TopTop
Begin typing your search above and press return to search.

ഈദുനാളില്‍ വിരുന്നു വന്ന മണങ്ങള്‍

ഈദുനാളില്‍ വിരുന്നു വന്ന മണങ്ങള്‍

അബ്ബാസ് ഒ.എം

പെരുന്നാളിനെന്നും ഒരുപാട് മണങ്ങളായിരുന്നു. പെരുന്നാള്‍ തലേന്ന് ആദ്യം തിരിച്ചറിയുന്ന മണം മൈലാഞ്ചിയിടാനായി പെണ്‍കുട്ടികള്‍ ചക്കയുടെ കറ ഉരുക്കുന്ന മണമായിരുന്നു, പിന്നെയത് നന്നായി അരച്ച മൈലാഞ്ചി ഇലയുടെ മണമായി മാറും. പിന്നെ ഞങ്ങള്‍ ആണ്‍കുട്ടികള്‍ പൊട്ടിക്കുന്ന പടക്കത്തിന്റെ വെടിമരുന്നു മണം, കൂടെ മത്താപ്പുവിന്റെ മണം... അത് തീപെട്ടികൊള്ളി കത്തിക്കുമ്പോഴുള്ള അതേ മണമായിരുന്നു.

നേരം വെളുത്താല്‍ രാവിലെ തന്നെ ഉമ്മ നിര്‍ബന്ധിച്ചു തേച്ചു പിടിപ്പിച്ച കാച്ചിയ എണ്ണയുടെ മണം, പിന്നെ പെരുന്നാളിന് മാത്രം വാങ്ങുന്ന പിയേര്‍സ് സോപ്പിന്റെ മണം, പുത്തനുടുപ്പിന്റെ മണം, പഞ്ഞിയില്‍ തേച്ചു ചെവിയില്‍ വെച്ച അത്തറിന്റെ മണം, വളക്കച്ചവടക്കാരന്റെ കൊട്ടയിലെ പേരറിയാത്ത മണം,

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോള്‍ ഇടവഴികളിലെല്ലാം തങ്ങി നില്‍ക്കുന്നുണ്ടാകും നല്ല പോത്തിറച്ചി വരട്ടിയ മണം, വൈകീട്ട് പെരുന്നാള്‍ കളികള്‍ നടക്കുന്ന വീട്ടില്‍ നിന്നും നല്ല പായസത്തിന്റെ മണം വരും... രാത്രി, ഉച്ചക്കുണ്ടാക്കിയ ഇറച്ചി വീണ്ടും ചൂടാക്കുമ്പോള്‍ വരുന്ന മണം ഉച്ചക്കത്തെ മണത്തെക്കാളും ഹൃദ്യമായി തോന്നും.

പെരുന്നാള് കഴിയുന്നതോടെ ജീവിതം വീണ്ടും ഉണക്കമീനിന്റെയും സാമ്പാറിന്റെയും മണങ്ങളിലേക്ക് തന്നെ തിരിച്ചു പോകും.

പ്രവാസ പെരുന്നാളുകള്‍ക്ക് മരുഭൂമിയുടെ അതേ മണമാണ്. അതുകൊണ്ട് ഈ പെരുന്നാള്‍ നാളിലും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത് പണ്ടെന്നോ അനുഭവിച്ചറിഞ്ഞ കുറെ നല്ല മണങ്ങള്‍ തന്നെയാണ്.

പെരുന്നാളായത് കൊണ്ടാവാം ഓര്‍മ്മകള്‍ തേടി ചെന്നത് പഴയ സ്‌കൂള്‍ കാലത്തെ കളികൂട്ടുകാരിലേക്കാണ്.

കൂട്ടത്തില്‍ ഏറ്റവും ധനികനായ ലെജനെന്നും ബിസ്‌കറ്റിന്റെ മണമായിരുന്നു, സുമിക്ക് റോസാ പൂവിന്റെയും, അമ്പലവാസിയായ രാധികയ്ക്ക് കര്‍പ്പൂരത്തിന്റെ മണവും.

ജൈംസിനു റബ്ബര്‍ പാലിന്റെയും മീന്‍കാരന്‍ ദാസേട്ടന്റെ മകന്‍ അനിലിനു പച്ചമീനിന്റെയും മണമായിരുന്നു. ജ്യോതിക്കെപ്പോഴും കുട്ടികൂറ പൌഡറിന്റെ മണം, പള്ളിയിലെ ഉസ്താതിന്റെ മകന്‍ റഷീദിന് എന്നും വിലകുറഞ്ഞ അത്തറിന്റെ മണമായിരുന്നു.

മുറ്റത്ത് വലിയൊരു പേരക്ക മരമുള്ള റഷീദിന് എപ്പോഴും പേരക്ക മണമായിരുന്നു, എന്നും മുടിയിലൊരു തുളസിയില വെച്ചു വരുന്ന അശ്വതിക്ക് തുളസിയുടെ മണം തന്നെയായിരിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഉപ്പ ഗള്‍ഫിലുള്ള മന്‍സൂറിനു ഏതോ ഗള്‍ഫ് സ്‌പ്രേയുടെ മണം, എന്നും ബെല്ലടിച്ചിട്ടു മാത്രം ക്ലാസില്‍ എത്തുന്ന രാജേഷിനു വിയര്‍പ്പു മണമായിരുന്നു. മാങ്ങ കച്ചവടക്കാരന്റെ മകന്‍ ബെന്നിക്ക് കണ്ണിമാങ്ങയുടെ മണം. ചാമ്പക്ക സീസണില്‍ മാത്രം ചാമ്പക്കയുടെ മണമുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു, അവളുടെ പേര് മറന്നു പോയി, അവളുടെ ബാഗില്‍ എന്നും ഞങ്ങള്‍ക്കായി കുറച്ചു ചാമ്പക്കയുണ്ടാകും, എനിക്ക് തോന്നുന്നത് ഞങ്ങള്‍ക്ക് കൊണ്ട് വരുന്നതിലും കൂടുതല്‍ അവള്‍ ഒറ്റക്ക് തിന്നാറുണ്ടായിരുന്നു എന്നാണ്. അല്ലാതെ എങ്ങനെയാ അവള്‍ക്കാ ചാമ്പക്ക മണം കിട്ടുന്നത്? എനിക്ക് ശരിക്കുണങ്ങാത്ത യൂണിഫോമിന്റെ പൂപ്പല്‍ മണമാണെന്ന് പറയും റസിയ എപ്പോഴും. റസിയക്കു മാത്രം പ്രത്യേകിച്ചൊരു മണമില്ലായിരുന്നു, കാരണം അവളെന്റെ മഞ്ചാടിക്കുരുവായിരുന്നു. മഞ്ചാടിക്കുരുവിന് പ്രാത്യേകിച്ച് മണമൊന്നുമില്ലല്ലോ.

ഇന്ന് എന്റെ കൂട്ടുകാരില്‍ പലര്‍ക്കും കൂലിപ്പണിക്കാരന്റെയും കച്ചവടക്കാരന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയുമൊക്കെ മണമാണ്. കൂട്ടുകാരികളില്‍ പലര്‍ക്കും അടുക്കളയുടെ മണവും.

ഞാന്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ എന്നെ അവര്‍ക്ക് മണക്കുന്നതു Givenchy പെര്‍ഫ്യുമിന്റെ മണമാണ്. അവര്‍ക്കറിയില്ല, അതല്ല ഒരു ശരാശരി പ്രവാസിയുടെ മണമെന്ന്. കാരണം അവരെന്നെ നാട്ടില്‍ വച്ചേ കാണുന്നുള്ളൂ. പ്രവാസിയുടെ യഥാര്‍ത്ഥ മണം മരുഭൂമിയുടെ മണമാണെന്നും മരുഭൂമിക്കു വിയര്‍പ്പിന്റെ മണമല്ലാതെ മറ്റൊരു മണമില്ലെന്നും അവര്‍ക്കറിയില്ലല്ലോ.


Next Story

Related Stories