TopTop
Begin typing your search above and press return to search.

യൂറോപ്പിനുമേല്‍ ജര്‍മ്മന്‍ പടയോട്ടം

യൂറോപ്പിനുമേല്‍ ജര്‍മ്മന്‍ പടയോട്ടം

ജിം ഒ'നീല്‍

ആര്യന്‍ റോബന്‍ നേടിയ വിജയ ഗോളില്‍ ബയേന്‍ മ്യൂണിക്ക് അഞ്ചാം തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയെങ്കിലും ജര്‍മ്മന്‍കാര്‍ ഒന്നു വിതുമ്പിയിരിക്കണം. കാരണം തോറ്റതും ഒരു ജര്‍മ്മന്‍ ടീം തന്നെ, ബോറൂഷ്യ ഡോര്‍ട്മുണ്ട്. ആദ്യമായി ചാംപ്യന്‍സ് ലീഗ് കലാശക്കളി ഒരു ജര്‍മ്മന്‍ ഇടപാടായി. യൂറോപ്പിനുമേല്‍ ജര്‍മ്മനി ഇത്ര ആധികാരികമായി മറ്റെന്താണ് നേടിയിട്ടുള്ളത്. പുല്‍മൈതാനത്തില്‍ മാത്രമല്ല യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥക്കു മേലും ജര്‍മ്മനിയുടെ രഥചക്രങ്ങള്‍ ഹുങ്കാരത്തോടെ ഉരുളുകയാണ്. ഒരുപക്ഷേ, 1919-ല്‍ അപമാനഭാരത്തോടെ വെഴ്സൈല്‍ ഉടമ്പടിയിലെ വ്യവസ്ഥകള്‍ക്ക് കീഴെ ഒപ്പുവെക്കുമ്പോള്‍ ജര്‍മ്മനി കുറിച്ചിട്ട കണക്കുകള്‍, ഒന്നൊന്നായി തീര്‍ക്കുന്നതിന്റെ ഒരു ഗൂഢമാം നിര്‍വൃതി ഇല്ലാതിരിക്കുന്നതെങ്ങിനെ!

യുഏഫ ചാംപ്യന്‍സ് ലീഗ് സോക്കറിന്റെ 58- കിരീടപ്പോരാട്ടം ഈ അടുത്ത കാലത്തായി ജര്‍മ്മനിയിലെ പന്തുകളി ക്ളബ്ബുകള്‍ നേടിയിട്ടുള്ള ക്രമമായ വളര്‍ച്ചയുടെ കൂട്ടപ്പൊരിച്ചിലാണെന്ന് പറയാം. ആരെയെങ്കിലും, എങ്ങനെയെങ്കിലും തോല്‍പ്പിച്ചല്ല, മറിച്ച് സമകാലിക ക്ലബ്ബ് ഫൂട്ബോളിലെ രാജാക്കന്മാരെയും രാജകുമാരന്മാരെയുമാണ് കലാശക്കളി കളിച്ച രണ്ടു ടീമുകളും തങ്ങളുടെ ഇവിടം വരെയുള്ള മുന്നേറ്റത്തില്‍ തറപറ്റിച്ചത് . ലോക ക്ളബ് ഫുട്ബോളില്‍ കിരീടങ്ങള്‍ക്കുള്ള യുദ്ധങ്ങള്‍ തങ്ങള്‍ തമ്മില്‍ മാത്രമാണെന്ന് കരുതിയ ബാഴ്സിലോണയും, റയല്‍ മാഡ്രിഡുമാണ് ജര്‍മ്മന്‍ ടീമുകളുടെ വന്യമായ ആക്രമണത്തില്‍ വീണുപോയത്. ജര്‍മ്മന്‍ ബ്ളിറ്റ്സ്ക്രീഗ്, സ്പാനിഷ് ഫ്ളമംഗോയുടെ താളച്ചുവടുകളെ തകര്‍ത്തു. സ്പെയിനിലെ മാത്രമല്ല ഇറ്റലിയിലെയും, ബ്രിട്ടനിലെയും, താര ക്ളബ്ബുകള്‍ക്കുള്ള സന്ദേശം കൂടിയാണ് ഈ വിജയം. കരളുറപ്പിന്റെയും, വേരുറപ്പിച്ച കരുത്തിന്റെയും സന്ദേശം.

അതുകൊണ്ടു മാത്രമായില്ല, ഡോര്‍ട്മുണ്ടും മ്യൂണിക്കും രണ്ടു തരത്തിലുള്ള ക്ളബ്ബുകളാണ്. ജര്‍മ്മനിയുടെ പഴയ വ്യവസായ ഹൃദയഭൂമിയെയാണ് ഡോര്‍ട്മുണ്ട് പ്രതിനിധാനം ചെയ്യുന്നത്. ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കാകട്ടെ സമ്പദ്സമൃദ്ധമായ ഒരു ആധുനിക കേന്ദ്രമാണ്. രാജ്യത്തെ തീര്‍ത്തൂം വൈവിധ്യമാര്‍ന്ന വിവിധ നഗരങ്ങളില്‍ അതിന്റെ ശക്തി വേണ്ടവിധത്തില്‍ വ്യാപനം ചെയ്തു അല്ലെങ്കില്‍, സന്നിവേശിപ്പിച്ചു എന്നതാണ് ജര്‍മ്മനിയുടെ സാമ്പത്തിക വിജയത്തിന്റെ കാതല്‍ എന്നുവേണം പറയാന്‍. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ ഈ പ്രവണത കാണാനാവില്ല. ജര്‍മ്മനിയിലെ ഹാംബര്‍ഗ് നഗരത്തെ നോക്കൂ; ഒരിക്കല്‍ വടക്കന്‍ ഇംഗ്ളണ്ടിലെ നഗരങ്ങളില്‍ പലതിനെയും പോലെ എഴുതിത്തള്ളിയതാണ് ഈ നഗരത്തെയും. എന്നാല്‍, ഉയര്‍ന്നു വരുന്ന ലോക വിപണികളിലേക്ക്, പ്രത്യേകിച്ചും ചൈനയിലേക്ക്, വന്‍തോതില്‍ കയറ്റുമതി നടത്തുന്നതില്‍ ജര്‍മ്മനി വിജയിച്ചതോടെ, ഹാംബര്‍ഗിന്റെ മുഖച്ഛായ മാറി. ഇന്നത് തുടിക്കുന്നൊരു ആധുനിക നഗരമാണ്.


photo courtesy: FC Bayern Munich

ശരിയായ സാമ്പത്തിക നയങ്ങളും നടപടികളും ഈ വിജയങ്ങളില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യൂറോപ്യന്‍ ലീഗില്‍, കാണികളില്‍ നിന്ന്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ലീഗ് ജര്‍മ്മനിയിലെയാണ്. ബ്രിട്ടീഷ് പ്രീമിയര്‍ ലീഗിനെ വരെ അവര്‍ ഇക്കാര്യത്തില്‍ പിന്തള്ളി. മിക്ക ജര്‍മ്മന്‍ ക്ളബ്ബുകളുടെയും ഉടമകള്‍ ജര്‍മ്മന്‍കാര്‍ തന്നെയാണ്. കടം വാങ്ങിയ കാശുകൊണ്ട് കളിക്കാരെ വാങ്ങില്ലെന്ന കര്‍ശനമായ സാമ്പത്തിക നയവും ഇവര്‍ക്കുണ്ട്. ആഗോള വ്യവസായ മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാല്‍, വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വേതനമായി നല്‍കുന്നുള്ളൂ; ചെലവ് കുറക്കുന്നു എന്നര്‍ത്ഥം.

എന്നാല്‍, പകിട്ടും പത്രാസുമുള്ള മറ്റ് പല ലീഗുകളുടെയും കഥ വ്യത്യസ്തമാണ്. കരുത്തിന്റെ കാര്യത്തിലാണെങ്കില്‍ റയാലോ, ബാഴ്സിലോണയോ എന്ന ഒരൊറ്റ തര്‍ക്കം മാത്രമാക്കി, വെറുമൊരു രസംകൊല്ലി കളിയായി മാറി സ്പാനിഷ് ലീഗ്. ചെലവ് ചുരുക്കലിന്റെ കാര്യമെടുത്താല്‍, സ്പാനിഷ് ബാങ്കുകള്‍ പണം വാരിക്കൊടുക്കുന്നത് നിര്‍ത്തിയതോടെ ക്ളബ്ബുകള്‍ പ്രതിസന്ധിയിലാകുമെന്ന അവസ്ഥയിലാണ്. വിധി ദിനങ്ങള്‍ കാളപ്പോരാളികളെ കാത്തിരിക്കുകയാണ്.

ഒരിക്കല്‍ പ്രതാപികളായിരുന്ന ഇറ്റാലിയന്‍ ഫുട്ബോള്‍ ഇന്ന് പഴയ കാലത്തിന്റെ നിഴല്‍ പോലുമല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കുറിച്ച് എവിടെനിന്ന്, എന്തു പറഞ്ഞാണ് തുടങ്ങേണ്ടത്? ലോക വിപണിയിലെ സ്വാധീനം കൊണ്ട് അതിന് വരുമാനത്തിന്റെ കാര്യത്തില്‍ മുട്ടുണ്ടായില്ല. എന്നാല്‍ സാധാരണ കളിക്കാര്‍ക്കു വേണ്ടിവരെ കോടികള്‍ വാരിയെറിഞ്ഞുകൊണ്ട് പണം ധൂര്‍ത്തടിച്ചു അവര്‍. ഇതാണോ അച്ചടക്കം? ജര്‍മ്മനിയിലെ ബുന്ദേസ്ലിഗയെക്കാള്‍ എത്രയോ കൂടുതലാണ് കളിക്കാരുടെ വേതനത്തിനായി ഇംഗ്ളീഷ് ക്ളബ്ബുകള്‍ വാരിയെറിയുന്നത്. പല ക്ളബ്ബുകളിലും ഇത് ഇരട്ടിയോളം അധികമാണ്.

ഇംഗ്ളീഷ് ക്ളബ് ഫുട്ബോളില്‍ ഒന്നിന്നും ഒരു നിയന്ത്രണവുമില്ല, ഒട്ടേറെ അപര്യാപ്തതകള്‍ ഉണ്ട് താനും. സാമ്പത്തിക ഭദ്രതയോ, പ്രാദേശിക സമൂഹത്തോടുള്ള പ്രതിബദ്ധതയോ ഒന്നും നോക്കാതെയാണ് അവിടെ ക്ളബ്ബുടമകള്‍ ഉണ്ടാവുന്നത്. ഇംഗ്ളീഷ് ലീഗ്, ഇംഗ്ളണ്ടിന്റെ ഫുട്ബോള്‍ രംഗത്തെ എത്രകണ്ട് വളര്‍ത്തുന്നു എന്നതും സംശയകരമാണ്. വിദേശ കളിക്കാരുടെ ബാഹുല്യമാണ് മിക്ക ക്ളബ്ബുകളിലും. ഇത് ദേശീയ ടീമിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനെയാണ് നേരിട്ടുതന്നെ ബാധിക്കുന്നത്. ഒട്ടേറെ വിദേശ കളിക്കാരുണ്ടായിട്ടും ജര്‍മ്മനിയുടെ ദേശീയ ടീം ലോകത്തിലെ തന്നെ മികച്ച സംഘമാണ്. അല്ലെങ്കിലും ദേശീയ മികവുകളുടെ ശാക്തീകരണത്തില്‍ ജര്‍മ്മനി എന്നും മുന്നിലാണ്.

1980-കളിലെ ഇംഗ്ളണ്ടിന്റെ ഏറ്റവും മികച്ച താരമായിരുന്ന ഗാരി ലിനേക്കര്‍ പന്തുകളിയെക്കുറിച്ച് പറഞ്ഞത് ഇംഗ്ളീഷുകാര്‍ക്ക് അത്ര നല്ല തമാശയായി തോന്നാന്‍ ഇടയില്ല. 22 പേര്‍ ഒരു പന്തിന് പിറകെ 90 മിനിട്ടും ഓടുകയും ഒടുവില്‍ ജര്‍മ്മന്‍കാര്‍ ജയിക്കുകയും ചെയ്യുന്ന കളിയെന്നാണ് ലിനേക്കര്‍ പറഞ്ഞത്. ഇതിന്റെ അങ്ങേതലക്കല്‍ നോക്കിയാലോ? യൂറോപ്യന്‍ സാമ്പത്തിക സംവിധാനം: 17 രാജ്യങ്ങള്‍ മത്സരബുദ്ധിയോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ ജര്‍മ്മന്‍കാര്‍ ജയിക്കുകയും ചെയ്യുന്ന ഒരു സംവിധാനം.

എന്നാല്‍, സമ്പദ്ഘടനയുടെ കാര്യത്തില്‍ എന്തായാലും ജര്‍മ്മനി അതിന്റെ പന്തുകളിക്കാരെപ്പോലെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത്ര അശ്വവേഗത്തിലല്ല ഇപ്പോഴുള്ള കുതിപ്പ്. പങ്കപ്പാടിലായ അയല്‍രാജ്യങ്ങളിലേക്കുള്ള ജര്‍മ്മനിയുടെ കയറ്റുമതി ഇടിഞ്ഞിരിക്കുന്നു. ചൈനയുടെ വളര്‍ച്ച താഴോട്ട് പോയത്, ജര്‍മ്മനിയുടെ കയറ്റുമതി വരുമാനത്തെ ശരിക്കും ബാധിക്കും. ആഭ്യന്തര ഉപഭോഗവും വിപണി ആഗ്രഹിക്കുന്നതിലും കുറവാണ്. രാജ്യത്തെ കുടുംബ ബജറ്റുകളില്‍ ചെലവുചുരുക്കലിന്റെ സാമ്പത്തികശാസ്ത്രമാണ് പരീക്ഷിക്കുന്നത്. ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥയും കിതക്കാന്‍ തുടങ്ങിയിരിക്കുന്നു. 1990-കളില്‍ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വേണ്ടത്ര കഴിവും ശേഷിയുമില്ലെന്ന ആരോപണം ജര്‍മ്മനി നേരിട്ടിരുന്നു. അവിടെനിന്നും ഏറെ മുന്നോട്ട് പോയില്ലേ; കാലചക്രം തിരിയട്ടെ.

പഴയ ജര്‍മ്മന്‍ അഹങ്കാരത്തിന്റെ ചുവ വരുന്നുണ്ടോ? അല്ലെങ്കില്‍പ്പിന്നെ, ഈ കിരീടപ്പോരാട്ടത്തിലെ വിജയി മാത്രമല്ല തോറ്റ ടീമും ജര്‍മ്മന്‍കാരാകുമ്പോള്‍ കുറച്ചൊരു ആത്മവിശ്വാസത്തോടെ ഇത്രയും പറയാതിരിക്കുന്നതെങ്ങിനെ.

(വിവര്‍ത്തനം: പ്രമോദ് പുഴങ്കര)

(ബ്ളൂംബര്‍ഗ് ന്യൂസ്)

Next Story

Related Stories