TopTop
Begin typing your search above and press return to search.

ഓണ്‍ലൈനില്‍ പരദൂഷണം പറയല്ലേ...

ഓണ്‍ലൈനില്‍ പരദൂഷണം പറയല്ലേ...

(ഗ്ലോബല്‍ ടൈംസ്)അമേരിക്കന്‍ സപ്ലയറുമായുള്ള കച്ചവടം ഉറപ്പിക്കാന്‍ വേണ്ടി സിനോപെകിലെ വനിത ഉദ്യോഗസ്ഥ അയാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു തയ്യാറായി എന്ന കിംവദന്തി പരത്തിയതിന്‍റെ പേരില്‍ ഷാങ്ഹായ് ലാബിന്‍ഫൊ ടെക്നോളജീസ് പ്രസിഡന്‍റ് ഫു സ്യൂഷങ്ങിനെ ഷാങ്ഹായ് പോലീസ് കസ്റ്റഡിയിലെടുത്തു. അപവാദങ്ങള്‍ ബ്ലോഗ്‌ ചെയ്ത ലിയൂ ഹു എന്ന പത്രപ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്. കിംവദന്തികള്‍ക്കെതിരായ ശക്തമായ നടപടികള്‍ പോലീസ് ഇപ്പോളും തുടരുകയാണ്.

ഈ നീക്കത്തെ അനുകൂലിച്ചുകൊണ്ട് നെറ്റിസന്‍സ് മുന്നോട്ടുവന്നു കഴിഞ്ഞു. കിംവദന്തികള്‍ തടയുക എന്നത് ഏതൊരു സമൂഹത്തിന്‍റെയും ആവശ്യകതയാണ്. സൈബര്‍ലോകവും ഈ മൂല്യം കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇതേസമയം, പോലിസിന്‍റെ നീക്കം സൈബര്‍ സ്വാന്തന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് വാദിക്കുന്ന ഒരുപക്ഷവും എതിര്‍പ്പുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. അധികാരികളെക്കൊണ്ട് സത്യം പറയിക്കുന്നതിന് കിംവദന്തികള്‍ ശക്തമായ ആയുധമാണെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ ഇത്തരം ആളുകള്‍ നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

ഇന്‍റെര്‍നെറ്റിലെ കിംവദന്തികളെക്കുറിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിരവധി സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്; നിലവില്‍ സമൂഹത്തിലുള്ള നിയമവാഴ്ച സൈബര്‍ലോകത്തും ബാധകമാക്കേണ്ടിയിരിക്കുന്നു.

പോലീസ് അധികാരികള്‍ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരായി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. സൈബര്‍ലോകത്തെ നിയമവാഴ്ചയെ നിശബ്ധമായെങ്കിലും അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഓണ്‍ലൈന്‍ പരദൂഷണങ്ങളെ ഇപ്പോഴത്തെ രീതിയില്‍ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ കുറേയധികം ആളുകള്‍ തീവ്ര നിലപാടുകാര്‍ക്കെതിരെ രംഗത്ത് വരും. അത് പതുക്കെ പതുക്കെ സൈബര്‍ അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും.

ഇന്‍റെര്‍നെറ്റിലൂടെ നുണപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരായ നിയമങ്ങള്‍ ശക്തിപെടുത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. പോയകാലത്തിലെ അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊണ്ട് കിംവദന്തികള്‍ക്കെതിരായ ഈ യുദ്ധത്തില്‍ നീതിയും ന്യായവും ഉറപ്പുവരുത്താന്‍ ചൈന പ്രാപ്തമാണ്.

ആഗോള ശ്രദ്ധ നേടിയ ബോ ക്സിയാലി കേസ് നിയമവാഴ്ച്ച ശക്തമായി പിന്തുടരുന്നതിന്‍റെ മികച്ച ഉദാഹരണമാണ്. ഒന്നോ രണ്ടോ പ്രധാന ഓണ്‍ലൈന്‍ കിംവദന്തി കേസുകള്‍ തിരഞ്ഞെടുത്ത് സുതാര്യമായ വിചാരണ നടത്തി സമൂഹത്തിനു ഇത്തരം കേസുകളെക്കുറിച്ചും അവയുടെ ശിക്ഷകളെക്കുറിച്ചും ബോധ്യമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

അതുപോലെതന്നെ മുഖ്യധാരാമാധ്യമങ്ങള്‍ ഇത്തരം കിംവദന്തികള്‍ പ്രചരിക്കുന്നത് തടയാന്‍തക്കവണ്ണം തങ്ങളുടെ പ്രവര്‍ത്തനരീതി കൂടുതല്‍ ലളിതവും സുതാര്യവുമാക്കേണ്ടിയിരിക്കുന്നു. ഇത് സാവധാനത്തില്‍ നടപ്പിലാക്കുന്ന പരിഷ്ക്കരണ നടപടികളിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. എന്നാല്‍ കിംവദന്തികളോട് അപ്പപ്പോള്‍ തന്നെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്.

ഈ നടപടികളുടെ ഉദ്ദേശം കിംവദന്തികള്‍ തടയുക എന്നത് മാത്രമല്ല; അതിലുപരി സൈബര്‍ലോകത്ത്‌ മൂല്യാധിഷ്ടിതവും ആരോഗ്യപരവുമായ അന്തരീക്ഷം നിലനിര്‍ത്തുക എന്നതുകൂടിയാണ്. എന്നാല്‍ ഇതിനു കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്‌. കഴിഞ്ഞ ഒരു ദശാബ്ദമായി ചൈനയില്‍ ഇന്റര്‍നെറ്റ്‌ വളര്‍ന്നുകൊണ്ടിരിക്കുന്നു; പഴയകാലത്തെ തടസ്സങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് പുതിയ അദ്ധ്യായത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സുപ്രധാനമായ ഘട്ടത്തെയാണ് ചൈനയിലെ സൈബര്‍ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.Next Story

Related Stories