TopTop
Begin typing your search above and press return to search.

ശ്വേതാ മേനോന്‍ അറിയുമോ സൂര്യനെല്ലി പെണ്‍കുട്ടിയെ?

ശ്വേതാ മേനോന്‍ അറിയുമോ സൂര്യനെല്ലി പെണ്‍കുട്ടിയെ?

നാടറിയുന്ന നടി. അഭിപ്രായസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, എല്ലാത്തിലും സ്വന്തമായ അഭിപ്രായം, ധീരമായ, ഒളിച്ചുവെക്കാത്ത നിലപാടുകള്‍ - ആള്‍ക്കൂട്ടത്തിനിടയില്‍ എംപിയുള്‍പ്പെടെയുള്ള മാന്യന്‍മാരുടെ കോപ്രായങ്ങളില്‍ പ്രതികരിച്ചപ്പോള്‍ സ്ത്രീകള്‍ സന്തോഷിച്ചു. ബസ്സില്‍, റോഡില്‍, തീയേറ്ററില്‍ ഒക്കെ തോണ്ടലിന്റേയും തൊടലുകളുടേയും അപമാനമേല്‍ക്കേണ്ടി വന്നവരൊക്കെയും ഇനി മുതല്‍ തട്ടിക്കളയലിന്റേയും ഒഴിഞ്ഞുമാറലിന്റേയും പ്രതിരോധങ്ങള്‍ക്കുമപ്പുറം പടച്ചട്ടയണിഞ്ഞു കളയാം എന്നുറപ്പിച്ച് നടിയുടെ അടുത്ത നടപടിക്ക് കാത്തിരുന്നു. ശ്വേതാമേനോന്‍ പക്ഷെ എല്ലാ പ്രതീക്ഷകളും വിശ്വാസവും കളഞ്ഞുകുളിച്ചു. ഖേദം പ്രകടിപ്പിച്ചുള്ള പീതാംബരക്കുറുപ്പ് എംപി.യുടെ പ്രസ്താവനകള്‍ കണക്കിലെടുത്തിട്ടെന്ന് കാരണം പറഞ്ഞ് അവര്‍ പരാതി പിന്‍വലിച്ചു, പിന്‍വലിഞ്ഞു. ക്ഷമ പറഞ്ഞിട്ടില്ലെന്ന് കുറുപ്പ് പിന്നാലെ വിശദീകരിച്ചു. വാക്കുകള്‍ കൊണ്ട് ശ്വേതയെ പരമാവധി അപമാനിച്ച പ്രതാപവര്‍മ്മ തമ്പാന്‍ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയുമായി. വാര്‍ത്തകള്‍ രണ്ടുമൂന്ന് ദിവസത്തെ സജീവതക്ക് ശേഷം ഇരുട്ടില്‍ വീണിരിക്കുന്നു.

മറുവശത്ത് 1996ല്‍ തുടങ്ങിയ പോരാട്ടവുമായി ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ക്ക് പ്രശസ്തിയില്ല, പേരു പോലുമില്ല. സ്‌കൂള്‍ യൂണിഫോമില്‍ നിന്ന്, പല മരുന്നുകള്‍ കഴിച്ച് വീര്‍ത്ത ശരീരമുള്ള ഒരു യുവതിയായി മാറിയിട്ടും അവര്‍ക്ക് പൊതു സമൂഹത്തില്‍ മുഖമില്ല. ഒരു നിഴലിനെ നമ്മള്‍ സൂര്യനെല്ലി പെണ്‍കുട്ടി എന്നു വിളിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. ജീവിതം എന്നതു തന്നെ എന്താണെന്ന് മറന്നിട്ടും അവളും കുടുംബവും പോരാട്ടം തുടരുന്നു.

ശ്വേതക്ക് മേല്‍ പരാതി പിന്‍വലിക്കാന്‍ പല തരത്തില്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍. റെയ്ഡ്, സിനിമാപ്രചാരണം ശല്യപ്പെടുത്തുക, പൊതുവേദികളില്‍ അപമാനിക്കുക, സിനിമകള്‍ തന്നെ മുടക്കുക അങ്ങനെ പലതും. പലരും പല അപകടസാധ്യതകളും അറിയിക്കാനെത്തിയെന്നും അങ്ങനെ മുന്നറിയിപ്പുകളും അപായസാധ്യതകളും കണക്കിലെടുത്താണ് ശ്വേത തടിക്ക് കേടില്ലാത്ത നിലപാടിലേക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നെ എന്തിനിതെല്ലാം എന്ന ചോദ്യത്തിന് 'നോ കമന്റ്‌സ് ' എന്നതില്‍ ഉത്തരവുമൊതുങ്ങി.

വിവാഹമേ വേണ്ടാന്നുവെച്ച് അന്യനാട്ടില്‍ ജോലിചെയ്ത് അച്ഛനും അമ്മക്കും താങ്ങായി നില്‍ക്കുന്ന ഒരു ചേച്ചിയും വാര്‍ദ്ധക്യത്തിന്റെ ശാരീരികാവശതകളും കുടുംബവും സമുഹവും ഒറ്റപ്പെടുത്തിയതിന്റെ വേദനകളുമായി കഴിയുന്ന മാതാപിതാക്കളും, പുറത്തേക്കിറങ്ങിയാല്‍ കേള്‍ക്കാവുന്ന അടക്കംപറച്ചിലുകളുടെ ഭയാനകമായ ഓര്‍മ്മപ്പെടുത്തലുകളും... തിരിഞ്ഞുനോക്കുമ്പോഴോ മുന്നോട്ട് കണ്ണയക്കുമ്പോഴോ നല്ലതൊന്നും കാണാനില്ലാത്തപ്പോഴും പോരാട്ടവീര്യം കൈവിടാത്ത സൂര്യനെല്ലി പെണ്‍കുട്ടി, ശ്വേത എന്ന പദത്തിന് ചേര്‍ത്തു വെക്കാവുന്ന നല്ല വിപരീതമാകുന്നത് അതുകൊണ്ടാണ്.

അപമാനിക്കപ്പെടുമ്പോള്‍ കുത്തിമുറിവേല്‍ക്കപ്പെടുന്ന ആത്മാഭിമാനബോധം കണ്ടില്ലെന്നുവെച്ചും കേസിനും കൂട്ടത്തിനുമൊന്നും പോകാന്‍ മെനക്കിടേണ്ടെന്ന് ഓരോ പെണ്ണിനും തോന്നിക്കുന്ന വ്യവസ്ഥ എന്ന് മാറും? വര്‍ഷങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം വിചാരണ നടക്കുമ്പോള്‍ പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന്, കൂറുമാറുന്ന വിതുര പെണ്‍കുട്ടിയെ പരിഹസിക്കാന്‍ എളുപ്പമാണ്. വേദനകളുടെ മാസങ്ങള്‍ക്ക് ശേഷം എവിടെ നിന്നോ ദാനം കിട്ടിയ ജീവിതവുമായി മുന്നോട്ട് തുഴയാന്‍ കയ്യും കാലുമിട്ടടിക്കുന്നതിനിടെ ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ കൊണ്ട് വീണ്ടും കയ്യും കാലും ബന്ധിക്കാനുള്ള ശ്രമങ്ങളെ ആ കുട്ടി പിന്നെങ്ങനെയാണ് നേരിടുക? സഹായിച്ചില്ലെങ്കിലും ഇനിയും ഉപദ്രവിക്കരുതെന്ന പതുങ്ങിയ നിലവിളി എങ്ങനെയാണ് കേള്‍ക്കാതിരിക്കാനാവുക?

മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടതു കൊണ്ട് കൊട്ടിയത്തേയും കിളിരൂരിലേയും പെണ്‍കുട്ടികള്‍ക്ക് നീതിയുടെ ന്യായം കിട്ടാന്‍ കാത്തിരിപ്പിന്റെ വലക്കകത്ത് ചുരുണ്ടിരിക്കേണ്ടിവന്നില്ല. കുടിച്ചുതീര്‍ത്ത വേദനകള്‍ക്കും അപമാനത്തിനുമപ്പുറം അതയവിറക്കുകയും കൂടി വേണ്ടിവന്നില്ല അവര്‍ക്ക്.

നിര്‍ഭയയുടെ കേസില്‍ പെട്ടെന്ന് നടപ്പായ നീതി എല്ലാ സ്ത്രീപീഡനക്കേസുകളിലും നടപ്പായാലേ പരാതിക്കാര്‍ മുന്നോട്ടുവരുകയുള്ളു. കടലാസിലെഴുതപ്പെട്ട എല്ലാം അതേപോലെ നടക്കുകയും വേണം. തിരിഞ്ഞുനോക്കുമ്പോള്‍ സുശക്തമായ ഒരു നീതിന്യായ സംവിധാനം താങ്ങായുണ്ടെന്ന് തോന്നിയാലേ ഏതൊരാള്‍ക്കും കേസും കൂട്ടവുമായി ഇറങ്ങാനാകൂ. വിശിഷ്യാ സ്ത്രീകള്‍ക്ക്. കാരണം അപമാനിക്കപ്പെടുന്നതിന്റെ കണക്കെടുക്കുക, തീര്‍പ്പെടുക്കുക പ്രയാസമാണ്. മനസ്സിനുണ്ടാകുന്ന മുറിവുകള്‍ കുത്തിനോവിക്കാത്ത സംവിധാനം എല്ലാ തലത്തിലുമുണ്ടായാലേ പരാതിയുമായി അവര്‍ക്ക് മുന്നോട്ടു വരാനാകൂ.

സമൂഹത്തില്‍ സവിശേഷ സ്ഥാനമുണ്ടായിട്ടും ഒരു ചെറിയ പരാതിയില്‍ നിന്ന് ശ്വേതക്ക് പിന്നോട്ട് തിരിഞ്ഞ് നടക്കേണ്ടി വരുന്നതും അവനവന്‍ ഇരയായിരുന്നിട്ടു കൂടി പീഡനക്കേസുകളിലെ പെണ്‍കുട്ടികള്‍ക്ക് നിഴല്‍നാടകങ്ങളില്‍ നിന്നും മോചിതരാകാന്‍ കഴിയാത്തതും ബാഹ്യസമ്മര്‍ദ്ദം കാരണമാണ്. സ്വാതന്ത്രത്തിന്റെയും അവകാശങ്ങളുടേയും ജിഹ്വകളാകാന്‍ ഉദ്‌ബോധിപ്പിക്കുന്നതിനേക്കാള്‍ അതിനുള്ള സാഹചര്യമൊരുക്കാന്‍ നമ്മളോരോരുത്തരും ശ്രമിക്കേണ്ടതും അതുകൊണ്ടാണ്. പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു, ഉപദ്രവിച്ചു എന്നൊക്കെ അറിഞ്ഞാല്‍ തന്നെ നടപടിയെടുക്കണമെന്നും പരാതിയാക്കണമെന്നുമൊക്കെ നിയമം പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എന്തുകാര്യം? തിയറിയും പ്രാക്ടിക്കലുമൊക്കെ രണ്ടായി നില്‍ക്കുന്നിടത്തോളം സാഹചര്യം മെച്ചപ്പെടില്ല.

*The views expressed are personal


Next Story

Related Stories