TopTop
Begin typing your search above and press return to search.

ബാല്യകാല സഖിയുടെ കൊല്‍ക്കൊത്ത വിശേഷങ്ങള്‍

ബാല്യകാല സഖിയുടെ കൊല്‍ക്കൊത്ത വിശേഷങ്ങള്‍

ബഷീറിന്റെ അനശ്വര കൃതിയായ ബാല്യകാല സഖിയുടെ ഭൂരിഭാഗം ചിത്രീകരണവും കൊല്‍ക്കത്തയിലാണ് നടന്നത്. അഴിമുഖത്തിന് വേണ്ടി അവിടുത്തെ ഷൂട്ടിങ്ങ് വിശേഷണങ്ങള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക അജിത മേനോന്‍ എഴുതുന്നു

വൈക്കം മുഹമ്മദ് ബഷീര്‍, വിഖ്യാതമായ 'ബാല്യകാലസഖി' എന്ന തന്റെ ആദ്യ നോവലിലൂടെ എഴുതി അനശ്വരമാക്കിയ മജീദിന്റെയും സുഹറയുടെയും പ്രണയകഥയ്ക്ക് ഒരു പുതിയ ദൃശ്യഭാഷ്യം കൂടി. പ്രമോദ് പയ്യന്നൂരിന്റെ ഈ ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയും ഇഷ തല്‍വാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1944ല്‍ പുറത്തിറങ്ങിയ 'ബാല്യകാലസഖി' 1967ല്‍ തന്നെ സിനിമയാക്കപ്പെട്ടിട്ടുണ്ട്. നസീറും ഷീലയും മജീദും സുഹറയും ആയി വേഷമിട്ട ആ സിനിമയ്ക്കു ശേഷം ചലച്ചിത്രരംഗത്തുണ്ടായ വളര്‍ച്ചകള്‍ നിസ്സാരമായിരുന്നില്ല. 'കാല്‍നൂറ്റാണ്ട് മുന്‍പായിരുന്നില്ലേ ആ ചിത്രം, ചലച്ചിത്ര നിര്‍മാണ മേഖലയില്‍ അതിനു ശേഷം ഉണ്ടായ മാറ്റങ്ങള്‍ എല്ലാം തന്നെ എന്റെ പുതിയ ചിത്രത്തില്‍ പ്രതിഫലിക്കും, പ്രത്യേകിച്ചും പഴയ കാലഘട്ടത്തെ പുനരാവിഷ്‌കരിക്കുന്നതിന്റെ സൂക്ഷ്മ തലങ്ങളില്‍' - യുവസംവിധായകന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

ആഖ്യാനരീതിയും കൂടുതല്‍ സമകാലികവും വ്യത്യസ്തവും ആയിരിക്കും ഈ പുതിയ ചിത്രത്തില്‍.

പ്രായ/ലിംഗ/വര്‍ഗ ഭേദമന്യെ മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന എഴുത്തുകാരന്‍ ഒരു പക്ഷേ, ബഷീര്‍ തന്നെയാവും. എട്ടുകാലി മമ്മൂഞ്ഞും ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമയും മണ്ടന്‍ മുത്തപ്പയും ഒറ്റക്കണ്ണന്‍ പോക്കറും എല്ലാം മലയാളികളുടെ ഭാവനയില്‍ ഭദ്രമായി രേഖപ്പെടുത്തപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ആണല്ലോ.

'ഒരു വിശാലമായ ബഷീറിയന്‍ കാന്‍വാസ് ആണു ഞാന്‍ ഈ ചിത്രത്തിനായി രൂപപ്പെടുത്തിയിരിക്കുന്നത്. ബഷീറിന്റെ മറ്റു പല കഥകളില്‍ നിന്നുമുള്ള അനവധി കഥാപാത്രങ്ങള്‍ ഈ പുതിയ 'ബാല്യകാലസഖി'യിലെ സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ബഷീറിയന്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ കണ്ടു തിരിച്ചറിയാനും ആസ്വദിക്കാനും ഉള്ള അവസരം സൃഷ്ടിക്കുക എന്നതാണു ഇതിനു പിന്നിലെ ആശയം' പ്രമോദ് പറഞ്ഞു. ഈ കഥാപാത്രങ്ങള്‍ക്കായി നിരവധി ഓഡിഷനുകളും നടത്തേണ്ടതായി വന്നിരുന്നു.

എന്നാല്‍, ഇത്തരത്തിലുള്ള സമീപനം ബഷീറിന്റെ കൃതികളെ വികലമാക്കലാണെന്ന വിമര്‍ശനത്തിനുള്ള സാധ്യതയില്ലേ എന്ന ചോദ്യത്തിനു മറുപടിയായി പ്രമോദ് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു 'അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാവില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ ബഷീര്‍ ചെയര്‍ ആയ ശ്രീ എം എം ബഷീറിനോടും, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിനോടും മകന്‍ അനീസിനോടും ഞാന്‍ വിശദമായി ചര്‍ച്ച നടത്തിയിരുന്നു. അവരില്‍ നിന്നും തികഞ്ഞ പ്രോത്സാഹനമാണു ലഭിച്ചത്.'


മമ്മൂട്ടി ബാല്യകാല സഖിയുടെ ചിത്രീകരണത്തിനിടെ

നോവലിലെ ആത്മകഥാപരമായ വസ്തുതകള്‍ക്കു സിനിമയില്‍ ഗണ്യമായ ഇടം നല്‍കിയിട്ടുണ്ട്. മജീദിന്റെ ജീവിതാനുഭവങ്ങള്‍ തന്റേതു തന്നെയാണെന്നു ബഷീര്‍ പറഞ്ഞിട്ടുള്ളതിനാല്‍ സംവിധായകനും സംഘവും കൊല്‍ക്കത്തയിലേക്കു യാത്ര ചെയ്തു. 'ഈ നഗരത്തിലൂടെയാണു തന്റെ ജീവിത സമരങ്ങളുമായി ബഷീര്‍ അലഞ്ഞു നടന്നത്. അതുകൊണ്ടു തന്നെ ഞാന്‍ മജീദിനേയും ഇങ്ങോട്ടു കൊണ്ടു വന്നു. റിക്ഷാക്കാരനായും ഹോട്ടല്‍ പണിക്കാരനായും മജീദ് ജീവിക്കുന്നതും, ദാരിദ്ര്യത്തെ മറികടന്നു നാട്ടില്‍ സുഹറയോടൊപ്പം ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് മജീദ് സ്വപ്നം കാണുന്നതും, ഒടുവില്‍ എല്ലാം തകിടം മറിച്ചുകൊണ്ട് സംഭവിക്കുന്ന അപകടവും എല്ലാം ചിത്രീകരിച്ചിരിക്കുന്നത് കൊല്‍ക്കത്തയില്‍ തന്നെയാണു. അവന്റെ ഓര്‍മകളില്‍ മാത്രമേ കേരളം സിനിമയില്‍ വരുന്നുള്ളു' പ്രമോദ് പറഞ്ഞു.

നാടുവിട്ടു പോയ ശേഷമുള്ള മജീദിന്റെ ജീവിതം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് നോവലില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും ബഷീറിന്റെ ജീവിതത്തിന്റെ കൂടി വായനയില്‍ നിന്നുമാണു 1940കളിലെ കല്‍ക്കട്ടയാണു മജീദിന്റെ കഥ പറയാന്‍ ഏറ്റവും അനുയോജ്യം എന്ന തീരുമാനത്തില്‍ എത്തിയത്. ആ കാലഘട്ടത്തില്‍ കല്‍ക്കട്ട നഗരത്തില്‍ ഉണ്ടായ വര്‍ഗീയ കലാപങ്ങളും അതുണ്ടാക്കിയ സാമൂഹ്യ പ്രതിസന്ധികളും പ്രവാസികളായ മലയാളി മുസ്ലീങ്ങളുടെ ജീവിതവും എല്ലാം സിനിമയുടെ പശ്ചാത്തലത്തില്‍ പ്രതിഫലിക്കുന്നുണ്ട്. 'യഥാര്‍ഥ സ്വാതന്ത്ര്യം സ്‌നേഹത്തിലും, എല്ലാ സാമൂഹ്യ ശക്തികളുടെയും സമുദായങ്ങളുടെയും കൂടിച്ചേരലിലും ആണെന്ന സന്ദേശമാണു സിനിമയില്‍ ഉടനീളം ഉള്ളത്. സുഹറയുടെ വിദ്യാഭ്യാസം മുടക്കുന്നതും അവളെ ദുരിതപൂര്‍ണമായ ഒരു വിവാഹത്തിലേക്കു തള്ളി വിടുന്നതും മജീദിന്റെയും സുഹറയുടെയും ജീവിതത്തെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും തകര്‍ക്കുന്നതും ദാരിദ്ര്യം ആണു. അതുകൊണ്ടുതന്നെ ഈ കഥയിലെ യഥാര്‍ഥ വില്ലനും അതുതന്നെയാണു' തന്റെ സിനിമയുടെ ധാര്‍മിക അടിസ്ഥാനം വ്യക്തമാക്കിക്കൊണ്ട് സംവിധായകന്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ബഷീറിന്റെ 'മതിലുകളി'ലെ അഭിനയത്തിനു 1989ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മമ്മൂട്ടി 'ബാല്യകാലസഖി'യെക്കുറിച്ചു പറയുന്നതിങ്ങനെ: 'ബാല്യകാലസഖി 1920കള്‍ക്കും 40കള്‍ക്കും ഇടയില്‍ നടക്കുന്ന കഥയാണു. സിനിമയിലും അതേ കാലഘട്ടം തന്നെയാണു ചിത്രീകരിച്ചിരിക്കുന്നത്. ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും മലയാളികള്‍ക്ക് ഏറെ പരിചിതമാണു. അദ്ദേഹത്തിന്റെ രചനകളെ താന്‍ ജനിച്ചു വളര്‍ന്ന മധ്യ തിരുവിതാംകൂറിലെ തലയോലപ്പറമ്പിലെ ഭാഷയും സംസ്‌കാരവും ആഴത്തില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടത്തെ വായ്‌മൊഴിയും ചില സൂക്ഷ്മമായ പ്രയോഗങ്ങളും സിനിമയില്‍ ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്'. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ 'മജീദിന്റെയും ബഷീറിന്റെയും സംയുക്തം' എന്നാണു സംവിധായകന്‍ വിശേഷിപ്പിക്കുന്നത്.


സംവിധായകന്‍ പ്രമോദ് പയ്യന്നൂരും മമ്മൂട്ടിയും

പ്രശസ്ത നടി സീമ ബിശ്വാസ് ഈ സിനിമയില്‍ ഒരു ഹിജഡയായാണ് വേഷമിടുന്നത്. നോവലില്‍ അത്തരമൊരു കഥാപാത്രം ഇല്ലെങ്കിലും ബഷീറിന്റെ മറ്റനേകം രചനകളില്‍ ഹിജഡകള്‍ കടന്നുവരുന്നുണ്ട്. മജീദിന് തന്റെ കല്‍ക്കട്ട ജീവിതത്തില്‍ പലപ്പോഴും സഹായിയാകുന്നത് ഈ കഥാപാത്രമാണു. സ്വാതന്ത്ര്യത്തിനു മുന്‍പുളള ഇന്ത്യയിലെ ഹിജഡയായി അഭിനയിക്കുന്നത് ശ്രമകരമായിരുന്നുവെന്ന് ജയരാജിന്റെ 'ശാന്തം' എന്ന സിനിമയിലെ അഭിനയത്തിനു ഏറെ പ്രശംസ ഏറ്റു വാങ്ങിയ സീമ ബിശ്വാസ് പറഞ്ഞു. 'ഇന്നു നാം കാണുന്ന ഹിജഡകളില്‍ നിന്നും വളരെ വ്യത്യസ്തരായിരുന്നു അക്കാലത്തെ ഹിജഡകള്‍ എന്നത് വ്യക്തമാണു. അതുകൊണ്ട് തന്നെ കൂടുതല്‍ ഒതുക്കത്തിലും വഴക്കാളിത്തം കുറഞ്ഞ രീതിയിലും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. അതെസമയം തന്നെ, ഒരു പുരുഷന്റെ ആത്മാവ് ഒരു സ്ത്രീശരീരത്തിലൂടെ വെളിപ്പെടുത്താനുള്ള ശ്രമവും ഇതിലുണ്ട്.'

കെ. രാഘവന്‍ മാസ്റ്ററും ഷഹബാസ് അമനും ചേര്‍ന്നാണു ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പി. ഭാസ്‌കരന്‍ മാഷ് രചിച്ച് ഈ ചിത്രത്തിനുവേണ്ടി രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട 'താമരപ്പൂങ്കാവനത്തിലു താമസിക്കുന്നോളേ...' ആയിരുന്നു രാഘവന്‍ മാസ്റ്ററുടെ അവസാന ഗാനം. ഹരി നായര്‍ ആണു ഛായാഗ്രഹണം. 'ഇതൊരു പീര്യഡ് സിനിമയായതിനാല്‍ ചിത്രത്തിന്റെ ദൃശ്യപശ്ചാത്തലം സൂക്ഷ്മമായി സജ്ജീകരിക്കേണ്ടതായിട്ടുണ്ട്. കൊല്‍ക്കത്തയിലും കേരളത്തിലും ചിത്രീകരിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.'

ഷൂട്ടിങ്ങിന്റെ ആദ്യഘട്ടം കൊച്ചിയിലും രണ്ടാം ഘട്ടം കൊല്‍ക്കത്തയിലും ആയിരുന്നു. കൊച്ചിയില്‍ വച്ചു ചിത്രീകരിക്കാനിരിക്കുന്ന ഒരു ഗാനം കൂടിക്കഴിഞ്ഞാല്‍ സിനിമയുടെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്ന് പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.

ലിവിങ് ആര്‍ട് ഫിലിം ഫാക്ടറി ആണു ചിത്രം നിര്‍മ്മിക്കുന്നത്. 'മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു സാഹിത്യകൃതിയെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ശുദ്ധമായ ഒരു കൊമെഴ്‌സ്യല്‍ സിനിമയായിരിക്കും ഇത്. കുടുംബസമേതം കാണാവുന്ന ഒരു ചിത്രം' എന്നു താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ച് നിര്‍മാതാവ് സജീഹ് ഹാഷിം അഭിപ്രായപ്പെട്ടു.


Next Story

Related Stories