത്തിന്‍റെ (Exceptionalism) അടിസ്ഥാന തത്ത്വം ഒബാമ മനസ്സിലാക്കാതെ പോയി. പൗരന്‍മാർക്ക് അതിരില്ലാത്ത സ്വാതന്ത്ര്യം നൽകിയ വിശിഷ്‌ടമായ ഒരു ചരിത്രവും സംസ്‌കാരവും അമേരിക്കക്കുണ്ട് - മെഡിക്കൽ ഇൻഷുറൻസ് വാങ്ങാതിരിക്കാനുള്ള അവകാശവും അതിൽ പെടും.

ഗവണ്‍മെന്‍റിന്റെ പ്രവർത്തനം നിലച്ചതിന്‍റെ പഴി മുഴുവൻ റിപ്പബ്ളിക്കൻമാരാണ് കേള്‍ക്കുന്നത്. പക്ഷെ പ്രസിഡെന്‍റെന്ന നിലയിൽ ഗവണ്മെന്റ് നിലത്തു വീഴാതിരിക്കാൻ രാജ്യത്തിന്‍റെ അജണ്ടയും അഭിപ്രായൈക്യവും രൂപപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്ത്വം ഒബാമയുടെ ചുമലുകൾക്കാണ്. അദ്ദേഹം ശരിയായ അജണ്ട തന്നെയാണ് മുന്നോട്ടു വെച്ചത്. പക്ഷെ അത് തെറ്റായ സമയത്തായിപ്പോയെന്നു മാത്രം. മധ്യവര്‍ഗ്ഗത്തിന്‍റെ വരുമാനത്തിന്‍റെ വളർച്ചയെ പരിപോഷിപ്പിക്കുകയും ബഡ്ജറ്റിന്റെ താളം ശരിയാക്കിയിട്ടും മതിയായിരുന്നു ‘ഒബാമ കെയർ' എന്ന വണ്ടി റോഡിലിറക്കാൻ.

ഒബാമയുടെ ഏഷ്യ പോളിസിക്കും ഹെൽത്ത് കെയർ പോളിസി പോലെ അമിത പ്രതീക്ഷ കൊണ്ടും സമതുലിതമായ സമീപനം ഇല്ലാത്തതുകൊണ്ടും കാര്യമായ കോട്ടം തട്ടുകയുണ്ടായി. പല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലകളില്‍ ചൈനീസ്‌ കപ്പലുകൾ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വാഷിംഗ്‌ടണ്‍ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സഖ്യകക്ഷികളുടെ അതിർത്തികളില്‍ ചൈന നടത്തുന്ന കയേറ്റം വൈറ്റ് ഹൌസിനെ പ്രശ്നത്തിലാക്കുന്നുണ്ട്. പ്രത്യേകിച്ചും ജപ്പാൻ അവകാശം ഉന്നയിക്കുന്ന കിഴക്കൻ ചൈനാ കടലിലെ ഡിയായു ദ്വീപുകളും പിന്നെ ഫിലിപ്പൈൻസ് അവകാശപ്പെടുന്ന തെക്കൻ ചൈനാ കടലിലെ ഹുങ്ഗാന്യന്‍ പ്രദേശവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച് എടുത്ത നിലപാടുകള്‍. ഡിയായു ദ്വീപുകളുടെ കാര്യത്തിൽ ഇടപെട്ടുകൊണ്ട്‌ അമേരിക്ക ജപ്പാന് അനൂകൂലമായ പക്ഷപാതമുള്ള നിലപാടാണ് സ്വീകരിച്ചത്. ഇത് കിഴക്കൻ ഏഷ്യയിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
വിവിധ കാലങ്ങളായി വളർന്നു വന്ന വഴക്ക് മാറ്റിവെച്ചു പ്രശ്നം ഒത്തു തീർക്കാനായി 1972 ല്‍ ചൈനയും ജപ്പാനും ഒരു കുടക്കീഴിൽ വന്നു. ആ സമാധാനം നാല് പതിറ്റാണ്ട് നീണ്ടു നിന്നു. എന്നിട്ടും പ്രധാനപ്പെട്ട ദ്വീപുകളെ 2012ല്‍ ജപ്പാന്‍ ദേശീയ വൽക്കരിച്ചതോടെ ജപ്പാൻ സമാധാന ഉടമ്പടി ലംഘിക്കുകയും ചൈനയെ പ്രതികരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുകയായിരുന്നു. സഖ്യ കക്ഷിയുടെ മുന്‍വിചാരമില്ലാത്തതും ചുമതലബോധമില്ലാത്തതുമായ നടപടിയെ വിലയിരുത്താതെ അമേരിക്ക അവരെ അനുകൂലിച്ചു. "ദിയായു ജപ്പാൻ-യു.എസ് സുരക്ഷാ ഉടമ്പടിക്ക് കീഴിൽ വരും. ഇത് കൊണ്ട് തന്നെ അമേരിക്കക്ക് ജപ്പാനെ കാക്കേണ്ടി വരും" അമേരിക്കൻ പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ പറഞ്ഞു.

തെക്കൻ ചൈനാ കടലിൽ ഉത്തരവാദിത്തത്തൊടെ പെരുമാറാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അന്തർ ദേശീയ നിയമമനുസരിച്ച് പൊതുസമ്മതം ഉണ്ടാക്കിയെടുക്കേണ്ടിവരും. എല്ലാ ഏഷ്യൻ രാജ്യങ്ങളും യു.എൻ രേഖയെയും കടല്‍ നിയമം നിയമം സംബന്ധിച്ച യു എന്‍ സമേളനത്തെയും (UNCLOS) ബഹുമാനിക്കുമെന്ന് ഉറപ്പു വരുത്തിയാൽ അതൊരു നല്ലൊരു തുടക്കമായിരിക്കും.

പക്ഷെ ഏഷ്യ പസഫിക് രാജ്യങ്ങളെ ഈ അന്താരാഷ്‌ട്ര നിയമങ്ങൾ തങ്ങളുടെ വിദേശ നയങ്ങൾക്ക് പ്രധാനപ്പെട്ടവയാണെന്നു പറഞ്ഞു മനസ്സിലാക്കാൻ അമേരിക്കക്ക് സാധിച്ചില്ല. വിയറ്റ്നാമും ഫിലിപ്പൈൻസും മലേഷ്യയും തെക്കൻ ചൈനാ കടലിലെ ദ്വീപുകള്‍ക്കും ചെറുദ്വീപുകളുടെ സമൂഹത്തിനും മേലുള്ള ബീജിങ്ങിന്‍റെ പരമാധികാരത്തിന് മൗനാനുവാദം നൽകിയിരിക്കയാണ്. എത്രയായാലും ഈ മൂന്നു രാജ്യങ്ങളും ചൈനയുടെ ഭാഗത്തുള്ള 9 ഡാഷ്ഡ് ലൈനില്‍ നിന്നും ചില ദ്വീപുകൾ കയ്യേറിയിട്ടുണ്ട്. അമേരിക്കക്ക് പ്രശനത്തെ ന്യായമായി വിലയിരുത്താൻ സാധിച്ചിട്ടില്ല. സത്യത്തിൽ ആ രാജ്യങ്ങളെ ചൈനയുടെ വാദങ്ങളെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിക്കുകയാണ് അമേരിക്ക ചെയ്തത്. അമേരിക്ക UNCLOS ന ഔപചാരികഅംഗീകാരം നല്‍കിയില്ലെങ്കിലും, അവർ ചൈനയുടെ കടൽ ചട്ടങ്ങളെ ഉടമ്പടിയുടെ കീഴിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അമേരിക്കയാണ് പ്രദേശത്തെ ഉത്തരവാദിത്ത്വമുള്ള റഫറിയെങ്കിൽ എല്ലാ രാജ്യങ്ങളും ഒരേ നിയമമനുസരിച്ചാണ് കളിക്കുന്നതെന്ന് ഉറപ്പുവരുത്തണമായിരുന്നു.
ആസിയാനുമായ് (ASEAN) ചേർന്ന് പ്രാദേശിക നിയമങ്ങൾ ഉണ്ടാക്കാനും അത് നടപ്പിൽ വരുത്താനും ചൈന തയ്യാറാണ്. ആസിയാൻ രാജ്യങ്ങളുമായ് പിരിമുറുക്കം കുറക്കാൻ വേണ്ടിയും ഉത്തരവാദിത്വമുളള പെരുമാറ്റം രൂപപ്പെടുത്താൻ വേണ്ടിയും സെപ്റ്റംബറിൽ ചൈന തെക്കൻ ചൈനാ കടൽ പെരുമാറ്റ ചട്ടത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി കഴിഞ്ഞു. APEC ൽ നടത്തിയ ആമുഖ പ്രഭാഷണത്തിൽ ചൈനീസ് പ്രസിഡന്റ് സി ജിപിങ് പൊതു നന്മക്ക് വേണ്ടി എല്ലാ ഏഷ്യ പസഫിക് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. കൂടാതെ പ്രാദേശികമായ ധാരണ സൃഷ്ടിക്കുന്നതിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അമേരിക്കയുടെ ഏഷ്യാ ഭ്രമണ പരിപാടി ഉത്തരവാദിത്വമുളളതും സംതുലിതവുമാണെങ്കിൽ അവർ സ്വീകരിക്കാൻ തയ്യാറാണ് .അങ്ങനെയല്ലെങ്കിൽ തിരിഞ്ഞുകുത്തുന്നതായിരിക്കും അമേരിക്കയുടെ പ്രവർത്തനങ്ങൾ. കൂടാതെ ബജറ്റിന്റെ കാര്യത്തിൽ വിഷമാവസ്ഥ നേരിടുന്ന അവസ്ഥയിൽ ഇതുപോലുള്ള കാര്യങ്ങൾ താങ്ങാനാവില്ല. കിഴക്കൻ ഏഷ്യയിൽ അമേരിക്കയെ മാറ്റി നിര്‍ത്തുന്ന കാര്യം ആരും ചിന്തിക്കുന്നില്ല. പക്ഷെ അവനോന്‍റെ വീട്ടിലെ പ്രശ്നങ്ങൾ തീർത്തിട്ടു പോരെ ആരാന്‍റെ മൂക്കത്തെ മറുകിനെക്കുറിച്ച് കുറ്റം പറയുന്നത്.

(ഷാങ്ഹായിലെ ഫ്യൂഡാന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ അസോസിയേറ്റ് ഡീന്‍ ആണ് ലേഖകന്‍.)


Next Story

Related Stories