TopTop
Begin typing your search above and press return to search.

ഭ്രമിപ്പിക്കുന്ന പ്രകാശ ഗോപുരങ്ങള്‍

ഭ്രമിപ്പിക്കുന്ന പ്രകാശ ഗോപുരങ്ങള്‍

ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാസ്ത്ര കഥാകാരനായ റേ ബ്രാഡ്ബറിയുടെ 'ദി ഫോഗ് ഹോണ്‍' (The Fog Horn) എന്ന ചെറുകഥ ഞാന്‍ വായിച്ചത്. പന്ത്രണ്ടാം ക്ളാസിലെ ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ ഈ കഥ ഉള്‍പ്പെടുത്തിയിരുന്നു. വിദൂരമായൊരു പ്രദേശത്തുള്ള ലൈറ്റ് ഹൌസിന്‍റെയും ആഴങ്ങളില്‍ നിന്നു വന്ന സത്വത്തിന്റെയും കഥ പ്രിയപ്പെട്ട ഇംഗ്ളീഷ് അദ്ധ്യാപകനായ പ്രേം സി. നായരുടെ വായനയില്‍ കൂടി ജീവന്‍വെച്ചു വന്നു. അതില്‍പ്പിന്നെ ലൈറ്റ് ഹൌസ് കാണുമ്പോഴൊക്കെ ഈ കഥയാണ് ഓര്‍മ വരിക. ഞാന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും അടുത്തുള്ള ലൈറ്റ് ഹൌസ് കോവളത്താണ്. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു പാറമുനമ്പില്‍ ചുവപ്പും വെളുപ്പും ചായമടിച്ച ഒരു ഗോപുരം. പകല്‍, ചുറ്റുമുള്ളതിനെയെല്ലാം അപ്രസക്തമാക്കി കൊണ്ട്, ഗംഭീര്യത്തോടെയുള്ള ഒരു സാന്നിധ്യം. രാത്രിയില്‍, ശക്തിയേറിയ വെളിച്ചത്താല്‍ അത് ഉപ്പുകാറ്റിനെ 360 ഡിഗ്രിയില്‍ കീറി ഇരുട്ടിനെ കീഴടക്കിക്കൊണ്ടേയിരിക്കും.

ലൈറ്റ് ഹൌസ് ദിശാസൂചികളാണ്. ഒരു മുന്‍ നാവികന്‍ കൂടിയായിരുന്ന ജോസഫ് കോണ്‍റാഡ് 'ദി മിറര്‍ ഓഫ് ദി സീ' (The Mirror of the Sea) എന്ന ആത്മകഥാംശമുള്ള ഒരു ലേഖന സമാഹാരത്തില്‍ ഇങ്ങനെ പറയുന്നുണ്ട് - 'In all the devious tracings the course of a sailing-ship leaves upon the white paper of a chart she is always aiming for that one little spot - maybe a small island in the ocean, a single headland upon the long coast of a continent, a lighthouse on a bluff, or simply the peaked form of a mountain like an ant-heap afloat upon the waters'.

'ദി ഗോള്‍ഡന്‍ ആപ്പിള്‍സ് ഓഫ് ദി സണ്‍' (The Golden Apples of the Sun) എന്ന സമാഹാരത്തിലെ ആദ്യ കഥയാണ് 'ദി ഫോഗ് ഹോണ്‍'. കാലിഫോര്‍ണിയയിലെ വെനെസ് കടല്‍തീരത്ത് ഭാര്യയുമൊത്തുള്ള ഒരു രാത്രി നടത്തത്തിനിടെയാണ് റേ ബ്രാഡ്ബറിക്ക് ഈ ചെറുകഥ എഴുതാന്‍ പ്രചോദനമുണ്ടായത്. ഏറെക്കാലം മുമ്പ് തകര്‍ന്നു പോയ ഒരു കപ്പല്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു. തിരകള്‍ കാര്‍ന്ന് തിന്ന തൂണുകളും, കൈവരികളും, മണലില്‍ പുതഞ്ഞുകിടന്ന തടിയുമെല്ലാം ആ രാത്രിയുടെ നിഴലില്‍ ഒരു ദിനോസറിനെ പോലെയാണ് റേക്ക് തോന്നിയത്. തൊട്ടടുത്ത രാത്രിയില്‍ ഉറക്കത്തിനിടയില്‍ അടുത്തുള്ള സാന്‍റാ മോണിക്കയിലുള്ള ലൈറ്റ് ഹൌസിന്‍റെ സൈറണ്‍ കേട്ടുണര്‍ന്നതോടെ റേക്ക് ആ ദിനോസര്‍ കഥ എഴുതാതെ പറ്റില്ലെന്നായി. ഈ രണ്ട് ആശയങ്ങളും ചേര്‍ത്ത് 'ദി ബീസ്റ്റ് ഫ്രം 20,000 ഫാതംസ്'


എന്ന് ആദ്യം പേരിട്ട് ആ കഥ അദ്ദേഹം എഴുതി. പിന്നീട് ആ കഥയുടെ പേര് 'ദി ഫോഗ് ഹോണ്‍ എന്നാക്കി മാറ്റുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതൊരു ചലച്ചിത്രമായി. ആ കഥ ഇഷ്ടപ്പെട്ട ചലച്ചിത്രതാരം ജോണ്‍ ഹസ്റ്റന്‍, മോബി ഡിക്ക് (1956) എന്ന സിനിമയുടെ തിരക്കഥ എഴുതാന്‍ ബ്രാഡ്ബറിയോട് ആവശ്യപ്പെട്ടു.

'ദി ഫോഗ് ഹോണി'ന്റെ പിറവിയെക്കുറിച്ച് തന്‍റെ 'ഡ്രങ്ക് ആന്‍ഡ് ഇന്‍ ചാര്‍ജ് ഓഫ് എ ബൈസൈക്കിള്‍ ' (Drunk, and in Charge of a Bicycle) എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത് പിന്നീട് 'സെന്‍ ഇന്‍ തേ ആര്‍ട്ട് ഓഫ് റൈറ്റിംഗ്' (Zen in the Art of Writing) എന്ന പുസ്തകത്തിലും അദ്ദേഹം ഉള്‍പ്പെടുത്തി. ഒരെഴുത്തുകാരന്‍റെ ആദ്യകാലങ്ങളും അനുഭവങ്ങളുമൊക്കെ എങ്ങനെ അയാളുടെ പില്‍ക്കാല എഴുത്തു ജീവിതത്തില്‍ വളക്കൂറുള്ള മണ്ണാകുന്നു എന്നതിന്‍റെ തീവ്രമായ ചില ഉള്‍ക്കാഴ്ചകള്‍ ഈ പുസ്തകം നല്‍കുന്നുണ്ട്.

എഴുതി തുടങ്ങുന്ന ആരും വായിക്കേണ്ട ഒരു പുസ്തകമാണിത്! എഴുത്തിനോടുള്ള ബ്രാഡ്ബറിയുടെ അടങ്ങാത്ത അഭിനിവേശവും സ്നേഹവും, എഴുത്തെങ്ങനെ അദ്ദേഹത്തിന്‍റെ ദിനരാത്രങ്ങളെ പകുത്തെടുത്തു എന്നും അത് വെളിവാക്കുന്നു.

തന്‍റെ ലേഖനങ്ങളുടെ തലക്കെട്ടുകളില്‍ പോലും അദ്ദേഹത്തിന്റെ ഈ അഭിനിവേശം കാണാം. ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്‍റെ തലക്കെട്ട് 'റണ്‍ ഫാസ്റ്റ്, സ്റ്റാന്റ് സ്റ്റില്‍, ഓര്‍, ദി തിങ് അറ്റ് ദി ടോപ് ഓഫ് ദി സ്റ്റയേഴ്സ്, ഓര്‍, ന്യൂ ഗോസ്റ്റ് ഫ്രം ഓള്‍ഡ് മൈന്‍റ്സ്' (Run Fast, Stand Still, or, The Thing at the Top of the Stairs, or, New Ghosts from Old Minds) എന്നാണ്.

തന്‍റെ വളര്‍ച്ചയുടെ ആദ്യകാലങ്ങളിലെ ഓര്‍മകളില്‍നിന്നും രൂപപ്പെടുത്തിയെടുത്ത ചില പേരുകളുടെ ശേഖരത്തെക്കുറിച്ചും ബ്രാഡ്ബറി പറയുന്നു. അതിപരിചിതത്വത്തിന്റെ ചതിക്കുഴികളെ ഒഴിവാക്കാനും അത് വരെ ഉണ്ടായിട്ടുള്ള സാഹിത്യത്താല്‍ സ്വാധീനിക്കപ്പെടാതിരിക്കാനും അതുവഴി പുതുമയുള്ള എഴുത്ത് തുടങ്ങാനും ഈ ശേഖരം ഉപയോഗപ്പെടുമെന്ന് അദ്ദേഹം ആണയിടുന്നു.

അദ്ദേഹം തുടര്‍ന്നെഴുതുന്നു "പട്ടിക ഏതാണ്ട് ഇങ്ങനെയാണ്: THE LAKE, THE NIGHT,THE CRICKETS,THE RAVINE, THE ATTIC,THE BASEMENT".... പേരുകളുടെ ഈ പട്ടിക പിന്നീട് അദ്ദേഹത്തിന്‍റെ ചെറുകഥകളുടെ തലക്കെട്ടുകളും പ്രചോദനവുമായി മാറി. ജൈവമായ ഓര്‍മകളാലും, അന്നത്തെ എഴുത്തു ലോകത്തിന്‍റെ സാമ്പ്രദായിക രീതികളില്‍നിന്നും സ്വതന്ത്രമാകാന്‍ കഴിഞ്ഞതും വഴി സമ്പന്നമായ ഒരെഴുത്തു ജീവിതമാണ് അവിടെയുണ്ടായത്.

ശാന്തവും ഊര്‍ജദായകവുമായ ഒരുതരം ഏകാന്തതകൂടി ലൈറ്റ് ഹൌസുകള്‍ക്കുണ്ട്. നമ്മളറിയുന്ന ഒരുതരം ഒറ്റപ്പെടല്‍ അല്ല അത്. സമുദ്രത്തിന്‍റെ അപാരവും ഏകാന്തവുമായ ശൂന്യതയ്ക്ക് നമ്മുടെ ഉള്ളില്‍ കരുത്ത് നിറയ്ക്കാനാകും. അതില്‍ നിന്നാണ് കടലുകള്‍ താണ്ടാനും വന്‍കരകളെ തേടിപ്പിടിക്കാനും കഴിയുമെന്നുള്ള പ്രതീക്ഷ ഉണ്ടാകുന്നത്. ലൈറ്റ് ഹൌസുകള്‍ നമ്മുടെ ഏകാന്തമായ ഇത്തരം പ്രയാണങ്ങളില്‍ ശക്തിസ്രോതസുകളായി മാറുന്നു.

എഴുത്തുകാര്‍ക്ക് ഇതറിയാം. അവരുടെ മനസ് എല്ലായ്പ്പോഴും ഒരു കുട്ടിയുടേതാണ്. അസാധ്യതയുടെ പ്രകമ്പനങ്ങള്‍ അവരെ കുലുക്കുന്നില്ല; അതിരുകളില്ലാത്ത, ജിജ്ഞാസാഭരിതമായ മനസ്സാണ് അവരുടേത്. അവരുടെ കൃതികള്‍ ഓരോന്നും ലൈറ്റ് ഹൌസുകളെപ്പോലെയാണ് – നമ്മുടെ ഏകാന്തതകളെ ചെറുത്ത്, തളര്‍ത്തുന്ന ഈ ലോകത്തില്‍ പ്രതീക്ഷയുടേയും കരുത്തിന്‍റെയും പ്രകാശഗോപുരങ്ങളായി അവ മാറുന്നു.


Next Story

Related Stories