TopTop
Begin typing your search above and press return to search.

മിസ്സ് കൌസു: അണ്‍ മാരീഡ് ആന്‍ഡ് കട്ട ഫെമിനിസ്റ്റ്

മിസ്സ് കൌസു: അണ്‍ മാരീഡ് ആന്‍ഡ് കട്ട ഫെമിനിസ്റ്റ്

ആദ്യമായി ജീവിതത്തിലേക്ക് കടന്നു വന്നത് യശോദാമ്മയാണ്. നാലാം വയസ്സിലെ നട്ടപ്രാന്തില്‍ മുറുകി നടക്കുന്ന എന്നെ മെരുക്കാനായി കുറച്ചപ്പുറമുള്ള ഒരു അങ്കന്‍വാടിയില്‍ ചേര്‍ക്കുകയും എന്നെ കൊണ്ടു വിടാനും വരാനുമായി എല്പിച്ച ആളുമായിരുന്നു യശോദാമ്മ.

ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മൂന്നാലു വീടപ്പുറം ഒരു പഴയ പൊളിഞ്ഞു വീഴാറായ തറവാട്ടിലാണ് യശോദാമ്മയും അവരുടെ സഹോദരങ്ങളും കുടുംബങ്ങളും താമസിക്കുന്നത്. ഏറ്റവും മൂത്തത് കൂനുള്ള ഇഞ്ഞാണി, അതിനു താഴെ യശോദാമ്മ, കൌസേടത്തി, മനോരമ. ഇവരുടെയൊക്കെ മക്കളും മരുമക്കളും പേരക്കുട്ടികളും നിറഞ്ഞു കവിഞ്ഞ ഒരു തറവാട്. അത് പോലെ തന്നെ പൊര നിറഞ്ഞു കവിഞ്ഞൊഴുകിയ തമ്മിതല്ലും. അവിടെയുള്ള എല്ലാവരും തമ്മില്‍ എന്തെങ്കിലുമൊക്കെ ഗുസ്തി എപ്പോഴും നടന്നു വന്നു. എന്റെ ഓര്‍മ്മയിലെ ആദ്യത്തെ തെറി വാക്ക് ഞാന്‍ പിക്കപ്പ് ചെയ്യുന്നത് ഈ തറവാട്ടു മുറ്റത്ത് നിന്നായിരുന്നു. ഞങ്ങളുടെ ഡീലിങ്ങ്‌സൊക്കെ യശോദാമ്മയുമായിട്ടായിരുന്നു. എന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ്, പിന്നെ റേഷന്‍ ഷാപ്പ്, പച്ചക്കറി വാങ്ങല്‍, പാല്, കാട്ടുചീര കളക്ഷന്‍ എന്നിവയൊക്കെ നമുക്ക് ചെയ്തു തന്നിരുന്നത് യശോദാമ്മ ആയിരുന്നു അതിനു മാസത്തില് ഒരു നൂറും, മൂപ്പത്തി അടുക്കളപ്പുറത്ത് നിന്നും അടിച്ചു മാറ്റുന്ന ചില്ലറ തേങ്ങ, മണ്ണണ്ണ, സോപ്പുംപൊടി എന്നിവ കണ്ടില്ല എന്നും നടിച്ചു ഉമ്മ കൂലി വീട്ടി. എനിക്ക് യശോദാമ്മയെ കൊണ്ട് വേറെ ചില ഗൂഡോദ്ദേശങ്ങള്‍ ഉണ്ടായിരുന്നു മൂപ്പത്തി ഓമനിച്ചു വളര്‍ത്തുന്ന ഒരു ആട്ടിന്‍ കുട്ടിയെ എങ്കിലും വേലി ചാടിച്ച് വീട്ടില് കൊണ്ട് വരിക, അവരുടെ ഒരു താറാകുട്ടിയെ എങ്കിലും കിണറ്റില്‍ ഇട്ടു നീന്തി കാണുക, അങ്കന്‍വാടിയില്‍ പോകുന്ന വഴിക്ക് ഒരു മൂന്നാലു ഗ്ളാസ് ഐസ് ഒരതിയതെങ്കിലും അകത്താക്കുക എന്നിങ്ങനെ. അതിനു വേണ്ടി ഞാന്‍ യശോദാമ്മയെ പതപ്പിച്ച് നടന്നു. യശോദാമ്മ വീട്ടില് വരാന്‍ തുടങ്ങിയ അതെ സമയത്ത് തന്നെയാണ് കൌസേടത്തിയും കയറി ഇറങ്ങാന്‍ തുടങ്ങിയത്. യശോദാമ്മയും കൌസേടത്തിയും മഹാ ദുശ്മന്‍ - ദുശ്മന്‍ ആയിരുന്നു. യശോദാമ്മ വന്നു പോയതിന്റെ തൊട്ടു പിറകില് പമ്മി പമ്മി കൌസേടത്തി എത്തും കണ്ണീരും മൂക്കൊലിപ്പും പോലെ. കണ്ണീരു വന്നാല്‍ മൂക്കൊലിപ്പ് അധികം പിറകില്‍ ആയിരിക്കില്ലാലോ?

'ഓളെന്നെ പറ്റി എന്താ പറഞ്ഞത്?' സ്വകാര്യ സൌണ്ടില്‍ കൌസേടത്തി ചോദിക്കും. ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞാലും വിടൂല. 'ഓക്കൊന്നും എന്നെ കണ്ണില്‍ പിടിക്കൂല. എല്ലാരേം കാട്ടി കാണാന്‍ ചന്തം എന്നെ ആണല്ലോ, അയിന്റെ കെറുവം പണ്ടേ ഈറ്റിങ്ങള്‍ക്കൊക്കെ ഉണ്ട്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ലാലോ? അതിനിവര്‍ക്കെന്താ ചേതം? ഞാന്‍ എനിക്ക് കിട്ടുന്ന പെന്ഷനും കൊണ്ട് നല്ല അന്തസ്സായി ജീവിക്കുണ്ടല്ലോ...ന്നെ കെട്ടാന്‍ ആരൊക്കെ വന്നതാ, ഞാന്‍ സമ്മെയ്ച്ചില്ല! അങ്ങനിപ്പം ഒരു ചരടും കെട്ടി ആരും ന്നെ ഭരിക്കണ്ട.'

കൌസേടത്തി ഒരു അണ്‍മാരീഡ് മാത്രമല്ല, ഒരു കട്ട ഫെമിനിസ്റ്റും ആയിരുന്നു. 'ഇനിക്ക് ഒരുത്തന്റെയും ഒരു ഔദാര്യോം വേണ്ട, കൌസു തെങ്ങുമ്മ കേറേണ്ടി വന്നാല്‍ തെങ്ങുമ്മ കേറും, ഇറങ്ങുന്ന വഴിക്ക് ചക്കേം വെട്ടും' കൌസേടത്തി ആഴ്ചയില്‍ ഒരു രണ്ടുമൂന്നു തവണയെങ്കിലും അനൌണ്‍സ് ചെയ്യുന്നത് കേള്‍ക്കാം. രാവിലെ അങ്കന്‍വാടിയിലേക്ക് പോകാന്‍ വേണ്ടി ബാഗും തൂക്കി ഞാന്‍ തറവാട്ടു മുറ്റത്ത് എത്തുമ്പോള്‍, മുഖത്തും കയ്യിലുമൊക്കെ മഞ്ഞളരച്ചു തേച്ചു തല മുഴുവന്‍ എണ്ണയും തേച്ചു കാട് കയറിയ അവരുടെ തൊടിയിലൂടെ പച്ചമരുന്നു ശേഖരണവുമായി നീങ്ങുന്നത് കാണാം.

അങ്കന്‍വാടിയിലെ കുത്തിമറിച്ചില് കഴിഞ്ഞു ഞാന്‍ വരുമ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ്, കഞ്ഞി മുക്കിയ വോയില്‍ സാരിയും, കരിയെഴുതിയ കണ്ണും കൊണ്ട് അന്നത്തെ സര്‍ക്കീട്ടിന് ഇറങ്ങി കാണും. കാര്യമായ പണി നാട്ടുകാരെയും വീട്ടുകാരെയും ഒരു പാഠം പഠിപ്പിക്കുക എന്നതാണ്. അവരുടെ വീടിന്റെ തൊട്ടടുത്തുള്ള ലൗ ഡേല്‍ മെന്‍സ് ഹോസ്റ്റലിന്റെ അകത്തളങ്ങളില്‍ നിന്ന് 'ഐ ലവ് യൂ കൌസൂ' എന്ന് ഏതെങ്കിലും തല തെറിച്ചവന്‍ വിളിച്ചു കൂവും. അതിന്റെ തൊട്ടു പിറകെ തന്നെ യാതൊരു ബെല്ലും ബ്രേക്കും ഇല്ലാതെ തന്നെ കൌസേടത്തിയുടെ ചില തിരഞ്ഞെടുത്ത മൊഴി മുത്തുകള്‍ ആ അയല്‍പ്പക്കം ഒട്ടാക്കെ പൊട്ടിച്ചിതറും.

വയസ്സാന്‍ കാലത്ത് മീനൊന്നും ദിവസോം കഴിക്കുന്നത് നന്നല്ലെന്നു ഉപദേശിച്ച മീങ്കാരന്‍ മുസ്തഫയുടെ മീങ്കുട്ടയില്‍ മണ്ണ് വാരിയിട്ടു പ്രതിഷേധിച്ചു. താളി അരയ്ക്കാന്‍ ഒരഞ്ചാറു ചെമ്പരത്തി പറിച്ചതിന് വെളിച്ചെണ്ണ തൊടീലെ വസന്തേച്ചി കഷ്ടം പറഞ്ഞതിന് രാത്രിക്ക് രാത്രി ആ ചെമ്പരത്തിയുടെ കൊമ്പ് മുറിച്ചിട്ട് പ്രതിഷേധിച്ചു.

അങ്ങനെ പ്രതിഷേധവും വഴക്കും വക്കാണവും സൌന്ദര്യ സംരക്ഷണവുമായി നടന്നിരുന്ന കൌസേടത്തിക്ക് പെട്ടന്നൊരു ദിവസമാണ് കലശലായ വയറു വേദനയും ഛര്‍ദ്ദിയും പനിയും വരുന്നത്. 'കഴിച്ചതെന്തോ പറ്റീല ന്റെ ഉമ്മാ... അതെങ്ങനെയാ എല്ലാരും ന്നെ കണ്ണ് വെക്കുകയല്ലേ?' ആവണക്കെണ്ണയും, ചക്കക്കുരു ചുട്ടതും കഞ്ഞിയും ഒക്കെ കുടിച്ച് സ്വയം ചികിത്സ തുടങ്ങിയെങ്കിലും രോഗം ശമിച്ചില്ല. ഒന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യ എന്നായിട്ടുണ്ട് എന്ന് യശോദാമ്മ വന്നു പറഞ്ഞപ്പോള്‍, പൊടിയരി കഞ്ഞിയും കൊണ്ട് കാണാന്‍ പോയ ഉമ്മ കൌസേടത്തിയെ കാര്യമായി ഉപദേശിച്ചു. 'ഇങ്ങളൊന്നു കോളേയിലു കാണിച്ചു നോക്ക്. ചെലപ്പം അള്‍സറോ കോളറേ ആയിരിക്കും. വെറുതെ വെച്ചു കളിച്ചു സൂക്കേട് അധികാക്കണ്ട. കിടപ്പിലായാ ഇങ്ങളെ നോക്കാന്‍ ആരാ?' കൌസേടത്തി പ്രതിഷേധിക്കാന്‍ പോലും ശക്തി ഇല്ലാതെ – മഞ്ഞള്‍ തീണ്ടാത്ത മുഖവും, മാഞ്ഞ കണ്ണുകളും, പാറി പറന്ന മുടിയും, വിയര്‍പ്പില്‍ മുഷിഞ്ഞ വോയില്‍ സാരിയും നിശബ്ദമായിരുന്നു. ഒരു കവിള്‍ കഞ്ഞി ബുദ്ധിമുട്ടി കുടിച്ചതിനു ശേഷം, കഞ്ഞി മുക്കിയ പോലെ പൊടിയുന്ന ശബ്ദത്തില്‍ പറഞ്ഞു 'ന്നെ കൊണ്ടോണം'

ലൗഡേലില്‍ താമസിക്കുന്ന വിനോദ് എന്ന റിക്ഷാക്കാരനെ പറഞ്ഞേല്‍പ്പിച്ച് കൌസേടത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില് അഡ്മിറ്റ് ചെയ്തു. ചികിത്സയും മരുന്നും പരിശോധനകളും കഴിഞ്ഞു നാലാം നാള് കൌസുവേടത്തി വീട്ടില്‍ വന്നു. ആശുപത്രീലെ ചീട്ടു കണ്ടപ്പോള്‍ ഉമ്മ ഞെട്ടി. വയറ്റില് കാന്‍സര്‍. കൌസേടത്തിക്ക് ഇത് അറിയുമോ എന്ന് നിശ്ചയമില്ലാത്തതു കൊണ്ട് ഉമ്മ ചോദിച്ചു 'എന്താ ഡോക്ടര്‍ പറഞ്ഞേ'

കണ്ണ് നിറച്ചു മടുപ്പ് വീണ സ്വരത്തില്‍ കൌസേടത്തി പറഞ്ഞു, 'വയറ്റില് മൊഴയാ ഇത്താ, കാന്‍സര്‍. ഞാന്‍ നരകിച്ചു മരിക്കും. മറ്റന്നാ മുതല് കീമോക്ക് പൂവാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കിനി ഒന്നും അറീലെ എന്റെ ഗുരുവായൂരപ്പാ'

ഇതോടു കൂടി കൌസേടത്തിയും ചുറ്റും ഉള്ളോരും മാറി. എല്ലാര്‍ക്കും എല്ലാരോടും എപ്പോഴും സ്‌നേഹം.

'കൌസൂ, ചെമ്പരത്തിമ്മല് ഇഷ്ടം പോലെ പൂവുണ്ടേ'

'ഇങ്ങക്ക് ഇന്ന് ഒരു മീന്‍ അധികം ന്റെ വക'

'എടി യശോദെ, നെനക്ക് കൊറച്ച് നെയ്യപ്പം ഉണ്ടാക്കി എനിക്ക് തന്നൂടെ. നീ ഉണ്ടാക്കുന്ന നെയ്യപ്പത്തിന് എന്തൊരു രുചിയാ' എന്നെ അംഗന്‍വാടിയില്‍ കൊണ്ടാക്കാന്‍ രണ്ടാളും ഒരുമിച്ചായി വരവും പോക്കും. വായ തോരാതെ അവിടെ എത്തും വരെ കഥയും പായരോം നിക്കില്ല. ഓര്‍മ്മകളും, മരിച്ചവരും, വിട്ടു പോയവരും എല്ലാം കൌസേടത്തി എണ്ണി പെറുക്കി പറയും. യശോദാമ്മ പറയാന്‍ കൂടുമ്പോള്‍ 'ഞാന്‍ പറയാം, ഇനി എത്ര കാലം പറയും എന്ന് എനിക്കറീലാലൊ' എന്ന് തടയിടും.

രാവിലെ മുടങ്ങാതെയുള്ള തേച്ചു കുളി കഴിഞ്ഞാല്‍, കീമോ ഇല്ലാത്ത ദിവസമാണെങ്കില്‍, അവരുടെ മുറിയില്‍ കയറിയിരുന്നു അടുക്കി പെറുക്കാന്‍ തുടങ്ങും. ആ വകയില്‍ ഒഴിവാക്കിയ രണ്ടു പൂജാമുറി ചിത്രങ്ങളും ഒരു കുട്ടീടെ ചിത്രമുള്ള അലൂമിനിയം പെട്ടിയും എനിക്ക് തന്നു. ഒരു കവറില്‍ ആശുപത്രിയില്‍ പോകുമ്പോള്‍ എടുക്കേണ്ട വസ്തുക്കളൊക്കെ അടുക്കി വെച്ചു. മറ്റൊന്നില്‍ മരിക്കുമ്പോള്‍ ഉടുപ്പിക്കേണ്ട സാരി വേപ്പിലയും ചെമ്പകവും ഇട്ടു വെച്ചത്. വളരെയധികം തേഞ്ഞ രണ്ടു കമ്മലുകളും, ഒരു നേരിയ വളയും, നൂല് കൊണ്ട് പകുതിയും വരിഞ്ഞ ഒരു മോതിരവും, ഒരു ചിപ്‌സ് കടയുടെ പാക്കറ്റില്‍ പൊതിഞ്ഞു കൊണ്ട് വന്നു കൌസേടത്തി ഉമ്മയെ ഏല്പിച്ചു- 'ന്റെ സംസ്‌കാരത്തിന് ഇങ്ങളിത് വിറ്റ് അവിടെ കൊട്ക്കണം.. ന്റെ പൂജ നല്ലോണം കയിക്കണം.'

ഒരോ കീമോക്ക് പോകുമ്പോഴും എല്ലാരെയും വന്നു കണ്ടു യാത്ര പറഞ്ഞു, കലങ്ങിയ കണ്ണുകളുമായി ബസ്സ് കയറി പോയ കൌസേടത്തി, പിറ്റേ ദിവസം കീമൊ കഴിഞ്ഞു വരും. വന്നു കഴിഞ്ഞാല്‍ രണ്ടു മൂന്നു ദിവസം പുറമേക്ക് കാണില്ല. ക്ഷീണിച്ചു കണ്ണിനടിയില്‍ കറുപ്പ് നിഴല്‍ കെട്ടി വീട്ടിന്റെ കോലായില്‍ വന്നു ഇരിക്കും. മെഡിക്കല്‍ കോളേജിലെ ഭക്ഷണത്തിന്റെയും, സിസ്റ്റര്‍മാരുടേയും മരുന്നിന്റെയും കയ്പ്പ് തളര്‍ന്ന സ്വരത്തിലും ആംഗ്യത്തിലും വിവരിച്ചു.

ഓരോ കീമോ കഴിയുംതോറും കൌസുവേടത്തിയുടെ രൂപം മാറാന്‍ തുടങ്ങി. മുഖമാകെ നീര് വന്നു വീര്‍ത്തു, പുരികം അവിടവിടെ കൊഴിഞ്ഞു, മുടിയൊക്കെ കെട്ടുകെട്ടായി വീണു, ശരീരത്തിലാകെ കറുത്ത പാടുകള്‍ വ്യാപിച്ചു. കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു 'എന്തൊരു കോലമാ ഇത് കൌസേടത്തി, ഇങ്ങള് കൊറച്ച് പാലും ഫ്രൂട്‌സുമൊക്കെ വാങ്ങി നല്ലോണം കഴിക്ക്. ശക്തിള്ള മരുന്ന് തിന്നുമ്പം നല്ല ഭക്ഷണോം കഴിക്കണം.'

മൂപ്പത്തിയുടെ സ്വകാര്യ അഹങ്കാരമായിരുന്ന സൗന്ദര്യത്തിനു കാര്യമായ തകരാറു സംഭവിക്കുന്നു എന്നുള്ള സത്യാവസ്ഥ കൌസേടത്തിക്ക് സഹിക്കാനായില്ല. ഒരു ദിവസം വീട്ടിലെ കോലായില്‍ ഇരുന്നു ചായ കുടിക്കുന്നതിന്റെ ഇടയില്‍ കൌസേടത്തി പ്രഖ്യാപിച്ചു 'ഇനി ഞാന്‍ കൊളേയിലേക്ക് പോകൂല, മതി മര്ന്നും ചികില്‍സേം. മുടീം പോയി കോലോം പോയി. മരിക്കുമ്പം കാണാനെങ്കിലും കൊറച്ച് കോലം എനിക്ക് ബാക്കി വേണം... മതി!'

എല്ലാരും വളരെയധികം നിര്‍ബന്ധിച്ചെങ്കിലും കൌസേടത്തി അതിനു ശേഷം ചികിത്സക്ക് പോകാന്‍ വിസമ്മതിച്ചു. കോട്ടം തട്ടിയ സൌന്ദര്യം തിരികെ പിടിക്കുക എന്നതായി ജീവിത ലക്ഷ്യം. എന്നും രാവിലെ മഞ്ഞളരച്ചു എണ്ണയില്‍ കുഴച്ചു തേച്ചു പിടിപ്പിച്ചു, തലയില്‍ കാച്ചിയ എണ്ണ തേച്ചു, നമ്മുടെ വീട്ടില്‍ വരും ഒരു കൊമ്പ് മുരിങ്ങയിലക്ക്. മുരിങ്ങയില അടര്‍ത്തി ഒരു പാത്രത്തിലിട്ട് ചൂട് കഞ്ഞി വെള്ളം ഒഴിച്ച് അടച്ചു വെക്കും. ഇളം ചൂടാകുമ്പോള്‍ ഈ കഞ്ഞി വെള്ളവും കുടിച്ചു കൌസേടത്തി പറയും 'നോക്കിക്കോ മോളെ ഒരു മാസം ആകുമ്പോഴേക്കും മുടി പനങ്കുല പോലെ മുറ്റി വളരും. പിന്നെ വിളര്‍ച്ച മാറാന്‍ ചട്ടുകം പഴുപ്പിച്ച് മുക്കിയ വെള്ളം ഇടയ്ക്കിടെ കുടിച്ചു.

അങ്ങനെ ഒന്ന് രണ്ടു മാസം കൊണ്ട് കൌസേടത്തിയുടെ പോയ പ്രതാപമൊക്കെ തിരികെ പിടിച്ചു. കൂടെ കൂടെ അലട്ടിയിരുന്ന വയറുവേദനയും പനിയും കാണ്മാനെയില്ല! എങ്കിലും ബാക്കിയുള്ളവരുടെ പേടി നിലനിന്നു. ഒടുവില്‍ പലരുടെയും ശക്തമായ നിര്‍ബന്ധത്തിനു വഴങ്ങി തീരെ തെളിവില്ലാത്ത ഒരു മുഖവുമായി കൌസേടത്തി കോളെജിലേക്ക് ബസ് കയറി. രണ്ടു ദിവസമായിട്ടും ഒരു വിവരവുമില്ല.

'അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടാകും. ഈ കാന്‍സര്‍ ഒരിക്കല്‍ വന്നാ പിന്നെ പോവ്വൂല. മുഴുവനായിട്ട് പടരും, ന്നിട്ട് മരിക്കും' അഭിപ്രായങ്ങള്‍ ഈ വഴിക്ക് പോയി.

മൂന്നാം ദിവസം ഉച്ചയോടടുത്ത് കൌസേടത്തി തിരിച്ചെത്തി. പോയ കൌസേടത്തി അല്ല കണ്ണുകളും കവിളും മിന്നുന്ന ഒരു കൌസേടത്തി. ഓടി വന്നു ഉമ്മയെ കെട്ടി പിടിച്ച് കൊണ്ട് കൌസേടത്തി പറഞ്ഞു 'ആ മൊഴ കാണാനില്ലാന്ന്! എനക്ക് ഒരു കൊഴപ്പോം ഇല്ലാ കാന്‍സറും ഇല്ലാന്ന് ചീട്ടു തന്നു! ഡോക്ട്രമാര്‍ക്കൊക്കെ ഭയങ്കരം അത്ഭുതം. അടുത്ത ആഴ്‌ച്ചേം പോകാന്‍ പറഞ്ഞിട്ടുണ്ട് കൊറേ ടെസ്റ്റുമ്പാടി ചെയ്യണമത്രേ.'

പിന്നെയും കുറെ ടെസ്റ്റ് ഒക്കെ നടത്തിയെങ്കിലും കൌസേടത്തിയുടെ മിസ്സിംഗ് മുഴ പിന്നീട് കണ്ടെടുക്കപ്പെട്ടില്ല. മെഡിക്കല്‍ കോളേജില്‍ 'അത്ഭുതങ്ങള്‍' എന്നൊരു ഫയല്‍ സെക്ഷന്‍ ഉണ്ടെങ്കില്‍ ഈ ഫയല്‍ അങ്ങോട്ട് മാറ്റിയിരിക്കണം.

നാട്ടിലാണെങ്കില്‍ ഈ അത്ഭുതത്തിന് പല പല വ്യാഖ്യാനങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു

1. അത് കാന്‍സര്‍ ഒന്നും അല്ലെയ്‌നി കോളേയിനു തെറ്റിയതാ ഇങ്ങനെ എന്തൊക്കെ അവിടെ നടക്കുന്നു...

2. രണ്ടേ രണ്ടു കീമോ മതിയേയ്‌നി ആ മൊഴക്കു; അതോടു കൂടി അത് കരിഞ്ഞൊണങ്ങി ചുരുണ്ട് പോയതാ. ഇന്നൊക്കെ എന്തെല്ലാം പുതിയ പുതിയ മരുന്നും ചികിത്സേം ഉണ്ട്.

3. ദൈവത്തിന്റെ ശക്തിയാ കുട്ടീ. കൌസേടത്തി ഗുരുവായൂര്‍ക്ക് നൂറു തേങ്ങ നേര്‍ച്ച ആക്കീന്നു പറയുന്നത് കേട്ടു... ഇതതിന്റെ ശക്തി തന്നെ.. അമ്പോ..

4. നമ്മളെ മനസ്സ്ന്നു പറീന്നത് ഒരു അപാര സാധനാ. ഇതൊക്കെ അവരുടെ മനശക്തിയല്ലേ.. കാന്‍സര്‍ വരെ അതിന്റെ ശക്തിക്ക് മുമ്പില്‍ മടക്ക് അഴിച്ചു ഓഛാനിച്ചു നിന്നില്ലേ? നമ്മളൊന്നു തീരുമാനിച്ചുറപ്പിച്ചാല്‍...ഇതാണ്!

5. ആ മുരിങ്ങന്റെ ഇലെയിലു എന്തോ ആയുര്‍വേദം ഉണ്ട് കേട്ടൊ? ദിവസോം കുടിച്ചതല്ലേ, അദ്ദെന്നെ! ഈ നാട്ടുവൈദ്യത്തിലോക്കെ ശരിക്കും പറഞ്ഞാല്‍ കാര്യമുണ്ട് നമ്മള് പറയുന്ന പോലെയല്ല.

അങ്ങനെ കാന്‍സര്‍ എന്ന മാറാവ്യാധിയെ പഞ്ചപുച്ഛം മടക്കിച്ച്, വാലും പൊക്കി ഓടിച്ചു വിട്ട കൌസേടത്തി പലര്‍ക്കും ഒരു റോള്‍ മോഡല്‍ ആയി. ചുറ്റുവട്ടമുള്ള മുരിങ്ങാ മരങ്ങള്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ; നഗ്‌നരായി അന്തം വിട്ടു നിന്നു. തെങ്ങുകളൊക്കെ, ഗുരുവായൂരേക്ക് കയറ്റി അയക്കാനുള്ള തേങ്ങകളുടെ ഡിമാന്റ്‌ സപ്ളൈ കുറവ് കണ്ടു മണ്ഡരി ബാധിച്ചു കിടപ്പിലായി.

കൌസേടത്തിയുടെ ഫെമിനിസവും സ്വയംപര്യാപ്തതയും താങ്ങാനാവാതെ ബാക്കിയുള്ളവര്‍ വീണ്ടും നിശബ്ദരായി.


Next Story

Related Stories