TopTop
Begin typing your search above and press return to search.

വാര്‍ ചോഡ്നാ യാര്‍ : സന്ദേശം മാത്രം മതിയോ?

വാര്‍ ചോഡ്നാ യാര്‍ : സന്ദേശം മാത്രം മതിയോ?

വാര്‍ ചോഡ്‌നാ യാര്‍ എന്ന സിനിമയില്‍ നവാഗത എഴുത്തുകാരനും സംവിധായകനുമായ ഫറാസ് ഹൈദറിന് വളരെ രസകരവും എന്നാല്‍ നാശോന്‍മുഖവുമായ ഒരു ഇതിവൃത്തമുണ്ട്. പക്ഷെ, അതിനെ കൃത്യമായി ഉപയോഗിക്കാന്‍ അദ്ദേഹമൊട്ടു ശ്രമിച്ചതുമില്ല, അത്തരത്തിലൊരു വിഷയം കൈകൈര്യം ചെയ്യുമ്പോള്‍ വേണ്ടിയിരുന്ന അത്ര വിധ്വംസക കാര്യങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഒരു തന്റേടവും അദ്ദേഹം കാണിച്ചില്ല. അതിന്റെ ഉല്‍പന്നമാണ്, ഏതാണ്ടൊക്കെ ബോറടിപ്പിക്കുന്ന ഈ വാര്‍ ചോട്‌നാ യാര്‍.

ദേശീയതയും യുദ്ധവുമൊക്കെ ഒരു വികാരമായി കൊണ്ടു നടക്കുന്ന ഒരു രാജ്യത്ത് യുദ്ധവിരുദ്ധമായ ഒരു സിനിമയെടുക്കുക എന്നതു തന്നെ ബുദ്ധിമുട്ടാണ്. ഇതിനെ തമാശവല്‍കരിക്കുന്നതു കൂടിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ഇരു രാജ്യങ്ങളുടേയും പട്ടാള സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു കോമഡി സിനിമയാണ് വാര്‍ ചോട്‌നാ യാര്‍. ഇരുവരും തമ്മിലുള്ള ബന്ധം ഇതു വരെ ഹിന്ദി സിനിമകളില്‍ നാം കണ്ടിട്ടുള്ളതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇരു കൂട്ടരും തമ്മിലുള്ള ശത്രുതയുടെ കഥയേ അല്ലിത്. ക്യാപ്റ്റന്‍ രാജും (ശര്‍മന്‍ ജോഷി) ക്യാപ്റ്റന്‍ ഖുറേശിയും (ജാവേദ് ജാഫ്‌റി) ശത്രുപക്ഷത്തുള്ളവരാണെങ്കിലും അതിര്‍ത്തിയിലിരുന്ന് പരസ്പരം 'ടാഷും' അന്താക്ഷരിയും കളിച്ചിരിക്കുന്നവരാണ്. എപ്പോഴും പരസ്പരം കളിയാക്കിയും പാരവെച്ചു കൊണ്ടുമിരിക്കുന്നവര്‍. രാഷ്ട്രത്തലവന്‍മാരും രാഷ്ട്രീയക്കാരും ചൈനയേയും യു.എസിനേയും പോലെയുള്ള വന്‍ശക്തികളുമാണ് ഇരുഭാഗത്തും ശത്രുത വളര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇവര്‍ നമ്മെ ഒര്‍മിപ്പിക്കുന്നു.

ജെ.പി ദത്ത ശൈലിയില്‍ നിന്നും വ്യത്യസ്തമായി പട്ടാളക്കാരെ ചിത്രീകരിക്കുന്നത് തീര്‍ച്ചയായും രസകരമാണ്. പാകിസ്താനികളെ ഭീകരവല്‍കരിക്കുന്നില്ല എന്നതും അങ്ങനെ തന്നെ. ഭരണകൂടങ്ങള്‍ യുദ്ധങ്ങള്‍ അനിവാര്യമാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന സേനയെ പ്രഹസനവല്‍കരിക്കുമ്പോള്‍ അതില്‍ ഫലിതവും വിധ്വംസക കാര്യങ്ങളും ഒക്കെ ആകാമായിരുന്നു. പക്ഷെ, അത്തരത്തിലുള്ള ഒന്ന് ഈ സിനിമയില്‍ കാണാനാവില്ല. ഒരു സെയ്ഫ് പ്ലേക്കു വേണ്ടി ഹൈദര്‍ പാകിസ്താനി ആര്‍മിയെ മാനുഷികമായി സമീപിക്കുമ്പോള്‍ തന്നെ അവരോട് ഒരു വല്ല്യേട്ടന്‍ മനോഭാവം വെച്ചു പുലര്‍ത്തുന്നു. ഇന്ത്യന്‍ സേന കൂടുതല്‍ ശക്തവും ദേശസ്‌നേഹമുള്ളവരും ആകുമ്പോള്‍ മറുവശത്തുള്ളവര്‍ ഒരു കൂട്ടം ജോക്കര്‍മാരായി ചിത്രീകരിക്കപ്പെടുന്നു. പാകിസ്താന്‍ സേനയെക്കുറിച്ച് മോശം ആളുകള്‍ എന്ന അര്‍ത്ഥത്തിലുള്ള നിലവിലെ വാര്‍പ്പുമാതൃകകള ഈ സിനിമ മാറ്റി എഴുതുന്നുവെന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷെ, അത് 'ശത്രുവില്‍ നിന്ന് കോമാളി'' യിലേക്കുള്ള ഒരു മാറ്റിയെഴുത്ത് മാത്രമാണ്. അല്ലാതെ 'ശത്രുവില്‍ നിന്ന് തുല്യരി'ലേക്കുള്ള മാറ്റിയെഴുത്തല്ല.

കൊള്ളാവുന്നതെന്നു പറയാന്‍ പറ്റുന്നത് ജാവേദ് ജഫ്‌റിയുടെ പാകിസ്താനി ആര്‍മി ക്യാപ്റ്റന്‍ ഖുറേഷിയാണ്. ആ കഥാപാത്രത്തിന്റെ ഹാസ്യത്തിലുള്ള ടൈമിങ് വളരെ മികച്ചതാണ്. സഞ്ചയ് മിശ്ര അവതരിപ്പിച്ച സീനിയര്‍ കമാന്ററുടെ ചില നിമിഷങ്ങളും നന്നായിരിക്കുന്നു. മറ്റുള്ളവര്‍ - ശര്‍മന്‍ ജോഷി, സോഹാ അലി ഖാന്‍, ദലിപ് ടാഹ്ലി (നാലു വേഷങ്ങളില്‍) - അവതരിപ്പിച്ചതിലൊന്നും തന്നെ കാഴ്ചക്കാരന്റെ ഓര്‍മയില്‍ നില്‍ക്കത്തക്ക വിധമുള്ള യാതൊന്നും ഇല്ല.

തേരേ ബിന്‍ലാദനെപ്പോലെ തന്റേടത്തോടെയെടുത്ത ഒരു സിനിമ ഇതിനു മുമ്പ് വെള്ളിത്തിരയില്‍ ഉണ്ടായിരുന്നുവെന്ന് പരിഗണിക്കുമ്പോള്‍ ഈയൊരു വിഷയത്തിലെടുക്കുന്ന സിനിമയില്‍ നിന്നും നാം അല്‍പം കൂടിയൊക്കെ പ്രതീക്ഷിച്ചതാണ്. ഈ സിനിമയുടെ ഒരു മുതല്‍ക്കൂട്ടെന്നു പറയാവുന്നത് അതിലെ യുദ്ധവിരുദ്ധ സന്ദേശം മാത്രമാണ്. പിന്നെ ഇന്ത്യന്‍ - പാകിസ്താനി പട്ടാളക്കാര്‍ക്കിടയിലെ അസാധാരണമായ സൗഹൃദവും. പക്ഷെ, ഒരു മികച്ച സന്ദേശം ഉണ്ടെന്നുള്ളതു മാത്രം ഒരു സിനിമയെ നല്ല സിനിമയാക്കുന്നില്ല.


Next Story

Related Stories