TopTop
Begin typing your search above and press return to search.

കരഞ്ഞു തീരാത്ത ആ പെണ്‍കുട്ടി ഞാനാണ്

കരഞ്ഞു തീരാത്ത ആ പെണ്‍കുട്ടി ഞാനാണ്

ഹാരിപോട്ടറിലെ മാന്ത്രികന്‍ തന്‍റെ ഓര്‍മ്മകള്‍ വെള്ളിനൂല് പോലെ പിരിച്ചെടുത്ത് ഒരു കുപ്പിയില്‍ അടച്ചു വെയ്ക്കുന്ന പോലെയാണ് ചില ഓര്‍മ്മകള്‍. ഇടക്കെപ്പോഴൊക്കെയോ, സൂക്ഷിച്ചു വെയ്ക്കാനോ അടച്ചു പൂട്ടി വയ്ക്കാനോ കഴിയാതാകുന്നു അവ എന്ന് മാത്രം. ഉയരുന്ന പുകച്ചുരുളുകള്‍ക്ക് പല രൂപങ്ങള്‍ ആണ്, ചിലപ്പോള്‍ മുഖങ്ങളും.

രണ്ട് യാത്രകളുടെ ഓര്‍മ്മകള്‍ ആണ് ഇപ്പോള്‍ മിന്നി കത്തുന്നത്. കണ്ണുനീരില്‍ നനഞ്ഞ ഓര്‍മ്മകളാണ്, അനീതിയിലും സമ്പ്രദായങ്ങള്‍ തെളിച്ച് വഴി തെറ്റിച്ചവയും. അവയെയാണ് കാണിച്ചു തരുന്നത് ഈ പുക....

കോളേജില്‍ നിന്ന് മൈസൂര്‍ക്ക് യാത്ര പോയിരുന്നു ഒരിക്കല്‍. നഗരം മുഴുവന്‍ കണ്ട് കഴിഞ്ഞാണ് വൃന്ദാവന്‍ ഗാര്‍ഡന്‍സ് കാണാന്‍ എത്തിയത്. ദിവസം കഴിയാറായിരുന്നു. ആരുടെ പദ്ധതിയാണെന്ന് ഓര്‍മ്മയില്ല, പൂക്കളും ഫൗണ്ടനും മറ്റും കാണാന്‍ ഇരുട്ട് പരന്നിട്ടു എത്തിച്ചത്‌! എന്തായാലും വളരെ നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു ഓട്ടത്തിന് എന്തൊക്കെയോ കണ്ട് തിരികെ ബസ്സില്‍ കയറാന്‍ പറഞ്ഞു എല്ലാവരോടും ടീച്ചര്‍. അവിടെ നിറയെ ഭിക്ഷയെടുക്കുന്ന കുട്ടികളാല്‍ നിറഞ്ഞിരുന്നു. വൃന്ദാവനില്‍ മാത്രമല്ല പോയ എല്ലായിടത്തും ഉണ്ടായിരുന്നു നിറയെ ഭിക്ഷക്കാര്‍. ചുറ്റിനും കൂടുകയും പിടിച്ചു വലിക്കുകയും ഒക്കെ ചെയ്യുന്ന കുട്ടികള്‍. എത്രമാത്രം അലോസരപ്പെടുത്താമോ അത്രയും ചെയ്താണ് അവര്‍ എന്തെങ്കിലും കിട്ടാനുള്ള വഴികള്‍ നോക്കുന്നത്. എന്‍റെ അടുത്ത് വന്നവര്‍ക്കൊക്കെ ഞാന്‍ രണ്ട് രൂപ അഞ്ച് രൂപ മുതലായവ കൊടുക്കുന്നുണ്ടായിരുന്നു. ഭിക്ഷ കൊടുക്കുന്നതാണ് അന്നത്തെ എന്‍റെ ഏറ്റവും വലിയ വീക്നെസ്. ഒരുപാട് പേര് വഴക്ക് പറയുമായിരുന്നു. എങ്കിലും ഒരു സമാധാനം. അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചൊന്നും അന്ന് ചിന്തിക്കാന്‍ അറിയില്ലായിരുന്നു. ആരോഗ്യം ഉള്ളവരൊക്കെ പോയി പണിയെടുത്തു ജീവിക്കട്ടെ എന്നാണു അമ്മ പറഞ്ഞിരുന്നത്. അധ്വാനിക്കാതെ കൂലി കൊടുക്കാന്‍ പാടില്ലായെന്നും, ചാരിറ്റി സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്നുമൊക്കെ അമ്മ പറഞ്ഞു തരുമായിരുന്നു. ഒന്നും മനസ്സിലായിട്ടില്ല അന്നൊന്നും അതെന്താണെന്ന്. എന്തായാലും അതേ അമ്മ അയച്ചു തരുന്ന മാസപ്പടിയില്‍ നിന്നും നല്ലൊരു തുക ഭിക്ഷക്കാര്‍ക്ക് പോയി.

സന്ധ്യ കഴിഞ്ഞു തെളിഞ്ഞ മഞ്ഞ വെളിച്ചത്തില്‍ ഞങ്ങളെ വരിവരിയായി തിരികെ ബസ്സില്‍ കയറ്റി. അത്ര നേരവും എന്‍റെ അടുത്ത് വന്നവര്‍ക്കൊക്കെ ഞാന്‍ പൈസ കൊടുത്തു, ചില്ലറ തീര്‍ന്നത് കൊണ്ട് പത്ത് രൂപയുടെ നോട്ടുകള്‍ ആയിരുന്നു അപ്പോഴേക്കും. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ ശാസിക്കാന്‍ ആരംഭിച്ചു. ഞാന്‍ നിര്‍ത്തിയേക്കാം എന്ന് കരുതി. ഇനി വരുന്നവര്‍ക്ക്‌ ഒന്നും കൊടുക്കുന്നില്ല, അല്ലെങ്കില്‍ തന്നെ ഇനിയാരും വരാനില്ലല്ലോ. ഞങ്ങള്‍ ബസ്സില്‍ കയറി. കുറച്ച് നടുക്കുള്ള ഒരു സീറ്റില്‍ ജനാലയ്ക്കരികില്‍ ഞാനിരുന്നു. എന്‍റെ അടുത്ത് എന്‍റെ കൂട്ടുകാരനും. ഞാന്‍ ബസ്സിനു വെളിയിലേക്ക് താഴേയ്ക്ക് നോക്കി. എന്‍റെ രണ്ടു സീറ്റ് മുന്‍പില്‍ ഉള്ള സീറ്റിന്‍റെ ജനലിനു താഴെ ഒരു ചെറിയ പെണ്‍കുട്ടി, പത്തോ പന്ത്രണ്ടോ വയസ്സ് കാണും, ഒരാണ്‍കുഞ്ഞിനേയും എടുത്തുകൊണ്ട് വന്നു നിന്ന് എന്തെങ്കിലും തരണേ എന്ന് ബസ്സിലേക്ക് നോക്കി അപേക്ഷിക്കുകയാണ്. എന്‍റെ കൂട്ടുകാരി ഞാനെവിടെ എന്ന് തിരഞ്ഞിട്ട്‌ ആ കുട്ടിയോട് എന്നെ ചൂണ്ടിയിട്ടു പറഞ്ഞു, ദാ ആ ചേച്ചിയോട് ചോദിക്കൂ പത്ത് രൂപാ തരും എന്ന്. ബസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു. ഞാനും ചിരിച്ചു. എന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു, ഞാന്‍ നിര്‍ത്തി, നിര്‍ത്തി അച്ചടി കഴിഞ്ഞു, ഇനിയില്ലേ എന്ന്. കളിയാക്കി ചിരിയുടെ ഘോഷം തന്നെയായിരുന്നു പിന്നെ, ഓരോരുത്തരും ഒന്നും രണ്ടും പറഞ്ഞ് അതിന്മേല്‍ വീണ്ടും വീണ്ടും ചിരികള്‍ ഉയര്‍ന്നു. ആരും താഴെ നിന്ന ആ കുട്ടിയെ നോക്കിയില്ല. ബസ്സ് പുറപ്പെടാന്‍ പിന്നോട്ടെടുത്തു. ഞാന്‍ എന്‍റെ ബാഗൊക്കെ ഭദ്രമാക്കി മുകളില്‍ കയറ്റി വെച്ചിട്ട് കമ്പിളിയും പുതച്ച് ഇരുന്നു. ബസ്സ് ഓടി തുടങ്ങി. അപ്പോഴാണ്‌ എന്‍റെ ജന്നലിനു താഴെ ഒരു മുട്ട് കേട്ടത്. ഞാന്‍ ഞെട്ടി താഴോട്ടു നോക്കി. ആ പെണ്‍കുട്ടിയാണ്! അവള്‍ പോയിരുന്നില്ല. ആ കുഞ്ഞിനേയും എടുത്തു അവള്‍ ബസ്സിനു കൂടെ ഒന്ന് ഓടാന്‍ ശ്രമിച്ചു വരികയാണ്. അവള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല, ബസ്സ് വേഗത കൂട്ടി മുന്നോട്ട് പോയി. അടുത്തുണ്ടായിരുന്ന ഏതോ വാഹനത്തിന്‍റെ ഇന്‍ഡിക്കേറ്ററിന്‍റെ മിന്നുന്ന വെളിച്ചത്തില്‍ ഞാനവളുടെ മുഖം കണ്ടു. എന്താണെന്ന് പറയാന്‍ കഴിയില്ല അവിടെ കണ്ടത്. ദൈന്യതയില്‍ കൂടുതല്‍ ഒന്നും കാണാന്‍ കഴിയില്ലല്ലോ. അവള്‍ കരയുന്നുമുണ്ടായിരുന്നു. കുറച്ചു നേരത്തേയ്ക്ക് എനിക്കൊന്നും ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. തലയ്ക്കുള്ളില്‍ ഒരു മൂളല്‍ ആയിരുന്നു. എന്‍റെ കവിളിലൂടെ കണ്ണുനീര് പൊട്ടിയൊഴുകി. എനിക്കെന്നോട് പുച്ഛം തോന്നി. സഹിക്കാന്‍ വയ്യാത്ത അമര്‍ഷവും സങ്കടവും.


@Crying through Rain by Emma Coulter

മടക്കയാത്രയില്‍ മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു, ഒട്ടും തന്നെ ഉറങ്ങാന്‍ കഴിയാതെ. സിഗററ്റ് വലിച്ചു വന്നടുത്തിരുന്ന കൂട്ടുകാരന്‍റെ പുകമണക്കുന്ന സാന്ത്വന വാക്കുകള്‍ക്ക് ഒന്നും എന്നെ ശമിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓരോ തവണ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളോ അലങ്കാര വസ്തുക്കളോ അങ്ങനെ എന്തെല്ലാമോ വാങ്ങി വെറുതേ ആയിരങ്ങളുടെ കണക്കില്‍ അനാവശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഞാന്‍ ആ കുഞ്ഞിനെ ഓര്‍ക്കാറില്ല. അന്ന് അതിന് കിട്ടാമായിരുന്ന പത്ത് രൂപയുടെ മൂല്യം എനിക്കറിയില്ല, ആ ആവശ്യത്തില്‍ ഞാന്‍ എത്തിയിട്ടില്ല. പക്ഷെ എനിക്കത് ഊഹിക്കാന്‍ കഴിയും. ഇല്ലാത്തവരുടെ, ഒന്നും ഇല്ലാത്തവരുടെ പ്രതീക്ഷകള്. ദാനധര്‍മ്മഗുണങ്ങള്‍ ആര്‍ക്കോ വളര്‍ത്താന്‍ വേണ്ടി സമൂഹം സൃഷ്ടിച്ച്, സമൂഹം നിലനിര്‍ത്തുന്നതാണ് ഇങ്ങനെയുള്ളവരെ, ഈ കുഞ്ഞുങ്ങളെ, സ്ത്രീകളെ, വയസ്സായവരെ. അമ്മ പറയാറുണ്ടായിരുന്നത് ശരിയാണ് അസന്തുലിതാവസ്ഥ തന്നെയാണ് ഇവരെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും. രണ്ടു കാളകള്‍ ഉള്ളവന്‍ ഒരു കാളയെ ദാനം ചെയ്യുക എന്നത് പുണ്യ കര്‍മ്മവും സ്വര്‍ഗ്ഗം കിട്ടാനുള്ള ടിക്കറ്റും ആയി പരസ്യപ്പെടുത്തുന്ന മതങ്ങള്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് ജന്മാവകാശങ്ങള്‍ക്ക് വേണ്ടി സമൂഹത്തില്‍ സമരങ്ങള്‍ നടക്കുക. ആരാണ് അത്തരത്തില്‍ വിപ്ലവങ്ങള്‍ നടത്തേണ്ടത്‌.

കരഞ്ഞു തളര്‍ന്നാണ് ആ യാത്ര ഞാനവസാനിപ്പിച്ചത്.

മറ്റൊരു യാത്രയെ പറ്റിയും ഓര്‍മ്മകള്‍ മിന്നുന്നുണ്ട്. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നാണ്. എന്‍റെ, അറിയാതെ ചെയ്ത സ്നേഹപ്രകടനങ്ങളില്‍ ഒന്നെന്ന് ഞാന്‍ കരുതുന്നത്...

അച്ഛന്‍റെ കൂടെ കന്യാകുമാരി കാണാന്‍ പോയതാണ്. ഞാനും അനിയനും അച്ഛനും മാത്രമാണ് പോയത്‌ വീട്ടില്‍ നിന്നും, അച്ഛന്‍റെ ജോലിസ്ഥലത്തെ ആളുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ചത്. പരിചയമുള്ള ആന്‍റിമാരും അങ്കിള്‍മാരും ഒക്കെയുണ്ട്. അമ്മ ധൈര്യമായി ഞങ്ങളെ വിട്ടു, ഞാനന്ന് തീരെ കുട്ടിയാണ്. അപ്പു അതിലും ചെറുത്‌. കന്യാകുമാരിയില്‍ എത്തിയപ്പോഴേക്കും തന്നെ പിന്‍ സീറ്റില്‍ നിന്ന് ഞങ്ങളുടെ അച്ഛനും മറ്റ് അച്ഛന്മാരും ചേര്‍ന്ന് പുളിച്ച മണത്തിലും സ്വരത്തിലും എന്തെല്ലാമോ ആലപിച്ചു തുടങ്ങിയിരുന്നു.

പല സംഘങ്ങള്‍ ആയാണ് ചുറ്റിക്കറങ്ങാന്‍ പോയത്‌. അപ്പുവിനെ അച്ഛന്‍റെ കൂടെ ആക്കിയിട്ട് എന്നെ മറ്റു ചില ആന്‍റിമാര്‍ അവരുടെ കൂട്ടത്തില്‍ കൂട്ടി. ഞാന്‍ പോയി! സസന്തോഷം കുറേ കറങ്ങി നടന്നു. നിറയെ കാഴ്ചകള്‍ കണ്ടു, പ്രധാനമായും കളിപ്പാട്ടങ്ങളും ശംഖും കക്കയും കൊണ്ടുണ്ടാക്കിയ കച്ചവട സാധനങ്ങളും ആയിരുന്നു! ഒക്കെ കണ്ടു, ചിലതൊക്കെ വാങ്ങണം. അച്ഛനെ ഞാന്‍ വഴിയിലൊക്കെ തപ്പുന്നുണ്ട്. കണ്ടാല്‍ വാങ്ങിപ്പിക്കാനുള്ള സാധനങ്ങളുടെ എണ്ണം കൂടി കൂടി വന്നതല്ലാതെ അച്ഛനെ കണ്ടില്ല. അവരുടെ സംഘം മറ്റെവിടെയോ ആണെന്ന് ആരോ പറഞ്ഞു. അവസാനം ഒന്നും വാങ്ങിയതുമില്ല, അച്ഛനെ കണ്ടതുമില്ല! ഞങ്ങളുടെ സംഘം തിരികെ ബസ്സിന്റെ അടുക്കലെത്തി. കുറച്ചു ദൂരത്ത് നിന്ന് എല്ലാവരും വര്‍ത്തമാനം പറയുകയായിരുന്നു. ബസ്സില്‍ നിന്ന് അറിയാവുന്ന ഒരാള്‍ വന്നിട്ട് എന്നോട് ചോദിച്ചു എവിടെയായിരുന്നു, അച്ഛന്‍ എന്തിയേ, അനിയനെ എന്താ കൂട്ടാത്തത് എന്നും മറ്റും! ഞാന്‍ അന്ധാളിച്ചു. അച്ഛന്‍ ബസ്സില്‍ ഉണ്ടായിരുന്നു, അപ്പു അച്ഛന്‍റെ കൂടെയായിരുന്നു എന്നും ഞാന്‍ പറഞ്ഞു. അപ്പു ബസ്സില്‍ ഒറ്റക്കായി പോയത്രേ! എങ്ങനെ അവന്‍ അതില്‍ ഒറ്റക്കായി എന്നത് എന്‍റെ ഓര്‍മ്മയില്‍ ഇല്ല, വ്യക്തമായി അതിന്‍റെ കാരണം അറിയാഞ്ഞത് കൊണ്ടാവും.

പുളിച്ച മണമുള്ള അച്ഛന്മാര്‍ പകുതി ഓര്‍മ്മയില്‍ എങ്ങോട്ടോ പോയതാണ്. മറ്റ് കുട്ടികളുടെ തള്ളമാര്‍ ഉണ്ടായിരുന്നത് കൊണ്ട് അവരെയൊക്കെ സുരക്ഷിതമായി കൂട്ടത്തില്‍ കൂട്ടിയിരുന്നു. ഞാനൊരു 'മാതാവ്' ആയിരുന്നില്ലല്ലോ! അതിനാല്‍ എനിക്കറിയുകയും ഇല്ലായിരുന്നു അപ്പു ഒറ്റക്കായി പോകും എന്നത്! എന്തായാലും ഓടി കിതച്ച് ബസ്സില്‍ എത്തിയപ്പോള്‍ അപ്പു ഉണ്ട് കരച്ചിലോട് കരച്ചില്!അച്ഛനേയും എന്നേയും കാണാതെ അവന്‍ പേടിച്ചു നിലവിളിക്കുകയാണ്. പരിചയമുള്ള അങ്കിള്‍ ആന്‍റി എന്നൊന്നും അറിയാനുള്ള പ്രായമായിരുന്നില്ല അവന്. എന്നെ കണ്ടതും എന്നെ കെട്ടിപ്പിടിച്ചു അവന്‍ പിന്നെയും കരഞ്ഞു. ഞാന്‍ അവന്‍റെ കൂടെ ഒരു ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. എനിക്കും കരച്ചില്‍ വരുന്നുണ്ട്, ചെറുതായിട്ട് ഒന്നുമല്ല, വിങ്ങിപ്പൊട്ടി ഒരു വെള്ളച്ചാട്ടം പോലെ തന്നെ. ചുറ്റിനും കൂടെ നില്‍ക്കുന്നവരൊക്കെ ചിരിയാണ്. അയ്യേ ഇങ്ങനെ പേടിച്ചാലോ അപ്പൂസേ മുതലായ യാതൊരു ദയയും ഇല്ലാത്ത വാക്കുകളും ആയിട്ട്. ഞാന്‍ കരഞ്ഞില്ല. ഞാന്‍ അച്ഛനെ തിരഞ്ഞു. അച്ഛനെ കാണുന്നില്ല. ബസ്സിലില്ല. എല്ലാവരും വന്നാലേ ബസ്സെടുക്കൂ പേടിക്കണ്ട, അടുത്ത സീറ്റിലിരുന്ന ആന്‍റിയുടെ വക ആശ്വാസം ആണ്. ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞു. അപ്പു പരാതിയും പരിഭവവും കരച്ചിലും നിര്‍ത്താതെ തുടരുന്നുണ്ട്, ഞാനവന് എന്തൊക്കെയോ മറുപടിയും കൊടുക്കുന്നുണ്ട്. അച്ഛന്‍ വന്നു തിരികെ. പുളിച്ച അവസ്ഥ കൂടിയെങ്കിലെ ഉള്ളൂ! വന്ന് ഞങ്ങള്‍ രണ്ടാളും ഇരിക്കുന്നത് കണ്ട്, കഴിച്ചോ എന്ന് ചോദിച്ചു. അപ്പു പിന്നേം കരച്ചിലിന് ആക്കം കൂട്ടി. പക്ഷെ അവന്‍ എന്‍റെ അടുത്ത് നിന്ന് അങ്ങോട്ട്‌ പോയില്ല! എനിക്ക് ദേഷ്യമായിരുന്നു. ആ ബസ്സില്‍ ഉണ്ടായിരുന്ന സകല മനുഷ്യരോടും ദേഷ്യം, സഹിക്കാന്‍ പറ്റാത്ത അത്രയും ദേഷ്യം. അച്ഛനോട് പ്രത്യേകിച്ച് എന്താണ് വികാരം എന്ന് പറയണ്ടല്ലോ.

സ്വന്തം എന്നതിന് എങ്ങനേയും കൂടുതല്‍ ലഭ്യമാക്കാന്‍ മനുഷ്യര്‍ വളരെ സ്വാര്‍ത്ഥരാവും എന്ന് ഞാന്‍ അന്നറിഞ്ഞു. എനിക്കിന്ന് അന്നുണ്ടായ സംഭവത്തിന്‍റെ കാരണം അറിയാം. മനുഷ്യന്‍റെ സ്വാര്‍ത്ഥത തന്നെ. യാത്ര ആരംഭിച്ചപ്പോള്‍ ഭക്ഷണം വിളമ്പി. പൊറോട്ടയും മുട്ടക്കറിയും. വിളമ്പാന്‍ തുടങ്ങിയപ്പോള്‍ എല്ലാ അമ്മമാരും അവരവരുടെ കുട്ടികള്‍ക്ക്‌ മുട്ടയും പൊറോട്ടയും എടുത്തു കൊടുത്തു. ഞാന്‍ പോയില്ല. സീറ്റില്‍ നിന്നും ഇറങ്ങി പോയി വാങ്ങിച്ചില്ലെങ്കില്‍ തീര്‍ന്നു പോകും എന്ന കരുതലിന് എനിക്ക് പ്രായമായിരുന്നില്ല അന്ന്. അച്ഛന്‍ ഏറ്റവും പിന്നില്‍ കൂര്‍ക്കം വലിച്ച് ഉറക്കം തുടങ്ങിയിരുന്നു അപ്പോഴേക്കും. വിളമ്പാന്‍ നിന്നയാള്‍ ഏതാണ്ട് അവസാനമാണ് എനിക്കും അപ്പൂനും രണ്ടു പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം കൊണ്ട് തന്നത്. അയാള്‍ സിഗരറ്റ് വലിച്ചിരുന്നു. പുകയുടെ മണം അടിച്ചു കേറുന്ന പശ്ചാത്തലത്തില്‍ ആണ് ഞാനത് ശ്രദ്ധിച്ചത്, രണ്ട് പൊറോട്ടയും ഓരോ മൊട്ടയും ആണ് ഉണ്ടാവേണ്ടിയിരുന്നത്, പക്ഷേ അപ്പൂന്റെ പ്ലേറ്റില്‍ മൊട്ടയില്ല! തീര്‍ന്നു പോയി കാണുമോ? ആരോട് ചോദിക്കും, അവന്‍ പ്ലേറ്റും കൈയ്യില്‍ വെച്ച് എന്നെ കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്. ഞാന്‍ എന്‍റെ പ്ലേറ്റ് അവന് കൊടുത്തിട്ട് അവന്‍റെത് വാങ്ങി. അവന് വാരിക്കൊടുക്കണം എന്നായി അപ്പോള്‍. എന്‍റെ പ്ലേറ്റ് മടിയില്‍ വെച്ചിട്ട് അപ്പൂന് വാരിക്കൊടുത്തു, രണ്ട് പൊറോട്ട തീര്‍ന്നപ്പോള്‍ അവന്‍ വീണ്ടും എന്നെ നോക്കി കണ്ണ് മിഴിച്ചു! ഞാന്‍ എന്‍റെ പ്ലേറ്റിലേതും കൂടെ പിച്ചി അവന് വാരിക്കൊടുത്തു. മുഴുവനും കഴിച്ച് മിടുക്കനായി വയറും വീര്‍ത്ത് കരഞ്ഞു കരഞ്ഞ മുഖവും വീര്‍ത്ത് അവന്‍ എന്‍റെ മടിയില്‍ കിടന്നു.

യാത്ര തുടങ്ങിയിരുന്നു. എനിക്ക് വിശക്കുന്നുണ്ട്. അതും നേരത്തേ വന്ന സങ്കടത്തിന്റെ രണ്ടിരട്ടി വിശപ്പ്‌. ബാഗില്‍ അമ്മ വെച്ച് തന്ന ബിസ്ക്കറ്റ്, ചിപ്സ് ഒക്കെ ആദ്യമേ തീര്‍ന്നു. വെള്ളം മാത്രമുണ്ട്. അത് കുടിച്ചിരുന്നു. ഉറക്കം വന്നില്ല. കുറേയധികം പാട്ടും ബഹളവും ഒക്കെ കഴിഞ്ഞപ്പോള്‍ എല്ലാവരും ഉറക്കമായി. അപ്പു എന്‍റെ മടിയില്‍ വളരെ ശാന്തനായി ഉറങ്ങുന്നുണ്ട്. കന്യാകുമാരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പാതയില്‍ ചില ഇടങ്ങളില്‍ താമര വളര്‍ത്തുന്ന പാടങ്ങള്‍ കാണാം. അങ്ങോട്ട്‌ പോയപ്പോള്‍ ചാടിത്തുള്ളിയാണ് അതൊക്കെ കണ്ടത്. മടക്ക യാത്രയില്‍ വിശപ്പും അമര്‍ഷവും നിരാശയും കൊണ്ടാവും താമരപ്പൂക്കള്‍ക്ക് യാതൊരു ഭംഗിയും ഉണ്ടായിരുന്നില്ല. മുഖത്തേയ്ക്ക് അടിക്കുന്ന കാറ്റിന് തണുപ്പ് പോലുമില്ല. ഞാന്‍ കരയുന്നുണ്ടായിരുന്നു. ഏങ്ങലടിച്ച്. അപ്പൂനെ സങ്കടപ്പെടുത്തിയതിന്, എന്‍റെ വിശപ്പ്‌ തീര്‍ക്കാന്‍ ഭക്ഷണം തരാത്ത ചുറ്റിനും ഉള്ളവരുടെ, ഞങ്ങള്‍ ഒന്നുമറിഞ്ഞില്ലേ എന്ന ക്രൂരത ഓര്‍ത്തിട്ട്, അമ്മയെന്തിയേ വരാഞ്ഞത് എന്നോര്‍ത്തിട്ട്. കരഞ്ഞ് കരഞ്ഞ് ഏങ്ങുമ്പോള്‍ എന്‍റെ കുഞ്ഞനിയന്‍ ഉണരാതിരിക്കാനും അവന്‍റെ മേല്‍ കണ്ണുനീര് വീഴാതിരിക്കാനും മറ്റും ശ്രദ്ധിക്കാനുള്ള കരുതലെനിക്ക് അന്നാവും കൈവന്നത്... അവന്‍റെ വിശപ്പ്‌ മാറ്റിയതിനും കരച്ചില്‍ മാറ്റിയതിനും സന്തോഷം ഉണ്ടായിരുന്നു.

എങ്കിലും മടക്ക യാത്ര മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു.

എരിഞ്ഞു തീര്‍ന്ന ചുരുട്ടിനൊപ്പം ഓര്‍മ്മകളുടെ ആ വെളിച്ചവും അണഞ്ഞു. ഇനി അടുത്തതിനു മറ്റെന്തെങ്കിലും ഓര്‍മ്മയാവും. പുകച്ചുരുളുകള്‍ നോക്കിയിരുന്നാല്‍ തെളിയുന്നത് ഓര്‍മ്മകള്‍ മാത്രമല്ല മുഖങ്ങള്‍ ആണ്. സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച കൂട്ടുകാരന്‍റെ, കരയുന്ന ആ പെണ്‍കുട്ടിയുടെ, ബോധംകെട്ട് ചിരിച്ചു വരുന്ന പുളിച്ച മണമുള്ള അച്ഛന്‍റെ, താമരപ്പൂക്കളുടെ, പേടിച്ചു കരയുന്ന എന്‍റെ കുഞ്ഞപ്പുവിന്‍റെ... മേഘങ്ങള്‍ പോലെ അവ എന്തൊക്കെയോ രൂപങ്ങളാവുന്നുണ്ട്....


Next Story

Related Stories