TopTop
Begin typing your search above and press return to search.

ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും - ടി.വി ചന്ദ്രന്‍

ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും - ടി.വി ചന്ദ്രന്‍

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ - സാമുദായിക ചേരിതിരിവുകളെക്കുറിച്ചും അഴിമുഖം പ്രതിനിധി സാജു കൊമ്പനോട് സംസാരിക്കുന്നു.

സാജു: താങ്കള്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് മൂന്ന് സിനിമകള്‍ എടുക്കുകയുണ്ടായി. കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറത്ത്, ഭൂമിയുടെ അവകാശികള്‍.. ഗുജറാത്ത് എന്തുകൊണ്ടാണ് താങ്കളെ ഇത്രയേറെ അസ്വസ്ഥപ്പെടുത്തുന്നത്?

ടി. വി. ചന്ദ്രന്‍: ഗുജറാത്തിനെക്കുറിച്ചുള്ള എന്റെ സിനിമാത്രയമാണ് ഈ മൂന്ന് പടങ്ങളും. 2002 ഫെബ്രുവരി 28നാണ് ഈ മൂന്ന് പടങ്ങളുടെയും തുടക്കം. കലാപം തുടങ്ങിയതിന്റെ പിറ്റേ ദിവസം. കഥാവശേഷന്‍ തുടങ്ങുന്നത് മാര്‍ച്ച് 1-നാണ്. വിലാപങ്ങള്‍ക്കപ്പുറത്ത് ആരംഭിക്കുന്നത് ഫെബ്രുവരി 28നാണ്. അന്നു തന്നെയാണ് ഭൂമിയുടെ അവകാശികളിലെ നായകന്‍ അഹമ്മദാബാദ് നഗരം വിട്ട് ഓടിപ്പോകുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു വ്യക്തിപരമായി എനിക്കു ഇന്‍വോള്‍വ്‌മെന്റ് ഉണ്ടാകാന്‍ കാരണമുണ്ട്. എന്റെ മകന്‍ കലാപ സമയത്ത് അഹമ്മദാബാദിലുണ്ട്. അവന്‍ കലാപത്തിന് ദൃക്‌സാക്ഷിയാണ്. കലാപം തുടങ്ങിയ ദിവസം തന്നെ അവന്‍ അവിടത്തെ കാര്യങ്ങള്‍ എന്നെ വിളിച്ചറിയിച്ചിരുന്നു. കലാപത്തിന്റെ ഭീകരത അന്നുതന്നെ ഞാന്‍ അറിഞ്ഞിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാനവിടെ പോവുകയുണ്ടായി. പ്രധാനമായും മകനെ ആശ്വസിപ്പിക്കാനാണ് പോയത്. തകര്‍ന്ന കെട്ടിടങ്ങളും ഭയവിഹ്വലരായ മനുഷ്യരും... അവന്‍ ഫോണിലൂടെ പറഞ്ഞത് ഞാന്‍ നേരിട്ടനുഭവിക്കുകയായിരുന്നു. ഇതെന്റെ മനസില്‍ വലിയൊരു ആഘാതം ഉണ്ടാക്കി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുണ്ടായിട്ടുള്ള കലാപങ്ങളില്‍ ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്ത ഒരു കലാപമായിരുന്നു ഗുജറാത്തിലേത്. ഒരു സംസ്ഥാന ഗവണ്‍മെന്റ് ഇതിന് പിന്നിലുണ്ടായിരുന്നു. അങ്ങനെയുള്ള സംഭവം രാജ്യത്ത് വേറെയുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇതുകൊണ്ടു തന്നെയാണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും സിനിമ ചെയ്തുകൊണ്ടിരിക്കുന്നത്.

സാ: മോഡി വികസന നായകന്‍ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഗുജറാത്ത് കലാപത്തെ മറക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ മോഡിയുടെ വികസനത്തെ പ്രകീര്‍ത്തിച്ച് കത്തെഴുതുന്നു. മതപുരോഹിതര്‍ മോഡിയെ ചെന്നു കാണുന്നു. അത് വലിയ വാര്‍ത്തയായി മാധ്യമങ്ങളില്‍ വരുന്നു. എന്താണ് മോഡിയുടെ വികസനം?

ച: മോഡി ഒരു മാധ്യമ സൃഷ്ടിയാണ്. ഇന്ന് ഗുജറാത്തില്‍ കാണുന്ന വികസനം മോഡി വരുന്നതിന് മുന്‍പേയുണ്ട്. കാരണം ഗുജറാത്തികള്‍ നല്ല കച്ചവടക്കാര്‍ ആണെന്നുള്ളതാണ്. ലോകം മുഴുവന്‍ അവര്‍ക്ക് വാണിജ്യ സംരംഭങ്ങള്‍ ഉണ്ട്. നേരത്തെ തന്നെ നല്ല റോഡുകളും ഒരുപിടി ബിസിനസ് സ്ഥാപനങ്ങളും അവിടെ ഉണ്ടായിരുന്നു. മുസ്ലീം മത വിഭാഗതില്‍പ്പെട്ട നിരവധി പേര്‍ കച്ചവടരംഗത്തുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ മതരാഷ്ട്രിയത്തേക്കാളുപരി വാണിജ്യരംഗത്തുള്ള മുസ്ലീം സാന്നിധ്യം ഇല്ലാതാക്കുക എന്ന ലക്ഷ്യവും കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നു.

സാ: മോഡിക്ക് കിട്ടുന്ന അമിത പ്രാധാന്യത്തിന് പിന്നില്‍?

ച: മോഡി കേരളത്തില്‍ വന്നതും അമൃതാനന്ദമയിയെ കണ്ടതും വലിയ വാര്‍ത്തയായിരുന്നു. നമ്മുടെ പത്രങ്ങളില്‍ ഒന്നാം പേജ് വര്‍ത്തയും ഫോട്ടോഗ്രാഫുമായി അത് നിറഞ്ഞു നിന്നു. മോഡിക്ക് അമിത പ്രധാന്യം കൊടുക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞതുപോലെ കേരളത്തില്‍ എന്തു പ്രശ്‌നമുണ്ടായാലും മാധ്യമങ്ങള്‍ മൂന്ന് കക്ഷികളെയാണ് ചര്‍ച്ചയ്ക്ക് വിളിക്കുക. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി. ഇവിടത്തെ പ്രധാന സാന്നിധ്യമെന്ന നിലയിലാണ് ബി ജെ പിയെ മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. പല തെറ്റായ കാര്യങ്ങളും അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് മോഡിക്ക് കൊടുക്കുന്ന അമിത പ്രധാന്യം.

നരേന്ദ്ര മോഡിയെ പലരും വിശേഷിപ്പിക്കുന്നത് നരാധമന്‍ മോഡി എന്നാണ്. ഒരു മതവിഭാഗത്തില്‍പ്പെട്ടയാളുകളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കലാപം ഉണ്ടാക്കിയ ആളാണ് അയാള്‍. 3000 മനുഷ്യരെ കുരുതികൊടുത്ത ഒരാളെയാണ് അമൃതാനന്ദമയി കെട്ടിപ്പിടിക്കുന്നത്. ഏറ്റവും വികലമായൊരു ദൃശ്യമാണത്. ഗുജറാത്തില്‍ ആശാറാം ബാപ്പു എന്നൊരു സ്വാമിയുണ്ട്. ഇവിടത്തെ അമൃതാനന്ദമയിയെപ്പോലെയാണ് അവിടെ അയാള്‍. ആറര കോടിയിലധികം അനുയായികളുണ്ട്. അയാള്‍ക്ക് ആശ്രമങ്ങളില്ലാത്ത രണ്ടു സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. വളരെ ഹീനമായ പ്രവൃത്തിക്ക് അയാളിന്നു ജയിലിലാണ്. ഇയാളുടെ അടുത്തു സ്ഥിരമായി പോയിരുന്ന ആളാണ് മോഡി. തൊഗാഡിയായൊക്കെ അയാളുടെ കാല്‍ക്കല്‍ വീഴുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ ഒരുപാട് വന്നിട്ടുള്ളതാണ്.

ഈ അറുപതാം പിറന്നാളിന് കൊടുക്കുന്ന വലിപ്പമെന്താണ്? നമ്മുടെ മുഖ്യമന്ത്രി പറയുന്നത് ലോക സമാധാനത്തിന്റെ കാവലാളാണ് അമ്മയെന്നാണ്. പിന്നെ ഇദ്ദേഹം എന്തിനാണ് ഭരിക്കുന്നത്? എല്ലാം അമ്മയെ ഏല്‍പ്പിച്ചാല്‍ പോരെ? ഇവരെന്താണ്, ഇവര്‍ക്ക് വരുന്ന ഫണ്ട് എവിടെ നിന്നാണ് എന്നൊന്നും ആരും അന്വേഷിക്കാറില്ല. ആശാറാം ബാപ്പു വെളിപ്പെട്ടതുപോലെ എല്ലാ പുറത്തു വരുന്ന കാലം വരയെ ഉണ്ടാകുകയുള്ളൂ ഇത്തരം ആഘോഷങ്ങള്‍.

പണ്ടത്തെ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്‍റ് പോലെ മോഡി രാജ്യത്ത് ജീവിക്കാന്‍ താത്പര്യമില്ലാത്തവരുടെ ഒരു പ്രസ്ഥാനം ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. അത് വളരെ വ്യക്തമായിട്ട് തന്നെ അനന്തമൂര്‍ത്തി പറഞ്ഞുകഴിഞ്ഞു. നമ്മളൊക്കെ മനസ്സില്‍ കരുതുന്ന കാര്യമാണത്. എന്റെ കഥാവശേഷന്‍ അവസാനിക്കുന്നത് ഗുജറാത്തിന് ശേഷം ജീവിച്ചിരിക്കുന്നതിലുള്ള നാണക്കേടില്‍ നായകന്‍ ആത്മഹത്യ ചെയ്യുന്നതിലാണ്. For the shame of being alived as an Indian after Gujarat എന്നു എഴുതിവച്ചുകൊണ്ട്.

സ: മോഡി കി ജെയ് എന്ന് ഏറ്റു വിളിക്കാത്തതിന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ എ ബി വി പിക്കാര്‍ തല്ലിച്ചതച്ച സംഭവത്തെക്കുറിച്ച്...

ച: പൂനയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍കറിനെ വെടിവെച്ചു കോന്നതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍വെച്ചാണ് സംഭവം നടന്നത്. ജയ് ഭീം എന്ന ആനന്ദ് പട്വര്‍ദ്ധനന്റെ സിനിമ കുട്ടികളൊക്കെ ചേര്‍ന്ന് അവിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അത് നമ്മളറിയാന്‍, അടികൊണ്ട അജയന്‍ അടാട്ട് തന്നെ വേണ്ടി വന്നു എന്നതാണ് മാധ്യമങ്ങളുടെ ഏറ്റവും വലിയ പാപ്പരത്തം. എല്ലാ കാര്യങ്ങളെക്കുറിച്ചും നിലവിളിക്കുന്ന മാധ്യമങ്ങള്‍ ഒന്നുകിലത് റിപ്പോര്‍ട് ചെയ്യാന്‍ മടിച്ചു. അല്ലെങ്കില്‍ അവരതറിഞ്ഞില്ല. മോഡി വരുന്നതിനെ ഇത്രയേറെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ പൂനയില്‍ നടന്ന സംഭവം അറിഞ്ഞതായിപ്പോലും നടിച്ചില്ല.

സ: സെന്‍സര്‍ നിയമങ്ങളെ വളരെ മോശമായിട്ടാണ് പലപ്പോഴും ജനാധിപത്യ ഭരണകൂടങ്ങള്‍ പോലും ഉപയോഗിക്കുന്നത്. താങ്കള്‍ ഇതിന്റെ ഇരയായിയിട്ടുണ്ട് പലതവണ. മോഡി കാലത്തെ സെന്‍സര്‍ നിയമങ്ങളെക്കുറിച്ച്...

ച: സെന്‍സര്‍ ബോര്‍ഡിന്റെ ഏറ്റവും വലിയ തമാശ കഴിഞ്ഞ മൂന്നു മാസങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. മാധ്യമങ്ങള്‍ കൊണ്ടുനടന്ന ഒരുടല്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നിറങ്ങി വന്നതാണ്. ഇത്തരം ക്രിമിനലുകളുടെ മുന്‍പിലാണ് നമ്മള്‍ വളരെ കഷ്ടപ്പെട്ട് എടുക്കുന്ന സിനിമകള്‍ കാണിക്കുന്നത്. നമ്മളെ സദാചാരം പഠിപ്പിക്കുന്നത് ഇവരാണ്. ഭൂമിയുടെ അവകാശികളുടെ ചിത്രീകരണം പാതിരാത്രി അഹമ്മദാബാദില്‍ നടക്കുകയാണ്. പെട്ടെന്ന് അവിടേക്ക് പോലീസുകാര്‍ വന്നു. ക്യാമറയും മറ്റും ഒളിപ്പിച്ച് വെച്ചാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. മോഡിക്കെതിരായ സിനിമയാണ് അവിടെ ഷൂട്ട് ചെയ്യുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ ഷൂട്ടിംഗ് പിന്നെ നടക്കില്ലായിരുന്നു. ഭൂമിയുടെ അവകാശികള്‍ കഴിഞ്ഞപ്പോള്‍ പകുതി കളിയായും പകുതി കാര്യമായും മകന്‍ പറഞ്ഞു ഇനി ഗുജറാത്ത് സിനിമയുമായി അഹമ്മദാബാദില്‍ വരരുത്. മോഡി ഭരിക്കുമ്പോള്‍ അഹമ്മദാബാദിനെ ഇന്ത്യയാക്കാനാണ് അയാള്‍ ശ്രമിക്കുക. അതിന്റെ സുഖം അറിയാന്‍ ഇനി നമ്മള്‍ അഹമ്മദാബാദില്‍ പോകേണ്ടിവരില്ല. കേരളത്തിലിരുന്നാല്‍ മതി. ഇത്രയും ക്രൂരനായ മനുഷ്യന്‍ വേറെയുണ്ടാവില്ല. അയാള്‍ക്കിതുവരെ അമേരിക്കയില്‍ പോകാനുള്ള വിസ കിട്ടിയിട്ടില്ല. അതിനുള്ള പ്രതിരോധം ഇന്ത്യയില്‍ നടക്കുന്നുണ്ട്. അമേരിക്കയ്ക്ക് പോലും വേണ്ടാത്ത ഒരു സാധനത്തെയാണ് നമ്മള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.

എന്തെങ്കിലും അഭിപ്രായം പറയുന്ന സിനിമകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഇനി പറയാന്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ സ്ഥിതി വളരെ മോശമാണ്. എന്തായാലും ഇതിനേക്കാളൊക്കെ ഭീകരമായിരിക്കും വരാന്‍ പോകുന്ന കാലം. അതൊഴിവാക്കണമെങ്കില്‍ മനുഷ്യരായിട്ടുള്ള എല്ലാ ആളുകളും ഈ മനുഷ്യത്വമില്ലാത്ത വ്യക്തിക്കെതിരെ അണിനിരക്കണം.

സ: കേരളം ജാതീയമായും വര്‍ഗ്ഗീയമായും അനുദിനം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന അഭിപ്രായത്തെക്കുറിച്ച്...

ച: 1990 കളില്‍ ആലീസിന്റെ അന്വേഷണവുമായി ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ പോയപ്പോള്‍ അവിടത്തെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എനിക്കൊരു സ്വീകരണം നല്‍കുകയുണ്ടായി. അവിടെയൊരു എക്യുമെനികല്‍ ജൂറിയുണ്ട്. ആലീസുമായി ചെന്നതിനാണ് അവരെനിക്ക് സ്വീകരണം തന്നത്. അവര്‍ നമ്മുടെ നാടിനെക്കുറിച്ച് ചോദിച്ചു. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവിന്റെ വീട്ടിനടുത്ത് മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും വീടുകളുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത്ഭുതമായിരുന്നു. പള്ളികളും അമ്പലങ്ങളുമൊക്കെ അടുത്തടുത്തുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അഭിമാനം തോന്നിയ നിമിഷമായിരുന്നു. ഇത് ഇന്ത്യയില്‍ത്തന്നെ മറ്റൊരിടത്തും ഇത് സാധ്യമായിരുന്നില്ല.

കഥാവശേഷന്റെ ലൊകേഷന്‍ കാണാനായി ഞാന്‍ അഹമ്മദാബാദില്‍ പോയപ്പോള്‍ അവിടെ ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന ഒരു തെരുവില്‍ പോകുകയുണ്ടായി. മകന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വീട്ടിലാണ് പോയത്. ഈ തെരുവിലൂടെ ഒരു മുസ്ലീം പെണ്കുട്ടി ഓടിപ്പോകുന്നത് ചിത്രീകരിക്കുകയാണെങ്കില്‍ ആരെങ്കിലും എതിര്‍ക്കുമോ എന്നു ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞത് താന്‍ തന്നെ എതിര്‍ക്കുമെന്നാണ്. ആ തെരുവീഥിയില്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ പാദം ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. അയാള്‍ പറഞ്ഞു നിങ്ങള്‍ അപ്പുറത്ത്‌പോയി നോക്കൂ ഇതുവരെ ഒരു ഹിന്ദുവിനെ അങ്ങോട്ടേക്ക് പ്രവേശിപ്പിച്ചിട്ടില്ല. അന്നും കേരളത്തെക്കുറിച്ചോര്‍ത്ത് ഞാന്‍ ആഹ്ലാദിച്ചു. പക്ഷേ ഇപ്പോള്‍ പല കാര്യങ്ങളും കേള്‍ക്കുമ്പോള്‍ നമ്മുടെ നാടും ആ രീതിയിലേക്കാണ് പുരോഗമിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്.

ഞാനോര്‍ക്കുകയാണ്. എന്നെ അമ്മ തലശേരി ആശുപത്രിയില്‍ വെച്ചു പ്രസവിച്ചു കിടക്കുമ്പോള്‍ അടുത്ത കട്ടിലില്‍ അമ്മയുടെ സുഹൃത്ത് പാത്തുമ്മയും പ്രസവിച്ചു കിടക്കുന്നുണ്ടായിരുന്നു. എനിക്ക് കുടിക്കാന്‍ അമ്മയുടെ മൂലയില്‍ പാലുണ്ടായിരുന്നില്ല. ഞാന്‍ പാത്തുമ്മയുടെ മുല കുടിച്ചാണ് വളര്‍ന്നത്. പാത്തുമ്മയുടെ മകന്‍ കുഞ്ഞബ്ദുള്ള ഒരു വശത്തും മറു വശത്ത് ഞാനും. മുലപ്പാലിലൂടെയാണ് മതം വരുന്നതെങ്കില്‍ ഞാന്‍ മുസ്ലീമാണ്. ഇങ്ങനെ വളര്‍ന്ന സാഹചര്യമാണ് ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള വിവേകം നമ്മളില്‍ ഉണ്ടാക്കിയത്.

1992 ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത് മുതലാണ് ഇത്തരം വിഭജനങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഗുജറാത്ത് അതിന്റെ പരകോടിയാണ്. തെരഞ്ഞെടുപ്പ് വരെയെങ്കിലും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് മോഡിയെന്നതുതന്നെ അപമാനകരമായ കാര്യമാണ്.

സാ: കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയില്‍വെച്ച് സുരക്ഷാ പരിശോധനയ്ക്കിടെ താങ്കള്‍ പറയുകയുണ്ടായി. ഞാന്‍ കൊണ്ടുവന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം തിയറ്ററിനകത്തേക്ക് കടത്തിക്കഴിഞ്ഞു. ഇനി എന്തിനാണ് സുരക്ഷാ പരിശോധന എന്ന്. സിനിമ എന്ന ആയുധത്തെക്കുറിച്ച്...

ച: സിനിമ ഏത് തരത്തിലും പ്രയോഗിക്കാവുന്നതാണ്. പുതിയ ജെനറേഷന്റെ കയ്യില്‍ സിനിമ എന്തൊക്കെയോ ആയിത്തീര്‍ന്നിരിക്കുന്നു. സിനിമയുടെ ഫോര്‍മാറ്റ് തന്നെ മാറിയിരിക്കുന്നു. നമ്മള്‍ ഇന്ന് കാണുന്ന സിനിമയായിരിക്കില്ല 150 വര്‍ഷം കഴിഞ്ഞാലുള്ള സിനിമ. ഋഥ്വിക് ഘട്ടക് ഒരിക്കല്‍ പറയുകയുണ്ടായി, എന്റെ മനസിലെ സാമൂഹ്യമാറ്റത്തിനുള്ള ഇന്നത്തെ ടൂളാണ് സിനിമ. നാളെ വേറൊരു ടൂളാണ് ആവശ്യമെങ്കില്‍ ഞാനതിന്റെ പിറകെ പോകും. ഇങ്ങനെ പറയാന്‍ എനിക്ക് പോലും ധൈര്യമില്ല. മഹാനായ ആ മനുഷ്യന്റെ ഓര്‍മ്മകളെങ്കിലും നമ്മളെ നയിക്കട്ടെ എന്ന് മാത്രമേ ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളൂ.


Next Story

Related Stories