TopTop
Begin typing your search above and press return to search.

മുസ്ലിം ബ്രദര്‍ഹുഡിന് ലണ്ടന്‍ ഒളിത്താവളം

മുസ്ലിം ബ്രദര്‍ഹുഡിന് ലണ്ടന്‍ ഒളിത്താവളം
ബെല്‍ ട്ര്യൂ
(ഫോറിന്‍ പോളിസി)


മുസ്ലിം ബ്രദര്‍ഹുഡ് പതറുകയാണ്. ആഗസ്റ്റില്‍ നടന്ന കടന്നാക്രമണത്തില്‍ കെയ്റോവിലെ ആസ്ഥാനം ചുട്ടെരിക്കപ്പെട്ടു. നേതാക്കള്‍ ജയിലിലായി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡണ്ട് മുഹമ്മദ് മൊര്‍സിയുടെ പാര്‍ട്ടിക്കെതിരെയുള്ള പുതിയ നീക്കമെന്നനിലയില്‍ ബ്രദര്‍ഹുഡ് പിരിച്ചു വിടാനും സ്വത്ത് കണ്ടുകെട്ടാനും ഈജിപ്ഷ്യന്‍ കോടതി ഉത്തരവിറക്കി.


നിരോധനം പാര്‍ട്ടി പ്രവര്‍ത്തകരെ ഇപ്പോഴും ഈജിപ്തില്‍ ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. പക്ഷെ ഇത് വളണ്ടിയര്‍മാരെ മറ്റിടങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. അതും അസാദ്ധ്യമെന്നു കരുതാവുന്ന ഒരു സ്ഥലത്ത് നിന്നും- വടക്കന്‍ ലണ്ടന്‍.

ബ്രിട്ടന്‍റെ തലസ്ഥാന നഗരിയിലെ വെളിപ്പെടുത്താത്ത ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ പ്രസ് ഓഫീസ് ബ്രദര്‍ഹുഡിന്‍റെ പ്രധാനപ്പെട്ട ഭാഗമായി മാറിയിരിക്കുന്നു. അമേരിക്ക, ഈജിപ്ത്‌, യൂറോപ്പ് എന്നിവിടങ്ങളിലുള്ള ഓഫീസ്സുകളെ ഏകോപിപ്പിച്ച് പത്രപ്രസ്താവനകള്‍ പുറത്തിറക്കുന്നതിനും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നതിനും പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനും ഈ ഓഫീസ് ഉപയോഗിക്കുന്നു. പുതിയ ഈജിപ്ഷ്യന്‍ ഗവണ്മെന്റിനെതിരെ നിയമ പോരാട്ടം നടത്താന്‍ ഏറ്റവും ചിലവേറിയ ബ്രിട്ടീഷ് വക്കീലന്മാരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളടക്കം ഇവിടെയാണ് നടക്കുന്നത്.
ഒരു തരത്തില്‍ പറഞ്ഞാന്‍ ഈജിപ്തിന് പുറത്തെ ബ്രദര്‍ഹുഡിന്‍റെ ചിന്ന വീടാണ് ലണ്ടന്‍. പടിഞ്ഞാറുമായ് സൌഹൃദം കാണിക്കാന്‍ വേണ്ടി 2005 ല്‍ തുടങ്ങിയ ബ്രദര്‍ഹുഡിന്‍റെ 'Ikhwanweb' എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റിന്റെ ഹെഡ് ഓഫീസ് കൂടിയാണിത്. ലോക മാധ്യമങ്ങളിലേക്ക് ഗ്രൂപ്പിന്‍റെ സന്ദേശമെത്തിക്കാനായ് 1990 കളില്‍ തുടങ്ങിയ 'ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍' ആയിരുന്നു ബ്രദര്‍ ഹുഡിന്‍റെ ലണ്ടനിലെ ആദ്യത്തെ അവതാരം.


ബ്രദര്‍ഹുഡിന്‍റെ യൂറോപ്യന്‍ വക്താവായ ഇബ്രാഹിം മുനീര്‍ ലണ്ടനിലാണ് താമസിക്കുന്നത്. കൂട്ട അറസ്റ്റ് തുടങ്ങുന്നതിനു മുന്‍പ് ചികിത്സയ്ക്കുവേണ്ടി വന്ന സെക്കന്‍റ് ഇന്‍ കമാന്‍ഡും ജയിലിനു പുറത്തുള്ള മുതിര്‍ന്ന അംഗവുമായ ഗോമാ അമിന്‍ ഇപ്പോള്‍ ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ്. ബ്രദര്‍ ഹുഡിന്‍റെ ഈ ലണ്ടന്‍ ബ്രാഞ്ച് എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ ഈജിപ്തിലുള്ള തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതത്തെ ഭയന്ന് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ല. കെയ്റോവില്‍ നിന്നും പുറത്തിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍സിന്‍റെ അഭിപ്രായ പ്രകാരം ഈ ബ്രാഞ്ചാണ് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സംഘത്തിന്‍റെ അന്താരാഷ്ട്ര മാധ്യമ സമ്പര്‍ക്കങ്ങള്‍ മുഴുവന്‍ നടത്തുന്നത്.


ബ്രദര്‍ഹുഡ് പ്രവാസികളുടെ സംഘങ്ങളുമായ് ചേര്‍ന്ന് ആഴ്ചതോറും മൊര്‍സിയെ പിന്തുണച്ചു കൊണ്ട് പ്രതിഷേധിക്കുന്നുണ്ട്.നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായ ഒക്‌സ്‌ഫൊര്‍ഡ് സ്റ്റ്രീറ്റില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് നടത്തിയ പ്രതിഷേധം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്ന്' യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വക്താവ്, സല്‍മ, പറഞ്ഞു.

പക്ഷെ ലണ്ടന്‍ ബ്രദര്‍ ഹുഡ് മറ്റൊരു ഭാരിച്ച ജോലികൂടി ഇപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്. ഡയാന രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട വിചാരണയില്‍ മുഹമദ് അല്‍ ഫയദിനെയും 1972 ലെ ബ്ലഡി സണ്‍ഡെ മസാക്കറില്‍ ഉള്‍പ്പെട്ടവരുടെ കുടുംബത്തെയും പ്രതിനിധീകരിച്ച മൈക്കല്‍ മാന്‍സ്ഫീല്‍ഡ് ഉള്‍പ്പെടെയുള്ള ലോക പ്രശസ്തരായ ഒരു കൂട്ടം ബ്രിട്ടീഷ് വക്കീലന്മാരെ ഈജിപ്ഷ്യന്‍ സര്‍ക്കാറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വാദിക്കുന്നതിനായി ചുമതലപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ബ്രദര്‍ ഹുഡിന്‍റെ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയും (FJP) പിരിച്ചുവിടപ്പെട്ട ശൂറാ കൌണ്‍സിലും, പട്ടാളവും ഇടക്കാല ഈജിപ്ഷ്യന്‍ സര്‍ക്കാരും മനുഷ്യസമൂഹത്തിനെതിരെ നടത്തിയ അക്രമങ്ങള്‍ക്കെതിരെ അന്യായം സമര്‍പ്പിച്ചിരിക്കയാണ്. ഓഗസ്റ്റ് 14 ന് മൊര്‍സിയെ അനുകൂലിച്ചു നടന്ന പ്രതിഷേധത്തെ പിരിച്ചുവിടാന്‍ 600 ല്‍ പരം പെരെ കൊന്നത് പോലുള്ള സംഭവങ്ങളിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.


'എനിക്ക് നിര്‍ദ്ദേശം തന്നവര്‍ ഇപ്പോള്‍ ഭരണകൂടത്തിന്‍റെ അക്രമത്തിനിരകളാണ്, പക്ഷെ എഫ് ജെ പിയുടെയോ ശൂറാ കൌണ്‍സിലിന്‍റെയോ അവസാന അംഗവുമായുള്ള ആശയവിനിമയം നഷടപ്പെട്ടാലും ഞാന്‍ എന്‍റെ അന്വേഷണം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും'. ലണ്ടനിലെ പ്രധാനപ്പെട്ട മനുഷ്യാവകാശ നിയമോപദേശകനായ തായബ് അലി പറഞ്ഞു.

'കൃത്യമായ ശ്രേണിബദ്ധമായ സംഘടന സംവിധാനം ഞങ്ങള്‍ക്കുണ്ട്. ചിട്ടയോടെയും എല്ലാറ്റിനെക്കുറിച്ചുമുള്ള ശരിയായ ധാരണയോടെയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്'. ബ്രിട്ടനില്‍ തന്‍റെ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന സല്‍മ ലണ്ടന്‍ ഓഫീസിന്‍റെ പ്രവര്‍ത്തങ്ങളില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ള വിവരം മറച്ചു വെച്ചുകൊണ്ട് പറഞ്ഞു. 'പതിറ്റാണ്ടുകളായി ഞങ്ങള്‍ ഇവിടെയുണ്ട്, ബ്രദര്‍ ഹുഡ് ഈജിപ്തില്‍ മാത്രമുള്ളതല്ല. അതൊരു അന്താരാഷ്ട്ര സംഘടനയാണ്' സല്‍മ കൂട്ടിച്ചേര്‍ത്തു.


തലമുറകളായി ബ്രദര്‍ഹുഡിന്‍റെ ലണ്ടന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസിഡന്‍റ് ഗമാല്‍ അബ്ദുള്‍ നാസര്‍ സംഘടനയെ അടിച്ചമര്‍ത്താന്‍ തുടങ്ങിയ 1950 കളില്‍ തന്നെ നേതാക്കന്മാര്‍ യൂറോപ്പിലേക്ക് പറക്കാന്‍ തുടങ്ങിയിരുന്നു. വാഷിംഗ്ടണിലെ മിഡില്‍ ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ ഫെല്ലോ ആയ ഖലില്‍ അല്‍ അനാനി നിരീക്ഷിക്കുന്നു.

1945 ല്‍ നാസര്‍ നടത്തിയ ബ്രദര്‍ ഹുഡ് അടിച്ചമര്‍ത്തലിന്‍റെ തുടര്‍ച്ചയാണ് ഇന്ന് ഈജിപ്ത് സാക്ഷ്യം വഹിക്കുന്നത്. ഇത് അംഗങ്ങളെ ബ്രിട്ടനിലേക്ക് തിരിച്ചു വരാന്‍ പ്രേരിപ്പിക്കും. കഴിഞ്ഞാഴ്ച്ചയുണ്ടായ കോടതി ഉത്തരവിനു ശേഷം അവര്‍ കൂടുതല്‍ പ്രലോഭിതരായെക്കാം എന്ന് അനാനി വിശ്വസിക്കുന്നു.


മൊര്‍സിയുടെ അധികാരത്തിനു പിറകിലെ ചാലക ശക്തിയായിരുന്ന ഖൈറത് ആല്‍-ഷാറ്റര്‍ ഇന്ന് ജയിലിലാണ്. പ്രസിഡന്‍റിന്‍റെ സഹായിയായിരുന്ന എസ്സം അല്‍ ഹദ്ദാദിനെ ഈജിപ്ഷ്യന്‍ പട്ടാളത്തിന്‍റെ സുരക്ഷാ സേന സെപ്തംബര്‍ മുതല്‍ തടവില്‍ വെച്ചിരിക്കയാണ്. ഇവര്‍ രണ്ടു പേരും 1980 ല്‍ ലണ്ടനില്‍ ഒളിവിലുണ്ടായിരുന്നു.

എസ്സാമിന്‍റെ മകന്‍ അബ്ദുള്ള അല്‍ ഹദ്ദാദ് ഇന്ന് ബ്രദര്‍ ഹുഡിന്‍റെ ലണ്ടന്‍ വിഭാഗത്തിന്‍റെ സജീവമായ അംഗമാണ്. ഹദ്ദാദുമാര്‍ മാത്രമല്ല ലണ്ടനിലെയും കെയ്റോവിലെയും ബ്രദര്‍ ഹുഡിന്‍റെ കണ്ണികളുമായ് ശക്തമായ ബന്ധങ്ങളുള്ള ഒരേയൊരു കുടുംബം. വക്താവായ സല്‍മയുടെ സഹോദരന്മാര്‍ മൊര്‍സിയുടെ പ്രസിഡന്‍ഷ്യല്‍ ടീമിന്‍റെ ഭാഗമായിരുന്നു. അവരിന്നും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സ്ഥലത്ത് തടവിലാണ്.
ലണ്ടനില്‍ സുരക്ഷിതമാണെങ്കിലും വളരെ ശ്രദ്ധയോടെയാണ് ബ്രിട്ടീഷ് മുസ്ലിം ബ്രദര്‍ ഹുഡിന്‍റെ അംഗങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഈജിപ്ഷ്യന്‍ അധികാരികള്‍ ലണ്ടനിലെ ഇസ്ലാമിസ്റ്റുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നന്നായി വീക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ ഇനി മുതല്‍ പേരെടുത്തു ഉദ്ധരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈജിപ്തില്‍ കുടുംബങ്ങളുണ്ട്. സ്വകാര്യ ജീവിതത്തെ എന്‍റെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല, സുരക്ഷയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ജാഗ്രത പാലിച്ചേ പറ്റൂ.


ലണ്ടനിലെ ഈജിപ്ഷ്യന്‍ പ്രവാസികള്‍ ബ്രദര്‍ ഹുഡിനെ അനുകൂലിക്കുന്നവരല്ല. പട്ടാളത്തെ അനുകൂലിച്ചുകൊണ്ട് ലണ്ടനില്‍ മൊര്‍സിക്കെതിരെ എതിരെ പ്രധിഷേധം വരെ നടന്നിട്ടുണ്ട്. ലണ്ടനില്‍ താമസിക്കുന്ന മിക്ക ഈജിപ്തുകാരും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹോസ്‌നി മുബാറക്കിന്‍റെ മുന്‍ പ്രധാനമന്ത്രിയായ അഹമദ് ഷഫീകിനെയാണ് ഇഷ്ടപ്പെട്ടത്. 'ഭൂരിപക്ഷം പേരും മൊര്‍സിക്ക് വോട്ട് ചെയ്തില്ല ' പ്രവാസികളെ ഉദ്ദേശിച്ച് സല്‍മ പറഞ്ഞു.


സര്‍ക്കാരിന്‍റെ അടിച്ചമര്‍ത്തല്‍ കാരണം ലണ്ടനിലേക്ക് പറന്ന് ബ്രദര്‍ ഹുഡ് അനുകൂലികള്‍ രക്ഷപ്പെടുന്നത് മൊര്‍സി അനുകൂലികള്‍ പ്രതിയോഗികളുമായ് എണ്ണത്തില്‍ തുല്യരാകുന്നതിനു കാരണമായേക്കാം. താനും തന്‍റെ സഹ പ്രവര്‍ത്തകരും ഒടുവില്‍ ഈജിപ്തിലേക്ക് തന്നെ തിരിച്ചു പൊകുമെന്ന് സല്‍മ വിശ്വസിക്കുന്നു. പക്ഷെ അടിച്ചമര്‍ത്തല്‍ കൂടിവരുന്നത് ആ ഒരു നിമിഷത്തെ ദൂരേക്ക് തള്ളുകയാണ്.


'എന്നെപ്പോലുള്ള നൂറുകണക്കിന് ഈജിപ്തുകാര്‍ ലണ്ടനില്‍ നിന്നും നല്ല വിദ്യാഭ്യാസം നേടി ഒരു ജനാധിപത്യ ഈജിപ്ത് നിര്‍മിക്കാന്‍ വേണ്ടി തിരിച്ചു ചെല്ലാമെന്നാണ് വിചാരിച്ചിരിക്കുന്നത്. അതുവരേക്കും ഗവണ്‍മെന്‍റ് ഞങ്ങളെ കുടുംബത്തില്‍ നിന്നും ദൂരെ നിര്‍ത്തുമായിരിക്കും', സല്‍മ പറഞ്ഞു നിര്‍ത്തി.

(കെയ്റോവില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് ബെല്‍ ട്ര്യൂ)

Next Story

Related Stories