TopTop
Begin typing your search above and press return to search.

ആനന്ദിനില്ലാത്ത ഭാരത് രത്ന

ആനന്ദിനില്ലാത്ത ഭാരത് രത്ന

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച് ഒരാഴ്ച്ചക്കുള്ളില്‍ വിശ്വനാഥന്‍ ആനന്ദ് തന്റെ ലോകകിരീടം നോര്‍വെക്കാരനായ എതിരാളി മാഗ്നസ് കാള്‍സണ് അടിയറവെച്ചു. ഓരോ ആരാധകനെയും പാതിയെത്തിയ ഒരു ഗദ്ഗദത്തിലാഴ്ത്തിയും പിന്നെ കളിയില്‍ വലിയൊരു ശൂന്യത നിറച്ചും.

പല രീതിയിലും ടെണ്ടുല്‍ക്കറുടെയും, ആനന്ദിന്റെയും, ടെന്നീസ് താരം ലിയാണ്ടര്‍ പയസിന്റെയും കായിക ജീവിതങ്ങള്‍ സമാന്തരമായാണ് ചരിച്ചത്; ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഒരു സുവര്‍ണയുഗം. ആനന്ദ് 1988-ല്‍ ഗ്രാന്‍ഡ് മാസ്റ്ററായി. അതിനു ഒരു കൊല്ലം മുമ്പാണ് ടെണ്ടുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1990-ല്‍ ലിയാണ്ടര്‍ പയസ് തന്റെ ആദ്യ ഡേവിസ് കപ് മത്സരം കളിച്ചു. അതിനുശേഷം അവര്‍ പടിപടിയായി എണ്ണമറ്റ നാഴികക്കല്ലുകള്‍ നേടി, ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങി.

കായികശക്തിയേക്കാളേറെ ബുദ്ധിവൈഭവത്തെ ആശ്രയിക്കുന്ന ഒരു കളിയില്‍ ഈ 43 വയസ്സില്‍ ആനന്ദിനെ ഏറെ പ്രായമേറിയ ഒരാളായി കാണാനാവില്ല. ഈ കിരീടപ്പോരാട്ടത്തിന് മുമ്പായി 6 വര്‍ഷത്തോളം തന്റെ ബൌദ്ധികശേഷി കൊണ്ടും നീക്കങ്ങള്‍ നടത്താനുള്ള വിസ്മയിപ്പിക്കുന്ന വേഗംകൊണ്ടും എതിരാളികളെ അമ്പരപ്പിച്ച എതിരില്ലാത്ത ജേതാവായിരുന്നു അദ്ദേഹം.

മുന്‍കൈ എടുക്കലിന്റെ മാനസികമായ കരുത്തിനെയും സൃഷ്ടിപരമായ ഊര്‍ജ്ജത്തേയും പ്രായവും, നിലക്കാത്ത മത്സരവും കൊഴിച്ചുകളയുന്നു എന്നാണ് കായിക മനശാസ്ത്രം പറയുന്നത്. സാഹസികവും ആക്രമാണോത്സകവുമായി കളിക്കുന്ന 22-കാരനായ കാള്‍സനില്‍ ആനന്ദ് കാണുന്നത് തന്‍റേതന്നെ പ്രതിരൂപമായിരിക്കാം

ഈ തിരിച്ചടിയെ മറികടന്നു കിരീടത്തിനായി മറ്റൊരു പോരാട്ടം നടത്താന്‍ ആനന്ദിനാവുമോ? അതിനുള്ള കരുത്തും അതിലും പ്രധാനമായി അതിനുള്ള മത്സരോത്സുകുതയും അദ്ദേഹത്തില്‍ ഇനിയുമുണ്ടോ? ആനന്ദിനെ വിലകുറച്ചു കാണുന്നത് മണ്ടത്തരമാണെങ്കിലും ഇതെല്ലാം പെട്ടന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. എനിക്കുതോന്നുന്നത് അതിനുള്ള ആവേശം തന്നിലുണ്ടോ എന്നു അളക്കാന്‍ അദ്ദേഹം കുറച്ചു സമയം എടുക്കും എന്നാണ്.

ഇതിനുമെല്ലാം അപ്പുറത്തായി ഈ കളിക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ആനന്ദ് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. തന്റെ നേട്ടങ്ങളിലൂടെ രാജ്യത്തു ഒരു ചെസ് വിപ്ലവത്തിന് തന്നെ ആനന്ദ് തുടക്കമിട്ടു. ഉദാഹരണത്തിന് ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ ചെസ് കളിക്കാരുള്ള രാജ്യം റഷ്യയാണെങ്കിലും സ്ത്രീ, പുരുഷ വിഭാഗങ്ങളില്‍ ഇന്ത്യ ഒരുപോലെ മുന്നിലാണ്.

മുമ്പന്തിയിലുള്ള 100 കളിക്കാരില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ആനന്ദടക്കം നാലു കളിക്കാര്‍ ഇടം പിടിച്ചപ്പോള്‍ സ്ത്രീകളുടെ വിഭാഗത്തില്‍ ആറു പേരുണ്ട്. ഇത് വലിയൊരു നേട്ടം തന്നെയാണ്. കഴിഞ്ഞ 25 വര്‍ഷക്കാലമായുള്ള ആനന്ദിന്റെ തിളങ്ങുന്ന പ്രതിഭയുമായി ഇതിനെ ചേര്‍ത്തുവെക്കാം. ഏറെ ബഹളങ്ങളില്ലാതെയാണ് ആനന്ദ് തന്റെ പ്രശസ്തിയും നേട്ടങ്ങളും ഉണ്ടാക്കിയത്. പ്രകടനാത്മകമായ വിനയം അയാള്‍ കാണിച്ചില്ല; കാര്യമാത്രപ്രസക്തമായി തുറന്നു സംസാരിച്ചു. കാള്‍സണുമായുള്ള ഇക്കഴിഞ്ഞ കിരീടപ്പോരാട്ടത്തിലും ചെയ്തതുപോലെ തന്റെ അബദ്ധങ്ങള്‍ തുറന്നു വിശദീകരിക്കാന്‍ സന്നദ്ധനുമായിരുന്നു.

വിനയവും ആത്മാഭിമാനവുമാണ് ഒരു ജേതാവിനെ ഒരു കൊളോസസ്സാക്കി മാറ്റുന്നത്. ഇതിന് ആനന്ദിനെ പോലെ നല്ലൊരു ഉദാഹരണം വേറെയില്ല. വിരമിക്കലിനെ തുടര്‍ന്നുള്ള വികാരത്തെ മുതലെടുക്കാനായി ടെണ്ടുല്‍ക്കര്‍ക്ക് ഭാരത് രത്ന നല്കാന്‍ അധികൃതര്‍ ധൃതി കൂട്ടാതെ ഒരാഴ്ച്ച കൂടി കാത്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടു കായികതാരങ്ങള്‍ക്ക് ഒരുമിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരം ലഭിക്കുമായിരുന്നു.

പക്ഷേ, ആനന്ദിന് ഭാരത് രത്ന കിട്ടുമോ ഇല്ലയോ എന്നത് എന്റെ അഭിപ്രായത്തില്‍ ഒട്ടും പ്രധാനമല്ല. അയാള്‍ രാജ്യത്തിന്റെ നിധിയാണ്, അതില്‍ക്കുറഞ്ഞു മറ്റൊന്നുമല്ല.

Next Story

Related Stories