TopTop
Begin typing your search above and press return to search.

അമേരിക്കയുടെ സിറിയന്‍ പേടി ഇറാന്‍ ചര്‍ച്ചകളെ അട്ടിമറിക്കുമോ?

അമേരിക്കയുടെ സിറിയന്‍ പേടി ഇറാന്‍ ചര്‍ച്ചകളെ അട്ടിമറിക്കുമോ?

യോചി ഡ്രീസെന്‍
(ഫോറിന്‍ പോളിസി)

ഈ വാരാന്ത്യത്തില്‍ നടന്ന ഇറാനുമായുള്ള ആണവ ചര്‍ച്ചകളെ കുറിച്ച് വിമര്‍ശകര്‍ക്കുള്ള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. തെഹറാന് തങ്ങളുടെ ആണവ സംപുഷ്ടീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോകാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടോ ഇപ്പോഴത്തെ ചര്‍ച്ചകളുടെ ഫലം എന്ന കാര്യത്തിലാണ് അവരുടെ ആശങ്ക. എന്നാല്‍ ചില പേര്‍ഷ്യന്‍ - ഗള്‍ഫ് രാജ്യങ്ങള്‍ മറ്റൊരു ഉത്കണ്ഠ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു: സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍ അസ്സദിനും മറ്റു അമേരിക്കന്‍ വിരോധികള്‍ക്കും നല്‍കി വരുന്ന സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ലൈസന്‍സ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിലപേശലുകള്‍ തെഹറാന് നല്‍കും എന്നതാണത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ജനീവയില്‍ വെച്ച് ഒപ്പിട്ട ആണവ കരാറിനെ കുറിച്ചുള്ള വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. പരിമിതമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കി ഫലത്തില്‍ ഇറാന്റെ എല്ലാ ആണവ ശ്രമങ്ങളെയും തടയുന്നതാണിതെന്ന്‍ അനുകൂലികള്‍ വാദിക്കുമ്പോള്‍, തെഹറാന്റെ ഒരു ആണവ കേന്ദ്രങ്ങളെയും പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെടുന്നില്ല ഉടമ്പടി എന്ന് വിമര്‍ശകര്‍ തിരിച്ചടിക്കുന്നു.

ജനീവ ഒത്തുതീര്‍പ്പ് അവര്‍ ഭയപ്പെട്ട പോലെ മോശമല്ലെന്ന് ഇറാന്റെ ആണവ പരിപാടികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ചില അറബ് സര്‍ക്കാരുകള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പക്ഷെ ഇറാനുമായി സ്ഥിരമായ ഒരു കരാറില്‍ എത്താന്‍ അടുത്ത ആറ് മാസം ഒരു മുഴുനയതന്ത്രയത്‌നം നടത്താമെന്ന അമേരിക്കന്‍ വാഗ്ദാനം അര്‍ത്ഥമാക്കുന്നത് ഇറാന്‍ അസ്സദിനും ഹിസ്ബുള്ളക്കും ഇറാഖിലെ വിഭാഗീയവാദിയും ജനങ്ങളോട് യാതൊരു ഉത്തരവാദിത്തമില്ലാത്തതുമായ ഷിയാ സര്‍ക്കാരിനും പിന്തുണ നല്‍കുമെന്ന് കണ്ടെത്തിയാല്‍ വൈറ്റ് ഹൌസ് മറിച്ചു ചിന്തിക്കുമോയെന്നുള്ള ആശങ്കയും അവര്‍ക്കുണ്ട്.

'ഈ കരാര്‍ മൂലം ഇറാന്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ വേറെ എവിടേക്കെങ്കിലും മാറ്റാന്‍ പ്രേരിപ്പിക്കില്ലേ? ഈ കരാര്‍ പെട്ടന്ന് ഇറാനെ ഇറാഖിലും സിറിയയിലും ഉത്തരവാദിത്ത്വത്തോടെ പെരുമാറുന്ന കുട്ടിയായി മാറ്റുമെന്നു കരുതുന്നത് മണ്ടത്തരമാണ്, ആണവ ചര്‍ച്ചകളെ തകിടം മറിക്കുന്ന ഒന്നും അമേരിക്കന്‍ ഭരണകൂടം ചെയ്യില്ല എന്നത് ഇറാനെ കൂടുതല്‍ സ്വതന്ത്രരാക്കും' - പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരു ഗള്‍ഫ് നയതന്ത്രജ്ഞന്‍ 'ദി കേബിള്‍' - നോട് പറഞ്ഞു.

അമേരിക്കയുടെ ഇറാനിനുമേലുള്ള ശ്രദ്ധ തെഹറാനിന്റെ ആണവ പരിപാടികളേക്കാള്‍ ഏറെ വലുതായിരുന്നു എന്നുള്ളത് മറക്കാന്‍ വളരെ എളുപ്പമായിരുന്നിരിക്കാം. പക്ഷേ ഈ ഉടമ്പടി ഒരുപാട് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഇറാന്‍ അസ്സദിന്റെ പ്രഥമ മിത്രമാണ്, ആയുധങ്ങളും നല്ല പരിശീലനം കിട്ടിയ പട്ടാളക്കാരെയും രഹസ്യ വിവരങ്ങളും നല്‍കി ഇറാന്‍ അവരെ സഹായിച്ചിട്ടുണ്ട്. ഭരണത്തില്‍നിന്നും പുറത്താക്കാന്‍ ശ്രമം നടത്തുന്ന കലാപകാരികളുമായുള്ള യുദ്ധത്തില്‍ ശക്തനായി നില്‍ക്കാന്‍ ഇറാന്റെ പിന്തുണ അസ്സദിനെ സഹായിച്ചിട്ടുണ്ട്. ആസ്സദിന്റെ ദിനങ്ങള്‍ എണ്ണിത്തുടങ്ങിയെന്ന് വിശ്വസിച്ചിരുന്ന പടിഞ്ഞാറന്‍ ഭരണ വര്‍ഗ്ഗം ഇപ്പോള്‍ അദ്ദേഹം ഭരണത്തില്‍ തുടരുമെന്ന് സമ്മതിക്കുന്നു.

'ഇറാന്‍ ആഗോള ഭ്രഷ്ടരായിരുന്നില്ലെങ്കില്‍ സിറിയയിലെ അവരുടെ പ്രവര്‍ത്തങ്ങള്‍ ആക്ഷേപാര്‍ഹമാവില്ലായിരുന്നു, ഇത് ഈ മേഖലയില്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള ഇറാന്റെ വഴക്കം വര്‍ദ്ധിപ്പിച്ചു - ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് പ്രതിനിധി കേബിളിനോട് പറഞ്ഞു.

പ്രധാനമന്ത്രി നൂരി അല്‍ മലികി നേതൃത്വം നല്‍കുന്ന ഇറാഖിലെ ഷിയാ സര്‍ക്കാരുമായുള്ള ഇറാന്റെ അടുത്ത ബന്ധം വിഭാഗീയത വളര്‍ത്തി രാജ്യത്തെ അസ്ഥിരമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടവും വേവലാതിപ്പെടുന്നുണ്ട്. ഇറാഖില്‍ ആക്രമങ്ങള്‍ കൂടി വരികയാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന്‍ ഈ മാസം തുടക്കത്തില്‍ നടക്കാനിരുന്ന മാലികിയുടെ വാഷിംഗ്‌ടണ്‍ സന്ദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. മാലികി രാജ്യത്തിന്റെ അധികാരവും എണ്ണപ്പണവും സുന്നി -കുര്‍ദിഷ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നില്ല എന്നതായിരുന്നു കാരണം.

ആയിരക്കണക്കിന് ഇറാഖി സാധാരണക്കാര്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന ചാവേര്‍ ബോംബിങ്ങിലും മറ്റു ആക്രമണങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്. സുന്നി പോരാളികള്‍ ഒട്ടുമിക്ക കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പകരമായി മാലികി പ്രമുഖരായ സുന്നി രാഷ്ട്രീയക്കാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിഷേധക്കാരെ മൃഗീയമായി അടിച്ചമര്‍ത്തുകയും ചെയ്തു.

'ഇറാനുമായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ആണവ പരിപാടികളെക്കുറിച്ച് മാത്രമാണ്, പക്ഷെ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കല്‍ വഴിയും മറ്റും മേഖലയില്‍ സ്വാധീനം ചെലുത്താനുള്ള നീക്കം തടയുന്ന കാര്യത്തില്‍ അമേരിക്ക പ്രതിജ്ഞാബദ്ധതരാണ് ', രാജ്യ സുരക്ഷാ ഉപദേശകസമിതിയുടെ വക്താവായ കൈട്‌ലിന്‍ ഹൈടെന്‍ പറഞ്ഞു.

'ഈ വിലപേശലില്‍ പ്രാദേശിക സുരക്ഷാപ്രശ്‌നങ്ങള്‍ - ഇറാന്‍ ഹിസ്ബുള്ളക്കും അസ്സദിനും നല്‍കുന്ന പിന്തുണ - ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് എന്തായിരുന്നോ അതേ നിലപാട് തന്നെയാണ് ഇന്നും ഞങ്ങള്‍ ഈ വിഷയങ്ങളില്‍ എടുക്കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരിക്കിലും, ഉത്കണ്ഠയും നടപടിയും എപ്പോഴും ഒത്തു ചേരണമെന്നില്ല, മറ്റു പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് തെഹറാനുമായുള്ള സൂക്ഷ്മവും പ്രധാനപ്പെട്ടതുമായ ആണവ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ അമേരിക്ക തയ്യാറാകുമോയെന്ന കാര്യത്തില്‍ ഒരുറപ്പും പറയാന്‍ സാധിക്കില്ല.

'കാറ്റിന്റെ ഗതി ഇറാന് അനുകൂലമായിരിക്കും, സിറിയന്‍ രാസായുധ ചര്‍ച്ചകള്‍ സിറിയയിലെ പട്ടാള ഭരണത്തെ മാറ്റാനുള്ളതായിരുന്നില്ല, രാസായുധത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. ഇറാനും ഇതുപോലെ ആണവ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും യു.എസ് - ഇറാനിയന്‍ അജണ്ടയിലുള്ള മറ്റു പ്രശ്‌നങ്ങള്‍ പിന്‍സീറ്റില്‍ ഇടം പിടിക്കുമെന്നും ഞാന്‍ കരുതുന്നു', വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയുടെ എക്സ്സിക്യുട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് സാറ്റ്‌ലഫ് പറഞ്ഞു.


Next Story

Related Stories